RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആൺ വീട്ടിലേക്ക് ജയറാം പോകാത്തതെന്തു കൊണ്ട്..?
മലയാളത്തിലെ യഥാർത്ഥ ജനപ്രിയ നായകനാണു ജയറാം. ഇന്ന് ജനപ്രിയ പട്ടം നെറ്റിയിൽ ചാർത്തി നടക്കുന്ന മറ്റൊരു നടന്റെ സിനിമകളും ജയറാമിന്റെ നല്ല കാലത്തെ സിനിമകളും പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതേ ഉള്ളു. ഇടക്കാലത്ത് ഒരല്പം ക്ഷീണം സംഭവിച്ചതോടെ മിനിമം ഗ്യാരന്റി നടൻ എന്ന പദവി ജയറാമിനു നഷ്ടമായിരുന്നു. വെറുതെ ഒരു ഭാര്യയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്താൻ കഴിഞ്ഞെങ്കിലും ജനപ്രിയ സ്ഥാനം അപ്പോഴെക്കും നഷ്ടപ്പെട്ടിരുന്നു.

ഭാഗ്യദേവത, ഹാപ്പി ഹസ്ബന്റ്സ്, കഥ തുടരുന്നു, മേക്കപ്പ് മാൻ എന്നീ ചിത്രങ്ങളുമായൊക്കെ ഫീൽഡിൽ സജീവമാണെങ്കിലും പഴയ ഒരു പ്രഭാവം വീണ്ടെടുക്കാൻ ജയറാമിനു ആയിട്ടില്ല എന്നതാണു സത്യം. അതു കൊണ്ട് തന്നെയാണു ജയറാമിനെ ഒരുകാലത്ത് ജനപ്രിയ നടനാക്കാൻ ഏറെ സഹായിച്ചിട്ടുള്ള രാജസേനന്റെ പുതിയ ചിത്രത്തിൽ സഹകരിക്കാൻ ജയറാം വിമുഖത കാട്ടുന്നത് കണ്ട് പലരും നെറ്റി ചുളിക്കുന്നത്. ജയറാം-രാജസേനൻ കൂട്ടുകെട്ടിൽ നിന്നു പിറന്ന മേലേപറമ്പിൽ ആൺ വീട് എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗത്തിനാണു രാജസേനൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നത്. അവിടെയാണു ജയറാം ഒരു ബുദ്ധിമാനായ നടനാണു എന്ന് സ്വയം തെളിയിക്കുന്നത്.

രാജസേനൻ ഒരു മികച്ച സംവിധായകൻ ആയിരുന്നു. അതിപ്പോ ഐവി ശശിയും, തമ്പി കണന്താനവും ഫാസിലുമൊക്കെ മികച്ച സംവിധായകർ ആയിരുന്നു. എന്നാൽ ഇവരുടെയൊക്കെ ഇപ്പോഴത്തെ ചിത്രങ്ങൾ കണ്ടാൽ ഈ പറഞ്ഞത് ആരെങ്കിലും സമ്മതിച്ചു തരുമോ..? ഇത് തന്നെയാണു രാജസേനന്റെ കാര്യത്തിലും സംഭവിച്ചത്. മലയാളി മാമനു വണക്കം എന്ന ഭേദപ്പെട്ട ചിത്രത്തിനു ശേഷം ഇങ്ങോട്ട് എടുത്താൽ പരിതാപകരം എന്ന ഒറ്റവാക്കിൽ ഒതുക്കേണ്ടി വരും രാജസേനന്റെ അവസ്ഥ.

കനക സിംഹാസനം, മധുചന്ദ്രലേഖ എന്നീ സിനിമകളിലൂടെ ജയറാം തന്നെ അത് അനുഭവിച്ചറിഞ്ഞതുമാണു. അറിഞ്ഞു കൊണ്ട് സിംഹകൂട്ടിൽ ചാടിയാൽ ബലറാം-താരാദാസ് പോലെ അല്ലെങ്കിൽ ഒന്നാമൻ പോലെ അതുമല്ലങ്കിൽ വിസ്മയത്തുമ്പത്ത് പോലെ മറ്റൊരു സൃഷ്ടി കൂടി മലയാളത്തിൽ അവതരിക്കും. മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന ഒരു നല്ല ചിത്രം താനായിട്ട് നശിപ്പിച്ചു എന്ന് കേൾക്കണ്ട എന്ന് കരുതിയിട്ടാവും ജയറാം കൈകഴുകിയത്.

ജയറാം ഈ സിനിമയുമായി സഹകരിച്ചില്ലെങ്കിലും മേലേപറമ്പിൽ ആൺ വീടിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണു രാജസേനൻ പറയുന്നത്. ജയറാമില്ലെങ്കിൽ കുഞ്ചാക്കോയെ വെച്ച് എടുക്കാനുള്ള പദ്ധതിയും അദ്ദേഹത്തിനുണ്ട്. ഇനി ഇവരാരും തയ്യാറല്ലങ്കിൽ കൂടി സ്വയം നായകനായി അഭിനയിക്കാനുള്ള ശേഷി തനിക്കുണ്ടെന്ന് ഭാര്യ ഒന്ന് മക്കൾ മൂന്നിലൂടെ തെളിയിച്ചയാളാണു ശ്രീ രാജസേനൻ. അതു കൊണ്ട് തന്നെ നാളെ മേലേപറമ്പിലെ നായകനായി രാജസേനൻ അവതരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.എന്തായാലും നമ്മുക്ക് കാത്തിരിക്കാം മേലേപറമ്പിലെ പുതിയ വിശേഷങ്ങൾക്കായി...!

