RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വൈറ്റ് - Film review


2007 ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന സിനിമയും കേരള കഫയിലെ മൃത്യുഞ്ജയമെന്ന  സിനിമയും സംവിധാനം ചെയ്ത ഉദയാനന്ദന്റെ മൂന്നാമത്തെ സിനിമയാണു മമ്മൂട്ടി നായകനായ വൈറ്റ്. ബോളിവുഡ് നായിക ഹിമ ഖുറേഷിയാണു ചിത്രത്ത്തിൽ മമ്മൂട്ടിയോടൊപ്പം എത്തുന്നത്. ശങ്കർ രാമകൃഷ്ണൻ, കെപി എസി ലളിത, സിദിക്ക് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 

കഥ

ഇന്ത്യയിൽ നിന്ന് ഐടി ജീവനക്കാരിയായ റോഷ്ണി ലണ്ടനിലേക്ക് ഓൺസൈറ്റ് പ്രൊജക്ടിനായി എത്തുകുയും അവിടെ വെച്ച് പ്രകാശ് റോയ് എന്ന മദ്ധ്യവയസ്ക്കനായ കോടീശ്വരനെ പരിചയപ്പെടുകയും ആദ്യം അവർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും പിന്നീട് അവർ പ്രണയത്തിലാവുകയും ചെയ്യുന്നു. 

ചിലർ അങ്ങനെയാണു അവരുടെ കടന്നു വരവോടെ നമ്മുടെ ജീവിതം രണ്ടായി മാറുകയാണു. അവർക്ക് മുൻപും അവർക്ക് ശേഷവും. പ്രകാശ് റോയുടെ കടന്നു വരവ് റോഷ്ണിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു   എന്നതാണു കഥാ തന്തു. 

വിശകലനം

രണ്ടായിരത്തി ഏഴിൽ ഏറെ പ്രതീക്ഷയോടെ കണ്ട  ഒരു സിനിമ ആയിരുന്നു പ്രണയകാലം.  ബോക്സോഫീസിൽ അമ്പേ പരാജയപ്പെട്ടെങ്കിലും പ്രണയിക്കുന്നവരുടെ മനസ്സിൽ ചെറിയൊരു തണുപ്പ് സമ്മാനിക്കാൻ ആ സിനിമക്ക് സാധിച്ചു. പിന്നീട് മൃത്യുജ്ഞയം എന്ന സിനിമയുമായി വന്ന് ഉദയ് ആനന്ദ് എന്ന സംവിധായകൻ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. പക്ഷെ അതിനു ശേഷം വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണു അദ്ദേഹത്തിന്റെ വൈറ്റ് ഒരുങ്ങുന്നത്.സ്വഭാവികമായും പ്രേക്ഷകരിൽ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടാവുക തന്നെ ചെയ്യും. 

അതുകൊണ്ട് തന്നെ വൈറ്റ് എന്ന സിനിമയെ രണ്ട് രീതിയിൽ വീക്ഷിക്കാം. ഒരു പ്രേക്ഷകൻ എന്ന നിലയിൽ വൈറ്റ് എന്ന സിനിമ പ്രതീക്ഷകൾക്കൊത്ത് എവിടെയും ഉയരുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. പ്രവീൺ, നന്ദിനി ,ഉദയ് എന്നിവർ ചേർന്നൊരുക്കിയ തിരകഥ വ്യത്യസ്ഥമായിരുന്നെങ്കിലും അത് പ്രേക്ഷകനിലേക്കെത്തിക്കാൻ കഴിയാതെ പോയി.സംവിധായകൻ എന്ന നിലയിൽ കാണിക്കേണ്ടിയിരുന്ന സൂക്ഷമത സിനിമയിലെവിടെയൊ വെച്ച് നഷ്ട്ടപ്പെട്ട് പോയത് വൈറ്റിനെ ബ്ലാക്കാക്കുന്നു. ഇഴഞ്ഞ് നീങ്ങുന്ന സിനിമയെ ന്യായീകരിക്കാൻ തക്കതൊന്നും സംവിധായകൻ സിനിമയിൽ നിരത്തുന്നുമില്ല. 

സാധാരണ മമ്മൂട്ടി സിനിമകളിൽ കഥ മോശമാണെങ്കിലും മമ്മൂട്ടി ഗംഭീര പെർഫോർമൻസ് ആയിരിക്കും എന്നതിനു വൈറ്റ് ഒരു അപ്വാദമായി മാറും. മദ്ധ്യവയസ്ക്കാനായ പ്രണയ നായകനായി കത്തിക്കായറുന്ന മമ്മൂട്ടിയെ സ്വീകരിക്കാൻ സാധാരണ പ്രേക്ഷകൻ വിമുഖത കാണിക്കും. ഹിമ ഖുറേഷിയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷമായതുമില്ല. ലണ്ടൻ കാഴ്ച്ചകൾ മനോഹരമായി ചിത്രീകരിച്ചു എന്നത് ചിത്രത്തിന്റെ ഒരു പോസിറ്റീവ് വശമാണു. സസ്പ്ൻസോ ട്വിസ്റ്റുകളോ ഇല്ലാത്ത സിനിമകളോട് വലിയ താല്പര്യം കാണിക്കാത്ത പ്രേക്ഷകർ വൈറ്റിനെ 3 ദിവസം കൊണ്ട് വൈറ്റ് വാഷ് ആക്കുമെന്നതിൽ സംശയമില്ല. 

എന്തു കൊണ്ട് 2007 നു ശേഷം 2016 വരെ ഉദയ് ആനന്തിനു കാത്തിരിക്കേണ്ടി വന്നു അടുത്ത സിനിമ ചെയ്യാൻ എന്നതിനു ഉത്തരം അറിയാൻ വൈറ്റിന്റെ ഡിവിഡി കണ്ടാൽ മതി. ഇനി സിനിമയുടെ അണിയറ പ്രവർത്തകരുടെ വീക്ഷണ കോണിലൂടെ കണ്ടാൽ ഇതൊരു അസാധ്യ സിനിമയാണു. ഹോളിവുഡിൽ മാത്രം കണ്ട് പരിചയമുള്ള പ്രണയം മലയാളികൾക്കായി അവതരിപ്പിച്ചപ്പോൾ അതിന്റെ മേന്മ മനസ്സിലാക്കാതെ കുറ്റം പറയുന്ന പുവർ കണ്ട്രി ഫെല്ലോസിനോട് ഇതിന്റെ പിന്നണിക്കാർക്ക് സഹതാപം മാത്രമേ ഉണ്ടാകാൻ വഴിയുള്ളു.


