RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കാളപെറ്റെന്ന് കേട്ടാൽ ഉടനെ എടുക്കും...!


പണ്ടേ രാജുമോനോട് ആളുകൾക്ക് അസൂയയാണു. മണിരത്നം സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടപ്പോഴെ പലരുടെയും ഹൃദയം തകർന്നതായിരുന്നു. വിക്രമും ആഷുമൊക്കെയല്ലേ രാജൂട്ടൻ കൂട്ടിയാൽ ഏത് വരെ കൂടും എന്നൊക്കെ പറഞ്ഞ് അന്ന് അവർ സമാധാനിച്ചു. എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ പ്രിത്വിരാജിന്റെ അഭിനയം കൊള്ളാം എന്നറിഞ്ഞത് മുതൽ ഇക്കൂട്ടർക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു. നമ്മുടെ സൂപ്പർ സ്റ്റാറുകൾക്ക് വരെ പ്രീമിയം എന്ന് കേട്ടാൽ അറിയുക ഇൻഷുറൻസ് പ്രീമിയമാണു. അപ്പോഴാണു രാജുമോൻ അങ്ങ് ലണ്ടനിൽ പോയി പ്രീമിയർ ഷോയിൽ പങ്കെടുക്കുന്നത്, കേരളത്തെയും മലയാളത്തെയും ലോകത്തിനു പരിചയപ്പെടുത്തുന്നത്. നല്ല കിടിലനായി ഇംഗ്ലീഷ് പറയുന്നത്. കണ്ണു കടിക്ക് ഇനി വേറെ എന്ത് വേണം. ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പ്രിത്വി വളർന്നു.സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും ഉള്ള മലയാളസിനിമയിൽ ഒരു നാഷണൽ സ്റ്റാറിന്റെ ആവശ്യമിലാത്തത് കൊണ്ട് തന്നെ ഒതുക്കാൻ വേണ്ടി മാഫിയസംഘങ്ങൾ വരെ രംഗത്ത് വന്നു എന്നാണു രാജു മോൻ പറയുന്നത്. എന്തായാലും അടിക്കാൻ ഇരുന്നവർക്ക് വടി കിട്ടിയ പോലെ ആണു വാർത്ത പുറത്ത് വന്നത്. ബെന്യാമിന്റെ പ്രശസ്തമായ ആടു ജീവിതം എന്ന സിനിമ ബ്ലെസ്സി സിനിമയാക്കാൻ പോകുകയാണെന്നും പ്രിത്വിരാജാണു നായകനെന്നും അതിനു വേണ്ടി പ്രിത്വി ശരീര ഭാരം കുറക്കുകയാണെന്നുമൊക്കെ റിപ്പോർട്ടുകളുണ്ടായിരുന്നല്ലോ. സിനിമയിൽ പ്രിത്വിക്കു പകരം വിക്രമിനെ നായകനാക്കുന്നു. ഉടനെ വാർത്ത ആഘോഷമായി. ഫോറങ്ങളിലും മറ്റും ചർച്ചയായി. ബ്ലോഗുകളിൽ ഇതിനെ സംബന്ധിച്ച്പോസ്റ്റുകളായി. അങ്ങിനെ അങ്ങിനെ...
പക്ഷെ അവസാനം എന്തുണ്ടായി ആടു ജീവിതം എന്ന സിനിമയല്ല വിക്രമിനെ വെച്ച് ചെയ്യുന്നത് എന്ന്ബ്ലെസ്സി തന്നെ പറഞ്ഞിരിക്കുന്നു. ആട് ജീവിതം പ്രിത്വിരാജ് തന്നെ ചെയ്യും വിക്രം നായകനായി വേറെഒരു സിനിമയാണു പ്ലാൻ ചെയ്യുന്നത് എന്നാണു ബ്ലെസ്സി പറഞ്ഞത്. രാജു മോനു ഒരു പണികിട്ടി എന്ന്സന്തോഷിച്ചിരുന്നവർക്ക് വീണ്ടും നിദ്രാവിഹീനങ്ങളായി എന്നും അവരുടെ രാവുകൾ..!!


*തന്റെ വളർച്ച തടയാൻ മാഫിയ സംഘം എന്ന് പ്രിത്വിരാജ്.
അതിനു മാത്രം രാജുട്ടൻ വളർന്നോ..? ചിലപ്പോൾ കണ്ണാടിയിൽ നോക്കിയപ്പോൾ തോന്നിയതായിരിക്കും
അല്ലേ..

**ബ്ലെസ്സി പ്രത്വിരാജ് പ്രൊജക്ട് മാറ്റി വെച്ച് വിക്രമുമായി സിനിമ ചെയ്യാൻ പോകുന്നു എന്നായിരുന്നുആദ്യത്തെ ന്യൂസ്. ഇന്റര്നെറ്റിലെ ഒരു മഞ്ഞ പത്രം ഉടനെ അത് മറ്റൊരു രീതിയിലാക്കി മാറ്റി. അല്ല അവരെ പറഞ്ഞിട്ട് കാര്യമില്ല. മോഹൻലാലിനെ വധിക്കാൻ ലക്ഷക്കറെ തോയ്ബ പദ്ധതിയിട്ടു എന്ന് വരെ വാർത്ത കൊടുത്ത പാർട്ടികളാണു.


കുഞ്ചനും മഞ്ജുവും..!!


