കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നിന്റെ ഭാഗമായി മെഗാസ്റ്റാറും, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറാൻ പോകുന്ന ഒരു മലയാള സിനിമയുമായി സൂപ്പർ സ്റ്റാറും ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളും ഒരു സംശയം..! കാലിടറി തുടങ്ങിയോ നമ്മുടെ സൂപ്പർ താരങ്ങൾക്ക്..!!.
30 വർഷക്കാലമായി മലയാളികളുടെ ജീവിതത്തോട് ചേർന്നു നില്ക്കുന്ന ഈ രണ്ട് അതുല്യ നടന്മാരുടെയും ഏകാംഗ പ്രകടനങ്ങൾക്ക് വിരാമമായി തുടങ്ങിയോ..? ആ one man show കൾ ആളുകൾക്ക് മടുത്തു തുടങ്ങിയോ.. ?
മെഗാസ്റ്റാറിന്റെ കാര്യം തന്നെ ആദ്യം എടുക്കാം. 2007 ൽ മായാവി, 2008 ൽ അണ്ണൻ തമ്പി, 2009ൽ ചട്ടമ്പി നാട് എന്നീ സിനിമകൾ ആണു മമ്മൂട്ടിയുടെ സ്വന്തം ക്രെഡിറ്റിൽ വിജയിപ്പിച്ച ചിത്രങ്ങൾ. പോക്കിരി രാജയുടെയും പഴശിരാജയുടെയും ട്വെന്റി 20യുടെയും കഥ പറയുമ്പോളിന്റെയും വിജയങ്ങളാകട്ടെ ഒരു പാട് പേർക്ക് വീതം വെച്ച് കൊടുക്കേണ്ടി വരികയും ചെയ്തു. 4 വർഷത്തിനിടയ്ക്ക് 23 സിനിമകൾ ചെയ്തതിൽ സ്വന്തം നിലയിൽ വിജയിപ്പിക്കാനായത് വെറും 3 സിനിമകൾ മാത്രം. സൂപ്പർ സ്റ്റാറും ഇക്കാര്യത്തിൽ ഒട്ടും പിന്നില്ലല്ല. 2007ൽ ഹലോയും 2008 ൽ മാടമ്പിയും 2009 ൽ ഭ്രമരവും മാത്രം. സിനിമയിൽ തന്റെ സ്ഥാനം എപ്പോഴും ഒന്നാമതായി സൂക്ഷിക്കണം എന്ന് നിർബന്ധബുദ്ധിയുള്ള ആളാണു മമ്മൂട്ടി. അത് കൊണ്ട് തന്നെ പ്രേക്ഷകന്റെ അഭിരുചികൾ മാറുന്നത് വളരെപ്പെട്ടെന്ന് തന്നെ അദ്ദേഹം തിരിച്ചറിയുകയും അതിനനുസരിച്ച് തന്റെ സിനിമകളെ രൂപപ്പെടുത്തുകയും ചെയ്യും. അതിന്റെ ഫലമാണു പോക്കിരി രാജ എന്ന സിനിമയും അത് നേടിയ ഗംഭീര വിജയവും. ഇടവേളക്ക് മാത്രമേ തന്റെ കഥാപാത്രം വരികയുള്ളു എന്നറിഞ്ഞിട്ടും ഈ ഒരു സിനിമ ചെയ്യാൻ മെഗാസ്റ്റാർ തയ്യാറായത്, തന്റെ താരസിംഹാസനം ഉറപ്പിക്കാൻ ഒരു മെഗാ വിജയം അത്യാവശ്യമായത് കൊണ്ട് തന്നെയാണു. ഇത് തന്നെയാണു മോഹൻലാലും ചെയ്യുന്നത്. മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുന്നതിലൂടെ സിനിമയുടെ വാണിജ്യ വിജയം ഉറപ്പു വരുത്തുക. 4 നായികന്മാരുമായി ക്രിസ്ത്യൻ ബ്രേദേഴ്സും സാക്ഷാൽ ബിഗ് ബിയുമായി കണ്ടഹാറുമൊക്കെ അണിയറയിൽ ഒരുങ്ങുമ്പോൾ അത് വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല. സൂപ്പർ താരങ്ങൾ സ്വയം ഒരു മാറ്റത്തിനു