RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Beware of Dogs - Film Review





കുബ്രീൻ, തരുൺ , റഹീമാരുടെ ഒരു കൂതറ കളി കണ്ട് ഞെട്ടൽ മാറിയിട്ടില്ല അപ്പോ ദാണ്ടെ വരുന്ന അടുത്തത്. Domanic , Omman & Omanakuttan, Gautham, Sunny  കൂതറ സ്റ്റൈലിൽ ഡോഗ്സ്. പടത്തിന്റെ പേരു ബിവേർ ഓഫ് ഡോഗ്സ്.
കഥ.

കെട്ടിക്കാൻ പ്രായമായ ഒരു മകളും കെട്ടിയിടാറായ ഭാര്യയും ഉള്ള തുളസീധരപിള്ളയുടെ വീടിന്റ മുകളിൽ താമസിക്കുന്ന ജോലിയും കൂലിയുമില്ലാത്ത 3 ബാച്ചിലേഴ്സും ജോലിയുള്ള ഒരു ബാച്ചിലറും. അവരും തുളസീധരനും തമ്മിലുള്ള പ്രശ്നങ്ങൾ. അതിനിടയിൽ ഊമ്മൻ ജോലി കിട്ടി പോണ്ടിച്ചേരിയ്ക്ക് പോകുന്നു. എംബീ ക്കാരനായ ഡൊമനിക്ക് തന്റെ കമ്പനിയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി പരിചയപ്പെടുന്ന കോടീശ്വര പുത്രനായ ഓമനകുട്ടനെ ഒരു പ്രത്യേക സാഹചര്യത്തിൽ ഒപ്പം കൂട്ടുന്നു. എന്നാൽ ഓമനകുട്ടന്റെ കയ്യിൽ അഞ്ച് പൈസയില്ല. വീണ്ടും പ്രശ്നങ്ങൾ. ഒരു ക്ലോസറ്റ് പ്രശ്നം പരിഹരിക്കുന്നതിനിടയിൽ കൊച്ചിയിലെ അധോലോക നായകനായ ബാപ്റ്റിസ്റ്റും അമീറും തമ്മിലുള്ള ഒരു ഡീലിന്റെ ഇടയിലേക്ക് ഡോഗ്സ് അറിയാതെ വരികയും ബാപ്റ്റിസ്റ്റിന്റെ തലയ്ക്ക്  ക്ലോസറ്റ് കൊണ്ട് ഓമനകുട്ടൻ അടിക്കുകയും ചെയ്യുന്നു. വീണ്ടും പ്രശ്നങ്ങൾ. നാട്ടിൽ നിൽക്കാനാവാതെ അവർ പോണ്ടിച്ചേരിയിലേക്ക് പോകുന്നു. പോണ്ടിച്ചേരി, ഡാൻസ് ബാർ, അമീർ , വൈരം, വീണ്ടും ബാപ്റ്റിസ്റ്റ്, മേഘന, തട്ടികൊണ്ട് പോകൽ ,ട്വിസ്റ്റ്, അങ്ങനെ അങ്ങനെ അങ്ങനെ ഒരു മാതിരി ചക്ക കുഴയുമ്പോലത്തെ മറ്റേടത്തെ കഥ.

അഭിനയം.

ശ്രീനാഥ് ഭാസി, ശേഖർ മേനോൻ ,സുരേഷ്,ദിനേഷ്,ബോബി സിൻഹ, മനോജ് കെ ജയൻ, സഞ്ജു, സുനിൽ സുഗദ ഇങ്ങനെ കുറെ പേരുണ്ട് ചിത്രത്തിൽ. ഇവരെല്ലാവരും 130 മിനുറ്റ് അഭിനയിക്കുന്നുമുണ്ട്.

കഥ, തിരകഥ , സംഭാഷണം, സംവിധാനം

എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഇനിയും ഇതു പോലെ ഒരു 10-20 സിനിമകൾ എടുക്കാൻ ഇവരെക്കൊണ്ട് കഴിയട്ടെ..


പ്രേക്ഷകാഭിപ്രായം : പട്ടിയുണ്ട് സൂക്ഷിക്കുക

ബോക്സോഫീസ് സാധ്യത.

ന്യൂജനറേഷൻ സിനിമ ആയത് കൊണ്ട് ബെല്ലും ബ്രേക്കുമില്ലാതെ എന്തും വിളിച്ചു പറയാം എന്ന ഒരു സ്വാതന്ത്രത്തിലെ നർമ്മം ആസ്വദിക്കുന്ന കുറെ ഫ്രീക് മച്ചാൻസ് കേരളത്തിൽ ഉള്ളത് കൊണ്ട് 3 ദിവസം പോലും തിയറ്ററിൽ കളിക്കാൻ യോഗ്യതയില്ലാത്ത ഈ സിനിമ ഒരാഴ്ച്ച ഓടണം. 


