കസവിന്റെ തട്ടമിട്ട്...വെള്ളിയരഞ്ഞാണമിട്ട്.. അതു വരെ കേട്ട് പരിചയമുള്ള ശബ്ദങ്ങളിൽ നിന്നും വേറിട്ടൊരു ശബ്ദം. കേട്ടവർ കേട്ടവർ തിരക്കി. ഇതാരാണു പാടിയത്. ഉത്തരം കിട്ടിയപ്പോള്‍ ചുണ്ടിൽ പുഞ്ചിരി. ശ്രീനിവാസന്റെ മകനല്ലേ. മോശമാവുമോ..!! പിന്നീടങ്ങോട്ട് കരളിന്റെ കരളായി, നമ്മുടെയെല്ലാം ഖല്ബിലെ സ്വന്തം പാട്ടുകാരനായി വിനീത് മാറി.അഞ്ചാറുകൊല്ലം പാടി നടന്നപ്പോൾ അഭിനയത്തിൽ ഒന്നു പയറ്റി നോക്കി. അഭിനയിച്ച രണ്ട് സിനിമകളും ഹിറ്റായെങ്കിലും പ്രശസ്തനായ അഛന്റെ മകൻ അത് കൊണ്ട് മാത്രം തൃപ്തനാവാൻ തയ്യാറായിരുന്നില്ല. അഛന്റെ വഴി തന്നെ പിന്തുടർന്ന് സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ തിരുമാനിച്ചു. സംവിധാനത്തിൽ മുൻ പരിചയം വലതുമുണ്ടോ എന്ന് ചോദിച്ചാൽ ആല്ബങ്ങൾ ചെയ്ത് നല്ല പരിചയമുണ്ട്. പിന്നെ കഥ, തിരകഥ , സംഭാഷണം എല്ലാം സ്വയം തന്നെ ആയതിനാൽ മനസ്സിലുള്ള സിനിമ അതേ പടി സ്ക്രീനിലോട്ട് പകർത്താനും കഴിയും. സിനിമ നിർമ്മിക്കാൻ സാക്ഷാൽ ദിലീപ് തന്നെ രംഗത്ത് എത്തി. അങ്ങിനെ പടം തുടങ്ങി. മലർവാടി ആർട്സ് ക്ലബ്. പേരിൽ തന്നെ ആദ്യമേ വ്യത്യസ്തത. പിന്നീട് പടത്തിന്റെ സ്റ്റിൽസ് പുറത്തു വന്നപ്പോൾ അതിലേറെ പുതുമ. പാട്ടുകൾ ഇറങ്ങിയപ്പോഴത്തെ കാര്യം പിന്നെ പറയേണ്ട. അങ്ങിനെ മലർവാടി ആർട്സ് ക്ലബ് ഒരു ഷുവർ ഹിറ്റ് ആയി മാറും എന്ന് പ്രവചിച്ചിരിക്കയാണു പടത്തിന്റെ ട്രെയിലർ വന്നത്. ട്രെയിലർ കണ്ട മിക്കവരുടെയും നെറ്റി ചുളിഞ്ഞു. പ്രതീക്ഷിച്ച ഒരു പഞ്ച് ട്രെയിലറിൽ നിന്നും കിട്ടുന്നില്ല എന്നതായിരുന്നു ചിലരുടെ പരാതി. പക്ഷെ ട്രെയിലർ ഗംഭീരമായി ഇറക്കിയ പല സിനിമകൾക്കും തിയറ്ററുകളിൽ സംഭവിച്ചതിന്റെ വിപരീതമായിരിക്കും ഈ സിനിമക്ക് ഉണ്ടാകുക എന്ന് പറഞ്ഞ് സമാധാനിച്ചു പലരും. അങ്ങിനെ കാത്തിരുന്ന ദിവസം തന്നെ മലർവാടി ആർട്സ് ക്ലബ് തുറന്നു.