ഒരു കാലത്തെ മലയാള സിനിമയിലെ കോമഡി താരങ്ങളിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു കുഞ്ചൻ. കോട്ടയം കുഞ്ഞച്ചൻ പോലുള്ള സിനിമകളിലെ കുഞ്ചന്റെ അഭിനയം ഇന്നും നമ്മിൽ ചിരിയുണർത്തുന്നവയാണു. എന്നാൽ പുത്തൻ തലമുറയിലെ താരങ്ങളുമായി പിടിച്ചു നില്ക്കാൻ കഴിയാതെ പതിയെ പതിയെ സംഭാഷണങ്ങൾ ഇല്ലാത്ത റോളുകളിലേക്ക് കുഞ്ചൻ വഴിമാറിയിരുന്നു. എന്നാൽ ഇപ്പോൾ കുഞ്ചന്റെ കരിയറിൽ ഒരു തിരിച്ചു വരവ് ഉണ്ടാകാൻ പോകുന്നു. സാക്ഷാൽ കമൽ ഹാസന്റെ പുതിയ സിനിമയായ മന്മദൻ അബ് എന്ന സിനിമയിൽ അഭിനയിക്കാൻ കുഞ്ചനു ക്ഷണം ലഭിച്ചിരിക്കുന്നു. ഈ സിനിമയുടെ ഷൂട്ടിഗിനായി കുഞ്ചൻ ഇപ്പോൾ പാരീസിലാണു. തന്റെ പഴയ സുഹൃത്തായ കുഞ്ചനെ കമൽ പ്രത്യേക താല്പര്യമെടുത്താണു ഈ സിനിമയിലേക്ക് വിളിച്ചിരിക്കുന്നത്. k s രവികുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ റോം, വെനീസ് എന്നിവിടങ്ങളിലാണു. തീർന്നിട്ടില്ല വിശേഷം, സീരിയൽ രംഗത്തെ പ്രമുഖ താരമായ മഞ്ജു പിള്ളയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അടൂരിന്റെ സിനിമയിലും മറ്റും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാള സിനിമയിൽ ഒരു സ്ഥാനം ഉണ്ടാക്കാൻ മഞ്ജുവിനു ഇതു വരെ കഴിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ മഞ്ജുവിനെ സംബന്ധിച്ച് ഈ ഒരു വേഷം ഒരു ഓസ്ക്കാർ കിട്ടുന്നതിനു തുല്യമാണു.കുഞ്ചനും മഞ്ജുവിനും ഈ സിനിമ ഒരു വലിയ വഴിത്തിരിവ് ആവട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.

*സൂപ്പറിന്റെം മെഗായുടെയും സിനിമകളിൽ സ്ഥിരമായി കാണാറുള്ളതാണു. എന്നാൽ പിന്നെ കിടക്കെട്ടെന്നെ ഒന്നു ഉലകനായകന്റെ പടത്തിലും...!!!

**ചന്ദ്രമതിക്ക് ഇനി ഇന്ദുമുഖിയെ കാണാൻ അങ്ങു പാരീസിലോട്ട് വരേണ്ടി വരും.. എവിടെ.. അങ്ങ് പാരീസീലോട്ട്....!!!

രാവണൻ 5 : 0 രാവൺ


ഈ ഗോൾ നിലവാരത്തിലാണു മണിരത്നത്തിന്റെ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിച്ചത്. രണ്ട് ഭാഷയിൽ ആയി ഇറങ്ങിയ സിനിമകൾ തമ്മിൽ താരതമ്യം ശരിയല്ല എന്നറിയാം. പക്ഷെ ഈ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ എങ്ങനെയുള്ള പ്രകടനമാണു കാഴ്ച്ച വെക്കുക എന്ന് സിനിമാ ലോകം ഉറ്റു നോക്കിയിരുന്നു. രണ്ട് ചിത്രങ്ങൾക്കും കൂടെ മൽസരിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോൾ തിയറ്റർ റിപ്പോർട്ടുകൾ തരുന്ന കണക്ക് നിരാശാജനകമാണു. രാവണിൽ അഭിഷേക് ബച്ചനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ..?? അമരത്തിൽ മമ്മൂട്ടിക്ക് പകരം മോഹൻലാലായിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനെ, താളവട്ടത്തിൽ ലാലിനു പകരം ജയറാം ആയിരുന്നെങ്കിൽ പടം എങ്ങനെ ഉണ്ടാവുമായിരുന്നു എന്നൊക്കെ ചോദിക്കുന്നപോലെയുള്ള ലാഘവത്തോടെ ഈ ചോദ്യം ചോദിക്കാൻ കഴിയില്ല. കാരണം ഇത് മണിരത്നത്തിന്റെ സിനിമയാണു. അതു കൊണ്ട് തന്നെ രാവൺ ബോക്സ് ഓഫീസിൽ കാലിടറി വീണതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയാണു. രാവണിന്റെ തിരകഥ അത്രമാത്രം ദുർബലമായിരുന്നു. അടിത്തറ ശക്തമല്ലാത്ത ഒരു വീടിനു എന്തൊക്കെ അലങ്കാര പണികൾ ചെയ്താലും അതെല്ലാം വെറുതെയാവുക തന്നെ ചെയ്യും. സന്തോഷ് ശിവന്റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ രാവൺ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഫ്ലോപ്പുകളിൽ ഒന്നായി മാറിയേനെ. ഇപ്പോഴത്തെ കണക്കനുസരിച്ചും സ്ഥിതി ഏതാണ്ട് അതു പോലെ തന്നെയാണു. ഇത്രയേറെ പ്രതീക്ഷകൾ ഉണ്ടാക്കിയ ഇരു പടം ചെയ്യുമ്പോൾ മണിരത്നം ഒരല്പം കൂടി ശ്രദ്ധിക്കണമായിരുന്നു. അഭിഷേക് ബച്ചനെ രാവണന്റെ വേഷത്തിൽ അഭിനയിപ്പിക്കാൻ തിരുമാനിക്കുമ്പോൾ അത് മികച്ചതാക്കേണ്ട ബാധ്യത അഭിഷേകിനെന്നപ്പോലെ മണിരത്നത്തിനുമുണ്ട്. ഹിന്ദി സിനിമയിൽ മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ നോ എന്ന് പറയുന്ന ആരും ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഈ കളി തോറ്റതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മണിരത്നത്തിനു ഒഴിഞ്ഞു മാറാൻ കഴിയില്ല. ഇനി തമിഴ് രാവണൻ വിജയിച്ച കാര്യം എടുത്താൽ.. അതിനു തമിഴ് രാവണൻ വിജയിച്ചു എന്ന് ആരു പറഞ്ഞു...!!
മണിരത്നം-വിക്രം- ആഷ് എന്നീ പേരുകളുടെ ബലത്തിൽ ആദ്യത്തെ ഒരു മൂന്നാഴ്ച്ച തമിഴ്നാട്ടിൽ ഓടും എന്നതൊഴിച്ചാൽ രാവണനെ തമിഴ് പ്രേക്ഷകരുടെ അഭിരുചികൾക്കൊത്ത ഒരു സിനിമയാക്കി മാറ്റാൻ മണിരത്നത്തിനു കഴിഞ്ഞില്ല എന്നത് ഒരു സത്യം തന്നെ ആണു. സിനിമ എന്നത് സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രം ആണു എന്ന വാദം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടേ കോടികൾ മുടക്കി സിനിമ എടുത്ത് കഴിയുമ്പോൾ അത് നിർമ്മാതാവിനു നഷ്ടം ഉണ്ടാക്കാത്ത രീതിയിൽ ആക്കാൻ ഒരു സംവിധായകനു ബാധ്യത ഉണ്ട്. ലോകം മുഴുവൻ റിലീസ് എന്നതിലൂടെ അതു തന്നെയാണു ഉദ്ദേശിക്കുന്നതും. രാവണൻ രാവണിനെക്കാൾ മികച്ചു നില്ക്കുന്നുവെങ്കിലും അതിന്റെ ബോക്സ് ഓഫീസ് പ്രകടനം എങ്ങനെയാവും എന്നത് കണ്ട് തന്നെ അറിയേണ്ടതാണു. സിനിമ പ്രേക്ഷകർ രണ്ട് തരത്തിലുണ്ട്. സിനിമയെ ഗൗരവമായി സമീപിക്കുന്നവരും കേവലം ആനന്ദത്തിനു വേണ്ടി സിനിമ കാണുന്നവരും. ഈ രണ്ട് കൂട്ടരെയും ഒരു പോലെ തൃപ്തിപെടുത്തുന്നവയായിരുന്നു മണിരത്നം സിനിമകൾ. എന്നാൽ രാവണനു ഇതിനു സാധിച്ചുവ്വോ എന്ന് ചോദ്യം ഉയർന്നാൽ മണിരത്നം തലകുനിക്കേണ്ടി തന്നെ വരും.