തയ്യാറെടുക്കുകയാണു. താരങ്ങൾ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ ചെയ്യുന്നില്ല, മരംചുറ്റി പ്രേമങ്ങൾ ഈ പ്രായത്തിലും ചെയ്യുന്നു, എന്നൊക്കെ പറഞ്ഞ് മുറവിളികൂട്ടുന്നവരുടെ വായ്യടപ്പിക്കാൻ തന്നെയാണു ഇവരുടെ തിരുമാനം. ശിക്കാർ എന്ന സിനിമയിലൂടെ മാണിക്യം മൈഥിലിയുടെ അഛൻ വേഷം ചെയ്യാൻ ലാൽ തയ്യാറായതും അത് കൊണ്ട് തന്നെയാണു. (അവിവാഹിതനായ മോഹൻലാലിനു വീണു കിട്ടിയ കുഞ്ഞാണോ മൈഥിലി എന്നറിയാൻ ശിക്കാർ ഇറങ്ങുക തന്നെ വേണം). എന്തായാലും സൂപ്പർ താരങ്ങളുടെ ഈ മനം മാറ്റം കാരണം ഒരു പാട് മൾട്ടി സ്റ്റാർ സിനിമകൾ കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്ക് ലഭിക്കും. മോഹൻലാലിന്റെ വരാനിരിക്കുന്ന കാസനോവ, ചൈന ടൗൺ, കസിൻസ്, രാജാവിന്റെ മകൻ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ഉള്ളവയാണു. മമ്മൂട്ടിയ്ക്കും മൾട്ടി സ്റ്റാർ ചിത്രങ്ങൾ കുറവല്ല. നല്ല കഥകൾ എഴുതാനുള്ള അവസരമാണു തിരകഥാകൃത്തുക്കൾക്ക് ഇത്തരത്തിലുള്ള ചിത്രങ്ങളിലൂടെ ലഭിക്കുന്നത്. ട്വെന്റി 20 പോലെ വെറും കെട്ടുകാഴ്ച്ചകൾ ആകാതെ മികച്ച സിനിമകൾ നല്കാൻ നമ്മുടെ സിനിമാക്കാർക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം പ്രത്യേകിച്ചും നമ്മുടെ താരങ്ങൾ ഇങ്ങനെ ഒരു വിട്ടു വീഴ്ച്ചക്ക് തയ്യാറായ സ്ഥിതിക്ക്...!!!
*മെഗായും സൂപ്പറും കരിയർ തുടങ്ങിയത് മൾട്ടി സ്റ്റാർ ചിത്രങ്ങളില്‍.. ഇനി ഒടുക്കവും അങ്ങിനെ തന്നെ ആവുമോ..?
**പ്രാഞ്ചിയേട്ടൻ & സെയിന്റിൽ മെഗായുടെ ഗെറ്റപ്പ് കണ്ടാൽ പ്രിത്വിരാജിനേക്കാൾ ചെറുപ്പമെന്ന്..
***അപ്പോൾ പിന്നെ ഒരു രക്ഷയും ഇല്ല 2020 വരെ ഇവിടൊക്കെ തന്നെ കാണും!!!.
Subscribe to:
Post Comments (Atom)
8 comments:
ആഹാ എത്ര സുന്ദരം മേഗായും സൂപ്പറും ആരാണ് ഈ പട്ടം ഇവര്‍ക്ക് കൊടുത്തത്.ഫാന്‍സ്കാര്‍ ആയിരിക്കും അല്ലേ. പ്ര്വിതിരാജിനെക്കാള്‍ ചെറുപ്പം ഹ ഹ ഹാ.
എം ജി രാധാകൃഷ്ണനെ നിങ്ങള്‍ അനുസ്മരിച്ചില്ലല്ലോ,അദ്ദേഹത്തെ പറ്റി ഒരു കുറിപ്പ് സിനിമയെ സ്നേഹിക്കുന്ന നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചു. ഈ സൂപ്പറുകള്‍ ഉണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്?!!
അങ്ങനെ മറ്റുള്ളവര്‍ക്കും അവസരം കിട്ടട്ടേന്ന്...
എന്തായാലും സൂപ്പർ താരങ്ങളുടെ ഈ മനം മാറ്റം കാരണം ഒരു പാട് മൾട്ടി സ്റ്റാർ സിനിമകൾ കാണാനുള്ള ഭാഗ്യം പ്രേക്ഷകർക്ക് ലഭിക്കും..
