RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട്


കഥ ഒരാളുടെ, തിരകഥ രണ്ട് പേരു ചേർന്ന്, സംഭാഷണം നാലാമത്തെ ആളുടെ വക. ഹോളിവുഡ് സെറ്റപ്പിലൊക്കെ അങ്ങനെയാണു. അതു കൊണ്ട് തന്നെ ഇത്തവണ മുയലു ചാവും എന്ന് ഉറച്ച് പ്രതീക്ഷിച്ചാണു ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട് കാണാൻ പോയത്. ഒരാളു തന്നെ രചന നിർവ്വഹിക്കുന്നതിനേക്കാൾ നല്ലതാണു ഒരുപാട് പേരുടെ ക്രിയേറ്റിവിറ്റി ചേർന്നാൽ എന്ന പൊതു തത്വം ഇവിടെ പാലിക്കപ്പെടുമെന്നുള്ളത് കൊണ്ട് ഒരിക്കലും ഒരു മോശം സിനിമ ആയിരിക്കില്ല ഇത് എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു.

 ഇങ്ങനെ ഒരു വിശ്വാസത്തിലും പ്രതീക്ഷയിലുമൊക്കെയാണു രാജീവ് കുമാർ ഇതിനു മുൻപ് സംവിധാനം ചെയ്ത മിക്ക സിനിമകളും ആദ്യ ദിവസങ്ങളിൽ തന്നെ പോയി കണ്ടിരുന്നത്. എന്നിട്ടും വീണ്ടും ഈ സിനിമയിൽ പ്രതീക്ഷ വെച്ചത് എന്തിനാണു എന്ന് ചോദിച്ചാൽ ഏത് സിംഹത്തിനും ഒരു ദിവസം വരും എന്നല്ലേ.. ഇനി ആ ദിവസം മിസ് ആകണ്ട എന്ന് കരുതിയാണു എന്നതാണു മറുപടി.

ഒൻപത് പേർ ഒരു ഫ്ലാറ്റിന്റെ ലിഫ്റ്റിൽ അകപ്പെടുന്നു. അതിൽ ലിഫ്റ്റ് ഓപ്പറേറ്ററുണ്ട്. സ്ഥലം സിറ്റി പോലീസ് കമ്മീഷ്ണറുണ്ട്, ഫ്ലാറ്റ് ഓണറും അയാളുടെ ഭാര്യയും ഉണ്ട്, ഫ്ലാറ്റിലെ താമസക്കാരായ 4 പേരുണ്ട് പിന്നെ ഒരു കൊച്ചു കുട്ടിയുമുണ്ട്. ലിഫ്റ്റിൽ നിന്ന് പുറത്ത് കിടക്കാനുള്ള അവരുടെ ശ്രമങ്ങൾക്കിടയിൽ അവരറിയുന്നു ലിഫ്റ്റിന്റെ മുകളിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട് കിടക്കുന്നുണ്ട്.

ബുദ്ധിമാനായ കമ്മീഷ്ണർ മനസ്സിലാക്കുന്നു ഈ ഒൻപത് പേരിൽ ഒരാളാണു കൊലയാളി എന്നു. ആരു എന്തിനു എങ്ങനെ ഈ മുന്നു ഉത്തരങ്ങളും ലിഫ്റ്റിന്റെ ഉള്ളിൽ വെച്ച് തന്നെ കണ്ട് പിടിക്കുന്നതാണു അപ്പ് & ഡൗൺ മുകളിൽ ഒരാളുണ്ട്. ലിഫ്റ്റ് ഓപ്പറേറ്ററായി ഇന്ദ്രജിത്തും കമ്മീഷ്ണറായി ഗണേഷും ഫ്ലാറ്റ് ഓണറായി ബൈജുവും ഭാര്യയായി രമ്യ നമ്പീശനും ഫ്ലാറ്റിലെ മറ്റ് താമസക്കാരായി പ്രതാപ് പോത്തൻ,രഞ്ജിത്ത് , ശ്രുതി , നന്ദു എന്നിവരും കൊല്ലപ്പെടുന്ന യുവതിയായി മേഘന രാജും വേഷമിടുന്നു.

ഇന്നത്തെ സാഹചര്യത്തിൽ ചിലറ സസ്പെൻസുകൊണ്ടൊന്നും മലയാളി പ്രേക്ഷകരെ ഞെട്ടിക്കാനാവില്ല അതിനു ഒരു ഒന്നൊന്നര സാധനം തന്നെ വേണം പക്ഷെ സംഗതി പ്രകൃതി വിരുദ്ധമാവാനും പാടില്ല. കാരണം അങ്ങനെയായാൽ അങ്ങനെ ആയവൻ പോലും കൂവും അതാണു ഞങ്ങൾ മലയാളികളുടെ സദാചാരബോധം.  ഇതറിയാവുന്നത് കൊണ്ട് തന്നെ ഒരു സുരക്ഷിതമായ കളിയാണു സംവിധായകൻ ഈ ത്രിലിംഗ് സസ്പെൻസ് സിനിമയിൽ നടത്തിയിരിക്കുന്നത്.

പക്ഷെ ഇടവേള വരെ മികച്ച രീതിയിൽ പോകുന്ന സിനിമ ഇടവേള കഴിഞ്ഞുള്ള ഈ സേഫ് പ്ലേയിൽ മുക്കും കുത്തി താഴെ വീഴുകയാണു ചെയ്യുന്നത്. എങ്കിലും മലയാള സിനിമയിൽ പരിചിതമല്ലാത്ത ഒരു സാഹചര്യത്തിൽ നടക്കുന്ന ഒരു കഥ  എന്ന നിലയ്ക്ക് വേണമെങ്കിൽ ഈ സിനിമ കാണാം.