*അംബാനിയുടെ മകൻ രാവണും രാവണനും ഓടി കിട്ടുന്ന പൈസ കൊണ്ടല്ല വീട്ടിൽ കഞ്ഞി വെക്കുന്നത്....! അതു കൊണ്ട് ഒരു സമാധാനം..!!

25000 ഹൗസ് ഫുൾ ഷോകൾ..! ഭയാനകം...!ഇതിനൊക്കെ എന്തു പറയാൻ. മലയാളം എന്ന ഒരു ഭാഷയും കേരളം എന്ന ഒരു നാടും ഉണ്ടെന്ന് രാവണനിൽ അഭിനയിച്ചതിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്ത നമ്മുടെ രാജുമോനും പിന്നെ മെഗാസ്റ്റാറും കൂടി തകർത്തഭിനയിച്ച സിനിമയാണു. നിലവിലുള്ള കളക്ഷൻ റിക്കാർഡുകൾ എല്ലാം തിരുത്തിക്കുറിച്ച് കൊണ്ട് ഹിറ്റിൽ നിന്നും ഹിറ്റിലേക്ക് കുതിക്കുന്ന സിനിമയാണു. ഇതൊക്കെ ശരി. പക്ഷെ ഈ 25000 ഹൗസ് ഫുൾ ഷോകൾ എന്നു പറയുന്നതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പോക്കിരി രാജയുടെ പോസ്റ്റർ കണ്ടില്ലേ . ഇതിൽ 25000 ഹൗസ് ഫുൾ ഷോ എന്ന് എഴുതിയിരിക്കുന്നത് വായിച്ചത് തെറ്റിയതാവും എന്നാണു ആദ്യം കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോഴാണു 25000 എന്ന് തന്നെയാണു എഴുതിയിരിക്കുന്നത് എന്ന് കണ്ടത്. കാര്യം എന്തൊക്കെയായാലും ഇങ്ങനെയൊക്കെ പടച്ചു വിടുക എന്ന് വെച്ചാൽ കഷ്ടം തന്നെ. മെയ് 7നു റിലീസ് ചെയ്ത പോക്കിരി രാജ ഇന്നേക്ക് 48 ദിവസങ്ങൾ ആയി. ഈ പോസ്റ്റർ ഇറങ്ങിയത് നാല്പതാം ദിവസം. ഒരു തിയറ്ററിൽ 4 ഷോ വെച്ചു 40 ദിവസം ഹൗസ് ഫുൾ ആയി കളിച്ചാൽ 160 ഷോ. അങ്ങിനെ ഒരു 100 തിയറ്ററിൽ കളിച്ചാൽ പോലും 16000 ഷോകളെ വരു. പിന്നെ എങ്ങനെ 25000 വന്നു എന്ന് പിടികിട്ടുന്നില്ല. ഇനി 2500 എന്ന് അടിക്കാൻ കൊടുത്തത് തെറ്റി 25000 എന്നായതായിരിക്കുമോ.. ആ ആർക്കറിയാം..!

*ചിലപ്പോൾ ഇത് പോസ്റ്റർ സിൻഡിക്കേറ്റിന്റെ പണിയായിരിക്കും അല്ലേ..!

രാവൺ - ഇതും ഒരു മണി രത്നം ചിത്രമോ..?


