RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

5 സുന്ദരികൾ


ഒരുപാട് സംവിധായകർ ചേർന്നു ഒരു സിനിമ.. ഇങ്ങനെ ഒരു അനുഭവം കേരള കഫേയിലൂടെ ഒരിക്കൽ മലയാളികൾ കണ്ടറിഞ്ഞിട്ടുള്ളതാണു. പ്രഗത്ഭരായ പല സംവിധായകരും അവരുടെ വളരെ മികച്ച ചിത്രങ്ങളും ഉണ്ടായിരിന്നിട്ട് പോലും ആ സിനിമയ്ക്ക് തിയറ്ററുകളിൽ തണുത്ത പ്രതികരണമാണു ലഭിച്ചത്. അതുകൊണ്ട് തന്നെയാണു അതേ പാത പിൻ തുടർന്ന് പെട്ടെന്ന് പുതിയ സിനിമകൾ ഉണ്ടാവാതിരുന്നതും.

എന്നാൽ മാറുന്ന മലയാള സിനിമയിൽ ഇങ്ങനെ ഒരു പരീക്ഷണത്തിന്റെ സാധ്യത തിരിച്ചറിഞ്ഞിട്ട് തന്നെയാണു അമൽ നീരദ് 5 സുന്ദരികൾ എന്ന പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രഗത്ഭരായ 5 സംവിധായകർ ഒരുമിക്കുന്ന സിനിമ. ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക്ക് അബു, അമൽ നീരദ് , അൻവർ റഷീദ് എന്നീ പുതുതലമുറയുടെ പൾസ് കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന 5 സംവിധായകർ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകനു വല്ലാതങ്ങ് ആശിച്ച് പോകും..!

പരസ്പര ബന്ധമില്ലാത്ത 5 ഷോർട്ട് ഫിലിമുകൾ. സേതുലക്ഷ്മി, ഇഷ,ഗൗരി, കുള്ളന്റെ ഭാര്യ, ആമി ഇങ്ങനെ 5 സുന്ദരികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് 5 സംവിധായകർ സംവിധാനം ചെയ്ത 20 മിനുട്ടോളം ദൈർഘ്യം വരുന്ന 5 കഥകൾ. അതാണു 5 സുന്ദരികൾ എന്ന സിനിമ. കേരളകഫയിൽ നിന്ന് 5 സുന്ദരികളെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം ഈ സിനിമ കഴിയുന്നത് വരെ ആരൊക്കെയാണു ഒരോ കഥകളും സംവിധാനം ചെയ്തിരിക്കുന്നത് എന്ന് അറിയാൻ കഴിയുക ഇല്ല എന്നതാണു. അതു കൊണ്ട് തന്നെ ഒരോ ഷോർട്ട് ഫിലിം കഴിയുമ്പോഴും നമ്മൾ മനസ്സിൽ പ്രതീക്ഷിക്കും ഇത് ചെയ്തിരിക്കുന്നത് ഇന്നയാളാണു എന്ന്. എന്നാൽ സിനിമ അവസാനിച്ചത് കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് കൊണ്ടാണു.

 ഈ 5 ഷോർട്ട് ഫിലിമുകളിൽ ഏറ്റവും മികച്ച് നിന്നത് ദുൽഖർ അഭിനയിച്ച കുള്ളന്റെ ഭാര്യയും ഏറ്റവും മോശമായത് കാവ്യ അഭിനയിച്ച ഗൗരിയുമാണു. ഇതിൽ കുള്ളന്റെ ഭാര്യ സംവിധാനം ചെയ്തിരിക്കുന്നത് അമൽ നീരദും ഗൗരി സംവിധാനം ചെയ്തിരിക്കുന്നത് ആഷിക്ക് അബുവുമാണു എന്നറിയുന്നിടത്താണു നേരത്തെ പറഞ്ഞ കണക്ക് കൂട്ടലുകളുടെ പ്രസക്തി. ശക്തമായ ഒരു തിരകഥ ഇല്ല എങ്കിൽ ആഷിക്ക് അബു എന്ന സംവിധായകൻ വട്ട പൂജ്യമാണു എന്ന് ഈ സിനിമ തെളിയിക്കുകയാണു.

അഭിനയത്തിൽ ഏറ്റവും മുന്നിൽ നിന്നത് ഫഹദ് ഹാസിൽ ആയിരുന്നു. അൻവർ റഷീദിന്റെ ആമിയിലെ നായകനായി ഫഹദ് മികച്ച് നിന്നു. ഫഹദ് കഴിഞ്ഞാൽ പിന്നെ സേതുലക്ഷ്മിയിലെ ആൺകുട്ടിയും പെൺകുട്ടിയുമാണു അഭിനയത്തിൽ ശ്രദ്ധേയമായത്. എന്നാൽ എടുത്ത് പറയേണ്ടത് ദുൽഖറിന്റെ സാന്നിധ്യമാണു. ഒരു ഡയലോഗ് പോലുമില്ലാതെ മുഴുവൻ വോയ്സ് ഓവറിലും ഭാവങ്ങളിലുമാണു ദുൽഖർ സിനിമയിൽ. എന്നിട്ടും കാണികളുടെ പ്രശംസ പിടിച്ചു പറ്റാൻ സാധിച്ചു എന്നതിൽ അമൽ നീരദിനും വലിയ ഒരു പങ്കുണ്ട്. ഇഷയിൽ അഭിനയിച്ച നടി തരക്കേടിലായിരുന്നു അതിലെ നായകൻ നവീൻ ഇപ്പോഴും തട്ടത്തിന്റെ മറയത്തിൽ തന്നെയാണു. ഇടയ്ക്ക് നേരവും.

