RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കമ്മത്ത് & കമ്മത്ത്
ജനപ്രിയ നായകൻ ശ്രീ ദിലീപ്. ഒപ്പം തിരകഥ,സംഭാഷണം ഉദയ് സിബി കെ തോമസ്. ഈ ഒരൊറ്റ കൂട്ട് കെട്ട് മതി തിയറ്ററുകളിലേക്ക് ജനം പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർ ഇടിച്ചു കയറാൻ. പടം മിനിമം സൂപ്പർ ഹിറ്റ് ഉറപ്പാണു. മെഗാ ഹിറ്റും ബ്ലോക്ക്ബസ്റ്ററുമെല്ലാം പിന്നെ സിനിമ സമരത്തെ ആശ്രയിച്ചും ഇരിക്കും. പറഞ്ഞ് വന്നത് ഈ കൂട്ട് കെട്ടിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി കൂടി വന്നാലോ പിന്നെ അടി പൊടി പൂരം കെങ്കേമം.

അങ്ങനെ ഒരു മഹാസംഭവം കാണാനുള്ള ഭാഗ്യം കമ്മത്ത് & കമ്മത്തിലൂടെ പ്രേക്ഷ്കർക്ക് കൈവന്നിരിക്കുകയാണു. എന്താണു ഈ ചിത്രത്തിന്റെ കഥ എന്നത് ഒരു പ്രസക്തമായ ചോദ്യമല്ല. തിരകഥ എങ്ങനുണ്ട് എന്ന ചോദ്യം നമ്മുക്ക് ചിരിച്ച് തള്ളാം. പിന്നെ സംഭാഷണം ദോഷം പറയരുതല്ലോ അത് കൊങ്കണി ഭാഷയിലാണു. മമ്മൂട്ടിയും ദിലീപും കൊങ്കണി ഭാഷയിലാണു സംസാരിക്കുന്നത്. അത് കേട്ടാൽ ചിരിച്ച് ചിരിച്ച് ചിരിച്ച് എന്റെ അമ്മോ........!!

ഒരു കുട്ടിക്കാലം. പിന്നെ വലിയ നിലയിലേക്ക് വളരുന്ന നായകൻ. നായകനെ എതിർക്കുന്ന വില്ലന്മാർ. അവസാനം ഒരു ഗോഡൗൺ ഫൈറ്റ് ക്ലൈമാക്സ്. ഇതിനിടയ്ക്ക് പുട്ടിനു പീര പോലെ കുറച്ച് കോമഡി. ഇതാണു ഉദയ് സിബിമാർ വർഷങ്ങളായി എടുത്ത് പെരുമാറുന്ന വിജയ ഫോർമുല. ഇതിൽ ഇരട്ട നായകന്മാരെ പ്രതിക്ഷ്ഠിച്ച് കൊണ്ട്  ചുട്ടെടുത്തതാണു കമ്മത്ത് & കമ്മത്ത്.

പോക്കിരി രാജ എന്ന ചിത്രത്തിൽ പ്രിഥ്വിക്കും മമ്മൂട്ടിക്കും കൃത്യമായി സ്ക്രീൻ സ്പേസ് വിഭജിച്ചു നൽകിയ തിരകഥകൃത്തുക്കൾ പക്ഷെ കമ്മത്തിൽ കളി ഒന്ന് മാറ്റി ചവിട്ടി. ദിലീപാണോ മമ്മൂട്ടിയാണോ തകർത്തത് എന്ന് രണ്ട് കൂട്ടരുടെയും ഫാൻസുകാരുടെ അവകാശവാദങ്ങൾ വഴി ഉണ്ടാകാനിടയുള്ള തമ്മിലടി ഒഴിവാക്കാൻ  ഒരു വഴി ഉദയ് സിബി  ബാബുരാജിലൂടെ സാധിച്ചെടുത്തു.

ഇനി സംവിധായകന്റെ  കാര്യം. അതിപ്പോ ഇവരുടെ തിരകഥ തോംസൺ ചെയ്താൽ എന്താ സാക്ഷാൽ ജോഷി സാർ ചെയ്താൽ എന്താ.. രണ്ട് മണിക്കൂർ 28 മിനുറ്റ് ഒറ്റ കൂവൽ പോലും ഇല്ലാതെ കണ്ടിരുന്ന പടം കഴിഞ്ഞപ്പോൾ തിയറ്റർ മുഴുവൻ നിർത്താതെ കൂവിയത് എന്തിനാണു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

 മിസ്റ്റർ മരുമകൻ വരെ ഹിറ്റ് ആയ കേരളത്തിൽ കമ്മത്തുമാർ സൂപ്പർ ഹിറ്റുമായേ പോകു അത് ഉറപ്പാണു. അതിനു മുൻപിൽ ഈ കൂവലൊക്കെ അസ കൊസ അസകൊസ ...!