വളരെയധികം വിഷമമുണ്ട് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതേണ്ടി വന്നതിൽ. ഇന്നലെ പുകഴ്ത്തി പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ന് ഇങ്ങനെ പറയേണ്ടി വന്നതിൽ മണി രത്നമേ ഞങ്ങളോട് ക്ഷമിക്കുക. രാവണനിൽ നിന്നും എന്തെങ്കിലും വ്യത്യാസം രാവണിൽ വരുത്തിയിട്ടുണ്ടോ എന്ന് അറിയാനാണു ഈ സിനിമ കണ്ടത്. പക്ഷേ കണ്ട് കഴിഞ്ഞപ്പോൾ തോന്നി. കാണേണ്ടിയിരുന്നില്ല എന്ന്. ഒരു പക്ഷെ ഞങ്ങളുടെ കുഴപ്പമാവാം. രാവണനും രാവണും തമ്മിൽ താരതമ്യം ചെയ്തത്കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്. സംഭവിച്ചത് മറ്റൊന്നുമല്ല. രാവൺ കണ്ടപ്പോൾ തോന്നിയത് ഇതാണു. അഭിഷേക് ബച്ചൻ തനിക്ക് അഭിനയിക്കാനറിയില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഐശ്വര്യ ഓളിയിടാൻ 8 സീൻ, കണ്ണു തുറിപ്പിച്ചു നില്ക്കാൻ 5 സീൻ, 2 പാട്ട്. വിക്രം ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല. ഹിന്ദിയിലേക്കുള്ള വിക്രമിന്റെ വരവ് ഇത്തരത്തിൽ ആയതിൽ സങ്കടമുണ്ട്. ദൃശ്യങ്ങളും സംഗീതവുമെല്ലാം മികച്ചവ തന്നെ. ഒരുപക്ഷേ ആദ്യം രാവൺ കണ്ടിരുന്നെങ്കിൽ അഭിപ്രായം മറ്റൊന്നാവുമായിരുന്നു എന്ന് തോന്നുന്നു. ഇനി പറഞ്ഞിട്ട് എന്ത് കാര്യം ആദ്യം രാവണൻ കണ്ട് പോയില്ലേ..!

*ഒരു മണിരത്നം സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ദയവു ചെയ്ത് ആദ്യം ഹിന്ദി വേർഷൻ കാണരുത്. കണ്ടാൽ ഒരു പക്ഷേ നിങ്ങളും ചോദിച്ചു പോകും ഇതും ഒരു മണി രത്നം ചിത്രമോ എന്ന്..!

*രാവണിൽ ഇടവേളയുണ്ട്. രാവണനിലും ഇപ്പോൾ ഇടവേള വന്നു എന്ന് കേട്ടു.

രാവണൻ - ഇത് ഒരു മണിരത്നം ചിത്രം..!


10 വില്ലന്മാരെ അടിച്ചിട്ടു കൊണ്ട് രംഗ പ്രവേശനം ചെയ്യുന്ന നായകൻ. അതിനു ശേഷം ഒരു ഡപ്പാൻകൂത്ത് പാട്ട്, കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡിക്കായി ഉണ്ടാക്കിയ സീനുകൾ, പഞ്ച്ഡയലോഗുകൾ. ഇതൊന്നും സിനിമയിൽ ഇല്ല. കാരണം, എല്ലാവർക്കും അറിയാം ഇതൊരുമണിരത്നം സിനിമയാണു. ഇന്ത്യൻ സിനിമയിലെ മെഗാ മാസ്റ്ററോ എന്നറിയപ്പെടുന്ന മണിരത്നത്തിന്റെസിനിമ.
ഇത് ശരിക്കും രാമായണ കഥ തന്നെയാണു. രാവണൻ, രാമൻ, സീത എന്നിവർ ഇവിടെ വീരയ്യ(വിക്രം), ദേവ്(പ്രിത്വി), രാഗിണി(ഐശ്വര്യ) എന്നിവരാണു. വിക്രമസിംഗപുരം എന്ന സ്ഥലത്തെ കിരീടമില്ലാത്തരാജവാണു വീരയ്യ. വീരയ്യയെ ഒതുക്കാൻ വേണ്ടിയാണു SP ദേവ് ഇവിടേക്ക് വരുന്നത്.വീരയ്യയുടെസഹോദരിയുടെ (പ്രിയാമണി) കല്യാണ സമയത്ത് അവിടെയെത്തിയ ദേവ്, വീരയ്യയെ പിടികൂടാൻശ്രമിക്കുന്നു പക്ഷെ വീരയ്യ രക്ഷപ്പെടുന്നു. അവിടെ വെച്ച് വീരയ്യയുടെ സഹോദരിയെ പോലീസ് പിടിച്ചുകൊണ്ട് പോകുകയും സ്റ്റേഷനിൽ വെച്ച് മാനഭംഗപ്പെടുത്തി പിറ്റേന്ന് തിരിച്ചയക്കുകയും ചെയ്യുന്നു. ഇതിനു പ്രതികാരമായി വിരയ്യ സഹോദരിയെ മാനഭംഗപ്പെടുത്തിയ പോലീസുകാരെകൊലപ്പെടുത്തുകയും ദേവിന്റെ ഭാര്യ രാഗിണിയെ തട്ടി കൊണ്ട് പോവുകയും ചെയ്യുന്നു. രാവണൻപുഷ്പക വിമാനത്തിൽ വന്നാണു സീതയെ തട്ടി കൊണ്ട് പോയതെങ്കിൽ വീരയ്യ വരുന്നത് ഹൗസ്ബോട്ടിൽ ആണു.

കാട്ടിൽ വെച്ച് വീരയ്യ രാഗിണിയെ കൊല്ലാൻ വേണ്ടി തുടങ്ങുമ്പോൾ രാഗിണി വെള്ളചാട്ടത്തിന്റെമുകളിൽ നിന്ന് താഴെക്ക് ചാടുന്നു. പക്ഷെഅത്ഭുതകരമെന്ന്പറയട്ടെ രാഗിണി മരിച്ചില്ല.കാരണുംതാഴെക്ക് വീഴാതെ ഒരു മരകൊമ്പിൽ തൂങ്ങികിടക്കുകയായിരുന്നു..!