ഏറ്റവും അവസാനമേ ബിജുമേനോന്റെയും കാവ്യയുടേയും പ്രകടനം വരുന്നുള്ളു എന്നത് അവരുടെ കഴിവ് കേട് കൊണ്ടല്ല മറിച്ച് അവർക്കാ ഷോർട്ട് ഫിലിമിൽ അത്രയേ ചെയ്യാനുണ്ടായിരുന്നു എന്നത് കൊണ്ടാണു. സിനിമയുടെ നിയതമായ ഒരു രൂപമില്ല എന്നതു കൊണ്ടും 5 വ്യത്യസ്ത ഷോർട്ട് ഫിലിമുകളായത് കൊണ്ടും ഒരോ ഷോർട്ട് ഫിലിമിനും റേറ്റിംഗ് കൊടുക്കാൻ നിർബന്ധിതമാവുകയാണു. റേറ്റുംഗുകളുടെ ആകെ തുക സിനിമയുടെ റേറ്റിംഗ് ആയി കണക്കാക്കാവുന്നതാണു.
1. കുള്ളന്റെ ഭാര്യ - 8/10
2. സേതു ലക്ഷി - 6/10
3. ഇഷ - 5.5 /10
4. ആമി - 5 /10
5. ഗൗരി - 2/10

അപ്പോൾ സിനിമയുടെ റേറ്റിംഗ് 5.3/10. 

ഒരു ബന്ധവുമില്ലെങ്കിൽ ഈ ഷോർട്ട് ഫിലിമുകൾ ഒരുമിച്ചാക്കി എന്തിനു സിനിമയാക്കി എന്ന് ഏതെങ്കിലും സാധാരണ പ്രേക്ഷകൻ ചോദിച്ചാൽ അതിനുത്തരം ഇതാണു. സിനിമയാക്കാതെ ഷോർട്ട് ഫിലിമുകൾ യുട്യൂബിൽ ഇട്ടാൽ ഒരൊറ്റ കുട്ടിയും കാണാൻ പോകുന്നില്ല.. കാരണം ഷോർട്ട് ഫിലിമുകൾ നല്ല അന്തസ്സായിട്ട് ചെയ്യാൻ അറിയുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. അവരത് വൃത്തിയായിട്ട് ചെയ്യുന്നുമുണ്ട്. അതു കൊണ്ടാണു അമൽ നീരദ് ഇതൊരു സിനിമയാക്കിയത്. അങ്ങനെ നാലാളു കേറി 10 കാശ് കിട്ടിയാൽ എന്താ പുളിക്കോ..??
5 സുന്ദരികൾ എന്ന പേരിട്ടിട്ട് സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒരു സുന്ദരി പോലും മനസ്സിൽ തങ്ങി നിൽക്കുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. അത് തന്നെയാണു ഈ സിനിമയുടെ പരാജയവും..!

താങ്ക്യു / Thank you


മാസാമാസം സിനിമ എടുക്കുന്നത് കൊണ്ടാണു എന്ന് തോന്നുന്നു. വികെപിയുടെ പടങ്ങൾ കാണാൻ പണ്ടുള്ളതു പോലെ ഒരു താല്പര്യം ഇല്ല. അതു കൊണ്ട് തന്നെയാണു ഈ ആഴ്ച്ച ഇറങ്ങിയ എ ബി സിഡിയും ലെഫ്റ്റ് റൈറ്റുമെല്ലാം കണ്ടിട്ടും വികെപി പുതിയതായു സംവിധാനം ചെയ്ത് ജയസൂര്യ നായകനായി അഭിനയിച്ച താങ്ക്യു എന്ന സിനിമയിൽ നിന്ന് ഒഴിഞ്ഞ് നിന്നത്.

എന്നാൽ ഈ സിനിമയെ പറ്റി ഇറങ്ങിയ ഒരു റിവ്യുവിൽ ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രം എന്ന ഒരു അഭിപ്രായ പ്രകടനം കണ്ടു. അത് കണ്ട് കഴിഞ്ഞപ്പോൾ പിന്നെ ഈ സിനിമ കാണാതിരിക്കാൻ പറ്റില്ല എന്നായി. കടുത്ത മഴയെ വകവെയ്ക്കാതെ നേരെ തിയറ്ററിലേക്ക് വെച്ചു പിടിച്ചു. റിലീസ് ചെയ്ത് മുന്നാമത്തെ ദിവസം തന്നെ ചിത്രം 4 ഷോ എന്നത് 2 ഷോ ആയി മാറിയിരുന്നു. ജയസൂര്യ ഒറ്റയ്ക്ക് നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം ഇതേ പോലെ ഉള്ളവയായതിനാൽ അതിൽ അത്ഭുതം തോന്നിയില്ല.

