RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം
Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Drishyam / ദൃശ്യം


പിതാവിനും പുത്രനും




ട്രാക്ക് ആന്റ് ട്രോളി ക്രിയേഷൻസിന്റെ ബാനറിൽ ദീപേഷ് ടി സംവിധാനം ചെയ്ത ചിത്രമാണു പിതാവിനും പുത്രനും. ചിത്രീകരണ സമയത്ത് ഈ സിനിമയുടെ പേരു പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നായിരുന്നു. എന്നാൽ പിന്നീടതിലെ പരിശുദ്ധാത്മാവ് എടുത്തുമാറ്റുകയുണ്ടായി. ആദ്യമേ പറയട്ടെ ഇത് ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായപ്രകടനമല്ല. കാരണം ഈ സിനിമ ഇതു വരെ തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല. എങ്കിൽ പിന്നെ ചലച്ചിത്രമേളകളിലോ മറ്റ് റിലീസ് ചെയ്തിരിക്കും എന്ന് കരുതുകയാണെങ്കിലും ഇല്ല എന്ന് തന്നെയാണു ഉത്തരം. 

റിലീസ് ചെയ്യാത്ത ഇതു വരെ കണ്ടിട്ടില്ലാത്ത സിനിമയെ കുറിച്ച് ഒരിക്കലും അഭിപ്രായം പറയാൻ കഴിയില്ല. പക്ഷെ ഈ സിനിമ സെൻർ ബോർഡ് സെൻർ ചെയ്ത് കൊടുക്കില്ല എന്ന് നിർമ്മാതാവിനെ രേഖാമൂലം അറിയിച്ചു കഴിഞ്ഞ  ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഒരിടത്തും റിലീസ് ചെയ്യാൻ സാധ്യത ഇല്ല എന്ന് വരുമ്പോഴാണു ഈ സിനിമയ്ക്കൊരു പ്രസക്തി കൈവരുന്നത്. ചിത്രീകരണം കഴിഞ്ഞ് സെൻർ ബോർഡിനു മുന്നിൽ എത്തുന്ന സിനിമ സെൻർ ബോർഡ് അംഗങ്ങൾ കണ്ടതിനു ശേഷമാണു സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റ് അനുവദിക്കുക. എന്നാൽ ഇവിടെ ചിത്രം കാണുക പോലുമില്ലാതെ ഇതിനു സെർട്ടിഫിക്കറ്റ് അനുവദിക്കില്ല എന്ന നിലപാടാണു സെൻർ ബോർഡ് സ്വീകരിച്ചിരിക്കുന്നത് എന്നാണു നിർമ്മാതാവിന്റെ വാദം. 

എന്തായാലും ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യരാജ്യത്ത് ഒരു സിനിമയ്ക്കെതിരെ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് പ്രതിക്ഷേധാർഹം തന്നെയാണു. എന്ത് കൊണ്ട് ഇത്തരമൊരു സമീപനം പിതാവിനും പുത്രനും എന്ന ചിത്രത്തിനെതിരെ ഉണ്ടാകുന്നു. ആരാണു ഈ നീക്കത്തിനു പിന്നിൽ എന്ന് പ്രേക്ഷകർക്ക് സ്വഭാവികമായും സംശയം തോന്നാം. ആ സംശയങ്ങൾക്കുള്ള ഉത്തരം ഈ സിനിമയുടെ തിരകഥ ഒരു സീൻ പോലും മുറിച്ച് മാറ്റാതെ മലയാളം എന്ന വാരികയിൽ പ്രസിദ്ധിപ്പെടുത്തിയത് വായിച്ചു കഴിഞ്ഞാൽ ദുരീകരിക്കാം. ക്ഷമയുള്ളവർക്ക് ആ തിരകഥ ആ വാരികയിൽ നിന്നും മുഴുവനായി വായിക്കാം. അല്ലാത്തവർക്ക് അതിന്റെ സംക്ഷിപ്തരൂപം ചുവടെ കൊടുക്കുന്നു. നേരത്തെ തോന്നിയ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ വായനക്കാർക്ക് സ്വയം കണ്ടെത്താം.

ഒരു കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തിലാണു ഈ കഥ നടക്കുന്നത്. കന്യാസ്ത്രികൾ ആവുന്നവരിൽ ഭൂരിഭാഗവും വീട്ടിലെ പട്ടിണി മൂലവും കഷ്ടപാടുകൾ മൂലവുമാണു അതിലേയ്ക്ക് കടന്നു വരുന്നത്. എന്നാൽ സമ്പന്നയായ ജിജി എന്ന പെൺകുട്ടി ശരിക്കുമുള്ള ദൈവവിളിയാൽ കന്യാസ്ത്രിയായി മാറുന്നു. ക്രിസ്തുവിന്റെ മണവാട്ടിയാവുന്നതോടെ ജിജിയുടെ പേരു സിസ്റ്റർ എൽസീറ്റ എന്നായി മാറുന്നു. എൽസീറ്റ സിസ്റ്റർ ഒരു പുതിയ കന്യാസ്ത്രി മഠത്തിലേയ്ക്ക് സ്ഥലം മാറി വരുന്നതോടെയാണു സിനിമ ആരംഭിക്കുന്നത്. കന്യാസ്ത്രി മഠത്തിൽ സിസ്റ്റർമാരെല്ലാം ഒരോ കൂട്ടുമായാണു നടക്കുക്ക.   അതവർ ലെസ്ബിയൻസ് ആയത് കൊണ്ടാണു എന്നാണു കാണിക്കുന്നത്. 

മഠത്തിലെ എൽസീറ്റയുടെ മുറിയിൽ താമസിക്കുന്ന മറ്റൊരു സിസ്റ്റർ ആണു ജസീന്ത. വികാരിയച്ചനും സിസ്റ്റർ ജസീന്തയും തമ്മിൽ അവിഹിതബന്ധമുണ്ട്. അവർ ഇടയ്ക്കിടക്ക് വേഴ്ച്ചകളിൽ ഏർപ്പെടുന്നു. കന്യാസ്ത്രികൾ പരസ്പരം ബന്ധപ്പെടുന്നു. ഇതെല്ലാം കഥയിലുണ്ട്. എൽസീറ്റ മാത്രം ക്രിസ്തുവിനോടുള്ള അഭൗമീകമായ സ്നേഹത്തിൽ മുഴുകി അവിടെ ജീവിക്കുന്നു. ഇത് മറ്റുള്ളവരുടെ സ്വൈര്യജീവിതത്തിനു തടസ്സ്മാവുന്നു. ഇതിനിടയിൽ എൽസീറ്റ പണികഴിക്കുന്ന ക്രിസ്തുവിന്റെ ശില്പമുണ്ട്. ഈ ശില്പത്തിനോടുള്ള സംഭാഷണങ്ങൾ യേശു എൽസീറ്റയ്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന ഒരു അനുഭവം എൽസീറ്റയ്ക്കുണ്ടാക്കുന്നു. 

