RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വീണ്ടും ഒരു കാള പെറ്റു. ഉടനെ എടുത്തു കയർ..!


കാള പെറ്റു എന്ന് കേട്ടാൽ ഉടനെ കയറെടുക്കാൻ ഓടുന്നത് മലയാളികളുടെ ഒരു സ്വഭാവ സവിശേഷതയാണു. സിനിമാ ഫീൽഡിൽ ഇത് പ്രത്യേകിച്ചും. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകൾ പടച്ചു വിടുന്നത് ഇവിടെ സർവ്വ സാധാരണമാണു. പക്ഷെ ഗോസിപ്പുകൾ എന്ന പേരിൽ അറിയപ്പെടുന്ന അത്തരം വാർത്തകളിൽ എത്രത്തോളം സത്യങ്ങൾ കാണും എന്നത് സാധാരണ ജനങ്ങൾക്കും അറിയാവുന്നതാണു. എന്നാൽ ഇപ്പോഴത്തെ സിനിമ ലോകത്തെ പുതിയ രീതി എന്താണെന്നു വെച്ചാൽ തികച്ചും സത്യസന്ധമാണു എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കുക എന്നതാണു. അത് തൊണ്ട തൊടാതെ വിഴുങ്ങാൻ മറ്റു ചിലരും. കുറച്ച് കാലം മുൻപ് ബ്ലെസിയുടെ ആട് ജീവിതം എന്ന സിനിമയിൽ നിന്ന് പ്രത്വിരാജിനെ മാറ്റി എന്ന വാർത്ത വരികയും പിന്നീട് അത് ബ്ലെസി നിഷേധിക്കുകയും ചെയ്തിരുന്നല്ലോ. ആട് ജീവിതം കടലാസിൽ മാത്രം എത്തി നില്ക്കുന്ന ഒരു പ്രൊജക്ടാണു. അതിനെ കുറിച്ച് പല തരത്തിലുള്ള വാർത്തകളും ഉഹാപോഹങ്ങളുമെക്കെ വന്നെന്നിരിക്കും. പക്ഷെ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തി നില്ക്കുന്ന ഒരു ചിത്രത്തെ കുറിച്ച് വളരെ ആധികാരികമാണു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു വാർത്ത പുറത്ത് വരികയും പിന്നീട് അത് തെറ്റാണെന്ന് തെളിയുകയും ചെയ്യുന്നത് ഒരല്പം നാണക്കേടു തന്നെ ആണു. ഷൂട്ടിഗ് തുടങ്ങുന്നതിനു മുൻപേ വിവാദങ്ങളിൽ അകപ്പെട്ട ഒരു മൾട്ടി സ്റ്റാർ ചിത്രമാണു ഈ കാള പ്രസവത്തിലെ കേന്ദ്ര ബിന്ദു. അന്നുണ്ടായ പ്രശ്നങ്ങളെയെല്ലാം അതിജീവിച്ച് ഒരു വിധം ചിത്രീകരണം പൂർത്തിയാകാറായപ്പോഴാണു ഈ സിനിമയുടെ ചാനൽ റൈറ്റ് ഒരു ടെലിവിഷൻ ചാനൽ മൂന്നു കോടിയിലേറെ രൂപ കൊടുത്ത് സ്വന്തമാക്കി എന്ന വിവരം പുറത്ത് വന്നത്. ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാന്‍ ഒരല്പം പ്രയാസമുണ്ടെങ്കിലും വസ്തുതകൾ പരിശോധിച്ചാൽ ആ ചാനൽ ഇത്രയും തുക കൊടുത്ത് ഈ സിനിമ വാങ്ങിയതിൽ ഒരു കുറ്റവും പറയാൻ ആകില്ല. മലയാള സിനിമയുടെ നമ്പർ വൺ സംവിധായകൻ, പിന്നെ തുടർച്ചയായി മെഗാഹിറ്റുകൾ മാത്രം നല്കി വരുന്ന വിശ്വനായകൻ. റിംഗ് ടോണിനു ശേഷം താരമൂല്യം കുതിച്ചുയർന്ന ആക്ഷൻ ഹീറോ, തമിഴിലെ സുപ്രീം സ്റ്റാർ, അതും പോരാഞ്ഞ് കേരളാ ഷാരുഖ് ജൂനിയർ ജനപ്രിയ നായകൻ. ഇവരെല്ലാം ഒന്നിക്കുന്ന ഒരു സിനിമക്ക് 3 കോടി ഒരിക്കലും ഒരു അധിക തുകയല്ല. അഞ്ച് കോടി മുതൽ മുടക്കുള്ള സിനിമ ഇപ്പോഴെ സേഫ് ആയി എന്ന് പറഞ്ഞ് സൂപ്പർ സ്റ്റാറിന്റെ ആരാധകർ ആനന്ദഭരിതരായി. കാര്യം പേരിൽ വിശ്വം എന്നൊക്കെ ഉണ്ടെങ്കിലും സ്വന്തം തട്ടകമായ തിരുവനന്തപുരത്തു പോലും താരത്തിന്റെ സമീപകാല സിനിമകൾ തകർത്തോടുന്ന കാഴ്ച്ച ഫാൻസുകാർ കാണുന്നുണ്ടല്ലോ. അത് കൊണ്ട് തന്നെ ഈ 3 കോടി ഈ സിനിമയെ ഒരിക്കല്ലും നഷടത്തിലാക്കില്ല എന്ന് വിശ്വാസത്തിലായിരുന്നു എല്ലാവരും. എന്നാൽ ആ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു കൊണ്ട് ഈ ഒരു പ്രചരണം തെറ്റാണു എന്ന വിശദീകരണവുമായി ഈ സിനിമയുടെ നിർമ്മാതാവ് രംഗത്തെത്തി. ചാനൽ റൈറ്റ് കുറക്കണം എന്ന ആവശ്യവുമായി ചാനലുകൾ രംഗത്തുള്ളതിനാൽ നല്ല ഒരു ഓഫർ ഇതു വരെ വന്നിട്ടില്ല അത് കൊണ്ട് ഈ സിനിമ വിറ്റിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അങ്ങിനെ ഒരിക്കൽ കൂടി കയറെടുത്തവർ ഇളിഭ്യരായി...!!

*3 കോടി വളരെ കുറവായി പോയി യൂണിവേഴ്സൽ മാർക്കറ്റ് അനുസരിച്ച് ഒരു അഞ്ച് കോടിയെങ്കിലും...!!!

മലയാള ഷാരുഖ് ഖാൻ.


