RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സിങ്കം കണ്ടവരുണ്ടോ...??


തമിഴിലെ ഹിറ്റ് സംവിധായകനായ ഹരിയും സൂപ്പർ താരം സൂര്യയും ഒന്നിച്ച സിങ്കം ഇന്നലെ റിലീസ് ആയി. പടം ഗംഭീരം എന്നാണു റിപ്പോർട്ട്. കേരളത്തിലെ വിതരണക്കാരുടെ വൃത്തികെട്ട നിലപാട് കാരണം പടം ഇവിടെ റിലീസ് ചെയ്തില്ല. 14 ദിവസം കഴിഞ്ഞേ റിലീസ് ചെയ്യുകയുള്ളു എന്ന്. തമിഴ് സിനിമ റിലീസ് ചെയ്തതു കൊണ്ട് മലയാള സിനിമയുടെ കളക്ഷൻ കുറയും പോലും. ഇപ്പോൾ തിയറ്ററിൽ കളിച്ചു കൊണ്ടിരിക്കുന്ന ചില മലയാള സിനിമകൾക്ക് ഫ്രീ ആയി ടിക്കറ്റ് കൊടുത്താൽ പോലും ആരും കയറുമെന്ന് തോന്നുന്നില്ല. അപ്പോഴാണു ഓരോ മുടന്തൻ ന്യായങ്ങളുമായി വരുന്നത്. പണ്ട് ബില്ല ഇതു പോലെ ഇവിടെ റിലീസ് ചെയ്യാതിരുന്നപ്പോൾ കോയമ്പത്തൂരില്പ്പോയി കണ്ട് പാണ്ടികളുടെ ഇടി കൊണ്ടത് ഇപ്പോഴും മറക്കാത്തത് കാരണം അങ്ങനെയൊരു സാഹസത്തിനു ഇനി ഏതായാലും മുതിരുന്നില്ല. പക്ഷെ 14 ദിവസം കഴിഞ്ഞ് കാണുമ്പോഴെക്കും ഇത് പഴങ്കഞ്ഞി ആയിട്ടുണ്ടാകും. പോരാത്തതിനു നാളയോ മറ്റെന്നാളോ വ്യാജ സീഡി ഇറങ്ങാനും മതി. ഈ പടം തിയറ്ററിൽ പോയി കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ സിനിമ എങ്ങനെ ഉണ്ടെന്ന അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു.

*
വ്യാജ സിഡിയെ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ല. പക്ഷെ 14 ദിവസം .... എന്തായാലും ഇനിയിപ്പോൾ അതു തന്നെ ശരണം.

ഒരു തിരിച്ചു വരവ്.


നമ്മുടെ പല മുൻ നിര താരങ്ങൾക്കും കരിയറിൽ മോശം കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല പ്രാവശ്യം മലയാള സിനിമയിൽ നിന്ന് ഔട്ട് ആയിപോകുന്നു എന്ന് വരെ കേൾപ്പിക്കുകയും എന്നാൽ വിമർശകരുടെ വായടപ്പിച്ച് കൊണ്ട് വമ്പൻ ഹിറ്റുകളുമായി തിരിച്ചുവന്നിട്ടുമുള്ളതാണു മെഗാസ്റ്റാർ മമ്മൂട്ടി. പടങ്ങൾ ഇല്ലാതെ വീട്ടിൽ ഇരിക്കുകയും അവസാനം ഭരത് ചന്ദ്രൻ IPS എന്ന സിനിമയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയ ആളാണു ആക്ഷൻ ഹീറോ സുരേഷ് ഗോപി.ഒരിടയ്ക്ക് തീർത്തും നിറം മങ്ങി പോയ ജനപ്രിയ നായകൻ ജയറാം രണ്ടാം വരവു നടത്തിയത് വെറുതെ ഒരു ഭാര്യയിലൂടെ ആണു.സ്വന്തമായി നിർമാണ കമ്പനി ഉള്ളതു കൊണ്ടാണോ എന്നറിയില്ല അടുപ്പിച്ച് 9 സിനിമകൾ പൊളിഞ്ഞിട്ടു പോലും സൂപ്പർ സ്റ്റാർ ഇത്തരത്തിൽ ഒരു പേരു മലയാള സിനിമയിൽ കേൾപ്പിച്ചിട്ടില്ല. അന്നും ഇന്നും അദ്ദേഹം യൂണിവേഴ്സൽ സ്റ്റാർ ആയി തന്നെ നില്ക്കുന്നു. സൂപ്പറും മെഗായും ഒന്നും അല്ലെങ്കിലും ഒരു കാലത്ത് സ്റ്റാർ ആയിരുന്ന ഒരു നടൻ ഇപ്പോൾ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണു. മറ്റാരുമല്ല, അനിയത്തി പ്രാവ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ എന്ന ഇമേജ് നേടിയെടുത്ത കുഞ്ചാക്കോ ബോബൻ. ഗുലുമാൽ എന്ന വിജയ ചിത്രത്തിനു ശേഷം കുഞ്ചാക്കോ മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണു.
എതിരാളികളിലാതിരുന്ന ഒരു കാലഘട്ടത്തിൽ ആണു കുഞ്ചക്കോ ബോബൻ മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. 255 ദിവസങ്ങൾ ഓടിയ അനിയത്തി പ്രാവിലൂടെ മലയാള പ്രേക്ഷകരുടെ പ്രത്യേകിച്ചും പെൺകുട്ടികളുടെ മുഴുവൻ ആരാധനാപാത്രമാവാൻ ഈ നടനു കഴിഞ്ഞു.തുടർന്നു വന്ന നക്ഷത്ര താരാട്ടും ഹിറ്റു സിനിമയായിരുന്നു. ഹരികൃഷ്ണൻസിൽ കൂടി അഭിനയിച്ചതോടെ കുഞ്ചാക്കോ താരമായി തുടങ്ങി. ഇന്നത്തെ പോലെ യുവതാരങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് മിക്ക സിനിമകളിലും കുഞ്ചാക്കോ നായകനായി.ഫലം മയിൽ പീലി കാവ്, ചന്ദാമാമ, മഴവില്ല്, പ്രേം പൂജാരി, നാലു പരാജയ ചിത്രങ്ങൾ. കുഞ്ചാക്കോ യുഗം അവസാനിച്ചുവോ എന്ന് തോന്നിപ്പിച്ച ആ സമയത്ത് കമലിന്റെ നിറത്തിലൂടെ വീണ്ടും കുഞ്ചാക്കോ തിരിച്ചു വന്നു. പക്ഷെ ആദ്യ സിനിമ നേടി കൊടുത്ത ചോക്ലേറ്റ് നായകൻ എന്ന ഇമേജാണു ഈ നടനു പിന്നീട് ദോഷമായി ഭവിച്ചത്. പ്രണയ നായകൻ എന്നതിനപ്പുറം എന്ത് കുഞ്ചാക്കോ കാണിച്ചാലും അത് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. ടൈപ്പ് റോളുകളിൽ പെട്ട്പോയ നിരവധി നായകന്മാരുടെ കൂട്ടത്തിലേക്ക് കുഞ്ചാക്കോയും വന്ന് ചേർന്നു. 1999ൽ ഇറങ്ങിയ നിറത്തിനു ശേഷം വീണ്ടുമൊരു ഹിറ്റ് കുഞ്ചാക്കോയ്ക്ക് കിട്ടിയത് 2003 ൽ ഇറങ്ങിയ കസ്തൂരിമാൻ ആണു. ഇതിനിടയ്ക്ക് 11 സിനിമകളിൽ അഭിനയിച്ചെങ്കിലും അല്പമെങ്കിലും ശ്രദ്ദിക്കപ്പെട്ടത് ദോസ്തും നരേന്ദ്രൻ മകൻ ജയകാന്തൻ വകയും കല്യാണ രാമനിലെ അതിഥി വേഷവും മാത്രമാണു. കസ്തൂരിമാന്റെ വിജയം കുഞ്ചാക്കോക്ക് വീണ്ടും അവസരങ്ങൾ കൊണ്ടു വന്നെങ്കിലും പതിവ് രീതിയിൽ നിന്നും വിട്ട് ഒരു കഥാപാത്രവും അതിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല അപ്പോഴേക്കും മലയാളത്തിൽ യുവ സൂപ്പർ സ്റ്റാർ ഉദയം ചെയ്ത് കഴിഞ്ഞിരുന്നു.മലയാള സിനിമയിലെ യുവ താരങ്ങളിൽ വെച്ച് ഏറ്റവും വലിയ വിജയ ചിത്രത്തിലെ നായകനായ കുഞ്ചാക്കോക്ക് തനിക്ക് ശേഷം വന്നവരോട് അഭിനയത്തിൽ മൽസരിക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടായിരുന്നില്ലതാനും. അതു കൊണ്ട് തന്നെ കുഞ്ചാക്കൊയുടെ കാര്യങ്ങൾ പിന്നീട് എളുപ്പമായിരുന്നില്ല. കസ്തൂരിമാനു ശേഷം സ്വപനകൂട് വിജയിച്ചെങ്കിലും സ്വന്തം ക്രഡിറ്റിൽ ഒരു ചിത്രം വിജയിപ്പിക്കാൻ പിന്നെ ഈ നടനു കഴിഞ്ഞില്ല എന്നു മാത്രമല്ല റിലീസ് ചെയ്ത സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ തകർന്നു വീഴുകയും ചെയ്തു. കാറ്റ് തനിക്ക് അനുകൂലമല്ല എന്ന് മനസിലാക്കിയ കുഞ്ചാക്കോ പതിയെ അഭിനയരംഗത്ത് നിന്ന് പിന്മാറുകയും ബിസിനസിൽ ശ്രദ്ദ കേന്ദ്രീകരിക്കുകയും ചെയ്തു. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ എന്ന് പറയുന്ന പോലെ വി കെ പ്രകാശിന്റെ ഗുലുമാൽ കുഞ്ചാക്കോയുടെ നല്ല സമയത്തായിരുന്നു ഇറങ്ങിയത്. പടം ഹിറ്റ്. ഇപ്പോൾ കൈ നിറയെ പടങ്ങൾ. ലാൽ ജോസിന്റെയും ഫാസിലിന്റെയും ജോഷിയുടെയും അടക്കം വമ്പൻ സിനിമകളുടെ ഭാഗമാകാൻ പോകുന്നു. ജയസൂര്യയുടെ പോലെ കോമഡി കാണിക്കാൻ കഴിയിലെങ്കിലും യുവ സൂപ്പർ സ്റ്റാറിനെ പോലെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ പറ്റിലെങ്കിലും കുഞ്ചാക്കോയിൽ നിന്ന് പ്രേക്ഷകർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.നല്ല സിനിമകളിൽ അഭിനയിച്ച് ഈ തിരിച്ചു വരവ് ഗംഭീരമാക്കാൻ കുഞ്ചാക്കോക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.


മമ്മി & മീ..


പരത്തി പറഞ്ഞു നീട്ടി പറഞ്ഞു എന്നൊന്നും ആരും പറയാതിരിക്കാൻ ആദ്യം തന്നെ കാര്യം നേരെ ചൊവ്വെ പറയാം. ഈ സിനിമ കണ്ട് കാശു പോയി. മുകേഷും ഉർവ്വശിയും കുഞ്ചാക്കോയും അർച്ചനയും എന്തിനു സുരേഷ് ഗോപി വരെ ഉണ്ട്.പറഞ്ഞിട്ട് എന്ത് കാര്യം. നല്ലൊരു പടമായിരുന്നു ഡിറ്റക്ടീവ്. അതു പോലെ വല്ല കുറ്റന്വേഷണ കഥയും എടുത്താൽ മതിയായിരുന്നു ജിത്തു ജോസഫിനു. അതിനു പകരം ഫാമിലി മെലോഡ്രാമ എടുക്കാൻ ഇറങ്ങിയതല്ലേ.. അനുഭവിച്ചോ.പെണ്മക്കളുള്ള അമ്മമാർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണു പരസ്യ വാചകം.അത് എന്ത് ഉദ്ദേശിച്ചാണു പറഞ്ഞിരിക്കുന്നത് എന്നു മനസിലായില്ല. ഉർവ്വശി നന്നായി അഭിനയിച്ചു. പക്ഷെ ചില സ്ഥലങ്ങളിൽ അമിതാഭിനയം ആണു. മുകേഷ് ആദ്യമായിട്ടാണു ഇത്ര വലിയ പെൺകുട്ടിയുടെ അഛനായി അഭിനയിക്കുന്നത്. പക്ഷെ അതിന്റെ യാതൊരു കുറവും കാണിക്കാതെ തന്റെ വേഷം ഭംഗിയാക്കി. കുഞ്ചാക്കോ ക്ലൈമാക്സ് വരെ നന്നായി അഭിനയിച്ചു. ക്ലൈമാക്സിലെ ചില സീനുകൾ വളരെ മോശമാക്കി. പിന്നെ അർച്ചന കവി. ഈ കുട്ടിക്ക് എല്ലാ സമയത്തും ഒരേ വികാരത്തോടെയുള്ള മുഖഭാവം തന്നെയാണു ഉള്ളത്.ഇങ്ങനെയാണു തുടർന്നും അഭിനയമെങ്കിൽ ശോഭനമായ ഒരു ഭാവി തന്നെ പ്രതീക്ഷിക്കാം. പിന്നെ പടം മൊത്തത്തിൽ മോശമായതു കൊണ്ട് ഈ കുറവുകളൊന്നും ആരും ശ്രദ്ദിക്കാൻ പോകുന്നില്ല. സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു സസ്പൻസ് ആണു അത് ടെലിവിഷനിൽ പടം വരുമ്പോൾ കണ്ട് മനസ്സിലാക്കാം.

*മാക്സ് ലാബ് വിതരണത്തിനെടുത്ത കാരണം 50 ദിവസത്തെ പോസ്റ്റർ എന്തായാലും ഇറങ്ങും. റിലീസിന്റെ തലേന്ന് മമ്മി & മീ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു എന്ന് പരസ്യം കൊടുത്തതാ.. പിന്നെയാണു....!