*ശക്തമായ തിരകഥയാണെങ്കിൽ അഭിനയിക്കാം എന്ന് ജയറാം..!!

**
കുടുമ്പശ്രീ ട്രാവൽസിൽ അഭിനയിക്കാമെങ്കിൽ ജയറാമിനു ഏത് പടത്തിലും അഭിനയിക്കാം..!!!

സിംഹം സിംഗിളാ വരും..!
ലോകകപ്പ് ക്രിക്കറ്റിന്റെയും ഐപിലെന്റെയും ലഹരി മാറുന്നതിനു മുന്‍പ് തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് മറ്റൊരു മഹോത്സവത്തിന്റെ കൊടിയേറും. സിനിമക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സീസൺ ആയ വിഷുവിനു വൻ ബഡ്ജറ്റ് മൾട്ടി സ്റ്റാർ ചിത്രങ്ങളാണു മത്സരത്തിനെത്തുന്നത്.മമ്മൂട്ടിയും, മോഹൻലാലും,സുരേഷ് ഗോപിയും ജയറാമും ദിലീപും പൃഥ്വിരാജും അങ്ങനെ മലയാളത്തിലെ എല്ലാമുൻ നിരതാരങ്ങളും ഇപ്രാവശ്യം ഗോദയിലുണ്ട്.

ജോഷിയുടെ മൾട്ടി സ്റ്റാർ ചിത്രമായ കൃസ്ത്യൻ ബ്രദേഴ്സ് ആണു ആദ്യം തിയറ്ററുകളിലെത്തുന്നത്. നിരവധി തവണ റിലീസ് ഡേറ്റുകൾ മാറി മറിഞ്ഞ ഈ സിനിമയുടെ ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് മാർച്ച് 18 ആണു റിലീസിനായി തിരുമാനിച്ചിരിക്കുന്നത്. മോഹൻലാൽ-സുരേഷ് ഗോപി-ശരത്കുമാർ എന്നീ വൻ താരങ്ങൾ ഉണ്ടെങ്കിലും സിനിമയുടെ വിജയം മറ്റൊരു വൻ താരമായ ദിലീപിനെ ആശ്രയിച്ചാണു നില നിൽക്കുന്നത്.

മോഹൻലാലിന്റെ ആരാധകർ ഇടിച്ചു കയറി ആദ്യ വാരങ്ങൾ ഓളമുണ്ടാക്കിയാലും 12 കോടിയിൽഎത്തി നിൽക്കുന്ന ഈ സിനിമയുടെ മുടക്ക് മുതൽ തിരിച്ചു പിടിക്കണം എന്നുണ്ടെങ്കിൽ ദിലീപിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ കനിയുക തന്നെ ചെയ്യണം. കാര്യസ്ഥൻ, കുഞ്ഞാട് ,പാപ്പിപോലുള്ള ചിത്രങ്ങൾ വരെ മെഗാഹിറ്റുകളാക്കി കൊടുത്ത ഈ ആരാധകർ ഈ ചിത്രവും കൈ വിടില്ല എന്നു കരുതാം.

മാർച്ച് 31നു റിലീസ് നിശ്ചയിച്ചിരുന്ന മൂന്ന് ചിത്രങ്ങൾ ആയിരുന്നു ആഗസ്റ്റ് -15, ചൈന ടൗൺ, ഉറുമി എന്നിവ.എന്നാൽ പിന്നീട് ആഗസ്റ്റ് 15ന്റെ റിലീസ് മാർച്ച് 25 ലേക്കും ചൈനാ ടൗൺ ഏപ്രിൽ ആദ്യവാരത്തിലേക്കും മാറ്റി വെച്ചു. ഉറുമിയെ പേടിച്ചാണു റിലീസ് മാറ്റിയത് എന്നൊക്കെ ചില മഞ്ഞപത്രങ്ങളിൽ അച്ചടിച്ചു വന്നെങ്കിലും അതൊക്കെ വെറും ഇല്ലാ കഥകൾ മാത്രമാണു.

മമ്മൂട്ടിയുടെ തന്നെ മറ്റൊരു വിഷു ചിത്രമായ ഡബിൾസ് ഏപ്രിൽ രണ്ടാം വാരത്തിൽ റിലീസ്ചെയ്തേക്കാം എന്നത് കൊണ്ടും, ചൈനാ ടൗണിനു മോഹൻലാലിന്റെ കൃസ്ത്യൻ ബ്രദേഴ്സുമായി വേണ്ടത്ര അകലം ഇല്ലാത്തതും കൊണ്ടാണു ആഗസ്റ്റ് 15 ന്റെയും ചൈനാ ടൗണിന്റെയും റിലീസുകൾമാറ്റി വെച്ചത്. അല്ലാതെ മഞ്ഞ പത്രങ്ങളിൽ വന്ന പോലെ ഉറുമിയെ പേടിച്ചല്ല. ശരിക്കും..!!

