എന്ത് കൊണ്ട് കൂട്ട് കുടുംബങ്ങളിൽ വിവാഹമോചനം കുറയുന്നു, വ്യത്യസ്ഥ
അഭിപ്രായങ്ങളുള്ള ഭാര്യഭർത്താക്കന്മാർ എങ്ങനെ സന്തോഷകരമായി ജീവിക്കണം എന്നൊക്കെ അനൂപ്
മേനോൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ട് പിടിച്ച് അത് ഒരു കഥയാക്കി കൃഷ്ണൻ പൂജപ്പുര
അത് തിരകഥയാക്കി സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ സിനിമയാണു ആഗ്രി ബേബ്സ്
ഇൻ ലവ്. അനൂപ് മേനോൻ ചിത്രങ്ങൾ തിയറ്ററിൽ പോയി ആദ്യ ഷോ കാണുന്ന പതിവില്ലാത്തതാണു. അതു
പോലെ സജി-കൃഷ്ണൻ കൂട്ട് കെട്ട് സിനിമകളും. പക്ഷെ ഇവിടെ ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത്
ലാൽ ജോസിന്റെ വിതരണകമ്പനി ആണെന്നുള്ളത് കൊണ്ടും, ചിത്രത്തിന്റെ റഷസ് കണ്ട് ഇഷ്ടപ്പെട്ടത്
കൊണ്ടാണു ലാൽ ജോസ് ഈ സിനിമ വിതരണം ചെയ്തിരിക്കുന്നത് എന്നത് കൊണ്ടും ആദ്യ ദിവസം ആദ്യ
ഷോയ്ക്ക് തന്നെ തലവെച്ചു.
കഥ.
കുട്ടിക്കാനത്തെ ഒരു സാധാരണക്കാരനായ സ്റ്റിൽ ഫോട്ടോഗ്രാഫർ ജീവനും
കോടീശ്വരനായ മത്തായിച്ചന്റെ മകൾ സാറയും തമ്മിൽ പ്രേമത്തിലാണു. സാറയുടെ വിവാഹനിശ്ചയത്തിന്റെ
അന്ന് പള്ളിയിൽ നിന്ന് അവർ ഒളിച്ചോടുന്നു. (വറൈറ്റി)നേരെ മുംബൈയിലെത്തിയ അവർ സന്തോഷകരമായ
ദാബത്യം തുടർന്ന് ഒരു വർഷത്തിനകം വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുന്നു. പക്ഷെ
കോടതി ആറു മാസം ഒരുമിച്ച് താമസിക്കാൻ നിർദ്ദേശിക്കുന്നതിൻപ്രകാരം അവർ ഒരേ ഫ്ലാറ്റിൽ
താമസം തുടരുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഇവർക്കിടയിലേക്ക് വരുന്ന വേലക്കാരി
സെൽവിയും ഇവരുടെ നാട്ടിലെ കൂട്ടുകാരുമൊക്കെ ചേർന്ന് ഒരു സ്ഥിരം സജി സുരേന്ദ്രൻ മസാല
സിനിമ. ഭാര്യഭർത്താക്കന്മാർ പരസ്പരം വിട്ടു വീഴ്ച്ചയ്ക്ക് തയ്യാറാവണം എന്നും ഭാര്യ
ഭർത്താവിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കണമെന്നും അല്ലെങ്കിൽ അങ്ങനെ അഭിനയിക്കണമെന്നും ഭർത്താവ്
ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതെ ഭാര്യയെ സപ്പോർട്ട് ചെയ്യണം എന്നൊക്കെയുള്ള
സന്ദേശങ്ങളാണു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൈമാറുന്നത്.
പോസിറ്റീവ്സ്.
1. അശ്ലീല പ്രയോഗങ്ങളും ദ്വയാർഥ സംഭാഷണങ്ങളുമില്ലാത്ത കാണാൻ കൊള്ളാവുന്ന ഒരു അനൂപ്
മേനോൻ സിനിമ എന്നതാണു ഇതിന്റെ ഏറ്റവും വലിയ പോസിറ്റീവ്.
2. സജി സുരേന്ദ്രന്റെയും കൃഷ്ണൻ പൂജപ്പുരയുടെയും പ്രതാപ കാലത്തിന്റെയും അധഃപതനകാലത്തിന്റെയും
ഇടയിൽ നിൽക്കുന്ന സിനിമ.