പ്രേക്ഷക പ്രതികരണം.

വൈറ്റിലെ നായകനായ പ്രകാശ് റായ് പറയുന്നതു പോലെ ഒന്നും ചാൻസ് അല്ല എല്ലാം ചോയ്സ് ആണു. മമ്മൂട്ടിയുടെ പടം എന്ന ചോയ്സ് തിരഞ്ഞെടുത്ത പ്രേക്ഷകർ അതിനനുഭവിക്കുക തന്നെ ചെയ്തു.

ബോക്സോഫീസ് സാധ്യത 

ഒരു ദുരന്തം

റേറ്റിംഗ് : 1.5/5



അടിക്കുറിപ്പ്: വൈറ്റ് എന്ന പേരിനു സിനിമയുമായുള്ള ബന്ധം സിനിമ തീർന്നപ്പോഴാണു മനസ്സിലായത്. നിർമ്മാതാവിന്റെ കുടുബം വെളുപ്പിക്കുക എന്നതാണു കവി ഉദ്ദേശിച്ചിരിക്കുന്നത്..!!

കിസ്മത്ത് - Film Review


നവാഗതനായ ഷാജഹാൻ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമയാണു കിസ്മത്ത്. ഒരു
യതാർത്ഥ സംഭവത്തിന്റെ ചുവട് പിടിച്ച് ഒരുക്കിയ ഈ സിനിമയിൽ ഷൈൻ നിഗാം
ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.  വിനയ് ഫോർട്ട്,
അലൻസിയർ, പി ബാലചന്ദ്രൻ എന്നിവരാണു മറ്റ് പ്രധാന താരങ്ങൾ.  പ്രശസ്ത
ഛായാഗ്രഹകനായ രാജീവ് രവിയാണു ചിത്രത്തിന്റെ നിർമ്മാതാവ്. ഒരു യതാർത്ഥ
സംഭവത്തിന്റെ ചുവട് പിടിച്ചാണു ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ
തന്നെയാണു ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്

കഥ

പൊന്നാനിയിൽ രണ്ട് വ്യത്യസ്ഥ മതവിഭാഗത്തില്പ്പെട്ട രണ്ട് പേർ ഇർഫാനും
അനിതയും പ്രണയത്തിലാവുകയും അവർക്ക് വീട്ടുകാരുടെ എതിർപ്പ് കാരണം വിവാഹം
കഴിക്കാനായി പോലീസ് സ്റ്റേഷനിൽ അഭയം തേടുന്നതും പിന്നീട് അന്ന് ആ ദിവസം
അവിടെ നടക്കുന്നതുമായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണു ചിത്രം

വിശകലനം

കിസ്മത്ത് ഒരു ചെറിയ സിനിമയായിട്ടും അതിനർഹിക്കുന്നതിനേക്കാൾ കൂടുതൽ
പരിഗണന റിലീസിനു മുൻപ് കിട്ടിയത് നിർമ്മാതാവ് രാജീവ് രവി ആയത് കൊണ്ടാണു.
രാജീവ് രവിയിൽ നിന്ന് നല്ലൊരു പ്രൊഡക്ട് ആയിരിക്കും എന്ന പ്രതീക്ഷയിൽ
പ്രേക്ഷകർ തിയറ്ററുകളിലെത്തി. വ്യക്തമായി പറഞ്ഞാൽ പ്രേക്ഷക പ്രതീക്ഷകളെ
മുഴുവനായും തൃപ്തിപ്പെടുത്താനായില്ലെങ്കിൽ പോലും ഒരു മോശം സിനിമ
ആവുന്നില്ല കിസ്മത്ത്. നവാഗതനായ ഷൈൻ തന്റെ ഭാഗം വൃത്തിയായി
അവതരിപ്പിച്ചപ്പോൾ ഇതു വരെ മുഖ്യധാര സിനിമയിൽ തന്റേതായ അടയാളം
പതിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ശ്രുതി മേനോൻ അനിത എന്ന  പെൺകുട്ടിയായി
തിളങ്ങി.

എന്നാൽ പോലീസ് എസ് ഐ ആയി എത്തിയ വിനയ് ഫോർട്ട് ആണു ചിത്രത്തിൽ കൂടുതൽ
കൈയ്യടി നേടിയത് എന്നത് എടുത്തു പറയേണ്ട ഒന്നാണു. കേരളത്തിലെ മുസ്ലീം
ശ്ക്തി കേന്ദ്രമായ മലപ്പുറത്തെ ഏറ്റവും സെൻസിറ്റീവായ സ്ഥലമാണു പൊന്നാനി.
പൊന്നാനിക്ക് മലപ്പുറത്തിന്റെ പൊതുവായ രാഷ്ട്രീയ ചായ്വിനോട്
ഘടകവിരുദ്ധമായ ഒരു സ്വഭാവമാണുള്ളത്. അത്തരമൊരു സാഹചര്യത്തിൽ ഒരു മുസ്ലീം
യുവാവും ഒരു ഹിന്ദു പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാവുക എന്ന കലാപ
ലക്ഷ്യമുള്ള പ്രമേയമാണു സിനിമ കൈക്കൊള്ളുന്നത്. ഇതൊരു യതാർത്ഥ സംഭവമാണു
എന്നിരിക്കെ കേരളത്തിൽ പ്രത്യേകിച്ചും പൊന്നാനിയിൽ ഇത്തരമൊരു സംഭവം
അരങ്ങേറിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേ ഉള്ളു.
തികച്ചും റിയലിസ്റ്റിക്കായി അത്തരമൊരു സംഭവത്തെ സിനിമയാക്കുകയാണു
സംവിധായകൻ ചെയ്തത്.

