RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സാൾട്ട് & പെപ്പർ


കാളിദാസൻ പുരാവസ്തു വകുപ്പിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനാണു, അവിവാഹിതൻ. ഭക്ഷണം കഴിക്കാൻ വേണ്ടിയാണു ജീവിക്കുന്നത് എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചു പോന്നിരുന്ന ഒരാളായിരുന്നു അദ്ദേഹം . വീട്ടിൽ പാചകക്കാരൻ ബാബുവുമൊത്താണു താമസം. പലതരത്തിലുള്ള കോബിനേഷനുകളിലെ ഭക്ഷണങ്ങൾ പാകം ചെയ്യുക എന്നതാണു ഇവരുടെ പ്രധാന ഹോബി.

ബാബു ഒരു വെറും കുക്കല്ല കേട്ടോ, കാളിദാസൻ ഒരിക്കൽ പെണ്ണുകാണാൻ ചെന്നപ്പോൾ അവിടെയുണ്ടാക്കിയിരുന്ന ഉണ്ണിയപ്പം കഴിച്ച് ഇഷ്ടപ്പെട്ട് അതുണ്ടാക്കിയ ബാബുവിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണു. അതിനുശേഷം കാളിദാസൻ പിന്നെ എവിടെയും പെണ്ണുകാണാൻ പോയിട്ടില്ല. ഇവരുടെ അടുത്തേക്കാണു കാളിദാസന്റെ ബന്ധുവായ മനു വരുന്നത്. തിരുവനന്തപുരത്ത് ജോലി അന്വേഷിച്ചാണു കക്ഷിയുടെ വരവ്. ആളല്പം തരികിടയാണു. ഇത്രയും നായകന്റെ സൈഡിലെ കഥ.

ഇനി നമ്മുടെ നായികയിലേക്ക്. നായിക മായ. ഡബ്ബിംഗ് ആർട്ടിസ്റ്റാണു. ചെറിയ ഒരു പുരുഷ വിരോധി. അതിനാൾക്ക് പറയാൻ ന്യായങ്ങളുമുണ്ട്. ബ്യൂട്ടീഷനായ മാഗിയാന്റിയുടെ വീട്ടിൽ പെയിംഗ് ഗസ്റ്റായാണു താമസം. കൂടെ IELTS നു പഠിക്കുന്ന മീനാക്ഷിയുമുണ്ട്. തിരുവനന്തപുരം നഗരത്തിൽ രണ്ട് വ്യത്യസ്ത്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന, ഒരിക്കലും തമ്മിൽ കണ്ട് മുട്ടാൻ സാധ്യതയില്ലാത്ത നായകനും നായികയും. ഇവിടെ എങ്ങനെ ഒരു കഥയുണ്ടാകും.. ? പക്ഷെ അവിടെയും ഒരു കഥയുണ്ടായി, ഒരു ദോശ ഉണ്ടാക്കിയ കഥ..!!

മമ്മൂട്ടി നായകനായ ഡാഡികൂളിനു ശേഷം ആഷിക്ക് അബു സംവിധാനം ചെയ്ത സിനിമയാണു സാൾട്ട് & പെപ്പർ. ചിത്രത്തിന്റെ പരസ്യ വാചകത്തിലേത് പോലെ ഇത് ഒരു ദോശ ഉണ്ടാക്കിയ കഥയാണു. ദോശ എങ്ങനെ ഉണ്ടാക്കുന്നു എന്ന കഥയല്ല, ദോശ മൂലം ഉണ്ടായ കഥയാണു. കാളിദാസനായി ലാലും ബാബുവായി ബാബുരാജും മനുവായി ആസിഫ് അലിയും മായയായി ശ്വേത മേനോനും മീനാക്ഷിയായി മൈഥിലിയും വേഷമിടുന്നു. സാധാരണയുള്ള ഒരു കോമേഴ്സ്യൽ ചേരുവുകളും ഉപയോഗിക്കാത്ത ഒരു പക്കാ കോമേഴ്സ്യൽ ചിത്രം. അതാണു സാൾട്ട് & പെപ്പർ.