ഹനുമാന്റെ കഥാപാത്രമായി വരുന്നത് കാർത്തിക്ക് ആണു. കാർത്തിക്കിന്റെ കഥാപാത്രം വീരയ്യയുടെതാവളത്തിൽ വന്ന് രാഗിണിയെ കാണുകയും അവിടെ വെച്ച് വീരയ്യയുടെ ആളുകൾ പിടികൂടുകയുംചെയ്യുന്നു.ഒരു ലങ്കാ ദഹനം പ്രതീക്ഷിക്കണ്ട. അതില്ല. മോഡേൺ ഹനുമാന്റെ ആവശ്യപ്രകാരംവീരയ്യയുടെ അനുജൻ ശക്കര സമാധാന ചർച്ചക്ക് വേണ്ടി ദേവിനെ കാണാൻ ചെല്ലുന്നു. അവിടെ വെച്ച്ദേവ് ശക്കരയെ കൊല്ലുന്നു. പിന്നെ രാമ - രാവണ യുദ്ധം ആണു. അമ്പും വില്ലും ഇല്ല. പകരം ബോബുംമെഷീൻ ഗണും. അവസാനം ഒരു നീണ്ട പാലത്തിൽ വെച്ച് ദേവും വീരയ്യയും തമ്മിൽ സംഘട്ടനം. പാലത്തിന്റെ രണ്ടു വശങ്ങളിലും വീരയ്യ ആദ്യമെ തീ കൊളുത്തിയിരുന്നു. ഏറ്റു മുട്ടലിനൊടുവിൽവീരയ്യയുടെ കയ്യിൽ തൂങ്ങി കിടക്കുന്ന ദേവ്. പാലം പതിയെ തകർന്ന് താഴേക്ക് വീഴുന്നു. ഇതെല്ലാംകണ്ട് അലറി വിളിക്കുന്ന രാഗിണി. അപ്പോളതാ വീരയ്യ കേറി വരുന്നു. ദേവിനെ വെറുതെ വിടാൻഅപേക്ഷിക്കുന്ന രാഗിണി. തന്റെ കൂടെ നില്ക്കാമോ എന്ന് വീരയ്യ. ദേവിനെ കൊല്ലിലെങ്കിൽവീരയ്യയുടെ കൂടെ നില്ക്കാം എന്ന് രാഗിണി സമ്മതിക്കുന്നു. വീരയ്യ രാഗിണിയുടെ കണ്ണു കെട്ടുന്നു. ദേവ്പാറക്കെട്ടുകളിൽ പിടിച്ച് മുകളിലേക്ക് വരുന്നു. രാഗിണിയെ കാണുന്നു. കെട്ടിപ്പിടിക്കുന്നു. കഴിഞ്ഞിട്ടില്ലകഴിഞ്ഞിട്ടില്ല. അഗ്നി ശുദ്ധി എപിസോഡ് വരുന്നതെ ഉള്ളു. ദേവും രാഗിണിയും ട്രയിനിൽ വീട്ടിലേക്ക്മടങ്ങുകയാണു. രാഗിണിയെ വീരയ്യ എന്തെങ്കിലും ചെയ്തോ എന്ന് ദേവ് ചോദിക്കുന്നു. ഒന്നുംചെയ്തിട്ടില്ല എന്ന് രാഗിണി. എന്നാൽ ടെസ്റ്റിനു വിധേയമാകാമോ എന്ന് ദേവ്. പറ്റില്ല എന്ന് രാഗിണി. ഒന്നും ചെയ്തിട്ടില്ല എങ്കിൽ എന്തിനു ടെസ്റ്റിനെ ഭയപ്പെടണം എന്ന ദേവിന്റെ ന്യായമായ ചോദ്യം. അപമാനിതയായ രാഗിണി ട്രയിനിൽ നിന്നും എടുത്ത് ചാടി എന്ന് ആരും കരുതണ്ട. രാഗിണി ചെയിൻവലിച്ച് ട്രെയിൻ നിർത്തി. നേരെ വീരയ്യയുടെ അടുത്തേക്ക് പോയി. സീതയും രാവണനും ഒന്നാവുകയോഎന്ന് കരുതി ആരും നെറ്റി ചുളിക്കണ്ട. സിനിമ കഴിഞ്ഞിട്ടില്ല. രാഗിണിയും വീരയ്യയും കണ്ട് മുട്ടുന്നു.
ഇനിയുള്ളത് ഒരു ഒന്നൊന്നര ട്വിസ്റ്റ് ആണു. അത് പറഞ്ഞാൽ പിന്നെ എന്തോന്ന് രസം. അത് നിങ്ങൾതിയറ്ററിൽ പോയി തന്നെ കണ്ട് ആസ്വദിക്കുക.
നടീ നടന്മാരുടെ അഭിനയവും ,AR റഹ്മാന്റെ സംഗീതവും സന്തോഷ് ശിവന്റെ ഛായഗ്രഹണവുംകലാസംവിധാനവും എല്ലാം ഒന്നിനൊന്ന് മെച്ചം.അത് അല്ലെങ്കിലും അങ്ങിനെ തന്നെ ആവും, ആവണമല്ലോ കാരണം ഇത് ഒരു മണിരത്നം ചിത്രമാണു.


*ഈ സിനിമക്ക് ഇടവേള ഇല്ല. പക്ഷെ ഉടനെ തന്നെ നമ്മുടെ തിയറ്ററുകാർ അവരുടെതായ ഒരു ഇന്റർവെൽ ഉണ്ടാക്കും കാരണം കൊള്ളി വറത്തതും ഐസ്ക്രീമെക്കെ വിറ്റു പോവേണ്ടതല്ലേ.

