RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ടാ തടിയാ


ഡാഡി കൂൾ ഒരബദ്ധമായിരുന്നു. സാൾട്ട് & പെപ്പർ ചക്ക വീണു ചത്ത മുയലും. നിരൂപക ലോകം ഒന്നടങ്കം വാഴ്ത്തിയ 22 ഫീമെയിൽ ആകട്ടെ അങ്ങ് ഹോളിവുഡിൽ നല്ല വെവരമുള്ള സായിപ്പന്മാർ പടച്ചുണ്ടാക്കിയതിനെ ഉഡായിപ്പിൽ അടിച്ചെടുത്ത് ഒപ്പിച്ചതും. അതു കൊണ്ട് തന്നെ ന്യൂജനറേഷൻ സിനിമകളിലെ ഏറ്റവും ഗ്ലാമറുള്ള സംവിധായകൻ ശ്രീ ആഷിക്ക് അബുവിന്റെ ശരിക്കുമുള്ള ക്രാഫ്റ്റ് എന്താണെന്ന് തെളിയിക്കപ്പെടേണ്ട സിനിമയായിരുന്നു ടാ തടിയാ. 

ആൻ മെഗാമീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിച്ച ടാ തടിയാ എന്ന ചിത്രം തടിയന്മാരുടെ ജീവിതത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. പൊണത്തടിയന്മാർ സമൂഹത്തിൽ അനുഭവിക്കുന്ന വിഷമതകൾ എല്ലാം നർമ്മത്തിൽ ചാലിച്ച് ഒരുക്കിയ ഒരു ബഡ്ഡി സ്റ്റൈയിൽ ചിത്രം എന്ന് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും സംഗതി ഇതൊന്നുമല്ല. പണ്ട് മലയാളത്തിൽ വിനയൻ സാർ എടുത്ത് പ്രയോഗിച്ച് ഒരുപാട് വട്ടം വിജയം കണ്ട ഫോർമുല ആഷിക്ക് അബു ഒരു ന്യൂജനറേഷൻ രീതിയിൽ പരീക്ഷിച്ചിരിക്കുകയാണു. 

വൈകല്യങ്ങൾ വിഷയങ്ങളാക്കി കൊണ്ട് ഹിറ്റുകൾ ഒരുക്കിയ വിനയൻ ചിത്രങ്ങൾ വിജയങ്ങൾ കണ്ടത് ചിത്രത്തിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന വൈകല്യത്തിന്റെ വിഷമതകൾ നമ്മുടേത് കൂടിയാണു എന്ന തോന്നൽ നമ്മുക്കിടയിൽ ഉണ്ടാക്കിയെടുത്തത് കൊണ്ടാണു. അങ്ങനെയൊരു കരുത്ത് ഈ ചിത്രത്തിനു ഇല്ലാതെ പോയി എന്നതാണു ടാ തടിയാ എന്ന ചിത്രത്തിന്റെ പ്രധാന ന്യൂനത. 

മലയാള സിനിമയിൽ സമൂലമായ മാറ്റം വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു സിനിമക്കാരനാണു ആഷിക്ക് അബു. തന്റെ ചിത്രങ്ങളിലൂടെയെല്ലാം അദ്ദേഹം അതിനു ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പരമ്പരാഗത സിനിമ രീതികളിൽ നിന്ന് മാറി തന്നെയാണു ടാ തടിയാ എന്ന സിനിമ തുടങ്ങുന്നത് തന്നെ. ആദ്യ സീനിൽ തന്നെ ഇത് ചിത്രത്തിന്റെ തുടക്കമല്ല ഇത് ക്ലൈമാക്സ് ആണു എന്ന് പറയുന്നിടത്ത് തുടങ്ങി ഒരു ആഷിക്ക് അബു ടച്ച്. 