നല്ല സിനിമകളെ അവാർഡ് സിനിമകൾ എന്നു പറഞ്ഞ് തഴയുന്ന മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ ഒരു നല്ല സിനിമയെ മികച്ച സിനിമയാക്കി അവതരിപ്പിച്ച് രണ്ട് മണിക്കൂർ നേരം രസിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരല്പം നൊമ്പരപ്പെടുത്താനും സാധിച്ചത് വഴി ആഷിക്ക് അബു എന്ന സംവിധായകൻ നേടിയത് മലയാള സിനിമയിലെ മുൻ നിര സംവിധായകരുടെ നിരയിൽ ഒരു സ്ഥാനവും ഒപ്പം ഒരു മെഗാഹിറ്റുമാണു.

കാളിദാസൻ എന്ന നായക കഥാപാത്രം ലാൽ എന്ന നടനിൽ ഭദ്രമായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ലാൽ ആ വേഷം മികച്ചതാക്കി. ആസിഫ് അലിക്ക് സ്ഥിരം താമസിക്കാൻ വരുന്ന ചെറുപ്പക്കാരൻ വേഷം തന്നെ. ഈ സിനിമയിൽ നല്ല പ്രകടനമായിരുന്നുവെങ്കിലും ഇത്തരം റോളുകളിൽ ഈ നടൻ തളച്ചിടപ്പെടാനുള്ള സാധ്യത വിദൂരമല്ല.

രതി ചേച്ചിയുടെ ഉടലഴക് കണ്ട് കോൾമയിർ കൊണ്ട പ്രേക്ഷകർ പക്ഷെ ഇത്തവണ കയ്യടിച്ചത് ശ്വേതാമേനോൻ എന്ന നടിയുടെ അഭിനയ മികവിനുള്ള അംഗീകാരമായിട്ടാണു. വെള്ളമടിച്ച് ഫിറ്റായികൊണ്ടുള്ള പ്രകടനമൊക്കെ ഇത്രയും തന്മയത്തതോടെ അവതരിപ്പിക്കാൻ മലയാളത്തിൽ ഇന്ന് മറ്റൊരു നടിയില്ല. അഭിനയ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും മൈഥിലി എന്ന നടിക്ക് ഇത്രയും പ്രാധാന്യമുള്ള ഒരു വേഷം ലഭിക്കുന്നത്. രണ്ടാം നിരയിലുള്ള യുവനായകന്മാർക്ക് തീർത്തും യോജിക്കുന്ന ഒരു നടിയാണു താനെന്ന് മൈഥിലി ഈ ചിത്രത്തിലൂടെ തെളിയിച്ചു.

പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ഇവരൊക്കെയാണെങ്കിലും കാണികൾ ഏറ്റവും കൂടുതൽ അമ്പരക്കുന്നതും കൈയ്യടിക്കുന്നതും മറ്റൊരു അഭിനേതാവിന്റെ പ്രകടനം കണ്ടിട്ടാണു. മറ്റാരുമല്ല ബാബുരാജ്. വില്ലൻ വേഷങ്ങളിൽ മാത്രം തിളങ്ങിയിട്ടുള്ള ബാബുരാജിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറുന്ന കഥാപാത്രമാണു പാചകക്കാരൻ ബാബു. നെഗറ്റീവ് ടച്ചുള്ള റോളുകൾ മാത്രം കൈകാര്യം ചെയ്തിട്ടുള്ള ഒരു നടൻ ആദ്യമായി കോമഡി ചെയ്യുമ്പോൾ ഉണ്ടാകുന്ന യാതൊരു പിഴവുകളും ബാബുരാജിൽ ഉണ്ടായില്ല. അത്രയ്ക്ക് ഗംഭീരമായിരുന്നു ഈ നടന്റെ അഭിനയം.