യുവാക്കളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഒരുപാട് സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. അതിൽ ചില സിനിമകൾ മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. ചിലത് തിരസ്കരിച്ചിട്ടുമുണ്ട്. എന്നാല്‍ മനശേരി എന്ന ഗ്രാമത്തിലെ അഞ്ച് ചെറുപ്പക്കാരുടെ കഥ പറഞ്ഞ ഈ സിനിമ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അഭിനേതാക്കളുടെ പരിചയക്കുറവും ക്ലൈമാക്സിൽ മറ്റൊരു സിനിമയുമായി തോന്നുന്ന സാദൃശ്യവും, തിരകഥയിലെ പാളിച്ചകളും, പാട്ടുകളിലെ കല്ലുകടിയും എല്ലാം മറന്ന് മലയാള സിനിമാ പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചത് സ്ഥിരം താപ്പാനകളുടെ കണ്ട് മടുത്ത നാടകങ്ങളിൽ നിന്നും ഒരു മോചനം എന്ന നിലയ്ക്കും കൂടി ആകാം. അങ്ങിനെ 25 കൊല്ലത്തെ പരിചയ സമ്പത്തുള്ള സംവിധായകന്റെ യുവത്വം നിറഞ്ഞ സിനിമയുമായി മൽസരിച്ച് 25 വയസ്സ് മാത്രം പ്രായമുള്ള സംവിധായകന്റെ സിനിമ ഒന്നാമതെത്തിയിരിക്കുകയാണു.കുറവുകളേറെ ഉണ്ടെങ്കിലും മലർവാടി നമ്മുക്ക് ആസ്വാദിക്കാം. അല്ലെങ്കിലും ഒരു പരീക്ഷയിൽ ഫസ്റ്റ് റാങ്കോ സെക്കന്റ് റാങ്കോ കിട്ടാൻ എല്ലാ ഉത്തരവും ശരിയാകണം എന്നില്ലല്ലോ. ജയിച്ച മറ്റുള്ളവരേക്കാൾ കൂടുതൽ മാർക്ക് കിട്ടിയാൽ മാത്രം മതിയല്ലോ...!
*ശ്രീനിവാസൻ തിരകഥാ രചനയിൽ വിനീതിനെ സഹായിച്ചിരുന്നെങ്കിൽ സിനിമ ഇതിലും ഗംഭീരമായിരുന്നേനെ എന്ന്...!!
**എന്തിനു ഒരുനാൾ വീണ്ടും വരാനോ...!!!
Subscribe to:
Post Comments (Atom)
9 comments:
വിനീത് ശ്രീനിവാസന്‍ തൊട്ടതെല്ലാം പൊന്നാക്കുന്നവന്‍ തന്നയാ...
*ശ്രീനിവാസൻ തിരകഥാ രചനയിൽ വിനീതിനെ സഹായിച്ചിരുന്നെങ്കിൽ സിനിമ ഇതിലും ഗംഭീരമായിരുന്നേനെ എന്ന്...!!
**എന്തിനു ഒരുനാൾ വീണ്ടും വരാനോ...!!!
ഹ ഹ ഹ
അതു കലക്കി..
മലർവാടി കാണണം എന്ന് കരുതുന്നു.. ഇവിടെ കളിക്കുന്നുണ്ട്.. എന്തായാലും ‘അപൂർവരാഗങ്ങ‘ളേക്കാൾ ഭേദമാവും തീർച്ച...