3. ചില വൺലൈൻ കോമഡി നമ്പറുകൾ
4. അനൂപ്മേനോന്റെ സ്ഥിരം ഞാനാരാ മോൻ എന്ന ഭാവം ചിത്രത്തിൽ ഇല്ല.
5. ഭാവനയുടെ പ്രകടനം. ബാത്ത്ടവൽ ധരിച്ചു കൊണ്ടുള്ള രംഗങ്ങൾ പോലും സഭ്യതയുടെ അതിർവരമ്പുകളിൽ
നിന്ന് കൊണ്ട് മികച്ചതാക്കി.
6. ക്യാമറയ്ക്കും എഡിറ്റിംഗിനും ഗാനങ്ങൾക്കുമൊന്നും പ്രത്യേകിച്ച് ഒരു മേന്മയോ ദോഷമോ
പറയാനില്ല.
7. ഗിരിപ്രഭാഷണങ്ങൾക്ക് ഇടകൊടുക്കാതെ ലളിതമായ സംഭാഷണശകലങ്ങൾ കൊണ്ട് ചിത്രം സന്ദേശം
കൈമാറി.
നെഗറ്റീവ്സ്.
1. സിനിമ ഉണ്ടായ കാലം മുതൽക്കേ ഉള്ള കഥ, അതിന്റെ സ്ഥിരം മാതൃകയിലുള്ള തിരകഥ, പുതുമയില്ലാത്ത
സംവിധാനശൈലി.
2. ട്വിസ്റ്റ്,
ത്രിൽ , സസ്പെൻസ് , നോൺ സ്റ്റോപ്പ് കോമഡി എന്നിവയുടെ അഭാവം.
3. സ്വല്പം ഓവറായ ശെല്വി എന്ന അനുശ്രീയുടെ കഥാപാത്രം.
പ്രേക്ഷകപ്രതികരണം.
ചിത്രത്തിലെ ചില തമാശകൾക്കൊക്കെ പ്രേക്ഷകർ നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നുവെങ്കിലും
മൊത്തത്തിൽ പറഞ്ഞ് പഴകിയ ഈ കഥ പ്രേക്ഷകരെ ആകർഷിക്കുന്നില്ല. എങ്കിലും കഷ്ടിച്ച് ഒരു
തവണ വേണമെങ്കിൽ കാണാവുന്ന വകുപ്പൊക്കെ ചിത്രത്തിനുണ്ട്.
ബോക്സോഫീസ് സാധ്യത.
അനൂപ് മേനോൻ ചിത്രങ്ങൾക്ക് നേരെയുള്ള പ്രേക്ഷകരുടെ മുഖം തിരിക്കൽ
ഈ ചിത്രത്തിനും തുടർന്നാൽ ആദ്യ ആഴ്ച്ചയിൽ തന്നെ ചിത്രം സ്ഥലം കാലിയാക്കും. പക്ഷെ മിനിമം
ഒരു 10 days ഈ സിനിമ അർഹിക്കുന്നുണ്ട്
അടിക്കുറിപ്പ്: എന്തെങ്കിലും വറൈറ്റി അവസാനമെങ്കിലും ഈ പഴയകഥയിൽ
ഉണ്ടാകും എന്ന് കരുതിയ പ്രേക്ഷകർ ക്ലൈമാക്സ് കണ്ട് നിരാശരായി. സന്തോഷകരമായ കുടുംബ ജീവിതത്തിനു
അനുസരണ ശീലം വളരെ വളരെ നല്ലതാണു. ഭർത്താവിനു...!!!
റേറ്റിംഗ് : 2.75 /5
1 comments:
ഇങ്ങോട്ട് വന്നിട്ട് ഒരുപാട് നാളായി.
എന്നാൽ, ഇപ്പോൾ വന്നതുകൊണ്ട് ഒരു ഗുണമുണ്ടായി !!
കാശ് പോയാൽ പിന്നെയും ഉണ്ടാക്കാമെന്ന് വെക്കാം. എന്നാൽ, ഇല്ലാത്ത ഈ സമയമെങ്ങാനും പോയിക്കിട്ടിയിരുന്നെങ്കിലോ....??!! ഹെന്റമ്മച്ചീീീ.....
Post a Comment