ജാതിയേക്കാളും മതത്തേക്കാളുമുപരി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന ഒരു
നല്ല നാളേയ്ക്കായി വരും തലമുറയ്ക്ക് പ്രതീക്ഷ ബാക്കി വെയ്ക്കാനുള്ള ഒരു
നല്ല ശ്രമം എന്ന നിലയിൽ കിസ്മത്ത് എന്ന സിനിമയെ കാണാം. സിനിമ വെറും 102
മിനുറ്റേ ഉള്ളു എന്നതും മനോഹരമായ ഗാനങ്ങളും മികച്ച ഛായാഗ്രഹണവും
കിസ്മത്തിനെ ഒരു കൊച്ചു മനോഹര ചിത്രമാക്കി മാറ്റുന്നു എന്നുള്ളത് കൊണ്ട്
സ്വഭാവികതയിൽ കടന്നു വരുന്ന കല്ലുകടികൾക്ക് നേരെ കണ്ണടയ്ക്കാം

പ്രേക്ഷക പ്രതികരണം

ഒരു നല്ല സിനിമ കണ്ട സന്തോഷത്തിൽ പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങി

ബോക്സോഫീസ് സാധ്യത

വളരെ ചിലവ് കുറഞ്ഞ സിനിമ ആയത് കൊണ്ട് ബോക്സോഫീസിൽ മുടക്ക് മുതൽ  തിരിച്ച് കിട്ടും

റേറ്റിംഗ് : 3/5

അടിക്കുറിപ്പ്: ഹിന്ദു - മുസ്ലിം പ്രണയത്തിൽ ഹിന്ദുവിന്റെ ജാതി ഏതാണെന്ന്
കൂടി പറയുന്നതിന്റെ ചേതോവികാരം അങ്ങ് പിടികിട്ടുന്നില്ല...!!!

അനുരാഗ കരിക്കിന്‍ വെള്ളം - Film Review


പ്രശസ്ത ഛായാഗ്രഹകൻ ഷൈജു ഖാലിദിന്റെ സഹോദരൻ ഖാലിദ് റഹ്മാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണു അനുരാഗ കരിക്കിൻ വെള്ളം. ആഗസ്റ്റ് സിനിമ നിർമ്മിച്ച ഈ ചിത്രത്തിൽ ബിജു മേനോൻ, ആഷ ശരത്ത്, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ഒരു മിഡിൽ ക്ലാസ് കുടുബത്തിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളുടെ റിയലിസ്റ്റിക്കായ അവതരണമാണു അനുരാഗ കരിക്കിൻ വെള്ളം. 

കഥ

രഘു ഒരു കർക്കശക്കാരനായ പോലീസുകാരനാണു. ആർക്കിടക്ച്ചർ പഠിച്ച് കഴിഞ്ഞ മകനും സ്കൂൾ വിദ്യാർഥിയായ മകളും ഭാര്യയും അടങ്ങുന്ന കുടുബത്തിലും അയാൾ അതേ സ്വഭാവമാണു പുലർത്തുന്നത്. രഘുവിന്റെ ഭാര്യ സുമ ഒരു സാധുവായ വീട്ടമ്മയാണു. മകനായ അബിയാകട്ടെ ആർക്കിടക്ടാണെങ്കിലും ചെറിയ ചെറിയ വർക്കുകൾ ചെയ്യാൻ താല്പര്യമില്ലാത്ത ഒരാളാണു. 

അബിക്ക് ഒരു പ്രണയമുണ്ട്. കോളേജ് കാലത്ത് ആരംഭിച്ച പ്രണയം അന്ന് അബിക്ക് ഹരമായിരുന്നെങ്കിലും ഇന്ന് അത് ഒരു ബാധ്യതയാണു. എലിസബത്ത് എന്ന അബിയുടെ കാമുകി അബിയെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അബിക്ക് ആ സ്നേഹം ഒരു തരം ശല്യമായാണു അനുഭവപ്പെടുന്നത്. അബിയുടെ കൂട്ടുകരായാ ഫക്രുവിന്റെയും കിച്ചുവിന്റെയും ഉപദേശപ്രകാരം അബി എലിസബത്തിനോട് ബ്രേക്കപ്പ് ചെയ്യാം എന്ന് പറയുന്നു. ഇത് എലിസബത്തിനെ വല്ലാതെ തളർത്തുന്നു. ഇതിനിടയിൽ രഘു തന്റെ പഴയ കാമുകിയായ അനുരാധയെ  അവിചാരിതമായി കണ്ട് മുട്ടുന്നു..!!!!

വിശകലനം.

പേരു പോലെത്തെന്നെ സുന്ദരമായ ഒരു സിനിമയാണു അനുരാഗകരിക്കിൻ വെള്ളം. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും മിഡിൽ ക്ലാസ് ആണെന്നിരിക്കെ ഈ സിനിമയിലെ ഏതെങ്കിലുമൊരു കഥാപാത്രത്തിനെയെങ്കിലും സ്വന്തം അനുഭവത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടാവും എന്നതാണു ഈ സിനിമയുടെ വിജയം. നവാഗതന്റെ പരിചയക്കുറവുകൾ പ്രകടമാക്കാതെ ഹൃദ്യമായ ഒരു അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഒരു സിനിമയാക്കി അനുരാഗ കരിക്കിൻ വെള്ളത്തെ മാറ്റാൻ ഖാലിദ് റഹ്മാനു കഴിഞ്ഞിട്ടുണ്ട്. 

സാൾട്ട് & പെപ്പർ എന്ന സിനിമയെ ചിലയിടങ്ങളിൽ ഓർമ്മിപ്പിക്കുമെങ്കിലും ഒരിക്കലും നാടകീയതക്ക് വഴിമാറാതെ തികച്ചും സ്വഭാവികമായി സിനിമ പൂർത്തിയാക്കാൻ സഹായിക്കുന്ന ഒരു തിരകഥ ഒരുക്കാൻ നവീൻ ബാസ്ക്കറിനു സാധിച്ചു. കൊച്ചിയുടെ മനോഹരമായ ചിത്രീകരണം കൂടിയാവുമ്പോൾ സാങ്കേതിക മികവിൽ അനുരാഗ കരിക്കിൻ വെള്ളം മുന്നിട്ട് നില്ക്കുന്നു. അഭിനയത്തിൽ രഘു എന്ന മുരടനായ പോലീസുകാരനായി ബിജുമേനോൻ തിളങ്ങി. തന്റെ പതിവു ശൈലിയിൽ നിന്ന് വേറിട്ട് പഴയകാല ബിജു മേനോനിലേക്കുള്ള ഒരു തിരിച്ച് പോക്ക് ഗംഭീരമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 