ഇടക്കാല ജനപ്രിയ നായകൻ ദിലിപിനു ഈയിടയായി നല്ല കാലമാണു. പാപ്പി അപ്പച്ച സൂപ്പർ ഹിറ്റ്‌ ആയി. താൻ നിർമിച്ച മലർവാടി ആർട്സ് ക്ലബ് നിറഞ്ഞ സദസിൽ ഓടികൊണ്ടിരിക്കുന്നു. അങ്ങിനെ എല്ലാം കൊണ്ടും സുഖം സന്തോഷം. പക്ഷെ കാര്യം ഇങ്ങനെയൊക്കെ ആണേല്ലും ഹിറ്റും സൂപ്പർ ഹിറ്റുമെന്നൊക്കെ ഫാൻസുകാർ പാടി നടക്കുന്ന ബോഡി ഗാർഡും പിന്നെ ആഗതനും ഫാസിലിന്റെ മോസ് n ക്യാറ്റുമൊക്കെ തന്റെ കരിയറിൽ ഏല്പിച്ച ആഘാതം എത്രത്തോളമാണെന്ന് മറ്റാരെക്കാളും ദിലീപിനു നന്നായിട്ടറിയാം. സ്വന്തമായി ഉണ്ടായിരുന്ന ഇനീഷ്യൽ പുള്ളിംഗിനു സാരമായ കുറവ് വന്നതു മനസിലാക്കിയിട്ടായിരിക്കാം ഇപ്പോൾ ദിലീപ് സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങളിൽ സഹനടനായി അഭിനയിക്കുന്നത്. എന്നാൽ എല്ലാക്കാലവും അങ്ങിനെ തുടർന്നാൽ നാളെ യുവ സൂപ്പർ താരത്തിന്റെ വരെ സഹനടനാവേണ്ടി വരും എന്ന് അറിയാവുന്നതു കൊണ്ടാണു എന്ന് തോന്നുന്നു ഒറ്റയ്ക്ക് അഭിനയിക്കുന്ന കാര്യസ്ഥൻ എന്ന പുതിയ ചിത്രത്തിൽ ഒരു പരീക്ഷണത്തിനു ദിലീപ് ഒരുങ്ങുന്നത്. നൂറോളം സീരിയൽ താരങ്ങളെ അണി നിരത്തി കൊണ്ട് ഒരു ഗാനചിത്രീകരണം. ബോളിവുഡിലെ ഷാറുഖ് ഖാൻ ചിത്രങ്ങളിൽ കാണുന്നതു പോലെ മിനി സ്ക്രീനിലെ സൂപ്പർ താരങ്ങള്‍ ദിലീപിനൊത്ത് നൃത്തം വെയ്ക്കുന്നു. ചിത്രത്തിന്റെ മാർക്കറ്റിംഗിനു ഇതു വളരെയധികം ഗുണം ചെയ്യും.മറ്റൊരു പാപി അപ്പച്ച സൂപ്പർഹിറ്റ് പിറക്കാൻ ഇനിയുമൊരു സിനിമാ സമരത്തിനു സാഹചര്യം ഇല്ല എന്നത് കൊണ്ട് സിബി കെ തോമസിന്റെ തട്ടു പൊളിപ്പൻ തിരകഥ കൊണ്ട് മാത്രം ഒരു ദിലീപ് സിനിമ വിജയിക്കില്ല എന്ന തിരിച്ചറിവിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ ആശയം കാര്യസ്ഥനെ വിജയത്തിലേക്ക് നയിക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം...!

*സീരിയലുകൾ സിനിമ വ്യവസായത്തെ തളർത്തുന്നു, തളർത്തുന്നു എന്ന് പറഞ്ഞിട്ട് അവസാനം...!!

**ആന മെലിഞ്ഞാൽ പിന്നെ എന്തോ ചെയ്യും തൊഴുത്തിലോ കയ്യാലയിലോ എവിടെയെങ്കിലും കൊണ്ട് ചെന്ന് കെട്ടുക. അത്ര തന്നെ...!!!

മലര്‍വാടി തുറന്നപ്പോള്‍ ..!


കസവിന്റെ തട്ടമിട്ട്...വെള്ളിയരഞ്ഞാണമിട്ട്.. അതു വരെ കേട്ട് പരിചയമുള്ള ശബ്ദങ്ങളിൽ നിന്നും വേറിട്ടൊരു ശബ്ദം. കേട്ടവർ കേട്ടവർ തിരക്കി. ഇതാരാണു പാടിയത്. ഉത്തരം കിട്ടിയപ്പോള്‍ ചുണ്ടിൽ പുഞ്ചിരി. ശ്രീനിവാസന്റെ മകനല്ലേ. മോശമാവുമോ..!! പിന്നീടങ്ങോട്ട് കരളിന്റെ കരളായി, നമ്മുടെയെല്ലാം ഖല്ബിലെ സ്വന്തം പാട്ടുകാരനായി വിനീത് മാറി.അഞ്ചാറുകൊല്ലം പാടി നടന്നപ്പോൾ അഭിനയത്തിൽ ഒന്നു പയറ്റി നോക്കി. അഭിനയിച്ച രണ്ട് സിനിമകളും ഹിറ്റായെങ്കിലും പ്രശസ്തനായ അഛന്റെ മകൻ അത് കൊണ്ട് മാത്രം തൃപ്തനാവാൻ തയ്യാറായിരുന്നില്ല. അഛന്റെ വഴി തന്നെ പിന്തുടർന്ന് സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ തിരുമാനിച്ചു. സംവിധാനത്തിൽ മുൻ പരിചയം വലതുമുണ്ടോ എന്ന് ചോദിച്ചാൽ ആല്ബങ്ങൾ ചെയ്ത് നല്ല പരിചയമുണ്ട്. പിന്നെ കഥ, തിരകഥ , സംഭാഷണം എല്ലാം സ്വയം തന്നെ ആയതിനാൽ മനസ്സിലുള്ള സിനിമ അതേ പടി സ്ക്രീനിലോട്ട് പകർത്താനും കഴിയും. സിനിമ നിർമ്മിക്കാൻ സാക്ഷാൽ ദിലീപ് തന്നെ രംഗത്ത് എത്തി. അങ്ങിനെ പടം തുടങ്ങി. മലർവാടി ആർട്സ് ക്ലബ്. പേരിൽ തന്നെ ആദ്യമേ വ്യത്യസ്തത. പിന്നീട് പടത്തിന്റെ സ്റ്റിൽസ് പുറത്തു വന്നപ്പോൾ അതിലേറെ പുതുമ. പാട്ടുകൾ ഇറങ്ങിയപ്പോഴത്തെ കാര്യം പിന്നെ പറയേണ്ട. അങ്ങിനെ മലർവാടി ആർട്സ് ക്ലബ് ഒരു ഷുവർ ഹിറ്റ് ആയി മാറും എന്ന് പ്രവചിച്ചിരിക്കയാണു പടത്തിന്റെ ട്രെയിലർ വന്നത്. ട്രെയിലർ കണ്ട മിക്കവരുടെയും നെറ്റി ചുളിഞ്ഞു. പ്രതീക്ഷിച്ച ഒരു പഞ്ച് ട്രെയിലറിൽ നിന്നും കിട്ടുന്നില്ല എന്നതായിരുന്നു ചിലരുടെ പരാതി. പക്ഷെ ട്രെയിലർ ഗംഭീരമായി ഇറക്കിയ പല സിനിമകൾക്കും തിയറ്ററുകളിൽ സംഭവിച്ചതിന്റെ വിപരീതമായിരിക്കും ഈ സിനിമക്ക് ഉണ്ടാകുക എന്ന് പറഞ്ഞ് സമാധാനിച്ചു പലരും. അങ്ങിനെ കാത്തിരുന്ന ദിവസം തന്നെ മലർവാടി ആർട്സ് ക്ലബ് തുറന്നു.