ഷട്ടറിനകത്തും ലിഫ്റ്റിനകത്തും അകപ്പെടുന്ന ജീവിതങ്ങളുടെ നേർക്കാഴ്ച്ചകൾ കണ്ട് കഴിഞ്ഞു സ്ഥിതിയ്ക്ക് അടുത്തത് ഇനി എന്താണാവോ എന്തോ.. ? കക്കൂസിനകത്തായിരിക്കുമോ.. ഹേയ് അതിൽ ഒരാൾ അല്ലേ വരു.. അല്ല സംഗതി ന്യൂജനറേഷനാക്കിയാൽ രണ്ടാളാക്കാം..!!!

ആറു സുന്ദരിമാരുടെ കഥ


സംവിധാനം ജോഷി. നായകൻ മോഹൻലാൽ. ഇങ്ങനെയായിരുന്നു ഈ സിനിമ എങ്കിൽ ഇതൊരു ഷുവർ സൂപ്പർ ഹിറ്റ് ആയി മാറിയേനേ. പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ പാവം പ്രതാപ് പോത്തൻ നായകനും ഭദ്രന്റെ സഹസംവിധായകനായ രാജേഷ് കെ എബ്രഹാം സംവിധായകനുമാവനായിരുന്നു ആറു സുന്ദരിമാരുടെ കഥ എന്ന മെഡിമിക്സ് അനൂപേട്ടൻ നിർമ്മിച്ച സിനിമയുടെ വിധി. അത് പോട്ടെ പറഞ്ഞിട്ട് കാര്യമില്ല. കാരണം 18 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ അഛനാവാൻ ഇന്നത്തെ ഗ്ലാമറിൽ ലാലേട്ടൻ സമ്മതിച്ചു എന്ന് വരില്ല. നദിയ മൊയ്തുവിന്റെ ഭർത്താവാവുന്ന കാര്യം പിന്നെ പറയുകയേ വേണ്ട. നമിതയാണെങ്കിൽ നോക്കാമായിരുന്നു. ഭർത്താവായിട്ടല്ല കാമുകനായിട്ട്. ഏത് നമിത.. നമ്മടെ സൗണ്ട് തോമയിലെ..!!! 

അപ്പോ ആറു സുന്ദരിമാരുടെ കഥയിലേക്ക് വരാം. ഒരു ടാബ്ലെറ്റിന്റെ സ്ക്രീനിൽ ഒരു കൊലപാതകം കാണിക്കുന്നതായിട്ടാണു പടം തുടങ്ങുന്നത്. ചിത്രങ്ങൾക്ക് വ്യക്തത പോരാത്തത് കൊണ്ട് ആരു കൊന്നു ആരെ കൊന്നു എന്തിനു കൊന്നു എന്നൊന്നും മനസ്സിലാവില്ല. ദൈവമേ ഇത് മുബൈ പോലീസിനെ കടത്തി വെട്ടുമോ എന്ന് പേടിച്ചിരിക്കുമ്പാഴാണു സറീനാ വഹാബിന്റെ ചാച്ചി മുത്തേടത്തിന്റെ വരവ്. മൂപ്പത്തിയാരു ചട്ടയും കവണിയുമൊക്കെ ഉടുത്ത് ഒരു വലിയ ഒരു സ്ക്രീനിന്റെ മുന്നിൽ ഇങ്ങനെ ഇരിക്കുവാണു. ആ സ്ക്രീനിലാട്ടെ ഫേസ്ബുക്ക്, ഗൂഗിൾ , ട്വിറ്റർ, യൂറ്റ്യൂബ് എന്ന് വേണ്ട ഇന്റർനെറ്റിലുള്ള സകല സൈറ്റുമുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണു ചാച്ചി പറയുന്നത് ഈ കണ്ട കൊലപാതകമാണു ഈ സിനിമയുടെ ക്ലൈമാക്സ് എന്ന്. പിന്നെ അങ്ങോട്ട് കഥ തുടങ്ങുകയാണു. കഥയുടെ ആമുഖം പറഞ്ഞ് വരാൻ തന്നെ നേരം വെളുക്കും. അതു കൊണ്ട് അതിനു മെനക്കെടുന്നില്ല.

വെറുതെ ഒരു ഭാര്യയിൽ അക്കു അക്ബർ അലക്ഷ്യമായി പറഞ്ഞ കഥ ഇവിടെ അച്ചടക്കത്തോടെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്തിരിക്കുകയാണു. ഗൗരവമേറിയ സബ്ജക്ട് ആയത് കൊണ്ട് തന്നെ അതിൽ വേണ്ടത്ര കൊമേഴ്സ്യൽ ചേരുവകൾ ചേർത്തില്ലെങ്കിൽ  മായമോഹിനി പോലെയുള്ള ഒരു ചിത്രത്തെ വരെ കയ്യടിച്ച് മെഗാഹിറ്റാക്കിയ ആസ്വാദന നിലവാരമുള്ള മലയാളി പ്രേക്ഷകർക്ക്  ചിത്രത്തെ കൂവി വെളുപ്പിക്കും ചിത്രം തവിടു പൊടിയാവും. ബ്ലോഗുകളിലും റിവ്യു സൈറ്റുകളിലും ഗംഭീരം മാർവലസ് എന്നൊക്കെ റേറ്റിംഗ് കിട്ടിയിട്ടും പിന്നെ ഒരു കാര്യവുമില്ല.

റേറ്റിംഗ് കൊണ്ട് പോയി വിറ്റാൽ പത്ത് പൈസ കിട്ടില്ല. പടം ഹിറ്റാകണമെങ്കിലേ ആളു കയറണം. എന്നാലും നല്ല ഒരു ചിത്രം ചെയ്തു എന്ന സമാധാനം അണിയറപ്രവർത്തകർക്ക് ഉണ്ടാകും. ആരുടെയും മുൻപിൽ തലകുനിക്കാതെ ഇരിക്കുകയും ചെയ്യാം. ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രതാപ് പോത്തനും നദിയ മൊയ്തുവും സറീന വഹാബുമെല്ലാം തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. ജീവിതത്തിൽ ലിവിംഗ് ടുഗദർ നടത്തുന്ന ലെന സിനിമയിലും അത് ആവർത്തിച്ചു. കുറെ നാളായി കാണാതിരുന്ന ലക്സ്മി റായ് പോലീസ് വേഷത്തിൽ തിരിച്ച് വരവ് നടത്തിയിട്ടുണ്ട്. പക്ഷെ ഈ കാക്കിയൊക്കെ ഇട്ട് ഇത് എന്തോന്നിത്.

