ആരുമാരുമറിയാതെ കടന്നു പോകുമായിരുന്ന ഒരു സിനിമ, ഒരു പക്ഷെ റിലീസ് ചെയ്യാൻ തിയറ്ററുകൾ പോലും കിട്ടാതെ പെട്ടിക്കുള്ളിൽ തന്നെ എക്കാലത്തും ഇരിക്കാൻ വിധിക്കപ്പെടുമായിരുന്ന ഒരു സിനിമ. ആരുടെയോ ഭാഗ്യം എന്നു പറയട്ടെ ഈ നല്ല ചിത്രം കാണാൻ മലയാള സിനിമ പ്രേക്ഷകർക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു. അതിനു 4 നാഷ്ണൽ അവാർഡുകളുടെ തിളക്കം വേണ്ടി വന്നു എന്നു പറയേണ്ടി വരുന്നതിൽ അല്പം ഖേദമുണ്ട് താനും. ദേശീയ അവാർഡുകളുടെ പിൻബലമില്ലായിരുന്നെങ്കിൽ സംസ്ഥാന അവാർഡ് കമ്മിറ്റിയിൽ സ്ക്രീനിങ്ങിനു പോലും ഈ ചിത്രം എത്തുമായിരുന്നില്ല എന്നത് വേറെ കാര്യം. വിരൽത്തുമ്പുകൾ പോലും അഭിനയിക്കുന്ന മഹാനടന്മാർ വാഴുന്ന മലയാള സിനിമയിൽ കേവലമൊരു ഹാസ്യ താരത്തിന്റെ സിനിമകളൊക്കെ ആരു ശ്രദ്ധിക്കാൻ..!
ആദാമിന്റെ മകനായ അബു ഒരു അത്തറു കച്ചവടക്കാരനാണു. വൃദ്ധനായ അദ്ദേഹം തന്റെ ഭാര്യയായ ആയിഷയോടൊത്താണു താമസം. ഹജ്ജിനു പോകണം എന്നതാണു ഇരുവരുടെയും അതിയായ ആഗ്രഹം. ഇവരുടെ ആഗ്രഹം നടക്കുമോ ഇല്ലയോ ഇതാണു ആദാമിന്റെ മകൻ അബുവിന്റെ കഥ. ഇത്രയും ലളിതമായ, ഒരു ചെറുകഥയിൽ പറഞ്ഞു തീർക്കാൻ കഴിയുന്ന പ്രമേയം ഒരു മണിക്കൂർ 53 മിനുട്ട് നീളുന്ന ഒരു മനോഹര ചിത്രമായി തീർത്തിരിക്കുകയാണു സംവിധായകൻ സലീം അഹമദ്.
അബു എന്ന വയോവൃദ്ധന്റെ വേഷം സലീം കുമാർ അവിസ്മരണീയമാക്കി. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനോട് മത്സരിച്ചാണു സലീം കുമാർ ദേശീയ സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടി എന്ന അതുല്യപ്രതിഭയെ സംബന്ധിച്ചിടത്തോളം പ്രാഞ്ചിയേട്ടനിലെ വേഷം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്തു തീർത്ത ഒന്നാണു. എന്നാൽ സലീം കുമാറിന്റെ അഭിനയ ജീവിതത്തിൽ ഇത്രയും ശക്തമായ അഭിനയ സാധ്യത ഉള്ള വേഷങ്ങൾ വെറും ഒന്നോ രണ്ടോ മാത്രമാണു ഇതിനു മുൻപ് ലഭിച്ചിട്ടുള്ളത്. അതു കൊണ്ട് തന്നെ തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഇത്രയ്ക്കും ഗംഭീരമായി അബുവിനെ അവതരിപ്പിച്ച സലീം കുമാറിനു തീർത്തും അർഹതപ്പെട്ടതു തന്നെയാണു അവാർഡുകളുടെ ബഹുമതി.