യുവാക്കളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഒരുപാട് സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. അതിൽ ചില സിനിമകൾ മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. ചിലത് തിരസ്കരിച്ചിട്ടുമുണ്ട്. എന്നാല്‍ മനശേരി എന്ന ഗ്രാമത്തിലെ അഞ്ച് ചെറുപ്പക്കാരുടെ കഥ പറഞ്ഞ ഈ സിനിമ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അഭിനേതാക്കളുടെ പരിചയക്കുറവും ക്ലൈമാക്സിൽ മറ്റൊരു സിനിമയുമായി തോന്നുന്ന സാദൃശ്യവും, തിരകഥയിലെ പാളിച്ചകളും, പാട്ടുകളിലെ കല്ലുകടിയും എല്ലാം മറന്ന് മലയാള സിനിമാ പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചത് സ്ഥിരം താപ്പാനകളുടെ കണ്ട് മടുത്ത നാടകങ്ങളിൽ നിന്നും ഒരു മോചനം എന്ന നിലയ്ക്കും കൂടി ആകാം. അങ്ങിനെ 25 കൊല്ലത്തെ പരിചയ സമ്പത്തുള്ള സംവിധായകന്റെ യുവത്വം നിറഞ്ഞ സിനിമയുമായി മൽസരിച്ച് 25 വയസ്സ് മാത്രം പ്രായമുള്ള സംവിധായകന്റെ സിനിമ ഒന്നാമതെത്തിയിരിക്കുകയാണു.കുറവുകളേറെ ഉണ്ടെങ്കിലും മലർവാടി നമ്മുക്ക് ആസ്വാദിക്കാം. അല്ലെങ്കിലും ഒരു പരീക്ഷയിൽ ഫസ്റ്റ് റാങ്കോ സെക്കന്റ് റാങ്കോ കിട്ടാൻ എല്ലാ ഉത്തരവും ശരിയാകണം എന്നില്ലല്ലോ. ജയിച്ച മറ്റുള്ളവരേക്കാൾ കൂടുതൽ മാർക്ക് കിട്ടിയാൽ മാത്രം മതിയല്ലോ...!

*ശ്രീനിവാസൻ തിരകഥാ രചനയിൽ വിനീതിനെ സഹായിച്ചിരുന്നെങ്കിൽ സിനിമ ഇതിലും ഗംഭീരമായിരുന്നേനെ എന്ന്...!!

**എന്തിനു ഒരുനാൾ വീണ്ടും വരാനോ...!!!

അപൂർവ്വ ട്വിസ്റ്റ് രാഗം.


മലയാള സിനിമയിലെ ഒരു കാലത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു സിബി മലയിൽ. കിരീടം, തനിയാവർത്തനം,ഭരതം തുടങ്ങി മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച ഒരു പാട് സിനിമകളുടെ സംവിധായകൻ. എന്നാൽ സമ്മർ ഇൻ ബതലേഹേം എന്ന മനോഹര സിനിമക്ക് ശേഷം എടുക്കേണ്ടിയിരുന്നില്ല എന്ന് സിബി മലയിൽ തന്നെ പറഞ്ഞ ഉസ്താദും, ഇടയ്ക്കൊരു ഇഷ്ടവും എന്റെ വീട് അപ്പൂവിന്റെയുമൊക്കെ കടന്നു വന്നെങ്കിലും ജലോൽസവവും ആലീസ് ഇൻ വണ്ടർലാൻഡും അമൃതവുമൊക്കെ സിബി മലയിൽ എന്ന ആനയെ മെലിയിക്കാൻ ഉതുകുന്നതായിരുന്നു. ഫ്ലാഷ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചു വരവിനു സിബി മലയിൽ ശ്രമിച്ചെങ്കിലും മോഹൻലാലിനു എക്കാലത്തും ഓര്‍മ്മിക്കുന്ന ഒരു ചീത്ത പേരുണ്ടാക്കി കൊടുക്കാനെ സാധിച്ചുള്ളു. അതു കൊണ്ട് തന്നെ യുവ താര നിരയുമായി സിബി മലയിൽ എത്തിയപ്പോൾ ഒരു പാട് പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷെ...!!