അങ്ങനെ സിനിമ തുടങ്ങി. തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ഒരു ചെറുപ്പക്കാരൻ പോലീസ് വയർലെസ്സ് തട്ടി എടുക്കുകയും രണ്ടിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന് പോലീസിനെ അറിയിക്കുകയും ചെയ്യുകയാണു. നഗരത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന ഈ അഞ്ജാതനെ തേടി പോലീസ് പരക്കം പായുന്നു. ഒടുവിൽ വയർലെസ്സ് സെറ്റ് കണ്ടെടുക്കുമ്പോൾ അഞ്ജാതാൻ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയാണു. ഇയാൾ ആരു എന്തിനു എങ്ങനെ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം അയാൾ തന്നെ ടെലിവിഷനിലൂടെ ജനങ്ങളോട് പറയുകയാണു.

ജയസൂര്യയാണു ഈ സിനിമയിൽ നായകനായി അഭിനയിച്ചിരിക്കുന്നത്. മൈന ഫെയിം സേതു, കൈലാഷ് എന്നിവരും ഹണി റോസ് വളരെ ചെറിയ ഒരു വേഷത്തിലും സിനിമയിൽ ഉണ്ട്. ഒരു വലിയ മാറ്റത്തിനു തുടക്കമാവേണ്ട സമയമായി എന്ന സന്ദേശമാണു ഈ സിനിമ നൽകുന്നത്. എന്നാൽ മേലനങ്ങാതെ സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിൽ സമൂഹിക അനീതികൾക്കെതിരെ ഘോരാഘോര പോസ്റ്റുകൾ ഇടുകയും മൂക്കിൻ തുമ്പത്ത് നടക്കുന്നതിനെ കണ്ടില്ലെന്ന് നടിക്കുകയും കണ്ടാൽ തന്നെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ട് ലൈക്കും ഷെയറും കൂട്ടാൻ ശ്രമിക്കുന്നവർക്ക് ഇത്തരം സിനിമകൾ കാണാനോ ഇതിനെ പറ്റി ചർച്ച ചെയ്യാനോ താല്പര്യം ഉണ്ടാവാൻ സാധ്യത കുറവാണു.

അതു കൊണ്ട് തന്നെ ഈ സന്ദേശം വേണ്ട വിധത്തിൽ ജനങ്ങളിലേക്ക് എത്തുമോ എന്നതും സംശയമാണു. എന്നിരുന്നാലും സംവിധായകൻ വികെപി, തിരകഥകൃത്ത് അരുൺ ലാൽ, ജയസൂര്യ നിങ്ങൾക്ക് ഒരു വലിയ കയ്യടി, ക്ലൈമാക്സ് കഴിഞ്ഞതിനു ശേഷവും സംവിധായകൻ നമ്മുക്കായി ഒരു സർപ്രൈസ് കാത്തു വെച്ചിട്ടുണ്ട്. എ വെനസ്ഡേ എന്ന ഹിന്ദി ചിത്രത്തിന്റെ ഒരു വിദൂര ഛായ ആദ്യം തോന്നാമെങ്കിലും വികെപി സിനിമയെ മറ്റൊരു തലത്തിലേക്കാണു ഉയർത്തിയിരിക്കുന്നത്. ഈ സിനിമ നിങ്ങൾ കണ്ടില്ല എങ്കിൽ അതിനർത്ഥം ഈ വർഷം ഇതു വരെ ഇറങ്ങിയതിൽ വെച്ചേറ്റവും സാമൂഹ്യ പ്രതിബന്ധതയുള്ള സിനിമ നിങ്ങൾ കണ്ടിട്ടില്ല എന്നതാണു..!!

എ ബി സി ഡി


ന്യൂജൻറേഷൻ സിനിമകൾ എന്നാൽ കുടുംബവുമായി കാണാൻ കൊള്ളത്തവയാണെന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. തെറിവിളിയും കള്ളും കഞ്ചാവും അശ്ലീല ചുവയുള്ള സംഭാഷണങ്ങളുമായി ആകെപാടെ ഒരു ബഹളമയം. ഹണിബീ, കിളിപോയ് എന്നീ ചിത്രങ്ങളൊക്കെ പറയാൻ ശ്രമിക്കുന്നതും ഈ വിഷയങ്ങൾ തന്നെയാണു. എന്നാൽ ദുൽഖർ സല്മാനെ നായകനാക്കി മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത എ ബി സി ഡി ഒരു പെഫക്റ്റ് ന്യൂജനറേഷൻ ഫാമിലി എന്റർടെയനർ ആണു. നിങ്ങൾക്ക് ഈ സിനിമ കുടുംബസമേതം വന്ന് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ ആസ്വദിക്കാം.