ചിത്രത്തിന്റെ തിരകഥയോടൊപ്പം തന്നെ സങ്കേതിക വശങ്ങളും മികച്ചു നിന്നു. ഗാനങ്ങളിൽ ക്ലൈമാക്സിലെ റാപ്പ് ഗാനമൊഴിച്ച് ബാക്കിയെല്ലാം മനോഹരങ്ങളാണു. സിനിമാറ്റിക് ക്ലൈമാക്സ് ആണെങ്കിലേ അവസാനം കൈയ്യടിക്കു എന്ന് നിർബന്ധബുദ്ധിയുള്ള പ്രേക്ഷകരാണു നമ്മുടെ നാട്ടിലേത് അതു കൊണ്ട് തന്നെ ഈ സിനിമക്ക് അത്തരം ഒരു ക്ലൈമാക്സ് ഒരുക്കാൻ തക്ക കഥാന്തരീക്ഷം സൃഷ്ടിച്ച തിരകഥാകൃത്തിനിരിക്കട്ടെ ഒരു കയ്യടി. എല്ലാ സീനുകളും നർമ്മത്തിന്റെ അകമ്പടിയോടെ അവസാനിക്കുന്ന ഈ ചിത്രത്തിനെ പുതുമകൾ എന്നും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾ നെഞ്ചിലേറ്റും എന്നത് ഉറപ്പാണു. ഇനി അങ്ങനെ ഉണ്ടായില്ലെങ്കിൽ അതായിരിക്കും മലയാള സിനിമക്ക് ഈ സമീപ കാലത്ത് സംഭവിക്കാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം.

വയലിൻ


കുറേക്കാലം മുൻപ് സംവിധായകൻ ഭദ്രൻ ഉടയോൻ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം ക്ഷീണിതനായി വീട്ടിൽ ഇരിക്കുന്ന കാലം. ഒരു ദിവസം അദ്ദേഹം അരിയും മറ്റ് സാധനങ്ങളും വാങ്ങാൻ വേണ്ടി സൂപ്പർ മാർക്കറ്റിൽ എത്തുന്നു. സാധനങ്ങൾ വാങ്ങിച്ച് തന്റെ കാറിനടുത്തേക്ക് നടക്കുമ്പോഴാണു കുറച്ച് ചെറുപ്പക്കാർ അദ്ദേഹത്തെ പരിചയപ്പെടുന്നത്.

കടുത്ത സിനിമ പ്രേമികളാണെന്ന് പറഞ്ഞ അവർ അദ്ദേഹത്തോട് ചോദിച്ചു, "സർ എന്തിനാണു വെള്ളിത്തിര, ഉടയോൻ പോലുള്ള ചിത്രങ്ങൾ എടുക്കുന്നത്" എന്ന്. അതിനു ഭദ്രൻ സർ പറഞ്ഞ മറുപടി എനിക്ക് ജീവിക്കണ്ടേ മക്കളെ എന്നാണു. അപ്പോൾ അവർ പറഞ്ഞു. "സർ ജീവിക്കാൻ വേണ്ടി ഇത്തരത്തിലുള്ള സിനിമകൾ ദയവ് ചെയ്ത് എടുക്കരുത്. നിളയുടെ തീരത്ത് ഒരു വീട് പണിത് ശേഷ കാലം മുഴുവൻ സർ അവിടെ കഴിഞ്ഞോളു. സ്ഫടികം എന്ന ഒരൊറ്റ ചിത്രം മാത്രം മതി മലയാള സിനിമ നില നിൽക്കുന്ന കാലത്തോളം അങ്ങയെ ഓർക്കാൻ" എന്ന്.

ഇതിപ്പോൾ ഇവിടെ പറയാൻ കാരണം സിബി മലയിൽ സംവിധാനം ചെയ്ത വയലിൻ എന്ന ചിത്രം കണ്ടത് കൊണ്ടാണു. കിരീടം, തനിയാവർത്തനം, ദശരഥം പോലുള്ള എക്കാലത്തേയും മനോഹരങ്ങളായ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകന്റെ ദയനീയമായ, അതിദയനീയമായ അധഃപതനമാണു വയലിൻ എന്ന ചിത്രം. ആസിഫ് അലിയെ കണ്ടിട്ട് ഇന്ന് ആരും ഒരു മലയാള സിനിമയും കാണാൻ കയറാറില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇത് ഞങ്ങളുടെ കഥ എന്ന ചിത്രം ആദ്യ ദിവസം തന്നെ ഹോൾഡ് ഓവർ ആവില്ലായിരുന്നു. അതു കൊണ്ട് തന്നെ ആസിഫ് അലി നായകനായ ഈ ചിത്രം കാണാൻ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അത് സിബി മലയിൽ എന്ന സംവിധായകനോടുള്ള മതിപ്പ് ഒന്നു കൊണ്ട് മാത്രമാണു. എന്നാൽ ഈ ഒരൊറ്റ ചിത്രം കൊണ്ട് അതെല്ലാം സിബി മലയിൽ നഷ്ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.