പടം പുരോഗമിക്കുത്തോറും അത് നിലനിർത്താനായെങ്കിലും അവസാനം നമ്മുടെ സ്ഥിരം മലയാള സിനിമകളുടെ വഴിയെ പോകാൻ സംവിധായകൻ നിർബദ്ധിതനാവുകയാണു. വിനയൻ ഫോർമുലയോടൊപ്പം ഇന്ന് നമ്മുടെ നാട്ടിൽ പരസ്യങ്ങളുടെ അകമ്പടിയോടെ വിറ്റഴിക്കപ്പെടുന്ന സൗന്ദര്യവർദ്ധക വസ്തുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരിക എന്ന സാമൂഹ്യ ദൗത്യം കൂടി ഈ സിനിമയിൽ നിർവ്വഹിക്കപ്പെടുന്നുണ്ട്. എന്നാൽ തടിയന്മാരുടെ വിഷമതകൾക്കാണോ അതോ ഇന്ദുലേഖ പോലുള്ള ഉത്പന്നങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പിനാണോ സിനിമയിൽ മുൻ തൂക്കം എന്ന് ചോദിച്ചാൽ വ്യക്തമായി നിർവ്വചിക്കപ്പെടാനാവാത്തതാണു സിനിമയുടെ അടുത്ത ന്യൂനത. 

നായകനായി അഭിനയിച്ച ശേഖർ മേനോൻ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ശ്രീനാഥ് ഭാസി എന്ന ചെറുപ്പക്കാരനു മുമ്പിൽ മലയാള സിനിമയുടെ വാതായനങ്ങൾ മലർക്കെ തുറക്കപ്പെടുന്ന ചിത്രമാണു ടാ തടിയാ. ആൻ അഗസ്റ്റിൻ തന്റെ വേഷം മികച്ചതാക്കിയിലെങ്കിലും മോശമാക്കിയില്ല. നിവിൻ പോളിക്ക് നായക വേഷത്തേക്കാൾ ഇണങ്ങുക വില്ലൻ വേഷങ്ങളായിരിക്കും. മറ്റ് താരങ്ങളായ മണിയൻപിള്ള രാജു, ഇടവേള ബാബു, ശ്രീരാമൻ തുടങ്ങിയവരെല്ലാം കാണികളെ രസിപ്പിച്ചു.

ഛായാഗ്രഹണം,ഗാനങ്ങൾ എല്ലാം മികച്ചു നിന്നഈ സിനിമ സംവിധായകൻ ഒരല്പം കൂടി ധീരമായ സമീപനം സ്വീകരിച്ചിരുന്നെങ്കിൽ വളരെയേറെ ശ്രദ്ധിക്കപ്പെടുമായിരുന്ന ഒന്നാകുമായിരുന്നു.. ഇതിപ്പോ സിനിമയിലെ പാട്ടു പോലെ പടം ആവറേജാണു ബായ്...

* ലോകത്ത് കഷണ്ടിക്ക് മരുന്നു കണ്ട് പിടിച്ചിട്ടില്ല എന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ഇന്ദുലേഖയും ധാത്രിയുമെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു..!


** അതിപ്പോ ഫെയിർ & ലവ്ലി തേച്ചാൽ വെളുക്കുമായിരുന്നെങ്കിൽ ആഫ്രിക്കയിൽ ഒരൊറ്റ കറുത്ത വർഗ്ഗക്കാരനുമുണ്ടാകിലായിരുന്നല്ലോ..!!

കർമ്മയോദ്ധ


ഒരു മേജർ രവി - മോഹൻലാൽ കൂട്ടുകെട്ടിൽ നിന്ന് വരുന്ന പടം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന് ആരും പരാതി പറയും എന്ന് തോന്നുന്നില്ല. കാരണം എന്തെങ്കിലും പ്രതീക്ഷിച്ചാലല്ലെ ആ പരാതിയ്ക്ക് അടിസ്ഥാനമുള്ളു. കണ്ടഹാറിനു ശേഷം പട്ടാളകഥകൾക്ക് അവധി കൊടുത്ത് കൊണ്ട് മേജർ രവി സംവിധാനം ചെയ്ത സിനിമ ഹോളിവുഡ് സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണു എന്ന് ആദ്യമേ എഴുതികാണിക്കുന്നുണ്ടെങ്കിലും ഒരു തനിപകർപ്പായി എവിടെയും കാണാൻ കഴിയില്ല.

ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ പ്രസക്തിയുള്ള ഒരു വിഷയമാണു സിനിമയുടെ ഇതിവൃത്തം. മാഡ് മാഡി എന്ന് വിളിപേരുള്ള മുബൈയിലെ എൻകൗണ്ടർ സ്പെഷലിസ്റ്റ് ഡി സി പി മാധവൻ ആണു ഇതിലെ നായകൻ. മാഡിയുടെ ഭാഷയിൽ ഇരയെ ഓടിച്ചിട്ട് പിടിച്ച് കെട്ടിയിട്ട് കൊല്ലുന്ന സാധാ വെടിവെയ്പ്പുകാരനല്ല അദ്ദേഹം. പത്ത് ഉണ്ട ഇങ്ങോട്ട് വരുമ്പോൾ മാഡി കൊടുക്കും ഒരു ഉണ്ട.. സംഗതി മനസ്സിലായില്ല അല്ലേ.. മാഡിയ്ക്ക് ഒരു ക്രിമിനലിനെ കൊല്ലണം എന്ന് തോന്നിയാൽ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയ്ക്കൊന്നും കാത്ത് നിൽക്കില്ല. ബും... ആൾ തന്നെ കാര്യമങ്ങ് നടപ്പിലാക്കും.

 അങ്ങനെ ഇരിക്കുമ്പോഴാണു മുബൈയിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതാവുന്നത്. ആ പെൺകുട്ടിയെ തേടി മാഡി കേരളത്തിലേയ്ക്ക് വരുകയാണു. ഇവിടെ കേരളത്തിലും സമാനമായ സംഭവം അരങ്ങേറുന്നു. പിന്നെ മാഡിയുടെ അന്വേക്ഷണങ്ങളും കണ്ട്പിടുത്തങ്ങളുമാണു സിനിമ. പെൺകുട്ടികളെ തട്ടികൊണ്ട് പോയി വിദ്ദേശത്തേയ്ക്ക് കൈമാറുന്ന മാഫിയ സംഘങ്ങളാണു ഇവിടെ വില്ലന്മാർ. മാഡിയോടുള്ള വില്ലന്റെ മുൻവൈരാഗ്യവും ഇവിടെ ഒരു കാരണമാകുന്നുണ്ട്.

മാഡ് മാഡിയായി ശ്വാസം വിടാതെ അഭിനയിക്കുന്ന മോഹൻലാൽ സിനിമയിലെ 90% സീനുകളിലുമുണ്ട്.എന്നാൽ ലാലിനെ കവച്ച് വെയ്ക്കുന്ന പ്രകടന്മാണു വില്ലനായി എത്തിയ മുരളി ശർമ നടത്തിയിരിക്കുന്നത്.

ഒരു മികച്ച സംവിധായകന്റെ കൈകളിൽ എത്തിയിരുന്നെങ്കിൽ കാലിക പ്രസക്തിയുള്ള ഒരു നല്ല ആക്ഷൻ സിനിമയായി മാറുമായിരുന്നു കർമ്മയോദ്ധ. എങ്കിലും മുൻവിധികളും പ്രതീക്ഷയുടെ യാതൊരു കണികകളും ഇല്ലാതെ പോയാൽ രണ്ട് മണിക്കുർ കഴിയുമ്പോൾ കുഴപ്പമില്ല എന്ന തോന്നൽ ഉണ്ടാക്കാൻ സിനിമയ് കഴിയുന്നു എന്നതാണു സത്യം.