അങ്ങനെ എങ്കിലും സമാധാനിക്കാം
***അപ്പോൾ പിന്നെ ഒരു രക്ഷയും ഇല്ല 2020 വരെ ഇവിടൊക്കെ തന്നെ കാണും!!!***
മിക്കവാറും ഇതുതന്നെ സംഭവിക്കും..:)
അല്ല, ആരാണ് ഇവര്‍ക്ക് മെഗായും സൂപ്പറും അനുവദിച്ചു കൊടുത്തത്?!!!. "ശിക്കാർ എന്ന സിനിമയിലൂടെ മാണിക്യം മൈഥിലിയുടെ അഛൻ വേഷം ചെയ്യാൻ ലാൽ തയ്യാറായതും"---സൂര്യഗായത്രി, തന്‍മാത്ര തുടങ്ങിയ സിനിമകളിലും അച്ഛന്‍ വേഷങ്ങള്‍ അല്ലെ?!!!
"മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുന്നതിലൂടെ സിനിമയുടെ വാണിജ്യ വിജയം ഉറപ്പു വരുത്തുക"---നിര്‍മാതാക്കള്‍ പറയുന്നത് അങ്ങനെയല്ല; അതിങ്ങനെ -> ഇപ്പോള്‍ ഒരു സിനിമക്ക് മുടക്കാവുന്ന തുകക്ക് പരിമിതിയുണ്ട്. അങ്ങനെ മലയാള സിനിമയില്‍ നിശ്ചയിച്ചു കഴിഞ്ഞത് മുതല്‍ക്കാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ വരാന്‍ തുടങ്ങിയത്. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ നിര്‍മ്മാനത്തുകയുടെ പരിധിയില്‍ പെടില്ല. പോക്കിരിരാജ പ്രിഥ്വിരാജിനെ മാത്രം വെച്ച് ചെയ്യാന്‍ ഉദ്ദേശിച്ചതായിരുന്നു. ഈ ഒരു പ്രശനം വന്നതിനു ശേഷം ആണ് മമ്മൂട്ടിക്ക് വേണ്ട രീതിയില്‍ റോള്‍ എഴുതി ഉണ്ടാക്കിയത്!.
"നല്ല കഥകൾ എഴുതാനുള്ള അവസരമാണു തിരകഥാകൃത്തുക്കൾക്ക് ഇത്തരത്തിലുള്ള ചിത്രങ്ങളിലൂടെ ലഭിക്കുന്നത്"---മള്‍ട്ടി സ്റ്റാര്‍ വരുന്നു എന്നാല്‍ നല്ല കഥകള്‍ വരുന്നു എന്നാണോ?> .... :)
കമന്റുകൾക്ക് നന്ദി.
@വിനയൻ.
സൂപ്പറെന്നും മെഗായെന്നും ആരും അനുവദിച്ചു കൊടുത്തിലെങ്കിൽ പോലും അതെടുത്ത് തലയിൽ വെക്കുന്നവരാണു നമ്മുടെ നടന്മാർ. ഇന്നലെ വന്ന ജയസൂര്യക്ക് വരെയുണ്ട് ഒരു പേരു “ Up coming Star" പിന്നെ ലാൽ അഛൻ വേഷങ്ങൾ ചെയ്യുന്ന കാര്യം. അത് അഭിനന്ദനാർഹം ആണു എന്നാണു ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.
"മൾട്ടി സ്റ്റാർ ചിത്രങ്ങളിലൂടെ വാണിജ്യ വിജയം ഉറപ്പു വരുത്തുക.."
ഇതിൽ നിർമാതാക്കളുടെ ഭാഷ്യം അല്ല ഞങ്ങൾ പറഞ്ഞത് ഞങ്ങളുടെ കാഴ്ച്ചപ്പാടാണു. ഒരു താരത്തിന്റെ ഒറ്റയ്ക്കുള്ള ഒരു ചിത്രത്തേക്കാൾ എന്തു കൊണ്ടും സാറ്റലൈറ്റും ഓവർസീസും എല്ലാം കൂടുതൽ കിട്ടുക ഇത്തരം മൾട്ടി സ്റ്റാർ ചിത്രങ്ങൾക്ക് തന്നെയാണു. ഇനീഷ്യൽ കളക്ഷന്റെ കാര്യം പിന്നെ പറയണ്ടല്ലോ.