 തമിഴിൽ അവസരം കുറഞ്ഞ കാരണമാണോ എന്തോ ചിന്ന അസിൻ ഷബ്ന കാസീം നരെയ്ന്റെ ഭാര്യായിട്ട് അതും ഒരു കൊച്ചു കുഞ്ഞിന്റെ അമ്മയായിട്ട് ഇമേജിന്റെ  ഭാരമില്ലാതെ അഭിനയിച്ചിട്ടുണ്ട്. ആറു സുന്ദരിമാർ എന്ന് പറയുബോൾ നദിയ, ലക്ഷ്മി, നദിയയുടെ മകളായി അഭിനയിച്ച കുട്ടി, ലെന , ഷബ്ന. ഇനി ആറാമത്തേത് അത് ഒരു സസ്പെൻസാണു.

തന്റെ ആദ്യ സിനിമയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താൻ രാജേഷിനു സാധിച്ചിട്ടുണ്ട്. ഗാനരംഗങ്ങൾ അതിനുദാഹരണമാണു. ഈ സിനിമ തിയറ്ററിൽ പോയി കണ്ട് തന്റെ പിഴവ് കൃത്യമായി മനസ്സിലാക്കിയാൽ രാജേഷിനു ഒരു നല്ല സിനിമ ഉണ്ടാക്കാൻ സാധിക്കും എന്നതിനു സംശയമില്ല. പിന്നെ ഈ സിനിമയുടെ കാര്യം. അത് കാര്യമാക്കേണ്ട കാരണം അനൂപേട്ടന് വീട്ടില് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നത് സിനിമ ഓടി കിട്ടുന്ന കാശ് കൊണ്ടല്ല...!

നേരം


നേരം രണ്ട് തരത്തിലുണ്ട്. നല്ല നേരവും ചീത്ത നേരവും. ചീത്ത നേരത്തിനു ശേഷം ഉറപ്പായിട്ടും ഒരു നല്ല നേരം വരും എന്ന സന്ദേശം നൽകി കൊണ്ട് അൽഫോൺസ് പുത്രൻ സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രമാണു നേരം. നവീൻ പോളി, നസ്റിയ, ലാലു അലക്സ്, ഷമ്മി തിലകൻ, ജോജി,മനോജ് കെ ജയൻ പിന്നെ പേരറിയാത്ത കുറേ നടന്മാരുമാണു ഇതിലെ അഭിനേതാക്കൾ.

പെങ്ങളുടെ കല്യാണത്തിനു വട്ടിരാജ എന്ന പലിശക്കാരനിൽ നിന്ന് പണം കടം വാങ്ങിയ മാത്യുവിനു അമേരിക്കയിൽ ഒരു ബോംബ് :) പൊട്ടിയത് കൊണ്ട് തന്റെ ജോലി നഷ്ടപ്പെടുകയും സമയത്തിനു പലിശ അടക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ജോലി നഷ്ടപ്പെട്ടത് കൊണ്ട് പ്രേമിച്ച് കല്യാണം ഉറപ്പിച്ച ജീനയെ കെട്ടിച്ച് കൊടുക്കാൻ ജീനയുടെ അപ്പൻ ജോണികുട്ടി തയ്യാറുമല്ല. അതു കൊണ്ട് ജീന വീട് വിട്ടറങ്ങി മാത്യുവിന്റെ അടുത്തേക്ക് വരാൻ റോഡിൽ കാത്തു നിൽക്കുന്നു. രണ്ട് മാസമായി മുടങ്ങി കിടക്കുന്ന വട്ടിരാജയുടെ പലിശക്കാശ് അടക്കാൻ മാത്യുവിന്റെ സുഹൃത്ത് നൽകിയ കാശുമായി പോകുന്ന മാത്യുവിന്റെ കാശ് വഴിവക്കിൽ നിന്ന് ഒരാൾ അടിച്ചോണ്ട് പോകുന്നു. വൈകുന്നേരത്തിനുള്ളിൽ കാശ് വട്ടിരാജയ്ക്ക് കൊടുത്തില്ലെങ്കിൽ പണി അമ്പേ പാളും. മാത്യുവിന്റെ ചീത്ത നേരം ഇവിടെ തുടങ്ങുന്നു. ഇതെങ്ങനെ അവസാനം നല്ല നേരമാകുന്നു എന്നാണു സിനിമയുടെ ബാക്കി ഭാഗം.

ഒരു ദിവസം കാലത്തു മുതൽ വൈകുന്നേരം വരെ നടക്കുന്ന സംഭവങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. വട്ടിരാജയായി വന്ന വില്ലൻ, ഊക്കൻ ടിന്റു മോൻ എന്ന ഇൻസ്പ്കടർ (ഷമ്മി തിലകൻ) ലൈറ്റ് ഹൗസ് ,കാളൻ , ഫെർണാണ്ടസ്, മാത്യുവിന്റെ അളിയൻ, ജോൺ, മാണിക് എന്ന മാണിക്കുഞ്ഞ് പിന്നെ മനോജ് കെ ജയന്റെ റയ്ബാൻ ഇവരൊക്കെ ഈ സിനിമയിലെ നായകനും നായികയും കഴിഞ്ഞാൽ നിറഞ്ഞ് നിൽക്കുന്ന വേഷങ്ങളാണു. നായികയായ നസ്രിയാനു അങ്ങനെ അഭിനയിക്കാൻ തക്ക മുഹൂർത്തങ്ങളൊന്നും തന്നെയില്ല. നിവിൻ പോളി മാത്യുവിനെ തന്നാൽ കഴിയും വിധം ഭംഗിയാക്കിയിട്ടുണ്ട്. പിസ്ത സുമാകിറാ എന്ന ഗാനം ചിത്രത്തിൽ തക്ക സമയങ്ങളിൽ തന്നെയാണു ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവുമെല്ലാം ഒന്നിനൊന്ന് മെച്ചം.

