RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സുകുമാരിയമ്മക്ക് ആദരാഞ്ജലികൾ


മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടം കൂടി. മലയാളത്തിലും തമിഴിലുമായി അനവധി വേഷങ്ങൾ ഉജ്ജ്വലമാക്കിയ സുകുമാരിക്ക് ആദരാഞ്ജലികൾ..!!

ത്രീ ഡോട്ട്സ്


കഴിഞ്ഞ വർഷം മെഗാഹിറ്റ് പദവി നേടിയ ചിത്രമാണു ഓർഡിനറി.  ന്യൂജനറേഷന്റെയും മാസ് മസാലകളുടെയും വധങ്ങളിൽ നിന്നും ഒരു വലിയ ആശ്വാസമായിരുന്നു ഓർഡിനറി പ്രേക്ഷകർക്ക് നൽകിയത്.പേരു പോലെ തന്നെ ഒരു ഓർഡിനറി ചിത്രമായിട്ടും കഥ പറച്ചിലിലെ നിഷ്ങ്കളകതയും അവതരണത്തിലെ ലാളിത്യവും കൊണ്ടാണു ആ ചിത്രം പ്രേക്ഷകർ ഏറ്റുവാങ്ങിയത്.

സിനിമക്കാർക്കും പ്രേക്ഷകർക്കുമെല്ലാം ഒരു പോലെ അറിയാവുന്ന ഈ കാര്യം പക്ഷെ ഒരേ ഒരാൾക്ക് മാത്രം അറിയാതെ പോയി. ഓർഡിനറിയുടെ സംവിധായകൻ ശ്രീ സുഗീതിനു. ഓർഡിനറിയുടെ വമ്പൻ വിജയത്തിനു പിന്നിലെ യഥാർത്യം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ത്രീ ഡോട്ട്സ് എന്നൊരു പടവുമായി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാൻ സംവിധായകൻ ഇറങ്ങി തിരിക്കില്ലായിരുന്നു.

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ , പ്രതാപ് പോത്തൻ, നരൻ തുടങ്ങിയ മികച്ച താരങ്ങളുണ്ടായിട്ടും ത്രീ ഡോട്ട്സ് ഒരു ശരാശരി നിലവാരത്തിൽ എത്താതെ പോയത് സംവിധായകന്റെ ദാർശനീക കുറവ് കൊണ്ട് തന്നെയാണു. ജയിൽ മോചിതരായ മൂന്ന് പേർ. വിഷ്ണു, പപ്പൻ, ലൂയി. അവർക്ക് ജയിൽ ജീവിതത്തിനു ശേഷം നല്ല ഒരു ജീവിത മാർഗ്ഗം കാണിച്ചു കൊടുക്കുന്ന നല്ലവനായ ഡോക്ടർ ഐസക്ക്. വിഷ്ണുവിന്റെയും ലൂയിയുടെയും അല്ലറ ചില്ലറ പ്രേമസല്ലാപങ്ങൾ. അങ്ങനെ കളിയും ചിരിയുമായി പോകുന്ന ആദ്യ പകുതി പക്ഷെ പിന്നീടങ്ങോട്ട് അപ്രതീക്ഷിതമായ സംഭവങ്ങളുടെ വേലിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണു.

ഈ ചിത്രത്തിന്റെ സംവിധായകൻ തന്നെയാണു ഇതിന്റെ കഥ ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം ഒരുപാട് കാലം കമലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയും പിന്നീട് കുറച്ച് കാലം ഗൾഫ് നാട്ടിൽ ജോലി ചെയ്യുകയും ചെയ്തിരുന്നു. അവിടെ നിന്ന് തിരിച്ച് വന്നിട്ടാണു ഓർഡിനറി ചെയ്തതും ചരിത്രമായതും.

