RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ - Film Review


പുലിമുരുകൻ വേട്ടയാടിയ മലയാള സിനിമ ബോക്സോഫീസിനു ഒന്ന് ശ്വാസം വിടാൻ അവസാനം നരേന്ദ്രമോഡി വരേണ്ടി വന്നു. നാട്ടിൽ ചില്ലറ ക്ഷാമം വന്നപ്പോൾ മാത്രമാണു ബോക്സോഫീസ് അല്പമെങ്കിലും ശ്വാസം വിട്ടത്. പ്രശ്നങ്ങൾ ഒരു വിധം അവസാനിച്ചപ്പോൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു  കട്ടപ്പനയിലെ ഋതിക്ക് റേഷന്റെ വിശേഷങ്ങളിലൂടെ...!!  

അമർ അക്ബർ ആന്റണിയുടെ വമ്പൻ വിജയത്തിനു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണു  കട്ടപ്പനയിലെ ഋതിക്ക് റോഷൻ. ആദ്യ ചിത്രത്തിന്റെ തിരകഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും തന്നെയാണു ഈ സിനിമയുടെയും തിരകഥ രചിച്ചിരിക്കുന്നത്. തിരകഥകൃത്തായ വിഷ്ണു ആദ്യമായി നായകനാവുന്ന സിനിമയാണു ഇത്.  കുറവുകൾ കൂടുതൽ ഉള്ളവന്റെ കഥയായ  കട്ടപ്പനയിലെ ഋതിക്ക് റോഷൻ നിർമ്മിച്ചിരിക്കുന്നത് ദിലീപാണു. സിദിഖ്, പ്രയേഗ , സലീം കുമാർ, ധർമ്മജൻ എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ 

കഥ 

തനിക്ക് ആവാൻ കഴിയാതെ പോയത് തന്റെ മക്കളിലൂടെ സാധിക്കണം എന്നത് ഏതൊരു അഛനമ്മമാരുടെയും ഉള്ളിലെ ആഗ്രഹമാണു. ചിലരത് പുറമേ പ്രകടിപ്പിക്കും ചിലരത്  പ്രകടിപ്പിക്കാറുമില്ല. മക്കൾക്ക് അവരുടേതായ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു എന്ന് വിശാലമായി പറഞ്ഞാൽ പോലും ആ വഴികാട്ടലിലെ ചില സൂചനകൾ തങ്ങളുടെ നടക്കാതെ പോയ ദിശയിലേക്കാവുന്നത് സ്വഭാവികമാണു. ഇവിടെ സിനിമ നടനാവാൻ ആഗ്രഹിച്ച് നടക്കാതെ പോയി  ഒടുവിൽ തന്റെ മകനിലൂടെ ആ ആഗ്രഹം സാധിക്കണം എന്ന് ആഗ്രഹിച്ച് അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരഛനും അഛന്റെ ആഗ്രഹം നിറവേറ്റാനായി ഏതറ്റം വരെയും പോകാൻ തയ്യാറായി നില്ക്കുന്ന ഒരു നായക നടനാവാൻ വേണ്ട യാതൊരു ഗുണകണങ്ങളുമില്ലാത്ത ഒരു മകനും, അത്തരമൊരു അഛന്റെയും മകന്റെയും കഥയാണു കട്ടപ്പനയിലെ ഋതിക്ക് റോഷൻ..!!!!

വിശകലനം.

നായകനാവാൻ മലയാള സിനിമയിൽ വേണ്ട മിനിമം യോഗ്യതയാണു സൗന്ദര്യം. കലാഭവൻ മണി അതിനൊരപവാദമായെങ്കിലും സിനിമ ഉണ്ടായ കാലം മുതല്ക്കേ നില നിന്ന് പോകുന്ന ഒരു സാമ്പ്രദായിക രീതി ആണിത്. (സത്യൻ മാഷിനു സൗന്ദര്യം ഇല്ലായിരുന്നു എന്നൊന്നും ഇതിനിടയിൽ പറഞ്ഞ് വരരുത് പ്ലീസ്..!! ) രാജപ്പൻ തെങ്ങുമ്മൂടും മോഹനും സിനിമനടൻ ആകാൻ ആഗ്രഹിച്ചവരായിരുന്നു. മോഹൻ മമ്മൂട്ടിയെ പോലെ ഗ്ലാമർ ഉള്ള ആളായിരുന്നെങ്കിൽ രാജപ്പൻ ശ്രീനിവാസനെ പോലെ ഒരാളായിരുന്നു. ഇവരിൽ രാജപ്പൻ തെങ്ങുമൂട് സരോജ് കുമാർ എന്ന സൂപ്പർ സ്റ്റാർ ആയി മാറിയപ്പോൾ മോഹൻ എവിടെയും എത്താതെ ഒതുങ്ങി. സിനിമ ഭാഗ്യത്തിന്റെ കൂടി കലയാണു. ഇങ്ങനെ സിനിമ നടനാകണം എന്ന് ആഗ്രഹിച്ചു നടക്കുന്നവർക്കെല്ലാം ഒരു സന്ദേശം നല്കുന്ന സിനിമയാണു കട്ടപ്പനയിലെ ഋതിക്ക് റോഷൻ.

 മികച്ച കോമഡികളുടെ അകമ്പടിയോടെ ആണു സിനിമ മുന്നേറുന്നത്.  നായകനായെത്തിയ വിഷ്ണുവിന്റെ പ്രകടനം കുറ്റമറ്റതയിരുന്നു. മറ്റ് നടന്മാരിൽ ഏറ്റവുമധികം സ്കോർ ചെയ്തത് സലീം കുമാർ ആയിരുന്നു. തന്റെ പ്രതാപ കാലത്തിലേക്കുള്ള ഒരു തിരിച്ച് പോക്ക് ഈ നടനിൽ കാണാം. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൊണ്ട് തിരകഥ ഒരുക്കിയ ബിബിനും വിഷ്ണുവും തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിലും വിജയം കൈവരിച്ചിരിക്കുന്നു. മനോഹരമായ ദൃശ്യങ്ങളും തരക്കേടില്ലാത്തെ ഗാനങ്ങളും ചിത്രത്തിനു നല്കുന്ന പിന്തുണ വലുതല്ല. വലിയ  വലിയ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ടെൻഷനടിക്കാതെ ചെറിയ ചെറിയ സന്തോഷങ്ങൾ വരെ ആഘോഷമാക്കുന്നവർക്ക് ഈ സിനിമ ഒരു നല്ല വിരുന്നാണു.  മിമിക്രി താരത്തിൽ നിന്നും  സംവിധായകനായി മലയാള സിനിമയുടെ മുൻ നിരയിൽ തന്നെ ആദ്യ ചിത്രം കൊണ്ട് കസേരയിട്ടിരുന്ന നാദിർഷ ഈ സിനിമയോട് കൂടി തന്റെ ഇരിപ്പിടം ഒന്നു കൂടി ഉറപ്പിച്ചു. മലയാള സിനിമയിലെ ഏത് നടന്റെയും ഡേറ്റ് ലഭിക്കുമായിരുന്നിട്ടും ഇതു പോലെ ഒരു പരീക്ഷണം നടത്താൻ തയ്യാറായ നാദിർഷായുടെയും നിർമ്മാതാവായ ദിലീപിന്റെയും ധൈര്യത്തിനിരിക്കട്ടെ ഒരു കയ്യടി.. വിജയങ്ങൾ ധീരന്മാർക്കുള്ളതാണു...!!!!!