അമേരിക്കയിൽ ജനിച്ചു വളർന്ന ജോൺസ് കോര എന്നിവരെ അവിടുത്തെ വളരെ "നല്ല  സ്വഭാവം" കാരണം വീട്ടുകാർ കുറച്ച് നാളത്തേക്കെന്ന് പറഞ്ഞ് ഇന്ത്യയിലേക്കയക്കുന്നു. ഇന്ത്യയിലെത്തുന്ന അവരെ കാത്തിരിക്കുന്നത് കൊച്ചിയിലെ വളരെ പരിമിതിമായ ജീവിത സാഹചര്യങ്ങളാണു. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കൊച്ചിയിലെ ഒരു കോളേജിൽ പഠിക്കാൻ ചേരാൻ അവർ നിർബന്ധിതരായി. അമേരിക്കയിൽ ആർഭാട പൂർവ്വം ജീവിതം നയിച്ച ജോണിനും കോരയ്ക്കും സാമ്പത്തിക അച്ചടക്കത്തോടെയുള്ള ജീവിതം വളരെ ദുസ്സഹമായിരുന്നു, മധുമിത എന്ന അവരുടെ കോളേജിലെ വിദ്യാർത്ഥിനിയെ പരിചയപ്പെടുന്നതോടെ ഇവരുടെ ജീവിതം ആകെപ്പാടെ മാറി മറിയുകയാണു.

അമേരിക്കയിലേക്ക് തിരിച്ച് പോകണം എന്ന ജോൺസ് കോരയുടെ ആഗ്രഹം നടക്കുമോ എന്തൊക്കെയാണു കൊച്ചിയിൽ അവർ ചെന്നു പെടുന്ന ഏടാകൂടങ്ങൾ എന്നൊക്കെ അറിയണമെങ്കിൽ ധൈര്യമായി ടിക്കറ്റെടുത്ത് സിനിമ കണ്ടോളു. എ ബി സി ഡി നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച.

ജോൺസ് ആയി വേഷമിട്ട ദുൽഖർ സല്മാന്റെ കഴിവിനെ കുറിച്ച് ഇനിയുമാരും സംശയമോ എതിരഭിപ്രായമോ പറയാൻ വഴിയില്ല ഇത് ബാപ്പയുടെ മോൻ തന്നെ. അക്കരക്കാഴ്ച്ചകളിലെ ഗ്രിഗറി ആണു ഇതിൽ കോര ആയി വേഷമിടുന്നു. മറിമായത്തിലെ ശ്രീക്കുമാറിനെയും ഗ്രിഗറിയും ദുൽക്കറെയും വെച്ച് മാത്രം കോമഡി ട്രാക്ക് കൈകാര്യം ചെയ്യാൻ മാർട്ടിൻ പ്രാക്കാട്ട് കാണിച്ച ധൈര്യം അപാരം തന്നെയാണു. നായിക എന്ന് പറയാൻ പറ്റില്ലെങ്കിലും അപർണ്ണ ഗോപിനാഥിന്റെ മധുമിത മികച്ചു നിന്നു. അമേരിക്കയുടേയും കൊച്ചിയുടെയും മനോഹാരിത ഒരു പോലെ ഒപ്പിയെടുത്ത ഛായാഗ്രഹണവും മികച്ച പശ്ചാത്തല സംഗീതവുമെല്ലാം എ ബി സി ഡിയുടെ മാറ്റ് കൂട്ടുന്നു.

ലാലു അലക്സ് അടക്കം നിരവധി താരങ്ങൾ ഉണ്ടെങ്കിലും എ ബി സി ഡി ജോൺസ് കോര ഷോ ആണു. രണ്ട് മണിക്കൂർ 46 മിനുറ്റാണു ഈ ചിത്രത്തിന്റെ ദൈർഘ്യം എന്നതു  കൊണ്ട് ആദ്യ പകുതി ഒരല്പം ബോറടി തോന്നാമെങ്കിൽ രണ്ടാം പകുതിയിൽ അപ്രതീക്ഷിത സംഭവങ്ങൾ ഈ ബോറടിയെ കാറ്റിൽ പറത്തുന്നു.മമ്മൂട്ടിക്ക് ബെസ്റ്റ് ആക്ടർ എന്ന സൂപ്പർ ഹിറ്റ് നൽകിയ മാർട്ടിൻ പ്രാക്കാട്ട് ദുൽക്കറിനു ഒരു മെഗാഹിറ്റ് ആണു സമ്മാനിക്കുന്നത്. ഈ മോൻ അങ്ങനെയങ്ങ് പോവാൻ വന്നതല്ല...!!

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി, അതിന്റെ സെക്രട്ടറി, ലാവ്ലിൻ കേസ്, ടിപി ചന്ദ്രശേഖരവധം എന്നീ കാര്യങ്ങളെ കുറിച്ച് തിരകഥാകൃത്തായ മുരളി ഗോപിയ്ക്ക് ചില ധാരണകളുണ്ട്. ആ ധാരണകൾ ഒരു സിനിമയാക്കി എടുത്തു വെച്ചിരിക്കുന്നതാണു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. അരുൺ കുമാർ അരവിന്ദാണു ഈ ധാരണകളെ സിനിമയാക്കി സംവിധാനിച്ചിരിക്കുന്നത്.