**
പെണ്മക്കളുണ്ടായിട്ട് പടം കാണുമ്പോൾ ചിലപ്പോൾ ഇഷ്ടപ്പെടുമായിരിക്കും. ..

കൈറ്റ്സ്


പോക്കിരി രാജാവും അലക്സാണ്ടർ ചക്രവർത്തിയും കഥ തുടർന്നു കൊണ്ടേ ഇരിക്കുകയാണല്ലോ. എന്നാൽ പിന്നെ ഒരു change ആയിക്കോട്ടെ എന്ന് കരുതിയാണു കൈറ്റ്സ് കാണാൻ പോയത്. സിനിമയുടെ അഭിപ്രായം ബ്ലോഗിൽ എഴുതുമ്പോൾ മാർക്കിട്ട് എഴുതുണമത്രെ. എന്നാൽ ഒരു വ്യത്യസ്തതക്ക് ചിക്കൻ ബിരിയാണി, നൂഡിൽസ് എന്നൊക്കെ വിശേഷിപ്പിച്ചത് ആർക്കും അങ്ങ് ദഹിച്ചില്ല. മാത്രമല്ല അപ്പോഴാണു അറിയുന്നത് റിവ്യു എഴുതണമെങ്കിൽ ആദ്യം ബെർളി ആ സിനിമയെപ്പറ്റി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതു ആദ്യം വായിക്കണം എന്ന്.ഈ പരിപാടികൾക്ക് ഒന്നും എന്തായാലും നമ്മളില്ല. സിനിമ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ പറയുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.. ആദ്യത്തെ ഷോ ആണു എന്ന് പറഞ്ഞ് കാര്യം ഒന്നും ഇല്ല നൂൺ ഷോ ആയതു കൊണ്ടാകാം അധികം ആളൊന്നുമില്ലായിരുന്നു. പക്ഷെ പടം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൽ മുഴുവൻ കോളേജ് പിള്ളേരുടെ ബഹളം. കൂടുതലും പെൺപിള്ളേരു. കൂടെ കുറച്ച് യോ.യോ.. ആൺപിള്ളേരും.. ഇവന്മാരുടെയൊക്കെ യോഗം എന്ന് മനസ്സിൽ പറഞ്ഞ് ഗേറ്റ് കടക്കുമ്പോൾ ഒരു ചേട്ടൻ ടിക്കറ്റ് എടുക്കാൻ വേണ്ടി ഓടി വരുന്നു. ഞങ്ങളെ കണ്ടപ്പോൾ ചേട്ടൻ പടം എങ്ങനുണ്ട് എന്ന് ചോദിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. കുഴപ്പല്യാ.. ചേട്ടാ.. പക്ഷെ വല്യ പ്രതീക്ഷ ഒന്നും വേണ്ടാട്ടാ... ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. പടം എങ്ങനെയുണ്ടെന്ന്. ജോദാ അക്ബറിനു ശേഷം രണ്ട് വർഷമായി ഹൃതിക് നായകനായ ഒരു സിനിമ കണ്ടിട്ട്. ക്രേസി 4 ലും ലക്ക് ബൈ ചാൻസിലും വന്നെങ്കിലും അതെല്ലാം ഗസ്റ്റ് അപ്പിയറൻസുകളായിരുന്നല്ലോ. അനുരാഗ് ബസുവിന്റെ ഗാങ്ങ്സ്റ്ററും ലൈഫ് ഇൻ എ മെട്രൊയുമൊക്കെ കണ്ടതു കാരണം മറ്റൊരു കഹോ നാ പ്യാർ ഹേ പ്രതീക്ഷിച്ചല്ല പോയത്. ചുരുക്കി പറഞ്ഞാൽ നിർമാതാവിന്റെ സ്ഥാനത്ത് രാകേഷ് റോഷന്റെ പേരു കണ്ട് ഒരു കോയി മിൽഗയയ​‍ാ കൃഷോ പ്രതീക്ഷിച്ചു പോയാൽ നിങ്ങൾ നിരാശപ്പെടെണ്ടി വരും. അതു കൊണ്ടാണു പറഞ്ഞത്.
കുഴപ്പല്യാ.. ചേട്ടാ.. പക്ഷെ വല്യ പ്രതീക്ഷ ഒന്നും വേണ്ടാട്ടാ... എന്ന്.

* ഇതിന്റെ ഇഗ്ലീഷ് വേർഷൻ ഇറങ്ങുമ്പോൾ അതും പോയി കാണണം. ഇതിൽ ഇല്ലാത്ത എന്തോ അതിൽ ഉണ്ടെന്ന് പറയുന്നത് കേട്ടു. അതെന്താണു എന്ന് ഒന്നറിയണമല്ലോ.

ബോഡി ഗാർഡിനു എന്താണു മഹത്വം.


മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരാണ് സിദിഖ് ലാൽ. അവരുടെ റാംജി റാവുവും ഗോഡ്ഫാദറുമൊക്കെ നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ളതാണു. ഇപ്പോഴും ചിരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇവർ രണ്ടു പേരും വേർപിരിഞ്ഞതിനു ശേഷം സിദിഖ് തനിയെ ചെയ്ത സിനിമകൾക്ക് മുൻ കാല ചിത്രങ്ങളുടെ പോലെ ഒരു സ്വാധീനം പ്രേക്ഷകരിൽ ഉണ്ടാക്കാൻ സാധിച്ചില്ല. ഹിറ്റ്ലറും ഫ്രണ്ട്സും സിദിഖിന്റെ പേരു ചീത്തയാക്കിയില്ലെങ്കിലും അതിനു ശേഷം വന്ന ക്രോണിക് ബാച്ചിലർ സിദിഖ് എന്ന സംവിധായകന്റെ ഭാവനാ ശ്യൂനത വെളിവാക്കുന്ന ഒന്നായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളുടെ ചാർട്ടിൽ ക്രോണിക്ക് ബാച്ചിലർ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ സിദിഖ് എന്ന സംവിധായകന്റെ ഒരു പരാജയം തന്നെ ആയിരുന്നു ഈ സിനിമ.സിദിഖ് സിനിമകൾ നന്നായിരിക്കും എന്ന കുടുംബ പ്രേക്ഷകരുടെ പ്രതീക്ഷ ചൂഷണം ചെയ്ത് കൊണ്ടും ഒപ്പമിറങ്ങിയ മറ്റ് ചിത്രങ്ങൾ മോശമായിപോയതു കൊണ്ടും മാത്രം 50 ദിവസങ്ങൾ പിന്നിട്ടതാണു ഈ ചിത്രം. പരാജയങ്ങൾ തുടർകഥയായി നിന്നിരുന്ന മമ്മൂട്ടിയ്ക്ക് ഈ സിനിമ വിജയിക്കേണ്ടത് അത്യവശ്യമായിരുന്നു താനും. കാലത്തിനൊത്ത സിനിമയെടുക്കാൻ സിദിഖിനു അറിയില്ല എന്നതായിരുന്നു ക്രോണിക്ക് ബാച്ചിലർ നേരിട്ട ഏറ്റവും വലിയ വിമർശനം. ഇത് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല. ഈ സിനിമക്ക് ശേഷം നീണ്ട 5 വർഷം ഇരുന്നു എഴുതിയുണ്ടാക്കിയ സിനിമയുമായാണു സിദിഖ് വീണ്ടും വന്നത്. ദിലീപും നയൻ താരയും അഭിനയിച്ച ബോഡി ഗാർഡ്. മലയാളത്തിൽ ഹിറ്റ് ആയ സിനിമകൾ ത്മിഴിലേക്കും ഹിന്ദിയിലേക്കും എടുക്കുന്നത് സാധാരണം. എന്നാൽ ഇവിടെ വിജയിക്കാത്ത ഒരു സിനിമ തമിഴിലെയും ഹിന്ദിയിലെയും വലിയ താരങ്ങളെ വെച്ച് എടുക്കുന്നു എന്ന് പറയുമ്പോള്‍ ആർക്കാണു പിഴച്ചത്. തന്റെ മഹത്തായ തിരകഥയിൽ സൃഷ്ടിക്കപ്പെടുന്ന സിനിമ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയ സിദിഖിനോ.. അതോ പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിയാതിരുന്ന ഒരു സിനിമയെ തള്ളിക്കളഞ്ഞ മലയാള സിനിമാ പ്രേക്ഷകര്‍ക്കോ.. ആരുടെ കണക്കുകൂട്ടലുകളാണു തെറ്റിയത് എന്ന് ബോഡി ഗാർഡ് തമിഴും ഹിന്ദിയും സംസാരിച്ചു തുടങ്ങുമ്പോൾ നമ്മുക്ക് മനസ്സിലാക്കാം.

*ജോണി സാഗരിക എല്ലാം മനസിലാക്കിയത് വളരെ വൈകിയാണു.

പെട്ടിക്കുള്ളിലെ സിനിമകള്‍ !


യന്തിരൻ കോടികൾ മുടക്കി നിർമ്മിക്കുന്ന രജനികാന്ത് ചിത്രം. ഈ സിനിമയക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തമിഴ് പ്രേക്ഷകർ തയ്യാറാണു. കാരണം ലേറ്റായ് വന്താലും ലേറ്റസ്റ്റായ് തന്നെയാണു തങ്ങളുടെ അണ്ണൻ എത്തുക എന്ന് അവർക്കറിയാം. ചിത്രീകരണം നീണ്ടു പോകുന്ന ബ്രഹ്മാണ്ഡ സിനിമകൾതമിഴ് സിനിമയിൽ പുതുമയല്ല. എന്നാൽ മലയാള സിനിമയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ വൈകുന്ന സിനിമകൾ തകരുന്ന ഒരു പ്രതിഭാസമാണു സാധാരണയായി കണ്ടു വരുന്നത്. പഴശി രാജയും T20 യും മെല്ലാം ഇതു പോലെ നീണ്ടു പോയവയാണെങ്കിലും അതെല്ലം ചിത്രീകരണം പൂർത്തിയാകാത്ത കാരണം വൈകിയവയാണു. എന്നാൽ എല്ലാ വർക്കുകളും പൂർത്തിയാക്കി റിലീസ് ഡേറ്റും പ്രഖ്യാപിച്ച് പിന്നീട് ആ സിനിമ ഒരു പരിധിയിലധികം വൈകിയാൽ ആറിയ കഞ്ഞി എന്ന മനോഭാവമാണു മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. ചെറിയ താരങ്ങളുടെ സിനിമകൾ ഇതു പോലെ വൈകുന്നത് സാധരണമാണു. പക്ഷെ അതാരുടെയും ശ്രദ്ധയില്പ്പെടാറില്ല. എന്നാൽ സൂപ്പർ താരങ്ങളുടെ സിനിമകളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവർ ഇങ്ങനെ വൈകി വരുന്ന സിനിമകൾക്ക് നേരെ മുഖം തിരിക്കാറാണു പതിവ്. മമ്മൂട്ടിയുടെ ദുബായ് ഇത്തരത്തിൽ തിരിച്ചടി നേരിട്ട ഒരു സിനിമയാണു. സിനിമ പ്രഖ്യാപിച്ചപ്പോഴെ മാധ്യമങ്ങളിൽ വൻ വാർത്തയായി മാറിയ ദുബായ് സാമ്പത്തിക പ്രതിസന്ധികൾ മൂലം വളരെയധികം വൈകി തിയറ്ററുകളിൽ എത്തുകയും ഒരു നനഞ്ഞ പടക്കമായി മാറുകയും ചെയ്യുകയാണു ഉണ്ടായത്. പ്രേക്ഷകരുടെ അഭിരുചികൾ വളരെ വേഗം മാറികൊണ്ടിരിക്കുകയാണു എന്ന് മനസ്സിലാക്കിയ മമ്മൂട്ടി പിന്നീട് തന്റെ സിനിമകൾ കഴിയുന്നതും കൃത്യ സമയങ്ങളിൽ തന്നെ റിലീസ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും ബൽറാം VS താരദാസും തസ്ക്കരവീരനുമെല്ലാം കാലം തെറ്റിയ റിലീസുകളുടെ തിക്ത ഫലങ്ങൾ അനുഭവിചവയാണു. മോഹൻ ലാലിന്റെ ചില സിനിമകളും ഇതു പോലെ വൈകി റിലീസ് ചെയ്യാറുണ്ട്. മേൽ പറഞ്ഞത് പോലെ അവയെല്ലാം പരാജയപ്പെടുക തന്നെയാണു ചെയ്യാറ്. എന്നാൽ ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു മോഹൻലാൽ സിനിമ ഇതു പോലെ വൈകി റിലീസ് ചെയ്ത ഒന്നാണു. ഭദ്രന്റെ സ്ഫടികം. പക്ഷെ കാലത്തെ അതി ജീവിക്കുന്ന ഒരു കഥ ആ സിനിമയിൽ ഉള്ളതു കൊണ്ടാണു സ്ഫടികം വിജയമായി തീർന്നത്. ഒടുവിൽ ഇറങ്ങിയ അല്ക്സാണ്ടർ ദി ഗ്രേറ്റ് പരാജയമായതും വൈകി റിലീസ് ചെയ്തത് കൊണ്ടു തന്നെ. സിനിമ പെട്ടിയിൽ ഇരിക്കുക എന്നാണു ഇങ്ങനെയുള്ള സിനിമകളെ വിശേഷിപ്പിക്കുക. മറ്റൊരു സൂപ്പർ താരമായ സുരേഷ് ഗോപിയുടെ ഒരുപാട് ചിത്രങ്ങളാണു ഇത്തരത്തിൽ ശാപ മോക്ഷം കാത്ത് പെട്ടിക്കുളിൽ കിടക്കുന്നത് . പിന്നെ വൻ ജനപ്രീതി ഉള്ളത് കൊണ്ട് സുരേഷ് ഗോപി ചിത്രങ്ങൾ എപ്പോൾ റിലീസ് ചെയ്താലും, എത്ര വൈകിയാലും കുഴപ്പമില്ല. ജയറാമിന്റെ മാജിക്ക് ലാമ്പ് എന്ന സിനിമ ഇതു പോലെ വന്ന സിനിമയാണു ജയറാം 5 വേഷങ്ങളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമായി തുടങ്ങിയ സിനിമ 5 വർഷം കഴിഞ്ഞാണു റിലീസ് ചെയ്തത്. അതു കൊണ്ട് തന്നെ 5 ദിവസം തിയറ്ററുകളിൽ കളിക്കാനുള്ള ഭാഗ്യമേ ഇതിനുണ്ടായുള്ളു. ജൂനിയർ ജനപ്രിയ നായകൻ ദിലീപും ഈ തിക്താനുഭവം നേരിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ബോഡി ഗാർഡ് ആണു ഈ ചിത്രം. യുവ സൂപ്പർ സ്റ്റാറിന്റെ കഥ എന്ന സിനിമ വൈകി വൈകി അവസാനം CD ആയിട്ടാണു ഇറക്കിയത്. കൂടാതെ നമ്മൾ തമ്മിൽ എന്ന സിനിമ അതിലെ പാട്ടുകൾ കൊണ്ട് ആദ്യം ശ്രദ്ധിക്കപ്പെട്ടെങ്കിലും പടം റിലീസ് ചെയ്തപ്പോഴെക്കും ക്ലാസ്മേറ്റ്സും ചോക്ലേറ്റുമൊക്കെ ഇറങ്ങി കഴിഞ്ഞിരുന്നതിനാൽ ഇതിലെ ക്യാംമ്പസ് പ്രേക്ഷകർക്ക് അരോചകമാവുകയാണ് ഉണ്ടായത്. കൃത്യ സമയത്ത് റിലീസ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആകുമായിരുന്ന ആ സിനിമ അങ്ങിനെ തിയറ്ററിൽ ദയനീയ പരാജയം ഏറ്റുവാങ്ങി.വൈകുന്ന സിനിമകൾ തകരും എന്നറിഞ്ഞിട്ടും സൂപ്പർ താരങ്ങളുടെ പല സിനിമകളുടെയും റിലീസ് അനന്തമായി നീളുകയാണു. മമ്മൂട്ടിയുടെ വന്ദേമാതരം , മോഹൻലാലിന്റെ സ്വപ്നമാളിക, സുരേഷ് ഗോപി- ജോഷി ടീമിന്റെ ജന്മം, അനിൽ സി മേനോൻ-സുരേഷ് ഗോപിയുടെ കളക്ടർ എന്നിവയാണു ഇതിൽ പ്രമുഖ ചിത്രങ്ങൾ. വിവാദങ്ങൾ മൂലം റിലീസ് മാറ്റി വെക്കപ്പെട്ട ഒരു നാൾ വരും ആണു ഇതിൽ അവസാനത്തേത്. വെള്ളിയാഴ്ചകള്‍ കടന്നു പോകുമ്പോള്‍ , കൃത്യമായ ആസൂത്രണത്തിലൂടെ സിനിമ പറഞ്ഞ സമയത്ത് തന്നെ റിലീസ് ചെയ്യാൻ സിനിമക്കാർ ശ്രമിച്ചിലെങ്കിൽ വിജയിക്കാൻ അർഹത ഉണ്ടായിരുന്ന പല സിനിമകളും പെട്ടിക്കുള്ളില്‍ നിന്നും പുറത്ത് വന്ന്‍ ബോക്സ് ഓഫീസിൽ മൂക്കു കുത്തി വീഴുന്ന കാഴ്ച്ച നമ്മുക്ക് കാണേണ്ടി വരും..!!