യുവനടന്മാരിൽ ഇനിയും അഭിനയത്തിൽ മുന്നേറാനുള്ള ആസിഫ് അലി ഈ സിനിമയിലെ അബി എന്ന വേഷം മനോഹരമാക്കിയിട്ടുണ്ട്. ഇത്തരം സാധാരണ വേഷങ്ങളെ തനിക്ക് ഭംഗിയായി ചെയ്യാൻ സാധിക്കു എന്ന സത്യം ഇനിയെങ്കിലും ആസിഫ് മനസിലാക്കിയാൽ നന്ദ്. ബിജുമേനോന്റെ ഭാര്യായെത്തിയ ആഷ ശരത്തും തന്റെ വേഷം നന്നാക്കി. നായികയായെത്തിയ രെജിഷയ്ക്ക് ഒരു ശോഭന ഭാവി മലയാള സിനിമയിൽ കാണുന്നുണ്ട്. സൊബിൻ, ശ്രീനാഥ് ഭാസി എന്നിവരുടെ ചില്ലറ കോമഡി നമ്പറുകളും ചിരിയുണർത്തി. ആകെ മൊത്തം പറഞ്ഞാൽ ഒരുഗ്രൻ സിനിമ ഒന്നുമല്ല അനുരാഗ കരിക്കിൻ വെള്ളം.  പക്ഷെ എവിടെയൊക്കെയോ പ്രേക്ഷകനെ ഗൃഹാതുരത്വമുണർത്തുന്ന പല രംഗങ്ങളും ഈ സിനിമയിലുണ്ട്. 

ഭാവിയെ പറ്റി ആകുലതകളിലാതെ ജീവിക്കുന്ന അബിയും ഭാര്യയോട് സ്നേഹത്തോടെ ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത ഭർത്താവും, ആരും തിരിച്ച് സ്നേഹിച്ചില്ലെങ്കിലും അങ്ങോട്ട് സ്നേഹം വാരികൊടുക്കുന്ന അമ്മയും, കാമുകന്റെ എല്ലാ നെഗറ്റീവുകളും അറിഞ്ഞിട്ടും കടലോളം സ്നേഹം നല്കുന്ന കാമുകിയും കൂട്ടുകാരനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന കൂട്ടുകാരുമൊക്കെ നമ്മുടെ ചുറ്റിലും ഉള്ളവരായത് കൊണ്ട് ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല. ആദ്യമേ സൂചിപ്പിച്ച സോൾട്ട്  & പെപ്പർ ചായ്വും മുഴുവനായ് റിയലിസ്റ്റ്ക്ക് ആക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രസകുറവും  മാറ്റി നിർത്തിയാൽ അനുരാഗ കരിക്കിൻ വെള്ളം ആസ്വാദകരം തന്നെയാണു.

പ്രേക്ഷക പ്രതികരണം

മനസ്സ് നിറഞ്ഞ് എല്ലാവരും പുറത്തേക്കിറങ്ങി.

ബോക്സോഫീസ് സാധ്യത

ഈ സിനിമ റിലീസിന്റെ അന്ന് അതേ തിയറ്റർ കോല്പ്ലക്സിൽ റിലീസ് ചെയ്ത മറ്റൊരു പടത്തിനു സൂചികുത്താൻ ഇടമില്ലാത്ത വിധം തിരക്കും ഈ സിനിമയ്ക്ക് ആദ്യ ഷോക്ക് ഉണ്ടായിരുന്നത് 14 പേരും. ഇന്നേക്ക് മുന്നാം ദിവസം മറ്റേ പടത്തിനു വിരലിലെണ്ണാവുന്നവരും ഈ സിനിമക്ക് ഹൗസ്ഫുൾ റിട്ടേൺസും.. 

റേറ്റിംഗ്: 3 / 5

അടിക്കുറിപ്പ്: കസബ എന്ന കുലുക്കി സർബത്തും, ചീഞ്ഞ ഫ്രൂട്ട്സ് സാലഡ് ആയ ഷാജഹാനും പരീക്കുട്ടിയും പാതി വെന്ത മസാല ദോശയായ കരിക്കുന്നം സിക്സസും കഴിച്ച് മനം പിരട്ടിയ പ്രേക്ഷകർക്ക് ഈ റംസാൻ സീസണിലെ ആശ്വാസമാണു ശുദ്ധമായ ഈ കരിക്കിൻ വെള്ളം

Karikkunam 6s - Film Review


ഫയർമാൻ എന്ന ചിത്രത്തിനു ശേഷം ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന മഞ്ജുവാര്യർ നായികയായെത്തുന്ന ചിത്രമാണു കരിങ്കുന്നം സിക്സസ്. നായിക പ്രാധാന്യമുള്ള ഈ സിനിമയിൽ അനൂപ് മേനോൻ, സുരാജ്, സുധീർ കരമന ,ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.  വേട്ട്, ഹാപ്പി ജേർണി തുടങ്ങിയ ചിത്രങ്ങൾക്ക് തിരകഥയൊരുക്കിയ അരുൺലാൽ രാമചന്ദ്രനാണു ചിത്രത്തിന്റെ രചയിതാവ്. മലയാളത്തിൽ അധികമാരും കൈവെച്ചിട്ടില്ലാത്ത സ്പോർട്സ് പ്രമേയമാക്കിയിട്ടാണു സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നത്. 

കഥ

കരിങ്കുന്നം സിക്സസ് ഒരു വോളിബോൾ ടീം ആണു. വോളിബോൾ കളിയിൽ സ്പിരിറ്റ് കയറി അബി  എന്ന ചെറുപ്പക്കാരൻ നടത്തുന്നതാണു ആ ടീം. പുള്ളിക്കാരൻ പാലയിലെ വലിയ ഒരു കോടീശ്വരന്റെ മകനാണു. പക്ഷെ റെയിൽവേയിലെ ജോലിക്കാരിയായിരുന്ന വന്ദനയുമായി ഇഷ്ട്ടത്തിലായി കല്യാണം കഴിച്ചതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതാണു. 

വോളിബോളിനു കേരളത്തിൽ ഒരു മുന്നേറ്റം നടത്താൻ വോളിബോൾ പ്രീമിയർ ലീഗ് എന്ന ഒരു ഐഡിയ അബി മുകുൾ ദാസ് എന്ന ഒരു ബിസിനസുകാരനോട് പങ്കു വെയ്ക്കുന്നു. അത്തരമൊരു ലീഗ് നടത്താൻ അവർ തയ്യാറാവുന്നു പക്ഷെ ലീഗിൽ കളിക്കിടെ ചില അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരുമെന്ന് അവർ അബിയോട് പറയുന്നു. എന്നാൽ അബി അതിനു തയ്യാറാവുന്നില്ല. അബിയുടെ ടീമിലെ കളിക്കാരെ അവർ അബിക്കെതിരെ തിരിയ്ക്കുന്നു. അബിയെ അയാളുടെ ടീമിലെ അംഗങ്ങൾ തന്നെ കയ്യേറ്റം ചെയ്യുന്നു. അതു മൂലം അരയ്ക്ക് കീഴെ അബിയുടെ ചലനശേഷി താല്ക്കാലികമായി നഷ്ട്ടപ്പെടുന്നു. 