പഴയകാലത്ത് ഒരു കപ്പോളച്ചനെ പ്രേമിച്ചതിന്റെ പേരിൽ ഒരു പാട് പഴികൾ കേൾക്കേണ്ടി വന്ന ഒരു വൃദ്ധയായ സിസ്റ്ററും തന്റെ സൗന്ദ്യര്യം തനിക്ക് ശാപമാണെന്ന് ബോധ്യപ്പെട്ടപ്പോൾ പാതി ഭാഗം പൊളിച്ചു കളഞ്ഞ ഒരു കന്യാസ്ത്രിയുമെല്ലാം ആ മഠത്തിലുണ്ട്. കഥയങ്ങനെ മുന്നോട്ട് പോകുമ്പോൾ വികാരിയച്ചനിൽ നിന്നും ജസീന്ത ഗർഭിണിയാവുന്നു. വികാരിയച്ചനോടൊപ്പം ഒളിച്ചോടാൻ ജസീന്ത ആഗ്രഹിക്കുന്നു. എന്നാൽ അച്ചൻ നിർബന്ധിച്ച് ജസീന്തയുടെ അബോർഷൻ നടത്തുന്നു. അതിനു ശേഷം ജസീന്തയെ വിട്ട് മറ്റൊരു കന്യാസ്ത്രിയുമായി അച്ചൻ അടുക്കുന്നു. വികാരിയച്ചൻ ഉപേക്ഷിച്ച നൈരാശ്യത്തിൽ ജസീന്ത സിസ്റ്റർ മഠത്തിലെ നായയുമായി വേഴ്ച്ചയിൽ ഏർപ്പെടുന്നതും കഥയിലുണ്ട്. ഇത്രയും കേട്ടതിൽ നിന്നും താല്പര്യമുള്ളവർക്ക് ഈ തിരകഥ മുഴുവനായും വായിക്കാം. എന്നിട്ട് സ്വയം തിരുമാനിക്കാം ഇത്തരമൊരു സിനിമയെ തടഞ്ഞത് ശരിയാണോ അല്ലയോ എന്ന്.

ഹണി റോസ് നായികയായി വേഷമിട്ട ഈ സിനിമ പുറത്തിറങ്ങിയിരുന്നെങ്കിൽ ആത്മീയതയിൽ മുക്കിയ ലൈഗീകത ആസ്വദിക്കുവനായി ജനം തിയറ്ററുകളിലേക്ക് ഇടിച്ചു കയറുമായിരുന്നു. പക്ഷെ മതം എന്ന ലോകത്തിലെ ഏറ്റവും സെൻസിറ്റീവായ വിഷയത്തെ ഇത്രമേൽ ആക്രമിച്ച് കൊണ്ടുള്ള ഒരു സിനിമ മതേതര രാജ്യം എന്നവകാശപ്പെടുന്ന നമ്മുടെ നാട്ടിൽ അനുവദിക്കാനുള്ളത്ര സഹിഷ്ണുത ഇനിയും പലർക്കും കൈവന്നിട്ടിലായിരിക്കും..!

പട്ടം പോലെ


ഇടുക്കി ഗോൾഡ്


ക്യാമൽ സഫാരി


നോർത്ത് 24 കാതം


ഏഴാമത്തെ വരവ്

ശൃഗാരവേലൻ

D Company


ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്.


കുഞ്ഞനന്തന്റെ കട


കളിമണ്ണ്


പുള്ളിപുലികളും ആട്ടിൻ കുട്ടിയും


ലാൽ ജോസ് സംവിധാനം ചെയ്ത് 2010 ഇൽ പുറത്തിറങ്ങിയ  കുഞ്ചാക്കോ ബോബൻ നായകനായ സിനിമയാണു എൽസമ്മ എന്ന ആൺകുട്ടി. ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ സ്ഥാനം പിടിച്ച ഈ ചിത്രത്തിനു തിരകഥ രചിച്ചത് എം സിന്ധുരാജ് ആയിരുന്നു. എന്നാൽ 2010 നു ശേഷം ഈ കാലമത്രയും സിന്ധുരാജിന്റെ തിരകഥയിൽ ഒരു ലാൽ ജോസ് ചിത്രം പിന്നീട് പുറത്തിറങ്ങിയില്ല.

അതിനു 2013 ആഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടി വന്നു. എന്തു കൊണ്ടാണു അങ്ങനെ സംഭവിച്ചത് എന്ന് സംശയമുള്ളവർ, സംശയമുള്ളവർ മാത്രം പുള്ളിപുലികളും ആട്ടിൻ കുട്ടിയും എന്ന ചിത്രം കാണുക. അതും ലാൽ ജോസ് - കുഞ്ചാക്കോ - സിന്ധുരാജ് കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായതാണു. ഈ ചിത്രം കണ്ട് കഴിയുമ്പോൾ മനസ്സിലാവും സിന്ധുരാജിനു 2 കൊല്ലം ലാൽ ജോസുമായി പടമിലാതിരുന്നതിന്റെ കാര്യകാരണങ്ങൾ..!

 കുട്ടനാടിന്റെ പശ്ചാത്തലത്തിൽ  ഭീകരന്മാരായ 3 ചേട്ടന്മാരുടെയും അവരുടെ തല്ലുകൊള്ളിത്തരങ്ങളുടെ അനന്തരഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ആട്ടിൻ കുട്ടിയായ ഒരു അനിയന്റെയും ഹൃദയസ്പർശിയായ കഥ നർമ്മത്തിൽ ചാലിച്ച് മനോഹരമായി കോർത്തിണക്കിയ ഗാനങ്ങളുടെ അകമ്പടിയോടെ.. മണാങ്കട്ട.. ! എന്നാലും എന്റെ ലാൽ ജോസ് സാറേ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. ശരാശരിയ്ക്കു താഴെയുള്ള ആദ്യ പകുതി,  ഇതിലും നല്ലതായിരുന്നു ഇതേ സിന്ധുരാജിന്റെ ജലോത്സവം എന്ന് തോന്നിപ്പിക്കുന്ന രണ്ടാം പകുതി. അങ്ങനെ ആകെ മൊത്തം ടോട്ടൽ ഒരു അവിഞ്ഞ പടം.

 ഇത്തരം സിനിമകൾ എടുക്കാൻ ലാൽ ജോസിനു പ്രചോദനം നൽകിയത് സൗണ്ട് തോമ പോലെയുള്ള ചിത്രങ്ങളുടെ വിജയങ്ങളായിരിക്കണം. ഒരു സുരക്ഷിത വലയത്തിൽ നിന്ന് കൊണ്ട് എടുക്കുന്ന സിനിമകൾ ഫാമിലി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് സൂപ്പർ ഹിറ്റാക്കും എന്ന തോന്നൽ. ശരിയാണു അങ്ങനെ വിജയങ്ങളുണ്ടാക്കാൻ ദിലീപിനു സാധിക്കുന്നുണ്ട്. അത് പക്ഷെ മികച്ച കോമഡികളുടെയും കഥാപാത്ര അവതരണത്തിലെ വ്യത്യസ്ഥതകൾ കൊണ്ട്മൊക്കെയാണു. അല്ലാതെ ടിന്റു മോൻ തമാശകൾ കുത്തി നിറച്ച് ഒരു തട്ടികൂട്ട് പടം ഇറക്കി ആളെ പറ്റിക്കുന്ന ഏർപ്പാടല്ല അത്.