റേറ്റിംഗ് : 1.25 / 5

അടിക്കുറിപ്പ്: സിനിമയിലേ കേന്ദ്രകഥാപാത്രങ്ങളുടെ പേരിന്റെ ആദ്യക്ഷരം വെച്ച് സിനിമ പേരുണ്ടാക്കാൻ തുടങ്ങുന്നത് ഒരു ട്രെൻഡായി മാറിയാൽ വേണു-ശ്യാമ കമിതാക്കളുടെ ലവ് സ്റ്റോറി പറയുന്ന സിനിമയുടെ പേരു..!!!!

പിന്നാമ്പുറം
പണ്ട് നേരം സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ പുതുമുഖ സെറ്റപ്പ് ആയതു കൊണ്ട് ചളമാകുമോ എന്ന ഒരു പേടി ഉണ്ടായിരുന്നതായി മനോജ് കെ ജയൻ പറഞ്ഞിട്ടുണ്ട്. നേരത്തിന്റെ അനുഭവത്തിൽ നിന്നാവണം ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ മനോജ് കെ ജയൻ കണ്ണും പൂട്ടി സമ്മതിച്ചത്. നേരം രണ്ട് തരത്തിലുണ്ട്. ആദ്യത്തേത് നല്ല നേരം രണ്ടാമത്തേത് വളരെ വളരെ വളരെയധികം മോശം നേരം..!!

ആഗ്രി ബേബ്സ് ഇൻ ലവ്. - Film Review




എന്ത് കൊണ്ട് കൂട്ട് കുടുംബങ്ങളിൽ വിവാഹമോചനം കുറയുന്നു, വ്യത്യസ്ഥ അഭിപ്രായങ്ങളുള്ള ഭാര്യഭർത്താക്കന്മാർ എങ്ങനെ സന്തോഷകരമായി ജീവിക്കണം എന്നൊക്കെ അനൂപ് മേനോൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ട് പിടിച്ച് അത് ഒരു കഥയാക്കി കൃഷ്ണൻ പൂജപ്പുര അത് തിരകഥയാക്കി സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ സിനിമയാണു ആഗ്രി ബേബ്സ് ഇൻ ലവ്. അനൂപ് മേനോൻ ചിത്രങ്ങൾ തിയറ്ററിൽ പോയി ആദ്യ ഷോ കാണുന്ന പതിവില്ലാത്തതാണു. അതു പോലെ സജി-കൃഷ്ണൻ കൂട്ട് കെട്ട് സിനിമകളും. പക്ഷെ ഇവിടെ ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് ലാൽ ജോസിന്റെ വിതരണകമ്പനി ആണെന്നുള്ളത് കൊണ്ടും, ചിത്രത്തിന്റെ റഷസ് കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണു ലാൽ ജോസ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് എന്നത് കൊണ്ടും ആദ്യ ദിവസം ആദ്യ ഷോയ്ക്ക് തന്നെ തലവെച്ചു.

കഥ.

കുട്ടിക്കാനത്തെ ഒരു സാധാരണക്കാരനായ സ്റ്റിൽ ഫോട്ടോഗ്രാഫർ ജീവനും കോടീശ്വരനായ മത്തായിച്ചന്റെ മകൾ സാറയും തമ്മിൽ പ്രേമത്തിലാണു. സാറയുടെ വിവാഹനിശ്ചയത്തിന്റെ അന്ന് പള്ളിയിൽ നിന്ന് അവർ ഒളിച്ചോടുന്നു. (വറൈറ്റി)നേരെ മുംബൈയിലെത്തിയ അവർ സന്തോഷകരമായ ദാബത്യം തുടർന്ന് ഒരു വർഷത്തിനകം വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുന്നു. പക്ഷെ കോടതി ആറു മാസം ഒരുമിച്ച് താമസിക്കാൻ നിർദ്ദേശിക്കുന്നതിൻപ്രകാരം അവർ ഒരേ ഫ്ലാറ്റിൽ താമസം തുടരുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഇവർക്കിടയിലേക്ക് വരുന്ന വേലക്കാരി സെൽവിയും ഇവരുടെ നാട്ടിലെ കൂട്ടുകാരുമൊക്കെ ചേർന്ന് ഒരു സ്ഥിരം സജി സുരേന്ദ്രൻ മസാല സിനിമ. ഭാര്യഭർത്താക്കന്മാർ പരസ്പരം വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാവണം എന്നും ഭാര്യ ഭർത്താവിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കണമെന്നും അല്ലെങ്കിൽ അങ്ങനെ അഭിനയിക്കണമെന്നും ഭർത്താവ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതെ ഭാര്യയെ സപ്പോർട്ട് ചെയ്യണം എന്നൊക്കെയുള്ള സന്ദേശങ്ങളാണു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൈമാറുന്നത്.