നമുക്ക് ചിന്തിച്ചെടുക്കാൻ സമയം കൊടുക്കാതെ, നെറ്റി ചുളിപ്പിക്കുന്ന ട്വിസ്റ്റുകൾ കൊണ്ട് വെറുപ്പിക്കാതെ നന്നായി തന്നെ കഥ പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട്. അൽഫോൺസ് പുത്രനിലൂടെ ഒരു ധീരനായ സംവിധായകനെ മലയാളത്തിനു ലഭിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം. സാധാരണ മലയാളത്തിൽ ഒരു പുതുമയുടെ സബ്ജക്ട് വന്നാൽ ചിലപ്പോൾ അംഗീകരിക്കപ്പെടാറില്ല. ഇത് തമിഴിലോ മറ്റൊ വന്നാൽ ആളുകൾ കയ്യടിച്ച് സ്വീകരിക്കും എന്ന് നമ്മൾ അപ്പോൾ പറയാറുമുണ്ട്. ആ പറച്ചിലിനൊരവസാനമായിക്കോട്ടെ എന്ന് കരുതിയാവണം ഇത് തമിഴിലും ഇറക്കുന്നുണ്ട്. തമിഴർക്ക് ഇത് രസിക്കും എന്ന് കരുതാം. കാരണം ഇതിൽ 80% ഡയലോഗുകളും തമിഴിൽ തന്നെയാണു. അല്ലെങ്കിലും ദേശ കാല ഭാഷ ഭേദമെന്യേ സ്വീകരിക്കപ്പെടേണ്ട ഒരു കലാരൂപമാണല്ലോ സിനിമ.. അല്ലേ..!!

എന്തായാലും സിനിമ കാണുന്നത് ടൈം പാസിനാണു എന്ന് കരുതുന്നവർക്ക് ഒരു തവണ ഒരൊറ്റത്തവണ മാത്രം ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ലോക സിനിമ ചരിത്രത്തിലാദ്യമായി യാതൊരു പുതുമകളുമില്ലാത്ത ആദ്യത്ത മലയാള ചലച്ചിത്രം നേരം.

ഹോട്ടൽ കാലിഫോർണിയ


അടിച്ചു മാറ്റിയതല്ലങ്കിൽ അനൂപ് മേനോൻ എഴുതിയ മനോഹരമായ ഒരു തിരകഥയാണു ഹോട്ടൽ കാലിഫോർണിയയുടെത്. പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ സംവിധാന മികവ് കൊണ്ട് അതങ്ങ് നശിപ്പിച്ച് ഇല്ലാതാക്കി കളഞ്ഞു. ജയസൂര്യയെ നായകനാക്കി നല്ലവനും അനൂപ് മേനോനെ നായകനാക്കി നമ്മുക്ക് പാർക്കാനും സംവിധാനം ചെയ്ത അജി ജോൺ ആണു ഈ ക്രൂരകൃത്യത്തിന്റെ സൂത്രധാരൻ.

ഈ രണ്ട് സിനിമകളും രണ്ട് ദിവസം പോലും തിയറ്ററിൽ ഓടാത്തവയാണു. അതായത് പടം നല്ലതാണോ ചീത്തയാണോ എന്ന് ആളുകൾ തിയറ്ററിൽ വന്ന് കണ്ട് വിലയിരുത്താൻ പോലും മിനക്കെടാതിരുന്ന ചിത്രങ്ങൾ. ഒറ്റയ്ക്ക് നിന്നാൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല എന്ന് രാഷ്ട്രീയക്കാരെ പറ്റി പറയാറുള്ളത് പോലെ ഒറ്റയ്ക്ക് നായകനായി അഭിനയിച്ചാൽ ആദ്യ ആഴ്ച്ചയിൽ തന്നെ ഹോൾഡ് ഓവർ ബഹുമതി കിട്ടുന്ന നടനാണു അനൂപ് മേനോൻ. ജയസൂര്യയും ഒട്ടും മോശമല്ല. പക്ഷെ ഇവർ രണ്ട് പേരും കൂടി ഒരുമിച്ച് അഭിനയിച്ചാൽ ആദ്യ ദിവസത്തെ ഷോയ്ക്ക് എങ്കിലും ആളു കയറും. പടം നല്ലതാണെങ്കിൽ പിന്നെ ഹിറ്റ് ഉറപ്പാണു.

ഒരു ദിവസം നടക്കുന്ന ഒരുപാട് സംഭവങ്ങളെ കോർത്തിണയ്ക്കി കൊണ്ട് ഹോളിവുഡ് സ്റ്റൈയിലിൽ ഒരു മലയാള പടം ഒരുക്കിയിരിക്കുകയാണു ഹോട്ടൽ കാലിഫോർണിയയിൽ.  എയർപോർട്ട് ജിമ്മി, പ്രേം സാഗർ എന്ന സിനിമ നടൻ, സ്വപ്ന എന്ന സീരിയൽ നടി, കമലം എന്ന അരക്കിറുക്കുള്ള കോടീശ്വരി, അബി മാത്യു എന്ന ബിസിനസ്കാരൻ, തരുൺ സിംഗ് എന്ന രാഷ്ട്രീയ നേതാവ്, റഫീക്ക് എന്ന ഒരു പാവം ഗൾഫ്കാരൻ, ശശിപിള്ളൈ പിന്നെ സിറ്റി പോലീസ് കമ്മീഷണർ (ജോജി), തീവ്രവാദി സംഘം (നന്ദു) അങ്ങനെ ഒരുപാട് പേരുടെ ജീവിതത്തിലെ സംഭവങ്ങളുടെ ആവിഷ്കാരം. ഉദ്ദേശിച്ചത് ട്രാഫിക്ക് ആണെങ്കിലും എടുത്ത് വന്നപ്പോൾ ത്രീ കിംഗ്സ് ആയി പോയി.