വിശ്വരൂപം ഒന്നാം ഭാഗം


മുസ്ലീം വിരുദ്ധത എന്നാൽ എന്താണു എന്ന് സത്യമായിട്ടും അറിയില്ല. അത് മുസ്ലീങ്ങളെ മോശക്കാരായി കാണിക്കുക എന്നാതാണെങ്കിൽ തീർച്ചയായും വിശ്വരൂപം എന്ന കമൽഹാസൻ ചിത്രം ഒരു മുസ്ലീം വിരുദ്ധ ചിത്രമല്ല. പിന്നെ എന്തിനാണു ഇത്രയധികം വിവാദങ്ങൾ ഈ ചിത്രത്തെ പറ്റി എന്ന് ചോദിച്ചാൽ കമലഹാസന്റെ ഭാഷയിൽ തന്നെയുണ്ട് മറുപടി. "സാംസ്കാരിക ഭീകരത.".

എന്തായാലും ആരാധകർ കാത്തിരുന്ന കമൽഹാസൻ ചിത്രം തമിഴ് മക്കൾക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും മലയാളികൾക്ക് അതിനുള്ള ഭാഗ്യം സിദ്ധിച്ചു. ആദ്യമേ പറയട്ടെ. 95 കോടി മുതൽ മുടക്കുള്ള 5 മണിക്കൂറിലേറെ ദൈർഘ്യമുള്ള ഒരു ചിത്രമാണു വിശ്വരൂപം. 5 മണിക്കൂർ തിയറ്ററിൽ ഇരിക്കുക എന്നത് ശ്രമകരമായ ജോലിആയത് കൊണ്ട് 2 മണിക്കുർ 28 മിനുറ്റുള്ള ആദ്യഭാഗമാണു ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

കമൽ ഹാസൻ തന്നെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം അഫ്ഗാൻ തീവ്രവാദമാണു വിഷയമാക്കിയിരിക്കുന്നത്. ഉസാമ ബിൻലാദനൊക്കെ വന്ന് പോകുന്ന വിശ്വരൂപത്തിന്റെ ആദ്യ ഭാഗം കണ്ടിറങ്ങിയവർക്ക് കാര്യമായിട്ടൊന്നു പിടികിട്ടാൻ സാധ്യതയില്ല. ആക്ഷൻ ചിത്രം എന്ന ലേബലിൽ ഉള്ളതാണെങ്കിലും ആകെ ഒരേ ഒരു ആക്ഷൻ സ്വീക്വൻസേ ചിത്രത്തിലുള്ളു. അതാണെങ്കിലോ തിയറ്റർ മുഴുവൻ ഇളക്കി മറിക്കാൻ തക്കവണ്ണമുള്ളതും. കമൽഹാസൻ കഴിഞ്ഞാൽ രാഹുൽ ബോസിന്റെ ഒമർ എന്ന വില്ലൻ വേഷമാണു ശ്രദ്ധേയം. പൂർണ്ണമായും വിദേശ ലൊക്കേഷനുകളിൽ ചിത്രീകരിച്ച വിശ്വരൂപം തീവ്രവാദത്തിന്റെ പല കാഴ്ച്ചകൾ നമുക്ക് കാട്ടി തരുന്നു.

ചോറുണാൻ വിളിച്ച് ഇരുത്തിയിട്ട് ഇല വിളമ്പി അതിൽ സ്വാദിഷ്ടമായ കറികളും പപ്പടവും വിളമ്പി. പക്ഷെ ചോറു മാത്രം ഇട്ടില്ല. അതാണു വിശ്വരൂപത്തിന്റെ അവസ്ഥ. ചോറു വിളമ്പുക ഇനി രണ്ടാം ഭാഗത്തിലായിരിക്കും..! ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കിയാണു വിശ്വരൂപം 1 അവസാനിക്കുന്നത്. അതു കൊണ്ട് തന്നെ നമുക്ക് കാത്തിരിക്കാം ഇന്ത്യൻ ഭാഷയിൽ ഒരുങ്ങിയ ഈ ഇന്റർനാഷ്ണൽ സിനിമയുടെ രണ്ടാം ഭാഗത്തിനായി..

അന്നയും റസൂലും


ഒരു സിനിമ എങ്ങനെ ആയിരിക്കണം എന്ന് ആരും പ്രതിപാദിച്ചു വെച്ചിട്ടില്ല. സിനിമ എങ്ങനെ വേണമെങ്കിലും ആവാം. അത് സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രമാണു. അതു പോലെ തന്നെ ഒരു സിനിമ ഏത് തരം പ്രേക്ഷകരെ ഉദ്ദേശിച്ചാണു ഇറക്കുന്നത് എന്നതും അതിന്റെ അണിയറ പ്രവർത്തകരുടെ തിരുമാനത്തെ ആശ്രയിച്ചിരിക്കും. അങ്ങനെ നോക്കുവാണെങ്കിൽ രാജീവ് രവി എന്ന ഛായാഗ്രാഹകൻ ആദ്യമായി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും ഉദ്ദേശിച്ചാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ അത് എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടുവോ എന്ന് ചോദിച്ചാൽ കൂടുതൽ ആളുകൾ കാണുന്ന സിനിമയല്ല നല്ല സിനിമ എന്നാണു ഉത്തരം. 