പോസിറ്റീവ്സ്.

1. അശ്ലീല പ്രയോഗങ്ങളും ദ്വയാർഥ സംഭാഷണങ്ങളുമില്ലാത്ത കാണാൻ കൊള്ളാവുന്ന ഒരു അനൂപ് മേനോൻ സിനിമ എന്നതാണു ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ്.
2. സജി സുരേന്ദ്രന്റെയും കൃഷ്ണൻ പൂജപ്പുരയുടെയും പ്രതാപ കാലത്തിന്റെയും അധഃപതനകാലത്തിന്റെയും ഇടയിൽ നിൽക്കുന്ന സിനിമ.
3. ചില വൺലൈൻ കോമഡി നമ്പറുകൾ
4. അനൂപ്മേനോന്റെ സ്ഥിരം ഞാനാരാ മോൻ എന്ന ഭാവം ചിത്രത്തിൽ ഇല്ല.
5. ഭാവനയുടെ പ്രകടനം. ബാത്ത്ടവൽ ധരിച്ചു കൊണ്ടുള്ള രംഗങ്ങൾ പോലും സഭ്യതയുടെ അതിർവരമ്പുകളിൽ നിന്ന് കൊണ്ട് മികച്ചതാക്കി.
6. ക്യാമറയ്ക്കും എഡിറ്റിംഗിനും ഗാനങ്ങൾക്കുമൊന്നും പ്രത്യേകിച്ച് ഒരു മേന്മയോ ദോഷമോ പറയാനില്ല.
7. ഗിരിപ്രഭാഷണങ്ങൾക്ക് ഇടകൊടുക്കാതെ ലളിതമായ സംഭാഷണശകലങ്ങൾ കൊണ്ട് ചിത്രം സന്ദേശം കൈമാറി.

നെഗറ്റീവ്സ്.

1. സിനിമ ഉണ്ടായ കാലം മുതൽക്കേ ഉള്ള കഥ, അതിന്റെ സ്ഥിരം മാതൃകയിലുള്ള തിരകഥ, പുതുമയില്ലാത്ത സംവിധാനശൈലി.
2. ട്വിസ്റ്റ്, ത്രിൽ , സസ്പെൻസ് , നോൺ സ്റ്റോപ്പ് കോമഡി എന്നിവയുടെ അഭാവം.
3. സ്വല്പം ഓവറായ ശെല്വി എന്ന അനുശ്രീയുടെ കഥാപാത്രം.

പ്രേക്ഷകപ്രതികരണം.

ചിത്രത്തിലെ ചില തമാശകൾക്കൊക്കെ പ്രേക്ഷകർ നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നുവെങ്കിലും മൊത്തത്തിൽ പറഞ്ഞ് പഴകിയ ഈ കഥ പ്രേക്ഷകരെ ആകർഷിക്കുന്നില്ല. എങ്കിലും കഷ്ടിച്ച് ഒരു തവണ വേണമെങ്കിൽ കാണാവുന്ന വകുപ്പൊക്കെ ചിത്രത്തിനുണ്ട്.

ബോക്സോഫീസ് സാധ്യത.

അനൂപ് മേനോൻ ചിത്രങ്ങൾക്ക് നേരെയുള്ള പ്രേക്ഷകരുടെ മുഖം തിരിക്കൽ ഈ ചിത്രത്തിനും തുടർന്നാൽ ആദ്യ ആഴ്ച്ചയിൽ തന്നെ ചിത്രം സ്ഥലം കാലിയാക്കും. പക്ഷെ മിനിമം ഒരു 10 days ഈ സിനിമ അർഹിക്കുന്നുണ്ട്

അടിക്കുറിപ്പ്: എന്തെങ്കിലും വറൈറ്റി അവസാനമെങ്കിലും ഈ പഴയകഥയിൽ ഉണ്ടാകും എന്ന് കരുതിയ പ്രേക്ഷകർ ക്ലൈമാക്സ് കണ്ട് നിരാശരായി. സന്തോഷകരമായ കുടുംബ ജീവിതത്തിനു അനുസരണ ശീലം വളരെ വളരെ നല്ലതാണു. ഭർത്താവിനു...!!!