*നിത്യാനന്ദ ഫെയിം രഞ്ജിത ഇതിലുണ്ട്. ഡയലോഗുകൾ ഒന്നും ഇല്ല. ഡബ്ബിംഗ് സമയത്ത് ഒളിവിലായത് കൊണ്ട് മണിരത്നം സംഭാഷണമുള്ള സീനുകൾ കട്ട് ചെയ്തു കാണും

*രാജൂട്ടൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആഷിന്റെയും വിക്രമിന്റെയുമൊക്കെ മുന്നിൽ മങ്ങിപോയില്ലെ എന്ന് ഒരു സംശയം. ഒരു കാര്യം ഒറ്റയ്ക്ക് സ്ക്രീനിൽ നില്ക്കുമ്പോൾ എന്താ ഒരു തലയെടുപ്പ്..!

എന്തൊക്കെ കാണണം ദൈവമേ...!


രാവണൻ റിലീസ് കേരളത്തിൽ ഉണ്ടാകുമോ ഇല്ലയോ എന്ന ടെൻഷനിലാണു ഇപ്പോൾ. പിന്നെ പുതിയ വിശേഷങ്ങൾ ഒന്നും മലയാള സിനിമയിൽ സംഭവിക്കാത്തത് കൊണ്ട് രാവണൻ ഇറങ്ങുകയാണെങ്കിൽ അതിന്റെ അഭിപ്രായം ഇടാം അടുത്ത പോസ്റ്റിൽ എന്ന് കരുതി ഇരിക്കുമ്പോഴാണു ബെസ്റ്റ് ആക്ടർ എന്ന ഒരു പോസ്റ്റ് ബെർളിയുടെതായി കണ്ടത്. ബെസ്റ്റ് ആക്ടർ മമ്മൂട്ടിയുടെ പുതിയ സിനിമയാണല്ലോ അതിനെ പറ്റി എന്താണു അദ്ദേഹം എഴുതിയിരിക്കുന്നത് എന്നറിയാൻ വേണ്ടി ആ പോസ്റ്റ് വായിച്ചു. നാളെ ആ സിനിമയെ പറ്റി ഒരു പോസ്റ്റ് ഞങ്ങൾ ഇട്ടുകഴിഞ്ഞിട്ടു ആരെങ്കിലും ഈ സിനിമയെ പറ്റി ബെർളി ഒരു പോസ്റ്റ് ഇട്ടിരുന്നു അത് നിങ്ങൾ വായിച്ചിരുന്നോ എന്നൊക്കെ ചോദിച്ചാൽ ഉത്തരം മുട്ടി പോകരുതല്ലോ. അതു കൊണ്ട് ആ പോസ്റ്റ് സസൂക്ഷ്മം വായിച്ചു. വളരെ നല്ല പോസ്റ്റ്. പക്ഷെ അത് വായിച്ചു കഴിഞ്ഞപ്പോഴാണു മറ്റൊരു കാര്യം ശ്രദ്ധയില്പെട്ടത്. കുറച്ച് നാളുകൾക്ക് മുൻപ് പോക്കിരി രാജ കണ്ട അഭിപ്രായം ഞങ്ങൾ ഇട്ടപ്പോൾ ഏറ്റവും കൂടുതൽ വന്ന വിമർശനം ആ സിനിമയുടെ റിവ്യു ബെർളി ഇട്ട പോലെ അല്ല ഞങ്ങൾ ഇട്ടത് എന്നാണു. അന്നത് ബെർളിക്ക് ബെർളിയുടെ അഭിപ്രായം ഞങ്ങൾക്ക് ഞങ്ങളുടെ അഭിപ്രായം എന്നൊക്കെ പറഞ്ഞ് ഒഴിവായെങ്കിലും ബ്ലോഗ്ഗിലെ പല നിരൂപക വിദ്വാന്മാർക്കും ബെർളിയുടെ അഭിപ്രായം തന്നെ ആയിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യം തന്നെ ആണ്. പറഞ്ഞ് വന്നത് മറ്റൊന്നുമല്ല . നിരൂപണത്തിന്റെ മാത്രകയായി പലരും ചൂണ്ടിക്കാണിച്ച ആ പോസ്റ്റ് പോക്കിരി രാജ (റിവ്യു അല്ല) എന്നാ പോസ്റ്റ് ഇപ്പോൾ ആ സൈറ്റിൽ ഇല്ല. ഛർദിച്ചത് വിഴുങ്ങുക എന്ന് പറയുന്നത് എന്താണെന്ന് ഇപ്പോഴുള്ള പോസ്റ്റും പണ്ടത്തെ ആ പോസ്റ്റും വായിക്കുന്നവർക്ക് മനസ്സിലാക്കാം. പോസ്റ്റ് ഇടുന്നതും ഡിലീറ്റ് ചെയ്യുന്നതുമെല്ലാം ഒരോരുത്തരുടെയും ഇഷ്ടം. ഞങ്ങളുടെ വിഷമം അതല്ല. ഇന്നലെ ഇറങ്ങിയ 3 സിനിമകൾ എന്ന പോസ്റ്റ് വായിച്ചതോടെ ഞങ്ങളുടെ ഈ ബ്ലോഗ് വായിക്കുന്നത് എന്നന്നേക്കുമായി നിർത്തിയ ആളുകൾ ഉണ്ട്. അവർ ഈ പോസ്റ്റോ ആ പോസ്റ്റോ കണ്ടാൽ മതിയായിരുന്നു. വെറൊന്നും കൊണ്ടല്ല. ആകെ കൂടി ഈ ബ്ലോഗ്‌ വായിക്കുന്നത് 4 പേർ അതിൽ 2 പേർ നിർത്തി എന്നു വെച്ചാൽ കഷ്ടമല്ലേ...!

*പോസ്റ്റിന്റെ തലക്കെട്ടിൽ ബെർളിയുടെ പേരു ഉപയോഗിച്ചാൽ പബ്ലിസിറ്റിക്ക് വേണ്ടിയാണു എന്ന് ആരെങ്കിലും പറഞ്ഞാലോ.ഞങ്ങള്‍ പോസ്റ്റ്‌ ഇട്ടതോ പോസ്റ്റ്‌ ഇടുന്നതോ ഒന്നും അങ്ങേര്‍ക്കു അറിയില്ല. എന്തിനു വെറുതെ ....!