ഷാജി കൈലാസ് എസ് എൻ സ്വാമിയുടെ തിരകഥയിൽ സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15 ഒരു ബിഗ്ബഡ്ജറ്റ് ചിത്രമല്ല. സത്യത്തിൽ ദ്രോണയുടെ നഷ്ടം നികത്താൻ വേണ്ടി മമ്മൂട്ടി അരോമ മണിയ്ക്ക്ചെയ്യുന്ന ഒരു സഹായം മാത്രമാണു. സംഗതി ഷാജി കൈലാസിന്റെതായത് കൊണ്ട് ഒന്നും പറയാൻപറ്റില്ല. കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ചട്ടി എന്നതാണു ലൈൻ. പക്ഷെ മറ്റ് താരങ്ങൾ എല്ലാം മൾട്ടി സ്റ്റാർ എന്ന സുരക്ഷിത കവചം ധരിച്ച് എത്തുമ്പോൾ മമ്മൂട്ടി നടത്തുന്നത് ഒറ്റയാൾ പോരാട്ടം ആണു എന്നതാണു ശ്രദ്ധേയം.

ലൗവ് ഇൻ സിംഗപ്പോർ എന്ന സിനിമ കണ്ടിട്ടുള്ളവരാരും തന്നെ ഇനി ഒരു റാഫി - മെക്കാർട്ടിൻ ചിത്രംകാണാൻ റിസ്ക്ക് എടുക്കില്ല എന്ന് അവർക്ക് നന്നായിട്ടറിയാം. ഇത് ഇനീഷ്യൽ കളക്ഷനെ സാരമായി ബാധിക്കും എന്നതിനാലാണു തങ്ങളുടെ പുതിയ ചിത്രത്തിൽ മലയാളത്തിലെ 3 കോമഡിരാജക്കന്മാരെയും അണി നിരത്തിയത്.

സുരാജ്-സലീം കുമാർ-ജഗതി എന്ന് തെറ്റിദ്ധരിക്കരുതേ..മോഹൻലാൽ-ദിലീപ്-ജയറാം എന്നിവരാണുഈ മൂന്നു രാജാക്കന്മാർ. ചിരിയുടെ മാലപ്പടക്കങ്ങൾ തിയറ്ററുകളിൽ തീർത്ത് ഈ സിനിമ ഇത്തവണത്തെ വിഷു ആഘോഷമാക്കും എന്ന് കരുതാം.ഇനി തല്ലി പൊളി പടമാണെങ്കിലും കുഴപ്പമില്ല സുരാജിന്റെ വളിപ്പ് കോമഡികളുണ്ടെങ്കിൽ കാര്യസ്ഥൻ ഓടിയ പോലെ ഓടിക്കോളും.

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മലയാള സിനിമ ലോകം ഈ സീസണിൽ ഉറ്റു നോക്കുന്നത് ഈ ചിത്രങ്ങളെയൊന്നുമല്ല. യുവ സൂപ്പർ താരമായ പൃഥ്വിരാജ് നായകനാകുന്ന മലയാളത്തിലെ ആദ്യത്തെ ലോക സിനിമ എന്ന പദവിയുമായി എത്തുന്ന പ്രശസ്ത സംവിധായകൻ സന്തോഷ്ശിവന്റെ "ഉറുമി". മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ സിനിമയിൽ അന്യഭാഷയിലെ വലിയ താരങ്ങൾ അണി നിരക്കുന്നു. പ്രഭുദേവ, ആര്യ, ജെനാലിയ,വിദ്യബാലൻ, തബു തുടങ്ങി പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട് ഉറുമിയിൽ.

തുടർച്ചയായ പരാജയങ്ങൾ കൊണ്ട് ക്ഷീണിതനായ പൃഥ്വിരാജിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണു ഉറുമി. "ഒരു മോശം സിനിമയിൽ നല്ല വേഷം ചെയ്യുന്നതിലും ഞാൻ ആഗ്രഹിക്കുന്നത് ഒരു നല്ല സിനിമയിൽ അത്ര വലിയതൊന്നുമല്ലെങ്കിലും ഒരു വേഷം ചെയ്യുന്നതാണു. എന്നാൽ അത്ഭുതകരമെന്ന്പറയട്ടെ ഈ സിനിമ ഒരു ഗംഭീര സിനിമയും ഇതിലെ എന്റെ വേഷം അതി ഗംഭീരമാവുകയും ചെയ്തിരിക്കുന്നു" എന്ന് തന്റെ ഏത് പൊളിഞ്ഞ പടത്തിന്റെയും അഭിമുഖങ്ങളിൽ പറയാൻ യാതൊരു മടിയും കാണിക്കാത്ത പൃഥ്വിരാജിനു ഒരിക്കല്ലെങ്കിലും ഈ പറഞ്ഞ കാര്യം യഥാർത്ഥ്യമാവാൻ ഉറുമി സഹായിക്കട്ടെ എന്നു കരുതാം.