ഐ ലവ് മീ


ഗ്രാന്റ്മാസ്റ്റർ എന്ന ഹിറ്റിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം, മല്ലു സിംഗ് എന്ന സൂപ്പർ ഹിറ്റിനു ശേഷം സേതു തിരകഥയെഴുതുന്ന ചിത്രം, തട്ടത്തിൻ മറയത്ത് എന്ന മെഗാഹിറ്റിനു ശേഷം ഇഷ തല്വാർ നായികയാകുന്ന ചിത്രം ഇങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ടായിരുന്നു വൈശാഖ മൂവീസിന്റെ ബാനറിൽ വൈശാഖ രാജൻ നിർമ്മിച്ച ഐ ലവ് മീ എന്ന ചിത്രത്തിനു. കരിയറിൽ ഇതേ വരെ ഒറ്റൊയ്ക്കൊരു ചിത്രം വിജയിപ്പിച്ച ചരിത്രമില്ലാത്ത 3 നായകന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് കൂടി വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം..

കൊച്ചിയിൽ അല്ലറ ചിലറ തട്ടിപ്പുകളുമായി നടക്കുന്ന സാവിയെയും പ്രേമിനെയും അങ്ങ് ബാങ്കോക്കിലേക്ക് ഒരു കൊട്ടേഷനു വേണ്ടി വിളിച്ചു വരുത്തുകയാണു രാം മോഹൻ. രാം മോഹന് നടപ്പിലാക്കുന്ന  ബുദ്ധിപരമായ തിരകഥയിലൂടെ നീങ്ങൂന്ന അതീവ ഉദ്വേഗജനകമായ സംഭവവികാസങ്ങൾ നിറഞ്ഞതാണു ഐ ലവ് മീ എന്ന ചിത്രം.

പഴയ ഒരു സുകുമാരക്കുറുപ്പ് ലൈൻ തിരകഥയെന്ന് തുടക്കത്തിൽ തോന്നിപ്പിക്കുമെങ്കിലും പിന്നീടങ്ങോട്ട് സാക്ഷാൽ ഷെർലക് ഹോംസിനെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണു രാം മോഹന്റെ പ്രവർത്തികൾ. കാശിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സാവിയും പ്രേമും ഇതിനെയെലാം എങ്ങനെ നേരിടുന്നു എന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.

പതിവിനു വിപരീതമായി പ്രേം എന്ന കഥാപാത്രം ആസിഫ് അലി നന്നാക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ഡയലോഗ് പറയാൻ വാ തുറന്നില്ലെങ്കിൽ സ്ക്രീനിൽ കാണാൻ കൊള്ളാം. അനൂപ് മേനോന്റെ സ്ഥിരം All i Know കഥാപാത്രം തരക്കേടിലാതെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു ബാബു രാജിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകണം ബിജു പപ്പൻ എന്ന നടനെ കോമാളി വേഷം കെട്ടിച്ചത്. പക്ഷെ സംഗതി ഏറ്റില്ല.

പിന്നെ എടുത്ത് പറയാനുള്ളത് നായിക ഇഷയുടെ അഭിനയമാണു. തട്ടത്തിൻ മറയത്തിന്റെ ഗ്ലാമർ കണ്ട് ഈ പടത്തിലേക്ക് ക്ഷണിക്കുമ്പോൾ ചുരുങ്ങിയ പക്ഷം ആ സിനിമയുടെ സിഡി ഒന്ന് ഓടിച്ച് കാണുകയെങ്കിലും ചെയ്യേണ്ട ഉത്തരവാദിത്വം ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ടാവേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അഭിനയമെന്ന പേരിൽ ഈ നടി കാണിച്ചു കൂട്ടിയ കോപ്രായത്തരങ്ങൾ സഹിക്കേണ്ട ബാധ്യത പ്രേക്ഷകർക്ക് വരില്ലായിരുന്നു.