 ത്രീ ഡോട്ട്സ് എന്ന ചിത്രം കാണുന്ന ഏതൊരാൾക്കും അത്  ചില മലയാള സിനിമകളുടെയും തമിഴ് സിനിമയുടെയുമൊക്കെ വ്യക്തമായ അനുകരണമാണു എന്ന് തോന്നിപോവുകയാണെങ്കിൽ അതിനു കഥാകൃത്ത് കൂടിയായ സംവിധായകൻ ഉത്തരവാദിയല്ല. കാരണം അദ്ദേഹം ഗൾഫിൽ ജോലി ചെയ്ത കാലത്തായിരിക്കണം ഈ ചിത്രങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ അത് കാണാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കില്ല. പിന്നെ ഒരേ കഥ ഒരാൾക്ക് മാത്രമേ ഉണ്ടാക്കാൻ പാടു എന്ന് നിയമം ഒന്നുമില്ലല്ലോ ഏത്..!!

ഇന്ന് മലയാളത്തിൽ ഏറ്റവുമധികം വിപണനമൂല്യമുള്ള താരജോഡിയാണു ഇതിലെ അഭിനേതാക്കൾ എന്നത് കൊണ്ട് ചിത്രം ബോക്സോഫീസിൽ രക്ഷപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ ജനങ്ങളുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കേണ്ട ഒരു ബാധ്യത ഈ രണ്ട് നടന്മാർക്കുണ്ട്. അത് മറ്റാർക്കും വേണ്ടിയല്ല അവരവരുടെ സ്വന്തം നിലനില്പിനു വേണ്ടി മാത്രം..!!

റെഡ് വൈൻ

യാതൊരു വിധ അമിത പ്രതീക്ഷകളുമില്ലാതെയാണു റെഡ് വൈൻ എന്ന സിനിമ കാണാൻ പോയത്. മോഹൻലാൽ, ഫഹദ്, ആസിഫ് അലി എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്ന പബ്ലിസിറ്റിയും പിന്നീട് റിലീസിനോടടുത്തപ്പോൾ കഥ മോഷണവിവാദവുമെല്ലാം ചേർന്ന് റെഡ് വൈൻ കാണാനുള്ള ഒരു ആകാംക്ഷ ആദ്യമുണ്ടായിരുന്നെങ്കിലും പടം റിലീസ് ചെയ്തതിനു ശേഷം അറിഞ്ഞ അഭിപ്രായങ്ങൾ നിരാശ പകരുന്നതായിരുന്നു.

 അഭിപ്രായ സ്വാതന്ത്യമുള്ള നാടാണു നമ്മുടെ ഇന്ത്യ. അതു കൊണ്ട് തന്നെ ഒരോരുത്തർക്കും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം. മാമൻ കെ രാജൻ എന്ന ഒരാളുടെ തിരകഥയിൽ ലാൽ ജോസിന്റ അസോസിയേറ്റ് ആയ സലാം ബാപ്പു ആദ്യമായി സംവിധാനം ചെയ്ത സിനിമയാണു റെഡ് വൈൻ.

വയനാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായ അനൂപ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. കേസ് അന്വേക്ഷിക്കുന്ന എസിപിയായ് മോഹൻലാൽ എത്തുന്നു. സിനിമയുടെ തുടക്കത്തിൽ തന്നെ കൊന്നതാരാണെന്ന്  നമുക്ക് കാണിച്ചു തരുന്നുണ്ട്.  ഇടവേള കഴിഞ്ഞ് രണ്ട് മിനിറ്റ് കഴിയുമ്പോൾ എന്തിനു കൊന്നു എന്നതും മനസ്സിലാവും.പക്ഷെ അത് നമ്മുക്ക് മനസ്സിലായാൽ പോരല്ലോ സിനിമയിലെ കഥാപാത്രങ്ങൾക്കും മനസ്സിലാവണ്ടേ. അതിനു വേണ്ട തെളിവുകൾ ശേഖരിക്കാൻ മോഹൻലാലിന്റെ എസിപി ഇങ്ങനെ നടക്കുകയാണു ബാക്കി സമയം.