റെവല്യൂഷ്ണറി പാർട്ടി ഓഫ് മാർക്സ്റ്റ് എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൈതേരി സഹദേവൻ  ബിബിവിപി എന്ന വർഗ്ഗീയ സംഘടനയുടെ ആക്രമണത്തിൽ ഒരു കയ്യുടെ സ്വാധീന ശേഷി നഷ്ടപ്പെട്ട ആർ പി എമ്മിന്റെ പഴയ കാല കരുത്തുറ്റ നേതാവ് ചെഗുവേര റോയ്,പോലീസ് എസ് ഐ ആയ വട്ട് ജയൻ എന്നിവരാണു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.

മലയാളത്തിൽ കമ്യൂണിസ്റ്റ് സിനിമകൾ ധാരാളം ഉണ്ടായിട്ടുണ്ട്. ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് , പൗരൻ , അറബി കഥ എന്നിവ അതിനു ഉദാഹരണങ്ങളാണു. പാർട്ടികകത്തും പുറത്തും നടക്കുന്ന അപചയങ്ങൾ ചർച്ച ചെയ്യുന്ന നല്ല സിനിമകൾ ആയിരുന്നു അവ. പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളെ വ്യക്തിപരമായി ഉയർത്തികാട്ടുന്നതിനു ഇകഴ്ത്തുന്നതിനുമായി സിനിമകളിൽ പ്രാധാന്യം.

അടുത്തകാലങ്ങളിലായി വിസ് അച്യുതാനന്ദനെ നല്ലവനാക്കിയും അല്ലാതെയുമുള്ള സിനിമകൾ ഇറങ്ങുകയുണ്ടായി. എന്നാൽ ഇതാദ്യമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ കേന്ദ്രീകരിച്ചു കൊണ്ട് ഒരു സിനിമ പുറത്ത് വന്നിരിക്കുകയാണു. സംസ്ഥാന സെക്രട്ടറി വിമർശനങ്ങൾക്ക് അതീതനൊന്നുമല്ല. ആർക്കും വിമർശിക്കാം. പക്ഷെ ഈ സിനിമയിലൂടെ മുരളി ഗോപി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ ഭാഷ മനസ്സിലാക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട്.

വി എസിനെയും ഈ ചിത്രത്തിൽ പരിഹസിച്ചിട്ടുണ്ട് എന്നിരിക്കെ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നടങ്കം ശുദ്ധീകരണം നടത്താൻ എടുത്ത സിനിമയാണു എന്നൊക്കെ വാദിച്ചാൽ അർഹിക്കുന്ന അവഞ്ജയോടെ അതിനെ തള്ളിക്കളയാനെ സാധിക്കുകയുള്ളു. ഈ സിനിമയിലെ അഭിനേതാക്കളിൽ മികച്ച് നിന്നത് ഇന്ദ്രജിത്ത് അഭിനയിച്ച വട്ട് ജയനും ലെനയുടെ അനീറ്റയുമാണു. വളരെ നാളുകൾക്ക് ശേഷം അഭിസാരിക ചായ്വില്ലാത്ത ഒരു കരുത്തുറ്റ വേഷം ചെയ്തതിൽ ലെനയ്ക്ക് അഭിമാനിക്കാം.

 മുരളി ഗോപിയുടെ വേഷം നന്നായെങ്കിലും ചില സമയങ്ങളിൽ ആ നടനു താങ്ങാവുന്നതിലും അപ്പുറത്താണു ആ കഥാപാത്രത്തിന്റെ ശക്തി എന്ന് നമ്മളെ തോന്നിപ്പിക്കുന്നു. കൈതേരി സഹദേവൻ എന്ന പാർട്ടി സെക്രട്ടറിയുടെ റോൾ ഹരീഷ് പാറാടി മികവുറ്റതാക്കി. രമ്യനമ്പീശന്റെ ജന്നിഫർ എന്ന നഴ്സും ഈ സിനിമയിൽ ഒരു പ്രധാന്യമുള്ള കഥാപാത്രം തന്നെയാണു. ഗാനങ്ങൾ ഒരു പ്രത്യേക മൂഡിലൊരുക്കിയിരിക്കുന്നതിനാൽ പ്രേക്ഷകനെ അതികം മുഷിപ്പിക്കില്ല.

 ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിനു ശേഷം അരുൺ കുമാർ അരവിന്ദും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമായതിന്റെ പ്രതീക്ഷ വെച്ച് കാണാൻ പോയാൽ കടുത്ത നിരാശ സമ്മാനിക്കുന്ന ഒന്നായി മാറും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. റെവല്യൂഷൻ ഹോം മെയ്ഡ് എന്ന പരസ്യവാചകം വിപ്ലവം വീട്ടിൽ ഉണ്ടാക്കുന്നതാണു എന്ന തരത്തിലാണു ഈ സിനിമ.