പ്രേക്ഷക  പ്രതികരണം.

മറ്റൊരു അമർ അക്ബർ പ്രതീക്ഷിച്ച് വന്നവർ എല്ലാം സംതൃപ്തർ..!!!

ബോക്സോഫീസ് സാധ്യത.

സൂപ്പർ ഹിറ്റ് 

റേറ്റിംഗ് : 3 / 5 

അടിക്കുറിപ്പ്: 14 വർഷം ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റുമായി മൊത്തം മലയാളികളെ ചിരിപ്പിച്ച നാദിർഷാക്കാണു വെറും രണ്ടര മണിക്കൂർ ആളുകളെ രസിപ്പിക്കാൻ പാട്....!! മാർപ്പാപയെ കുർബാന ചൊല്ലാൻ പടിപ്പിക്കണോ..!!

ഒരു മുത്തശി ഗദ - Film Review


ഓം ശാന്തി ഓശാന എന്ന കന്നി ചിത്രത്തിലൂടെ മലയാള സിനിമയിൽ പ്രശസ്തനായ സംവിധായകനാണു ജൂഡ് ആന്തണി. നടനായും ചില സിനിമകളിൽ കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ പടമാണു ഒരുമുത്തശി ഗദ. സുരാജ് വെഞ്ഞാറമൂട്, ലെന , വിജയരാഘവൻ, രജനി ചാണ്ടി, ഭാഗ്യലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരകഥ സംവിധായകന്റെ തന്നെയാണു

കഥാസാരം

സിബിച്ചനും കുടുംബവും ആണു കഥയിലെ  പ്രധാന കഥാപാത്രങ്ങൾ. കുടുബം എന്നു പറയുമ്പോൾ സിബിച്ചനു ഭാര്യയും രണ്ട് മക്കളും പിന്നെ അയാളുടെ അമ്മയുമാണുള്ളത്. ലീലാമ്മ എന്ന സിബിച്ചന്റെ അമ്മ നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു മൂശേട്ടയാണു.  അതു കൊണ്ട് തന്നെ സിബിച്ചന്റെ മക്കൾ മുത്തശിക്ക് ഇട്ടിരിക്കുന്ന പേരു റൗഡി ലീലാമ്മ എന്നാണു. 

ഒരു അമ്മായി അമ്മ  - മരുമകൾ പോരാണു മണക്കുന്നതെങ്കിൽ പരസ്പരം സീരിയലിലെയും സ്ത്രീധനത്തിലെയും ചന്ദനമഴയിലേയുമൊക്കെ അമ്മായി അമ്മമാരെ മറന്നേക്കുക ഇത് വേറെ ലെവൽ..! റൗഡി ലീലാമ്മയുടെ ജീവിതത്തിലേക്ക് സിബിച്ചന്റെ ഭാര്യയുടെ അമ്മയായ സൂസമ്മ കടന്നു വരുമ്പോൾ ഉണ്ടാകുന്ന വഴി തിരുവകളാണു സിനിമ പറയുന്നത്.. അതെ വളവിൽ തിരിവുണ്ട്..!!!!

വിശകലനം

ഓംശാന്തി ഓശാനക്ക് ശേഷം വലിയ സെറ്റപ്പിൽ ഒരു പടം ചെയ്യാമായിരുന്നിട്ടും ജൂഡ് ആന്തണി തിരഞ്ഞെടുത്തത് ഒരു വ്യത്യസ്ഥമായ പ്രമേയമാണു എന്നത് അഭിനന്ദനാർഹമാണു. ഒരു മുത്തശി ഗദ എന്ന് പറഞ്ഞ് തുടങ്ങുന്ന ഈ സിനിമ പ്രായമായവരുടെ പ്രശ്നനങ്ങളെ വളരെ ഹ്യൂമറസായിട്ടാണു അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും വീട്ടിൽ ഉള്ള  പ്രായമായവർ എങ്ങനെ ചിന്തിക്കുന്നു അവർ എന്ത് കൊണ്ട് ഇങ്ങനെ പ്രവർത്തിക്കുന്നു എന്നൊന്നും ആലോചിക്കാൻ ഇന്നത്തെ തലമുറ മിനക്കെടാറില്ല. അതിലേക്ക്ഒരു എത്തി നോട്ടമാണു ഒരു മുത്തശിഗദ.  

ടൈറ്റിൽ റോൾ അവതരിപ്പിച്ച രജനി ചാണ്ടി ആദ്യമായി അഭിനയിക്കുന്നതിന്റെ ബാലാരിഷ്ടതകൾ പ്രകടിപ്പിക്കാതെ വളരെ സ്വഭാവികമായി ലീലാമ്മയെ അവതരിപ്പിച്ചു. ലീലാമ്മ ഇങ്ങനെ ആണു അല്ലെങ്കിൽ ഇങ്ങനെ ആയിക്കൂടെ എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളു മുത്തശിയുടെ അഭിനയത്തിലെ കല്ലുകടികൾ. ഞാൻ സംവിധാനം ചെയ്യും എന്ന ചിത്രത്തിനു ശേഷം ഭാഗ്യ ലക്ഷിയെ വീണ്ടും സ്ക്രീനിൽ കാണാനും ഒരു നല്ല അഭിനയം ആസ്വദിക്കാനും സാധിച്ചു. സുരാജ് , ലെന വിജയരാഘവൻ, ബാലതാരങ്ങൾ ഉൾപ്പെടെ എല്ലാവരും സിനിമയിൽ നന്നായി തന്നെ തങ്ങളുടെ ഭാഗം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം നടൻ രാജീവ് പിള്ളയെ വെള്ളിത്തിരയിൽ ഈ സിനിമയിലൂടെ കാണാം.  കാര്യമായ പരിക്കുകളിലാതെ രാജീവ് പിള്ളയും തന്റെ വേഷം വൃത്തിയായി ചെയ്തപ്പോൾ അവിടെ തെളിഞ്ഞ് കണ്ടത് ജൂഡ് ആന്തണി എന്ന സംവിധായകന്റെ മികവ് തന്നെയാണു. 

വിനീത് ശ്രീനിവാസനെ ഒരൊറ്റ ഗാനരംഗത്തിലേക്ക് ഒതുക്കിയ മാർക്കറ്റിംഗ് മികവും എടുത്ത് പറയേണ്ടതാണു. ഗാനങ്ങൾ പക്ഷെ അവസരത്തിനുത്ത് ഉയർന്നില്ലെങ്കിലും മനോഹരരമായ് വിഷ്വലുകളാൽ ആ കുറവ് ഒരുപരിധി വരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്.  ഓം ശാന്തി ഓശാന വലിയ ഹിറ്റ് ആയത് അതിനു വൈവിധ്യാമാർന്നഒരു തിരകഥയും ആ തിരകഥയ്ക്ക് പാകത്തിനൊത്ത സംവിധാനവും ഉള്ളത് കൊണ്ടാണു. ഓംശാന്തിയുടെ തിരകഥാകൃത്ത് അതിനു ശേഷം സ്വന്തമായി രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും മൂന്നാമത്തേതിന്റെ പണിപുരയിൽ ആവുകയും ചെയ്യുന്ന സമയത്താണു ഓംശാന്തിയുടെ സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രവുമായി വരുന്നത്. അതും സ്വ്ന്തം തിരകഥയിൽ.!

 ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദോഷദൃക്കൾ പറഞ്ഞു പരത്തുന്നത് പോലെ  തന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച ക്രഡിറ്റ് പങ്കിട്ടെടുത്ത് കൊണ്ട് പോയതിന്റെ ചൊരുക്കിൽ ഇനി സ്വന്തമായി തിരകഥ എഴുതിയിട്ടേ സിനിമ സംവിധാനം ചെയ്യു എന്ന് ജൂഡ് ആന്തണി ശപഥമെടുത്തത് കൊണ്ടൊന്നുമല്ല രണ്ടാം സിനിമ വൈകിയത്. അത് നല്ലൊരു കഥയ്ക്ക് വേണ്ടിയുള്ള ഒരു കാത്തിരിപ്പിന്റെ നീളമായിരുന്നു എന്ന് മാത്രം. എന്നാൽ ഇത്രയധികം സമയമെടുത്ത് ചെയ്ത ഒരു സിനിമ എന്ന നിലയിൽ കാണുമ്പോൾ ഒരു മുത്തശി ഗദ പോര എന്ന് പറയേണ്ടി  വരും. തിരകഥയിൽ സംഭവിച്ച പാളിച്ചകൾ സിനിമയെ മൊത്തത്തിൽ ബാധിക്കുന്നു. എങ്കിലുംഒരു വട്ടം വീട്ടുകാരെയെല്ലാം കൊണ്ട് പോയി കാണിക്കാവുന്ന പടമാണു ഒരു മുത്തശി ഗദ.മുത്തശിമാർകൊക്കെ ഒരു സന്തോഷമാവട്ടെന്നെ..!!

പ്രേക്ഷക പ്രതികരണം

ഒരു ജൂഡ് ആന്തണി സില്മ എന്ന് കണ്ട് എന്തോ വലിയ സംഭവമാകും എന്ന് കരുതി കണ്ട ന്യൂജനറേഷൻ ബഡീസിനു ഇത് സീൻ കോണ്ട്ര.  എന്നാൽ ജൂഡ് ആന്തണിയെ കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ നടത്തുന്ന ധീരമായ പോരാട്ടങ്ങളെ കുറിച്ചുമൊന്നും അറിയാതെ പടം കണ്ട സാധാരണക്കാരനു ഇതൊരു നല്ല സിനിമ. 

ബോക്സോഫീസ്  സാധ്യത.

ഒപ്പത്തിനും ഊഴത്തിനും ടിക്കറ്റ് കിട്ടാതെ വരുമ്പോൾ മനസ്സിലാ മനസ്സോടേ കൊച്ചൗവയ്ക്ക് പോകാമെന്ന് തിരുമാനിക്കുകയും അതും ഹൗസ് ഫുളാണെന്നറിയുമ്പോൾ സെണ്ട്രൽ ജയിലിനു തല വെക്കാൻ ത്രാണിയില്ലാത്തവരാണു ഇപ്പോൾ ഈ സിനിമ കാണുന്നത്. വരും ദിവസങ്ങളിൽ ഈ സമവാക്യങ്ങൾ മാറി മറിഞ്ഞാൽ ഇതൊരു ഹിറ്റായി മാറും. കാത്തിരിക്കാം മറ്റൊരു ജൂഡ് ആന്തണി മാജിക്കിനായി..! ഓർക്കുക ഓംശാന്തി ഓശാനയും പ്രദർശനം തുടങ്ങിയത് ഒഴിഞ്ഞ സദസ്സുകൾക്ക്  മുൻപിലായിരുന്നു..!!

റേറ്റിംഗ് : 3 / 5 

അടിക്കുറിപ്പ്:  “എന്റെ സിനിമ മോശമാണെങ്കിൽ അത് തന്റെ ഫേസ്ബുക്കിൽ കുറിച്ചാൽ പോരെ. അതെന്തിനു എന്റെ ഫേസ്ബുക്കിൽ താൻ കുറിക്കണം.. താൻ എന്റെ ഫേസ്ബുക്കിൽ കുറിച്ചാൽ ഞാൻ തന്നെ ബ്ലോക്കും.. കാരണം ഇത് എന്റെ ഫേസ്ബുക്കാണു..തനിക്ക് വേണേൽ തന്റെ ഫേസ്ബുക്കിൽ കുറിക്ക്...എന്നിട്ടെനെ ടാഗ്..! ” അതല്ലേ ഹീറോയിസം..!!

Welcome To Central Jail - Film Review


ഈ ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിജയ പ്രതീക്ഷയുമായെത്തിയ സിനിമ ആണു വെല്ക്കം ടു സെണ്ട്രൽ ജയിൽ. ദിലീപ് നായകനായ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സുന്ദർ ദാസാണു. ബെന്നി പി നായരമ്പലമാണു ചിത്രത്തിന്റെ രചയിതാവ്. ദേവിക ദിലീപിന്റെ നായികയായെത്തുന്ന ചിത്രത്തിൽ രൺജി പണിക്കർ , അജു  വർഗീസ്, ഷറഫ്ദീൻ , ഷാജോൺ തുടങ്ങി നിരവധി പേർ അണിനിരക്കുന്നു. 

കഥ

ജയിലിൽ ജനിച്ചവനാണു ഉണ്ണികുട്ടൻ. മാതാപിതാക്കൾ രണ്ട് പേരും ജയിലിൽ ആയതിനാൽ അവിടെ തന്നെയാണു ഉണ്ണി വളർന്നത്. ചെറുപ്പത്തിലേ അഛനും അമ്മയും ജയിലിൽ കിടന്ന് മരിച്ചത് കൊണ്ട് ജയിൽ വിട്ട് ഒരു ജീവിതം അയാൾക്കില്ല. വലുതായപ്പോൾ പുറം ലോകവുമായി ഒരു ബന്ധവും അവശേഷിക്കുന്നില്ലാത്തത് കൊണ്ട് ഉണ്ണി കുട്ടൻ ജയിലിൽ അങ്ങനെ തുടരുകയാണു. ഒരു കേസ് കഴിയുമ്പോൾ മറ്റേത് പിന്നെ അടുത്തത് 

അങ്ങനെ ജയിലിൽ കിടക്കാൻ ചാൻസുണ്ടാക്കുന്ന കേസുകൾ ഏറ്റെടുത്ത് ജയിൽ പുള്ളികളുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും കണ്ണിലുണ്ണിയായി ഉണ്ണികുട്ടൻ വിലസിക്കൊണ്ടിരിക്കുമ്പോഴാണു അവൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്..!!!!

വിശകലനം

മുഖവുരയിലാതെ കാര്യം പറഞ്ഞേക്കാം ഈ ഓണക്കാലത്ത് എന്നല്ല, മലയാള സിനിമയിൽ ഇന്നേ വരെ ഇറങ്ങിയതിൽ വേച്ചേറ്റവും തല്ലിപൊളി സിനിമകളിൽ ഒന്നാണു വെല്ക്കം ടു സെണ്ട്രൽ ജയിൽ . സിനിമ വിജയിക്കുമ്പോൾ അത് നായകന്റെ വിജയവും പരാജയപ്പെടുമ്പോൾ അത് സംവിധായകന്റെ പരാജയവും ആണെന്നു പറയുന്ന ഒരു ചീഞ്ഞ പതിവ് ഉണ്ട് മലയാള സിനിമയിൽ. ശരിയാണു ഈ സിനിമയുടെ അന്ത്യത്തിനു കാരണക്കാരൻ സുന്ദർ ദാസ്  എന്ന സംവിധായകൻ തന്നെയണു. 