 ജയസൂര്യ കിടുക്കി കളഞ്ഞു. ഒരൊറ്റ കോമഡി പോലും പറയാതെ ശരിക്കും റഫ് കഥാപാത്രം. അനൂപ് മേനോൻ ഒക്കെ പണ്ടത്തെ ചങ്കരൻ തന്നെ. ഹണി റോസ് എന്തിനാവോ എന്തോ.. സൈജു കുറുപ്പ് തരക്കേടില്ല. ബാക്കി എല്ലാവരും ഒരുവിധം നന്നായി തന്നെ ഒപ്പിച്ചിട്ടുണ്ട്. എടുത്ത് പറയേണ്ടത് കമ്മീഷ്ണർ ആയി അഭിനയിച്ച ജോജിയുടെ പ്രകടനമാണു. ബാബു രാജിനുമാത്രം സാധിക്കുന്ന ഒന്നല്ല കോമഡി എന്ന് ഇതിലൂടെ ജോജി തെളിയിച്ചു. ഇനിയെങ്കിലും നല്ല തിരകഥകൾ നല്ല സംവിധായകരെ കൊണ്ട് ചെയ്യിക്കാൻ അനൂപ് മേനോൻ ശ്രദ്ധിച്ചാൽ നന്ന്. അല്ലെങ്കിൽ എന്ത് സ്വന്തമായങ്ങ് സംവിധാനിച്ച് കൂടെ...!!

മുബൈ പോലീസ്


കൊച്ചിയിലെ അസി പോലീസ് കമ്മീഷ്ണർ ആര്യൻ (ജയസൂര്യ) കൊല്ലപ്പെടുന്നു. കേസ് അന്വേക്ഷിക്കുന്നത് മറ്റൊരു എസിപി ആയ ആന്റണി മോസസ്( പൃഥ്വിരാജ്). താൻ കുറ്റവാളിയെ കണ്ട് പിടിച്ചു എന്ന് ഡ്രൈവിങ്ങിനിടയിലൂടെ ആന്റണി കമ്മീഷ്ണർ ആയ ഫർഹാനോട് (റഹ്മാൻ) പറയുന്നു. എന്നാൽ കുറ്റവാളിയുടെ പേരു പറയുന്നതിനു മുമ്പ് ആന്റ്ണി സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റ് ആവുന്നു.

14 ദിവസത്തിനു ശേഷം ബോധം വരുന്ന ആന്റ്ണിക്ക് കഴിഞ്ഞതൊന്നും ഓർമ്മയില്ല. സ്വന്തം പേരു പോലും. താൻ ഒരിക്കൽ കണ്ട് പിടിച്ച ആ സത്യം , ആരാണു കുറ്റവാളി എന്നത് വീണ്ടുമൊരിക്കൽ കൂടി കണ്ട് പിടിക്കാൻ പാസ്റ്റ് ഓർമയില്ലാത്ത ആന്റ്ണി നിർബന്ധിതനാവുകയാണു. ഇവിടെ മുബൈ പോലീസ് തുടങ്ങുന്നു.

 കാസിനോവയുടെ പരാജയത്തിനു ശേഷം റോഷൻ ആൻഡ്രൂസും ബോബി സഞ്ജയ്മാരും ഒന്നിക്കുന്ന ചിത്രമാണു മുംബൈ പോലീസ്. ഒരു പോലീസ് കഥ എന്ന് പറയുമ്പോൾ ഉണ്ടാകേണ്ട കിടിലൻ ഡയലോഗുകളും പൊടിപാറ്റി ഫൈറ്റുകളും ഒന്നും ഈ ചിത്രത്തിൽ ഇല്ല. തികച്ചും വ്യത്യസ്ഥമായ രീതിയിൽ മലയാള സിനിമക്ക് പരിചിതമല്ലാത്ത രീതിയിലാണു കഥ പറഞ്ഞ് പോകുന്നത്. മികച്ച ഛാായഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിനു മറ്റൊരു തലം നൽകുന്നു.

വലിയ കാൻവാസിൽ പറയുന്ന ചിത്രമാണെങ്കിലും കുറച്ച് അഭിനേതാക്കളെ സിനിമയിൽ ഉള്ളു. കോമാളിത്തരങ്ങളും മേയ്ക്കപ്പിലൂടെയുള്ള രൂപമാറ്റങ്ങളുമാണു മഹത്തായ അഭിനയം എന്ന് ധരിച്ചു വച്ചിരിക്കുന്നവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതിരുന്നാൽ മലയാള സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും ശേഷിയുമുള്ള എതിരാളികളിലാത്ത നടൻ പൃഥ്വിരാജ് മാത്രമാണു എന്ന് വീണ്ടുമൊരിക്കൽ കൂടി തെളിയ്ക്കപ്പെടുകയാണു മുംബൈ പോലീസിലൂടെ. ചെറുതെങ്കിലും ജയസൂര്യയുടെ വേഷം മികച്ചു നിന്നു. കിട്ടുന്ന വേഷങ്ങൾ എല്ലാം നന്നാക്കിയിട്ടും റഹ്മാനെ മലയാള സിനിമ വേണ്ട രീതിയിൽ ഇനിയും പരിഗണിക്കുന്നില്ല എന്നത് വേദന നിറഞ്ഞ സത്യമാണു.

കാസിനോവയുടെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് തന്നെയാണു റോഷൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ബ്രില്യന്റ് തിരകഥ, അതിന്റെ മികച്ച സംവിധാനം ഇതാണു ഒറ്റവാക്കിൽ പറഞ്ഞാൽ മുംബൈ പോലീസ്. പക്ഷെ സൗണ്ട് തോമ പോലെയുള്ള നിഷ്കളങ്ക ചിത്രങ്ങൾ കണ്ട് കയ്യടിക്കുന്ന മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും ഈ പറഞ്ഞ ബ്രില്യൻസി ദഹിയ്ക്കുമോ എന്ന് സംശയമാണു. എന്നിരുന്നാലും ഇങ്ങനെയുള്ള പുതുമയുള്ള പ്രമേയങ്ങളും അവതരണങ്ങളും നിറഞ്ഞ സിനിമകൾ മലയാളത്തിൽ ഉണ്ടാകണം ഇല്ലെങ്കിൽ കാൽകാശിനു കൊള്ളില്ലാത്ത കണ്ട് മടുത്ത ചീഞ്ഞ് നാറിയ തമാശപടങ്ങളെ വിജയിപ്പിച്ച് കൊടൂക്കുക എന്ന നാണക്കേടിനു മുമ്പിൽ മലയാള സിനിമ ഇനിയും ഇനിയും ഒരുപാട് തവണ തലകുനിയ്ക്കേണ്ടിവരും..!

ഭാര്യ അത്രയ്ക്കങ്ങട്ട് പോരാ

ഒരു മഹത്തായ സിനിമ അല്ലാതിരിന്നിട്ട് കൂടി 125 ദിവസത്തോളം നല്ല അന്തസായിട്ട് ഓടിയ സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ. ജയറാം എന്ന നടൻ മലയാള സിനിമ ഇൻഡ്സ്ട്രിയിൽ നിന്ന് ഏതാണ്ട് ഔട്ടായ മട്ടിൽ നിൽക്കുന്ന സമയത്ത് റിലീസ് ചെയ്ത് ജയറാമിനു വീണ്ടും യഥാർത്ഥ ജനപ്രിയ നായകൻ എന്ന പട്ടം നേടികൊടുത്ത സിനിമ.

 അക്കു അക്ബറിന്റെ സംവിധാനത്തിൽ 2008 ല് പുറത്ത് വന്ന ആ ചിത്രത്തിനു സമാനമായ മറ്റൊരു വിജയം കൈവരിക്കാൻ ജയറാമിനു അതിനു ശേഷം സാധിച്ചിട്ടില്ല എന്നതാണു വാസ്തവം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ വെറുതെ ഒരു  ഭാര്യയുടെ അതേ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വരുമ്പോഴെ ജനം വലാതങ്ങ് പ്രതീക്ഷിച്ച് പോകും. അതും ആ സിനിമയുടെ രണ്ടാം ഭാഗമായിരിക്കുമോ എന്ന സംശയം ഉണർത്തും വിധം ഭാര്യ അത്ര പോരാ എന്ന ടൈറ്റിലും കൂടിയാവുമ്പോൾ പ്രതീക്ഷകളുടെ അളവും കൂടും.

ഒരു കുടുംബത്തിൽ ഏതൊരു ഭാര്യയും ഭർത്താവിന്റെ മുഖത്ത് നോക്കി പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി പറയുകയും ഉത്തരവാദിത്വമില്ലാത്ത ഭർത്താക്കന്മാരുടെ ജീവിത രീതികൾ വിമർശനാത്മകമായി കാണിക്കുകയും ചെയ്തത് കൊണ്ടാണു ഒരു ശരാശരി ചിത്രമായിരുന്നിട്ടും വെറുതെ ഒരു ഭാര്യ വമ്പൻ വിജയമായത്. അതിൽ നിന്നും ഭാര്യ അത്ര പോരായിലേക്ക് വരുമ്പോൾ തിരകഥാകൃത്തായ ഗിരീഷ് കുമാർ സമകാലീന സംഭവങ്ങളുടെ ഒരു ആകെ തുക കുടുമ്പ പശ്ചാത്തലത്തിന്റെ അകമ്പടിയോടെ പറയാനാണു ഉദ്ദേശിച്ചത്.

 കേരളത്തിലെ വർദ്ധിച്ചു വരുന്ന മദ്യാസക്തി, ന്യൂജനറേഷൻ തരംഗം , കുട്ടികളുടെ വഴിവിട്ട പോക്കുകൾ, ഫേസ്ബുക്ക് എന്നിങ്ങനെ എല്ലാ മേഖലയിലും സിനിമ കൈ വെച്ചിട്ടുണ്ട്. ഒരു സ്കൂൾ അധ്യാപകനായ ജയറാം ക്ലാസ് ടൈമിൽ മാതൃകാധ്യപകൻ ആണെങ്കിലും അത് കഴിഞ്ഞാൽ പൂരമ്പറപ്പിലെ ചീട്ടു കളി പിന്നെ മൂക്കറ്റം വെള്ളമടി ഇതാണു പതിവ്. ബാങ്കുദ്യോഗസ്ഥയായ ഭാര്യ (ഗോപിക)യും മകനുമടങ്ങുന്നതാണു അദ്ദേഹത്തിന്റെ കുടുമ്പം. പത്ത് പതിനഞ്ച് വർഷം കഴിഞ്ഞാൽ ഭാര്യ അത്രയ്കങ്ങട്ട് പോരാ എന്ന് ഏത് ഭർത്താവിനും തോന്നും എന്ന പക്ഷക്കാരനാണു മാഷ്.

ഈ മാഷ് പണ്ട് കുടിയും മറ്റൊരു ചീത്ത സ്വഭാവങ്ങളും ഇല്ലാത്ത ആളായിരുന്നു പിന്നെ പതിയെ ഇങ്ങനെ ആയി മാറി. അങ്ങനെയിരിക്കെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ ചുമതലയേൽക്കേണ്ടി വരുന്ന മാഷിനു കമ്പ്യൂട്ടർ പഠിക്കുന്നതിനു വേണ്ടി ന്യൂജനറേഷൻ ബഡ്ഡീസുമായി കൂട്ട് കൂടേണ്ടി വരുന്നു. അവിടെ നിന്ന് അങ്ങോട്ട് മാഷ് ആളാകെ മാറുന്നു. ന്യൂജനറേഷനാണോ ഓൾഡ് ജനറേഷനാണോ കൂടുതൽ കുഴപ്പക്കാർ എന്ന് നമ്മളെ ഇരുത്തി ചിന്തിപ്പിക്കണം എന്നൊരു ഉദ്ദേശം അണിയറക്കാർക്ക് ഉണ്ടായിരിക്കണം.