റിംഗ് ടോണ്‍ .


മലയാള സിനിമ പ്രതിസന്ധിയിലാണല്ലോ അപ്പോൾ നമ്മുടെ പൈസ വെറുതെ അന്യാഭാഷാ ചിത്രങ്ങൾ കൊണ്ടു പോകണ്ട എന്ന് കരുതിയാണു രാജ് നീതിയും റിംഗ്ടോണും കൂടി ഒരുമിച്ച് റിലീസ് ചെയ്തപ്പോൾ റിംഗ്ടോണിനു പോയത്. അല്ലാതെ ആ സിനിമ നല്ല സിനിമയാകുമെന്നോ അല്ലെങ്കിൽ കാശ് മുതലാകുമെന്നോ എന്നുള്ള ഒരു ദു:ചിന്തയും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പടം കഴിഞ്ഞ് പുറത്തെക്കിറങ്ങി വരുമ്പോൾ ഒരു വിഷമവും തോന്നിയില്ല. ബുള്ളറ്റ് നമ്മൾ സഹിച്ചിരിക്കുന്നു പിന്നെയാണു ഒരു റിംഗ്ടോൺ. സംവിധായകൻ പുതുമുഖമായതു കൊണ്ടുള്ള പരിചയ കുറവ് കൊണ്ടാണു ഈ സിനിമ ഇങ്ങനെ ആയത് എന്ന് പറയാൻ പറ്റില്ല. കാരണം മറവത്തൂര്‍ കനവും ഉദയനാണു താരവും എടുക്കുന്ന സമയത്ത് ലാൽ ജോസും റോഷൻ ആൻഡ്രൂസും പുതുമുഖങ്ങൾ ആയിരുന്നല്ലോ. പിന്നെ പ്രൊഡ്യൂസർക്ക് ഒരു വലിയ അബദ്ധം പറ്റി. ബാലക്ക് പകരം പ്രിഥിരാജിനെ അഭിനയിപ്പിച്ചാല്‍ മതിയായിരുന്നു. ഇപ്പോഴത്തെ ഒരു ട്രെന്റ് അനുസരിച്ച് പടം മെഗാ ഹിറ്റ് ആയേനെ. പക്ഷെ 3 കൊല്ലം മുൻപ് ഷൂട്ടിംഗ് തുടങ്ങിയ പടത്തിനു ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ച് കാസ്റ്റിങ്ങ് നടത്താൻ പറ്റില്ലല്ലോ. അതു കൊണ്ട് നിർമാതാവിനു പറ്റിയ ആ അബദ്ധം നമ്മുക്ക് അങ്ങ് ക്ഷമിക്കാം.ബാലയെക്കുറിച്ച് പറയാനാണെങ്കിൽ ഇതിനോടകം 20 സിനിമകളിൽ ഈ ചെറുപ്പക്കാരൻ അഭിനയിച്ചു കഴിഞ്ഞു. ആദ്യ സിനിമയായ കളഭം മുതൽ ഒടുവിൽ റിലീസ് ആയ റിംഗ്ടോൺ വരെ ആകുമ്പോൾ താൻ എവിടെ എത്തി നില്‍ക്കുന്നു എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും. മേഘാനായർ ആണു ഇതിലെ നായിക. ഇത്തരത്തിലുള്ള ബോറൻ സിനിമകൾ ഉണ്ടാക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം അല്പമെങ്കിലും ഭംഗിയുള്ള നായികയെ അഭിനയിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കണം. അതെങ്കിലും ഒരല്പ്പം ആശ്വാസം പകരുന്ന ഒന്നാണു. പക്ഷെ ഇവിടെ ആ ഭാഗ്യം പോലും ഇല്ലാതെ പോയി. ഈ സിനിമയിൽ പതിവു പോലെ സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആണു. സുരേഷ് ഗോപിയോട് ഞങ്ങൾക്ക് പറയാനുള്ളത് അങ്ങയുടെ കമ്മീഷണറും ഏകലവ്യനും ലേലവുമെല്ലാം ഒരുപാട് തവണ ടിവിയിൽ കണ്ട് ആസ്വദിച്ചിട്ടുള്ളവർ ആണു ഞങ്ങൾ. പത്രവും തെങ്കാശിപ്പട്ടണവുമെല്ലാം തിയറ്ററിൽ ചെന്ന് ആഘോഷമാക്കിയിട്ടുള്ളവരാണു ഞങ്ങൾ. താങ്കൾ സിനിമ ഇല്ലാതെ വീട്ടിൽ ഇരുന്ന കാലത്ത് ഇറങ്ങിയ ബെൻ ജോൺസൺ കണ്ട് മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസറുടെ കുറവ് ഇപ്പോൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞവരാണു ഞങ്ങൾ. രണ്ടാം വരവിൽ ഭരത് ചന്ദ്രനായി താങ്കൾ വന്നപ്പോൾ ആർപ്പുവിളികളോടെ തിയറ്ററിൽ എതിരേറ്റവരാണു ഞങ്ങൾ. പിന്നെ ബുള്ളറ്റും പതാകയും കാഞ്ചിപുരവുമായൊക്കെ വന്ന് നിരാശപ്പെടുത്തിയെങ്കിലും മടുക്കാതെ വീണ്ടും താങ്കളുടെ സിനിമകൾ കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളോട്.. ഈ ചതി വേണ്ടായിരുന്നു. ഇങ്ങനെ വീണ്ടും ആവര്‍ത്തിച്ചാല്‍ നാളെ ഒരു ശക്തമായ സിനിമയുമായി താങ്കൾ വന്നാലും ആരും തിരിഞ്ഞു നോക്കും എന്ന് കരുതുന്നില്ല.