എനിക്ക് തോന്നുന്നത് സിനിമകളെ വിലയിരുത്തുന്നതിൽ നിങ്ങൾക്ക് തെറ്റ് പറ്റുന്നുണ്ട് എന്നാണു. ഇതിൽ അവസാനമായി ഇട്ട 4 സിനിമകളുടെയും റിവ്യുകളിൽ സിനിമ മോശം ആണു എന്നാണു പറഞ്ഞിരിക്കുന്നത്. ഒരു നാൾ വരും എന്ന മോഹൻലാൽ ചിത്രം ലാലിന്റെ അതിമാനുഷികത ഇല്ലാത്ത ആ നല്ല സിനിമ തിരിച്ചറിയാൻ എന്താണു നിങ്ങൾക്ക് കഴിയാഞ്ഞത്. അതു പോലെ നല്ലവനും നിങ്ങൾ മോശമാണു എന്ന് പറയുന്നു. അപൂർവ്വ രാഗം എന്ന സിനിമ ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിൽ വെച്ചേറ്റവും വ്യത്യസ്തമായ സിനിമ നിങ്ങൾക്ക് ഏറ്റവും മോശം സിനിമ. മലർവാടി ആർട്സ് ക്ലബ് ഞാൻ കണ്ടിട്ടില്ല. പക്ഷെ അതിന്റെ റിവ്യുകളിൽ നിന്നും അത് നല്ലൊരു സിനിമ ആണു എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത്. പക്ഷെ ഇവിടെ അതൊരു ശരാശരി സിനിമ എന്ന് പറയുന്നു. അപൂർവ്വ രാഗത്തോടൊപ്പം ഇറങ്ങിയത് കൊണ്ട് മാത്രം വിജയിച്ചു എന്ന് പറയുന്നു. അല്ല സുഹൃത്തേ ഒരു കാര്യം ചൊദിക്കട്ടേ ഏത് തരത്തിലുള്ള സിനിമകൾ ആണു നിങ്ങൾ നല്ലത് എന്ന് പറയുക. പോക്കിരി രാജ നല്ല സിനിമ എന്ന് എഴുതിയ നിങ്ങളിൽ നിന്ന് ഇതൊക്കെ തെന്നെ പ്രതീക്ഷിക്കാം.
thanks for comments
@ഹംസ
അഛനാരാ മോൻ.. അപ്പോൾ പിന്നെ മകനും...!
@മൈലാഞ്ചി
അപൂർവ്വ രാഗവും കണ്ട് നോക്കു. ചിലർക്ക് ആ പടം നന്നായി ഇഷ്ടപ്പെടുന്നുണ്ട്.
@vinu
ആദ്യമേ താങ്കളുടെ കമന്റിലെ ഒരു ചെറിയ പിശക് ചൂണ്ടികാണിക്കട്ടെ. ഈ ബ്ലോഗ്ഗിൽ ഒരു സിനിമയുടെയും റിവ്യു ഇതു വരെ എഴുതിയിട്ടില്ല. ഇനി എഴുതാനും പോകുന്നില്ല. സിനിമ കണ്ട് കഴിഞ്ഞ് ഞങ്ങൾക്ക് തോന്നുന്ന അഭിപ്രായം ആണു ഞങ്ങൾ ഇവിടെ എഴുതുന്നത്. പിന്നെ ഒരു നാൾ വരും, നല്ലവൻ, അപൂർവ്വ രാഗം എന്ന സിനിമകളെ കുറിച്ച് ഞങ്ങൾ എഴുതിയ അഭിപ്രായങ്ങളോട് വിനുവിനുള്ള വിയോജിപ്പ് അംഗീകരിക്കുന്നു. വിനുവിനു ആ സിനിമകൾ ഇഷ്ട്പ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഒരോരുത്തരുടെയും അഭിരുചികൾ വ്യത്യസ്തമാണല്ലോ. പിന്നെ പോക്കിരി രാജയുടെ കാര്യം. അത് ഒരു പാട് തവണ ഇവിടെ പറഞ്ഞ് കഴിഞ്ഞതാണു എങ്കിലും പറയാം. പോക്കിരി രാജ ഒരു നല്ല സിനിമ എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ആ സിനിമ ഒരു എന്റർടെയ്നർ എന്ന നിലക്ക് ഇറക്കിയ സിനിമയാണു. 5 കോടി മുടക്കി അതിന്റെ നിർമാതവ് ആ സിനിമ എടുത്തത് ആ പൈസ തിരിച്ചു പിടിക്കണം എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണു. ആ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞത് കൊണ്ട് തന്നെയാണു ഞങ്ങൾ പോക്കിരി രാജ മികച്ച സിനിമ ആണു എന്ന് പറഞ്ഞത്.
അപൂർവരാഗം കണ്ടിട്ടു തന്നെയാ പറഞ്ഞത്.. ഇഷ്ടപ്പെട്ടില്ല, ഞങ്ങൾ ആർക്കും....
@മൈലാഞ്ചി
ഹഹ അപ്പോൾ ഞങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നവരും ഉണ്ട്.