* ഇപ്പൊ നിങ്ങള്‍ ചോദിക്കും സമയത്തിന് റിലീസ് ചെയ്തിട്ടും മിക്ക സിനിമകളും വിജയിക്കുന്നില്ലല്ലോ എന്ന്.......
വിശ്വാസം അതല്ലേ എല്ലാം......!!!

വില്ലരിൽ വില്ലൻ..


നല്ല ഒരു വില്ലനെ മലയാള സിനിമയിൽ കണ്ട കാലം മറന്നു. അവസാനമായി ഒരു മികച്ച വില്ലൻ മലയാള സിനിമയിൽ ഉണ്ടായത് ഭരത് ചന്ദ്രനോട് ഏറ്റു മുട്ടിയ ഹൈദരാലിയാണു. മോഹൻലാലിനെ ചിലയിടങ്ങളിൽ ഓർമിപ്പിക്കുമെങ്കിലും അവിസ്മരണീയമായ പ്രകടനത്തിലൂടെ ആ വില്ലനെ അവതരിപ്പിക്കാൻ സായ്കുമാറിനു സാധിച്ചു. അതിനെ മറികടക്കുന്ന പ്രകടനം കാഴച്ച വെച്ചതു കൊണ്ടാണല്ലോ ഭരത് ചന്ദ്രൻ IPS മെഗാഹിറ്റ് ആയതും സുരേഷ് ഗോപി തിരിച്ചു വന്നതും. ഒട്ടുമിക്ക സിനിമകളിലും നായകൻ - വില്ലൻ പോരാട്ടങ്ങൾ തന്നെയാണു കഥ തന്തു. അവസാനം വില്ലനെ കീഴ്പ്പെടുത്തി നായകൻ വിജയിക്കുന്നിടത്താണു സിനിമ അവസാനിക്കുന്നത്. പക്ഷെ ഈ തരത്തിലുള്ള സിനിമകൾ വിജയിക്കണമെങ്കിൽ വില്ലൻ പ്രേക്ഷകരുടെ മനസ്സിനെ ആദ്യം കീഴ്പ്പെടത്തണം എങ്കിലേ ആ വില്ലനെ തോല്പ്പിക്കുന്ന നായകനെ കാണികൾ അംഗീകരിക്കു. മലയാളത്തിൽ പഴയകാലത്ത് ഒരുപാട് വില്ലന്മാരുണ്ടായിട്ടുണ്ട്. കണ്ണുരുട്ടിയും അട്ടഹസിച്ചും പേടിപ്പിച്ചിരുന്ന വില്ലന്‍മാര്‍. എന്നാല്‍ പുതിയ കാലത്തേക്ക് വന്നപ്പോള്‍ വില്ലന്മാരിലും മാറ്റങ്ങള്‍ വന്നു. ഒരു വിജയിച്ച സിനിമയിലെ നായകന്റെ കഥാപാത്രത്തിന്റെ പേരു മാത്രമല്ല വില്ലന്റെ പേരും എന്നും ഓർമിക്കപ്പെടും. ന്യു ദല്‍ഹിയിലെ ശങ്കർ, ആവനാഴിയിലെ സത്യ രാജ്,രാജവിന്റെ മകനിലെ കൃഷ്ണദാസ്, ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ, കമ്മീഷണറിലെ മോഹൻ തോമസ്,ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ്, ഇന്ദ്രജാലത്തിലെ കാര്‍ലോസ് , കീരീടത്തിലെ കീരിക്കാടൻ ജോസ്, ആറാം തമ്പുരാനിലെ കൊള്ളപുള്ളി അപ്പൻ, നരസിംഹത്തിലെ മണപ്പിള്ളി പവിത്രൻ, പത്രത്തിലെ വിശ്വനാഥൻ ഇവരെല്ലാം നായകനോള്ളം പ്രശസ്തി നേടിയ വില്ലന്മാർ ആയിരുന്നു . എന്നാൽ ഇന്നത്തെ മലയാള സിനിമയിൽ, താരധിപത്യം കൊടിക്കുത്തി വാഴുന്ന ഈ കാലത്ത് ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. നായകന്റെ ഇടി കൊള്ളാനും കിടിലൻ ഡയലോഗുകൾ കേട്ട് വിയർത്ത് നില്ക്കാനുമുള്ള ഒന്നായി മാറിയിരിക്കുന്നു മലയാള സിനിമയിലെ വില്ലന്മാർ. അടുത്ത കാലത്ത് വരെ സ്ഥിരം വില്ലനായിരുന്നത് സായ് കുമാർ ആയിരുന്നു. എന്നാൽ ഇപ്പോഴുള്ള സിനിമകളിൽ എല്ലാം സിദിഖ് ആണു ഇത് ഏറ്റെടുത്തിരിക്കുന്നത്. യുവ താരങ്ങളുടെ സിനിമകളിലും നല്ല വില്ലൻ കഥാപാത്രങ്ങളുടെ കുറവ് കാണുന്നുണ്ട്. മീശമാധവനിലൂടെ ഇന്ദ്രജിത്ത് പ്രതീക്ഷയുണർത്തിയെങ്കിലും പിന്നിട് അദ്ദേഹം സ്വഭാവ നടനായി മാറുകയാണു ഉണ്ടായത്. അല്ലെങ്കിലും ഹീറോയിസത്തിനു വേണ്ടി മാത്രം എഴുതപ്പെടുന്ന സിനിമകളിൽ നായകന്‍റെ കൈ കൊണ്ടാല്‍ ഉടനെ വായുവിലേക്ക് പറക്കുന്ന വേഷം അഭിനയിക്കാൻ, കഴിവുള്ള ഒരു നടനും തയ്യാറാവും എന്ന് കരുതുന്നില്ല. 2005 ലെ ഹൈദരാലിക്കു ശേഷം ഒരു ദിഗംബരനും രൗദ്രത്തിലെ സേതുവും മാത്രമേ ഉണ്ടായുള്ളു മലയാള സിനിമയിൽ എന്നറിയുമ്പോഴാണു നഷ്ടപ്പെടുന്ന പ്രതിനായകന്റെ പ്രസക്തി നമ്മൾ മനസിലാക്കേണ്ടത്. കരുത്തില്ലാത്ത വില്ലൻ അതുപോലെയുള്ള നായകനെ തന്നെയാണു സൃഷ്ടിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് നായകനോടൊപ്പം നില്ക്കുന്ന പ്രതിനായകനെ സൃഷ്ടിക്കാൻ സിനിമക്കാർ തയ്യാറായാൽ യുവ നടന്മാരിൽ ശക്തമായ നായകന്മാർ ഇനിയും മലയാള സിനിമയിൽ ഉണ്ടാവും.ഇത് മറ്റൊരു ഇന്ദുചൂണ്ടനെ സൃഷ്ടിക്കാൻ വേണ്ടിയല്ല. കിരീടത്തിലെ സേതുമാധവനും വില്ലനെ ജയിച്ചവനായിരുന്നു.. നമ്മുക്ക് കാത്തിരിക്കാം നായകനെ യഥാര്‍ത്ഥ നായകന്‍ ആക്കുന്ന വില്ലന്‍ വേഷങ്ങൾക്കായ് ...

*
നായകനും പ്രതിനായകനും ഒരാൾതന്നെ ആകുന്ന കൃത്യങ്ങള്‍ ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.

ചിലപ്പോ അത് ശരിയായിരിക്കും..


ഒരാൾ ഒരു മോശമായ കാര്യം ചെയ്തു എന്ന് പറയാൻ അത് ചെയ്യുന്നത് നേരിട്ട് കാണുകയൊന്നും വേണ്ട. ആരെങ്കിലും പറഞ്ഞ് കേട്ടതായാലും മതി. പക്ഷെ നമ്മളോട് ഇത് പറയുന്ന ആൾ അത് കണ്ടതായിരിക്കണം ചുരുങ്ങിയ പക്ഷം അയാളോട് ഇതു പറഞ്ഞ ആളെങ്കിലും.... ഇതിവിടെ ഇപ്പം എന്തിനു പറഞ്ഞു എന്ന് ചോദിച്ചാൽ ഒരു കാര്യവുമില്ല. ചുമ്മാ ഇരിക്കട്ടെന്നെ... ഇനി ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കാര്യം പറയാം. മലയാളത്തിലെ ഒരു മികച്ച അഭിനേതാവാണു ഇതിലെ കേന്ദ്ര ബിന്ദു.മറ്റാരുമല്ല സാക്ഷാൽ ശ്രീനിവാസൻ തന്നെ. അദ്ദേഹം അഭിനേതാവ് മാത്രമല്ല തിരകഥാകൃത്തും സംവിധായകനും കൂടിയാണല്ലോ. അഭിനയിക്കാതെ വേണ്ടെന്ന് വെച്ച 500 വേഷങ്ങളാണു ഞാൻ മലയാള സിനിമക്ക് നല്കിയ സംഭാവന എന്ന് പറഞ്ഞിട്ടുള്ള ശ്രീനിവാസൻ സത്യത്തിൽ ഒരു സംഭവം തന്നെയാണു. പക്ഷെ ശ്രീനിവാസനെ പറ്റി പലപ്പോഴായി കേൾക്കുന്ന ഒരു ആരോപണം ശ്രീനിവാസൻ മറ്റു പലരുടെയും കഥകൾ മോഷ്ടിച്ച് സിനിമയാക്കി പേരെടുക്കുന്ന ഒരാളാണു എന്നാണ് . നാടോടിക്കാറ്റ് മുതല്ക്കെ ഈ വിവാദം ഉണ്ടായിരുന്നു. പിന്നെ കഥ പറയുമ്പോൾ, അതു കൂടാതെ സാഹിത്യകാരൻ അപ്പൻ സാറിന്റെ കൃതികളിലെ വരികൾ സംഭാഷണങ്ങളായി ഉപയോഗിച്ചു തുടങ്ങി ഒരുപാട്. ഇതിൽ ഏറ്റവും അവസാനമായി വന്നിരിക്കുന്ന ഒരു പരാതി ഒരു നാൾ വരും എന്ന സിനിമയുടെ കഥയെ സംബന്ധിച്ചാണു. മുക്കം സ്വദേശിയായ വിജയൻ എന്ന ഒരു അധ്യാപകനാണു ഇതുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ തിരകഥ ശ്രീനിവാസനെ കേൾപ്പിച്ചെന്നും ഇത് പോരാ എന്ന് പറഞ്ഞ് തിരികെ അയക്കുകയും പിന്നീട് ഇതേ കഥ സിനിമയാക്കുകയും ചെയ്തു എന്നാണു പരാതിയിൽ പറയുന്നത്. ഈ കഥ എന്റെ കളിവീടുകൾ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കേട്ട കോടതി ഈ സിനിമ റിലീസ് ചെയ്യുന്നത് തടയുകയും ചെയ്തു. സിനിമയെയും ശ്രീനിവാസനെയും ഒരുപാട് ഇഷ്ടപ്പെടുന്നവർ എന്ന നിലക്ക് ഇതിൽ ഞങ്ങളുടെ നിലപാട് ഇതാണു. ഒരുനാൾ വരും എന്ന സിനിമയും എന്റെ കളി വീടുകൾ എന്ന കഥയും, ഇത് രണ്ടും ഞങ്ങൾ കാണാത്തത് കൊണ്ട് ഈ ഒരു കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ല. (ഇപ്പോൾ ആദ്യത്തെ സെന്റ്ൻസിന്റെ ഗുട്ടൻസ് പിടി കിട്ടി കാണുമല്ലോ) പക്ഷെ ഒരു കാര്യം ഞങ്ങൾക്ക് പറയാൻ സാധിക്കും. സിനിമാ ഫീൽഡിൽ നിങ്ങൾ ആരോടെങ്കിലും കഥ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അത് റെജിസ്റ്റർ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു.. അല്ലെങ്കിൽ എപ്പോൾ അടിച്ചുമാറ്റി എന്ന് ചോദിച്ചാൽ മതി . റെജിസ്റ്റർ ചെയ്താലും കഥയുടെ ത്രഡ് കിട്ടി കഴിഞ്ഞാൽ പശ്ചാത്തലം മാറ്റി കൊണ്ട് ആദ്യ കഥയേക്കാൾ മനോഹരമായ കഥ ഉണ്ടാക്കാൻ കഴിവുള്ള തിരകഥാകൃത്തുക്കൾ ഉള്ള സ്ഥലമാണു സിനിമ. അതു കൊണ്ടല്ലേ ഞങ്ങൾ ആരുടെയും അടുത്ത് കഥ പറയാൻ പോവാത്തത്. അങ്ങിനെ ഞങ്ങളുടെ ചിലവിൽ ആരും ചുളിവിൽ ആളാവണ്ട. നാടോടിക്കാറ്റിന്റെ കാര്യം പറയുകയാണെങ്കിൽ അത് സിദ്ദിഖ് ലാലിന്റെ കയ്യിൽ നിന്ന് ചൂണ്ടിയതാണു എന്ന ഒരു പ്രചരണം ഉണ്ടായിരുന്നു. സിദ്ദിഖ് ഈ അടുത്ത കാലത്ത് ഇതു പറയുകയും ചാനലിൽ ഫ്ലാഷ് ആയി വരികയും ചെയ്തു. പക്ഷെ വിവാദങ്ങൾക്ക് നില്ക്കതെ ലാൽ ഇതിനെ തണുപ്പിച്ച് ഇലാതാക്കി. അതുകൊണ്ട് തന്നെ അതിൽ ശ്രീനിവാസൻ കഥ മോഷ്ടിച്ചോ എന്ന് പറയാൻ ആർക്കും പറ്റില്ല. പിന്നെ കഥ പറയുമ്പോള്‍ എന്ന സിനിമ. അത് തന്റെ കഥ മോഷ്ടിച്ചതാണു എന്ന് പറഞ്ഞ് ഒരാൾ വന്നപ്പോൾ ശ്രീനിവാസനും സമ്മതിച്ചതാണു ഈ കഥ മോഷ്ടിച്ചത് തന്നെ ആണു പക്ഷെ അത് പരാതിക്കാരന്റെ കഥയിൽ നിന്നല്ല മഹാഭാരത കഥയിൽ നിന്നുമാണു എന്ന്. ചിലപ്പോൾ വ്യാസന്‍ പരാതിക്കാരന്റെ കഥ അടിച്ചുമാറ്റിയതാവും എന്ന ഒരു സന്ദേഹവും അന്ന് ശ്രീനിവാസൻ പ്രകടിപ്പിച്ചു. അപ്പോളിതിലും കുറ്റം പറയാൻ പറ്റില്ല. പുരാണ കഥ അടിച്ചു മാറ്റി സാക്ഷാൽ മണിരത്നം വരെ സിനിമ ചെയ്യുന്നു പിന്നെയാണു പാവം ഒരു ശ്രീനിവാസൻ. അത് കഴിഞ്ഞ് അപ്പൻ സാറിന്റെ കൃതികളിൽ നിന്ന് വരികൾ എടുക്കുന്നു എന്ന കാര്യം അത് ശ്രീനിവാസൻ തുറന്ന് പറഞ്ഞതാണു. പണ്ട് ഒന്നോ രണ്ടോ വരികളായിരുന്നു എടുത്തിരുന്നത്. ഇപ്പോള്‍ ഒരു പാരഗ്രാഫ് മുഴുവൻ എടുത്തപ്പോഴാണു എല്ലാവരും അറിഞ്ഞത് എന്ന്‍. ഈ വിവരത്തിനു കടപ്പാട് കെ.ആർ മീരയുടെ മറുവാക്ക് എന്ന ബ്ലോഗിൽ വന്ന ഒരു പോസ്റ്റാണു. ഇതിനെ പറ്റി ഇതിൽ വായിച്ച അറിവു മാത്രമേ ഉള്ളു എന്നത് കൊണ്ട് ഇതിലും ഞങ്ങൾ മൗനം പാലിക്കുന്നു. ശ്രീനിവാസന്റെ തന്നെ ഉദയനാണു താരത്തിലെ കഥാപാത്രം പറയുന്ന പോലെ മാങ്ങകൾ ഒരുപാട് ഉള്ളതു കൊണ്ടാവാം കല്ലുകള്‍ കൂടുതൽ വരുന്നത്. പക്ഷെ എറിയുന്നവന്റെ കൈ കടയുന്നതല്ലാതെ ഒരൊറ്റ മാങ്ങ പോലും വിഴുന്നുമില്ല. ഇനി ശ്രീനിവാസനെ പറ്റി ശരിയാവാൻ സാധ്യത ഉള്ള ഒരു മോഷണ കഥ പറയാം. പണ്ട് അമേരിക്ക അമേരിക്ക എന്ന സിനിമയുടെ ഷൂട്ടിംഗിനു അവിടെ ചെന്നപ്പോൾ അതിന്റെ തിരകഥ കളഞ്ഞു പോവുകയും അത് കയ്യിൽ കിട്ടിയ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് അതു വെച്ചാണു ജുറാസിക് പാർക് പിടിച്ചത് എന്നുമാണു പറയപ്പെടുന്നത്. ശ്രീനിവാസന്റെ ഒരു പ്രതിഭ വെച്ച് നോക്കുമ്പോൾ ഇത് ചിലപ്പോൾ ശരിയായിരിക്കാം..