റേറ്റിംഗ് : 2.75 /5

കൂതറ - Film Review



ഇന്നലയിലെ നരേന്ദ്രൻ, നരസിംഹത്തിലെ നന്ദഗോപമരാർ പിന്നെ സമ്മർ ഇൻ ബത്ലഹേമിലെ സാക്ഷാൽ നിരഞ്ജൻ.. അങ്ങിനെ മലയാള സിനിമയിൽ അതിഥി താരങ്ങളായെത്തി കയ്യടി വാങ്ങിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. എന്നാൽ ഇവർക്കാക്കുമില്ലാത്ത ഒരു ബഹുമതി സ്വന്തമാക്കിയിരിക്കുകയാണു കൂതറ എന്ന സിനിമയിലൂടെ മോഹൻലാൽ.

To Read review 
http://www.lifestylekeralam.com/koothara_film_review.html 

ഗർഭശ്രീമാൻ - സിനിമ റിവ്യൂ


കഥാസാരം :
സുധീന്ദ്രൻ (സുരാജ്) എന്നാ സുധി ഒരു ഇടത്തരം കുടുംബത്തിന്റെ ഏക അത്താണി ആണ്. അമ്മ,രണ്ടു പെങ്ങന്മാർ, ഒരു അളിയൻ. ഇവര് അടങ്ങുന്നതാണ് സുധിയുടെ കുടുംബം. അച്ഛനെ ഒരു പ്രശ്നത്തിൽ നിന്ന് രക്ഷിക്കാനായി സുധി ബ്ലേഡ് മാഫിയയിൽ നിന്ന് പണം കടം വാങ്ങുന്നു. എന്നാൽ കൊറിയർ ജീവനക്കാരൻ ആയ സുധിക്ക് പറഞ്ഞ സമയത്ത് പണം തിരികെ അടക്കാൻ ആകുന്നില്ല. ബ്ലേഡ് മാഫിയ തന്റെ കുടുംബം കുട്ടി ചോറാക്കും എന്ന് മനസിലാക്കിയ സുധിക്ക് മുന്നിലേക്ക്‌ ഡോക്ടർ ജോയ് മാത്യു ( സിദ്ധിഖ് ) ഒരു ഓഫർ വെക്കുന്നു. സുധിയുടെ കടം മുഴുവാൻ തീര്ക്കാനുള്ള പണം ഡോക്ടർ ജോയ് നല്കുന്നു. പകരമായി ഡോക്ടറുടെ പരീക്ഷണങ്ങളുടെ ഭാഗമായി സുധി ഗർഭം ധരിക്കാൻ തയ്യാർ ആകണം. മനസില്ലാ മനസോടെ സുധി ആ ദൌത്യം ഏറ്റെടുക്കുന്നു. സുധിയും, ഡോക്ടറും ആ ദൌത്യത്തിൽ വിജയിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം ആണ് " ഗർഭശ്രീമാൻ "

സിനിമയെ പറ്റി :
ദേശിയ അവാർഡ്‌ നേടിയ സുരാജ് നായകൻ ആയി അഭിനയിക്കുന്നു. ഒപ്പം സുരാജ് ഗർഭം ധരിക്കുന്നു. ഈ സിനിമയുടെ പബ്ലിസിറ്റിക്ക് ഇതിൽ കൂടുതൽ വാചകങ്ങൾ ഒന്നും ഇണങ്ങില്ല. പക്ഷെ പ്രേക്ഷകരുടെ പ്രതീക്ഷ അപ്പാടെ തകിടം മറിച്ചു കൊണ്ട്, ശരാശരിക്കും താഴെ മാത്രം നിലവാരം പുലർത്തുന്ന ഒരു സിനിമയായി :ഗര്ഭശ്രീമാൻ " .
കെട്ടുറപ്പുള്ള ഒരു തിരക്കഥയോ, മികച്ച സംവിധാന ശൈലിയോ ഒന്നും ഈ ചിത്രത്തിന് അവകാശപ്പെടാൻ ഇല്ല. മികച്ച ഒരു കഥാ ബീജം കിട്ടിയിട്ട് കൂടി, അത് വേണ്ട രീതിയിൽ വികസിപ്പിക്കാൻ തിരക്കഥ ഒരുക്കിയ സുവജന് കഴിയാതെ പോയിടത്താണ് ചിത്രത്തിന്റെ പരാജയം. കണ്ടു മടുത്ത സ്ഥിരം മൂന്നാം കിട കോമഡി നമ്പറുകൾ തിരകഥയിൽ കുത്തി നിറച്ചിരുന്നതു , സിനിമ കാണുന്ന പ്രേക്ഷകനോട് ചെയ്യുന്ന ചതിയും, വഞ്ചനയും ആയി പോയി. ചിത്രത്തിൽ മികച്ചു നിന്നതായി പറയത്തക്ക ഒന്നും തന്നെ ഇല്ല. സിനിമയുടെ ടൈറ്റിൽ സൊങ്ങ് ആയ മൃദുല വാരിയരുടെ താരാട്ട് മാത്രം ആണ് ഏക ആശ്വാസം. മനുഷ്യ നന്മക്കായി എന്ത് പരീക്ഷണങ്ങൾ നടത്തിയാലും, അതിനു മനുഷ്യത്വ പരമായ മാനം കൂടി നല്കണമെന്ന് സിനിമ ഓര്മിപ്പിക്കുന്നു.