അപൂര്‍വ്വ രാഗം പോലെയുള്ള സിനിമകളെ പ്രോല്സാഹിപ്പികാതെ പുറം തിരിഞ്ഞു നില്‍ക്കുന്ന മലയാള സിനിമ പ്രേക്ഷകര്‍ ആണ് ഇന്നത്തെ ശാപം. ഇത്തരത്തിലുള ഒരു സിനിമ മലയാളത്തില്‍ വന്നിട്ടില്ല. തമിഴിലെയും തെലുങ്കിലെയും പരീക്ഷണ ചിത്രങ്ങള്‍ സ്വീകരിക്കുന്ന മലയാളികള്‍ എന്ത് കൊണ്ട് സ്വന്തം ഭാഷയില്‍ ഇറങ്ങുന്ന സിനിമകളെ അഗീകരിക്കുന്നില്ല.
വിനൂ.. അപൂർവരാഗം മോശമാണെന്ന് പറയാൻ ഞാനാളല്ല.. എനിക്കോ എന്റെ വീട്ടുകാർക്കോ ഇഷ്ടപ്പെട്ടില്ല എന്നേ അർഥമുള്ളൂ.. ഒരു സിനിമ നന്നായി എന്നു പറയാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാകും ഉണ്ടാകുക.. ഇത് ഇഷ്ടപ്പെട്ടില്ല എന്നതിന്റെ അർഥം ഇതിൽ ഒന്നും നല്ലതില്ല എന്നല്ല.. ചില സീനുകൾ എടുത്ത രീതി കൊള്ളാം.. എനിക്കിതിൽ ഏറ്റവും നന്നായി തോന്നിയത് സ്റ്റണ്ട് ആണ്.. റിയലിസ്റ്റിക്.. ശരിക്കും നന്നായിട്ടുണ്ട്...പിന്നെ ചില സസ്പെൻസുകൾ..അത് മിക്കതും ഊഹിക്കാൻ പറ്റി എന്നതാണ് കഷ്ടം.. എനിക്കു മാത്രമല്ല, ഞങ്ങളുടെ മകൾക്കു പോലും.. കഥയിൽ എന്താ പുതുമ? ആവോ? ആദ്യ പകുതിയിൽ ഒന്നുമില്ല തന്നെ...
സ്റ്റുഡിയോ ഓണേഴ്സിനോട് മാപ്പ്.. മലർവാടിപോസ്റ്റ് അപൂർവരാഗ ചർച്ചയായിപ്പോയി.. ഇനി ഞാൻ ചുപ്...
മലര്‍വാടി കണ്ടു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബോറടിപ്പിച്ചില്ല.
പിന്നെ യുവ താരങ്ങളുടെ അഭിനയത്തില കുറേ സ്ലിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. സംവിധായകനും പുതിയതായതുകൊണ്ട് ക്ഷമിക്കാം അത്ര അരോചകമായതല്ല ഇതൊന്നും, എങ്കിലും കുറച്ചുകൂടിയൊക്കെ നന്നാക്കാമായിരുന്നു. പിന്നെ പാട്ടുകാരനായി പേരെടുക്കുന്ന (സന്തോഷ്) ആളുടെ കാസ്റ്റിങ്ങ് അത്ര സുഖായില്ല. ആ കഥാപാത്രം ആവശ്യപ്പെടുന്നത്ര എടുത്തുകൊടുക്കാന്‍ സന്തോഷിനായില്ല. ബാക്കിയുള്ളവര്‍ കൊള്ളാം. പിന്നെ ഒരാളുടെ പ്രണയവും വിവാഹവും ചുമ്മാ കുത്തിക്കയറ്റിയതുപോലെ തോന്നി. യുവാക്കളുടെ കഥയില്‍ പ്രണയമില്ലെങ്കില്‍ മോശമായാലോ എന്നു വിചാരിച്ചാവും. ആ ഏച്ചുകെട്ടലിന്റെ മുഴച്ചുനില്‍പ്പ് സിനിമയ്ക്കുണ്ട്. പാട്ടുകള്‍ എല്ലാം കൊള്ളാം... സംഗീതം പ്രത്യേകിച്ചും. മൊത്തത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട് വിനീത്!
Post a Comment