ഇനി ഈ സിനിമ കണ്ട് കമ്മ്യൂണിസ്റ്റുകാർ ഹാലിളകി ഈ സിനിമയ്ക്ക് എതിരെ വാളെടുത്ത് അങ്ങനെ ഉണ്ടാകുന്ന പബ്ലിസിറ്റിയിൽ നാലാളു ഈ സിനിമ കാണും എന്നൊക്കെയാണു അണിയറക്കാരുടെ മനസ്സിലിരിപ്പെങ്കിൽ അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി ഒരു ചുക്കുമറിയില്ല എന്നതാണു വാസ്തവം.

ഹണിബീ


സത്യത്തിൽ എന്താണു ന്യൂജനറേഷൻ സിനിമ..?? എങ്ങനെ ആയിരിക്കണം ന്യൂജനറേഷൻ സിനിമ..? എന്താണു ന്യൂജനറേഷൻ സിനിമകളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് തുടങ്ങിയ കൂതറ ചോദ്യങ്ങളോ ഉത്തരങ്ങളോ ഒന്നും തന്നെ ഇവിടെ ചോദിക്കാനോ പറയാനോ ആഗ്രഹിക്കുന്നില്ല. മറിച്ച് ഒരു ചെറിയ സങ്കടം പങ്കു വെയ്ക്കുകയാണു ഇവിടെ.. !

സമയം കളയാൻ വേണ്ടി പോസ്റ്റർ കണ്ടപ്പോൾ കൊള്ളാം എന്ന് തോന്നിയ പുതിയ പിള്ളാരു അഭിനയിക്കുന്ന പടത്തിനു കയറിട്ട് , കേട്ടാൽ കേൾക്കുന്നവന്റെ തൊലി (ഒറ്റയ്ക്കല്ലങ്കിൽ) ഉരിഞ്ഞു പോകുന്ന തരത്തിലുള്ള അശ്ലീല തമാശയോ ക്രിയയോ കാണിച്ചത് കണ്ട് നമ്മ ഒന്ന് മുഖം ചുളിച്ചാൽ അപ്പ പറയും ഇതേ സംഗതി ന്യൂജനറേഷനാ.. ഇങ്ങളെ പോലെയുള്ള ഓൾഡ് ജനറേഷൻസിനു പറ്റിയതല്ല.. എന്നാൽ പിന്നെ കുറച്ച് റിലാക്സ് ആവാം എന്ന് കരുതി കോമഡി പടത്തിനു കയറിയാലോ.. അവിടെ കാണിക്കുന്ന അവിഞ്ഞ തമാശ മിമിക്രികൾ കണ്ട് നമ്മൾ മാത്രം ചിരിക്കാതെ ഇരുന്നാൽ അപ്പഴും പറയും ദാണ്ടെ ഒരു ബുദ്ധി ജീവി വന്നിരിക്കുന്നു.. ബുജികൾ പ്ലീസ് സ്റ്റേ എവേ... അവിടെയും നമ്മക്ക് രക്ഷയില്ല.

അങ്ങനെ വന്നപ്പോൾ അവസാനം ഒരു കൺക്ലൂഷനിലെത്തി. പ്രശ്നം സിനിമയുടെതല്ല. കാണുന്ന ആളിന്റെതാണു. ന്യൂജനറേഷനെ ന്യൂജനറേഷൻ ആയിട്ടും ,കോമഡിയെ കോമഡി ആയിട്ടും കാണാൻ പഠിക്കണം എന്നാലേ ഇന്നത്തെ കാലത്ത് രക്ഷയുള്ളു. ഈ ഒരു കടുത്ത തിരുമാനമെടുത്തിട്ടാണു ഹണിബീ എന്ന പടം കാണാൻ വേണ്ടി പോയത്. ആസിഫ് അലി എന്ന നടന്റെ മുഖം കാണുമ്പോൾ അസുരവിത്തും ഉന്നവും കൗബോയുമെല്ലാം(ആ ദുരന്തവും സംഭവിച്ചു) തികട്ടി വരുന്നുണ്ടെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ റെക്കോർഡ് ഉള്ള സിനിമക്കാരനായ ലാലിന്റെ മകൻ ജൂനിയർ ലാൽ അഥവ ലാൽ ജൂനിയർ ആദ്യമായി സംവിധാനിക്കുന്ന ഈ സിനിമയിൽ ഒരു ചെറിയ വെടിമരുന്നിനുള്ള കോപ്പ് ഉണ്ടാവും എന്ന അടിയുറച്ച ഉലയാത്ത വിശ്വാസത്തിന്റെ പുറത്താണു തിയറ്ററിന്റെ അകത്തേക്ക് കയറിയത്.