സുരാജിന്റെയും ഹരിശ്രീ അശോകന്റെയും പിന്നെ 3 ചേട്ടന്മാരുടെയും അല്ലറ ചില്ലറ തമാശകൾ മാത്രമാണു ആകെയുള്ള ആശ്വാസം. നായിക നമിതയുടെ അഭിനയത്തിനു എന്തോ ഒരു വശപിശകില്ലേ എന്ന് തോന്നിപ്പോകും വിധത്തിലാണു പ്രകടനം. നായകൻ കുഞ്ചാക്കോ വളരെ വ്യത്യസ്ഥമായി തന്റെ ഹെയർ സ്റ്റൈയിൽ മാറ്റിയിരിക്കുന്നു. വേറെ വിശേഷിച്ചൊന്നുമില്ല. വില്ലനായ ഷമ്മിതിലകൻ കോമഡി-വില്ലനാണോ സീരിയസ് വില്ലനാണോ എന്ന് തിരകഥാകൃത്തിനു പോലും നിശ്ചയമില്ല.

കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കുമാർ ആണു എന്നത് കൊണ്ട് പ്രത്യേകിച്ചൊരു ഗുണവും ചിത്രത്തിനുണ്ടായിട്ടില്ല. ലാൽ ജോസ് ചിത്രങ്ങളിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ വിദ്യാസാഗറിന്റെ നിഴൽ മാത്രമാണു ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

ലാൽ ജോസ് എന്ന പേരിലുള്ള വിശ്വാസം കൊണ്ട് തിയറ്ററിലേക്ക് ആളുകൾ എത്തുമെന്നും ഈ ചിത്രം മുടക്ക് മുതൽ തിരിച്ച് പിടിക്കുമെന്നും നമ്മുക്കറിയാം. പക്ഷെ പ്രേക്ഷകന്റെ ആ വിശ്വാസം ചൂഷണം ചെയ്തു കൊണ്ടുള്ള ഈ നിലവാര തകർച്ച ലാൽ ജോസിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എന്ത് കാര്യം..! രഞ്ജിത്തിനാവാമെങ്കിൽ എന്ത് കൊണ്ട് ലാൽ ജോസിനുമായിക്കൂടാ..!!!

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി


മലയാള സിനിമയിൽ ഇന്നേ വരെ ഒരു പെർഫക്ട് റോഡ് മൂവി എന്ന നിലയിൽ ഒരു സിനിമ ഇറങ്ങിയിട്ടില്ല. അതു കൊണ്ട് തന്നെയാണു അന്യഭാഷാ ചിത്രങ്ങളിൽ വരുന്ന റോഡ് മൂവികൾ നമ്മുടെ പ്രേക്ഷകർ ആവശത്തോടെ ഏറ്റെടുക്കുന്നത്. പുത്തൻ ആശയങ്ങൾ അലയടിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് മലയാള സിനിമയിലെ ഈ കുറവ് നികത്തണം എന്ന അതിയായ ആഗ്രഹത്തോടെ ആവണം സമീർ താഹിർ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന പേരിൽ ദുൽഖർ സല്മാനെയും സണ്ണിവെയ്നിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഒരു റോഡ് മൂവി അണിയിച്ചൊരുക്കിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് തന്റെ കാമുകിയെ കാണാൻ നാഗാലാണ്ടിലേക്ക് യാത്രയാവുന്ന കാസിമിന്റെയും സുഹൃത്തായ് സുനിയുടെയും യാത്രാവിശേഷങ്ങളാണു ചിത്രം പറയുന്നത്. ഈ യാത്രകൾക്കിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി കൊണ്ട് 2 മണിക്കൂർ 24 മിനുറ്റ് നീളുന്ന ഒരു റോഡ് ട്രിപ്പ്. ദുൽഖറിനും സണ്ണിവെയ്നിനും ഈ ചിത്രത്തിലെ പ്രത്യേകിച്ച് അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവെയ്ക്കാൻ ആയിട്ടൊന്നുമില്ല. കേന്ദ്രകഥാപാത്രങ്ങളുടെ കാര്യം അങ്ങനെയാണെങ്കിൽ പിന്നെ മറ്റുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

 ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ഹാഷിർ മുഹമദ് ആണു. ഇത്തൊരമൊരു ചിത്രത്തിനു ആവശ്യമായി വേണ്ടതും ഒട്ടും ആവശ്യമില്ലാത്തതുമായ എല്ലാ കാര്യങ്ങളും ചേർത്താണു അദ്ദേഹം തിരകഥ തയ്യാറാക്കിയിരിക്കുന്നത്. സമീർ താഹിർ എന്ന ഛായാഗ്രാഹകന്റെ സംവിധാനത്തിൽ വരുന്ന ചിത്രം എന്ന നിലയ്ക്ക് ഒരു അഭൂതപൂർവ്വമായ ദൃശ്യഭംഗി പ്രതീക്ഷിച്ച് വരുന്നവരെ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ കുറച്ചൊന്നു നിരാശപ്പെടുത്തുന്നുണ്ട്.

 സംവിധായകൻ എന്ന നിലയ്ക്ക് ഇനിയും ഒരുപാട് ഒരുപാട് ദൂരം സമീർ താഹിർ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് ചിത്രം തെളിയിക്കുന്നു. വ്യക്തമായ ടാർജറ്റഡ് ഓഡിയൻസിനു വേണ്ടിയാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തയ്യാറാക്കിയിരിക്കുന്നത്. അത് തിയറ്ററുകളിലെ യുവാക്കളുടെ തിരക്ക് ശരിവെയ്ക്കുന്നുമുണ്ട്. പക്ഷെ ഒരല്പം യുവത്വം വിട്ടു തുടങ്ങിയവർക്ക് ഈ സിനിമ മൊത്തത്തിൽ അങ്ങ് ദഹിക്കണമെന്നില്ല. സിനിമ എന്നത് ഏത് തരക്കാർക്കും രസിക്കണം എന്ന ഉദ്ദേശത്തെ വെല്ലു വിളിച്ചു കൊണ്ട് മലയാള സിനിമകൾ ഇറങ്ങി തുടങ്ങിയ ഈ കാലത്ത് ഈ ന്യൂനത ഈ സിനിമയെ ഒട്ടും ബാധിക്കാൻ പോകുന്നില്ല.

യുവത്വത്തിനു പല നല്ല രീതികളിലുമുള്ള സന്ദേശങ്ങൾ ഈ സിനിമ നൽകുന്നുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അല്ലെങ്കിൽ മുഖ വിലയ്ക്കെടുക്കാതെ അപ്പനും അമ്മയും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സമ്പാദിച്ച കാശ് കൊണ്ട് ഒരു ബുള്ളറ്റുമെടുത്ത് ഇതിലെ നായകനെ പോലെ ലോകം ചുറ്റാം എന്ന പ്രചോദനമാണു ഈ സിനിമയെ ആവേശപൂർവ്വം ഏറ്റെടുത്ത പുതിയ തലമുറ മനസ്സിലാക്കിയിരിക്കുന്നത് എങ്കിൽ ഒന്നോർക്കുക. ഒരു യുവത്വകാലത്തിന്റെ മാത്രം ആഘോഷമല്ല ജീവിതം. അത് മറ്റെന്തെക്കെയോ ആണു. തീർച്ചയായും അത് മറ്റെന്തെക്കെയോ ആണു..!!