*വിയറ്റ്നാം കോളനി അടിച്ചു മാറ്റി അവതാർ ആക്കാമെങ്കിൽ അമേരിക്ക അമേരിക്ക ജുറാസിക് പാർക്ക് ആയി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.
സ്വന്തമായി കഥയുണ്ടാക്കി അത് തിരകഥയാക്കി സിനിമയാക്കാൻ സ്പില്‍ബര്‍ഗ് ആര് ശ്രീനിവാസനോ....????

പ്രിത്വിരാജിന് ഇനി യുവ താരങ്ങൾ ഭീഷണി.


കാര്യം എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയിൽ സമാനതകളിലാത്ത ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണു പ്രിത്വിരാജ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്ന ഇനീഷ്യൽ ഇപ്പോൾ പ്രിത്വിരാജിനു ലഭിക്കുന്നുണ്ട്. 30 കൊല്ലം കൊണ്ട് സൂപ്പറും മെഗായും നേടിയെടുത്ത ഈ ക്രൗഡ് പുള്ളിംഗ് 10 വർഷം കൊണ്ട് ഈ താരം കൈവരിച്ചു എന്ന് പറയുമ്പോൾ തന്നെ മലയാള സിനിമയുടെ ഭാവി ഈ ചെറുപ്പക്കാരന്റെ കൈകളിൽ ആണു എന്ന് ഉറപ്പിക്കാം. ഇനി അങ്ങിനെ അല്ല എന്ന് വാദിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അഭിനയത്തിൽ 30 കൊല്ലത്തെ പരിചയമുള്ള സ്റ്റാറുകളോടാണു പ്രിത്വിക്ക് മൽസരിക്കേണ്ടി വരുന്നത്. കരിയറിന്റെ തുടക്കത്തിൽ വർഷത്തിൽ 35 സിനിമകൾ വരെ അഭിനയിച്ചിട്ടുള്ള നടന്മാരോടാണു ഇവർ 10 വർഷത്തിനിടയ്ക്ക് 49 സിനിമകൾ മാത്രം അഭിനയിച്ച പ്രിത്വിരാജിനെ താരതമ്യം ചെയ്യുന്നത്. എലിയും മലയും തമ്മിലുള്ള വ്യത്യാസം.പക്ഷെ ഇപ്പോൾ പ്രിത്വിരാജ് നേരിടുന്ന വെല്ലുവിളി സൂപ്പർ താരങ്ങളിൽ നിന്നല്ല. യുവതാരങ്ങളിൽ നിന്നും തന്നെയാണു. അങ്ങിനെ പറയാൻ കാരണം മലയാള സിനിമയിൽ ഒരു യുവത്വത്തിന്റെ സബ്ജക്ട് എടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അതിൽ നായകനായി ആദ്യം കണ്ടിരുന്നത് പ്രിത്വിരാജിനെയായിരുന്നു. പ്രിത്വിക്ക് കഥ കേട്ട് ഇഷ്ട്ടപ്പെട്ടിലെങ്കിൽ മാത്രമാണു അത് പിന്നീട് ജയസൂര്യക്കും സൈജുകുറിപ്പിനും അരുണിനുമൊക്കെ കൈമാറുന്നത്. എന്നാൽ ഈ അടുത്ത കാലത്തായി ഇതിനു മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. പ്രിത്വിരാജ് സിനിമ ഇപ്പോൾ ചെറിയ ബജറ്റിൽ ഒതുങ്ങുകയില്ല. അതു കൊണ്ട് തന്നെ ചെറിയ ചിത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നവർ പ്രിത്വിക്ക് പകരം കൈലേഷിനെയും ആസിഫ് അലിയെയും കാസ്റ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. മമ്മൂട്ടിയും മോഹൻലാലിനെയും താരങ്ങളാക്കിയ സംവിധായകരും എഴുത്തുകാരും അവരോടൊപ്പം തന്നെ തുടങ്ങിയവരാണു. ഒരുപാട് നല്ല നല്ല വേഷങ്ങൾ ചെയ്തതിനു ശേഷമാണു ഇവർ ഇന്നു കാണുന്ന തരത്തിലുള്ള അമാനുഷികതയും ലോജിക്കിലാത്തതുമായ റോളുകളും സിനിമകളും ചെയ്യാൻ തുടങ്ങിയത്.സ്ക്രീനിലെ ഹീറോയിസം കണ്ടിട്ടല്ല മമ്മൂട്ടിയെയും ലാലിനെയും പ്രേക്ഷകർ ഇഷ്ടപെട്ടു തുടങ്ങിയത്. അവരുടെ നിഷകളങ്കതയും നിസ്സഹായതയും നിറഞ്ഞ വേഷങ്ങളിലുള്ള അഭിനയം മൂലമാണു. നമ്മുടെ കുടുംബത്തിലെ ഒരാൾ എന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷമാണു അവർ സ്റ്റാറും സൂപ്പർ സ്റ്റാറുമൊക്കെ ആവാൻ തുടങ്ങിയതു തന്നെ. സൂപ്പർ താരം എന്ന പദവി അതിനുള്ള ഒരു അവസരമാണു പ്രിത്വിരാജിനു ചിലപ്പോൾ നഷ്ടമാക്കുക. ഇതെല്ലാം പ്രിത്വിരാജിനു അറിയാഞ്ഞിട്ടല്ല. പക്ഷെ പുതിയ മുഖവും താന്തോന്നിയും പോക്കിരി രാജയുമൊക്കെ തിയറ്ററിൽ ഉയർത്തുന്ന ആരവങ്ങൾ ചിലപ്പോൾ പ്രിത്വിരാജിന്റെ ഉള്ളിലെ സൂപ്പർ സ്റ്റാർ മോഹങ്ങളെ പ്രലോഭിപ്പിച്ചേക്കാം. ക്യാമറയ്ക്ക് മുന്നിൽ അല്ലാതെ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് അഹങ്കാരി എന്ന പേരും ഒരുപാട് അസൂയക്കാരെയും സമ്പാദിച്ചിട്ടുണ്ട് ഈ യുവ സൂപ്പർ താരം. കാലൊന്ന് ഇടറിയാൽ കൈകൊട്ടി ചിരിക്കാൻ കാത്തിരിക്കുന്നുണ്ട് കൂറെപേർ. രാവണയുടെ തമിഴ് പതിപ്പ് റിലീസ് ആവുകയും അതിലെ പ്രിത്വിയുടെ റോൾ ശ്രദ്ധിക്കപ്പെടുകയും ചെയ്താൽ വീണ്ടും ഈ അസൂയക്ക് ആക്കം കൂടും. അഭിനയ സാധ്യത ഉള്ള വേഷങ്ങളിൽ പ്രതിഫലം കാര്യമാക്കാതെ അഭിനയിക്കാറുള്ള പ്രിത്വിരാജ് പക്ഷെ ഈയിടയായി ഹീറോയിസത്തിനു സാധ്യത ഉള്ള കഥാപാത്രങ്ങളാണു കൂടുതലായി സ്വീകരിക്കുന്നത്. അങ്ങിനെ സംഭവിക്കാതെ നല്ല സിനിമയുമായി വരുന്നവരോട് വീണ്ടും സഹകരിച്ച് കരുത്തുള്ള കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിക്കാൻ പ്രിത്വിക്കു കഴിയട്ടെ.സിനിമയുടെ വെള്ളി വെളിച്ചത്തിൽ പെട്ടെന്ന് ജ്വലിച്ചുയർന്ന് പിന്നീട് അതെ വേഗതയില്‍ വിസ്മൃതിയിലാണ്ടു പോയ നിരവധി സൂപ്പർ സ്റ്റാറുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഈ നല്ല നടൻ ഉണ്ടാവില്ല എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.


* ചേട്ടന്റെ പ്രായത്തിൽ ഞാൻ ഓസ്ക്കാർ വാങ്ങിക്കും എന്നാണല്ലോ ഡയലോഗ്..
ഓസ്ക്കാർ വേണ്ട മിനിമം ഒരു.......!

കട്ടയും പടവും മടക്കേണ്ടി വരുമോ..?


