RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മായമോഹിനി


He Does, Others Can't Even Try it...!!! ദിലീപ് ആദ്യമായി പെൺവേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമായി റിലീസ് ചെയ്ത മായമോഹിനി എന്ന ചിത്രത്തിലെ ദിലീപിന്റെ അഭിനയത്തിനു അദ്ദേഹത്തിന്റെ തന്നെ ആരാധകർ അഭിമാനപൂർവ്വം വിശേഷിപ്പിച്ചതാണു ഈ വാക്കുകൾ. ചിത്രം കണ്ട് കഴിഞ്ഞപ്പോൾ അത് 100 ശതമാനം ശരിയാണെന്ന് ബോധ്യമായി Others Can't Even Try it ..!

ദിലീപിന്റെ ആദ്യ കാല ഹിറ്റുകളിലൊന്നായ ഉദയ പുരം സുൽത്താന്റെ ടിം വീണ്ടും ഒന്നിക്കുകയാണു മധുവാര്യർ നിർമ്മിച്ച ഈ ചിത്രത്തിലൂടെ. 14 വർഷം മുൻപ് അവസാനമായൊരു ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജോസ് തോമസിൽ നിന്ന് അത്ഭുതങ്ങൾ ഒന്നും ആരും പ്രതീക്ഷിക്കുന്നിലെങ്കിലും തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുന്ന ഉദയ് - സിബിയുടെ മാന്ത്രിക തൂലികയിൽ നിന്ന് വിരിയുന്ന ഒരു സാധനമായത് കൊണ്ടും പെൺ വേഷം വരെ കെട്ടിയാടാൻ തയ്യാറായി ദിലീപും എത്തുമ്പോൾ ചുരുങ്ങിയത് ഒരു മിനിമം നിലവാരത്തിലുള്ള ഒരു ചിരിപടം പ്രതീക്ഷിച്ച് പോകുന്നതിൽ യാതൊരു തെറ്റുമില്ല. ആ പ്രതീക്ഷകൾ അക്ഷരം പ്രതി ശരിവെയ്ക്കുന്നതാണു ചിത്രത്തിന്റെ ആദ്യ പകുതി.

മലയാള സിനിമയിൽ ചിരിയുടെ ഹോട്ട് കേക്ക് ഒരോ സമയത്തും ഒരോ നടന്മാരുടെ കയ്യിലായിരിക്കും. ജഗതി, ഇന്നസെന്റ് എന്നിവരെ ഒഴിച്ച് നിർത്തിയാൽ അത് ഹരിശ്രീ അശോകൻ, സലീം കുമാർ , സുരാജ് എന്നിവരിലൂടെ കൈമാറി ഇപ്പോൾ ബാബുരാജിൽ എത്തി നിൽക്കുന്നു. ബാബുരാജിന്റെ കോമഡി നമ്പറുകൾ തിയറ്ററിൽ ചിരിയുടെ മാലപടക്കങ്ങൾ തീർക്കുന്നു. കൂട്ടിനു ബിജുമേനോനും ഉണ്ടെങ്കിലും ബാബുരാജിനോട് പിടിച്ചു നിൽക്കാൻ ബിജുവിനു വരെ കഴിഞ്ഞില്ല. ബാബുരാജ് വാ തുറന്നാൽ ജനം ചിരിക്കും. അല്ലെങ്കിൽ ജനം ചിരിക്കാൻ വേണ്ടി ബാബുരാജ് വാ തുറക്കുന്നു എന്ന അവസ്ഥ.

ആദ്യ പകുതിയുടെ പകുതി ആയപ്പോൾ കാത്തു കാത്തിരുന്ന വേഷത്തിൽ ദിലീപ് രംഗപ്രവേശനം ചെയ്തു. വന്ന വരവ് ഗംഭീരമായിരുന്നെങ്കിലും ബാബുരാജിന്റെ മുന്നിൽ ദിലീപിന്റെ കോമഡിയും ഏശാതെ പോയി. തന്റെ ശരീര വടിവുകൾ എടുത്ത് കാണിച്ചും ഡബിൾ മീനിംഗിലുള്ള തമാശകൾ പറഞ്ഞും പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി ചിരിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന ഈ താരം കഷ്ടപ്പെടുന്നത് കണ്ടപ്പോൾ സത്യത്തിൽ സഹതാപം തോന്നിപോയി.

ഇങ്ങനെ കഥ മുന്നോട്ട് പോയി കൊണ്ടിരുന്നു, ഇതിനിടയിൽ ലക്ഷ്മിറായ് മൈഥിലി നെടുമുടിവേണു, വിജയരാഘവൻ പിന്നെ രണ്ട് വില്ലന്മാർ എന്നിവരൊക്കെ വന്നും പോയുമിരുന്നു.ഉദയ് സിബി ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന സുരാജ് - സലീം എന്നിവരെ ഈ ചിത്രത്തിൽ കണ്ടില്ല. അല്ല ഉണ്ടായാലും കാര്യമൊന്നുമില്ല ബാബുരാജാണു താരം. പക്ഷെ ഇന്റർവെൽ കഴിഞ്ഞപ്പോൾ കളിയാകെ മാറി. ഈ ബാബുരാജിനു എല്ലാ പടങ്ങളിലും പകുതി കാശേ കൊടുക്കാറുള്ളു എന്ന് തോന്നുന്നു. എല്ലാത്തിലും ഇടവേള കഴിയുമ്പോൾ അങ്ങേരെ കാണാതാവുന്നു. ഇവിടെയും മാറ്റമൊന്നുമില്ല ബാബുരാജ് അപ്രത്യക്ഷൻ.