"മൾട്ടി സ്റ്റാർ ചിത്രങ്ങൾ വരുന്നു എന്നാൽ നല്ല കഥകൾ വരുന്നു എന്നാണോ..? "
ഒരിക്കല്ലുമല്ല. നല്ല കഥകൾ എഴുതാനുള്ള അവസരങ്ങൾ എഴുത്തുകാർക്ക് ലഭിക്കും എന്നാണു. ഒരു താരത്തെ കേന്ദ്രീകരിച്ച് മാത്രം കഥകൾ എഴുതുന്ന ഒരു അവ്സ്ഥയിൽ നിന്ന് കഥകൃത്തുക്കൾക്ക് മോചനം ലഭിക്കും. ഒരു പാട് നായകന്മാർ ഉള്ള കുറെയെറെ സിനിമകൾ വിജയിച്ചതാണു മലയാളത്തിൽ പക്ഷെ അന്നൊന്നും അതിനെ ആരും മൾട്ടി സ്റ്റാർ ചിത്രങ്ങൾ എന്ന് വിളിച്ചിരുന്നില്ല. കാരണം അതിൽ അഭിനയിച്ചിരുന്നവർ സ്റ്റാറുകൾ അല്ലായിരുന്നു.അന്നവർ സദാ നടന്മാർ മാത്രമായിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ ചിത്രങ്ങൾ ആയ ട്വന്റി20യും പോക്കിരി രാജയും ഒരിക്കലും നല്ല സിനിമകൾ അല്ല. അത് കൊണ്ട് തന്നെ ആണു ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത് "ട്വെന്റി 20 പോലെ വെറും കെട്ടുകാഴ്ച്ചകൾ ആകാതെ മികച്ച സിനിമകൾ നല്കാൻ നമ്മുടെ സിനിമാക്കാർക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം"എന്ന്.
"ഒരു താരത്തെ കേന്ദ്രീകരിച്ച് മാത്രം കഥകൾ എഴുതുന്ന ഒരു അവ്സ്ഥയിൽ നിന്ന് കഥകൃത്തുക്കൾക്ക് മോചനം ലഭിക്കും"---അതായത് രണ്ടോ മൂന്നോ മുന്‍നിര താരങ്ങളെ ലക്‌ഷ്യം വെച്ചെഴുതണം എന്നര്‍ത്ഥം.അതായത് എല്ലാ തരം ആരാധകരെയും തൃപ്തിപ്പെടുത്തണം എന്നര്‍ത്ഥം. കുറച്ചു കൂടി പരത്തി പറഞ്ഞാല്‍ വീണ്ടും 20-20, പോക്കിരിരാജ പോലുള്ള സിനിമകള്‍ വരും എന്നും പറയാം!.
"ഒരു പാട് നായകന്മാർ ഉള്ള കുറെയെറെ സിനിമകൾ വിജയിച്ചതാണു മലയാളത്തിൽ പക്ഷെ അന്നൊന്നും അതിനെ ആരും മൾട്ടി സ്റ്റാർ ചിത്രങ്ങൾ എന്ന് വിളിച്ചിരുന്നില്ല. കാരണം അതിൽ അഭിനയിച്ചിരുന്നവർ സ്റ്റാറുകൾ അല്ലായിരുന്നു.അന്നവർ സദാ നടന്മാർ മാത്രമായിരുന്നു."
ഇത് വിനയൻ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. താരങ്ങളല്ലാത്ത നടന്മാർ മാത്രമായ ചിത്രങ്ങൾ ഇപ്പോൾ ഇറങ്ങിയാലും വിജയിക്കുന്നുണ്ട്. ക്ലാസ്മേറ്റ്സ് അതിനൊരുദാഹരണം മാത്രം. പിന്നെ ഇനി വരുന്ന മൾട്ടി സ്റ്റാർ ചിത്രങ്ങൾ പോക്കിരി രാജയെ പോലെയും 20-20 പോലെയും ആവാതിരിക്കട്ടെ എന്ന് നമ്മുക്ക് കരുതാം.
Post a Comment