ഈ സിനിമയിൽ നായകനായ ദിലീപിനു തിരകഥ രചിച്ച ബെന്നി പി നായരമ്പലത്തിനും ഇതിൽ പങ്കില്ലേ എന്ന് ചോദിച്ചാൽ ആ രക്തത്തിൽ അവരെ ഒഴിവാക്കുന്നതാണു കാവ്യ നീതി എന്ന് പറയേണ്ടി വരും. ദിലീപിന്റെ ഫെസ്റ്റിവൽ സിനിമകൾക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. അതേ ശ്രേണിയിൽ തന്നെയുള്ള തിരകഥയാണു ഈ പടത്തിനും. എന്നാൽ അത് എങ്ങനെയൊക്കെ മോശമാക്കാമോ അതിന്റെ അങ്ങേയറ്റത്ത് കൊണ്ട് ചെന്നെത്തിച്ചത് സംവിധായകന്റെ പിടിപ്പ് കേട് കൊണ്ട് തന്നെയാണു. 155 മിനുറ്റ് നീളമുള്ള ഒരു വധം എന്ന് ഒറ്റവാക്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. 

ദിലീപ് സ്വയം അനുകരിച്ച് കാണിച്ചു കൂട്ടുന്ന കോമാളിത്തരങ്ങൾ കണ്ട് ചിരിക്കണോ കരയണോ അതോ എഴുന്നേറ്റ് ഓടണോ എന്നറിയാതെ സ്തംബന്ധരായിരിക്കുന്ന പ്രേക്ഷകർ. കുട്ടികളെ കൊണ്ടൊക്കെയാണു ഈ സിനിമയ്ക്ക് കയറുന്നതെങ്കിൽ അതോടെ തീർന്നു ഈ വർഷത്തെ ഓണം..! ബെന്നി പി നായരമ്പലത്തിന്റെ നിലവാരം അവസാന ചിത്രമായ ഭയ്യ ഭയ്യയിൽ തന്നെ നില്ക്കുകയാണു. നായികയായെത്തിയ ദേവികയ്ക്കും മറ്റ് അഭിനേതാക്കൾക്കും ഈ അസംബന്ധ നാടകത്തിൽ തങ്ങളുടെ വേഷം ചെയ്യുക എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിരുന്നില്ല. 

അരോചകരമായ ഗാനങ്ങൾ നിറഞ്ഞതാണെങ്കിലും ആദ്യ പകുതി ഒരു പരിധി വരെ സഹിച്ചിരിക്കാമെങ്കിൽ രണ്ടാം പകുതിയിൽ പിന്നെയും തിയറ്ററിൽ ഇരുന്ന ഹതഭാഗ്യരായ പ്രേക്ഷകരെ കൊല്ലാകൊല ചെയ്യുകയാണു ചെയ്യുന്നത്. തന്റെ തുടക്ക കാലത്ത് സഹായിച്ച സംവിധായകരെ ഇപ്പോൾ തിരിച്ച് സഹായിക്കുകയാണു ദിലീപ് ചെയ്തു കൊണ്ടിരുന്നത്. അതിന്റെ ഭാഗമായാണു ജോസ് തോമസ് മായ മോഹിനിയും സന്ധ്യ മോഹൻ മിസ്റ്റർ മരുമകനുമെല്ലാം സംവിധാനം ചെയ്തത്, ഈ കാരുണ്യ പ്രവർത്തിയുടെ തുടർച്ചയെന്നോണമാണു തന്നെ നായകനാക്കിയ സുന്ദർ ദാസിനും ഒരവസരം ദിലീപ് കൊടുത്തത്. അതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെയായി

. ഇതു പോലെയുള്ള സിനിമകളിൽ വീണ്ടും വീണ്ടും അഭിനയിച്ചാൽ ഇപ്പോൾ ഡേറ്റ് കൊടുത്ത് സഹായിക്കുന്ന സംവിധാകരുടെ അവസ്ഥ വലിയ താമസമില്ലാതെ തനിക്കും വരും എന്ന് ദിലീപ് എപ്പോഴെങ്കിലും മനസ്സിലാക്കിയാൽ മതിയായിരുന്നു..!!

പ്രേക്ഷക പ്രതികരണം

പാണ്ടി ലോറി കയറിയ തവളയെ പോലെ ആയ അവസ്ഥയിൽ എന്തോന്ന് പ്രതികരണം.

ബോക്സോഫീസ് സാധ്യത

ഏറ്റവും മോശം റിവ്യൂസ് വരുന്ന  സിനിമകളാണു ദിലീപിന്റെ ഏറ്റവും വലിയ പണം വാരി പടങ്ങൾ. അതു കൊണ്ട് തന്നെ ഇതും ഒരു ബ്ലോക് ബസ്റ്റർ ആയാലും അത്ഭുതപ്പെടാനില്ല. 

റേറ്റിംഗ്:  ഇല്ല സാർ.. ഇന്നലെ ഞങ്ങൾ ഇല്ല സാർ..!!1

അടിക്കുറിപ്പ്: ഇതിലും നല്ലത് അങ്ങ് തൂക്കി കൊല്ലുന്നതായിരുന്നു..!!!!!

കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ല - Film Review


മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനി ആയിരുന്ന ഉദയ നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിർമ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണു കെ പി എ സി. ഉദായായുടെ പുതു തലമുറക്കാരനായ കുഞ്ചാക്കോ ബോബൻ ആണു ഈ ചിത്രത്തിലെ നായകൻ ദേശീയ അവാർഡ് ജേതാവായാ സിദാർത്ഥ് ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ നടൻ സുധീഷിന്റെ മകൻ രുദ്രാഷ് , അനുശ്രീ , അജു വർഗീസ് , സുരാജ് എന്നിവരാണു മറ്റ് പ്രധാന അഭിനേതാക്കൾ

കഥ 

ഇടുക്കിയിലെ ഒരു ഗ്രാമത്തിലാണു ഈ കഥ നടക്കുന്നത് ഇവിടെ ഗ്രാമീണതയുടെ എല്ലാ നിഷ്കളങ്കതകളും പേറി ജീവിക്കുന്ന ഒരുപറ്റം നാട്ടുകാർ. അവരുടെ ഇടയിലാണു നമ്മുടെ കൊച്ചൗവ ജീവിക്കുന്നത്. നാട്ടുകാർക്ക് എല്ലാകാര്യങ്ങൾക്കും സഹായിയായി ജീവിക്കുന്ന കൊച്ചൗവ പൗലോ കൊയ്‌ലോ എന്ന എഴുത്തുകാരന്റെ വലിയ ആരാധകൻ കൂടിയാണു. കക്ഷിക്ക് ഒരു ചില്ലറ പ്രേമമൊക്കെയുണ്ട്. അങ്ങനെ കൊച്ചൗവയുടെ ജീവിതം സ്വച്ചന്ദമായി നീങ്ങുന്നതിനിടയിലാണു അയാളുടെ ജീവിതത്തിലേക്ക് അയ്യപ്പദാസ് എന്ന കുട്ടി കടന്നു വരുന്നത്.