അങ്ങനെ പടം തുടങ്ങി. ലാൽ ജുനിയർ എന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അമേരിക്കയിലോ മറ്റോ പഠിച്ചിട്ടുണ്ട് എന്നാണു കേട്ടവിവരം. അവിടെ വെച്ച് ജീൻ പോൾ ലാൽ എന്ന ഇദ്ദേഹം ഏതോ ഒരു ഇംഗ്ലീഷ് പടം കണ്ടിട്ടുണ്ടാവാനാണു സാധ്യത. ആ ഇംഗ്ലീഷ് പടത്തിലെ കോമഡിയുടെ സാധ്യത ഉണ്ടാക്കിയ സ്പാർക്ക് അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ കിടന്നിരിക്കണം. എന്നെങ്കിലും ഒരു മലയാള സിനിമ സംവിധാനം ചെയ്യുമ്പോൾ ആ സ്പാർക്ക് ഇതിലും ഉൾപ്പെടുത്തണം എന്ന് അദ്ദേഹം കരുതി കാണും. അതു പോലെ ഡെല്ലി ബെല്ലി പോലുള്ള ചിത്രങ്ങളും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരിക്കണം. എന്തായാലും ഹാംഗ് ഓവർ സീരിസ് കണ്ടിട്ടുള്ള മലയാളികൾക്ക് അതിന്റെ കൊലപാതക വേർഷൻ ചൈനടൗൺ കണ്ട് ചിരിച്ചു മറിഞ്ഞിട്ടുള്ള മലയാളികൾക്ക് ഹാംഗ് ഓവർ പോലെ അല്ലെങ്കിലും ഏതാണ്ട് അതു പോലെയൊക്കെയുള്ള ഈ സിനിമ ഒരു പുത്തൻ അനുഭവമായിരിക്കില്ല.. തീർച്ച..!!

കൊച്ചിയിലെ കുറച്ച് ഫ്രണ്ട്സ്. സെബാൻ, ഫെർണോ, ആംബ്രോ, അബ്ദു, ഏഞ്ചൽ , സാറ. ഇവരുടെ ജോലി എന്താണു എന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും സിനിമയുടെ ആദ്യത്തെ സീനുകളിൽ നിന്ന് ഡാൻസ് ഗ്രൂപ്പ് ആണു എന്ന ഒരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ പൃഥ്വിരാജിനിട്ട് ആർക്കും അറിയാത്തവണ്ണം ചെറുതായി ഒന്നു കൊട്ടി എന്ന സന്തോഷം ജൂനിയർ ലാലിനു തോന്നാമെങ്കിലും മകൻ ലാലേ.. ഇതിലും വലിയ സിനിമ കമ്പനി വന്നിട്ട് ഇളക്കിയിട്ടില്ല പിന്നെയാണു...

ആ അപ്പോ പറഞ്ഞ് വന്നത് ഈ ഗ്രൂപ്പിന്റെ കാര്യം. ഇതിൽ ഏഞ്ചൽ ഒരു കോടീശ്വരിയാണു. 4 ചേട്ടന്മാരുണ്ട് അവരാണെങ്കിൽ ഗജ പോക്കിരികളും. പെങ്ങളുടെ കല്യാണം അതായത് ഏഞ്ചലിന്റെ കല്യാണം സ്ഥലം എസ് ഐ യുമായി ഉറപ്പിക്കാൻ അവർ തിരുമാനിക്കുന്നു. ഏഞ്ചലിനാണെങ്കിൽ ഒരു എതിർപ്പുമില്ല. അങ്ങനെ പെണ്ണുകാണൽ ചടങ്ങ് നടക്കുന്നു. ചടങ്ങിനിടയിൽ പെണ്ണു കാണാൻ വന്ന ചെക്കൻ ഏഞ്ചലിനോട് ആരോടെങ്കിലും ഇഷ്ടമുണ്ടോ എന്ന് ചോദിക്കുന്നു. കല്യാണ കാര്യത്തിന്റെ സംസാരത്തിനിടയിൽ സെബാൻ തന്റെ മുഖത്തടിച്ച കാര്യം ഏഞ്ചൽ ചെറുക്കനോട് പറയുന്നു. സെബാനു ഏഞ്ചലിനോട് ഇഷ്ടമുണ്ടെന്നും അത് ചോദിച്ചറിയണമെന്നും അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ തമ്മിൽ കല്യാണം കഴിക്കണം എന്നും ഇല്ലെങ്കിൽ എന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞ് പയ്യൻ പോകുന്നു. കാര്യമറിഞ്ഞ ഏഞ്ചലിന്റെ വീട്ടുകാർക്കും അതേ അഭിപ്രായം.. പെങ്ങളുടെ ഹാപ്പിനെസ്സ് ആണല്ലോ ആങ്ങളമാരുടെ ഹാപ്പിനെസ്സ്.

അങ്ങനെ ഏഞ്ചൽ ഇത് സെബാനോട് ചോദിക്കുന്നു. പക്ഷെ സെബാൻ തനിക്ക് ഏഞ്ചൽ ഗുഡ് ഫ്രണ്ട് മാത്രമാണെന്നും ഒരിക്കലും അങ്ങനെ കണ്ടിട്ടില്ലെന്നും മറുപടി പറയുന്നു. ഇതറിഞ്ഞ പയ്യനും ആങ്ങളമാരും വീണും ഹാപ്പി. അങ്ങനെ എല്ലാവരും ഹാപ്പി ആയി ഏഞ്ചലിന്റെ കല്യാണ തലേന്ന് ഏഞ്ചൽ തന്റെ ഫ്രണ്ട്സിനെല്ലാം ബാച്ചിലേഴ്സ് പാർട്ടി നടത്തുന്നു. എല്ലാവരും ഫിറ്റ് ആയി തുടങ്ങുന്നതിനു മുൻപേ എല്ലാവരോടും യാത്ര പറഞ്ഞ് ഏഞ്ചൽ വീട്ടിലേക്ക് പോകുന്നു. പിന്നെ പാട്ട് ആട്ടം ആഘോഷം.. അങ്ങനെ എല്ലാവരും ഉറങ്ങുന്നു. എന്നിട്ട്....... ?