 അങ്ങനെ എല്ലാം എല്ലാവർക്കും മനസ്സിലായിക്കഴിയുമ്പോൾ മലയാള സിനിമയിൽ ഇന്നു വരെ കാണാത്ത ഒരു ക്ലൈമാക്സ്. അത് ഒരല്പം ഇന്റ്ലക്ച്വൽ ആണു കേട്ടോ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ദോഷം പറയരുത് കേട്ടോ. ചിത്രത്തിന്റെ ആദ്യപകുതി ഗംഭീരമായിരുന്നു. ഒട്ടും ബോറടിപ്പിക്കാത്ത അവതരണം. ഒരുപാട് സാധ്യതകളുണ്ടായിരുന്നിട്ടും അതൊന്നും പ്രയോജനപ്പെടുത്താതെയിരുന്ന നിർജ്ജീവ തിരകഥയാണു ചിത്രത്തിന്റെ വീഴ്ച്ചക്ക് കാരണം.

 ലാലും, ഫഹദും ആസിഫും സൈജുകുറുപ്പുമെല്ലാം അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. വയനാടിന്റെ സൗന്ദര്യം ഭാഗിക്കമായിട്ടെങ്കിലും ചിത്രത്തിൽ കാണാം. ഗാനരംഗങ്ങൾ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുമുണ്ട്. എന്തായാലും സലാം ബാപ്പുവിനു അഭിമാനിക്കാവുന്ന ചിത്രം തന്നെയാണു റെഡ് വൈൻ. ഒരു പുതുമുഖ സംവിധായകന്റെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് പരമാവധി മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

 സസ്പെൻസ് ഇല്ലാ എന്നതാണു ഈ ചിത്രത്തിന്റെ സസ്പെൻസ് എന്നതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.   അവസാനമായി രണ്ട് വാക്ക് പറയാനുള്ളത്  തിരകഥാകൃത്തിനോടാണു. ശ്രീ മാമൻ കെ രാജനോട്. അദ്ദേഹത്തിന്റെ ആദ്യത്തെ തിരകഥയാണോ ഇത് എന്നറിയില്ല. എന്തായാലും മറ്റൊരാളുടെ കഥ മോഷ്ടിച്ചാണു ഈ തിരകഥ തയ്യാറാക്കിയിരിക്കുന്നത് എന്ന ഒരു വിവാദം ഉണ്ടായിരുന്നു. എന്റെ പൊന്നു മാമൻ കെ രാജാ.. ചൂണ്ടുമ്പോൾ രാജപ്പൻ തെങ്ങുംമൂട് ചൂണ്ടിയപോലെ വേണ്ടേ.. അല്ലാതെ ഇതൊരുമാതിരി ഹലാക്കിന്റെ അവിലിങ്കഞ്ഞി പോലത്തൊരു സാധനവും കൊണ്ട് വന്നിരിക്കുന്നു...!!

ആമേൻ


ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്റെ ആദ്യ രണ്ട് സിനിമകൾ കണ്ട ആരും അങ്ങേർക്ക് പണി അറിയില്ല എന്ന് പറയില്ല. രണ്ട് സിനിമകളും പക്ഷെ ബോക്സ് ഓഫീസിൽ വിജയിച്ചില്ല എന്നത് നേരു തന്നെ എങ്കിലും ബോക്സ് ഓഫീസ് വിജയം കൊണ്ടല്ല ഒരു സംവിധായകന്റെ ക്രാഫ്റ്റ് അളക്കപ്പെടുന്നത് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് അറിയാം. അതില്ലാത്തവർക്ക് ജോസ് തോമസും തോംസണും ജിത്തു ജോസഫുമൊക്കെ മഹാന്മാരായ സംവിധായകരായിരിക്കും അവരോട് ദൈവം പൊറുക്കട്ടെ.

