RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഐ ലവ് മീ


ഗ്രാന്റ്മാസ്റ്റർ എന്ന ഹിറ്റിനു ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം, മല്ലു സിംഗ് എന്ന സൂപ്പർ ഹിറ്റിനു ശേഷം സേതു തിരകഥയെഴുതുന്ന ചിത്രം, തട്ടത്തിൻ മറയത്ത് എന്ന മെഗാഹിറ്റിനു ശേഷം ഇഷ തല്വാർ നായികയാകുന്ന ചിത്രം ഇങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ടായിരുന്നു വൈശാഖ മൂവീസിന്റെ ബാനറിൽ വൈശാഖ രാജൻ നിർമ്മിച്ച ഐ ലവ് മീ എന്ന ചിത്രത്തിനു. കരിയറിൽ ഇതേ വരെ ഒറ്റൊയ്ക്കൊരു ചിത്രം വിജയിപ്പിച്ച ചരിത്രമില്ലാത്ത 3 നായകന്മാർ ഒന്നിക്കുന്ന ചിത്രം എന്ന് കൂടി വേണമെങ്കിൽ ഈ ചിത്രത്തെ വിശേഷിപ്പിക്കാം..

കൊച്ചിയിൽ അല്ലറ ചിലറ തട്ടിപ്പുകളുമായി നടക്കുന്ന സാവിയെയും പ്രേമിനെയും അങ്ങ് ബാങ്കോക്കിലേക്ക് ഒരു കൊട്ടേഷനു വേണ്ടി വിളിച്ചു വരുത്തുകയാണു രാം മോഹൻ. രാം മോഹന് നടപ്പിലാക്കുന്ന  ബുദ്ധിപരമായ തിരകഥയിലൂടെ നീങ്ങൂന്ന അതീവ ഉദ്വേഗജനകമായ സംഭവവികാസങ്ങൾ നിറഞ്ഞതാണു ഐ ലവ് മീ എന്ന ചിത്രം.

പഴയ ഒരു സുകുമാരക്കുറുപ്പ് ലൈൻ തിരകഥയെന്ന് തുടക്കത്തിൽ തോന്നിപ്പിക്കുമെങ്കിലും പിന്നീടങ്ങോട്ട് സാക്ഷാൽ ഷെർലക് ഹോംസിനെ പോലും അമ്പരപ്പിക്കുന്ന തരത്തിലാണു രാം മോഹന്റെ പ്രവർത്തികൾ. കാശിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സാവിയും പ്രേമും ഇതിനെയെലാം എങ്ങനെ നേരിടുന്നു എന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.

പതിവിനു വിപരീതമായി പ്രേം എന്ന കഥാപാത്രം ആസിഫ് അലി നന്നാക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ ഡയലോഗ് പറയാൻ വാ തുറന്നില്ലെങ്കിൽ സ്ക്രീനിൽ കാണാൻ കൊള്ളാം. അനൂപ് മേനോന്റെ സ്ഥിരം All i Know കഥാപാത്രം തരക്കേടിലാതെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റൊരു ബാബു രാജിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകണം ബിജു പപ്പൻ എന്ന നടനെ കോമാളി വേഷം കെട്ടിച്ചത്. പക്ഷെ സംഗതി ഏറ്റില്ല.

പിന്നെ എടുത്ത് പറയാനുള്ളത് നായിക ഇഷയുടെ അഭിനയമാണു. തട്ടത്തിൻ മറയത്തിന്റെ ഗ്ലാമർ കണ്ട് ഈ പടത്തിലേക്ക് ക്ഷണിക്കുമ്പോൾ ചുരുങ്ങിയ പക്ഷം ആ സിനിമയുടെ സിഡി ഒന്ന് ഓടിച്ച് കാണുകയെങ്കിലും ചെയ്യേണ്ട ഉത്തരവാദിത്വം ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ടാവേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അഭിനയമെന്ന പേരിൽ ഈ നടി കാണിച്ചു കൂട്ടിയ കോപ്രായത്തരങ്ങൾ സഹിക്കേണ്ട ബാധ്യത പ്രേക്ഷകർക്ക് വരില്ലായിരുന്നു.

ഗ്രാന്റ്മാസ്റ്റർ എന്ന ചിത്രം ന്യൂജനറേഷൻ ശ്രേണിയിൽ പെട്ടതാണു എന്ന് ആരോ പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാകണം ബി ഉണ്ണികൃഷണൻ ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെട്ടത്. പാതി പൂർത്തിയായ തിരകഥയുമായിട്ടാകണം സേതു തായ്ലാണ്ടിലേക്ക് വണ്ടി കയറിയത് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ഒട്ടും ബോറടിപ്പിക്കാത്ത ആദ്യ പകുതിക്ക് ശേഷം അപ്രതീക്ഷിതമായ നിലയിലേക്ക് ദയനിയമായി സിനിമ കൂപ്പ് കുത്തുമ്പോൾ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരകഥാകൃത്തിനു തന്നെയാണു.

ന്യൂജനറേഷൻ എന്നാൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയാണു എന്നാണു സിനിമക്കാർ ധരിച്ച് വെച്ചിരിക്കുന്നതെങ്കിൽ അത് തെറ്റാണു എന്ന്തിരിച്ചറിയാനുള്ള ബുദ്ധിവികാസം പ്രേക്ഷകർക്ക് ഉണ്ടായിരിക്കുന്നു എന്നതാണു ഈ ചിത്രം  കളിക്കുന്ന  തിയറ്ററിലെ  ഒഴിഞ്ഞ കസേരകൾ പറയാതെ പറയുന്നത്.കണ്ണുള്ള സിനിമാക്കാർ കാണട്ടെ.. കാതുള്ളവർ കേൾക്കട്ടെ...

2 comments:

Sherlock Holmes said...

ബിജു പപ്പന്റെ ആദ്യ വേഷം തന്നെ കോമഡി ആരുന്നല്ലോ.... ടോം ആന്‍ഡ്‌ ജെറി എന്നാ ഒരു മുകേഷ് പടം..ഒരു കോമഡി ഗുണ്ടയായിട്ടുണ്ട്... ഇന്നലെ യു ടുബില്‍ കണ്ടു പടം.... :)

Unknown said...

Kollaaam

Followers

 
Copyright 2009 b Studio. All rights reserved.