അഛന്റെ വഴിപിഴച്ച പോക്കിൽ കുടുമ്പത്തിൽ മകനുണ്ടാക്കുന്ന മാറ്റങ്ങൾ, ഭർത്താവിന്റെ സ്വഭാവത്തോട് ഭാര്യയുടെ പ്രതികരണങ്ങൾ അങ്ങനെ അങ്ങനെ ഇന്നത്തെ സമൂഹത്തിൽ നമ്മൾ കാണുന്നതായ എല്ലാ പ്രശ്നങ്ങളും ചിത്രത്തിൽ അനാവരണം ചെയ്യപ്പെടുന്നു. വെറുതെ ഒരു ഭാര്യ സിനിമാറ്റിക് ആയാണു അവസാനിച്ചതെങ്കിൽ ഭാര്യ അത്ര പോരാ റിയാലിറ്റിയോട് അടുത്ത് നിന്നാണു അവസാനിക്കുന്നത്.

നായക കഥാപാത്രമായി ജയറാം തകർത്തഭിനയിച്ചിട്ടുണ്ട്. പല സമയങ്ങളിലും അമിതാഭിനയമാണെന്ന് തോന്നിപോകുമെങ്കിലും അത് കഥാപാത്രമാണെന്ന തോന്നൽ നമുക്ക് ഉണ്ടാക്കിക്കുന്നിടത്താണു ജയറാമിന്റെ വിജയം. ഭാര്യയുടെ റോൾ ഗോപികയും മകൻ ഭാസ്ക്കരനായി അഭിനയിച്ച പയ്യനും ഭംഗിയാക്കിയിട്ടുണ്ട്. ന്യൂജനറേഷനായി അജു കയ്യടി വാങ്ങി. പല സീനുകളിലും ഭാര്യമാർക്ക് കയ്യടിക്കാൻ തോന്നുമെങ്കിലും തൊട്ടടുത്തിരിക്കുന്ന ഭർത്താവിനെ പേടിച്ച് അവർ അതൊഴിവാക്കാനാണു സാധ്യത. തല്ലാൻ കയ്യോങ്ങുന്ന ജയറാമിന്റെ കയ്യ് പിടിച്ച് തടുത്ത് ഗോപിക പറയുന്ന ഡയലോഗ് തന്നെ അതിനുദാഹരണം.

ഇത്തരമൊരു ചിത്രം അതിന്റെതായ ഗൗരവത്തോടെ സംവിധാനം ചെയ്യാൻ അക്കു അക്ബറിനു കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങൾ മനസ്സിൽ തങ്ങി നിൽക്കിലെങ്കിലും ഞാനിങ്ങനെയാണു എന്ന നാടൻ പാട്ടിന്റെ ഈണത്തോടെയുള്ളത് രസകരമാണു. നമുക്ക് അറിയുന്ന എന്നാൽ നമ്മൾ കാണാൻ ശ്രമിക്കാത്ത, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പലതും ഈ സിനിമയിലുണ്ട്. അത് പക്ഷെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ തിരകഥാകൃത്തിനു ഒരല്പം വീഴ്ച്ച വന്നിട്ടുണ്ട് എന്നത് ഈ ചിത്രത്തിന്റെ ഒരു വലിയ പോരായ്മ തന്നെയാണു.   ഫാമിലി സപ്പോർട്ടോടെ ഒരു ശരാശരി വിജയം നേടാൻ കഴിയുന്നതെലാം ചിത്രത്തിലുണ്ടെങ്കിലും ഈ ഭാര്യ അത്രയ്ക്കങ്ങട്ട് പോരാ..!!

അകം


മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവൽ മുൻപ് വായിച്ചിട്ടില്ല. ഇത് ആധാരമാക്കി എടുത്ത സിനിമകൾ കണ്ടതായി ഓർമയിലും ഇല്ല. പക്ഷെ എന്താണെന്നറിയില്ല എന്തു കൊണ്ടെന്നറിയില്ല അകം എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടത് മുതൽ ഈ സിനിമ കാണണം എന്ന ആഗ്രഹം അടങ്ങനാവാത്ത ഒരു ത്വരയായി ഉള്ളിൽ മുൾപൊട്ടിയത്.

പക്ഷെ റിലീസ് ചെയ്ത അന്നാണു പരിസര പ്രദേശങ്ങളിലൊന്നും ഈ സിനിമ കളിക്കുന്നില്ല എന്ന ദുഃഖകരമായ സത്യം മനസ്സിലാക്കിയത്. ഒരാഴ്ച്ച കഴിഞ്ഞ് വരാനിരിക്കുന്ന വമ്പൻ റിലീസുകൾക്കിടയിൽ പെട്ട് അകം ഞെരിഞ്ഞമരുമെന്നും പിന്നെ കാണണമെങ്കിൽ സിഡി ഇറങ്ങുന്നവരെ കാത്തിരിക്കണമെന്നുമുള്ള തിരിച്ചറിവിൽ ഈ ചിത്രം എവിടെയാണോ റിലീസ് ചെയ്തിരിക്കുന്നത് അവിടെ പോയി കാണാം എന്ന തിരുമാനത്തിൽ എത്തി. മല മുഹമ്മദിന്റെ അടുത്തേക്ക്.