അഭിനേതാക്കളെ പറ്റി:
ദേശിയ അവാർഡ്‌ ജേതാവായ സുരജിനോട് ഒരു വാക്ക്. താങ്കൾ നല്ലൊരു നടൻ ആണ്. അതിനുപരി മികച്ച ഒരു ഹാസ്യ നടനും. പക്ഷെ ഇത്തരം വളിപ്പ്, കോമാളിത്തരങ്ങൾ കാണിച്ചു ആ വില കളയരുത് എന്ന് ആദ്യമേ ഓർമപ്പെടുത്തുന്നു. കലഭാവാൻ ഷാജോണ്‍ വീണ്ടും രണ്ടാം കിട കോമഡി നടൻ ആയി മാറാൻ തീരുമാനിച്ചത് പോലെയായിരുന്നു ഈ സിനിമയിലെ പ്രകടനം. ഭാവാഭിനയം ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത ഒരു പുതു മുഖ നടിയാണ് ചിത്രത്തിലെ നായിക. പുതുമുഖ നടിയായ ഗൌരി കൃഷ്ണയുടെ അഭിനയം ഒട്ടും തന്നെ പ്രതീക്ഷ നല്കുന്നതായിരുന്നില്ല. അഭിനയപരമായി മികച്ചു നിന്നത് ഡോക്ടർ ജോയ് മാത്യു നെ അവതരിപ്പിച്ച സിദ്ദിഖ് മാത്രം. അതിഥി താരം ആയിരുന്നെങ്കിലും ,സായികുമാറും തന്റെ റോൾ മോശമാക്കിയില്ല.

സംഗീതം, ക്യാമറ, മറ്റു സാങ്കേതിക വശങ്ങൾ:
സംസ്ഥാന പുരസ്ക്കാര ജേതാവായ സംഗീത സംവിധായകൻ , ഔസേപ്പച്ചന് ഈ ചിത്രത്തിൽ തന്റെ മികവു പുലർത്താനായില്ല. മൃദുല പാടിയ താരാട്ട് പാട്ട് മാത്രം ആണ് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയത്. സിനിമയിലെ ചില ഇമോഷനൽ രംഗങ്ങൾ, അതിന്റെ തീവ്രത , അത് പ്രേക്ഷകനിലേക്ക് വേണ്ട രീതിയിൽ എത്തിക്കാൻ സംവിധായകൻ ആയ അനിൽ ഗോപിനാഥിനു കഴിഞ്ഞില്ല. സാങ്കേതികം ആയോ കഥാപരം ആയോ യാതൊരു മേന്മയും അവകാശപ്പെടാൻ കഴിയാത്ത ചിത്രം ആയി മാറി "ഗര്ഭ ശ്രീമാൻ".

പ്രേക്ഷക വിധി:
ഈ പടത്തിന്റെ വിജയമോ പരാജയമോ അല്ല..നല്ലൊരു കഥാതന്തു വികസിപ്പിച്ചു ,നല്ലൊരു സിനിമ ഒരുക്കാൻ പോലും നമ്മുടെ പുതിയ സംവിധായകന്മാർക്കോ, എഴുതുക്കാര്ക്കോ കഴിയാതെ പോകുന്നിടത്താണ് ഈ ചിത്രത്തിന്റെ പരാജയം.

റേറ്റിംഗ് : 1.5/ 5

Followers

 
Copyright 2009 b Studio. All rights reserved.