മെമ്മറീസ്


ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ ക്രാഫ്റ്റ് തെളിയിച്ച സംവിധായകൻ ആണു ജിത്തു ജോസഫ്.ഡിറ്റക്ടീവ് നല്ല പടമായിരുന്നെങ്കിലും അത് ശ്രദ്ധിക്കപ്പെടാതെ പോയത് റിലീസിലും പബ്ലിസിറ്റിയിലും വന്ന പാളിച്ചകൾ മൂലമായിരുന്നു.  തുടർന്നു വന്ന മമ്മീ & മീയും മൈ ബോസുമെല്ലാം ജിത്തുവിനു പേരുദോഷം കേൾപ്പിക്കാത്തവ ആയിരുന്നു. ഇതിൽ മൈബോസ് ഒരു സൂപ്പർഹിറ്റ് അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ വരുന്ന വിജയം കരസ്ഥമാക്കുകയും ചെയ്തു.

 ഒരേ രീതി പിന്തുടരാതെ വ്യത്യസ്ഥമായ പ്രമേയങ്ങൾ സ്വീകരിച്ചു വന്ന ജിത്തു ജോസഫ് ഒരു മർഡർ സസ്പെൻസ് കഥയുമായാണു ഇത്തവണ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. തുടർച്ചയായി വ്യത്യസ്ത വേഷങ്ങൾ ചെയ്ത് കരിയറിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് ആണു ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകൻ.

മെമ്മറീസ് എന്ന ഈ ചിത്രം പറയുന്നത് സർവീസിൽ നിന്ന് ലീവ് എടുത്ത് വീട്ടിൽ കഴിയുന്ന ഒരു മദ്യപാനിയായ പോലീസ് ഉദ്യോഗസ്ഥന്റെയും സാഹചര്യ സമർദ്ദങ്ങളാൽ അയാൾ ഏറ്റെടുക്കേണ്ടിവരുന്ന ഒരു കൊലപാതക പരമ്പരയുടെയും കേസന്വേഷണത്തിന്റെ കഥയാണു. ഇത്തരം സിനിമകളിൽ എസ് എൻ സ്വാമി മുതൽ ശ്രീ ബി ഉണ്ണികൃഷ്ണൻ വരെ മലയാള സിനിമയിൽ സ്വീകരിച്ചിട്ടുള്ള ഒരു പതിവ് രീതിയുണ്ട്. ഈ രീതികളെല്ലാം കാറ്റിൽ പറത്തി കൊണ്ട് ബോബി സഞ്ജയ് എഴുതിയ മുബൈ പോലീസാകട്ടെ അതിലെ ക്ലൈമാക്സിനാൽ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തു.

 എത്ര വ്യത്യസ്ഥത ആഗ്രഹിച്ചാലും മലയാളികളുടെ പൊതുവായ സാമാന്യ സദാചാര ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന ഒരു കഥയെ അവർ സ്വീകരിക്കുകയുള്ളു. അല്ലാത്തവ അംഗീകരിക്കും പക്ഷെ വർഷങ്ങൾ ഏറെ കഴിയേണ്ടിവരും എന്നു മാത്രം. മുബൈപോലീസിൽ പറ്റിയ വീഴ്ച്ച കൃത്യമായി മനസിലാക്കി കൊണ്ടാണു ജിത്തു ജോസഫ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പരസ്പര ബന്ധമില്ലാത്ത ചെറുപ്പക്കാർ ഒരേ രീതിയിൽ കൊല്ലപ്പെടുന്നു. എങ്ങനെ കൊല്ലപ്പെടുന്നു എന്ന് നാം ആദ്യമേ കാണുന്നുണ്ട്. ആരു എന്തിനു ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ഈ സിനിമയിലൂടെ നൽകുന്നത്.

പാപത്തിന്റെ ശബളം മരണമാണു എന്നതാണു സാധാരണ സിനിമകളിൽ പല കൊലകൾക്ക് പിന്നിലെയും കാരണം. എന്നാൽ അവിടെയാണു മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയം. ഏതെങ്കിലും ഇംഗ്ലീഷ് ചിത്രത്തിൽ നിന്ന് അടിച്ചു മാറ്റിയതല്ലെങ്കിൽ ഇനി അഥവ ആണെങ്കിൽ കൂടി ഇത്തരമൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ ജിത്തു ജോസഫ് വിജയിച്ചിരിക്കുന്നു. ചടുലമായ ആക്ഷൻ രംഗങ്ങളോ ത്രസിപ്പിക്കുന്ന ഡയലോഗുകളോ ഒന്നുമില്ലാതെ ആദ്യവസാനം ഒരേ മൂഡിൽ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതിൽ എഡിറ്ററും ഛായാഗ്രാഹകനും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

അഭിനേതാക്കളിൽ സാം അലക്സ് എന്ന പോലീസ് ഉദ്യേഗസ്ഥനായി വേഷമിട്ട പൃഥ്വിരാജ് ഒരിക്കൽ കൂടി തന്റെ നടന വൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണു. മറ്റ് അഭിനേതാക്കളും തങ്ങളുടെ റോളുകൾ നല്ലതാക്കി. പൃഥ്വിരാജിനെ സ്ക്രീനിൽ കാണിക്കുമ്പോൾ തന്നെ കൂവൂന്ന കൂവൽ തൊഴിലാളികളാരെയും തിയറ്ററിൽ കണ്ടില്ല. കഴിഞ്ഞ കുറച്ച് ചിത്രങ്ങളോടെ എല്ലാവരും കൂട്ടത്തോടെ നാട് വിട്ടെന്നു തോന്നുന്നു. ഒരല്പം സ്ലോ ആണെന്നു തോന്നാമെങ്കിലും ഒട്ടും ബോറടിപ്പിക്കാതെയാണു ജിത്തു ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ചില ഷോട്ടുകൾ മലയാള സിനിമയിൽ തന്നെ വളരെയധികം പുതുമയുള്ളവ ആയിരുന്നു.

കുടുബ പശ്ചാത്തലത്തിൽ പറയുന്ന ഈ സസ്പെൻസ് ചിത്രം ഇത്തരം സിനിമകൾ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.. പിന്നെ കോമഡി ഇല്ല എന്നത് ഒരു വലിയ ന്യൂനത ആയി കാണുന്നവർ ദയവ് ചെയ്ത് ഈ ചിത്രം കാണാതിരിക്കുക. അവസാനമായി ഒന്നു കൂടി പറഞ്ഞോട്ടെ മെമ്മറീസ് കണ്ടു എന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ചിത്രം വളരെ മോശമാണു എന്ന് പറഞ്ഞെങ്കിൽ ഓർക്കുക അയാൾ അന്ധമായി പൃഥ്വിരാജിനെ വെറുക്കുന്ന ഒരാളായിരിക്കും തീർച്ച..!!

തലൈവ

തമിഴകത്തെ ഇളയ ദളപതി വിജയ് നായകനായ പുതിയ ചിത്രമാണു തലൈവ. മദിരാശിപട്ടണം, ദൈവതിരുമകൻ , താണ്ഡവം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ എ എൽ വിജയ് ആണു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ഒരു സാധാരണ വിജയ് പടത്തിൽ കാണുന്ന സ്ഥിരം മസാല ചേരുവകളിൽ നിന്ന് വ്യത്യസ്തമാണു ഈ സിനിമ. തുപ്പാക്കി എന്ന വമ്പൻ ഹിറ്റിനു ശേഷം പുറത്തിറങ്ങുന്ന വിജയ് ചിത്രം എന്ന നിലയ്ക്ക് ആരാധകരുടെ പ്രതീക്ഷകൾ അതേ പടി നിലനിർത്താൻ സാധിച്ചില്ലെങ്കിലും നിരാശരാക്കാതിരിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇന്ത്യൻ ഭാഷകളിൽ പലവുരു ആവർത്തിച്ചിട്ടുള്ള ഗോഡ്ഫാദർ പ്രമേയമാണു ഈ സിനിമയുടെത്. സാക്ഷാൽ മർലിൻ ബ്രൻഡോയും ആല്പച്ചിനോയും അന്വശരമാക്കിയ വേഷങ്ങൾ ഇവിടെ സത്യരാജും വിജയും ആവർത്തിക്കുന്നു. അഛന്റെ മരണത്തിനു പകരം വീട്ടുന്ന മകൻ. നാടുവാഴികളിലെ ലാലും ലേലത്തിലെ സുരേഷ് ഗോപിയും സിംഹാസനത്തിലെ പൃഥ്വിരാജും പോലെ തലൈവയിൽ വിജയും.