ഗ്രാന്റ്മാസ്റ്റർ എന്ന ചിത്രം ന്യൂജനറേഷൻ ശ്രേണിയിൽ പെട്ടതാണു എന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകണം ബി ഉണ്ണികൃഷണൻ ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെട്ടത്. പാതി പൂർത്തിയായ തിരകഥയുമായിട്ടാകണം സേതു തായ്ലാണ്ടിലേക്ക് വണ്ടി കയറിയത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ഒട്ടും ബോറടിപ്പിക്കാത്ത ആദ്യ പകുതിക്ക് ശേഷം അപ്രതീക്ഷിതമായ നിലയിലേക്ക് ദയനിയമായി സിനിമ കൂപ്പ് കുത്തുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരകഥാകൃത്തിനു തന്നെയാണു.

ന്യൂജനറേഷൻ എന്നാൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയാണു എന്നാണു സിനിമക്കാർ ധരിച്ച് വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റാണു എന്ന്തിരിച്ചറിയാനുള്ള ബുദ്ധിവികാസം പ്രേക്ഷകർക്ക് ഉണ്ടായിരിക്കുന്നു എന്നതാണു ഈ ചിത്രം  കളിക്കുന്ന  തിയറ്ററിലെ  ഒഴിഞ്ഞ കസേരകൾ പറയാതെ പറയുന്നത്.കണ്ണുള്ള സിനിമാക്കാർ കാണട്ടെ.. കാതുള്ളവർ കേൾക്കട്ടെ...

ബാവൂട്ടിയുടെ നാമത്തിൽ


തുടർച്ചയായ 11 പരാജയങ്ങൾ.. അതിൽ ആദ്യ ആഴ്ചയിൽ തന്നെ ഹോൾഡ് ഓവർ ആകാൻ വിധിക്കപ്പെട്ട സിനിമകളും കഷ്ടിച്ച് രണ്ടാഴ്ച്ച പോലും തികച്ച് തിയറ്ററുകളിൽ കളിക്കാൻ യോഗമില്ലാതെ പോയ സിനിമകളും നിരവധി. 25 ദിവസമെങ്കിലും കടന്നു കൂടിയത് വളരെ ചുരുക്കം ചിത്രങ്ങൾ.. ഇത്രയൊക്കെ മതി ഒരു സിനിമ നടന്റെ ഭാവി എന്നന്നേക്കുമായി ഇരുളടയാൻ..

ലോകത്തെവിടെയാണെങ്കിലും പിന്നീടൊരിക്കലും ഇങ്ങനെയൊരു സിനിമ നടനു തന്റെ മുഖം വെള്ളിത്തിരയിൽ കണാനുള്ള യോഗം ഉണ്ടാവില്ല എന്ന് ഉറപ്പ്. എന്നാൽ ഇവിടെ.. നമ്മുടെ ഈ കൊച്ച് കേരളത്തിൽ തുടരെയുള്ള 11 പരാജയങ്ങൾ നേരിട്ടിട്ടും 9 കോടിയിലേറെ മുതൽ മുടക്കുള്ള സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയും അഞ്ചോളം സിനിമകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു നടനുള്ളത്..

കേൾക്കുന്നവർക്ക് ഒരല്പം അതിശയോക്തി തോന്നി പോകുമായിരിക്കും പക്ഷെ സത്യമാണു. അതു കൊണ്ടാണു ആ നടനെ എല്ലാവരും മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്.. അത് മറ്റാരുമല്ല മലയാളികളുടെ സ്വന്തം മമ്മൂക്ക...