ഹോളിവുഡ് സിനിമകളുടെയും ബോളിവുഡ് സിനിമകളുടെയും സ്വാധീനം കൊണ്ടാണു എന്ന് തോന്നുന്നു മലയാള സിനിമയിൽ ഇപ്പോൽ ട്വിസ്റ്റുകളുടെ ഒരു കാലമാണു. കഥാഗതിയിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ ഉൾപ്പെടുത്തുക. ഒരു ട്വിസ്റ്റ് ആണെങ്കിൽ കണ്ടിരിക്കാം പക്ഷെ ട്വിസ്റ്റുകളുടെ ഒരു ഘോഷയാത്ര തന്നെ ആയാലോ...! കിടിലൻ ട്വിസ്റ്റുമായി തിയറ്ററിൽ എത്തി ചക്രശ്വാസം വലിക്കുന്ന സൂപ്പർ സ്റ്റാർ ചിത്രത്തിനു പിന്നാലെ എത്തിയ ഈ യുവതാരങ്ങളുടെ ചിത്രത്തിനും അതേ ഗതി തന്നെയാണു. ചിത്രത്തിന്റെ കഥയെക്കുറിച്ച് പറയുകയാണെങ്കിൽ അതൊരു ട്വിസ്റ്റാണു. എന്തെങ്കിലും അതിനെ പറ്റി പരാമർശിച്ചാൽ പിന്നെ തിയറ്ററിൽ കാണുമ്പോൾ ബോറടി തോന്നും. അതു കൊണ്ട് അതിലേക്ക് കിടക്കുന്നില്ല. അഭിനയത്തെ കുറിച്ചാണെങ്കിൽ, അഭിനയിക്കാൻ അറിയില്ല എന്ന് നിഷാൻ ഋതുവിൽ ഒരു വട്ടം തെളിയിച്ചതാണു. അതിവിടെ ഒന്നു കൂടി ആവർത്തിച്ചു. ആസിഫ് ഒരു പാട് പ്രതീക്ഷകളുള്ള ഒരു യുവ നടനാണു. പക്ഷെ എന്തോ ഈ സിനിമയിൽ നിരാശപ്പെടുത്തി കളഞ്ഞു. നായികയായി അഭിനയിച്ച നിത്യ നല്ല കിടിലൻ പ്രകടനമാണു സിനിമയിൽ. വേണമെങ്കിൽ നമ്മുക്ക് മഞ്ജുവാരിയരുടെ പിൻ ഗാമിയായി ഈ കുട്ടിയെ നിർദ്ദേശിക്കാം. മുഖത്തിങ്ങനെ ഭാവങ്ങൾ മിന്നി മറയുകയല്ലേ...!
പോസ്റ്ററിൽ മുഖം മറച്ചു നില്ക്കുന്ന നടൻ ആരായിരിക്കും എന്ന് ആലോചിച്ച് തലപുണാക്കണ്ട. ഋതു കണ്ടവർക്ക് പെട്ടെന്ന് മനസ്സിലാക്കാം അത് ആരാണെന്ന്. പാട്ടുകൾ അതികം ബോറടിപ്പിച്ചില്ല. നമ്മെ വിട്ടു പിരിഞ്ഞ സന്തോഷ് ജോഗിയുടെ ചില രസകരമായ സീനുകൾ ഉണ്ട് ഈ ചിത്രത്തിൽ.പിന്നെ ആകെയുള്ള ഒരു സമാധാനം സിബി മലയിലിനു സംവിധാനം പണ്ട് മുതല്ക്കേ അറിയാവുന്നത് കൊണ്ട് ഈ സിനിമ ഒരു വൻ ഫ്ലോപ്പ് ആയി മാറുകയില്ല. ഇത് ഒരു വെറും ഫ്ലോപ്പേ ആവുകയുള്ളു.


* പടത്തിന്റെ online promotion ആസിഫ് അലി നടത്തുന്നുണ്ടെന്ന്.

** ഇന്ന് മുതൽ ആസിഫിന്റെ കഷ്ടകാലം.

നല്ലവന്‍


അങ്ങിനെ Up Coming സ്റ്റാറിന്റെ നല്ലവൻ കണ്ടു. സിനിമയുടെ പോസ്റ്ററുകളുടെ വ്യത്യസ്തതയും റിലീസിന്റെ അന്ന് ഇതിന്റെ ഡയറക്ടറുടെ ടെലിവിഷൻ അഭിമുഖവുമൊക്കെ കണ്ടപ്പോൾ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പ്രതീക്ഷക്കൊത്ത് ഉയരാൻ നല്ലവനു സാധിച്ചില്ല. കണ്ട് മടുത്ത കഥകളിൽ നിന്ന് ഒരല്പ്പം വ്യതിചലിച്ചാണു സംവിധായകന്റെ നല്ലവനിലൂടെയുള്ള സഞ്ചാരം. അതിനുവേണ്ട പൂർണപിന്തുണ സാങ്കേതിക പ്രവർത്തകരിൽ നിന്നും, അഭിനേതാക്കളിൽ നിന്നും ലഭിച്ചിട്ടുമുണ്ട്. പക്ഷെ ഇതൊന്നും സിനിമയെ ഒരു വിജയ ചിത്രമാക്കാൻ പര്യാപ്തമാക്കുന്നില്ല. നാല്പതോളംസിനിമകളിൽ അഭിനയിച്ചിട്ടും തന്നിൽ നിന്ന് എന്ത് തരത്തിലുള്ള സിനിമകളാണു പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്ന് ഇപ്പോഴും കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത കേരളാ സൂര്യക്ക് (ഫാൻസുകാരുടെ ഭാഷയിൽ) യുവതാര നിരയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയുമായിരുന്ന ഒരുസുവർണാവസരം ആണു കൈവിട്ട് പോയത്. ഒപ്പമിറങ്ങിയ സൂപ്പർ സ്റ്റാർ ചിത്രം മൂക്കും കുത്തി വീണുപോയ സ്ഥിതിക്ക് പ്രത്യകിച്ചും.
ചട്ടമ്പി നാടിൽ തന്നെ ഊമയാക്കി നിർത്തിയതിന്റെ വിഷമം മൈഥിലി സിനിമയിൽ തീർത്തിട്ടുണ്ട്. പക്ഷെ മലയാളത്തിലെ മുൻ നിര നടിമാരുടെ നിരയിലേക്കെത്താൻ ഇനിയും ഒരുപാട് ഒരുപാട് ദൂരം മൈഥിലി മുന്നേറാനുണ്ട്. സിദ്ദിഖിന്റെ വില്ലൻ വേഷമാണു എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത. മലയാളത്തിലെ ഏറ്റവും ഫ്ലെക്സിബിൾ ആയ വില്ലൻ താൻ ആണെന്ന് അദ്ദേഹം തെളിയിച്ചതാണു. സിനിമയിലൂടെ അത് ഒന്നു കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ബിജു കുട്ടനും സുധീഷും എന്തിനു സുരാജ് വരെ ഉണ്ടെങ്കിലും കോമഡിക്ക് സിനിമയിൽ പ്രാധാന്യം ഇല്ല. പോസ്റ്ററുകളിൽ കാണുന്ന നാലു ഗെറ്റപ്പുകളിൽ ഒരു ഗംഭീര പ്രകടനമെന്നും ജയസൂര്യയിൽ നിന്ന്കണ്ടില്ലെങ്കിലും Up coming സ്റ്റാറിന്റെ കൊച്ചെറുക്കൻ തന്നെയാണു സിനിമയുടെ ശക്തി. ഏതായാലും ഒരു നാൾവന്ന സിനിമയുമായുള്ള മൽസരത്തിൽ എക്സ്ട്രാ ടൈമിൽ കിട്ടിയ പെനാല്റ്റി പുറത്തേക്കടിച്ച് കളഞ്ഞ്, വിജയിക്കാൻ കിട്ടിയ അവസാന അവസരം നഷ്ടപ്പെടുത്തിയതോർത്ത് നല്ലവന്റെ കളിക്കാര്‍ക്ക് ഇനി വിലപിക്കാം..!!!