അതു വരെ ചിരിയുടെ വഴിയെ പോയിരുന്ന പടം പെട്ടെന്ന് സീരിയസ് ആവുന്നു. പിന്നീടങ്ങോട്ട് പകയുടെ ചതിയുടെ പ്രതികാരത്തിന്റെ കഥയാണു. മരുന്നിനു പോലും ഒരു കോമഡി പിന്നെ കാണാൻ കഴിയില്ല. ഭൂലോക മണ്ടത്തരങ്ങളായ ഒരുപാട് സീനുകളാൽ സമ്പുഷ്ടമാണു മായമോഹിനിയുടെ രണ്ടാം പകുതി. ക്ലൈമാക്സിലെ ഫൈറ്റ് സീനൊക്കെ കണ്ടാൽ പയ്യയിലെ കാർത്തി വരെ നാണിച്ച് പോകും അത്രമേൽ ഗംഭീരം. അങ്ങനെ എല്ലാറ്റിനുമൊടുവിൽ എല്ലാ വില്ലന്മാരെയും തോല്പിച്ച് എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്ത് കഴിയുമ്പോൾ ബാബുരാജ് വീണ്ടും വരുന്നു. കോമഡി പറഞ്ഞ് ആളുകളെ ചിരിപ്പിച്ച് പടം അവസാനിപ്പിക്കാൻ..!

പടം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ആദ്യ വരി വീണ്ടും ഓർമ്മ വന്നു Others Can't Even Try it...!!! അതെ ഇതു പോലെ ഒരു ഭൂലോക വളിപ്പ് സ്ക്രിപ്റ്റിനു തലവെക്കാൻ ഇന്ന് മലയാള സിനിമയിൽ ദിലീപ് മാത്രമേ ഉള്ളു. So he does..! കാലം മാറികൊണ്ടിരിക്കുന്നത് മലയാള സിനിമയിലെ ചിലർ മാത്രം മനസ്സിലാക്കുന്നില്ല. ഒരുപാട് കാലം ഉദയ്-സിബിയുടെ പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് കുടിച്ച് കുടിച്ച് മടുത്ത സിനിമ പ്രേക്ഷകർ ഇത്തവണ കാർക്കിച്ച് തുപ്പും എന്നത് ഉറപ്പാണു. തങ്ങൾ എന്ത് കോപ്രായം എഴുതിവെച്ചാലും അത് ജനങ്ങൾ കണ്ട് വിജയിപ്പിച്ചോളും എന്ന ഇവരുടെ അഹന്തയ്ക്കേറ്റ ശക്തമായ തിരിച്ചടിയാണു സെക്കന്റ് ഫാഫിലുള്ള കാണികളുടെ പ്രതികരണം.

കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാൻ തയ്യാറാവുന്ന ദിലീപ് അഭിനയത്തിലുള്ള തന്റെ പോരായ്മകൾ മറികിടക്കുന്നത് മേയ്ക്കപ്പിന്റെ സഹായം കൂടി കൊണ്ടാണു. എന്തായാലും ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് അഭിനയിച്ച ഈ സ്ത്രീവേഷം ഇങ്ങനെ ഒരു പടത്തിനു വേണ്ടി പാഴായിപോയല്ലോ എന്നത് സങ്കടകരമായ വസ്തുതയാണു. ടെക്ക്നിക്കൽ സൈഡിലും ഗാനങ്ങളിലും മറ്റ് നല്ല നിലവാരം പുലർത്തിയ ഈ ചിത്രത്തിന്റെ ഏക ന്യൂനത ഇതിന്റെ തിരകഥ മാത്രമാണു.

ഈ കൂട്ടുകെട്ടിൽ നിന്ന് നല്ല ഒരു കഥയോ ലോജിക്കോ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഒരു രണ്ട് രണ്ടര മണിക്കൂർ റിലാക്സ് ചെയ്ത് ചിരിക്കണം അത് മാത്രമേ വേണ്ടു. അത് നൽകാതെ ആക്ഷനും സസ്പെൻസും സെന്റിമെൻസുമൊക്കെ കൂട്ടിചേർത്ത് അവിയലാക്കി വിളമ്പാൻ നോക്കേണ്ട കാര്യമില്ലലോ അതൊക്കെ ചെയ്യാൻ ഇവിടെ ആൺ പിള്ളേരു വേറെയുണ്ട്.കോമഡി സിനിമകളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കോമഡി മാത്രമായിരിക്കും അതല്ലാതെ തങ്ങളെ കൊണ്ട് പറ്റാത്ത പണി ചെയ്ത് സ്വയം നാറേണ്ട അവസ്ത്ഥയിൽ കൊണ്ട് ചെന്നെത്തിക്കരുത് .

കാലോചിതമായി വന്ന് ചേർന്നിട്ടുള്ള മാറ്റങ്ങൾ അംഗീകരിക്കാൻ ഈ ഹിറ്റ് തിരകഥാകൃത്തുകൾ തയ്യാറായില്ലെങ്കിൽ ചിരിയുടെ പൂത്തിരികൾ കത്തിച്ചിരുന്ന ഇവരുടെ ചിത്രങ്ങൾ കളിച്ചിരുന്ന തിയറ്ററുകളിൽ കൂക്കി വിളികളുടെ ഘോഷയാത്രകളായിരിക്കും ഉണ്ടാവുക.. ഓർക്കുക ഓർത്താൽ നന്ന്..

Followers

 
Copyright 2009 b Studio. All rights reserved.