എല്ലാ സിനിമകളും വിജയിക്കട്ടെ എന്നും, ഇനിയും ഒരുപാട് ബിഗ് ബഡജറ്റ് സിനിമകൾ ഉണ്ടാവട്ടെ എന്നും നമ്മുക്ക് ആശംസിക്കാം.

* ഉറുമി വിജയിച്ചാൽ പൃഥ്വിരാജ് നാഷണൽ സ്റ്റാർ ആയി മാറും.. ഇനി പൊളിഞ്ഞാലോ..?

** ഇതുവരെ കേരളത്തിൽ മാത്രം നാറിയാൽ മതിയായിരുന്നു, ഇതിപ്പോ ഇന്ത്യ മൊത്തം നാറേണ്ടി വരുമല്ലോ ദൈവമേ..!

ആറന്മുള്ള പൊന്നമ്മ അന്തരിച്ചു.മലയാളത്തിൽ അമ്മ , മുത്തശ്ശി വേഷങ്ങളിലൂടെ പ്രശസ്തയായ ആറന്മുള്ള പൊന്നമ്മ (96) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ആദ്യ കാല നായക നടന്മാരുടെ മുതൽ ഇന്നത്തെ മുൻ നിരനായകന്മാരുടെ വരെ അമ്മ വേഷങ്ങളിലും മുത്തശ്ശി വേഷങ്ങളിലും തിളങ്ങിയ മലയാളത്തിന്റെ അമ്മ ഇനി ഓർമ്മ മാത്രം

ആദരാഞ്ജലികൾ..


ലിവിംഗ് ടു ഗെദർ
മലയാളികൾ എന്നും കാണാൻ ആഗ്രഹിക്കുന്ന ഒരു പിടി നല്ല സിനിമകളുടെ സംവിധായകൻ ആണു ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ തുടങ്ങിയ ആ നല്ല സിനിമകളുടെ വസന്തം എന്റെ മാമ്മാട്ടികുട്ടിയമയ്ക്കും നോക്കത്താ ദൂരത്ത് കണ്ണു നട്ട്, എന്നെന്നും കണ്ണേട്ടന്റെ, പൂവിനു പുതിയ പൂന്തെന്നൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,എന്റെ സൂര്യപുത്രിക്ക്,പപ്പയുടെ സ്വന്തം അപ്പൂസ്, മണിചിത്രത്താഴ്, അനിയത്തിപ്രാവ് എന്നീ സിനിമകളിലൂടെ മലയാളികൾ അനുഭവിച്ചറിഞ്ഞതാണു. എന്നാൽ ഹരികൃഷ്ണൻസും കഴിഞ്ഞ് ലൈഫ് ഈസ് ബ്യൂട്ടിഫുളിൽ എത്തിയപ്പോൾ ഫാസിൽ ടച്ച് എന്നത് കൈവിട്ട് ഒരു നല്ല സിനിമ എന്ന നിലയിലേക്ക് മാത്രം ആ ചിത്രം ഒതുങ്ങി.

കൈയെത്തും ദൂരത്ത് ഒന്നു രണ്ട് സീനുകളിലെങ്കിലും ഒരു നല്ല ചിത്രമാകുമായിരുന്നു എന്ന് തോന്നിപ്പിച്ച സിനിമയായിരുന്നു. വിസ്മയത്തുമ്പത്താകട്ടെ ഫാസിൽ എന്ന നല്ല സംവിധായകന്റെ പതനത്തിന്റെ ആരംഭം സൂചിപ്പിക്കുന്ന ചിത്രമായിരുന്നു. മോസ് & ക്യാറ്റിൽ നമ്മൾ കണ്ടത് സംവിധാനത്തിലും രചനയിലും ദയനീയമായി പരാജയപ്പെട്ടു നിൽക്കുന്ന ഫാസിലിനെയാണു.

ഇതെല്ലാം കഴിഞ്ഞ് പുതുമുഖങ്ങളുടെ ലിവിംഗ് ടുഗെദർ എന്ന ചിത്രവുമായി ഫാസിൽ വീണ്ടും മലയാളികൾക്ക് മുന്നിൽ എത്തിയിരിക്കുന്നു. തന്റെ തന്നെ ചിത്രങ്ങൾ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വൻ വിജയങ്ങൾ നേടിയ ചരിത്രമുള്ള സംവിധായകനാണു ഫാസിൽ. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ലിവിംഗ് ടുഗെദറിനെ പറ്റി ഒറ്റവാക്കിൽ പറഞ്ഞാൽ അന്യഭാഷയിൽ പോയിട്ട് സ്വന്തം ഭാഷയിൽ പോലും കാണിക്കാൻ പറ്റാത്ത അത്ര മോശമായ ഒരു സൃഷ്ടി.