* സിനിമക്ക് നെഗറ്റീവ് അഭിപ്രായം വളരെ കുറവാണെന്ന്..!

**സിനിമ കാണാൻ തിയറ്ററിൽ ഉള്ളത് ആകെ പത്തോ ഇരുപതോ പേർ. അവർ മാക്സിമം എത്രആളുകളോട് പറയും...!!


പല്ല് കൊഴിഞ്ഞ സിംഹങ്ങൾ.. (ഒരു നാൾ വരും)


കാട് മുഴുവൻ വിറപ്പിച്ച് കൊണ്ട് ഗർജ്ജനം മുഴക്കി നടക്കുന്ന സിംഹരാജൻ വയസ്സാവുന്നതോടെ അനങ്ങാൻ കഴിയാതെ അവശനായി ചത്ത് പോകുന്നതാണല്ലോ പതിവ്. അതു പോലെ തന്നെയാണു പല സിനിമാക്കാരുടെയും അവസ്ഥ. ഉപ്പുപ്പാന്റെ അപ്പൂപ്പനു ഒരു ആനയുണ്ടായിരുന്നു അതിന്റെ പുറത്തിരുന്ന തഴമ്പ് ഇപ്പോഴുമുണ്ട് എന്നൊക്കെ വീമ്പിളക്കിയതു കൊണ്ടോ, അ സ്മരണകൾ അയവിറക്കി കൊണ്ട് സ്വയം രോമാഞ്ചകഞ്ചുകമണിഞ്ഞതു കൊണ്ടോ ഒന്നും സിനിമ വിജയിക്കില്ല, അതിനു നല്ല ഒരു തിരകഥ വേണം, അത് ഭംഗിയായിട്ട് സംവിധാനം ചെയ്യാൻ അറിയുന്ന ഒരു സംവിധായകൻ വേണം, എഴുതി വെച്ചത് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിവുള്ള നല്ല അഭിനേതാക്കൾ വേണം. അങ്ങിനെ ഒരുപാട് ഘടകങ്ങൾ ഒത്തിണങ്ങുമ്പോഴാണു ഇരു നല്ല സിനിമ പിറക്കുന്നത്. അത് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ആ സിനിമ സൂപ്പർ ഹിറ്റും മെഗാ ഹിറ്റുമൊക്കെ ആവുന്നത്. (ഇതൊന്നുമില്ലെങ്കിലും സിനിമ മെഗാ ഹിറ്റ് ആവും കേട്ടോ) ഒരുപാട് നാളുകളായി വരും വരുന്നു.. എന്നൊക്കെ പറഞ്ഞ് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരു നാൾ വരും ദൈവസഹായത്തോട് കൂടി ഇന്ന് തിയറ്ററുകളിൽ വന്നു. ശ്രീനി- ലാൽ കൂട്ട് കെട്ട് ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രതീക്ഷയുടെ ഫലമായിട്ടാണു തോന്നുന്നു, അടുത്ത കാലത്ത് ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്ക് ഒന്നും തന്നെ ഇല്ലാത്ത അത്ര തിരക്ക് ഈ സിനിമക്ക്. സിനിമയുടെ കഥയും ഇതിലെ ട്വിസ്റ്റും സിനിമ ഷൂട്ടിംഗ് സമയത്ത് തന്നെ പുറത്ത് വന്നതാണു. അത് കൊണ്ട് തന്നെ കാര്യമായ ഒരു ചലനമൊന്നും തിയറ്ററിൽ ഉണ്ടായില്ല. ശ്രീനിവാസന്റെ തിരകഥ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്താൽ എങ്ങനെ ഇരിക്കും എന്ന് ആശങ്കപ്പെട്ടവരോട്, വക്കാലത്ത് നാരായണൻ കുട്ടിയിൽ നിന്നും മുന്നോട്ട് പോകാൻ അദ്ദേഹത്തിനു സാധിച്ചെങ്കിലും നിരാശപ്പെടുത്തി. അല്ല, രാജീവ് കുമാറിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ശ്രീനിവാസന്റെ ഈ തിരകഥ കൊണ്ട് മഹാത്ഭുതങ്ങൾ ഒന്നും കാണിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നുമില്ല. പിന്നെ മോഹൻ ലാൽ. സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും അദ്ദേഹത്തെ സംബന്ധിച്ച് ഒരു വിഷയമേ അല്ലാത്തത് കൊണ്ട് ഒരു നാൾ വന്നാലെന്താ, എത്ര ദിവസം കളിച്ചാൽ എന്താ, പോയാൽ എന്താ, ദീപസ്തംഭം മഹാശ്ഛര്യം..!. വാരണം ആയിരം നായിക സമീറ റെഡിയെ മോഹൻലാലിന്റെ നായിക ആക്കാൻ കാണിച്ച ആ ധൈര്യത്തെ സമ്മതിക്കണം. എന്തായാലും ശ്രീനിവാസന്റെ അത്യുഗ്രൻ തിരകഥ, ലാൽ -ശ്രീനി കൂട്ടുകെട്ട്, കുടുംബ പ്രേക്ഷകരുടെ നിലയ്ക്കാത്ത പ്രവാഹം എന്നൊക്കെ പോസ്റ്ററിൽ അടിച്ച് ഒരു 75 ദിവസം ഈ സിനിമ ഓടുന്നത് നമ്മൾ കാണേണ്ടി വരും.


*എന്നാലും ദാമോദരേട്ടനോട് ഈ ചതി വേണ്ടായിരുന്നു.

** ചന്ദ്രോൽസവം,ഇവർ,കുരുക്ഷേത്ര എന്നിട്ടും പാഠം പടിക്കാത്ത അങ്ങേർക്ക് ഇതു തന്നെ കിട്ടണം..!!

***ശ്രീനിവാസനും സത്യൻ അന്തികാടിനു പഠിക്കുകയാണു എന്ന് തോന്നുന്നു. ഒരു പാട് പ്രൊഡ്യൂസർമാരെ പാഠം പടിപ്പിക്കാൻ വേണ്ടിയാവും!!

ശശിയേട്ടൻ ഭരണിയിലാ..!