 ജീവിതത്തിൽ ഒരിക്കല്ലെങ്കിലും വിമാനത്തിൽ സഞ്ചരിക്കുക എന്നതാണു അയ്യപ്പദാസിന്റെ ലക്ഷ്യം.  ആ ലക്ഷ്യം പ്രത്യക്ഷത്തിൽ അപ്രാപ്യമാണു എന്ന് തോന്നുമെങ്കിലും അയ്യപ്പദാസിനെ സഹായിക്കാതിരിക്കാൻ കൊച്ചൗവയ്ക്ക് കഴിയുമായിരുന്നില്ല. പ്രത്യേകിച്ച്  നമ്മുടെ മനസ്സിൽ തീവ്രമായ ഒരു ആഗ്രഹമുണ്ടെങ്കിൽ അത് സാധ്യമാക്കുവാനായി ഈ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാകും എന്ന തന്റെ ആരാധ്യ പുരുഷന്റെ വാക്കുകളാൽ പ്രചോദിതനായ കൊച്ചൗവയ്ക്ക്..!! അയ്യപ്പദാസിന്റെ ആഗ്രഹം സഫലീകരിക്കുമോ എന്നതാണു കെപി എസിയുടെ ശേഷ ഭാഗം..!!

വിശകലനം

ദേശീയ ബഹുമതി നേടിയ രണ്ട് ചിത്രങ്ങൾ സംവിധാന ചെയ്ത ആളാണു സിദ്ദാർത്ഥ് ശിവ. ഏറ്റവുമൊടുവിൽ ഇറങ്ങിയ ഐൻ എന്ന സിനിമ ഡിവിഡി പ്രേക്ഷകരിലെത്തി ചലനം സൃഷ്ടിച്ചു തുടങ്ങിയിട്ടില്ലെങ്കിലും 101 ചോദ്യങ്ങൾ എന്ന സിനിമ കണ്ട ആരും സിദാർത്ഥ് ശിവയുടെ സംവിധാന മികവിനെ ചോദ്യം ചെയ്യില്ല എന്നുറപ്പ്. ഉദയ സ്റ്റുഡിയോ പോലെയൊരു കമ്പനി ഒരു തിരിച്ചു വരവിനൊരുങ്ങുമ്പോൾ മലയാളത്തിലെ ഏത്  വലിയ താരത്തെ വെച്ച് ഏത് വലിയ സംവിധായകനെ കൊണ്ട് വേണമെങ്കിലും എത്ര കോടി മുടക്കിയിട്ടായാലും ഒരു സിനിമ ഒരുക്കാമെന്നിരിക്കെ സിദാർത്ഥ് ശിവയെ പോലെയൊരാളെ വെച്ച് കെ പി എ സി പോലെ ഒരു സിനിമ നിർമ്മിച്ചത് വെറും കച്ചവട സിനിമ എന്നതിലുപരിയായി സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു നല്ല സിനിമ ഉണ്ടാക്കുക എന്ന ലക്ഷ്യം ഒന്നു കൊണ്ട് മാത്രമാവണം. അതിൽ ഭാഗികമായ അളവിൽ അണിയറക്കാർ വിജയിച്ചു എന്ന് വേണം പറയാൻ. 

പൗലോ കൊയ്‌ലോ എന്ന എഴുത്തുകാരൻ ആരാണെന്ന് അറിയാത്തവർ വരെ അദ്ദേഹത്തിന്റെ ആല്ക്കമീസിലെ വാക്കുകൾ പല ആവർത്തി പല സിനിമകളിൽ കണ്ട് പരിചിതമായവർ ആണു.  ആല്ക്കമീസിലെ വാചകങ്ങൾ ക്വാട്ട് ചെയ്ത് അവതരിപ്പിക്കുക എന്നത് ഒരിടയ്ക്ക് സിനിമകളിൽ ഒരു ഫാഷൻ പോലുമ്മാവുകയുണ്ടായി.  അത്തരം സിനിമകളില്ലെല്ലാം സന്ദർഭത്തിനു ഒരു എരിവ് കിട്ടാൻ വേണ്ടി തിരുകി കയറ്റുന്നതാണീ ഡയലോഗ് എങ്കിൽ ഈ സിനിമയിൽ അതങ്ങനെയല്ല. ഈ സിനിമ ആ വാചകങ്ങളുടെ അർത്ഥവ്യാപ്തി കാണിച്ചു തരുന്ന ഒന്ന്നാണു. 

അയ്യപ്പദാസ് ആയി എത്തിയ മാസ്റ്റർ രുദ്രാഷ് അടക്കം നിരവധി ബാല താരങ്ങൾ ചിത്രത്തിലുണ്ട്. എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചിരിക്കുന്നു. കുഞ്ചാക്കോ ബോബന്റെ സ്ഥിരം കോമാളിത്തരങ്ങളിൽ നിന്ന് വേറിട്ട് നില്ക്കുന്ന ഒന്നാണു കൊച്ചൗവ. മനോഹരമായ ദൃശ്യങ്ങൾ കെ പി എസിയുടെ അനുഗ്രഹമാണു. സാമൂഹ്യ പ്രതിബന്ധത എന്ന കാര്യത്തിൽ ഊന്നി എടുക്കുന്ന സിനിമയാണെങ്കിൽ പോലും അതിന്റെ വിപണന സാധ്യത മുൻ നിർത്തി ഈ സിനിമയെ ഒരു ഓണക്കാല എന്റർടെയ്നർ എന്ന വിഭാഗത്തിൽ പരിഗണിക്കാൻ ആവശ്യമായ ചേരുവകൾ കുത്തി നിറക്കാൻ ഒരു പക്ഷെ സിദ്ദാർത്ഥ് ശിവ നിർബന്ധിതനായിരുന്നേക്കാം. എന്നാൽ അതിൽ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. 

കുട്ടികളുടെ ചിത്രം എന്ന നിലയിൽ അറിയപ്പെടേണ്ട സിനിമ കുഞ്ചാക്കോ ബോബന്റെ സിനിമ എന്നറിയപ്പെട്ടപ്പോൾ അത് ആ സിനിമയുടെ അസ്ഥിത്വത്തെ തന്നെ മാറ്റി മറിക്കുകയാണുണ്ടായത്.  വലിയവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന  മികച്ച സിനിമ ആയിരുന്നിട്ടും മാർക്കറ്റിംഗ് പിന്തുണ ഇല്ലാത്തത് കൊണ്ടാണു 101 ചോദ്യങ്ങൾ തിയറ്ററിൽ ശ്രദ്ധിക്കാതെ പോയത്. എന്നാൽ വലിയ ബാനറിൽ ഒരു സിനിമ ചെയ്തപ്പോൾ അത് കുട്ടികൾക്ക് മാത്രം ഇഷ്ടപ്പെടാൻ സാധ്യത ഉള്ള ഒന്നാക്കി മാറ്റാനെ സിദാർഥ് ശിവയ്ക്ക് കഴിഞ്ഞുള്ളു. അതു കൊണ്ട് തന്നെ നല്ലൊരു പ്രമേയം ഉണ്ടായിട്ടും മികച്ച അവതരണം ഉണ്ടായിട്ടും കെ പി എ സി ശരാശരിയിൽ ഒതുങ്ങുന്ന ഒരു ചിത്രമായി മാറുന്നു. ഒരു കൊച്ചു ചിത്രം..!!!