ലീഗിൽ കളിക്കേണ്ടിയിരുന്ന കരിങ്കുന്നത്തിന്റെ ടീമംഗങ്ങൾ വേറെയൊരു ടീമിലേക്ക് മാറുകയും ചെയ്തു. അതു കൊണ്ട് തന്നെ ഇത്തവണ കരിങ്കുന്നത്തിനു ടീമില്ല.എന്നാൽ അബി വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കരിങ്കുന്നത്തെ ഒരു  വർഷത്തേക്ക് ലീസിനെടുക്കാം എന്ന ഓഫറുകളെല്ലാം അവഗണിച്ച് വന്ദനയെ കൊണ്ട് മറ്റൊരു ടീമിനെ കണ്ട് പിടിക്കാൻ എബി നിർദ്ദേശിക്കുന്നു. വന്ദന ഒരു പുതിയ ടീമിനെ കണ്ടെത്തുന്നുവെങ്കിലും അവരും കൂറുമാറി ശത്രുപക്ഷത്തേക്ക് പോകുന്നു. പടക്കളത്തിൽ വന്ദന ഒറ്റയ്ക്കാവുന്നു.

 ലീഗിന്റെ ഷോമാച്ചിന്റെ അന്ന് നടന്ന ഈ കൂറുമാറ്റം നേരിൽ കണ്ട ഉദ്ഘാടക ജയിൽ ഐ ജി വന്ദനയെ ജയിലിലെ വോളിബോൾ ടീമിന്റെ കോച്ചാവാൻ ക്ഷണിക്കുന്നു. ജയിലിലെ വോളിബോൾ കളിക്കാരിൽ നിന്ന് തന്റെ ടീമിലേക്കുള്ളവരെ  തിരഞ്ഞെടുക്കാം എന്ന ലക്ഷ്യത്തോടെ വന്ദന സെണ്ട്രൽ ജയിലിലേക്കെത്തുന്നു..!!!!

വിശകലനം.

വൺലൈനിൽ ആരോടെങ്കിലും കഥ പറഞ്ഞാൽ കേൾക്കുന്നവൻ സൂപ്പർ എന്ന് പറയുന്ന കഥയാണു കരിങ്കുന്നം 6 ന്റെത്. ഇനി കുറച്ച് ഡീറ്റെയ്‌ല്ഡ് ആയി പറഞ്ഞാലും സ്പോർട്സ്മാൻ സ്പിരിറ്റോടെ കേട്ടിരിക്കാൻ കഴിയും ഈ കഥ. ജയിൽ നിന്ന് ഒരു വോളിബോൾ ടീം അതിന്റെ പരിശീലക ഒരു സ്ത്രീ. എന്നൊക്കെ പറയുമ്പോൾ ഉണ്ടാകുന്ന ഒരു കൗതുകമുണ്ടല്ലോ സിനിമയുടെ ആദ്യ ദിവസം തന്നെ തിയറ്ററിലേക്കെത്തുവാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ഘടകം ഇതെല്ലാം ഈ സിനിമയ്ക്കുണ്ട്. ഇത്രയധികം അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും അതെല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്ത് ഒരു മികച്ച സിനിമ ഒരുക്കാൻ കഴിയാതെ പോയ ഒരു സംവിധായകനും ഈ സിനിമയ്ക്കുണ്ട്. 

ദീപു കരുണാകരൻ അത്രവലിയ പ്രഗത്ഭ സംവിധായകൻ ഒന്നുമല്ല. എന്നിരുന്നാലും മലയാളികൾക്ക് അത്ര  കണ്ട് പരിചിതമായിട്ടില്ലാത്ത അത്ലറ്റിക്സ് , ഗെയിംസ് മേഖലയിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കാമായിരുന്ന സുവർണ്ണാവസരം പഴാക്കി കളഞ്ഞിരിക്കുകയാണു കരിങ്കുന്നം 6 എസിൽ. നായിക പ്രാധാന്യം എന്ന് പറയുന്നുണ്ടെങ്കിലും മഞ്ജുവാര്യർക്ക് ഈ സിനിമയിൽ കാര്യമായ റോളൊന്നുമില്ല. അനൂപ് മേനോനിൽ തുടങ്ങി ബാബു ആന്റ്ണി , ബൈജു , സുധീർ കരമന മുതൽ മേജർ രവിയിൽ വരെ വന്നു നില്ക്കുന്ന ഒരു നീണ്ട പുരുഷ നിര തന്നെ ചിത്രത്തിലുണ്ട്. ഇതിനിടയിൽ കയ്യടി നേടുന്ന  സുരാജിന്റെ നെൽസനും. 

ഒരു സ്പോർട്സ് സിനിമയ്ക്ക് വേണ്ട ആവേശോജ്വലമായ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും അത് എവിടെ എങ്ങനെ ഏത് അളവിൽ ഉപയോഗിക്കണം എന്ന ധാരണയില്ലായ്മ ചിത്രത്തിന്റെ മാറ്റ് കുറയ്ക്കുന്നു.  ക്ലൈമാക്സിലെ ആശയക്കുഴപ്പം ഒഴിവാക്കിയിരുന്നെങ്കിൽ ശരാശരിയിലും മുകളിലെത്തിയേനെ സിനിമ. 
ഒരു കോച്ചിന്റെ ശരീര ഭാഷ ഉപയോഗിക്കുന്നതിൽ അനൂപ് മേനോൻ വിജയമായിരുന്നുവെങ്കിലും മഞ്ജുവിന്റെത് അത്ര  കണ്ട് ഏറ്റില്ല. ജയിൽ പുള്ളികളായി അഭിനയിച്ച  എല്ലാവരും മികച്ച് നിന്നു. സന്ദർഭോചിതമായ ഗാനങ്ങൾ ചിത്രത്തിനു സഹായകരമായി. 