അപൂർവ്വരാഗങ്ങൾ എന്ന കാലം തെറ്റിയ ചിത്രം നേടികൊടുത്ത ആത്മവിശ്വാസം കൊണ്ടാകണം വീണ്ടും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാൻ സംവിധായകൻ തിരുമാനിച്ചത്. വളരെ വ്യത്യസ്തമായ ഒരു കഥയാണു ഈ ചിത്രത്തിന്റെത്. കൊച്ചിയിലെ ആഗ്ലോ ഇന്ത്യൻ കോളനിയിലാണു ഈ കഥ നടക്കുന്നത്. ഒരു വീട്ടിൽ 3 സ്ത്രീകൾ, ആനമ്മ, മേഴ്സിയമ്മ, ഏഞ്ചൽ. ഇതിൽ ഏഞ്ചലിന്റെ മമ്മയുടെ ചേച്ചിയും അനിയത്തിയുമാണു ഈ രണ്ട് പേർ. ഇവരുടെ വീടിന്റെ മുകളിൽ താമസിക്കാൻ വരുന്ന ചെറുപ്പക്കാരൻ ആണു എബി.

3 സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിന്റെ മുകളിൽ എങ്ങനെ ഒരു ചെറുപ്പക്കാരൻ താമസിക്കും എന്ന് സംശയം തോന്നാമെങ്കിലും കഥയിൽ അതിനുത്തരമുണ്ട്. ഏഞ്ചലിനാകട്ടെ പുരുഷന്മാരെ കണ്ണെടുത്താൽ കണ്ട് കൂടാ. പുള്ളിക്കാരി നല്ല ഒരു വയലിനിസ്റ്റ് ആണു. എബി താമസിക്കാൻ വന്ന അന്നുമുതൽ ഇവരു തമ്മിൽ ഉടക്കാണു. അങ്ങനെ ഒരു ദിവസം എബി വയലിൻ വായിക്കുന്നത് ഏഞ്ചൽ കാണുന്നു. അങ്ങനെ ഒരൊറ്റ വയലിൻ വായന കൊണ്ട് ഇവരിൽ അനുരാഗം പൊട്ടി മുളക്കുന്നു.

ഇപ്പോൾ ഒരു സംശയം തോന്നാം ഈ കഥയിൽ വില്ലനില്ലേ എന്ന്. പിന്നെ... നല്ല ഒന്നാന്തരം ഒരു വില്ലനുണ്ട് ഹെൻട്രി. ആ കോളനിയിലെ ഒരു ഗുണ്ടയാണു. മേഴ്സിയമ്മയുടെ മേൽ ഒരു നോട്ടം ഹെൻട്രിക്കുണ്ട്. ഇപ്പോൾ എല്ലാം ആയില്ലേ, നായകൻ നായിക വില്ലൻ. ഇനി അങ്ങോട്ട് ഉദ്വോഗജനകമായ രംഗങ്ങൾ കൊണ്ട് സമ്പന്നമാണു വയലിൻ. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുന്ന അത്ര സംഭ്രമാജനകമായ തിരകഥ.

വയലിൻ ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണു. നായികയും നായകനും തമ്മിൽ പ്രേമമാരംഭിക്കുന്നത് ഒരു വയലിൻ വായനയിലൂടെ. നായകന്റെ തളർവാതം പിടിച്ച് കിടക്കുന്ന അപ്പൻ വീണ്ടും ചലിക്കാനാരംഭിക്കുന്നതും ഒരു വയലിൻ വായനയിലൂടെ, എന്തിനു പറയുന്നു. കുറച്ച് മിനിറ്റുകൾ മാത്രമേ ഇനി ജീവിക്കു എന്ന് ഡോക്ടർ വിധിയെഴുതിയ രോഗി പോലും രക്ഷപ്പെടുന്നത് ഒരു വയലിൻ വായനയിലൂടെ തന്നെയാണു എന്നറിയുമ്പോഴാണു ഒരു വയലിന്റെ മഹത്വം നാം മനസ്സിലാക്കേണ്ടത്.