പ്രേക്ഷക പ്രതികരണം

ആശകൾ , നിരാശകൾ...!!!

ബോക്സോഫീസ് സാധ്യത

ഓണത്തിനിറങ്ങിയ വമ്പൻ സിനിമകളോട് മുട്ടി നില്ക്കാനുള്ള കെല്പൊന്നും പുതിയ ഉദയ സ്റ്റുഡിയോക്കില്ല. 

റേറ്റിംഗ്: 2.5 / 5 

അടിക്കുറിപ്പ്: പല സിനിമകളിലും കോമാളി വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ആളാണു സിദാർത്ഥ് ശിവ. അദ്ദേഹം ഇത്ര കഴിവുള്ള മനുഷ്യനാണെന്ന് സത്യായിട്ടും കണ്ടാൽ പറയുകേലാ കേട്ടാ..!!! 

ഊഴം - Film Review


സൂപ്പർ ഹിറ്റ് ചിത്രമായ മെമ്മറീസിനു ശേഷം പൃഥ്വിരാജും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണു ഊഴം. ജിത്തു ജോസഫ് തന്നെ തിരകഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ നായികയായി ദിവ്യ പിള്ള എന്ന പുതുമുഖവും മറ്റ് വേഷങ്ങളിൽ നീരജ് മാധവ്, പശുപതി, ജയപ്രകാശ് എന്നിവരും അഭിനയിക്കുന്നു. ദൃശ്യത്തിനു ശേഷമെത്തിയ ജിത്തു ജോസഫിന്റെ  ലൈഫ് ഓഫ് ജോസൂട്ടി പരാജയമായത് കൊണ്ടും പൃഥ്വിരാജിന്റെ അടുത്തിടെയിറങ്ങിയ സിനിമകൾ തരംഗമാവാത്തത് കൊണ്ടും ഒരു മെഗാഹിറ്റിൽ കുറഞ്ഞ ഒന്നിലും ഇരുവരുടെയും പ്രേക്ഷകർ തൃപ്തരാവുമായിരുന്നില്ല. ഊഴത്തിനു ആ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞോ എന്ന് പരിശോധിക്കാം. 

കഥ

തമിഴ് നാട്ടിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന കൃഷ്ണമൂർത്തി ഒരു വലിയ മരുന്ന് കമ്പനി സമൂഹത്തിൽ നടത്തുന്ന ചതി തെളിയിക്കാൻ ശ്രമിക്കുന്നു. മാരകമായ രോഗം പരത്തുന്ന വൈറസുകളെ കണ്ടെത്തി അത് ആളുകളിലേക്കെത്തിക്കുകയും ആ രോഗം പടർന്ന് പിടിക്കുമ്പോൾ അതിന്റെ വാക്സിൻ ഉത്പാദിപ്പിച്ച് വിറ്റ് കോടികളുണ്ടാക്കുകയും ആണു കമ്പനി ചെയ്യുന്നത്. ഇത് പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ കൃഷ്ണ മൂർത്തിയെയും ഭാര്യയെയും മകളെയും കമ്പനിയുടെ ആളുകൾ കൊല്ലുന്നു. അവരോട് കൃഷ്ണമൂർത്തിയുടെ മകനായ സൂര്യ പ്രതികാരം ചെയ്യുന്നതാണു ഊഴം. 

വിശകലനം

സംഭവം പഴയ ബോംബ് കഥയാണെങ്കിലും അതിൽ ഒരു നോൺ ലീനിയർ ടച്ച് കൊണ്ട് വന്ന് ഒരു വ്യത്യസ്ഥത കൈവരുത്തുന്നതിൽ ജിത്തു ജോസഫ് വിജയിച്ചിട്ടുണ്ട്. ആദ്യ പകുതി നന്നായെങ്കിലും രണ്ടാം പകുതിയിൽ പ്രതിഭാധനനായ ഒരു സംവിധായകന്റെ ധൂർത്ത് ധാരാളമായി കാണാം. അതു കൊണ്ട് തന്നെ ആദ്യമേ പറയട്ടെ ദൃശ്യം , മെമ്മറീസ് എന്നീ സിനിമകളെക്കാൾ താഴെ നില്ക്കുന്ന ഒരു സിനിമയാണു ഊഴം. 

ദൃശ്യത്തേക്കാൾ നന്നാവുക അല്ലെങ്കിൽ ദൃശ്യം പോലെയാവുക എന്ന വെല്ലുവിളി ഇനി കരിയറിന്റെ അവസാനം വരെ ജിത്തു ജോസഫ് നേരിടാൻ ഇരിക്കുന്ന ഒന്നാണു. ദൃശ്യം പോലെയൊരു സിനിമ സ്ഫടികം പോലെ വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്നതാണു അതു കൊണ്ട് തന്നെ അത് ചരിത്രവുമാണു. ചരിത്രം പ്രഹസനമായി മാത്രമേ ആവർത്തിക്കാറുള്ളു എന്നത് കൊണ്ടാവണം വീണ്ടുമൊരു ദൃശ്യത്തിനു ജിത്തുജോസഫ് ശ്രമിക്കാത്തത്. എന്നിരുന്നാലും മലയാളികൾക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തിൽ നിന്ന് കൊണ്ട് കഥ പറയാൻ ശ്രമിക്കുന്നു എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണു. 

പൃഥ്വിരാജ് തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് എല്ലാം എന്തെങ്കിലുമൊരു പ്രത്യേകത കാണുമെന്ന ഒരു വിശ്വാസം ഇപ്പോൾ പ്രേക്ഷകർക്കുണ്ട്. ഊഴത്തിന്റെ കാര്യത്തിൽ അത് ശരിയാണെങ്കിലും ടോട്ടൽ സിനിമയിൽ വല്ലാണ്ടൊരു അപൂർണ്ണത സാധാരണ പ്രേക്ഷകനു അനുഭവപ്പെടുന്നുണ്ട്. ജിത്തു ജോസഫിനെ പോലൊരു സംവിധായകനിൽ നിന്നുണ്ടാകേണ്ടിയിരുന്ന പെർഫക്ഷൻ ഊഴത്തിനില്ലാതെ പോയി. സാങ്കേതികമായി ശരാശരി നിലവാരത്തിൽ നിന്നും ഉയർന്ന പ്രകടനമാണു ചിത്രം കാഴ്ച്ച വെച്ചിരിക്കുന്നത്. 

അഭിനേതാക്കളിൽ നായകനെ ഒഴിച്ച് നിർത്തിയാൽ മറ്റ് ആർക്കും കാര്യമായ പെർഫോമൻസിനു വകുപ്പില്ല എന്നതാണു സത്യം. തന്റെ അഭിനയം നന്നെന്നു പറയാൻ മറ്റുള്ളവരെ കൊണ്ടൊക്കെ മോശമായി അഭിനയിപ്പിക്കുന്നു എന്ന് പണ്ട് പഴി കേട്ട ദുല്കറിനിസം പൃഥ്വിരാജിനും പിടിപെട്ടോ എന്ന് ഈ സിനിമ കണ്ട് ആർക്കെങ്കിലും സംശയം തോന്നിയാലും വലിയ തെറ്റില്ല.