മഞ്ജുവാര്യർ എന്ന നടിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണു ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകരും ഈ സിനിമ കാണാൻ ആദ്യ ദിവസം തിയറ്ററുകളിലേക്കെത്തുന്നത്. എന്നാൽ മഞ്ജുവിന്റെ അഭിനയ പ്രതിഭ മാറ്റുരയ്ക്കാൻ തക്കവണ്ണമൊന്നും ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുമില്ല. ഹോളിവുഡിലെയും ബോളിവുഡിലേയും കോളിവുഡിലേയുമൊക്കെ സ്പോർട്സ് സിനിമകൾ കണ്ട് ശീലിച്ചവർക്ക് യാതൊരു ചലനവും ഈ സിനിമ സൃഷ്ടിക്കുന്നില്ല. അല്ലാത്തവർക്ക് ഇതൊരു ശരാശരി ചിത്രം മാത്രം.

പ്രേക്ഷക പ്രതികരണം.

പ്രതീക്ഷകളിലാതെ വന്നവർ നിരാശരാവാതെ കടന്നു പോയി.

ബോക്സോഫീസ് സാധ്യത.

ശക്തമായ ഫാമിലി സപ്പോർട്ടുണ്ടെങ്കിൽ ഹിറ്റ് സ്റ്റാറ്റസ് നേടാം.

റേറ്റിംഗ്: 2.5/5 



അടിക്കുറിപ്പ്: മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സ്പോർട്സ് സിനിമകളിൽ ഒന്ന്, ശക്തമായ് സ്ത്രീ കേന്ദ്രീകൃത സിനിമ, അവസാനം നിമിഷം വരെ ശ്വാസം വിടാതെ കണ്ടിരിക്കുന്ന എന്നൊക്കെ പറയണമെങ്കിലേ കണ്ണു പൊട്ടനായിരിക്കണം.

Kasaba - Film Review


രൺജി പണിക്കരുടെ മകനായ നിഥിൻ രൺജി പണിക്കർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാ കസബ. നിഥിൻ തന്നെ തിരകഥ രചിച്ചിരിക്കുന്ന സിനിമയിൽ വരലക്ഷ്മി, സമ്പത്ത്, നേഹ സക്സേന എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ഒരു പോലീസ് സ്റ്റോറിയാണു കസബയിലൂടെ നിഥിൻ ഒരുക്കിയിരിക്കുന്നത്.

കഥ

സി ഐ രാജൻ സക്കറിയ.  ആളൊരു പ്രത്യേക ടൈപ്പ് ആണു. സഹ പോലീസുകാരുടെ ഭാഷയിൽ പറഞ്ഞാൽ കാർണിവലിനു സൂചിയേറുമായി നടക്കുന്ന ഒരു പോലീസ്.  ഐ ജിയോട് പ്രത്യേക അടുപ്പം ഉള്ളത് കൊണ്ട് രാജൻ സക്കറിയയുടെ അലസ സ്വഭാവവും കുരുത്തക്കേടുകളുമൊക്കെ വലിയ കാര്യമാക്കാതെ പോകുന്നു. 

അങ്ങനെയിരിക്കെ കേരള -കർണാടക ബോർഡറിലുള്ള  കാളിയൂരിലെ  ഒരു വേശ്യാലയത്തിൽ നിന്നും ഒരു പെൺകുട്ടിയെ രക്ഷിച്ച് കൊണ്ട് വരുന്ന സിറാജ് എന്ന കോളേജ് അധ്യാപകനെ അവിടുത്തെ സി ഐ കൊലപ്പെടുത്തി പെൺകുട്ടിയെ തിരികെ വേശ്യാലയത്തിൽ കൊണ്ട് ചെന്നാക്കുകയും പകരമായി അവിടുത്തെ നടത്തിപ്പുകാരി കമലയെ ആവശ്യപ്പെടുകയും ചെയ്യുന്നു, കമല അവിടുത്തെ വലിയ ഒരു പൊളിറ്റീഷ്യന്റെ വെപ്പാട്ടിയാണു. പരമേശ്വരൻ നമ്പ്യാർ, അയാൾ സി ഐ യുമായി സംഘട്ടനത്തിലേർപ്പെടുകയും സി ഐ നമ്പ്യാരെ കൊല്ലുമെന്ന ഘട്ടം വരികയും ചെയുമ്പോൾ കമല സി ഐയെ വെടി വെച്ച് കൊല്ലുന്നു.

 സി ഐ യുടെ ശരീരം പോസ്റ്റ്മാർട്ടത്തിനു കൊണ്ട് പോകുന്ന വാൻ പൊട്ടിത്തെറിച്ച് 6 പോലീസുകാരും ഐജിയുടെ മകനും പ്രതിശ്രുത വധുവും കൊല്ലപ്പെടുന്നു. ബാംഗ്ലൂരിൽ കല്യാണം ക്ഷണിക്കാൻ പോയ ഐ ജിയുടെ മകൻ എങ്ങനെ പോലീസ് വാനിൽ വെച്ച് കൊല്ലപ്പെട്ടു എന്ന് അന്വേഷിക്കാനായി രാജൻ സക്കറിയ കാളിയൂരിലെത്തുന്നു. 

വിശകലനം.

കൃത്യമായി പറഞ്ഞാൽ 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജയ്ക്ക് ശേഷം തിയറ്ററുകളെ ഇളക്കി മറിയ്ക്കാൻ തക്ക ശേഷിയുള്ള ഒരു മമ്മൂട്ടി പടം പിന്നീടുണ്ടായിട്ടില്ല. മമ്മൂട്ടിയെ കൊണ്ട് തീ പൊരി ഡയലോഗുകൾ പറയിപ്പിച്ച സാക്ഷാൽ രൺജി പണിക്കരുടെ മകൻ മമ്മൂട്ടിയുമായി ഒരു പടം ചെയ്യുന്നു എന്ന കേൾക്കുമ്പോൾ ആരാധകരുടെ മനസ്സിൽ തേവള്ളി പറമ്പിൽ ജോസഫ് അലക്സും ഭരത് ചന്ദ്രനുമൊക്കെ മിന്നി മായുന്നത് സ്വഭാവികം.