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രജ്ഞിത്തിന്റെ തിരകഥയിൽ ജി എസ് വിജയൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബാവൂട്ടിയുടെ നാമത്തിൽ ആദ്യ ഷോ കാണാൻ വേണ്ടി പോകുമ്പോൾ ചാരത്തിൽ നിന്ന് ഒരു ശക്തമായ തിരിച്ചു വരവ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ആളുകളെ കൊണ്ട് അയ്യേ എന്ന് പറയിപ്പിക്കാത്ത ഒരു ചിത്രം അത്രയെങ്കിലും ആയാൽ മതിയായിരുന്നു എന്ന ചിന്തയായിരുന്നു മനസ്സിൽ. 

 മനസ്സിൽ നന്മ മാത്രം സൂക്ഷിക്കുന്ന യത്തീമായ ആരുമില്ലാത്ത എന്നാൽ എല്ലാവരുമുള്ള ബാവൂട്ടി, ബാവൂട്ടിയുടെ സുഹൃത്ത് അലവി, ബാവൂട്ടിയെ സഹോദരനെ പോലെ കാണുന്ന അയാളുടെ മുതലാളി സേതുവും അയാളുടെ സ്നേഹസമ്പന്നയായ ഭാര്യ വനജയും രണ്ട് മക്കളും, പിന്നെ സേതുവിന്റെ വീട്ടുവേലക്കാരി മറിയമ്പി. ഇവരെല്ലാം ചേർന്ന വീടാണു ബാവൂട്ടിയുടെ നാമത്തിലെ പ്രധാന കഥാപാത്രം. പിന്നെ റീമാ കലിങ്കലിന്റെയും വിനീതിന്റെയും കഥാപാത്രങ്ങളും കൂടിയാകുമ്പോൾ ബാവൂട്ടിയുടെ നാമത്തിൽ പൂർത്തിയാകുന്നു.

പുട്ടിനു പീര എന്ന പോലെ സിനിമ രണ്ട് മണികൂർ 2 മിനുറ്റാക്കാൻ വേണ്ടി വേറെയും കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. അവയൊന്നും കഥാഗതിയെ സ്വാധീനിക്കാത്തതായത് കൊണ്ട് പരാമർശിക്കേണ്ട കാര്യമില്ല. ഇതിന്റെ പരസ്യവാചകത്തിൽ പറയുന്ന പോലെ ഇത് ഒരു പുതിയ കഥയല്ല. നമ്മുക്ക് ചുറ്റും നടക്കുന്ന ഒരു കഥ എങ്ങനെ പുതിയ കഥയാവും.. ??

വർഷങ്ങൾക്ക് ശേഷമുള്ള ജി എസ് വിജയന്റെ സംവിധാന ഉദ്യമം മോശമായില്ല എന്ന് വേണം പറയാൻ.. സംവിധാനിച്ചു കൊണ്ട് ആളുകളെ വിസ്മയിപ്പിക്കേണ്ട യാതൊന്നും ഈ സിനിമ ആവശ്യപ്പെടുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് തിരകഥാകൃത്തിന്റെ പേരു വന്നേനെ..

ഊർദ്ധശ്വാസം വലിച്ചു കിടന്നിരുന്ന മലയാള സിനിമയ്ക്ക് ജീവ വായു നൽകിയവരിൽ പ്രധാനിയായ രഞ്ജിത്ത് സാറിന്റെതാണു ബാവൂട്ടിയുടെ നാമത്തിലിന്റെ രചന. പ്രാഞ്ചിയേട്ടനും ഇന്ത്യൻ റുപ്പിയിലും കാണിച്ച രജ്ഞിത്ത് മാജിക്ക് പക്ഷെ ബാവൂട്ടിയിൽ ആവർത്തിക്കാനായില്ല. സ്പിരിറ്റ് പോലെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നാക്കി ബാവൂട്ടിയുടെ നാമത്തിൽ മാറാതിരുന്നതിൽ രഞ്ജിത്തിനു അഭിമാനിക്കാം. ഒപ്പം താഴൊട്ട് പോകുന്ന തന്റെ തന്നെ ഗ്രാഫിനെ കുറിച്ചോർത്ത് വേണമെങ്കിൽ ഒരല്പം ആശങ്കപ്പെടുകയും ആവാം.