ആസിഫ് അലിയുടെ അഭിനയം കണ്ടാൽ കരഞ്ഞു പോകും സത്യം..! അത്ര മനോഹരമായിട്ടാണു പ്രണയവും കോമഡിയും ആക്ഷനും സെന്റിമെൻസും ഒക്കെ അടങ്ങിയ എബി എന്ന നായക കഥാപാത്രം അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. നിത്യമേനോൻ നമ്മളെ നിരാശരാക്കിയില്ല. പിന്നെ നല്ല കഥയും തിരകഥയുമുള്ളതു കൊണ്ട് അഭിനേതാക്കളുടെ പ്രകടനമൊക്കെ ആരു ശ്രദ്ധിക്കാൻ..!

കൂടുതൽ ഒന്നും പറയാനില്ല. പണ്ട് ഒരു സിനിമ ഇറങ്ങിയപ്പോൾ വായിച്ച ഒരു നിരൂപണത്തിലെ വാക്കുകൾ കടമെടുക്കുന്നു. "ഈ ചിത്രം കോഴി ബിരിയാണി കഴിച്ച് കഴിഞ്ഞ് കാണാൻ പോകരുത്. കാരണം ഇത് കണ്ട് കഴിയുമ്പോൾ വയറ്റിലുള്ള കോഴി വരെ കൂവിപ്പോകും.."

3 കിംഗ്സ്


ഗുലുമാൽ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയാണു ത്രീ കിംഗ്സ്. പരസ്യ രംഗത്ത് പ്രശസ്തനായ വികെ പ്രകാശ് ഗുലുമാലിനു മുൻപ് എട്ടോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും പുനരധിവാസം മാത്രമാണു അതിൽ ശ്രദ്ധിക്കപ്പെട്ടത്. മറ്റു ചിത്രങ്ങളുടെ സീനുകൾ എല്ലാം മനോഹരമായിരുന്നെങ്കിലും ഒരു സിനിമ എന്ന നിലയിൽ ഇവയെല്ലാം നിരാശ പകരുന്നവയായിരുന്നു.

എന്നാൽ ഗുലുമാൽ നേടിയ അപ്രതീക്ഷിത വിജയം കഴിഞ്ഞപ്പോഴാണു വികെ പ്രകാശ് ആ സത്യം തുറന്നു പറഞ്ഞത്. താൻ ആദ്യമായി സംവിധാനം ചെയ്ത കോമേഴ്സ്യൽ സിനിമയായിരുന്നു ഗുലുമാൽ എന്നും അതു കൊണ്ട് തന്നെ അത് വിജയിക്കും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും. പോസിറ്റീവും പോലീസും മുല്ലവള്ളിയുമൊക്കെ അപ്പോൾ കോമെഴ്സ്യലായി എടുത്തിരുന്നെങ്കിൽ വൻ വിജയം നേടുമായിരുന്നു, അത് കാണാനുള്ള ഭാഗ്യം നമ്മുക്കില്ലാതെ പോയി. എന്തായാലും പ്രകാശ് സാർ ഇപ്പോൾ ചെയ്തിരിക്കുന്ന ത്രീ കിംഗ്സും ഒരു പക്കാ കോമേഴ്സ്യൽ ചിത്രം തന്നെയാണു. ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ എന്നിവരാണു ഇതിലെ നായകന്മാർ. സംഗതി ഒരു മൾട്ടി സ്റ്റാർ സെറ്റപ്പ് തന്നെ.

ഈ ചിത്രത്തെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ ചിരിക്കാൻ വേണ്ടി മാത്രമെടുത്ത സിനിമയാണു ഇത്. ചിരിക്കുക ചിരിക്കുക വീണ്ടും ചിരിക്കുക ഇതാണു ഈ സിനിമയിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്. അത് പൂർണമായും കൈവരിക്കുന്നതിൽ 3 രാജാക്കന്മാരും വിജയിക്കുകയും ചെയ്തിരിക്കുന്നു. ഒരേ സമയം ജനിച്ച 3 കസിൻസ്, അവർ തമ്മിൽ തമ്മിൽ വെയ്ക്കുന്ന പാരകൾ, ഒരു നിധി തേടിയുള്ള അവരുടെ യാത്ര. ക്ലൈമാക്സിലെ ഒരു ട്വിസ്റ്റ്, അതു കഴിഞ്ഞ് വീണ്ടുമൊരു ട്വിസ്റ്റ്. പിന്നെ End ഇത്രയുമാണു 3 കിംഗ്സ്.