ഇനിയാണു ഈ സിനിമയുടെ കഥ തുടങ്ങുന്നത്..പിന്നീട് എന്ത് സംഭവിച്ചു എന്നറിയാൻ കാശ് മുടക്കി തിയറ്ററിൽ പോയി കാണുക തന്നെ വേണം. ഇനിയങ്ങോട്ട് സസ്പെൻസ് ഉണ്ട്, മെലോഡ്രാമ ഉണ്ട്, ആക്ഷൻ ഉണ്ട്, സെന്റിമെന്റ്സ് ഉണ്ട്, കോമഡിയുണ്ട്. ഇതിൽ പക്ഷെ കോമഡി ഒഴിച്ച് ബാക്കി ഒന്നും തന്നെ നമ്മക്കങ്ങോട്ട് ഫീൽ ചെയ്യില്ല. അതിനു കാരണം അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ അഭാവം തന്നെയാണു.

വളരെ നാളുകൾക്ക് ശേഷം ആസിഫ് അലിയുടെ ഒരു നല്ല പെർഫോമൻസ് ഈ സിനിമയിൽ കണ്ടു. ബാബുരാജും തരക്കേടില്ല. ശ്രീനാഥ് ഭാസി ഡാ തടിയനിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നിരിക്കുകയാണു. ആംബ്രോസ് ആയി അഭിനയിച്ച് ബാലുവും കയ്യടി നേടുന്നുണ്ട്. ഭാവന തന്റെ റോൾ മനോഹരമാക്കി. ആങ്ങളമാരായി അഭിനയിച്ചവരിൽ ലാലിനും സുരേഷ്കൃഷണയ്ക്കുമൊന്നും വെറുതെ മസ്സിലു പിടിച്ചു നടക്കാനല്ലാതെ വേറെ കാര്യമായ സാധ്യതകളൊന്നുമില്ല.

ഇനി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയെ പറ്റി രണ്ട് വാക്ക്. കൊച്ചിയിലെ മച്ചാന്മാരൊക്കെ ഇങ്ങനത്തെ ഭാഷ തന്നെയായിരിക്കും ഉപയോഗിക്കുന്നത് അതു കൊണ്ട് തന്നെ കൊച്ചിയിലെ സിനിമ എടുക്കുമ്പോൾ കൊച്ചി ഭാഷ അല്ലാതെ കോഴിക്കോടൻ ഭാഷ പറയാൻ പറ്റുമോ.. പിന്നെ മിക്കയിടത്തും ,,,,,,,, ശബ്ദം ആയിരുന്നു എന്ന് മാത്രം. 

നല്ല ഒരു തിരകഥയും അതിന്റെ മികച്ച ഷോട്ട് ഡിവിഷനും അത് ക്യാമറയിലാക്കാൻ ഒരു കിടിലൻ ക്യാമറാമാനുമുണ്ടെങ്കിൽ ആർക്കും ഒരു ഹിറ്റ് സിനിമ എടുക്കാം എന്ന് വിനീത് ശ്രീനിവാസൻ തെളിയിച്ചതാണു തട്ടത്തിൻ മറയത്തിലൂടെ.. ആ ഒരു ടെക്നിക്കൊകെ ഒന്നു മനസ്സിലാക്കി വെച്ചാൽ ലാൽ ജൂനിയറിനു ഈ ഫീൽഡിൽ പിടിച്ച് നിൽക്കാം. അല്ലെങ്കിൽ എപ്പോ കട്ടയും പടവും മടങ്ങി എന്ന് ചോദിച്ചാ മതി. സീനിയർ ലാലിനേ ഇവിടെ രക്ഷയില്ല.. അപ്പോ പിന്നെ ജൂനിയറിന്റെ കാര്യം പറയണ്ടല്ലോ.. !

തീർത്തും ശരാശരി നിലവാരം മാത്രമുള്ള ഈ സിനിമ കണ്ടിട്ട് പലരും ബ്രോ ഇറ്റ്സ് അവ്സം, ഇറ്റ്സ് ട്രിപ്പിംഗ് എന്നൊക്കെ ഫേസ്ബുക്കിലും മറ്റും വെച്ച് കാച്ചുന്നത് കണ്ടായിരുന്നു.. ഈ ട്രിപ്പിംഗ് എന്നു പറയുന്നതിന്റെ അർത്ഥം ശരിക്ക് മനസിലാക്കിയിട്ട് തന്നെയാണോ ദൈവമേ അവരീസിനിമയെ അങ്ങനെ ഉപമിച്ചത് എന്ന് ഗോഡിനു മാത്രം അറിയാം...!!

Followers

 
Copyright 2009 b Studio. All rights reserved.