  ന്യൂജനറേഷൻ സിനിമകളുടെ കാലമായത് കൊണ്ട് താനും ഒട്ടും കുറയ്ക്കണ്ട എന്ന് കരുതിയാവണം കുട്ടിയുടെ കൈയ്യിൽ നിന്നും നിരോധ് പാക്കറ്റ് പിടിച്ചു വാങ്ങുന്ന രംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുമ്പ സമേതം തിയറ്ററിലെത്തി പടം കാണുമ്പോൾ അപ്പോൾ ആ കവറിലുള്ളത് ശരിക്കും ബലൂൺ അല്ലാ അല്ലേ എന്ന ചോദ്യത്തിനു മാതാപിതാക്കൾ ശരിയായ ഉത്തരം നൽകേണ്ടതാണു എന്നത് കൊണ്ടാവണം രജ്ഞിത്ത് ഇത് ഉൾപ്പെടുത്തിയിരിക്കുക.

 അത് പോലെ ഭാര്യയുടെ പൂർവ്വബന്ധം ക്ഷമിച്ച് കൊടുക്കണമെങ്കിൽ ഭർത്താവിനും ചുറ്റിക്കളികൾ ഉണ്ടായിരിക്കണം എന്ന ഒരു സന്ദേശം ചിത്രം നൽകുന്നുണ്ട്. അത് തെറ്റാണോ ശരിയാണോ എന്നതെല്ലാം വിവാഹിതരും വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നവരും വിലയിരുത്തേണ്ട കാര്യമായത് കൊണ്ട് നമ്മള്ളില്ലേ...!!

കഥാപാത്രങ്ങളുടെ സംസാരഭാഷയാണു ബാവൂട്ടിയുടെ നാമത്തിലെ ഒരു പ്രത്യേകത. മമ്മൂട്ടിയുടെ മലപ്പുറം ഭാഷയും കാവ്യയുടെ നീലേശ്വരം ഭാഷയും ആസ്വാദ്യകരമാണു.
മമ്മൂട്ടി, ശങ്കർ രാമകൃഷ്ണൻ, കാവ്യ, കനിഹ , റീമ, വിനീത് , ഹരിശ്രീ അശോകൻ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി ചെയ്തു. തട്ടത്തിൽ മറയത്തിലെ അനുരാഗത്തിൻ വേളയിൽ എന്ന ഗാന രംഗം അവതരിപ്പിക്കാൻ വേണ്ടി മാത്രമാണു റീമ കല്ലിങ്കൽ ഈ ചിത്രത്തിൽ എന്ന് തോന്നാമെങ്കിലും രണ്ട് മണിക്കൂർ രണ്ട് മിനുറ്റാക്കാൻ വേണ്ടി നടത്തിയ ഇതു പോലെയുള്ള നിരവധി കഷ്ടപ്പാടുകളിലൊന്നായി കണ്ട് നമുക്കിതിനെ ക്ഷമിച്ച് കളയാം.

 ഗാനങ്ങൾ ഒന്നും ശരാശരി നിലവാരം പോലും പുലർത്തിയില്ല എന്ന വസ്തുത മാറ്റി നിർത്തിയാൽ ബാവൂട്ടിയുടെ നാമത്തിൽ തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു നല്ല സിനിമയാണു. കണ്ടിറങ്ങിയവരെ കൊണ്ട് അയ്യേ എന്ന് പറയിക്കാത്ത ഒരു മമ്മൂട്ടി സിനിമ. പക്ഷെ ആ തിരിച്ചു വരവിനായി ഇനിയും മമ്മൂട്ടി ആരാധകർ കാത്ത് കാത്തിരിക്കേണ്ടി വരും കമ്മത്ത് & കമ്മത്ത് വരെ..!!!

Followers

 
Copyright 2009 b Studio. All rights reserved.