അങ്ങനെ 3 മണിക്കൂർ യാത്ര ചെയ്ത് ഇടപ്പള്ളിയിലെ പ്രശസ്തമായ ലുലുമാളിൽ എത്തി. അവിടെ ഹഫദ് ഫാസിൽ നായകനായ ഈ ചിത്രം കളിക്കുന്നത് 2 ഷോ. അതിൽ 200 രൂപയുടെതൊഴിച്ച് ബാക്കിയെല്ലാ സീറ്റും ഫിൽ ആയത് കൊണ്ട് 200ന്റെ ടിക്കറ്റെടുത്ത് കയറി. ഇപ്പോൾ നിങ്ങൾ വിചാരിക്കും സിനിമ കണ്ടതിന്റെ എച്ചി കണക്ക് പറയുകയാണോ എന്ന്. ഒരിക്കലുമല്ല. വർഷത്തിൽ ശരാശരി 240 സിനിമകൾ തിയറ്ററിൽ നിന്ന് കാണുന്ന പതിവുള്ളത് കൊണ്ട് സിനിമയ്ക്ക് വേണ്ടി ചിലവാക്കിയ കാശും അതിനു വേണ്ട് കളഞ്ഞ സമയവും ഒരിക്കലും പാഴായി പോയി എന്ന് തോന്നിയിട്ടില്ല. ഇവിടെ പക്ഷെ ഇത്രയും പറഞ്ഞത് എന്തിനാണു എന്ന് അവസാനം പറയാം.

ഇപ്പോൾ അകം എന്ന സിനിമയുടെ വിശേഷങ്ങളിലേക്ക്. ശാലിനി ഉഷാ നായർ തിരകഥയെഴുതി ഫഹദ്, അനുമോൾ, സജിത മടത്തിൽ, പ്രകാശ് ബാരെ, കുങ്കുമ പൂവിലെ ശാലിനി എന്നിവർ അഭിനയിച്ച ചിത്രമാണു അകം. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലാണു ഈ ചിത്രത്തിന്റെ പ്രചോദനം എന്ന് പറയുന്നു. നോവൽ വായിച്ചിട്ടില്ലാത്തത് കൊണ്ട് ആധികാരികമായി അഭിപ്രായം പറയാൻ പറ്റില്ല.

 ശ്രീനിവാസ് എന്ന യുവ സിവിൽ ആർകിടകടിനു ഒരു ആക്സിഡന്റ് പറ്റുകയും അദ്ദേഹത്തിന്റെ മുഖം വികൃതമാവുകയും ചെയ്യുന്നു. കാമുകിയും അയാളെ ആരാധനയോടെ (കാമക്കണ്ണോടെ) നോക്കിയിരുന്ന പെൺകുട്ടിയും മറ്റുള്ളവരുമൊക്കെ ഒറ്റപ്പെടുത്തുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഊരും പേരും അറിയാത്ത രാഗിണിയെ ശ്രീനിവാസ് വിവാഹം കഴിക്കുന്നു. രാഗിണി ഒരു യക്ഷിയാണോ അല്ലയോ എന്ന ശ്രീനിവാസിന്റെ ചിന്തകളിലൂടെയാണു ചിത്രം മുന്നോട്ട് പോകുന്നത്. പശ്ചാത്തല സംഗീതം വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നതാണു ചിത്രത്തിന്റെ ഒരു പ്രത്യേകത.

അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ച് നിന്നു. വളരെ കുറച്ച് കഥാപാത്രങ്ങളെ ചിത്രത്തിൽ ഉള്ളു.സംവിധാനവും ഛായഗ്രഹണവുമെല്ലാം അവസാനം വരെ ഒരു പിരിമുറുക്കം സൃഷ്ടിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്തിട്ടുണ്ടെങ്കിലും അതങ്ങനെ അങ്ങോട്ട് ഏറ്റില്ല. ക്ലൈമാക്സ് കണ്ട് കയ്യടിക്കണോ കൂകണോ ചിരിക്കണോ എന്നറിയാതെ സ്ത്ബംധരായി നിൽക്കുന്ന ന്യൂജനറേഷൻ പ്രേക്ഷകരുടെ നിസ്സഹായവസ്ഥ കൃത്യമായി മനസ്സിലാക്കാൻ സംവിധായകയായ ശാലിനി ഉഷാനായർക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ മലയാളത്തിനു പ്രതീക്ഷയേകുന്ന ഒരു പിടി മികച്ച ചിത്രങ്ങൾ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു സംവിധായകയായി മാറാൻ ശാലിനിക്ക് കഴിയും. ഇനി അതല്ല എന്റെ ഉദാത്തമായ സൃഷ്ടിയെ കൂവി പരിഹസിച്ച കൾച്ചർലെസ്സ് കൂതറ മലയാളികളെ ഈ ചിത്രം ഞാൻ തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്ത് 100 കോടി ക്ലബിൽ കയറ്റി നിന്റെയൊക്കെ ആസ്വാദന നിലവാരമില്ലായ്മ തുറന്നു കാണിക്കും എന്നൊക്കെയാണു ചിന്തകളെങ്കിൽ പ്ലീസ് ദയവു ചെയ്ത് ഈ പണിയുമായി ഇനി വരരുത്.

ഇനി ഇടപ്പള്ളി ലുലുവിൽ പോയ കാര്യം. അങ്ങനെ പടം കഴിഞ്ഞ് ക്ഷീണത്തോടെ തിരിച്ച് വരുമ്പോളതാ വീടിന്റെ അടുത്തുള്ള ടൗണിലെ ഒരു തിയറ്ററിന്റെ അടുത്ത് ഒരു പോസ്റ്റർ അകം- നൂൺ ഷോ. സംഗതി സത്യമാണോ എന്നറിയാൻ തിയറ്ററിന്റെ മുന്നിൽ പോയപ്പോളതാ അവിടെ ഒരു കുഞ്ഞ് പോസ്റ്റർ മാത്രം. ഇവന്മാർക്ക് ഇതൊന്ന് വലുതാക്കി വച്ചു കൂടായിരുന്നോ. വെറുതേ മനുഷ്യനെ മെനക്കെടുത്താനായിട്ട്....!!! 

Followers

 
Copyright 2009 b Studio. All rights reserved.