അനാവശ്യം പറയരുത്. അഭിനയിക്കാൻ അറിയില്ലാത്തത് കൊണ്ടാണോ ഞങ്ങൾ രണ്ടു പേരും കഴിഞ്ഞ 30 വർഷക്കാലമായി മലയാള സിനിമയുടെ നെടും തൂണുകളായി നിലനില്ക്കുന്നത്. ഞങ്ങളുടെ കഴിവുനുള്ള അംഗീകാരമായിട്ടാണു ഭരതും പത്മശ്രീയുമെക്കെ തന്ന് രാജ്യം ഞങ്ങളെ ആദരിച്ചത്. ഞങ്ങൾ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ മലയാള സിനിമയുടെ അവസ്ന്ഥ. അതാലോചിക്കാൻ കൂടി വയ്യ. കേരളത്തിലങ്ങോളമിങ്ങോളമായി ലക്ഷക്കണക്കിനു ആരാധകരും മൊത്തം കുടുമ്പ പ്രേക്ഷകരുടെ പിന്തുണയും ഞങ്ങൾക്കുണ്ട്. ആ ഞങ്ങളെ സംബന്ധിച്ച് ഇതെന്നും ഒരു വിഷയമേ അല്ല. ശരത് കുമാർ അല്ല അമിതാബ് ബച്ചനല്ല. സാക്ഷാൽ ദാനിയേൽ ദി ലൂയിസു (അതാരു...? ആ...) വന്ന് ഞങ്ങളുടെ കൂടെ അഭിനയിച്ചാൽ പോലും മെഗാസ്റ്റാർ എന്നും യൂണിവേഴ്സൽ സ്റ്റാർ എന്നുമൊക്കെ എഴുതി കാണിക്കുമ്പോൾ തിയറ്ററിൽ കിട്ടുന്ന കൈയടിയുടെ പകുതി പോലും കിട്ടാൻ പോകുന്നില്ല. തമിഴ് നാട്ടിൽ പടങ്ങളായ പടങ്ങളൊക്കെ പൊളിഞ്ഞ് ഒരു ഗതീം പരഗതീം കിട്ടാതെ നടന്നിരുന്ന ശരത് കുമാർ എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടാണു പഴശി രാജയിൽ ഒരു വേഷം ഞാൻ ഒപ്പിച്ച് കൊടുത്തത്. ഞാൻ പറഞ്ഞാൽ എംടിക്ക് കേൾക്കാണ്ടിരിക്കാൻ പറ്റില്ലല്ലോ. എംടിയുടെ തിരകഥകളൊക്കെ ഹിറ്റ് ആവാൻ കാരണം ആരാ...? ഞാൻ തന്നെ അല്ലാണ്ടാരാ.. ഞാനിലെങ്കിൽ കാണാമായിരുന്നു. വടക്കൻ വീരഗാഥയുടെയൊക്കെ സ്ഥിതി. അപ്പോൾ പഴശി രാജയുടെ കാര്യം, ഇവിടെ മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നതു പോലെ സുരേഷ് ഗോപി വേണ്ടെന്ന് വെച്ച വേഷം ശരത് കുമാറിനു കൊടുത്തതല്ലന്ന് ഇപ്പോഴെങ്കിലും എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു ആരാധകർക്ക് മനസിലായിരിക്കുമല്ലോ.എല്ലാം മാധ്യമങ്ങളുടെ സൃഷ്ടികളാണു. അത് കഴിഞ്ഞ് പടം ഇറങ്ങി കഴിഞ്ഞപ്പോൾ എന്നേക്കാൾ മികച്ച അഭിനയം ശരത് കുമാറിന്റെതാണെന്നു വീണ്ടും പ്രചരണം. ഈ മാധ്യമങ്ങളെകൊണ്ട് തോറ്റു. പഴശി രാജ കണ്ട എന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകരെ ഞാനൊന്നു ചോദിക്കട്ടെ. പഴശിയിൽ ഏത് സീനിൽ ആണു ശരത് എന്നേക്കാൾ നന്നായി അഭിനയിച്ചിട്ടുള്ളത്. ഞാനും ശരതും കൂടി അഭിനയിക്കുന്ന സീനുകളിൽ എല്ലാം ശരതിനു സംഭാഷണം പോലുമില്ല പിന്നെങ്ങെനെ എന്നേക്കാൾ നന്നായി അഭിനയിച്ചു എന്ന് പറയും. അല്ലെങ്കിലും എന്നെക്കാൾ നന്നായി അഭിനയിക്കാൻ പറ്റുമോ ആർക്കെങ്കിലും..? എനിക്കു തന്നെ അല്ലാതെ. പക്ഷെ പിന്നെ ശരത് ഒരു നന്ദി കേട് കാണിച്ചു. കുറച്ച് പേരു കിട്ടിയപ്പോൾ വീണ്ടും മലയാള സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. അതിന്റെ ആവശ്യം ഉണ്ടോ. ഇവിടെ അഭിനയിപ്പിച്ച് കോൾമയിർ കൊള്ളിക്കാൻ ഞാനും സൂപ്പർ സ്റ്റാറുമൊക്കെ ഉള്ളപ്പോൾ ഒരു സൂപ്രിം സ്റ്റാറിന്റെ ആവശ്യം ഇവിടെ ഉണ്ടോ.? പേടിച്ചിട്ടൊന്നുമല്ല കേട്ടോ. ആരെ പേടിക്കണം എന്തിനു പേടിക്കണം. ലോകോത്തര നിലവാരമുള്ള രണ്ട് അഭിനേതാക്കൾ ആയ ഞങ്ങൾ തമിഴിലെ ശരാശരി നിലവാരം പോലുമില്ലാത്ത ഒരു താരത്തിനെ പേടിക്കേണ്ട കാര്യമില്ലല്ലോ.. അങ്ങിനെ ഞങ്ങളെക്കാൾ വലിയ ഒരു സ്റ്റാർ ഇവിടെ ഉണ്ടാവാൻ ഞങ്ങളുടെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ സമ്മതിക്കുമോ..അതു കൊണ്ട് അന്യ ഭാഷ നടന്മാർ ഇവിടെ വന്ന് അഭിനയിച്ചാൽ അത് ഞങ്ങൾ രണ്ടു പേർക്കും ഭീഷണിയാകും എന്ന് വാർത്ത അടിസ്ഥാന രഹിതമാണു. ഇത് മാധ്യമങ്ങളുടെ കുപ്രചരണം മാത്രമാണു.
ഈ ഒരു വിഷയത്തിൽ ഞങ്ങൾ രണ്ടു പേർക്കും ഒരേ അഭിപ്രായം തന്നെയാണു. എന്റെ പടത്തിൽ അമിതാബ്ജി അഭിനയിച്ചത് കൊണ്ട് എന്റെ താരമൂല്യം ഉയരുകയേ ഉള്ളു. പിന്നെ സുനിൽ ഷെട്ടി അഭിനയിക്കുന്നുണ്ട് അത് എന്റെ അസ്സിസ്റ്റന്റ് ആയിട്ടാണു. അത് കൊണ്ട് എന്നെക്കാൾ നല്ല അഭിനയം കാഴച്ച വെക്കാനുള്ള സീൻസ് ഒന്നും ഇല്ല. അന്യഭാഷ നടന്മാർ നമ്മുടെ സിനിമകളിൽ അഭിനയിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണു വേണ്ടത്. അല്ലാതെ അതിന്റെ മറവിൽ വർഷങ്ങളുടെ അഭിനയ പാരമ്പര്യമുള്ള ഞങ്ങളെ കരിവാരി തേക്കുകയല്ല ചെയ്യേണ്ടത്. സഞ്ജയ് ദത്തും മലയാളത്തിൽ അഭിനയിക്കാൻ പോവുകയാണു എന്ന വാർത്ത കേട്ടു. വ്യക്തിപരമായി അന്യഭാഷ നടന്മാർ മലയാള സിനിമയിൽ അഭിനയിക്കുന്നതിനെ അനുകൂലിക്കുന്നുവെങ്കിലും സിനിമ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ രണ്ടു പേരും ഈ ഒരു പ്രവണതയെ ആശങ്കയോടെ ആണു വീക്ഷിക്കുന്നത്. അന്യഭാഷ നടന്മാർ അഭിനയിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങൾ രണ്ടു പേരുടെയും സിനിമകളിൽ അതിഥി വേഷങ്ങളിൽ മാത്രം എന്ന ഒരു തിരുമാനം കൊണ്ടു വരുന്നതാണു മലയാള സിനിമക്ക് നല്ലത്. അത് ഈ മാധ്യമങ്ങൾ പറഞ്ഞുണ്ടാകുന്നത് പോലെ ഇവനൊക്കെ നാളെ കേറി ഇവടങ്ങ് ആളാവും എന്ന് കരുതിയിട്ടൊന്നുമല്ല കേട്ടോ. മലയാളത്തിലെ വളർന്നു വരുന്ന താരങ്ങളുടെ അവസരം നഷ്ടമാക്കണ്ടാ എന്ന് കരുതിയാണു. അടുത്ത സംഘടന എക്സിക്യൂട്ടിവിൽ ഇതിനു ഒരു വ്യക്തമായ തിരുമാനം എടുത്തിരിക്കും. അതു വരെ അന്യ ഭാഷ നടന്മാരുടെ വരവ് സൂപ്പർ താരങ്ങൾക്ക് ഭീഷണിയോ എന്ന വാർത്ത മാധ്യമ സിൻഡിക്കേറ്റുകളുടെ സൃഷ്ടി മാത്രമാണു എന്ന് ഞങ്ങളുടെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ മനസിലാക്കേണ്ടതുണ്ട്. രാഷ്ട്രീയത്തെ മാത്രമല്ല ഇപ്പോ സിനിമയെയും വെറുതെ വിടാതെയായിരിക്കുന്നു ഈ മാധ്യമങ്ങൾ. ഇവരെ ക്കൊണ്ട് ഞങ്ങൾ തോറ്റു. പിന്നെന്താ സഹിക്കുക്ക തന്നെ മെഗാസ്റ്റാറും സൂപ്പർസ്റ്റാറുമ്മൊക്കെ ആയിപോയില്ലേ......


*ഏത് കൊലകൊമ്പൻ വന്ന് അഭിനയിച്ചിട്ടും എന്ത് കാര്യം. ഞങ്ങൾ രണ്ടു പേരും ഇവരുടെയൊക്കെ ഭാഷയിൽ പോയി സ്വന്തം ശബ്ദത്തിൽ ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നത് പോലെ ഇവർക്കു പറ്റുമോ. ഡബ്ബിംഗ് ആർട്ടിസ്റ്റ് കനിയേണ്ടേ..
പുഹാ അല്ല സായിപ്പേ.. പുഴ. ഴ.. പൂവൻ പഴത്തിന്റെ ഴ...

ഇനി അങ്ങിനെയും പറയാന്‍ പറ്റില്ല


ചില മലയാള സിനിമകളിലെ പാട്ടുകൾ കേട്ടാൽ നമ്മൾ അറിയാതെ പറഞ്ഞു പോകും. ദൈവമേ ഇതിനൊന്നും സ്കൂൾ കുട്ടികളുടെ പാട്ടിന്റെ നിലവാരം പോലുമില്ലല്ലോ എന്ന്. പക്ഷെ ഇനി അങ്ങിനെ പറയണമെങ്കിൽ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. സ്കൂൾ കുട്ടികൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയോ..? മലയാള സിനിമ എന്ന കൊടും കാട്ടിൽ.. സിംഹങ്ങളും പുലികളും കടുവകളും.. (ഒക്കെ പല്ല് കൊഴിഞ്ഞതാ പക്ഷെ പുലി പുലി തന്നെയല്ലേ..) മൊക്കെ വിരാജിക്കുന്ന ഇടത്തിലേക്ക് ഒരു കൊച്ചു മുയൽ കുട്ടി കടന്നു വരികയാണു. 12 വയസുള്ള ദേവിക മുരളി എന്ന പെൺകുട്ടി. അഭിനയിക്കാനാണു ഈ വരവ് എന്ന് കരുതിയെങ്കിൽ തെറ്റി. അത് അത്യാവശ്യത്തിനു നല്ല ബോറായി ചെയ്യാൻ അറിയാവുന്നവർ ഇവിടെ ധാരാളമുണ്ടല്ലോ. അതു കൊണ്ട് തന്നെ ഈ ഏഴാം ക്ലാസുകാരി ഒരു കൈ നോക്കാൻ തിരുമാനിച്ചിരിക്കുന്നത് സംഗീത സംവിധാനത്തിലാണു. അതെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ മ്യൂസിക് ഡയറക്ടർ. സംഗീതമെന്ന മഹാ സാഗരത്തിൽ സംഗതി വീരൻ വരെ തീരത്ത് കല്ലു പറക്കി നടക്കുകയാണു അപ്പോഴാണു ആതമവിശ്വാസത്തോടെയുള്ള ദേവികയുടെ കടന്ന് വരവ്. സുരാജ് നായകനാവുന്ന ബാച്ചിലേഴ്സ് എന്ന സിനിമയിലൂടെയാണു ദേവികയുടെ അരങ്ങേറ്റം. കലാകാരനിൽ നിന്ന് പ്രതീക്ഷിക്കുന്നത് പുതുമ നിറഞ്ഞ സൃഷ്ടികളാണു അതിനു പ്രായം ഒരിക്കലും ഒരു വിലങ്ങു തടിയല്ല. മലയാള സിനിമ സംഗീത ലോകത്തിനു വ്യത്യസ്തമായ ഒരു അനുഭവം സൃഷ്ടിക്കാൻ ഈ കൊച്ചു കലാകാരിക്ക് കഴിയട്ടെ. എന്ന് നമ്മുക്ക് ആശംസിക്കാം....

നാട് വാഴാന്‍ അവന്‍ വരുന്നു..!


മലയാളത്തിൽ ഇപ്പോൾ രണ്ടാം ഭാഗങ്ങളുടെയും റിമേക്കുകളുടെയും ചാകരയാണു.ആശയ ദാരിദ്രം കൊണ്ടാണു സിനിമക്കാർ ഈ വഴി സ്വീകരിക്കുന്നത് എന്നൊക്കെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. പരദൂഷണക്കാരെ കൊണ്ട് തോറ്റു. അല്ലെങ്കിലും മലയാള സിനിമ നന്നാവുന്നത് ആർക്കും പിടിക്കില്ലല്ലോ. വർഷത്തിൽ ഇറങ്ങുന്ന 90 സിനിമകളിൽ 85 എണ്ണവും പൊളിഞ്ഞ് പണ്ടാരമടങ്ങിയാൽ എല്ലാവർക്കും സന്തോഷമായി. പ്രതിസന്ധി, വരൾച്ച എന്നൊക്കെ പറഞ്ഞു ഇരിക്കാമല്ലോ. സത്യത്തിൽ രണ്ടാം ഭാഗങ്ങളാണു നല്ലത്. അതാവുമ്പോൾ കഥാപാത്രങ്ങളെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ നേരിട്ട് കഥ പറയാം, വിജയിക്കുകയും ചെയ്യും. അപ്പോൾ സാഗർ എലിയാസ് ജാക്കിയും ബൽറാം VS താരദാസുമൊക്കെ പൊളിഞ്ഞില്ലേ എന്നൊന്നും ചോദിക്കരുത്. പരാജയങ്ങൾ വിജയത്തിന്റെ മുന്നോടിയാണു. ദാമോദരൻ മാഷ് തിരകഥ എഴുതി കൊണ്ടിരിക്കുകയാണു. അത് കഴിഞ്ഞാൽ IV ശശിയും മമ്മൂട്ടിയുമായി ഒരു വരവുണ്ട്.ബൽറാമിന്റെ പരാജയ ക്ഷീണം മുഴുവനായും തീർക്കും എന്നാണു ശശി സാർ പറയുന്നത്.(ലിബർട്ടി ബഷീറിനെ ഒരു വഴിക്കാക്കി. ഇനി ആരാണാവോ അടുത്ത ഇര..?) അങ്ങിനെയാണെങ്കിൽ സാഗർ എലിയാസ് ജാക്കിയുടെ ക്ഷീണവും തീർക്കണ്ടേ. വേണം അതു തന്നെയാണു പറഞ്ഞും വരുന്നത്. ഷാജി കൈലാസും - SN സ്വാമിയും വീണ്ടും ഒന്നിക്കുകയാണു. ഇത് പക്ഷെ പണ്ട് ഒന്നിച്ച പോലെയൊന്നും അല്ല. ഇത്തവണ മീശ പിരിക്കുന്നത് യൂണിവേഴ്സലും മെഗായുമൊന്നുമല്ല. സാക്ഷാൽ യുവ സൂപ്പർ സ്റ്റാർ ആണു. യുവ സൂപ്പറും സൂപ്പർ ഡയറക്ടറും കൂടി ഒന്നിച്ച ഒരു സിനിമ പാതി വഴിയിൽ കിടക്കുന്നുണ്ട്. അത് പൂര്ത്തിയാക്കത്തതിന്റെ പേരിൽ നിർമ്മാതാവ് പരാതിയുമായി നടക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ നമ്മളെത്രെ കണ്ടതാ. ഇപ്പോഴാണെങ്കിൽ വെറും 85 ലക്ഷമേ ആ നിർമമാതാവിനു പോയുള്ളു പടം ഇറങ്ങിയാൽ 3 കോടിയും പോക്കാ. ഒരു സഹായം ചെയ്യാമെന്ന് വെച്ചപ്പോൾ... ജനകനു ശേഷം SN സ്വാമിക്കു നല്ല മാർക്കറ്റാ.. അതു കൊണ്ട് തന്നെ വളരെ പ്രത്യേകതയുള്ള കഥയാണ് സ്വാമി പ്രിത്വിരാജിനു വേണ്ടി ഒരുക്കാൻ പോക്കുന്നത്. 1989 ൽ പുറത്തിറങ്ങിയ, മോഹൻലാലും മധുവും അവിസ്മരണീയമാക്കിയ ജോഷിയുടെ നാടുവാഴികൾ എന്ന സിനിമയുടെ രണ്ടാം ഭാഗം. ഷാജി കൈലാസ് ഒരു കഴിവുള്ള സംവിധായകൻ തന്നെ ആണു.നല്ല തിരകഥ കിട്ടാത്തത് കൊണ്ടാണു പടങ്ങളൊക്കെ പൊളിയുന്നത്. അതുപോലെ തന്റെ തിരകഥകൾ അതുപോലെ സിനിമയാക്കാൻ കഴിവുള്ള ഡയറക്ടർമാരെ കിട്ടാത്തത് ആണു SNസ്വാമിയുടെ പ്രശ്നം. കമലഹാസനും അമീർഖാനുമാവാൻ പഠിക്കുന്ന നമ്മുടെ യുവ സൂപ്പർ സ്റ്റാറിനാകട്ടെ ഒരു നല്ല സംവിധായകനെം തിരകഥാ കൃത്തിനെം ഒരുമിച്ച് കിട്ടാത്തത് ആണു നേരിടുന്ന പ്രധാന വെല്ലുവിളി. സംവിധായകൻ നന്നാവുമ്പോൾ തിരകഥ നന്നാവില്ല, തിരകഥ കൊള്ളാവുന്നതാണെങ്കിൽ സംവിധായകൻ അത് കൊള്ളമാക്കിയിട്ടുമുണ്ടാകും. ഇനി എങ്ങാനും ഭാഗ്യത്തിനു ഇത് രണ്ടും കൂടി ഒത്തു വന്നാല്ലോ. കൂടെ ഒരു മൂന്നു നാലു നായകന്മാരും കാണും ക്രെഡിറ്റ് കൈക്കലാക്കാൻ. അതുകൊണ്ടാണല്ലോ 10 കൊല്ലമായിട്ടും സ്വന്തം ക്രെഡിറ്റിൽ വിജയിപ്പിച്ച ഒരു സിനിമ ഇല്ലാത്തത്. എന്തായാലും എല്ലാവരുടേയും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാവാൻ പോവുകയാണു.ഒരു ഹിറ്റ്മേക്കർ സംവിധായകനും ഒരു കരുത്തുറ്റ തിരകഥകൃത്തും ഒപ്പം ഒരു യുവ സൂപ്പർ സ്റ്റാറും ഒന്നിക്കുമ്പോൾ അതും മികച്ച ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടിയാകുമ്പോൾ ഒരു മെഗാഹിറ്റ് സിനിമ തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം..