131 ഓളം സിനിമകൾ. അതിൽ മെഗാഹിറ്റുകളും സൂപ്പർ ഹിറ്റുകളും നിരവധി. സമാന്തര സിനിമകളെടുത്ത് ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ നേടിയ മലയാളത്തിലെ ഏക സംവിധായകൻ. ഇറ്റാലിയൻ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണം കിട്ടിയ ആദ്യ മലയാള സിനിമയുടെ സംവിധായകൻ, മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ സിനിമയുടെ സംവിധായകൻ,മിലിട്ടിറി പശ്ചാത്തലത്തിൽ ഏടുത്ത ആദ്യ മലയാള സിനിമയുടെ സംവിധായകൻ. A സർട്ടിഫിക്കറ്റോടു കൂടി പുറത്തിറങ്ങിയ രണ്ടാമത്തെ മലയാള സിനിമയുടെ സംവിധായകൻ. അങ്ങിനെ വിശേഷണങ്ങൾ ഒരുപാടുണ്ട് മലയാളത്തിന്റെ ഈ മാസ്റ്റർ സംവിധായകനു. എന്നാൽ നാടോടിക്കാറ്റ് എന്ന സിനിമയിൽ ശ്രീനിവാസനോട് സീമ ചേച്ചി പറയുന്ന ഡയലോഗിന്റെ അതേ അവസ്ഥയാണു IV ശശിക്ക് ഇപ്പോൾ. അതെ ശശിയേട്ടൻ ഭരണിയിലാണു. മലയാള സിനിമ ഒരു കാലത്ത് അടക്കി ഭരിച്ചിരുന്ന, സംവിധായകന്റെ പേരു കണ്ട് കൊണ്ട് മാത്രം ജനങ്ങൾ സിനിമ കാണാൻ തിരുമാനിച്ചിരുന്ന ഒരു രീതിയിലേക്ക് മാറ്റിയ ഈ മുതിർന്ന സംവിധായകന്റെ അവസാന ഹിറ്റ് ചിത്രം 13 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ വർണപകിട്ട് ആണു. 13 വർഷങ്ങൾ ഇൻഡസ്ട്രിയിൽ ഒരു ഹിറ്റ് പോലും ഉണ്ടാകാതിരുന്നിട്ടും ഇന്നും IV ശശിയുടെ പടം വരുന്നു എന്നറിയുമ്പോൾ ചെറുതായെങ്കിലും ഒരാൾക്കൂട്ടം ഉണ്ടാവുന്നത് ആ പഴയ പ്രതാപ കാല സ്മരണകൾ ഉള്ളിൽ ഉള്ളത് കൊണ്ട് തന്നെയാണു. IV ശശിയുടെ സിനിമകൾ അദ്ദേഹത്തിന്റെ സിനിമകളോട് തന്നെയായിരുന്നു പലപ്പോഴും മൽസരിച്ചിരുന്നത്. ഫ്ലൈറ്റിൽ യാത്ര ചെയ്ത് ഒരു ദിവസം തന്നെ മൂന്നും നാലും സിനിമകൾ അദ്ദേഹം ഷൂട്ട് ചെയ്തിട്ടുണ്ട്. ഇതു പോലെ ഒരു സംവിധായകൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല. എല്ലാവർക്കും അറിയുന്ന പോലെ മമ്മൂട്ടി ആയിരുന്നു IV ശശിയുടെ പ്രിയപ്പെട്ട നടൻ. അവരൊരുമിച്ച് 35 ഓളം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ 1991 ൽ ഇവർ ചെയ്ത നീലഗിരി എന്ന ചിത്രത്തിനു ശേഷം പിന്നീട് ഇവർ ഒരുമിക്കുന്നത് ബൽറാം vs താരാദാസിനു വേണ്ടിയായിരുന്നു. അതും 15 വർഷങ്ങൾക്ക് ശേഷം. മമ്മൂട്ടിയില്ലാതിരുന്ന ഈ 15 വർഷങ്ങളിൽ ആണു IV ശശി എന്ന സംവിധായകന്റെ കരിയർ ഗ്രാഫ് കുത്തനെ മുകളിലേക്ക് ഉയരുകയും അതിനെക്കാൾ വേഗതയിൽ താഴേക്ക് പതിക്കുകയും ചെയ്തത്. മോഹൻലാലിന്റെ സർവ്വകാല ഹിറ്റുകളിൽ ഒന്നായ ദേവാസുരം പുറത്തിറങ്ങിയത് ഈ കാലഘട്ടത്തിൽ ആയിരുന്നു. എന്നാൽ ദേവാസുരം എന്ന ആ വലിയ വിജയത്തിനു ശേഷം IV ശശിക്ക് നേടാനായത് വർണപകിട്ട് എന്ന ഒരു വിജയ ചിത്രം മാത്രം. അനുഭൂതി, സിറ്റി, ശ്രദ്ധ, ആയിരം മേനി എന്നിവ ബോക്സ് ഓഫീസിൽ ദുരന്തങ്ങൾ ആവുകയും ചെയ്തു. IV ശശി എന്ന സംവിധായകനെ മലയാള സിനിമ ഏതാണ്ട് എഴുതിത്തള്ളാൻ തുടങ്ങുന്ന ആ സമയത്താണു അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുന്നത്. IV ശശി വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്നു. അതിരാത്രത്തിലെ താരദാസും ആവനാഴിയിലെ ബൽറാമും നേർക്കു നേർ പോരാടുന്ന ബൽറാം Vs താരാദാസ്. IV ശശിയുടെ സിനിമകളുടെ ശക്തി അദ്ദേഹത്തിന്റെ സ്ഥിരം എഴുത്തുകാരനായ T ദാമോദരൻ മാഷിന്റെ സാന്നിധ്യം ആണു. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന സംഭാഷണങ്ങളും വിസ്മയിപ്പിക്കുന്ന കഥാസന്ദർഭങ്ങളും ഒരുക്കുന്നതിൽ ദാമോദരൻ മാഷിനുള്ള കഴിവ് മുഴുവനായും പ്രയോജനപ്പെടുത്തിയതാണു IV ശശി എന്ന സംവിധായകന്റെ വിജയം.എംടിയുമായും പത്മരാജനുമായും കൂട്ടു ചേർന്ന് വിജയങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർ എന്നും കാത്തിരുന്നത് IV ശശി - ദാമോദരൻ കൂട്ടു കെട്ടിൽ നിന്നുണ്ടാകുന്ന സിനിമകൾക്ക് വേണ്ടി ആയിരുന്നു. അതു കൊണ്ട് തന്നെ മമ്മൂട്ടിയുമായുള്ള കൂടിച്ചേരലിനു തിരകഥ ഒരുക്കാൻ IV ശശിക്ക് മറ്റൊരാളെ തിരയേണ്ട ആവശ്യം ഇല്ലായിരുന്നു. അങ്ങിനെ ദാമോദരൻ മാഷിന്റെ ഉഗ്രൻ തിരകഥയിൽ ബൽറാം VS താരദാസ് തിരുമാനിച്ചു. എന്നാൽ 1981ൽ IV ശശി തൃഷണയിലൂടെ നായകനായി അവതരിപ്പിച്ച മമ്മൂട്ടി അല്ലല്ലോ ഇപ്പോഴത്തെ മെഗാ സ്റ്റാർ മമ്മൂട്ടി. മലയാള സിനിമാ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു സിനിമയായിരുന്നു ബൽറാം vs താരദാസ്. എന്നാൽ ആ സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറുകയാണു ഉണ്ടായത്. കോമഡി കഥാപാത്രങ്ങളുടെ സ്വാധീനത്തില്പ്പെട്ട മമ്മൂട്ടി, ദാമോദരൻ മാഷിന്റെ ശക്തമായ തിരകഥ sn സ്വാമിയെ കൊണ്ട് മാറ്റിയെഴുതിച്ചതാണു ഈ സിനിമയുടെ പരാജയത്തിനു കാരണം എന്നൊക്കെയുള്ള ആരോപണങ്ങൾ അന്ന് കേട്ടിരുന്നു. മലയാള സിനിമയിൽ വീണ്ടും സജീവ സാന്നിധ്യമാവാനുള്ള IV ശശിയുടെ മോഹങ്ങൾക്കുള്ള വൻ തിരിച്ചടിയായിരുന്നു ആ സിനിമ. IV ശശിയുടെ കാലത്തു തന്നെ മലയാള സിനിമയിൽ എത്തിയ മറ്റൊരു മുതിർന്ന സംവിധായകനായ ജോഷി ഇന്നും മലയാളത്തിലെ No:1 സംവിധായകനായി തിളങ്ങുമ്പോഴാണു വെള്ളത്തൂവലുകളും സിഫണികളുമായി ഈ പഴയ സിംഹം വരുന്നത്. പറഞ്ഞു കേട്ടത് പോലെ മമ്മൂട്ടി തിരകഥ മാറ്റിയത് കൊണ്ടാണോ അതോ പ്രേക്ഷക അഭിരുചികൾ മാറിയത് IV ശശി മനസിലാക്കാതെ പോയത് കൊണ്ടാണൊ ബൽറാം Vs താരാദാസ് പരാജയമായത് എന്ന് അതിനു ശേഷം ഇറങ്ങിയ ശശി ചിത്രങ്ങൾ കണ്ടവർക്ക് മനസിലാക്കാവുന്നതെ ഉള്ളു. എന്തായാലും IV ശശി ഈ അടുത്ത കാലത്ത് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയുണ്ടായി. സിനിമ വൃത്തങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ IV ശശി - മമ്മൂട്ടി - ടി ദമോദരൻ ടീം വീണ്ടും ഒന്നിക്കുകയാണു. അധോലോകത്തിന്റെ രക്തം മരവിപ്പിക്കുന്ന ഒരു അത്യുഗ്രൻ തിരകഥ ദാമോദരൻ മാഷ് എഴുതികൊണ്ടിരിക്കുകയാണു. കഴിഞ്ഞാൽ ഉടനെ ഷൂട്ടിംഗ് തുടങ്ങുമെത്രെ. ബൽറാം Vs താരദാസിന്റെ പരാജയം എന്നന്നെക്കുമായി മായ്ച്ചു കളയുന്ന തരത്തിലുള്ള വിജയമാണു ഈ സിനിമയിലൂടെ ഇവർ ലക്ഷ്യം വെക്കുന്നത് എന്നാണു വാർത്ത. പിന്നീട് അതെ പറ്റിയുള്ള വിവരങ്ങൾ ഒന്നും കേട്ടിലെങ്കിലും മമ്മൂട്ടിയുടെ ഫ്യൂച്ചർ പ്രൊജക്ടുകളിൽ ഈ സിനിമയും സജീവ പരിഗണനയിലുണ്ട്. ദാമോദരൻ മാഷിന്റെ തിരകഥ രചന എത്രയും പെട്ടെന്ന് പൂർത്തിയാവാനും അത് ഒരു കിടിലൻ സിനിമയാക്കി ആൾക്കൂട്ടത്തിന്റെ സംവിധായകൻ എന്നറിയപ്പെടുന്ന IV ശശിക്ക് തന്റെ സിനിമ കളിക്കുന്ന തിയറ്ററുകളിൽ വീണ്ടും ആളെ കൂട്ടാനും അതുവഴി ഒരു ലക്ഷം ഹൗസ് ഫുൾ ഷോകൾ കളിക്കുന്ന ഒരു മെഗാവിജയം മെഗാസ്റ്റാറിനു ലഭിക്കാനും ഇടയാവട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം. അതിനെക്കാളൊക്കെ മുൻപ് ഈ സിനിമക്ക് ഒരു നിർമാതാവിനെ കിട്ടണമേ എന്നും.....!.