 ജിത്തു ജോസഫിന്റെ സിനിമയിൽ ഒരു സസ്പെൻസ് ഒളിച്ചിരിക്കുന്നുണ്ടാവും അവസാന നിമിഷം അത് പുറത്തു വരും എന്നാണു പൊതുവിൽ വിശ്വാസം. എന്നാൽ ഊഴം ഒരു സസ്പെൻസ് സിനിമയല്ല. ഇതൊരു ത്രില്ലർ സിനിമയാണു. ആദ്യാവസാനം വരെ പ്രേക്ഷകർ ത്രില്ലടിച്ചിരിക്കും എന്ന് വിചാരിച്ച് ഉണ്ടാക്കിയ സിനിമ. അതിൽ 30 ശതമാനം മലയാളവും 30 ശതമാനം തമിഴും ബാക്കി 40 ശതമാനം ഇംഗ്ലീഷുമാണു സംസാരിക്കുന്നത്. അമിത പ്രതീക്ഷകൾ വെച്ച് പുലർത്താതെ പോയാൽ ത്രില്ലർ സിനിമകൾ  ഇഷ്ടപ്പെടുന്നവർക്ക് ഒരു വട്ടം കണ്ടിരിക്കാൻ ഉള്ളതേ ഉള്ളു ഊഴം.

പ്രേക്ഷക പ്രതികരണം

പൂർണ്ണമായി സംതൃപ്തി ലഭിക്കാത്തതിന്റെ ഒരു അസംതൃപ്തിയോടെ പ്രേക്ഷകർ തിയറ്റർ വിട്ടു

ബോക്സോഫീസ് സാധ്യത

ലൈഫ് ഓഫ് ജോസൂട്ടീ എന്ന ഗുണ്ട് പടം വരെ 12 കോടി കളക്ട് ചെയ്തു എന്ന് പറയപ്പെടുന്ന ഈ നാട്ടിൽ ഊഴം ഒരു ഫ്ലോപ്പ് സിനിമ ആവില്ല

റേറ്റിംഗ് : 2.5 /5 

അടിക്കുറിപ്പ്: മലയാള സിനിമ എന്ന ഇട്ടാവട്ടത്ത് നിന്ന് നാഷ്ണൽ സിനിമ എന്ന തലത്തിലേക്ക് തന്റെ സിനിമകളെ ഉയർത്താനുള്ള പൃഥ്വിയുടെ ആദ്യ പടിയായി ഈ സിനിമയെ കാണാം..! പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടികളാണല്ലോ..!!!  

ഒപ്പം - Film Review


മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടായ പ്രിയദർശൻ മോഹൻലാൽ ഗീതാഞ്ജലിക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണു ഒപ്പം. ആന്റണി പെരുബാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിനു തിരകഥ പ്രിയദർശൻ തന്നെയാണു ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു , അനുശ്രീ , വിമലരാമൻ, ബേബി മീനാക്ഷി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ

ഒപ്പം ജന്മനാ അന്ധനായ ജയരാമൻ എന്ന മദ്ധ്യവയസിലേക്ക് കടക്കുന്ന ഒരു യുവാവിന്റെ കഥയാണു. അന്ധത കാരണം താൻ മറ്റുള്ളവർക്ക് ഒരു ഭാരമായി തീരരുത് എന്ന് നിർബന്ധ ബുദ്ധി ഉള്ളത് കൊണ്ട് സ്പർശനം കൊണ്ടും സാമീപ്യം കൊണ്ടും മണം കൊണ്ടുമെല്ലാം കാഴ്ച്ചയുള്ളവരെക്കാൾ നന്നായി തിരിച്ചറിവ് ഉണ്ടാക്കാൻ ജയരാമൻ ചെറുപ്പം മുതലേ പരിശ്രമിച്ച് അതിൽ വിജയം കണ്ടെത്തിയ ആളാണു. ഇപ്പോൾ പുള്ളിക്കാരൻ ഒരു ലിഫ്റ്റ് ഓപ്പറേറ്ററായാണു ജോലി ചെയ്യുന്നത്.

 അങ്ങനെയിരിക്കെ ആ ഫ്ലാറ്റിലെ ഒരു കൊലപാതകത്തിനു ജയരാമനു സാക്ഷിയാകേണ്ടി വരുന്നു. കാഴ്ച്ചയില്ലാത്ത ജയരാമൻ എങ്ങനെ സാക്ഷിയാകും എന്ന സംശയം ഉയർന്നു വന്നേക്കാം എന്നുള്ളത് കൊണ്ട് കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന പൊതു തത്വം പ്രകാരം സംശയത്തിന്റെ മുന ജയരാമനിലേക്ക് നീളുന്നു. തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ മാത്രം ആവശ്യമായത് കൊണ്ട് കണ്ണില്ലാത്ത ജയരാമൻ കണ്ടിട്ടില്ലാത്ത കൊലയാളിയെ കണ്ടു പിടിക്കാനായി ഇറങ്ങുകയാണു. അതെ എന്റെ ഒപ്പം എല്ലാവരുമുണ്ട് , അവന്റെ ഒപ്പം ഞാനുമുണ്ട്..!!!!!!

വിശകലനം. 

ഒരിക്കലും മടുക്കില്ലാത്ത ഒരുപിടി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഒരു കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുമ്പോൾ വലിയ ഒരു വിജയം സിനിമ ലോകം പ്രതീക്ഷിക്കുന്നതാണു പതിവ്. എന്നാൽ പ്രിയദർശൻ എന്ന സംവിധായകന്റെ അവസാനത്തെ പടങ്ങളുടെ ഒരു നിലവാരം വെച്ച് അളക്കപ്പെടുമ്പോൾ അങ്ങനെയൊരു മിഥ്യാധാരണ സാമാന്യ ബുദ്ധി ഉള്ള ഒരു പ്രേക്ഷകൻ വെച്ചു പുലർത്തില്ല എന്നതാണു സത്യം. 19 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ചന്ദ്രലേഖയാണു ഈ കൂട്ടുകെട്ടിൽ രസിപ്പിച്ച അവസാനത്തെ സിനിമ എന്നുള്ളപ്പോൾ പ്രത്യേകിച്ചും..! 

എന്നാൽ അപ്രതീക്ഷിതം എന്ന് പറയട്ടെ അവിചാരിതം എന്ന് പറയട്ടെ എല്ലാ മുൻ വിധികളെയും തകിടം മറിച്ചു കൊണ്ട് ഒപ്പം ഒരു നല്ല സിനിമ ആയി മാറുകയാണു ഉണ്ടായത്. ഒരു ഓണക്കാലത്ത് വെക്കേഷൻ അടിച്ചു പൊളിക്കാൻ കുട്ടികളും കുടുബങ്ങളുമൊക്കെയായെത്തി കോമഡി കണ്ട് ആർത്തുലസിച്ച് കാണാവുന്ന സിനിമ അല്ല ഒപ്പം. ഇതൊരു സസ്പെൻസ് ത്രില്ലർ ആണു. കോമഡിയുടെ ആധിക്യമിലാതെ തന്നെ സസ്പെൻസ് ചേരുവകൾ വേണ്ട രീതിയിൽ ഉപയോഗിച്ച് പ്രേക്ഷകനെ പിടിച്ചിരുത്താൻ ഒപ്പത്തിനു സാധിക്കുന്നു. മോഹൻ ലാൽ എന്ന നടന്റെ പ്രകടനം അന്യഭാഷ മൊഴി മാറ്റ ചിത്രങ്ങളിൽ കണ്ട് നിർവൃതി അടയാൻ വിധിക്കപ്പെട്ട ആരാധകർക്ക് ഒരു ആഘോഷം തന്നെയാണു ഈ സിനിമ. 