സറീന വഹാബിനു തിരിച്ചു വരവിൽ ലഭിച്ച ഏറ്റവും ശക്തമായ വേഷം എന്നു വേണമെങ്കിൽ ഇതിലെ കഥാപാത്രത്തിനെ വിശേഷിപ്പിക്കാം. ഖസാക്കിലെ ഇതിഹാസം എന്ന നോവലിന്റെ വളരെ ചെറിയ ഒരു സ്വാധീനം ചില കഥാപാത്രസൃഷ്ടികളിൽ ഉൾക്കൊണ്ടിരിക്കുന്നതു പോലെ നമ്മുക്ക് അനുഭവപ്പെടും. സുരാജ് എന്ന നടനെ എങ്ങനെ അവാർഡു പടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാം എന്ന് സംവിധായകൻ ഈ സിനിമയിലൂടെ കാണിച്ചു തരുന്നു. ടിവി ചന്ദ്രൻ ഈ സിനിമ കണ്ടാൽ നല്ലത്. ചെറിയ വേഷങ്ങളെ ഉള്ളുവെങ്കിലും നെടുമുടി വേണു അവതരിപ്പിക്കുന്ന മാഷ്, കലാഭവൻ മണിയുടെ ജോൺസൺ, മുകേഷിന്റെ അഷറഫ് എന്നീ കഥാപാത്രങ്ങളെല്ലാം അബുവിനോടൊപ്പം നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും. മധു അബാട്ടിന്റെ മനോഹരമായ ഛായാഗ്രഹണം സിനിമയ്ക്ക് ഒരു വൻ മുതൽ കൂട്ട് തന്നെയാണു.
സാങ്കേതികമായും വളരെയധികം മികച്ചു നിൽക്കുന്ന ഈ ചിത്രത്തിനു ലഭിച്ച അവാർഡുകൾ എല്ലാം നീതികരിക്കത്തക്കവിധത്തിലുള്ളതാണു. ഇത്രയധികം ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധായകൻ ശ്രദ്ധിക്കപ്പെടാതെ പോകാതെയിരുന്നതിന്റെ കാരണം തിരകഥയിൽ പറയാൻ ഉദ്ദേശിച്ചിട്ടുള്ള പലകാര്യങ്ങളും വേണ്ട വിധത്തിൽ പ്രേക്ഷകനിലെത്തിക്കാൻ സംവിധായകൻ എന്ന നിലയിൽ തിരകഥാകൃത്ത് കൂടിയായ സലീം അഹമദിനു കഴിയാതെ പോയത് കൊണ്ടാവാം. അതെന്തായാലും മലയാള സിനിമയ്ക്ക് ഒരു മികച്ച സംവിധായകനെ തന്നെയാണു ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല.
അവാർഡ് സിനിമകൾ ചിലരുടെയെല്ലാം കുത്തകയാണു എന്ന സങ്കല്പം മാറ്റി മറിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് പുത്തൻ ചരിത്രം കുറിക്കാൻ നാന്ദിയായ ഈ സിനിമയുടെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ .ലോകപ്രശസ്ത മലയാള സിനിമ സംവിധായകരുടെ അവാർഡ് ചിത്രങ്ങൾ പത്തോ പതിനഞ്ചോ ആളുകളെ വെച്ചു കൊണ്ട് കൂടി വന്നാൽ ഒരു മൂന്ന് ദിവസം മാത്രം തിയറ്ററിൽ കളിക്കുന്ന നമ്മുടെ നാട്ടിൽ ഹൗസ്ഫുളിനടുത്ത് വരുന്ന തിയറ്റർ സ്റ്റാറ്റസോട് കൂടി ഒരു അവാർഡ് ചിത്രം കളിക്കുന്ന കാഴ്ച്ച സന്തോഷകരം തന്നെയാണു. സലീം അഹമദ് എന്ന ചെറിയ സംവിധായകനും സലീം കുമാർ എന്ന ചെറിയ നടനും ഇരിക്കട്ടെ അതിനു ഒരു വലിയ കയ്യടി.അത് കൊണ്ട് തന്നെ ഈ ചെറിയ ചിത്രത്തിൽ സംഭവിച്ചിട്ടുള്ള ചെറിയ പാളിച്ചകൾ നമ്മുക്ക് മറക്കാം.
Subscribe to:
Post Comments (Atom)
5 comments:
ഈ അവാർഡുകാരണം നല്ലൊരു ചിത്രം പ്രേക്ഷകർക്ക് കാണൂവാൻ കഴിഞ്ഞല്ലൊ അല്ലേ
kUtuthal prathikarikkaNam.pinneyaakaTTe.
കണ്ടിട്ട് പറയാം...
പടം കണ്ടു. ഒരു ദേശീയ അവാർഡ് കിട്ടാനുള്ള മികവ് ചിത്രത്തിനുണ്ടോ എന്ന് സംശയം
എന്തായാലും സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നു...
Post a Comment