*പടം കളിക്കുന്ന തിയറ്ററുകളിൽ ഹീറ്റർ പിടിപ്പിക്കേണ്ടി വരുമോ.. മരവിച്ച രക്തം പഴയപോലെ ആക്കാൻ...!

കൂട്ടു തേടുന്ന സൂപ്പർ താരങ്ങൾ..!


കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നിന്റെ ഭാഗമായി മെഗാസ്റ്റാറും, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറാൻ പോകുന്ന ഒരു മലയാള സിനിമയുമായി സൂപ്പർ സ്റ്റാറും ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളും ഒരു സംശയം..! കാലിടറി തുടങ്ങിയോ നമ്മുടെ സൂപ്പർ താരങ്ങൾക്ക്..!!.
30 വർഷക്കാലമായി മലയാളികളുടെ ജീവിതത്തോട് ചേർന്നു നില്ക്കുന്ന ഈ രണ്ട് അതുല്യ നടന്മാരുടെയും ഏകാംഗ പ്രകടനങ്ങൾക്ക് വിരാമമായി തുടങ്ങിയോ..? ആ one man show കൾ ആളുകൾക്ക് മടുത്തു തുടങ്ങിയോ.. ?

മെഗാസ്റ്റാറിന്റെ കാര്യം തന്നെ ആദ്യം എടുക്കാം. 2007 ൽ മായാവി, 2008 ൽ അണ്ണൻ തമ്പി, 2009ൽ ചട്ടമ്പി നാട് എന്നീ സിനിമകൾ ആണു മമ്മൂട്ടിയുടെ സ്വന്തം ക്രെഡിറ്റിൽ വിജയിപ്പിച്ച ചിത്രങ്ങൾ. പോക്കിരി രാജയുടെയും പഴശിരാജയുടെയും ട്വെന്റി 20യുടെയും കഥ പറയുമ്പോളിന്റെയും വിജയങ്ങളാകട്ടെ ഒരു പാട് പേർക്ക് വീതം വെച്ച് കൊടുക്കേണ്ടി വരികയും ചെയ്തു. 4 വർഷത്തിനിടയ്ക്ക് 23 സിനിമകൾ ചെയ്തതിൽ സ്വന്തം നിലയിൽ വിജയിപ്പിക്കാനായത് വെറും 3 സിനിമകൾ മാത്രം. സൂപ്പർ സ്റ്റാറും ഇക്കാര്യത്തിൽ ഒട്ടും പിന്നില്ലല്ല. 2007ൽ ഹലോയും 2008 ൽ മാടമ്പിയും 2009 ൽ ഭ്രമരവും മാത്രം. സിനിമയിൽ തന്റെ സ്ഥാനം എപ്പോഴും ഒന്നാമതായി സൂക്ഷിക്കണം എന്ന് നിർബന്ധബുദ്ധിയുള്ള ആളാണു മമ്മൂട്ടി. അത് കൊണ്ട് തന്നെ പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നത് വളരെപ്പെട്ടെന്ന് തന്നെ അദ്ദേഹം തിരിച്ചറിയുകയും അതിനനുസരിച്ച് തന്റെ സിനിമകളെ രൂപപ്പെടുത്തുകയും ചെയ്യും. അതിന്റെ ഫലമാണു പോക്കിരി രാജ എന്ന സിനിമയും അത് നേടിയ ഗംഭീര വിജയവും. ഇടവേളക്ക് മാത്രമേ തന്റെ കഥാപാത്രം വരികയുള്ളു എന്നറിഞ്ഞിട്ടും ഈ ഒരു സിനിമ ചെയ്യാൻ മെഗാസ്റ്റാർ തയ്യാറായത്, തന്റെ താരസിംഹാസനം ഉറപ്പിക്കാൻ ഒരു മെഗാ വിജയം അത്യാവശ്യമായത് കൊണ്ട് തന്നെയാണു. ഇത് തന്നെയാണു മോഹൻലാലും ചെയ്യുന്നത്. മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുന്നതിലൂടെ സിനിമയുടെ വാണിജ്യ വിജയം ഉറപ്പു വരുത്തുക. 4 നായികന്മാരുമായി ക്രിസ്ത്യൻ ബ്രേദേഴ്സും സാക്ഷാൽ ബിഗ് ബിയുമായി കണ്ടഹാറുമൊക്കെ അണിയറയിൽ ഒരുങ്ങുമ്പോൾ അത് വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല. സൂപ്പർ താരങ്ങൾ സ്വയം ഒരു മാറ്റത്തിനു തയ്യാറെടുക്കുകയാണു. താരങ്ങൾ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ ചെയ്യുന്നില്ല, മരംചുറ്റി പ്രേമങ്ങൾ ഈ പ്രായത്തിലും ചെയ്യുന്നു, എന്നൊക്കെ പറഞ്ഞ് മുറവിളികൂട്ടുന്നവരുടെ വായ്യടപ്പിക്കാൻ തന്നെയാണു ഇവരുടെ തിരുമാനം. ശിക്കാർ എന്ന സിനിമയിലൂടെ മാണിക്യം മൈഥിലിയുടെ അഛൻ വേഷം ചെയ്യാൻ ലാൽ തയ്യാറായതും അത് കൊണ്ട് തന്നെയാണു. (അവിവാഹിതനായ മോഹൻലാലിനു വീണു കിട്ടിയ കുഞ്ഞാണോ മൈഥിലി എന്നറിയാൻ ശിക്കാർ ഇറങ്ങുക തന്നെ വേണം). എന്തായാലും സൂപ്പർ താരങ്ങളുടെ ഈ മനം മാറ്റം കാരണം ഒരു പാട് മൾട്ടി സ്റ്റാർ സിനിമകൾ കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്ക് ലഭിക്കും. മോഹൻലാലിന്റെ വരാനിരിക്കുന്ന കാസനോവ, ചൈന ടൗൺ, കസിൻസ്, രാജാവിന്റെ മകൻ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ഉള്ളവയാണു. മമ്മൂട്ടിയ്ക്കും മൾട്ടി സ്റ്റാർ ചിത്രങ്ങൾ കുറവല്ല. നല്ല കഥകൾ എഴുതാനുള്ള അവസരമാണു തിരകഥാകൃത്തുക്കൾക്ക് ഇത്തരത്തിലുള്ള ചിത്രങ്ങളിലൂടെ ലഭിക്കുന്നത്. ട്വെന്റി 20 പോലെ വെറും കെട്ടുകാഴ്ച്ചകൾ ആകാതെ മികച്ച സിനിമകൾ നല്കാൻ നമ്മുടെ സിനിമാക്കാർക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം പ്രത്യേകിച്ചും നമ്മുടെ താരങ്ങൾ ഇങ്ങനെ ഒരു വിട്ടു വീഴ്ച്ചക്ക് തയ്യാറായ സ്ഥിതിക്ക്...!!!

*മെഗായും സൂപ്പറും കരിയർ തുടങ്ങിയത് മൾട്ടി സ്റ്റാർ ചിത്രങ്ങളില്‍.. ഇനി ഒടുക്കവും അങ്ങിനെ തന്നെ ആവുമോ..?

**പ്രാഞ്ചിയേട്ടൻ & സെയിന്റിൽ മെഗായുടെ ഗെറ്റപ്പ് കണ്ടാൽ പ്രിത്വിരാജിനേക്കാൾ ചെറുപ്പമെന്ന്..

***അപ്പോൾ പിന്നെ ഒരു രക്ഷയും ഇല്ല 2020 വരെ ഇവിടൊക്കെ തന്നെ കാണും!!!.

Followers

 
Copyright 2009 b Studio. All rights reserved.