യന്തിരനും അവതാറുമൊക്കെ കാണുന്നവരാണു മലയാളികൾ, അതു കൊണ്ട് ഒരു മലയാളിത്തം നിറഞ്ഞ സിനിമ താനായിട്ട് ഒണ്ടാക്കി മലയാളികൾക്ക് സമർപ്പിച്ചാലോ എന്ന് ചിന്തിച്ചിട്ടാവും ഫാസിൽ ഇങ്ങനെ ഒരു ശ്രമം നടത്തിയത്. പക്ഷെ 2011ൽ ഇറങ്ങിയ ഈ സിനിമ 90ലും 80ലും 70ലും എന്തിനു സിനിമ ഉണ്ടായ അന്നു ഇറക്കിയാൽ പോലും നിലം തൊടില്ലായിരുന്നു എന്നതാണു പരമാർത്ഥം.

ഈ സിനിമയിലെ പ്രധാന അഭിനേതാക്കൾ പുതുമുഖങ്ങളാണു. അതു കൊണ്ട് തന്നെ അതിശക്തമായ അഭിനയമാണു എല്ലാവരിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. നാളത്തെ മോഹൻലാലോ ശങ്കറോ ആയി ഇതിലെ നടന്മാർ മാറിയാൽ തെറ്റു പറയാനൊക്കില്ല. നായിക നാളത്തെ പൂർണിമ തന്നെ ഉറപ്പിച്ചു. ഫാസിൽ സിനിമകളുടെ സ്ഥിരം ചേരുവകൾ ഉള്ളത് കൊണ്ട് അതേ നടീനടന്മാരൊക്കെ ഈ സിനിമയിലും വന്ന് പോകുന്നുണ്ട്. അഭിനയത്തേക്കാൾ ഈ സിനിമയിൽ മികച്ച് നിൽക്കുന്നത് ഇതിന്റെ കഥയാണു. ഇപ്പോഴും ഇങ്ങനെയൊക്കെ കഥ എഴുതാൻ ഇന്ന് മലയാള സിനിമയിൽ ഫാസിൽ മാത്രമേ ഉള്ളു എന്നാണു തോന്നുന്നത്. വളരെ പുതുമയുള്ള യുവതി-യുവാക്കൾക്ക് 100% ഇഷ്ടപ്പെടുന്ന ഒരു ക്ലീൻ എന്റെർടെയ്നർ (പരസ്യമാണേ)ഇതൊക്കെ കണ്ട് ദയവ് ചെയ്ത് നിങ്ങൾ ഈ സിനിമ കാണാൻ കയറരുത് കാരണം ഇത് നിങ്ങൾ കണ്ട് കഴിഞ്ഞാൽ നാളെ ഒരു മനോഹരമായ ചിത്രവുമായി ഫാസിൽ വന്നാൽ പോലും ഒരു കുട്ടി പോലും ആ വഴി തിരിഞ്ഞു നോക്കില്ല..!

*സിനിമകളെ കുറ്റം പറയുന്നത് പണ്ടേ ഇഷ്ടമല്ല. പക്ഷെ ഇതൊക്കെ കണ്ട് എങ്ങനെ പറയാതിരിക്കും..!!

*സുരാജിന്റെ ഭാഷയിൽ പറഞ്ഞാൽ പെറ്റതള്ള സഹിക്കൂല്ല...!!!

മേക്കപ്പ്മാന്റെ റേസും ഗദാമയുടെ പയ്യൻസും.
ടൈറ്റിൽ കണ്ട് തെറ്റിദ്ധരിക്കണ്ട. അടുത്തിടെ കണ്ട സിനിമകളുടെ അഭിപ്രായങ്ങൾ കണ്ട ഉടൻ ഇടാൻ കഴിഞ്ഞില്ല. അതു കൊണ്ട് ഒറ്റ പോസ്റ്റിൽ 4 സിനിമകളുടെയും കൂടി ഒരുമിച്ച് ഇടുകയാണ്.

ഗദാമ.

കാവ്യാ മാധവൻ അനുഭവിച്ച ജീവിതം അഭിനയിച്ചു കാണിക്കുന്ന സിനിമ എന്ന പരസ്യം കണ്ടതാണു ഈ സിനിമ താല്പര്യപൂർവ്വം കാണാനുള്ള കാരണം. കണ്ട് കഴിഞ്ഞപ്പോൾ ഇതിൽ കാണുന്നതു പോലെയൊക്കെ കാവ്യ ശരിക്കും അനുഭവിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരായവരെ മുക്കാലിക്കിട്ട് അടിക്കണം എന്നു തോന്നുക സ്വാഭാവികം.

സിനിമയിലേക്ക് വരാം. കുടുമ്പ പ്രരാബ്ദ്ധം മൂലം സൗദി അറേബ്യയിലേക്ക് വീട്ടു ജോലിക്കാരി (അവിടെ അതിനു പറയുന്ന പേരാണു ഗദാമ) യായി പോകുന്ന അശ്വതി എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടി അവിടെ ചെന്നെത്തി കൊണ്ട് അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളുടെയും ദുരിതങ്ങളുടെയും കഥയാണു ഗദാമ. അശ്വതിയുടെ കഥ പറയുന്നതിനേടൊപ്പം തന്നെ മറ്റു പലരുടെയും പ്രവാസ ജീവിതം ഇതിലൂടെ അവതരിപ്പിക്കുന്നു.