 കസബയുടെ ഫസ്റ്റ് ലുക്കിനോടനുബന്ധിച്ച്  പുറത്തിറങ്ങിയ ട്രോളുകൾ കാരണം മമ്മൂട്ടി സിനിമകൾ റിലീസ് ചെയ്യുന്നതിൽ വലിയ താല്പര്യം  കാണിക്കാത്ത പ്രേക്ഷകർ വരെ കസബയ്ക്കായി കാത്തിരുന്നു എന്നത് വേറെ ഒരു വശം. അങ്ങനെ എല്ലാം കൊണ്ടും മമ്മൂട്ടി ആരാധകർക്ക് ശുക്രൻ ഉച്ച സ്ഥായിയിൽ എത്തി നില്ക്കുന്ന ടൈം.  കസബ മമ്മൂട്ടി ആരാധകർക്ക് വേണ്ടി മമ്മൂട്ടി ആരാധകൻ സംവിധാനം ചെയ്ത സിനിമയാണെന്ന് ഒറ്റവാക്കിൽ പറയാം. 

മലയാളത്തിൽ പോലീസ് കഥാപാത്രങ്ങൾ നായകന്മാരാകുന്ന സിനിമകൾ രണ്ട് തരത്തിലാണുള്ളത്. ഒന്ന് വില്ലൻ ആരാണെന്ന് ആദ്യമേ പറഞ്ഞ് അവസാനം വില്ലനെ കൊലപെടുത്തുന്ന രൺജി പണിക്കർ- ഷാജി കൈലാസ് സ്റ്റൈയിൽ. അടുത്തത് വില്ലൻ ആരാണെന്ന് അവസാനം വരെ സസ്പെൻസിൽ വെച്ച് ലാസ്റ്റ് ട്വിസ്റ്റിൽ പടം അവസാനിപ്പിക്കുന്ന സ്വാമി - കെ മധു സ്റ്റൈയിൽ. പുതിയ തലമുറയുടെ പ്രതിനിധിയായ നിഥിൻ രൺജി പണിക്കർ ഇതിലേത് വഴി സ്വീകരിക്കും എന്ന് കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിപ്പിച്ച് കൊണ്ട് ഒരു  ഐവി ശശി - ദാമോദരൻ ലൈനാണു കസബയിൽ കൊണ്ട് വന്നിരിക്കുന്നത്. 

ആദർശ ശാലിയായ പോലീസ് ഉദ്യോഗസ്ഥൻ, നെടു നീള ഡയലോഗുകൾ ഇതൊന്നും കസബയിലില്ല. ഇൻസ്പെക്ടർ ബൽറാമിനെ പോലെ രാജൻ സക്കറിയയും കുറച്ച് വശപിശകാണു. രാജൻ സക്കറിയ വൺ ലൈനിൽ ഡബിൾ മീനിംഗ് ഡയലോഗ് പറഞ്ഞ് കയ്യടി നേടുന്ന ആളാണു. സംവിധായകൻ പുതുമുഖമായത് കൊണ്ട് പടത്തിൽ മുഴുവൻ മമ്മൂട്ടിയുടെ വണ്മാൻ ഷോയാണു നടക്കുന്നത്. സിനിമകളുടെ പ്രോമോഷൻ ടോക്കുകളിൽ മറ്റാർക്കും സംസാരിക്കാൻ അവസരം നല്കാതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന അതേ രീതി ഈ സിനിമയിലും കാണാം. സമ്പത്തിനെ പോലെയുള്ള കരുത്തുറ്റ നടന്മാർക്ക് വരെ അതുകൊണ്ട് കാഴ്ച്ചകാരായി നില്ക്കേണ്ടി വന്നു.

 കൃത്യമായ കഥയോ തിരകഥയോ ഇല്ലാതെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന സംഭവങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്ന കസബയിലൂടെ   മമ്മൂട്ടിയുടെ ഏറെ നാളുകൾക്ക് ശേഷമുള്ള തകർപ്പൻ പ്രകടനം കാണാൻ ആഗ്രഹിക്കുന്ന ആരാധകരെ തൃപ്തിപ്പെടുത്താൻ സാധിച്ചു എന്നതിൽ നിഥിൻ രൺജി പണിക്കർക്ക് അഭിമാനിക്കാം. എന്നാൽ ആരാധകർ അല്ലാത്ത പ്രേക്ഷകർക്ക് കൂടി ഇഷ്ടപ്പെടുന്ന ഒരു സിനിമ ഒരുക്കാൻ miles to go before you sleep...!!

പ്രേക്ഷക പ്രതികരണം

മമ്മൂട്ടിയുടെ ആരാധകർ ആവേശതിമർപ്പോടെ പുറത്തിറങ്ങിയപ്പോൾ സ്ത്രീകളും കുട്ടികളുമായി വന്നവർ ജീവനും കൊണ്ട് തിയറ്റർ വിട്ടോടി..!!

ബോക്സോഫീസ് സാധ്യത

കസബ ട്രോളുകൾ കൊണ്ടുണ്ടായ ഗംഭീര ഇനീഷ്യലും ഫാൻസിന്റെ തള്ളിക്കയറ്റവും  കൊണ്ട് ഫാമിലി  സപ്പോർട്ടില്ലാതെ ഒരു സിനിമ എത്രത്തോളം പോകുമോ അത്രത്തോളം പോകും

റേറ്റിംഗ്:  2.5/ 5

അടിക്കുറിപ്പ്:

കാര്യമൊക്കെ ശരിയാണു.. രാജൻ സക്കറിയ വഷളനാണു.. എന്നു വെച്ച് ഇമ്മാതിരി അശ്ലീല ഡയലോഗുകൾ മമ്മൂക്ക പറഞ്ഞാൽ ഞങ്ങൾ സഹിക്കൂല്ല ലാലേട്ടനാണേൽ കയ്യടിച്ച് രസിക്കും എന്ന് ഒരു ഫാമിലി പറയാൻ പറഞ്ഞു...!!

ഷാജഹാനും പരീക്കുട്ടിയും - Film Review

ഹാപ്പി ജേർണി എന്ന ചിത്രത്തിനു ശേഷം ബോബൻ സാമുവേൽ സംവിധാനം ചെയ്ത സിനിമയാണു ഷാജഹാനും പരീക്കുട്ടിയും. ജയസൂര്യ, കുഞ്ചാക്കോ ബോബൻ അമല പോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരകഥ രാജേഷാണു ഒരുക്കിയിരിക്കുന്നത്. പെരുന്നാൾ ആഘോഷിക്കാൻ തിയറ്ററുകളിലെത്തുന്ന കുട്ടികളെയും കുടുബങ്ങളെയും രസിപ്പിക്കുക എന്നതാണു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ലക്ഷ്യമിട്ടിരിക്കുന്നത്. 