ഇടവേളവരെ കഥ നടക്കുന്നത് ആസ്ട്രേലിയയിൽ ആണു. ഇടവേളയ്ക്ക് തൊട്ടു മുൻപുള്ള ഒരു അതിംഗീര ട്വിസ്റ്റ് ആണു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അതിനു ശേഷം ചിത്രം ഒരല്പം ഇഴയുന്നുണ്ടെങ്കിലും വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഒരു പരാതിയിക്കിട നൽകില്ല. പഞ്ച് ഡയലോഗുകൾ കുറവാണെങ്കിലും ഉള്ളത് തിയറ്ററുകളെ ഇളക്കി മറിക്കുന്നവയാണു. ഗാനങ്ങളും, സംഘട്ടനങ്ങളുമെല്ലാം ആരാധകരെ ഹരം കൊള്ളിക്കുന്നു. വിജയ് പക്വതയാർന്ന അഭിനയം കാഴ്ച്ച വെച്ചിരിക്കുന്ന ചിത്രത്തിൽ സത്യരാജ് തന്റെ റോൾ മികച്ചതാക്കി. നായികയായി എത്തുന്ന അമല പോളും മോശമാക്കിയില്ല. കോമഡികൾ കാണിച്ച് സന്താനവും ആളുകളുടെ കയ്യടി നേടുന്നു.

 വിജയ് ആരാധകർ കിടിലം എന്നും സാധാരണ പ്രേക്ഷകർ കുഴപ്പമില്ല എന്നും എതിർ ഫാൻസുകാർ ക്രാപ്പ് എന്നും വിശേഷിപ്പിക്കുന്ന ചിത്രം അതാണു തലൈവ.. (നമ്മളൊരു സാധാരണ പ്രേക്ഷകനാണേ... :) )

കടൽ കടന്ന് ഒരു മാത്തുക്കുട്ടി


അഭിനവ പത്മരാജൻ എന്ന് സിനിമ ലോകം വാഴ്ത്തുന്ന  ശ്രീ രഞ്ജിത് മമ്മൂട്ടിയെ  നായകനാക്കി തിരകഥയെഴുതി സംവിധാനം ചെയ്ത  സിനിമയാണു കടൽ കടന്ന് ഒരു മാത്തുക്കുട്ടി. സാമൂഹ്യ വിമർശനം ആക്ഷേപ ഹാസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവുള്ള രഞ്ജിത്ത് ഈ സിനിമയിലും അത്തരമൊരു പ്രമേയമാണു കൈക്കൊണ്ടിരിക്കുന്നത്.

ജർമനിയിലെ മലയാളി അസോസിയേഷന്റെ പത്തനംതിട്ട ചാപ്റ്ററിന്റെ സില്വർ ജൂബിലി ആഘോഷങ്ങൾക്കായി മോഹൻലാലിനെയും സംഘത്തിനെയും ക്ഷണിക്കാൻ അവിടെ നിന്ന് നാട്ടിലേക്ക് വരുന്ന ജർമൻ മലയാളി ആയ മാത്തുക്കുട്ടിയുടെ കഥയാണു ചിത്രം പറയുന്നത്. ഒരു വിദേശ മലയാളിയെ കൊണ്ട് നമ്മുടെ നാട് സ്വർഗമാണെന്ന് പറയിക്കുകയും അതേ നാവു കൊണ്ട് എന്ത് കൊണാത്തിലെ നാടാണ്ടോ ഇത് എന്ന് മാറ്റി പറയിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയുടെ ഒരു  ഛായാ ചിത്രം വരച്ചിടാനാണു രഞ്ജിത്ത് ശ്രമിച്ചിരിക്കുന്നത്.

എന്നാൽ എന്തിനെയും ഏതിനേയും കണ്ണുമടച്ച് വിമർശിക്കുന്ന മലയാളി സമൂഹത്തിന്റെ മുന്നിലേക്ക് സ്വയം വിമർശനാത്മകമായ ഒരു ചിത്രം ഒരുക്കി വിടുമ്പോൾ ഒരല്പം കൂടി ശ്രദ്ധ തിരകഥാരചനയിൽ കാണിക്കണമായിരുന്നു. നാട്ടിലെത്തുന്ന മാത്തുകുട്ടിക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ഒരു സംഭവത്തെ മാത്രം ആസ്പദമാക്കി കൊണ്ട് ഇടവേളയ്ക്ക് ശേഷം ചിത്രം മുന്നേറുമ്പോൾ പ്രാഞ്ചിയേട്ടനിലും ഇന്ത്യൻ റുപ്പിയിലുമൊക്കെ നമ്മെ അമ്പരിപ്പിച്ച ഒരു തിരകഥാകൃത്തിന്റെ ദയനീയമായ പതനം അവിശ്വസനീയതയോടെ കണ്ടിരിക്കാൻ മാത്രമേ കഴിയുകയുള്ളു.

 ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നാട്ടിലെ മുൻ കാമുകിയായി വരുന്ന പുതു മുഖ നടി മാത്രമേ ഇതിനു കുറച്ച് അപവാദമായുള്ളു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാത്രം മികച്ച വേഷങ്ങൾ ലഭിച്ച് വരുന്ന മുത്തുമണിക്ക് മമ്മൂട്ടിയുടെ ഭാര്യ ആയ ജാൻസമ്മ എന്ന വേഷം ഒരു വലിയ ബ്രേക്ക് ആണു നൽകിയിരിക്കുന്നത്. മോഹൻലാൽ, ദിലീപ് ,ജയറാം, എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും അത് ചിത്രത്തിനു ഒരു ഗുണവും ചെയ്യുന്നില്ല.  എന്നാൽ മമ്മൂട്ടിയുടെ അതിഥി വേഷത്തെ കാണുമ്പോൾ മാത്തുകുട്ടി പറയുന്ന ഡയലോഗ് തിയറ്ററിൽ ഗംഭീരകയ്യടി നേടി.

 മമ്മൂട്ടി എന്ന നടൻ 100 ഇൽ 100 മാർക്കും സ്കോർ ചെയ്തപ്പോൾ പാസ്മാർക്ക് പോലും നേടാൻ രഞ്ജിത്തിന്റെ തിരകഥാകൃത്തിനായില്ല. ഗാനങ്ങളാകട്ടെ തീർത്തും നിരാശപ്പെടുത്തുന്നവയും. ജർമനിയിലെ മനോഹാരിതയോ പത്തനംതിട്ടയിലെ ഗ്രാമഭംഗിയോ ഒന്നും സ്ക്രീനിൽ കാണാനില്ലെങ്കിലും ഛായാഗ്രഹണം മോശമായി എന്ന് പറയാനാകില്ല.

പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത്തിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണു എന്നത് ഒരു നഗ്നസത്യമാണു. ബാവൂട്ടിയുടെ നാമത്തിൽ രഞ്ജിത്തിനു പറ്റിയ ഒരു കയ്യബദ്ധം അല്ല എന്ന് മാത്തുകുട്ടി തെളിയിക്കുന്നു. ഒന്നെങ്കിൽ രജ്ഞിത്തിന്റെ കയ്യിലെ സ്റ്റോക്ക് തീർന്നിരിക്കുന്നു, അല്ലെങ്കിൽ വിജയങ്ങൾ നൽകിയ അമിത ആത്മവിശ്വാസം.. !

എന്തായാലും സിനിമ കഴിഞ്ഞപ്പോൾ തിയറ്ററിൽ ഉണ്ടായ നിർത്താതെയുള്ള കൂവൽ കേട്ടപ്പോൾ ഒന്ന് തോന്നിപ്പോയി, കടൽ കടന്ന് മാത്തുകുട്ടിക്ക് വരാതിരിക്കാമായിരുന്നു..!!

ടൂറിസ്റ്റ് ഹോം


പത്തു കഥാകൃത്തുക്കൾ ഒരു സംവിധായകൻ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ..! ടൂറിസ്റ്റ് ഹോം എന്ന ചിത്രത്തെ കുറിച്ച് റിലീസിനു മുൻപ് പുറത്ത് വന്ന വിശേഷണങ്ങൾ തന്നെ ഈ ചിത്രം കാണാനുള്ള കൗതുകം ഉണ്ടാക്കാൻ പോന്നവയായിരുന്നു. എന്നാൽ മലയാളത്തിലെ മുൻ നിര താരങ്ങൾ ഒന്നും അഭിനയിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ വളരെ പരിമിതമായ റിലീസാണു ഈ ചിത്രത്തിനുണ്ടായത്.

തൊട്ടടുത്ത തിയറ്ററുകളിലൊന്നും സിനിമ റിലീസ് ചെയ്തില്ല. ആകെ ഉള്ളത് മൾട്ടിപ്ലക്സ്സിൽ മാത്രം അതാണെങ്കിൽ ഒരു 100 കിമീ അപ്പുറത്തും. ഇത്രയും ദൂരം യാത്ര ചെയ്ത് സിനിമ കാണുന്നതിൽ ബുദ്ധിമുട്ടുണ്ടായിട്ടല്ല. പക്ഷെ ഇതേ പോലെ പോയി കണ്ട അകം ഏൽപ്പിച്ച ആഘാതത്തിന്റെ ഓർമ്മ വിടാതെ പിന്തുടരുന്നത് കൊണ്ട് ഒരാഴ്ച്ച ഈ സിനിമ കാണാനുള്ള ആഗ്രഹം ഉള്ളിൽ അടക്കി വെച്ചു. രണ്ടാമത്തെ ആഴ്ച്ചയിൽ അടുത്തുള്ള തിയറ്ററിൽ നൂൺ ഷോ മാത്രമായി ഈ സിനിമ വന്നപ്പോൾ ഒട്ടും സമയം കളയാതെ അങ്ങോട്ട് വെച്ചു പിടിച്ചു.

പ്ലസ്ടു എന്ന ചിത്രത്തിനു ശേഷം ഷെബി സംവിധാനം ചെയ്ത സിനിമയാണു ടൂറിസ്റ്റ് ഹോം. 10 പേർ ചേർന്നാണു ഇതിന്റെ തിരകഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു ടൂറിസ്റ്റ് ഹോമിലെ വിവിധ മുറികളിൽ നടക്കുന്ന കഥകളാണു ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ ഷോട്ട് എന്നു പറയുമ്പോൾ സിനിമയുടെ സാങ്കേതികമായ കാര്യങ്ങളിൽ പരിഞ്ജാനം കുറവുള്ള സാധരണക്കാർ ചിലപ്പോ ചിന്തിക്കുക ഇപ്രകാരമായിരിക്കും. ക്യാമറ സ്റ്റാർട്ട് ചെയ്ത് കട്ട് പറയാതെ സിനിമ മുഴുവനായി ഒറ്റയടിക്ക് ചിത്രീകരിക്കുക എന്ന്. എന്നാൽ ക്യാമറ ആംഗിൾ മാറുന്നില്ല എന്നതാണു ഇവിടെ ഒറ്റ ഷോട്ട് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

ഒരു ചീട്ടുകളി സംഘം, ഗർഭിണിയായ യുവതിയും അവളുടെ ജാരനും, ഒരു ജോതിഷി, രണ്ട് പോക്കറ്റടിക്കാർ, ഒരു മെഡിക്കൽ റെപ്പും അയാളുടെ തൊഴിൽ രഹിതനായ കൂട്ടുകാരനും, മുത്തശനും കൊച്ചു മകനും, രണ്ട് ചെറുപ്പക്കാർ, ഒരു ട്രാഫിക്ക് പോലീസ്കാരൻ, റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്ന അമ്മയും മകളും, ഭർത്താവിന്റെ ചികിത്സയ്ക്കായി വേശ്യാവൃത്തിക്ക് വന്ന ഒരു യുവതി. ഇങ്ങനെ പത്ത് റൂമുകളിൽ ഒരു പകലിലായി നടക്കുന്ന സംഭവങ്ങളുടെ ചിത്രീകരണമാണു ടൂറിസ്റ്റ് ഹോം. ഈ പത്ത് കഥകളുമായി ഒരു ബന്ധവുമില്ല.. പക്ഷെ നമ്മുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുമായി ചേർത്തു വെയ്ക്കുമ്പോൾ ഈ കഥകളെല്ലാം ഒരൊറ്റ കഥയായി വായിക്കാം.

അഞ്ച് സുന്ദരികളിൽ നിന്നും കേരള കഫേയിൽ നിന്നും ഈ സിനിമ വളരെയധികം വേറിട്ട് നിൽക്കുന്നതും ഇത് കൊണ്ട് തന്നെയാണു. കോമേഴ്സ്യൽ ചേരുവകൾ ലവലേശമിലാതെ പൂർണ്ണമായും ഉള്ളടക്കത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ചിത്രീകരിച്ച ഈ സിനിമ ജനശ്രദ്ധ പിടിച്ച് പറ്റാതെ പോയതിൽ അത്ഭുതപ്പെടാനില്ല.. കാരണം ഞങ്ങൾക്ക് ഇതൊന്നും ക്ഷമയോടെ കാണാനുള്ള സമയമില്ല.. ഞങ്ങൾക്ക് വേണ്ടത് ട്രിപ്പിനും മുഴുവൻ സമയ എന്റെർടെയ്നറുകളുമാണു.. കുറച്ച് അശ്ലീലവും തുണ്ട് സീനുമുണ്ടെങ്കിൽ സംഗതി ജോർ..!!!