പെരുമഴക്കാലം എന്ന സിനിമയിൽ അനുഭവപ്പെട്ടിരുന്ന ഇഴച്ചിൽ ഒഴിവാക്കി കൊണ്ട് അതേ ഗണത്തിൽ പെടുത്താവുന്ന ഒരു നല്ല സിനിമ ഒരുക്കാൻ കഴിഞ്ഞതിൽ കമലിനു അഭിമാനിക്കാം. കാവ്യയുടെ മികച്ച അഭിനയത്തോടൊപ്പം തന്നെ ശ്രീനിവാസന്റെ റസാക്ക് എന്ന സാമൂഹ്യ പ്രവർത്തകന്റെ വേഷവും സുരാജിന്റെ വില്ലൻ ടച്ച് ഉള്ള വേഷവും ശ്രദ്ധിക്കപ്പെടുന്നതാണു. മികച്ച ഛായാഗ്രഹണവും എഡിറ്റിഗും ഈ നല്ല തിരക്കഥയുള്ള സിനിമക്ക് കൂടുതൽ മിഴിവേകി. ഗ്രാഫിക്സ് ഉൾപ്പെട്ട ചില സീനുകളിൽ സംഭവിച്ച പാളിച്ചകൾ ഒഴുച്ചു നിർത്തിയാൽ ഗദാമയിൽ പറയത്തക്ക മറ്റ് കുറവുകൾ ഒന്നും തന്നെയില്ല.

*ചുമന്ന സാരി ഉടുത്ത് "ഞാൻ ദുബായിൽ വീട്ടു ജോലി ചെയ്യുന്നു പരമ സുഖം" എന്നു പരസ്യത്തില്‍ പറയുന്ന നടിയും ഗദാമയിലെ കാവ്യയുടെ വീട്ടു ജോലിക്കാരിയും തമ്മിൽ യാതൊരു തരത്തിലും ഒത്തു പോകുന്നില്ല...!

** അത് ദുഫായ്.. ഇത് സൗദിയാ സൗദി...അല്ലേ...!!

മേക്കപ്പ് മാൻ

മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന മെഗാ ഹിറ്റുനു ശേഷം ഷാഫിയുടെതായി പുറത്തിറങ്ങിയ ജയറാം നായകനായ ചിത്രമാണു മേക്കപ്പ് മാൻ. രജപുത്ര വിഷ്വൽസിന്റെ ബാനറിൽ രഞ്ജിത്ത് ആണു ഇതിന്റെ നിർമ്മാതാവ്. മേരിയുടെ കുഞ്ഞാടിനു മുൻപേ റിലീസ് ചെയ്യേണ്ട സിനിമ ആയിരുന്നു മേക്കപ്പ് മാൻ. പക്ഷെ ഇതിന്റെ ഷൂട്ടിംഗ് പകുതി വഴിക്ക് നിർത്തി വെച്ചാണു ഷാഫി കുഞ്ഞാട് എടുക്കാൻ പോയത്. സംവിധായകൻ പാതി വഴിയിൽ ഉപേക്ഷിച്ചു പോയത് എന്ത് കൊണ്ടാണു എന്ന് ഈ സിനിമ കാണുമ്പോൾ നമ്മുക്ക് വ്യക്തമാകുന്നതാണു. സച്ചി - സേതു ടീം ആണു ഇതിന്റെ തിരകഥ രചിച്ചിരിക്കുന്നത്.

ജയറാമിന്റെ നായിക ആയി എത്തുന്നത് ഷീല (മായാബസാർ) ആണു. ജയറാം അവതരിപ്പിക്കുന്ന ബാലു എന്ന കഥാപാത്രവും ഷീല അവതരിപ്പിക്കുന്ന അനാമിക എന്ന കഥാപാത്രവും പ്രണയത്തിലാണു. ഇവർ ഒളിച്ചോടുകയും യാദൃശ്ഛികമായി അതേ തികച്ചും യാദൃശ്ഛികമായി അനാമിക സിനിമ നടിയാവുകയും ജയറാം അനാമികയുടെ മേക്കപ്പ് മാൻ ആവുകയും ചെയ്യേണ്ടി വരുന്നു. ഇവർ വിവാഹിതരാണെന്ന് അറിയുന്നത് സുരാജിന്റെ കഥാപാത്രത്തിനു മാത്രം. അനാമിക നായികയാകുന്ന സിനിമയുടെ സംവിധായകനായ സിദിഖിനു അനാമികയോട് തോന്നുന്ന ഇഷ്ടവും പിന്നെ അനാമികയും ബാലുവും തമ്മിലുള്ള പ്രശ്നങളുമൊക്കെയായി സിനിമ അങ്ങു കൊഴുക്കുന്നു.