*ദ്രോണയ്ക്കും അലിഭായിക്കും ടൈമിനുമൊക്കെ നമ്മൾ എന്തൊക്കെ പ്രതീക്ഷിച്ചതാ.. വല്ലതും നടന്നോ. അപ്പോള്‍ പിന്നെ ചുമ്മാ പ്രതീക്ഷിക്കുന്നതിനു എന്തരാണ് കുഴപ്പം..!

ഇന്നലെ ഇറങ്ങിയ 3 സിനിമകളും ഞങ്ങളും


അങ്ങിനെ മലയാള സിനിമയുടെ റിലീസിംഗ് ക്ഷാമത്തിനു പരിഹാരമായി കൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ കുളിർ മഴ പെയ്യിച് ഇന്നലെ 3 മലയാള ചിത്രങ്ങൾ റിലീസ് ചെയ്തു. ആദ്യമേ ഞങ്ങൾ പറഞ്ഞതാണു നൂൺ ഷോ പോക്കിരി രാജ മാറ്റിനി ഒരു നാൾ വരും എന്ന്. പക്ഷെ ഒരു നാൾ വരും വന്നില്ല.. അതിനി എന്നെങ്കിലും വരുമായിരിക്കും വന്നത് അലക്സാണ്ടർ ആണു. പിന്നെ കഥ തുടരും എന്ന സത്യൻ ചിത്രവും.
3 സിനിമയും ഇന്നലെ തന്നെ കണ്ടു. പോക്കിരി രാജ 8.30ക്കു മോർണിംഗ് ഷോ,
മാറ്റിനിക്കു അല്ക്സാണ്ടർ കഥ തുടരും സെക്കന്റ് ഷോ.. മുന്നും ഒരൊറ്റ ദിവസം തന്നെ കണ്ട കാരണം മൂന്നിന്റെം വിശേഷങ്ങൾ ഒരു പോസ്റ്റിൽ തന്നെ ഇടാം എന്ന് കരുതി.

പോക്കിരി രാജ.

ഒന്നിനേം നമ്മൾ അടച്ചാക്ഷേപിക്കാൻ പാടില്ല എന്ന് ഞങ്ങൾക്ക് ഇന്നലെ മനസിലായി. ഞങ്ങളുടെ കൂട്ടത്തിലൊരുത്തൻ ഇവിടം സ്വർഗമാണു എന്ന സിനിമ കാണാൻ പോയ വിശേഷമിട്ട പോസ്റ്റിൽ (ഒരു ഒന്നൊന്നര ജനപ്രിയ സിനിമ) തിയറ്ററിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് “പകൽ വെളിച്ചത്തിൽ ഈ തിയറ്ററിൽ കയറിയാൽ 3 ദിവസം മുൻപ് കഴിച്ചത് വരെ ശർദ്ദിക്കും” എന്നാണു. ഇത് വായിച്ച് ചിരിച്ച ഞങ്ങൾ ഇന്നലെ
സിനിമ സമരം തീർന്നിലായിരുന്നെങ്കിൽ ഇതേ തിയറ്ററിന്റെ മുന്നിൽ രാവിലെ തൊട്ട് ക്യൂവിൽ നില്ക്കെണ്ടി വരുമായിരുന്നു . പക്ഷെ സമരം തീർന്ന കാരണം മെയിൻ സെന്ററുകളിൽ തന്നെയാണു പോക്കിരി രാജ റിലീസ് ആയത്. അങ്ങിനെ ആദ്യ ഷോ 8.30ക്കു തുടങ്ങി. മമ്മുട്ടിയുടെ കൂടെ അഭിനയിച്ചാൽ പ്രേക്ഷകർക്കിടയിൽ കിട്ടുന്ന സ്വാധീനം എത്രത്തോള്ളമാണെന്ന് മനസ്സിലാക്കിയിട്ടുള്ള പ്രിത്വിരാജ് കഴിവിന്റെ പരമാവധി തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്.പിന്നെ മമ്മുട്ടി... എന്തുകൊണ്ടാണു മമ്മൂട്ടി പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്നത് എന്ന് ഈ സിനിമ കണ്ട് കഴിയുമ്പോൾ മനസിലാവും. കാരണം “ഞങ്ങളെപോലെയുള്ള” പുതുമുഖ സംവിധായകരുടെ കയ്യിൽ ഒരുപാട് പുതിയ പുതിയ ആശയങ്ങൾ ഉണ്ടാകുമല്ലോ അതിനെ പരമാവധി ചൂഷണം ചെയുന്നതിലാണു മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ വിജയം. ജോഷിയുടെയും ജോണി ആന്റണിയുടെയും സഹായിയായി പ്രവർത്തിച്ചിട്ടുള്ള വൈശാഖൻ മമ്മൂട്ടിയുടെയും പ്രിത്വിയുടെയും സ്റ്റാർ വാല്യു മാക്സിമം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.മലയാളത്തിലെ അരങ്ങേറ്റം ശ്രേയ മോശമാക്കിയില്ല. മെഗാസ്റ്റാറും യുവ സൂപ്പർ സ്റ്റാറും തകർത്തഭിനയിച്ച ഈ സിനിമ അക്ഷരാർത്ഥത്തിൽ ഒരു കളർഫുൾ എന്റെർടയ്നർ തന്നെ ആണു. ഇത് ഈ സിനിമയുടെ ഒരു വശം. ട്വന്റി20 എന്ന സിനിമ ഒരുക്കിയ ഉദയ്കൃഷണ സിബി കെ തോമസ് കൂട്ടുകെട്ടിന്റെ ആണു ഇതിന്റെയും തിരകഥ. ട്വന്റി20 എന്ന ചിത്രം മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കും പകരം മറ്റാരെങ്കിലും ആണു അഭിനയിച്ചത് എന്ന് വെക്കുക്ക എന്തായിരിക്കുമായിരുന്നു ആ സിനിമയുടെ ഗതി എന്ന് ആലോചിചിട്ടുണ്ടോ. അതുപോലെ തന്നെയാണു ഈ സിനിമയും. താരങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ സിനിമ, കയ്യടികൾക്കും ആർപ്പുവിളികൾക്കുമുള്ള സീനുകളും സംഭാഷങ്ങളും നിറഞ്ഞ സിനിമ. ഇത് ഈ സിനിമയുടെ മറ്റൊരു വശം. എന്തായാലും ഇതു പോലെ ഉള്ള സിനിമകൾക്കാണല്ലോ ഇക്കാലത്ത് തിയറ്ററിൽ ആളെ കൂട്ടാൻ കഴിയു. ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ പോക്കിരി രാജ ഒരു ഉഗ്രൻ ചിക്കൻ ബിരിയാണി ആണു. പിന്നെ കുറച്ച് തണുത്തിട്ടുണ്ട് എന്ന് മാത്രം അതിപ്പോ ഈ ഫ്രിഡ്ജിൽ നിന്ന് നേരെ എടുത്ത കാരണമാ.. സാരമില്ല ശരിയായിക്കോള്ളും.

*സിനിമാ സമരം തീർന്നത് നന്നായി. ടേപ്പ് റിക്കാർഡിൽ നിന്നും വരുന്നതു പോലുള്ള ശബ്ദവും ടോർച്ചടിച്ചാൽ മാത്രം ചില ഭാഗങ്ങൾ വ്യക്തമാകുന്ന സ്ക്രീനും ഉള്ള B,C ക്ലാസ്സ് തിയറ്ററുകളിൽ ഈ സിനിമ കളിക്കേണ്ടി വന്നിരുന്നുവെങ്കിൽ കോഴി ബിരിയാണി വീട്ടിലെ പട്ടിക്കു കൊടുക്കുന്ന പാത്രത്തിൽ വെച്ച് തന്നാൽ എങ്ങനിരിക്കും അതുപോലെ ആയെനെ..!

അലക്സാണ്ടർ ദി ഗ്രേറ്റ്

അത് അങ്ങിനെ തന്നെ സംഭവിച്ചു. അങ്ങിനെ സംഭവിക്കാതെ പറ്റില്ലല്ലോ..ഇറങ്ങുന്നതിനു മുൻപേ പൊളിയുന്ന സിനിമകൾ എന്ന പോസ്റ്റിൽ ഞങ്ങൾ നല്ല ശക്തവും വ്യക്തവും ആയി പറഞ്ഞിരുന്നു അലക്സാണ്ടർ ഇറങ്ങുന്നതിനു മുൻപേ പൊളിഞ്ഞ സിനിമയാണെന്നു. പോക്കിരി രാജ കണ്ട് ശാപ്പാടടിച്ച് നേരെ അലക്സാണ്ടർ കളിക്കുന്ന തിയറ്ററിൽ ചെന്ന ഞങ്ങൾക്ക് അവിടെത്തെ ആൾക്കൂട്ടം കണ്ടപ്പോൾ ഞങ്ങളെകുറിച്ച് തന്നെ അഭിമാനം തോന്നി. എത്ര കൃത്യമായി ഞങ്ങൾ പ്രവചിച്ചിരിക്കുന്നു. റിലീസ് ചെയ്ത് രണ്ടാമത്തെ ഷോക്ക് ടിക്കറ്റ് കൊടുക്കാൻ 5 മിനുട്ട് ബാക്കി ഉള്ളപ്പോൾ തിയറ്ററിൽ വെറും 30 പേരോളം മാത്രം. സമയമായിട്ടും ടിക്കറ്റ് കൊടുക്കാത്തതിന്റെ കാര്യം അന്വേഷിച്ചപ്പോഴാണു മനസിലായത്. പോക്കിരി രാജ ഹൗസ് ഫുൾ ആവാൻ കാക്കുകയാണു. അത് കഴിഞ്ഞ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നവർ ഇത് കാണാന്‍ കയറുമല്ലോ. മോഹൻ ലാൽ ഫാൻസിനെപ്പോലും തിയറ്റർ പരിസരത്തെങ്ങും കാണുന്നില്ല. എല്ലാവരും പോക്കിരി രാജ കൂവി തോല്പ്പിക്കാൻ പോയതാവും. പടം കണ്ട് കഴിഞ്ഞ് ഇറങ്ങിയപ്പോൾ മനസിലായി. ആരെയും പറഞ്ഞിട്ടു കാര്യമില്ല. ഇതിന്റെ കഥ കേട്ടിട്ടും ഈ സിനിമ നിർമ്മിച്ച ഇത്രയധികം പ്രതി സന്ധികൾ നേരിട്ടിട്ടും തളരാതെ ഇത് തിയറ്ററിൽ എത്തിച്ച VBK മേനോൻ എന്ന നിർമാതാവിനു ഞങ്ങളുടെ നമോവാഗം.

*ഒരുപാട് കാശ് വെറുതെ കയ്യിൽ ഉണ്ടെങ്കിൽ അദ്ദേഹത്തിനു ഞങ്ങളുടെ പടം ഒന്നു പ്രൊഡ്യൂസ് ചെയ്തു നോക്കാമായിരുന്നു. പോക്കിരി രാജ ചിക്കൻ ബിരിയാണി ആണെങ്കിൽ ഇത് നല്ല സാമ്പാറാണു. കുറച്ചധികം വളിച്ചിട്ടുണ്ട് എന്ന് മാത്രം പിന്നെ ഒരു വൃത്തികെട്ട മണവും.

കഥ തുടരും

സെക്കന്റ് ഷോ ആയതു കൊണ്ടാവാം ഒരുപാട് കുടുംബങ്ങൾ സിനിമ കാണാൻ വന്നിരുന്നു. സത്യൻ അന്തിക്കാട് സിനിമകൾ കാണാൻ പോയാൽ അങ്ങിനെയും ഒരു മെച്ചമുണ്ടല്ലോ..
സിനിമയെ പറ്റി പറയുകയാണെങ്കിൽ മലയാളത്തിലെ മിനിമം ഗ്യാരണ്ടി സംവിധായകന്റെ ഈ സിനിമയും വിജയിക്കും ചില്ലപ്പോ 100 ദിവസം ഓടുകയും ചെയ്യും. കാരണം ഒരുപാട് കുടുംബ പ്രേക്ഷകർ സത്യൻ അന്തിക്കാട് സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടല്ലോ. ഇതിങ്ങനെ കഥ തുടർന്നു കൊണ്ടേ ഇരിക്കും. ഹോസ്റ്റലിലെ ഉപ്പുമാവ് പോലെ കഴിച്ച് കഴിച്ച് ആളുകൾക്ക് എന്നെങ്കിലും മടുക്കുമായിരിക്കും അതുവരെ ഇതുപോലെയുള്ള നിർദോഷ സിനിമകളുമായി സ്ത്രീ പ്രേക്ഷകരുടെ ഇഷ്ടസംവിധായകൻ വന്നു കൊണ്ടേ ഇരിക്കും നമ്മുടെ കഷ്ടക്കാലവും.