*രാജൻ പി ദേവിനെ വീണ്ടും വെള്ളിത്തിരയിൽ കാണാം ഈ സിനിമയിൽ..

വിവരമില്ലായ്മയോ നിലവാരമില്ലായ്മയോ ..?


മലയാള സിനിമയിലെ പ്രശസ്തനായ ഒരു സംവിധായകനാണു ഷാജി N കരുൺ. പ്രശസ്തൻ എന്നു പറയുമ്പോള്‍ ആരെ പോലെ ഷാജി കൈലാസിനെപ്പോലെയോ, ജോഷിയെപ്പോലെയോ എന്നൊക്കെ സാധാരണക്കാരായ സിനിമ പ്രേക്ഷകർ ചോദിച്ചേക്കാം. അതിൽ പക്ഷെ കാര്യമില്ല. ഷാജി N കരുണിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം അദ്ദേഹം ആരാണെന്ന്. ആരാണു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാൽ അതിപ്പോൾ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തിലെങ്കില്പ്പോലും ലോകത്തിലെ എല്ലാ ചലചിത്ര മേളകളിലും ഷാജി N കരുണിന്റെ സിനിമകൾ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തതാണു. ശരിക്കു പറഞ്ഞാൽ മലയാള സിനിമയുടെ മഹത്വം ലോക സിനിമക്ക് മുന്നിൽ തുറന്നു കാണിച്ച മഹാനായ ഒരു കലാകാരനാണു ഷാജി N കരുൺ. ഒരു സംവിധായകൻ എന്നതോടൊപ്പം ഒരു മികച്ച ഛായാഗ്രാഹകൻ കൂടിയാണു ഷാജി N കരുൺ. നിരവധി ഷോർട്ട് ഫിലിമുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പിറവി, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടി സ്രാങ്ക് എന്നിവയാണു ഷാജി N കരുൺ സംവിധാനം ചെയ്ത സിനിമകൾ. ഇതിൽ ഏറ്റവും ഒടുവിൽ ആയി ചെയ്ത കുട്ടി സ്രാങ്ക് ജുലൈ 23നു കേരളത്തിൽ റിലീസ് ചെയ്യുകയാണു. റിലയൻസ് ലിമിറ്റഡ് ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണു കുട്ടി സ്രാങ്ക്. സിനിമയുടെ പൂർണതയ്ക്ക് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാനുള്ള അനുമതി ഷാജി N കരുണിനു റിലയൻസിൽ നിന്നും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ വളരെ വലിയ ബഡ്ജറ്റിൽ ആണു ഈ സിനിമ ഒരുങ്ങിയത്. മമ്മൂട്ടി 3 വ്യത്യസ്ഥ കാലഘട്ടങ്ങൾ അവതരിപ്പിക്കുന്ന ഈ സിനിമയെപ്പറ്റി സ്വാഭവികമായും ഉയർന്ന പ്രതീക്ഷകളാണു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ഈ ചിത്രം അവാർഡുകൾ വാരിക്കൂട്ടുമെന്നും റിലീസ് ചെയ്താൽ പ്രദർശനശാലകളെ ജനസാഗരങ്ങൾ ആക്കി കൊണ്ട് റിലയൻസിനു വമ്പൻ ലാഭം നേടികൊടുക്കും എന്നൊക്കെ ചിലർ കണക്കു കൂട്ടി. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഈ വർഷത്തെ സംസ്ഥാന അവാർഡിൽ കുട്ടി സ്രാങ്ക് തഴയപ്പെട്ടു. ഷാജി N കരുൺ സംവിധായകൻ എന്ന നിലക്ക് ഏറേ പിന്നോട്ട് പോയി എന്നാണു ജൂറി അഭിപ്രായപ്പെട്ടത്.സിനിമ എന്ന നിലയിൽ കുട്ടി സ്രാങ്ക് ഒട്ടും നിലവാരമിലാതെ ആയി പോയത് കൊണ്ടാണു അവാർഡുകൾ ലഭിക്കാഞ്ഞതത്രെ.. 2008 ലെ ദേശിയ ചലച്ചിത്ര അവാർഡ് കമ്മിറ്റിയില്‍ ചെയര്‍മാന്‍ ആയിരുന്ന ഷാജി N കരുൺ 2009ൽ തന്റെ സിനിമക്ക് അവാർഡ് കിട്ടാന്‍ വേണ്ടി മലയാള സിനിമയെ തഴഞ്ഞ് ഉത്തരേന്ത്യൻ സിനിമാ ലോബിയെ സഹായിച്ചു എന്നും അതിന്റെ പ്രതികാരമായിട്ടാണു സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിരിച്ച് പണി കൊടുത്തത് എന്നൊക്കെയുള്ള കിംവന്ദന്തികൾ അന്നു കേട്ടിരുന്നു. ജൂറിക്ക് വിവരമില്ല എന്നാണു ഷാജി N കരുൺ ഈ കാര്യത്തിൽ പ്രതികരിച്ചത്. എന്തായാലും ജൂലൈ 23 വരെ നമ്മുക്ക് കാത്തിരിക്കാം അന്ന് കുട്ടി സ്രാങ്ക് റിലീസ് ചെയ്ത് സിനിമ കണ്ടതിനു ശേഷം നമ്മുക്ക് തിരുമാനിക്കാം ആർക്കാണു വിവരമില്ലാത്തതെന്നും ആർക്കാണു നിലവാരമില്ലത്തെതെന്നും...!

*പാലേരി മാണിക്യം മികച്ച സിനിമയും ഹരിഹരൻ മികച്ച സംവിധായകനും ഇവിടം സ്വർഗമാണു മികച്ച ജനപ്രിയ സിനിമയും ആയി തിരഞ്ഞെടുത്ത ജൂറിക്ക് വിവരമില്ലെന്നോ.. എന്താ കഥ...!!!

Followers

 
Copyright 2009 b Studio. All rights reserved.