രണ്ട് മണിക്കൂർ നേരം ചിരിച്ചു സമയം കളയാനുള്ള വകുപ്പെല്ലാം ഈ ചിത്രത്തിലുണ്ട്. അതു കൊണ്ട് തന്നെ ചിരിക്കാനുള്ള സിനിമയാണു ഇതെന്ന് അറിഞ്ഞ് തിയറ്ററിൽ കയറുന്ന ആരും നിരാശപ്പെടേണ്ടി വരില്ല. ജയസൂര്യ, കുഞ്ചാക്കോ, ഇന്ദ്രജിത്ത് എന്നിവരിൽ മികച്ചു നിക്കുന്നത് ഇന്ദ്രജിത്ത് തന്നെയാണു. ആൻ അഗസ്റ്റിൻ, സംവൃത, കാതൽ സന്ധ്യ എന്നിവരാണു നായികമാർ.മണ്ടിമാരായ നായികമാരുടെ വേഷത്തിൽ മൂന്നു പേരും മത്സരിച്ചഭിനയിച്ചിട്ടുണ്ട്.

കോമഡി ചിത്രമായത് കൊണ്ടാവണം സുരാജ്, സലീം കുമാർ, ജഗതി എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഇവരുടെ കോമഡികൾ കാര്യമായി ഏറ്റില്ല എന്നതാണു സത്യം. ജഗതിയുടെ വിമാനം പറത്തലൊക്കെ കാണിക്കുന്നത് നഴ്സറി പിള്ളാരെ ഉദ്ദേശിച്ചായിരിക്കണം. ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള ഗാനങ്ങൾ തന്നെയാണു ഔസേപ്പച്ചൻ ഒരുക്കിയിരിക്കുന്നത്.

വേണുവിനെ പോലുള്ള ഒരു വലിയ ക്യാമറാമാൻ ഉണ്ടെങ്കിലും ദൃശ്യഭംഗിയിൽ മാത്രം കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന പതിവ് രീതി സംവിധായകൻ ഉപേക്ഷിച്ചിട്ടുണ്ട്. ഇത്തരം ചിരിപ്പിക്കാനുള്ള ചിത്രങ്ങളിൽ ലോജിക്കും കലാമൂല്യവും തിരയുന്നത് ശുദ്ധ മണ്ടത്തരമാണു. അതു കൊണ്ട് അതിനൊന്നും മിനക്കെടാതെ കുടുംബ സമേതം പോയി ആസ്വദിച്ച് ചിരിക്കു..!!

ബോംബെ മാർച്ച് 12


1993 മാർച്ച് മാസം 12 തിയതി ഉച്ച നേരം. സമയം 12.30 നോടടുക്കുന്നു. മുംബൈയിലെ ഒരു തിരക്കേറിയ തെരുവിൽ ഒരു സ്കൂട്ടറിൽ വന്നിറങ്ങുന്ന ഷാജഹാൻ. മദ്രാസിൽ സിനിമയുടെ പൂജയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന സനാതനൻ ഭട്ട്. അങ്ങ് കേരളത്തിൽ ആലപ്പുഴയിൽ നിസ്കാരം നടത്തി കൊണ്ടിരിക്കുന്ന ഷാജഹാന്റെ പെങ്ങൾ ആബിത. സ്കൂട്ടർ പാർക്ക് ചെയ്ത് വഴിയരികിലെ ചെരുപ്പു കുത്തിയോട് കുശലം പറഞ്ഞ് നടന്നു നീങ്ങുന്ന ഷാജഹാൻ. കൃത്യം 12.30നു ഷാജഹാന്റെ സ്കൂട്ടറിൽ വെച്ച ബോംബ് പൊട്ടുന്നു. ബോംബെ നഗരത്തെ നടുക്കിയ 13 സ്ഫോടനങ്ങളിൽ ഒന്ന് നടന്നത് ഇവിടെയായിരുന്നു. അതേ സമയം എന്തോ അത്യാഹിതം നടന്നുവെന്ന തോന്നലിൽ മദിരാശിയിൽ സനാതനൻ ഭട്ടും ആലപ്പുഴയിൽ ആബിതയും പരിഭ്രാന്തരാകുന്നു. .