*ഇതിനെകുറിച്ച് ആരു എന്തു പറഞ്ഞാലും സ്ത്രീ പ്രേക്ഷകർ ഈ സിനിമ വിജയിപ്പിക്കും അപ്പോൾ പിന്നെ എന്തു പറയാൻ. പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അത്ര വലിയ സന്തോഷത്തിൽ ഒന്നുമല്ല ആളുകൾ തിയറ്റർ വിട്ടത്. അത് സിനിമ കണ്ട വിഷമമാണോ എന്ന് ചോദിച്ചാൽ അങ്ങിനെ വിഷമിക്കത്തക്ക ഒന്നും ഇതിലില്ല. അപ്പോൾ പിന്നെ കാശു പോയ വിഷമത്തിൽ ആയിരിക്കുമോ ഏയ്..പോസ്റ്റ് പെയ്ഡ് സിനിമകൾ


മലയാള സിനിമയിൽ വല്ലാത്ത പ്രതിസന്ധി നിലനില്ക്കുന്നു എന്നാണു എല്ലാവരും പറയുന്നത്. നല്ല എഴുത്തുകാർ വരുന്നില്ല, നല്ല പ്രമേയങ്ങൾ ഉണ്ടാകുന്നില്ല, പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നില്ല തുടങ്ങി ഒരുപാട് പ്രശ്നങ്ങളും ഇതിനൊക്കെ പുറമേ ഇറങ്ങുന്ന സിനിമകൾ കണ്ട് കാശു പോയി എന്ന് പറഞ്ഞ് വിലപിക്കുന്ന ഒരു പ്രേക്ഷക സമൂഹവും. എല്ലാം കൂടി ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണു. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം എന്ന നിലക്ക് ഞങ്ങൾക്ക് മലയാള സിനിമയുടെ ഈ വിഷമഘട്ടത്തെ കുറിച്ച് സങ്കടമുണ്ട്. ഒപ്പം ഇതിനൊരു പരിഹാരം കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ട്. അതുകൊണ്ടു തന്നെ മലയാള സിനിമയ്ക്ക് പുതുമയുടെ ഒരു വസന്ത കാലം സൃഷ്ടിക്കാൻ പോകുന്ന കഥകളുമായി ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലമായി. പറ്റിയ ഒരു പ്രൊഡ്യൂസറെ കിട്ടാത്തതു കൊണ്ടാണു വെള്ളിത്തിരയിൽ A Film By b Studio എന്ന് ഇനിയും തെളിയാത്തത്. ഞങ്ങളുടെ കഥകൾ കേൾക്കുമ്പോൾ പലർക്കും വളരെയധികം ഇഷ്ടപ്പെടുമെങ്കിലും ഞങ്ങളുടെ ആവശ്യം അറിയുമ്പോൾ മിക്കവരും പിന്മാറുകയാണു ചെയ്യുന്നത്. ചിലർ മുന്നോട്ട് വരികയും പക്ഷെ ഞങ്ങളുടെ കണ്ടീഷൻ നടപ്പില്ലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഓർത്ത് വേണ്ടന്ന് വെക്കുകയുമാണു. ഇത്ര ബുദ്ധിമുട്ടുള്ള എന്ത് ആവശ്യമാണു ഞങ്ങൾ മുന്നോട്ട് വെച്ചത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും അല്ലേ.. പറയാം ഞങ്ങൾ ഞങ്ങളുടെ സിനിമ പോസ്റ്റ് പെയ്ഡ് ആയി ഇറക്കാനാണു ഉദ്ദേശിക്കുന്നത്. എന്നു വെച്ചാൽ ഇപ്പോൾ നമ്മൾ സിനിമ കാണാൻ ഒരുപാട് പ്രതീക്ഷകളുമായി തിയറ്ററിൽ എത്തുന്നു. ടിക്കറ്റ് എടുക്കുന്നു, പടം കാണുന്നു. പടം പൊളിയാണെങ്കിൽ പോയ കാശിനെ ഓർത്ത് ദുഖിച്ച് സിനിമയെകുറിച്ച് മോശം അഭിപ്രായവും പറഞ്ഞ് തിയറ്റർ വിടുന്നു. കാലാകാലങ്ങളായി ഇത് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ ഞങ്ങളുടെ സിനിമ കാണാൻ വരുന്നവർ ആദ്യം ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. ഇടവേളക്ക് മുൻപേ സിനിമ ഇഷ്ടപ്പെടാതെ നിങ്ങൾ പുറത്ത് പോവുകയാണെങ്കിൽ ഇതിനു യാതൊരു പൈസയും തരേണ്ടതില്ല. ഇനി ഇന്റർവെൽ ആയിട്ടാണു നിങ്ങൾ പോകുന്നതെങ്കിൽ ടിക്കറ്റിന്റെ പകുതി ചാർജ് മാത്രമേ ഈടാക്കുകയുള്ളു. സിനിമ മുക്കാൽ ഭാഗമാവുമ്പോൾ ക്ലൈമാക്സ് എന്താവും എന്ന് നിങ്ങൾക്ക് മനസ്സിലായി നിങ്ങൾ പോവുകയാണെങ്കിൽ ടിക്കറ്റ് ചാർജിന്റെ 75% തന്നാൽ മതി. അതായത് പടം തീരുന്നത് വരെ നിങ്ങൾ കണ്ടിരിക്കുന്നുണ്ടെങ്കിൽ മാത്രം മുഴുവൻ പണവും തന്നാൽ മതി എന്നർത്ഥം. ഇതാവുമ്പോൾ കാശു പോയി എന്ന ഒരു പരിഭവം പ്രേക്ഷകനു ഉണ്ടാവില്ല താനും. എന്നാൽ ഈ ഒരു വ്യവസ്ഥ അംഗീകരിക്കാൻ നിർമ്മാതാക്കൾ തയ്യാറാവാത്തതാണു ഞങ്ങളുടെ സിനിമാ ഫീൽഡിലേക്കുള്ള വരവ് വൈകിക്കുന്നത്. എന്നെങ്കിലും ഒരിക്കൽ ഒരു നിർമ്മാതാവ് ഞങ്ങൾക്കായി വരും എന്ന പ്രതീക്ഷയിൽ ഞങ്ങൾ കാത്തിരിക്കുകയാണു. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ ഓട്ടോ റിക്ഷ പിടിച്ചാണെലും അത് വരിക തന്നെ ചെയ്യും. തല്ക്കാലം നിർമ്മാതാവ് ഓട്ടോറിക്ഷയും കാത്ത് ജംക്ഷനിൽ തന്നെ നില്ക്കട്ടെ. നമ്മുക്ക് കാര്യത്തിലേക്ക് വരാം. ഈ അടുത്ത കാലത്ത് റിലീസ് ചെയത മലയാള സിനിമകൾ ഇങ്ങനെ പോസ്റ്റ് പെയ്ഡുകൾ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് നോക്കാം..
ഇതാണു 2010 ലെ പ്രമുഖ റിലീസ് ചിത്രങ്ങൾ

1.ബ്ലാക്ക് സ്റ്റാലിയൻ
2.ഹാപ്പി ഹസ്ബന്റ്
3.ബോഡി ഗാർഡ്
4.ദ്രോണ
5.യുഗപുരുഷൻ
6.ആഗതൻ
7.സൂഫിപറഞ്ഞ കഥ
8.നായകൻ
9.താന്തോന്നി
10. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
11. പ്രമാണി
12. ഏപ്രിൽ ഫൂൾ
13. ജനകൻ
14. പാപ്പി അപ്പച്ച
15. TD ദാസൻ std VI B

ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കിൽ പടം എത്ര വലിയ വളിപ്പാണെലും അവസാനം വരെ കണ്ടിരിക്കും. അവസാന പന്തിൽ ജയിക്കാൻ 20 റൺസ് വേണം എന്നിരിക്കെ ബ്രെറ്റ് ലീ 3 നോബോളുകൾ എറിയുമെന്നും അതിൽ ആശിഷ് നെഹറ 3 സിക്സറുകൾ അടിച്ച് ഇന്ത്യ കളി ജയിക്കും എന്ന് വിശ്വസിക്കുന്ന ക്രിക്കറ്റ് ഫാൻസിനെ പോലെയാണു ഞങ്ങൾ. അല്ലാതെ പൊതുവിൽ പറയുകയാണെങ്കിൽ അവസാനം വരെ കണ്ടിരിക്കാവുന്ന പടം ഇതിൽ ഇൻ ഗോസ്റ്റ് ഹൗസ് ഇൻ മാത്രമാണു. അതും 2 ഹരിഹർ നഗർ കണ്ടവർ അതുപോലെ ഉള്ള എന്ത് ട്വിസ്റ്റ് ആണു ഇതിന്റെ ക്ലൈമാക്സിൽ ലാൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ കൊണ്ട് ഇരിക്കുന്നെങ്കിൽ മാത്രം..


*സിനിമ പോസ്റ്റ് പെയ്ഡിൽ ആയാൽ ബുദ്ധിമുട്ടിലാവുന്ന ഒരു വിഭാഗമുണ്ട്. 50 രൂപയ്ക്ക് സിനിമ കണ്ടു എന്ന ഒരൊറ്റ കാരണം പറഞ്ഞ് അതിനെ തലമുടി നാരുമുതൽ ചെറുവിരലിന്റെ അറ്റം വരെ കീറി മുറിച്ച് വിശകലനം ചെയ്ത് മാർക്കു കൊടുക്കുന്നവർ. ഒരു സിനിമ കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്ന് ആധികാരികമായി വിധിക്കുന്നവർ, വിലയിരുത്തുന്നവർ. ഇനി അവർക്ക് പറയാൻ പറ്റില്ലല്ലോ ഇത് കണ്ടാൽ കാശു പോവും എന്ന്. എന്തായാലും സീരിയലുകൾ ഉള്ളത് കൊണ്ട് അതിന്റെ റിവ്യു എഴുതി കഴിയാം.

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ


റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുന്നത് പതിവായിട്ടും ചില പ്രത്യേക സാഹചര്യങ്ങളില്പ്പെട്ട് തിരക്കിൽ ആയി പോയതിനാൽ ഇവിടം സ്വർഗമാണു എന്ന സിനിമ കാണാൻ ഞങ്ങളുടെ കൂട്ടത്തിൽ എനിക്ക് മാത്രം സാധിച്ചിരുന്നില്ല. പിന്നീട് ആ സിനിമ കേരള സർക്കാറിന്റെ ഏറ്റവും നല്ല ജനപ്രിയ സിനിമ എന്ന അവാർഡ് നേടിയപ്പോഴാണു ഇത് കാണാൻ പറ്റാതെ പോയതിന്റെ നഷ്ടബോധം ഉടലെടുത്തത്. ഈ സിനിമ കാണാൻ ഒരു പാട് ശ്രമിച്ചെങ്കിലും 100 ദിവസത്തിന്റെയും 75 ദിവസത്തിന്റെയും പോസ്റ്ററുകൾ മാത്രമേ കാണാൻ പറ്റിയുള്ളു. വ്യാജ സീഡി കിട്ടുമായിരുന്നെങ്കിലും അത് കാണില്ല എന്ന നിലപാട് ഉള്ളത് കൊണ്ട് ഇനി ഒറിജിനിൽ CD ഇറങ്ങുമ്പോഴോ TV യിൽ BLOCK BUSTER ആയി വരുമ്പോഴോ കാണാം എന്ന് തിരുമാനിച്ചു. അങ്ങിനെ ഇരിക്കുമ്പോഴാണു വീടിന്റെ അടുത്തുള്ള ഒരു തിയറ്ററിൽ ഈ സിനിമ വരുന്നത്. പകൽ വെളിച്ചത്തിൽ ഈ തിയറ്ററിൽ കയറിയാൽ 3 ദിവസം മുൻപ് കഴിച്ചത് വരെ ശർദ്ദിക്കും എന്നുള്ളത് കൊണ്ട് സെക്കന്റ് ഷോയ്ക്ക് ആണു പോയത്. കാർബൺ ആ തിയറ്ററിൽ ഒരിക്കലും കത്തിക്കാറില്ല. ആകെ ഉള്ളത് ഒന്നോ രണ്ടോ ഫാനുകൾ മാത്രം അതും ഇടയ്ക്ക് കറങ്ങും ഇടയ്ക്ക് നില്ല്ക്കും. കസേരകൾക്കാണെങ്കിൽ ഒന്നിനും കയ്യും ഇല്ല. അല്ലെങ്കിലും ഏറ്റവും ഉയർന്ന ക്ലാസ് ടിക്കറ്റിനു 10 രൂപ മാത്രമുള്ള ഒരു തിയറ്ററിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതെങ്ങനെ.. ശരിക്കും ഈ തിയറ്റർ അടച്ചു പൂട്ടാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണു അതിനടുത്ത് ഒരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയത്. ഹോസ്റ്റലിലെ പിള്ളേരു മുഴുവൻ വെള്ളി ശനി ഞായർ എന്നീ ദിവസങ്ങളിൽ മുടങ്ങാതെ സിനിമക്ക് വരും അതുകൊണ്ടാണു ഇതിപ്പോൾ പിടിച്ചു നില്ക്കുന്നത്. ശ്ശൊ വിഷയത്തിൽ നിന്ന് വ്യതി ചലിച്ചു പോയി. പറഞ്ഞ് വന്നത് സിനിമയെക്കുറിച്ച് എത്തിയത് തിയറ്ററിലും.. മോഹൻലാലിന്റെ അനിയതസാധാരണ അഭിനയം (എന്തരോ എന്തോ) അതിഗംഭീരമായ ക്ലൈമാക്സ് എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ ഈ സിനിമയെ പറ്റി കേട്ടിരുന്നു. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയെ എന്തു കൊണ്ട് ഈ സിനിമക്ക് ജനപ്രിയ സിനിമ എന്ന അവാർഡ് കൊടുത്തു എന്ന ചിന്തയായിരുന്നു. വീട്ടില്‍ എത്തിയ ഉടനെ തന്നെ ഇതിനെ പറ്റി എഴുതിയിരിക്കുന്ന കിട്ടാവുന്ന നിരുപണങ്ങൾ എല്ലാം വായിച്ചു. അപ്പോൾ മനസിലായി.. ദൈവമേ.. ഇവരൊക്കെ ചെയ്യുന്നത് എന്താണെന്നു ഇവർക്കൊക്കെ നന്നായിട്ടറിയാം ഇവരോടൊന്നും ഒരുകാലത്തും ക്ഷമിക്കരുതേ.................!

നൂൺ ഷോ പോക്കിരി രാജ മാറ്റിനി ഒരു നാൾ വരും..