യുവതാരങ്ങളിൽ ശ്രദ്ധേയനായ ഫഹദും തമിഴ് നടി ആൻഡ്രിയയും നായികാ നായകന്മാരായി അഭിനയിച്ച അന്നയും റസൂലും പറയുന്നത് ഒരു പ്രണയകഥയാണു. ക്രിസ്ത്യാനി പെൺകുട്ടിയെ പ്രേമിച്ച മുസ്ലീം യുവാവിന്റെ കഥ. തട്ടത്തിൻ മറയത്ത് എന്ന ചിത്രവും ഇത്തരമൊരു പ്രമേയമാണു അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അന്നയും റസൂലിനെയും വ്യത്യസ്തമാക്കുന്നത് ഇതിന്റെ റിയലിസ്റ്റിക്കായ അവതരണമാണു.

കാല്പനികതികളിലൂന്നാതെയുള്ള കഥപറച്ചിലിൽ സംഭവിക്കുന്ന ഇഴച്ചിൽ ചില ആളുകളെ മുഷിപ്പിക്കുമെങ്കിലും ജീവിതം ഇങ്ങനെയൊക്കെയാണു എന്ന തിരിച്ചറിവ് ഉള്ളവർക്ക് ആ ഇഴച്ചിൽ ആസ്വദിക്കാൻ കഴിയുന്നതാണു. ഈ തിരകഥ അത് ആവശ്യപ്പെടുന്നുണ്ട് താനും.പതിവ് പോലെ തന്നെ ഏല്പിച്ച ജോലി ഫഹദ് ഭംഗിയാക്കി. അന്നയ്ക്ക് അലങ്കാരമായ നിശബ്ദത ആൻഡ്രിയ വൃത്തിയായി ചെയ്തു. സണ്ണി വെയിൻ മനോഹരമായി തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. അബു എന്ന കഥാപാത്രമായി ചാപ്റ്റേഴ്സിൽ ചൂണ്ടയായി ശ്രദ്ധിക്കപ്പെട്ട ഷൈൻ ടോം ചാക്കോ ജീവിക്കുകയായിരുന്നു. ഫഹദിന്റെ ചേട്ടനായി ആഷിക്ക് അബുവും ബാപ്പയായി രജ്ഞിത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. 

കൊച്ചി കേന്ദ്രീകരിച്ച് വരുന്ന സിനിമകളിൽ കാണാത്ത വിഷ്വലുകൾ ഒരുക്കുന്നതിൽ ക്യാമറമാൻ വിജയിച്ചിട്ടുണ്ട്. പഴയ സിനിമകളിൽ നിന്നെടുത്ത രണ്ട് ഗാനങ്ങൾ കൃത്യമായ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തി പ്രേക്ഷകരെ ബോറടിപ്പിക്കാതിരിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. 

അന്നയും റസൂലും തമ്മിൽ പ്രണയ ബദ്ധരാവുന്നതിലെ ലോജിക് തിരഞ്ഞ് ഈ ചിത്രത്തെ വിമർശിക്കുന്നവർ തന്നെയാണു തട്ടത്തിൻ മറയത്ത് കണ്ട് കോൾമയിരു കൊണ്ടത് എന്നതാണു വിരോധാഭാസം. എല്ലാം ഫാസ്റ്റ് ആയി വേണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് പ്രണയത്തിന്റെ മനോഹാരിത ഒരല്പം സാവധാനം പറയുന്ന ഈ ചിത്രം ഇഷ്ടപ്പെടാതിരുന്നാൽ അതാരുടെയും കുറ്റമല്ല. 

പ്രേമിച്ച പെണ്ണിനെ അവളുടെ അപ്പൻ തന്നെ കയ്യ് പിടിച്ച് ഏല്പിക്കുന്ന ഒരു മനോഹര ക്ലൈമാക്സ് ആണു ഇന്നത്തെ യുവതലമുറ സ്വന്തം ജീവിതത്തിൽ സ്വപ്നം കാണുന്നത്. അത് നടക്കാതെയാവുമ്പോഴാണു സിനിമയിലെങ്കിലും അങ്ങനെ സംഭവിക്കുന്നത് കണ്ട് കയ്യടിച്ചു കൊണ്ട് അവർ ആശ തീർക്കുന്നത്. അതു കൊണ്ട് തന്നെ ഈ സിനിമയുടെ കഥാന്ത്യം ഉൾക്കൊള്ളാൻ പലർക്കും സാധിച്ചെന്നു വരില്ല.. അവരോട് ഒന്നേ പറയാനുള്ളു, ജീവിതം ചിലപ്പോൾ ഇങ്ങനെ കൂടിയാണു മുത്തേ...!!!

Followers

 
Copyright 2009 b Studio. All rights reserved.