സുരാജ്, സലീ കുമാർ, ജഗദീഷ് ഇവരെല്ലാം കോമഡി പറയുക എന്ന തങ്ങളുടെ ഭാഗം വൃത്തിയായി നിർവ്വഹിച്ചു. ഈ കാര്യത്തിൽ പണ്ടേ മിടുക്കനായ ജയറാം ആകട്ടെ ഉഗ്രൻ പെർഫോമൻസാണു കാഴ്ച്ച വച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം പടം കൈവിട്ടു പോയെങ്കിലും സബ്ജക്ട് കോമഡിയായതു കൊണ്ട് അതൊന്നും കാര്യമാക്കേണ്ടതില്ല.കുഞ്ചാക്കോ, പൃഥ്വി എന്നിവർ അതിഥി വേഷത്തിൽ ഉണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മൊത്തത്തിൽ മേക്കപ്പ്മാൻ ഇപ്പൊഴത്തെ ട്രെൻഡിലെ കോമഡി ചിത്രങ്ങളുടെ കൂട്ടത്തിൽ ഒന്നു കൂടി.

*ഈ സിനിമ ഒരു സൂപ്പർ ഹിറ്റ് ആവേണ്ടതാണു..!

** ഇനി അഥവ അങ്ങിനെ ആയില്ലെങ്കിൽ അതിനു കാരണം നല്ല നിലവാരമുള്ളതോ, ഒട്ടും നിലവാരമില്ലാതതോ ആയ കോമഡികൾ ഈ സിനിമയിൽ ഇല്ല എന്നതു കൊണ്ട് മാത്രമാകണം..!!

റേസ്.

മലയാളത്തിൽ ഈയിടെ ഇറങ്ങിയ ട്രാഫിക്ക്, കോക്ക്ടെയിൽ പോലുള്ള സിനിമകളുടെ ഗണത്തിൽ പെടുന്നതാണു കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത റേസ്. വീരാളിപ്പട്ട് എന്ന പൃഥ്വിരാജ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ, ഇന്ദ്രജിത്ത് എന്നിവരെ നായകന്മരാക്കിയാണു റേസ് ഒരുക്കിയിരിക്കുന്നത്. ഈ സിനിമയുടെ ആദ്യ ന്യൂനത ഇതിന്റെ പേരു തന്നെയാണു. റേസ് എന്ന പേരിൽ ഒരു കിടിലൻ ചേസ് / ഫാസ്റ്റ് മൂവി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർക്ക് കാണേണ്ടി വരുന്നത് വല്ലാതെ ഇഴഞ്ഞു നീങ്ങുന്ന ഒരു സിനിമയാണു.

കോക്ക്ടെയിലിനോട് സാദൃശ്യം പുലർത്തുന്നതാണു റേസിന്റെ കഥാപശ്ഛാത്തലവും. പ്രശസ്തനായ കാർഡിയോളജിസ്റ്റ് ആണു ഡോ. എബി. (കുഞ്ചാക്കോ). എബിയുടെ ഭാര്യ നിയയും(മമത) മകളും അടങ്ങിയതാണു അദ്ദേഹത്തിന്റെ കുടുംബം. മികച്ച കാർഡിയോളജിസ്റ്റിന്റെ അവാർഡ് വാങ്ങാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പോകുന്നതിനിടയിലാണു തന്റെ മകൾ കിഡ്നാപ്പ് ചെയ്യപ്പെട്ട വിവരം എബി അറിയുന്നത്. നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്നൊരാളാണു ഈ കിഡ്നാപ്പിനു പിന്നിൽ. കുട്ടിയെ മോചിപ്പിക്കുന്നതിനായി അയാൾ വൻ തുക ആവശ്യപ്പെടുന്നു.

ആരാണു നിരഞ്ജന്‍.? എന്താണു അയാളുടെ ലക്ഷ്യം എന്നിവയൊക്കെയാണു പിന്നീടുള്ള രംഗങ്ങളിൽ. ഇന്ദ്രജിത്തിന്റെ അഭിനയമാണു ഈ സിനിമയിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നു. കാണികളെ ത്രിൽ അടിപ്പിക്കുന്ന വിധം സിനിമ ഒരുക്കുന്നതിൽ കുക്കു സുരേന്ദ്രൻ പാടെ പരാജയപ്പെട്ടിരിക്കുന്നു. കുഞ്ചാക്കോയും മമതയും ജഗതിയും ഗൗരിയുമെല്ലാം തങ്ങളാലാവുന്ന വിധത്തിൽ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. വളരെ കുറച്ചു കഥാപാത്രങ്ങളെ ഈ സിനിമയിലുള്ളു. ഒരു നല്ല സന്ദേശം സമൂഹത്തിലെത്തിക്കുക എന്ന ഒരു ഉദ്ദേശം ഈ സിനിമയ്ക്കുണ്ടായിരുന്നുവെങ്കിലും അതിനു കഴിയാൻ അണിയറക്കാർക്ക് സാധിച്ചില്ല. പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സും കൂടിയായപ്പോൾ പ്രേക്ഷകർക്ക് തിയറ്ററിനു പുറത്തേക്കുള്ള റേസ് ആയി ഈ സിനിമ മാറി.