കഥ
ജിയ എന്ന കോടീശ്വരിയായ പെൺകുട്ടിക്ക് ഒരു കാർ ആക്സിഡന്റ് സംഭവിക്കുന്നു. ആക്സിഡന്റിനു ശേഷം ജിയക്ക്  ഓർമ്മക്കുറവ് അനുഭവപ്പെടുന്നു. താനുമായി തന്റെ അഛൻ കല്യാണം ഒറപ്പിച്ച മേജർ രവിയെ പോലും ജിയക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല. ജിയയുടെ ലൈഫിൽ ഒരു പി എന്ന അക്ഷരത്തിൽ തുടങ്ങുന്ന വ്യക്തി ഉണ്ടെന്ന് ജിയയുടെ മാതാപിതാക്കൾ മനസ്സിലാക്കുന്നു.

 ജിയയെ തേടി ആ പി എത്തുന്നു. ഒരു പി അല്ല രണ്ട് പി. കോടീശ്വരനായ പ്രണവ് മേനോനും ഒരു ലോക്കൽ ഗുണ്ടയായ പ്രിൻസും. രണ്ട് പേരും പറയുന്നത് അവർ ജിയയുടെ കാമുകന്മാരാണു എന്നാണു. ഗുണ്ടയായ പ്രിൻസിന്റെ നന്മ തിരിച്ചറിഞ്ഞ ജിയയോട് പ്രിൻസാണു പ്രേമാഭ്യർത്ഥന നടത്തിയതെങ്കിൽ പ്രണവ് മേനോനെ ജിയ പിന്നാലെ നടന്ന് പ്രേമിച്ചതാണു എന്നാണു പറയുന്നത്. ഇതിലെ സത്യം കണ്ട് പിടിക്കാൻ ജിയയുടെ പ്രതിശ്രുത വരനായ രവിയും സുഹൃത്ത് മാത്യൂസും ശ്രമിച്ചെങ്കിലും അവർ മനസിലാക്കിയത് ഇതാണു. ഈ രണ്ട് പേരിൽ ഒരാൾ ഷാജഹാൻ എങ്കിൽ മറ്റേയാൾ പരീക്കുട്ടിയാണു...!! 

വിശകലനം 

റോമൻസ് , ജനപ്രിയൻ പോലുള്ള നല്ല സിനിമകൾ ഒരുക്കിയ ബോബൻ സാമുവേലിന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്ന വിശേഷണത്തോടെ ഷാജഹാനും പരീക്കുട്ടിയുടെയും വിശേഷങ്ങളിലേക്ക് കടക്കാം. റോമൻസ് പോലുള്ള ഹിറ്റ്   സിനിമയ്ക്ക് തിരകഥയൊരുക്കിയ രാജേഷിൽ നിന്നും വളരെ നിലവാരം കുറഞ്ഞ ഒരു സൃഷ്ടിയാണു ഇത്തവണ ഉത്ഭവിച്ചിരിക്കുന്നത്.  

ബോബൻ സാമുവേൽ മലയാള സിനിമയിലെ ഏറെ പ്രതീക്ഷ നല്കുന്ന ഒരു സംവിധായകൻ ആണു. അദ്ദേഹത്തിൽ നിന്ന് ഇത്തരം നിരുത്തരവാദപരമായ കലാസൃഷ്ടികൾ സംഭവിക്കുന്നതിലാണു ഏറെ സങ്കടം. അഭിനേതാക്കളിൽ ജയസൂര്യയും കുഞ്ചാക്കോയും നല്ല രീതിയിൽ പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ഏത് ടൈപ്പ് റോളും ഉജ്ജ്വലമാക്കുന്ന നടനാണു താനെന്ന് പിന്നെയും ജയസൂര്യ തെളിയിച്ചു. അമല പോളിന്റെ അഭിനയവും തരക്കേടിലായിരുന്നു. കോമഡിക്കായി അജുവർഗീസും സുരാജും നടത്തിയ ശ്രമങ്ങളിൽ ഏറിയ പങ്കും പരാജയങ്ങൾ ആയിരുന്നെങ്കിലും  ഒന്ന് രണ്ടെണ്ണം കയ്യടി നേടി. 

പഴയ സിനിമ ഗാനങ്ങളുടെ വരികൾ കോർത്തിണക്കിയ ഒരു ഗാനവും മനോഹരമായ ഛായാഗ്രഹണവും ജയസൂര്യയുടെ കഥാപാത്രത്തിന്റെ ദളപതി അവതരണവും ഒഴിച്ച് നിർത്തിയാൽ ഒരു  കോമഡി സിനിമ എന്ന നിലയിൽ   ഷാജഹാനും പരീക്കുട്ടിയും സമ്പൂർണ്ണ പരാജയമാണു. ചിത്രത്തിന്റെ പേരിനും കഥയ്ക്കും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നിരിക്കെ ഇത്തരമൊരു പേരു ഈ സിനിമയ്ക്ക് ഇടുകയും അതിനെ സാധൂകരിക്കാൻ ഒരു ഡയലോഗ് സിനിമയിൽ കുത്തി കയറ്റുകയും ചെയ്തത് ആരായാലും അയാൾക്ക് നന്ദി നല്ല നമസ്ക്കാരം

പ്രേക്ഷക പ്രതികരണം

ബോബൻ സാമുവേൽ സിനിമ എന്ന പ്രതീക്ഷയോടെ എത്തിയവർ പാടേ നിരാശരായി മടങ്ങി.

ബോക്സോഫീസ് സാധ്യത

പെരുന്നാൾ അവധി ദിവസങ്ങളുടെ പിൻബലമുള്ളത് കൊണ്ട് ആദ്യ ആഴ്ച്ച തിയറ്ററുകളിൽ നിന്ന് സിനിമ തെറിക്കില്ല.

റേറ്റിംഗ്: 2/5

അടിക്കുറിപ്പ്: ഈ സിനിമ കണ്ട് ആരെങ്കിലും അടിപൊളി എന്ന പറഞ്ഞാൽ ഓർക്കുക അയാൾ ജീവിതത്തിൽ കാണുന്ന ആദ്യത്തെ സിനിമയായിരിക്കും ഇത്..!!

Followers

 
Copyright 2009 b Studio. All rights reserved.