ഷാജഹാൻ എങ്ങനെ തീവ്രവാദിയായി? സനാതനൻ ഭട്ടിനും ഷാജഹാനും തമ്മിലെന്താണു ബന്ധം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം ബാബു ജനാർദനൻ തിരകഥയെഴുതി സംവിധാനം ചെയ്ത ബോംബെ മാർച്ച് 12 ലൂടെ പറയുന്നു. ഷാജഹാനായി അഭിനയിച്ചിരിക്കുന്നത് പുതുമുഖ നടനായ ഉണ്ണി മുകുന്ദ് ആണു. സനാതനൻ ഭട്ട് ആയി മമ്മൂട്ടിയും ആബിതയായി റോമയും വേഷമിടുന്നു.

വളരെ ത്രില്ലിംഗ് ആയിട്ടുള്ള കഥ. അവസാന നിമിഷം വരെ സസ്പെൻസിൽ പൊതിഞ്ഞ അവതരണ ശൈലി. സനാതൻ ഭട്ടും സമീറുമായി മമ്മൂട്ടി എന്ന നടന്റെ ഉജ്ജ്വല ഭാവാഭിനപ്രകടനം. ഇതൊക്കെയുണ്ടായിട്ടും ഈ ചിത്രം പ്രേക്ഷകപ്രീതി നേടുന്നതിൽ പരാജയപ്പെട്ടു. അതെന്തു കൊണ്ടാണു എന്ന ചോദ്യത്തിനു നല്ല സിനിമകൾ മലയാള സിനിമ പ്രേക്ഷകർ അംഗീകരിക്കില്ല, നമ്മുടെ പ്രേക്ഷകരുടെ ആസ്വാദന നിലവാരം താഴ്ന്നു വരുന്നു എന്നൊക്കെ ന്യായങ്ങൾ പറയാമെങ്കിലും ചില കാര്യങ്ങൾ തുറന്നു പറയാതെ വയ്യ.

സിനിമ എടുക്കുന്നത് പ്രേക്ഷകർ കാണാൻ വേണ്ടിയാണെങ്കിൽ ഇത്തരമൊരു സിനിമ എടുക്കുന്നതിനു മുൻപ് പ്രേക്ഷകരുടെ ഇന്നത്തെ ആസ്വാദന രീതി എന്തു തരത്തിലുള്ളതാണു എന്ന് കൂടി ചിന്തിക്കേണ്ടത് ആവശ്യമാണു. അതല്ല ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ ആണു സിനിമയൊരുക്കുന്നതെങ്കിൽ അങ്ങനെയുള്ള ഒരു പബ്ലിസിറ്റി ആയിരിക്കണം ചിത്രത്തിനു റിലീസിനു മുൻപ് തന്നെ കൊടുക്കേണ്ടത്. അല്ലാതെ മനോഹരങ്ങളായ രണ്ട് ഗാനങ്ങളും ഗംഭീരമായ ട്രെയിലറും പ്രദർശിപ്പിച്ച് ആളുകളെ പറ്റിക്കുന്ന ഏർപ്പാട് ശരിയല്ല.

ഏത് തരത്തിലുള്ള സിനിമയാണോ കാണികൾ പ്രതീക്ഷിച്ച് വരുന്നത് അത് കിട്ടാതെ വരുമ്പോൾ അവർ നിരാശരാകും. ഫലമോ നല്ല സിനിമയാണെങ്കിൽ പോലും വിപരീതാഭിപ്രായം ആയിരിക്കും കൂടുതലും. ബാബു ജനാർദനൻ വേൾഡ് ക്ലാസിക്കുകൾ ഒരുപാട് കാണുന്ന ആളായിരിക്കണം. അതു കൊണ്ടാണു റാഷമോൺ പോലുള്ള ക്ലാസിക്കുകളിൽ ഉപയോഗിച്ച തരം കഥപറച്ചിൽ രീതി അവലംബിച്ചിരിക്കുന്നത്.