Buddy


ആയ കാലത്ത് സിബി മലയിലോ, ഇന്ന് ആഷിക്ക് അബുവോ എടുത്തിരുന്നെങ്കിൽ ഉജ്വലമായി പോകുമായിരുന്ന ഒരു സിനിമയാണു ആണാണോ പെണ്ണാണോ എന്ന് അറിയാൻ വയ്യാത്ത പേരുള്ള ഒരാൾ ഊ....ജ്വലമായി എടുത്തു വെച്ചിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് പറയുന്നതിനു മുൻപ് ശ്രീ ബാലചന്ദ്രമേനോനെ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. കക്കൂസിൽ കാണിക്കുന്നത് സ്വീകരണമുറിയിൽ കാണിക്കുന്നതാണു ന്യൂജനറേഷൻ സിനിമക്കാരുടെ സംസ്ക്കാരം എന്ന് അഭിപ്രായപ്പെട്ട് ഒരു പാട് കയ്യടികൾ വാങ്ങിയ ആളാണു അദ്ദേഹം. എന്നാൽ സെപ്റ്റിക് ടാങ്ക് നിലവാരമുള്ള ഡയലോഗുകൾ കുത്തി നിറച്ച ഈ സിനിമയിൽ യാതൊരു ഉളുപ്പിമിലാതെ വിഗ്ഗും വെച്ച് അഭിനയിക്കാൻ അങ്ങ് കാണിച്ച ചേതോവികാരം എന്തായിരുന്നു എന്ന് മാത്രം ഞങ്ങൾ സാധാരണ പ്രേക്ഷകർക്ക് മനസ്സിലായില്ല കേട്ടോ..

ബ്ലാക്ക് ബട്ടർഫ്ലൈസിലെ നായകനായ മിഥുൻ മുരളി, ആശാ ശരത്ത് (നമ്മടെ കുങ്കുമപ്പൂവ്) ഭൂമിക, ബാലചന്ദ്രമേനോൻ, ബാബു ആന്റണി, അരുൺ, അക്കരകാഴ്ച്ചകളിലെ ജോസൂട്ടി, ശ്രീകാന്ത്, ലാൽ ,ഹണി റോസ് പിന്നെ സാക്ഷാൽ ജൂനിയർ മോഹൻലാൽ അനൂപ് മേനോൻ എന്നിവരാണു ഈ സിനിമയിൽ നടിക്കുക എന്ന കൃത്യം നിർവ്വഹിച്ചിരിക്കുന്നത്. സംവിധാനവും തിരകഥയുമെല്ലാം നേരത്തെ പറഞ്ഞ പേരിൽ തന്നെ വിചിത്രത തോന്നുന്ന ഒരു രാജ് പ്രഭാവതി മേനോൻ. ചിത്രത്തിന്റെ കഥ ഇങ്ങനെയാണു.

വിഷ്ണു എന്ന ചെറുപ്പക്കാരനു രണ്ട് അമ്മമാരാണു ഉള്ളത്. ഇതിൽ ആരാണു തന്റെ ശരിക്കുള്ള അമ്മ എന്നും ആരാണു തന്റെ അഛൻ എന്നും വിഷ്ണുവിനു അറിയില്ല. അങ്ങനെ ഇരിക്കെ താൻ ആർട്ടിഫിഷ്യൻ ഇൻസമനേഷനിൽ (സ്പെല്ലിംഗ് കറക്ട് ആണോ ദൈവമേ..) ഉണ്ടായതാണു എന്ന ഞെട്ടിക്കുന്ന വിവരം വിഷ്ണു അമ്മമാരിൽ നിന്ന് അറിയുന്നു. അങ്ങനെ താൻ ഉണ്ടാവാൻ ബീജം ദാനം ചെയ്ത ആ മഹാ വ്യക്തിയെ വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വിഷ്ണു കണ്ട് പിടിക്കുന്നു. ദശരഥം സിനിമയാണു അതിനു വിഷ്ണുവിനു പ്രചോദനം നൽകുന്നത്. അന്ന് അങ്ങനെ സിബി മലയിൽ ഒരു സിനിമ ചെയ്തത് നന്നായി.

അങ്ങനെ തന്റെ അഛൻ മാണിക്കുഞ്ഞ് താടിക്കാരൻ ആണെന്ന് കണ്ട് പിടിച്ച വിഷ്ണു അഛനെ കാണാൻ പുറപ്പെടുന്നു. ഇനി അങ്ങോട്ട്  എന്താവും ഉണ്ടാവുക എന്ന സംഭവജനകമായ കരളലിയിപ്പിക്കുന്ന കണ്ണീരിന്റെ നനവുള്ള കദന കഥയാണു ഹാസ്യത്തിന്റെ അകമ്പടിയോടെ സംവിധായക/ൻ പറഞ്ഞിരിക്കുന്നത്. ഇനി ഇതിൽ കൂടുതൽ ഒന്നും ഈ സിനിമയെ കുറിച്ച് വർണ്ണിക്കാനാവുന്നില്ല. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള തിയറ്ററിൽ പോയി പടം കാണുക. കാരണം ഏത് നിമിഷവും ഇത് മാറിയേക്കാം..

ഇനി അവസാനമായി അനൂപ് മേനോനോട് ഒരു വാക്ക്. ഇങ്ങളു നല്ല നടനും തിരകഥാകൃത്തുമൊക്കെയാണു ഭായ്.. പക്ഷേങ്കിലു ഇങ്ങടെ പടം പോസ്റ്ററിലു കണ്ടാലേ ഫാമിലിക്കാരു തിയറ്ററിലു കയറൂല്ലാ.. അത് ഇങ്ങളു തന്നെ വരുത്തി വെച്ചതാണു കേട്ടാ.. ബ്യൂട്ടിഫുൾ എന്ന പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയപ്പോൾ അതിനെ ട്രിവാൻഡ്രം ലോഡ്ജാക്കി ആലൂക്കാസിൽ കൊണ്ട് പോയി വിറ്റ മണ്ടനാണു നിങ്ങ.. അതു കൊണ്ട് പടത്തിനു ആളു കയറണമെങ്കിൽ പോസ്റ്ററിൽ പടം വെയ്ക്കാതിരുന്നാൽ നന്നായിരുന്നു.. ഈ പടത്തിനു ആ കുങ്കുമപ്പൂവ് ജയന്തി ടീച്ചറേ പോസ്റ്ററിൽ ഒട്ടിച്ചിരുന്നെങ്കിൽ ഒരു പത്താളു കയറുമായിരുന്നു..!

വിഷമിക്കണ്ടന്നേ.. ഇങ്ങടെ ടൈമും വരും.. കോഴിക്ക് എന്നെങ്കിലുമൊരിക്കൽ മുല വരാതിരിക്കില്ലല്ലോ...!!!

5 സുന്ദരികൾ


ഒരുപാട് സംവിധായകർ ചേർന്നു ഒരു സിനിമ.. ഇങ്ങനെ ഒരു അനുഭവം കേരള കഫേയിലൂടെ ഒരിക്കൽ മലയാളികൾ കണ്ടറിഞ്ഞിട്ടുള്ളതാണു. പ്രഗത്ഭരായ പല സംവിധായകരും അവരുടെ വളരെ മികച്ച ചിത്രങ്ങളും ഉണ്ടായിരിന്നിട്ട് പോലും ആ സിനിമയ്ക്ക് തിയറ്ററുകളിൽ തണുത്ത പ്രതികരണമാണു ലഭിച്ചത്. അതുകൊണ്ട് തന്നെയാണു അതേ പാത പിൻ തുടർന്ന് പെട്ടെന്ന് പുതിയ സിനിമകൾ ഉണ്ടാവാതിരുന്നതും.