* സംഭാഷണ രചയിതാവായി റോബിൻ തിരുമലയുടെ പേരു കണ്ടപ്പോഴെ ഇതിന്റെ ഭാവി ഊഹിച്ചതാണു. പക്ഷെ രാജേഷ് പിള്ളയുടെ അനുഭവം ഉള്ളത് കൊണ്ട് കാണാമെന്ന് വെച്ചു..!

** എവിടുന്ന്.. ഇത് പന്തിരാണ്ടു കൊല്ലം കുഴലിൽ ഇട്ടാലും പഴയ പോലെ തന്നെ...!!

പയ്യൻസ്.

യൂത്ത് ഐക്കൺ, അപ്കമിംഗ് സ്റ്റാർ എന്നൊക്കെ വിശേഷിപ്പിക്കുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണു പയ്യൻസ്. പച്ചമരത്തണലിൽ എന്ന ചിത്രത്തിനു ശേഷം ലിയോ തദേവൂസ് ആണു ഈ സിനിമ തിരകഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അങ്ങാടി തെരു ഫെയിം അഞ്ജലി ആണു ഇതിൽ ജയസൂര്യയുടെ നായിക. ഇന്നത്തെ യുവത്വത്തിന്റെ ഉത്തരവാദിത്തമിലായ്മയിലേക്ക് ആണു ഈ ചിത്രം വിരൽ ചൂണ്ടുന്നത്. വളരെ പുതുമയുള്ള സബ്ജക്ട് അല്ലേ..

ജയസൂര്യയാണു ആ ഉത്തരവാദിത്വം ഇല്ലാത്ത പയ്യൻസിന്റെ വേഷം അഭിനയിച്ച് ഫലിപ്പിക്കുന്നത്. ജയസൂര്യയുടെ അമ്മയായി രോഹിണിയും, അഛനായി ലാലും വേഷമിടുന്നു. സിനിമയുടെ ആദ്യ പകുതി അമ്മ - മകൻ ബന്ധത്തിന്റെ പരിപാവനമായ ചിത്രീകരണം ആണെങ്കിൽ രണ്ടാം പകതി അഛൻ - മകൻ ബന്ധത്തിന്റെ കരുത്ത് വിളിച്ചോതുന്ന സീനുകളാൽ സമ്പന്നമാണു. അവസാനം പയ്യൻസ് തിരിച്ചറിവു നേടുന്നതൊക്കെ കണ്ടാൽ കണ്ണൂ നിറഞ്ഞ് പോകും സത്യം..

പച്ചമരത്തണലിൽ സംഭവിച്ച പിഴവുകൾ ഇനിയും മനസ്സിലാക്കാനോ തിരുത്താനോ ലിയോ തയ്യാറായിട്ടില്ല എന്നതിന്റെ ഉദാഹരണമാണു ഈ സിനിമ. ജയസൂര്യയുടെ ഹെയർ സ്റ്റയിൽ മാറ്റിയത് കൊണ്ടോ കുറേ കളർഫുൾ വസ്ത്രങ്ങൾ ധരിപ്പിച്ചത് കൊണ്ടോ, ഇംഗ്ലീഷ് സ്റ്റയിൽ പാട്ടുകൾ തിരുകി കേറ്റിയതു കൊണ്ടോ പടം യൂത്ത്ഫുൾ ആകില്ല എന്നത് ലിയോ തിരിച്ചറിയണമായിരുന്നു.

ആവശ്യത്തിൽ കൂടുതൽ സെന്റിമെന്റ്സ് സീനുകൾ ഉള്ളത് ഇത്തരം സിനിമളെ ദോഷകരമായെ ബാധിക്കു എന്ന് തിരകഥകൃത്തുക്കളും സംവിധായകരും മനസ്സിലാക്കാത്തത് എന്ത് കൊണ്ടാണു. എന്തിനു ഈ സിനിമയിൽ ഒരു നായിക എന്ന് കാണികളെ കൊണ്ട് ചോദിപ്പിക്കാനും തിരകഥാകൃത്ത് കൂടിയായ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

ഈ സിനിമ കാണുന്ന ചിലർക്കെങ്കിലും ഇത് തങ്ങളുടെ കഥയല്ലേ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതാണു, അതു മാത്രമാണു ഈ സിനിമയുടെ ഒരേ ഒരു മേന്മ. ഇത് മനസ്സിലാക്കി കുറവുകൾ പരിഹരിച്ച് കൊണ്ട് ഒരു മികച്ച സിനിമയുമായി വരാൻ സംവിധായകൻ ലിയോക്ക് കഴിയട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

*ആദ്യം നല്ലവനും ഇപ്പോ പയ്യൻസും.. യൂത്ത് അപ്കമിംഗ് സ്റ്റാറും യുവ സൂപ്പർ സ്റ്റാറിന്റെ പാതയിൽ തന്നെ..! **വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ..!!

Followers

 
Copyright 2009 b Studio. All rights reserved.