കാര്യമെന്തൊക്കെ പറഞ്ഞാലും മലയാള സിനിമ റിലീസ് ചെയ്തില്ലെങ്കിൽ ആകെ കൂടി ഒരു ഉന്മേഷക്കുറവു കൊണ്ടുള്ള ഒരു ഉൽസാഹമിലായമയാണു. പോക്കിരി രാജയും അലക്സാണ്ടറുമൊക്കെ തകർത്താടേണ്ടിയിരുന്ന തിയറ്ററുകളിൽ ഇപ്പോൾ പാണ്ടി പടം കാശ് വാരുകയാണു. ഇതുപോലെ ഒരു സിനിമ മലയാളത്തിൽ ഇറക്കിയാൽ ഒരു പട്ടിയും പൂച്ചയും വരെ തിരിഞ്ഞു നോക്കില്ല. അത് തമിഴിൽ ആക്കി വിളമ്പിയപ്പോൾ ആദ്യത്തെ ഷോക്ക് തന്നെ ഇടിച്ചു കേറി ടിക്കറ്റ് എടുത്ത് കാണാൻ ഞങ്ങളെപ്പോലെ കൂറേ വിവരം കെട്ടവന്മാരും. പറഞ്ഞിട്ടു കാര്യമില്ല ആഴ്ച്ചയിൽ മിനിമം ഒരു 5 സിനിമയെങ്കിലും കണ്ടില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണു. മലയാള സിനിമ റിലീസ് ചെയ്തില്ലെങ്കിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് പറഞ്ഞ് പോസ്റ്റൊക്കെ ഇറക്കിയെങ്കിലും സത്യം പറഞ്ഞാൽ ബിവറേജുകൾ സമരത്തിലായാൽ കുടിയന്മാരുടെ അവസ്ഥ എന്താണോ അതാണു ഇപ്പോൾ ഞങ്ങൾക്കും. പ്രമാണിക്കും ഇൻ ഗോസ്റ്റിനുമൊക്കെ തല വെച്ച് തല വെച്ച് മടുത്തു. തിയറ്ററിൽ ടിക്കറ്റ് കീറിതരുന്ന ചേട്ടൻ വരെ പറഞ്ഞു മക്കളെ ഇത് എത്രാമത്തെ പ്രാവശ്യമാ നിങ്ങൾക്ക് വേറെ പണിയൊന്നുമിലേ എന്ന്. ഇയാളെ പോലെ ഉള്ളവരാണു മലയാള സിനിമയെ നശിപ്പിക്കുന്നത്. ഒരു സിനിമ തന്നെ ഒരു 4 പ്രാവശ്യം കാണുന്നത് തെറ്റാണോ..?അല്ലല്ലോ .. പക്ഷെ അയാളു പറയുവാണു ഒരു സിനിമ തന്നെ രണ്ട് ദിവസത്തിനുള്ളിൽ 4 പ്രാവശ്യം കാണുന്നത് ശരിയല്ല എന്ന്. അയാൾക്കെന്താ നമ്മുടെ പൈസ നമ്മുടെ സമയം. എന്തായാലും എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആവാൻ പോകുകയാണു. സമരം ഒത്ത് തീർപ്പാകുന്നതിനനുസരിച്ച് ഈ വരുന്ന മെയ് 6നോ 7നോ പോക്കിരി രാജ, ഒരുനാൾ വരും എന്നീ സിനിമകൾ റിലീസ് ആവുകയാണു. ആറിനായാലും ശരി ഏഴിനായാലും ശരി.. ഇപ്രാവശ്യം സെക്കന്റ് ഷോ വരെ കാത്തു നില്ക്കുന്നില്ല. നൂൺ ഷോ പോക്കിരി രാജ. മാറ്റിനിക്ക് ഒരു നാൾ വരും..

ഹിറ്റ് കൗണ്ടർ ഇല്ലാതെ 50 പോസ്റ്റുകൾ.


ഒരു 20മാത്തെ പോസ്റ്റ് ആയപ്പോഴാണു ബ്ലോഗിനു ഹിറ്റ് കൗണ്ടർ ഇല്ല എന്ന സംഗതി കണ്ണിൽ പെട്ടത്. ഉടനെ ഇതു ഡിസൈൻ ചെയ്തവനെ വിളിച്ചു ഇത് വെക്കാത്തതിനു കൂറെ ചീത്ത വിളിച്ചു. നിഷ്കളങ്കമായി അതെല്ലാം കേട്ട് അവൻ ചോദിച്ചു. എടാ...%$*& നിങ്ങൾ ആരും എന്നോട് പറഞ്ഞില്ല ഇത് വേണം എന്ന്. ഒരു പുതിയ സ്റ്റൈൽ ആയിരിക്കും ഉദ്ദേശിക്കുന്നത് എന്ന് കരുതി, അത് കൊണ്ട് ഞാൻ വെച്ചില്ല അത്ര തന്നെ ഓ ഒരു സഹായം ചെയ്തു കൊടുത്തപ്പോൾ അവന്റെ....%$&**$$ ഞങ്ങൾ വിളിച്ചതിന്റെ ഇരട്ടി തെറി ഇങ്ങോട്ട് വിളിച്ച് അവൻ ഫോൺ വെച്ചു.സമാധാനമായി. അല്ലെങ്കിലും അവൻ ആളൊരു പാവമാ ആരെങ്കിലും വെറുതെ തെറി വിളിച്ചാൽ തിരിച്ചു നല്ല പച്ച തെറി വിളിക്കും പുവർ ബോയ്. അതിന്റെ ഒരു ക്ഷീണം മാറിയപ്പോൾ ആശാനെ വിളിച്ചു. (ആശാൻ എന്ന് പറഞ്ഞാൽ ഈ b Studio യുടെ ആജീവനാന്ത ചെയർമാൻ) ആശാനാണല്ലോ നമ്മുക്ക് ഒരു ബ്ലോഗ് തുടങ്ങാം എന്ന് ആദ്യമായി പറഞ്ഞത്. അതൊരു ഒരു കൊല്ലം മുൻപായിരുന്നു കേട്ടോ. ഓഫീസിൽ ഇരുന്ന് സീരിയസ് ആയി ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ദാ വരുന്നു ഒരു ഗ്രൂപ്പ് മെസേജ്. നമ്മൾ ബ്ലോഗ് തുടങ്ങാൻ പോകുകയാണു. എല്ലാവരും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. എന്താണീ ബ്ലോഗ്..?? ആദ്യമായിട്ടു കേൾക്കുന്ന വാക്ക് ഉടനെ ആശാനു റിപ്ലേ വിട്ടു. തുണ്ട് കാണാനുള്ള വല്ല സെറ്റപ്പുമാണോ..?? എല്ലാവർക്കും ഇതേ അഭിപ്രായം തന്നെ ആയിരുന്നു. ബ്ലോഗിനെകുറിച്ച് ആർക്കും വലിയ പിടിയില്ല. ഇത് എഴുതികൊണ്ടിരിക്കുന്ന എനിക്കാണെൽ തീരെ ഇല്ല. ലോക പരിഞ്ജാനം ഇല്ലാത്ത തവളകളു ബ്ലോഗ് എന്താണു എന്നറിയില്ല പോലും ആശാന്റെ മറുപടി പെട്ടെന്ന് വന്നു. കൂടെ കുറച്ച് ലിങ്കുകളും വായിച്ചു നോക്ക് ഇതാണു ബ്ലോഗ്. ചെറിയ ചെറിയ കഥകളും സിനിമാ വിശേഷണങ്ങളും ഒക്കെ ഉള്ള പോസ്റ്റുകളായിരുന്നു അത്. കുഴപ്പമില്ല. പക്ഷെ നമ്മൾ ഇത് തുടങ്ങിയിട്ട് എന്ത് ചെയ്യും . ഞങ്ങടെ ന്യായമായ ചോദ്യം. എടാ നമ്മുക്ക് എന്തെങ്കിലും കുത്തികുറിക്കണം എന്ന് തോന്നിയാൽ ഇതിൽ എഴുതിയാൽ മതി. നാലാളു കാണുകയും ചെയ്യും. ആശാൻ പറഞ്ഞു. ഇവിടെ ചാറ്റ് ചെയ്യാൻ പോലും സമയം കിട്ടുന്നില്ല. അപ്പോഴാണു ഒരു പ്ലോഗും കൊണ്ട് വന്നിരിക്കുന്നേ ഒന്ന് പോടപ്പ..... എന്ന് പറഞ്ഞ് ആശാനെ ഓടിച്ചു വിട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ആശാന്റെ മെസേജ്. നിങ്ങൾ ഇല്ലെങ്കിൽ വേണ്ട ഞാൻ ഒറ്റയ്ക്ക് ബ്ലോഗ് തുടങ്ങാൻ പോവുകയാണു . ok all the best എന്ന മറുപടിയും അടിച്ചു കൊടുത്തു. കുറച്ച് നാളുകൾ പിന്നെ ആശാന്റെ വിവരം ഒന്നും ഇല്ല. ഒരു ദിവസം വീണ്ടും മെസേജ്. ഈ ലിങ്കുകളൊക്കെ വായിച്ചു നോക്കുക ഇതൊക്കെ നല്ല രസകരമായ ബ്ലോഗുകളാണു.. മൊത്തം ചില്ലറ, തമനു, ആദ്യാക്ഷരി എന്ന ബ്ലോഗുകളായിരുന്നു അവ. ഇതേ സ്റ്റ്യ്‌ലിൽ ഉള്ള ഒരു ബ്ലോഗ് ആണു ഞാൻ ഉദ്ദേശിക്കുന്നത് ഇതാണു എന്റെ ബ്ലോഗിന്റെ ലിങ്ക് പോളി എക്സ്പ്രെസ് എന്നാണു പേരു. എങ്ങനെയുണ്ടെന്ന് വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയ്.
oh കിടിലം ഗംഭീരം, സൂപ്പർ ആശാനെ സൂപ്പർ എന്നൊക്കെയുള്ള ഒരു റിപ്ലേകുറച്ച് കഴിഞ്ഞ് തിരിച്ചയച്ചു.
ആശാന്റെ മറുപടി. എടാ....%$&* അതിൽ ഒന്നും എഴുതിയിട്ടില്ല. outlook എങ്ങനെയുണ്ട് എന്ന് അറിയാനാ നോക്കാൻ പറഞ്ഞത്.. നിന്നെയൊക്കെ എന്ത് പറയാൻ.. അങ്ങിനെ പോളി എക്സ്പ്രെസ്സിൽ ആശാൻ രണ്ട് പോസ്റ്റുകൾ ഇട്ടു. രണ്ടും നല്ല മനോഹരമായ പോസ്റ്റുകളായിരുന്നു. പിന്നെ എന്തോ അതിൽ പോസ്റ്റൊന്നും വന്നില്ല. ആശാനോട് ചോദിച്ചപ്പോൾ പറഞ്ഞു ഒരു നല്ല ത്രഡിനായുള്ള തിരച്ചിലിൽ ആണു എന്ന്. അങ്ങിനെ ഒരു വർഷം കഴിഞ്ഞപ്പോൾ b Studio ക്ക് ഒരു ബ്ലോഗ് എന്ന ആശയം വീണ്ടും ആശാൻ കൊണ്ടുവന്നു. ഇത്തവണ ആരും എതിർത്തില്ല. അങ്ങിനെ ഈ ബ്ലോഗ് രൂപിതമായി. ഓർക്കുട്ടിലും യാഹൂ ഗ്രൂപ്പിലും മാത്രം പോസ്റ്റുകൾ ഇട്ടിരുന്ന ഞങ്ങൾക്ക് ഒരു ബ്ലോഗിൽ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണം എന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. അതിനു വേണ്ടി ബ്ലോഗ് വായന ഒരു ശീലമാക്കി. ഏതാണ്ട് രണ്ടു മാസം കഴിഞ്ഞപ്പോൾ ഒരു ഏകദേശ ധാരണ ബ്ലോഗുകളെ കുറിച്ച് കിട്ടി. ആദ്യത്തെ പോസ്റ്റ് ഇടാം എന്ന് തിരുമാനിച്ചു. അപ്പോൾ ആശാൻ വീണ്ടും കുറച്ച് നിർദ്ദേശങ്ങൾ വെച്ചു. ആശാനു പറയാമല്ലോ അങ്ങേരാണല്ലോ ബ്ലോഗിലും ഞങ്ങളുടെ ആശാൻ. ഒന്നാമത്തെ കാര്യം ഞങ്ങളുടെ കൂട്ടത്തിലെ ആർക്കു വേണമെങ്കിലും ഇതിൽ പോസ്റ്റ് ഇടാം പക്ഷെ ഒരു ദിവസം ഒരെണം മാത്രമേ പാടുള്ളു. രണ്ടാമതേത് ഓർക്കുട്ടിൽ ചെയ്തിരുന്ന പോലെ നമ്മൾ പോസ്റ്റ് ഇട്ട് നമ്മൾ തന്നെ കമ്മന്റ് ഇടീക്കരുത്. ഇത് വായിക്കുന്നവർക്ക് കമ്മന്റ് ഇടണമെന്ന് തോന്നിയാൽ അവർ ഇട്ടോള്ളും. ഇനി ഇട്ടില്ലെങ്കിൽ അതിനർഥം കമന്റ് ഇടാൻ മാത്രമൊന്നും ആ പോസ്റ്റിൽ ഇല്ല എന്നാണു. നമ്മൾ എഴുതുന്നത് ആണു ലോകത്തിലെ ഏറ്റവും മികച്ച രചന അത് മറ്റൊരാൾ വായിക്കുന്നത് വരെ. അങ്ങിനെ ഈ ബ്ലോഗിൽ ആദ്യത്തെ പോസ്റ്റ് ഇട്ടു. ഇപ്പോൾ 49 പോസ്റ്റ് ആയി. ഇതുവരെ ഈ ബ്ലോഗ് വായിച്ച് ഞങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ പ്രോത്സാഹനങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. ബ്ലോഗ് തുടങ്ങുമ്പോൾ എല്ലാവരും ഇടുന്ന ഒരു ആമുഖ പോസ്റ്റ് ഇടാൻ കഴിഞ്ഞില്ല. അത് എഴുതിയതായിരുന്നു പക്ഷെ അതിനു മുൻപേ വെറെ ഒരു പോസ്റ്റ് ഇട്ടു, ഈ 50 മത്തെ പോസ്റ്റ് മുതൽ ഞങ്ങൾക്കും ഹിറ്റ് കൗണ്ടർ ആയി. വേറെ ഒന്നിനുമല്ല രണ്ട് പോസ്റ്റുകൾ മാത്രമുള്ള ആശാന്റെ ബ്ലോഗിൽ എങ്ങിനെ 2925 ഹിറ്റുകൾ വന്നു എന്നതിന്റെ ഗുട്ടൻസ് പിടികിട്ടണമ്മല്ലോ..

*ആശാന്റെ ബ്ലോഗിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു. അല്ലെങ്കിൽ ചിലപ്പോ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്താലോ. ആശാനും ഇരിക്കട്ടെ കുറച്ച് വെയ്റ്റ്.
http://polyexpress.blogspot.com/

Followers

 
Copyright 2009 b Studio. All rights reserved.