എന്നാൽ മാറുന്ന മലയാള സിനിമയിൽ ഇങ്ങനെ ഒരു പരീക്ഷണത്തിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ട് തന്നെയാണു അമൽ നീരദ് 5 സുന്ദരികൾ എന്ന പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രഗത്ഭരായ 5 സംവിധായകർ ഒരുമിക്കുന്ന സിനിമ. ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക്ക് അബു, അമൽ നീരദ് , അൻവർ റഷീദ് എന്നീ പുതുതലമുറയുടെ പൾസ് കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന 5 സംവിധായകർ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകനു വല്ലാതങ്ങ് ആശിച്ച് പോകും..!

പരസ്പര ബന്ധമില്ലാത്ത 5 ഷോർട്ട് ഫിലിമുകൾ. സേതുലക്ഷ്മി, ഇഷ,ഗൗരി, കുള്ളന്റെ ഭാര്യ, ആമി ഇങ്ങനെ 5 സുന്ദരികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് 5 സംവിധായകർ സംവിധാനം ചെയ്ത 20 മിനുട്ടോളം ദൈർഘ്യം വരുന്ന 5 കഥകൾ. അതാണു 5 സുന്ദരികൾ എന്ന സിനിമ. കേരളകഫയിൽ നിന്ന് 5 സുന്ദരികളെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം ഈ സിനിമ കഴിയുന്നത് വരെ ആരൊക്കെയാണു ഒരോ കഥകളും സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അറിയാൻ കഴിയുക ഇല്ല എന്നതാണു. അതു കൊണ്ട് തന്നെ ഒരോ ഷോർട്ട് ഫിലിം കഴിയുമ്പോഴും നമ്മൾ മനസ്സിൽ പ്രതീക്ഷിക്കും ഇത് ചെയ്തിരിക്കുന്നത് ഇന്നയാളാണു എന്ന്. എന്നാൽ സിനിമ അവസാനിച്ചത് കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് കൊണ്ടാണു.

 ഈ 5 ഷോർട്ട് ഫിലിമുകളിൽ ഏറ്റവും മികച്ച് നിന്നത് ദുൽഖർ അഭിനയിച്ച കുള്ളന്റെ ഭാര്യയും ഏറ്റവും മോശമായത് കാവ്യ അഭിനയിച്ച ഗൗരിയുമാണു. ഇതിൽ കുള്ളന്റെ ഭാര്യ സംവിധാനം ചെയ്തിരിക്കുന്നത് അമൽ നീരദും ഗൗരി സംവിധാനം ചെയ്തിരിക്കുന്നത് ആഷിക്ക് അബുവുമാണു എന്നറിയുന്നിടത്താണു നേരത്തെ പറഞ്ഞ കണക്ക് കൂട്ടലുകളുടെ പ്രസക്തി. ശക്തമായ ഒരു തിരകഥ ഇല്ല എങ്കിൽ ആഷിക്ക് അബു എന്ന സംവിധായകൻ വട്ട പൂജ്യമാണു എന്ന് ഈ സിനിമ തെളിയിക്കുകയാണു.

അഭിനയത്തിൽ ഏറ്റവും മുന്നിൽ നിന്നത് ഫഹദ് ഹാസിൽ ആയിരുന്നു. അൻവർ റഷീദിന്റെ ആമിയിലെ നായകനായി ഫഹദ് മികച്ച് നിന്നു. ഫഹദ് കഴിഞ്ഞാൽ പിന്നെ സേതുലക്ഷ്മിയിലെ ആൺകുട്ടിയും പെൺകുട്ടിയുമാണു അഭിനയത്തിൽ ശ്രദ്ധേയമായത്. എന്നാൽ എടുത്ത് പറയേണ്ടത് ദുൽഖറിന്റെ സാന്നിധ്യമാണു. ഒരു ഡയലോഗ് പോലുമില്ലാതെ മുഴുവൻ വോയ്സ് ഓവറിലും ഭാവങ്ങളിലുമാണു ദുൽഖർ സിനിമയിൽ. എന്നിട്ടും കാണികളുടെ പ്രശംസ പിടിച്ചു പറ്റാൻ സാധിച്ചു എന്നതിൽ അമൽ നീരദിനും വലിയ ഒരു പങ്കുണ്ട്. ഇഷയിൽ അഭിനയിച്ച നടി തരക്കേടിലായിരുന്നു അതിലെ നായകൻ നവീൻ ഇപ്പോഴും തട്ടത്തിന്റെ മറയത്തിൽ തന്നെയാണു. ഇടയ്ക്ക് നേരവും.

ഏറ്റവും അവസാനമേ ബിജുമേനോന്റെയും കാവ്യയുടേയും പ്രകടനം വരുന്നുള്ളു എന്നത് അവരുടെ കഴിവ് കേട് കൊണ്ടല്ല മറിച്ച് അവർക്കാ ഷോർട്ട് ഫിലിമിൽ അത്രയേ ചെയ്യാനുണ്ടായിരുന്നു എന്നത് കൊണ്ടാണു. സിനിമയുടെ നിയതമായ ഒരു രൂപമില്ല എന്നതു കൊണ്ടും 5 വ്യത്യസ്ത ഷോർട്ട് ഫിലിമുകളായത് കൊണ്ടും ഒരോ ഷോർട്ട് ഫിലിമിനും റേറ്റിംഗ് കൊടുക്കാൻ നിർബന്ധിതമാവുകയാണു. റേറ്റുംഗുകളുടെ ആകെ തുക സിനിമയുടെ റേറ്റിംഗ് ആയി കണക്കാക്കാവുന്നതാണു.
1. കുള്ളന്റെ ഭാര്യ - 8/10
2. സേതു ലക്ഷി - 6/10
3. ഇഷ - 5.5 /10
4. ആമി - 5 /10
5. ഗൗരി - 2/10

അപ്പോൾ സിനിമയുടെ റേറ്റിംഗ് 5.3/10. 

ഒരു ബന്ധവുമില്ലെങ്കിൽ ഈ ഷോർട്ട് ഫിലിമുകൾ ഒരുമിച്ചാക്കി എന്തിനു സിനിമയാക്കി എന്ന് ഏതെങ്കിലും സാധാരണ പ്രേക്ഷകൻ ചോദിച്ചാൽ അതിനുത്തരം ഇതാണു. സിനിമയാക്കാതെ ഷോർട്ട് ഫിലിമുകൾ യുട്യൂബിൽ ഇട്ടാൽ ഒരൊറ്റ കുട്ടിയും കാണാൻ പോകുന്നില്ല.. കാരണം ഷോർട്ട് ഫിലിമുകൾ നല്ല അന്തസ്സായിട്ട് ചെയ്യാൻ അറിയുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. അവരത് വൃത്തിയായിട്ട് ചെയ്യുന്നുമുണ്ട്. അതു കൊണ്ടാണു അമൽ നീരദ് ഇതൊരു സിനിമയാക്കിയത്. അങ്ങനെ നാലാളു കേറി 10 കാശ് കിട്ടിയാൽ എന്താ പുളിക്കോ..??
5 സുന്ദരികൾ എന്ന പേരിട്ടിട്ട് സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒരു സുന്ദരി പോലും മനസ്സിൽ തങ്ങി നിൽക്കുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. അത് തന്നെയാണു ഈ സിനിമയുടെ പരാജയവും..!

Followers

 
Copyright 2009 b Studio. All rights reserved.