 പറഞ്ഞ് വന്നത് ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തെ കുറിച്ചാണു. നായകൻ ഫഹദ് ആയത് കൊണ്ട് സംഗതി ന്യൂജനറേഷനാണു. കൊല്ലവർഷം 615 ലെ കഥ പറയുന്ന ഒരു ന്യൂജനറേഷൻ സിനിമ.ഒരു പള്ളിയും ആ പള്ളി സ്ഥിതി ചെയ്യുന്ന ഗ്രാമവും അവിടുത്തെ ബാന്റ് മേള സംഘവും അങ്ങനെ മൊത്തത്തിൽ ഒരു ക്രിസ്തീയ പശ്ചാത്തലത്തിലാണു ചിത്രം കഥ പറയുന്നത്.

ചിത്രത്തിന്റെ കഥ എന്ന് പറയുന്നത് പറഞ്ഞു വരുകയാണെങ്കിൽ ഒരുപാടുണ്ട് എന്നാൽ കേട്ട് കഴിയുമ്പോൾ ഇത്രയേ ഉള്ളു എന്ന് തോന്നുകയും ചെയ്യും. ഇന്നത്തെ ന്യൂജനറേഷൻ സിനിമക്കാരുടെ ഓരോ കാര്യങ്ങളെ.  നായകനായി ഫഹദ് ഫാസിൽ തന്റെ ആദ്യ സിനിമ മുതൽ കാണിക്കുന്ന ഭാവങ്ങൾ ഇതിലെ സോളമനിലേക്കും പകർത്തിയിരിക്കുന്നു. കയ്യടി നേടിയത് ഇന്ദ്രജിത്തിന്റെ വട്ടോളി എന്ന കൊച്ചച്ചനാണു. സുബ്രഹമണ്യപുരം ഫെയിം സ്വാതിയാണു  ഇതിലെ നായിക. മറിമായം രചന അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ റോളൊന്നുമില്ല. ജോയ് മാത്യു, കലാഭവൻ മണി, നന്ദു തുടങ്ങിയവരാണു മറ്റ് താരങ്ങൾ.

നല്ല രീതിയിലുള്ള സംവിധാനവും മികച്ച ഛായാഗ്രഹണവും ചിത്രത്തെ സഹായിക്കുന്നെണ്ടെങ്കിലും അനാവശ്യമായ ഗാനങ്ങളും കഥ പറച്ചിലിലെ മെല്ലെ പോക്കും ഓൾഡ് ജനറേഷൻ കാണികളിൽ മുഷിച്ചിലുണ്ടാക്കിയാൽ തെറ്റുപറയാനാകില്ല. ക്രിസ്തീയ പശ്ചാത്തലവും പഴയകാലവും ന്യൂജനറേഷൻ കോമഡികളുടെ അകമ്പടിയുമൊക്കെ ഉണ്ടെങ്കിലും സംഗതി രഞ്ജിത്തിന്റെ നന്ദനമാണു. അത് ചിത്രത്തിന്റെ അവസാനമേ മനസ്സിലാകുന്നുള്ളു എന്ന് മാത്രം. തിരകഥയ്ക്കായ് ലോകമെമ്പാടുമുള്ള സിനിമകളുടെ ഡിവിഡി തിരയുന്ന സിനിമക്കാർ ആമേന്റെ അണിയറക്കാരെ കണ്ട് പഠിക്കട്ടെ.

"പണ്ടൊരു സിനിമയിൽ മാമുക്കോയ ആണെന്ന് തോന്നുന്നു, ഒരു ഹാജിയാരുടെ കഥ പറയുന്നുണ്ട്. ഹാജിയാരുടെ ജീപ്പിന്റെ ടയറിലെ ഒരു നട്ട് ഊരി പോയപ്പോൾ അവിടെ തന്റെ കൈ വിരൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് നിർത്തിയ ബീടരുടെ കഥ. അതുപോലെയൊക്കെ ഇറങ്ങിയാലും നമ്മൾ കാണേണ്ടി തന്നെ വരും. ഇനി നമ്മുക്ക് ഇഷ്ടപ്പെട്ടില്ല എന്നെങ്ങാനും പറഞ്ഞാൽ പുതിയ പിള്ളാരു പറയും dude its generation gap yaar..."

Followers

 
Copyright 2009 b Studio. All rights reserved.