താൻ തന്നെ തിരകഥയെഴുതിയ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയുടെ ദയനീയ പരാജയം കണ്ടിട്ട് പോലും ഒരു പുനർച്ചിന്തനത്തിനു അദ്ദേഹം തയ്യാറായില്ല എന്നത് അഭിനന്ദനാർഹം തന്നെയാണു. 1993 കഴിഞ്ഞ് 2007 അതിനു ശേഷം 1992 പിന്നെ വീണ്ടും 1993 അതു കഴിഞ്ഞ് 1998 എന്നിങ്ങനെ കാലങ്ങളുടെ ആരോഹണ അവരോഹണ ക്രമം തെറ്റിച്ചാണു ബോബെ മാർച്ച് 12 ലെ തിരകഥ വികസിക്കുന്നത്.

ഫ്ലാഷ് ബാക്കിനുള്ളിലെ ഫ്ലാഷ് ബാക്ക് ഒക്കെ മനസ്സിലാക്കിയെടുക്കാൻ ബുദ്ധിമുട്ടാണെങ്കിലും സംവിധാന മികവിന്റെ പിൻബലത്തിൽ പാളിച്ചകൾ മറികടക്കാൻ സാധിച്ചിട്ടുണ്ട്. വർഷങ്ങൾ മാറുന്നത് സ്ക്രീനിൽ ചെറുതായി എഴുതി കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടില്ല എങ്കിൽ സിനിമയുടെ കഥയെ കുറിച്ചുള്ള ധാരണ ശരിയായി വരാൻ അല്പം സമയമെടുക്കും എന്നത് ഒരു വലിയ ന്യൂനത തന്നെയാണു. അതു പോലെ ഫിലിം ഫെസ്റ്റിവലുകളിൽ വരുന്ന ഇറാനിയൻ സിനിമകളിലും ചില ഹോളിവുഡ് സിനിമകളിലും കാണുന്നതു പോലുള്ള ഒരു ക്ലൈമാക്സ് നമ്മുടെ പ്രേക്ഷകർക്ക് ഒട്ടും ദഹിച്ചു കാണില്ല എന്നതിൽ ഒരു സംശയവും വേണ്ട.

വിപിൻ മോഹന്റെ ഛായാഗ്രഹണം മനോഹരമായിട്ടുണ്ട്. ഓണവില്ലിൻ എന്ന ഗാനം ചിത്രം അവസാനിച്ചാലും നമ്മുടെ ചുണ്ടുകളിൽ നിന്ന് മായില്ല. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചിരിക്കുന്ന റോമയുടെ കരിയറിലെ അതിശക്തമായ ഒരു വേഷമാണു ഈ ചിത്രത്തിലേത്. ഉണ്ണി മുകുന്ദിന്റെ കന്നി അങ്കം മോശമായില്ല.

മുസ്ലീം തീവ്രവാദം പ്രമേയമായിട്ടുള്ള സിനിമകൾ മലയാളത്തിൽ വിജയിക്കാറില്ല എന്നത് ഒരു വസ്തുതയാണു. ഒരു തീവ്രവാദിയായി മുദ്രകുത്തപ്പെട്ടയാളുടെ വീട്ടുകാരുടെ പിന്നീടുള്ള അവസ്ഥ എന്തായിരിക്കും എന്നതാണു ബാബു ജനാർദനൻ തന്റെ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. തന്റെ ആദ്യ സംരംഭം മോശമാക്കിയില്ല എന്ന കാര്യത്തിൽ ബാബു ജനാർദനനു അഭിമാനിക്കാം. പക്ഷെ കോമേഴ്സ്യൽ സിനിമയുടെ ചേരുവകൾ ഇല്ലാത്ത ഒരു നല്ല സിനിമയെ മമ്മൂട്ടി എന്ന നടന്റെ താരമൂല്യം ചൂഷണം ചെയ്തു കൊണ്ട് ആദ്യ ദിവസങ്ങളിലെ ഇനീഷ്യലിനു വേണ്ടി മാർക്കറ്റ് ചെയ്ത നിർമാതാക്കൾ മാപ്പർഹിക്കുന്നില്ല.

Followers

 
Copyright 2009 b Studio. All rights reserved.