തന്റെ കൈയിലെ സ്റ്റോക്ക് തീർന്നു എന്ന വിമർശനങ്ങൾക്ക് തകർപ്പൻ മറുപടിയുമായി പ്രിയദർശൻ തിരിച്ചു വന്നിരിക്കുന്നു. പ്രിയദർശന്റെ മെഗാഹിറ്റ് സിനിമകൾ പരിശോധിച്ചാൽ തിരകഥ രചിച്ചിരിക്കുന്നത് മറ്റ് പലരുമാണു എന്ന് മനസ്സിലാക്കാം. എന്നാൽ തന്റെ സംവിധാന മികവ് കൊണ്ട് ആ ക്രെഡിറ്റും കൂടി സ്വന്തം പേരിലാക്കാൻ കഴിവുണ്ടായിരുന്ന ആ വലിയ സംവിധായകൻ പിന്നീട് ബോളിവുഡിലേക്ക്  ചേക്കേറി മലയാളത്തിൽ നിന്ന് കോപ്പിയടിച്ച് ഹിന്ദിയിൽ കൊണ്ട് പോയി അവിടെ നിന്ന് ഇങ്ങോട്ട് കോപ്പി ചെയ്ത് അങ്ങനെ അഴകൊഴമ്പ് പരുവമാക്കിയ നിരവധി സിനിമകളുണ്ട്. അതു കൊണ്ട് തന്നെയാണു തിരകഥ എഴുതുന്നത് പ്രിയദർശൻ ആയത് കൊണ്ട് സംശയ ദൃഷ്ടിയോടെ എല്ലാവരും വീക്ഷിച്ചത്. എന്നാൽ ഒപ്പം സിനിമയുടെ തിരകഥ വേറെ ഏതെങ്കിലും സിനിമയുടെ അടിച്ചുമാറ്റൽ ആണെന്ന് തെളിയിക്കപ്പെടുന്നത് വരെയെങ്കിലും ഇതൊരു നല്ല സൃഷ്ടി തന്നെയാണു.

 മനോഹരമായ ദൃശ്യങ്ങളും ഗാനങ്ങളും എന്നും പ്രിയദർശൻ സിനിമകളുടെ മുതൽ കൂട്ടായിരുന്നു ഒപ്പത്തിൽ അത് ആവർത്തിക്കപ്പെട്ടു. ട്രെയിലർ എഡിറ്റ് ചെയ്തത് അല്ഫോൺസ് പുത്രൻ ആയത് കൊണ്ട് സിനിമയും അല്ഫോൺസ് ആയിരിക്കും എന്ന് കരുതുന്നവർ ആ ധാരണ തിരുത്തുക. സിനിമയുടെ എഡിറ്റിംഗ് വൃത്തിയായി അയ്യപൻ നായർ ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ കരിയറിൽ ഒരു മുതല്കൂട്ടാവാനുള്ള അഭിനയ സാധ്യത ഒന്നും ഒപ്പത്തിലില്ല എങ്കിലും തന്റെ പേരിൽ ഒരു സൂപ്പർ ഹിറ്റ് എഴുതി ചേർക്കാൻ ഒപ്പത്തിലൂടെ ലാലിനു കഴിഞ്ഞു. സഹനടന്മാരുടെ ശക്തമായ സപ്പോർട്ട് ഒപ്പത്തിനെ മികച്ചതാക്കുന്നു.  പ്രത്യക്ഷത്തിൽ എടുത്ത് പറയേണ്ടതായ ന്യൂനതകളൊന്നും ചിത്രത്തിനില്ല എങ്കിലും ഒരു മഹത്തായ ത്രില്ലർ സിനിമ ആയില്ല എന്ന് വിലപിക്കേണ്ടവർക്ക് അങ്ങനെയും ആവാം..!!

പ്രേക്ഷക പ്രതികരണം

ആമയും മുലയും ഗീതാഞ്ജലിയുമൊക്കെ കണ്ട് ഹൃദയം തകർന്ന പ്രേക്ഷകർ ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞു

ബോക്സോഫീസ് സാധ്യത

ഈ ഓണം ലാലേട്ടനോടൊപ്പം

റേറ്റിംഗ് : 3.5 / 5 

അടിക്കുറുപ്പ്: കുട്ടികൾ , കുടുബം, പഴതൊലി തമാശ, പൊട്ടിച്ചിരി അതാണുദ്ദേശമെങ്കിൽ കുറച്ചങ്ങോട്ട് മാറി നില്ക്കുക.. !!! 

പിന്നെയും - film review


ലോകപ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമ ആണു പിന്നെയും.  ദിലീപ്, കാവ്യ എന്നിവരാണു ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. അടൂർ തന്നെ രചന  നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായാഗ്രഹകൻ എം ജി രാധാകൃഷ്ണനാണു. ഇന്ദ്രൻസ് , ശൃദ്ധ , നെടുമുടി വേണു, വിജയരാഘവൻ തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ. 

കഥ

പ്രണയവിവാഹം കഴിച്ചവരാണു  പുരുഷോത്തമൻ നായരും ഭാര്യ ദേവിയും. അവർക്ക് ഒരു മകളുമുണ്ട്. പുരുഷോത്തമൻ നായർക്ക് ഇതു വരെ ഒരു സ്ഥിരവരുമാനം ഉള്ള ജോലി കിട്ടിയിട്ടില്ല. അതിന്റെ എല്ലാത്തരം വിഷമതകളും അയാളുടെ കുടുംബത്തിനുണ്ട്. അങ്ങനെയിരിക്കെ പുരുഷോത്തമൻ നായർക്ക് ഗൾഫിലേക്ക് പോകാനായിട്ട് ഒരു വിസ ലഭിക്കുന്നു. ഇനിയങ്ങോട്ട് കഥയുടെ വിശദാംശങ്ങൾ പ്രതിപാദിക്കുന്നത് രസചരട് പൊട്ടിക്കും എന്നതിനാൽ അതിനു മുതിരുന്നില്ല. പ്രത്യേകിച്ച് ഈ സിനിമയുടെ പ്രചോദനം സുകുമാരക്കുറുപ്പിന്റെ തിരോധാനമാണു എന്ന് സംവിധായകൻ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ...!!!


വിശകലനം

സ്വയംവരം മുതലുള്ള അടൂർ സിനിമകൾ കണ്ടിട്ടുള്ളവർക്കറിയാം ഒരു അടൂർ സിനിമ എങ്ങനെ ആയിരിക്കും എന്ന്.ഇനി അടൂർ സിനിമകൾ കണ്ടിട്ടില്ലാത്തവരും കോമഡി സ്കിറ്റുകൾ പോലുള്ള പ്രോഗ്രാം വഴി സമാന്താര സിനിമകളുടെ  സ്വഭാവം എന്താണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണു. കഴിഞ്ഞ 50 വർഷത്തെ സിനിമ ജീവിതത്തിനിടയ്ക്ക് 12 സിനിമകളാണു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ 11 എണ്ണവും രാജ്യാന്തര പ്രശസ്തി നേടിയവയാണു. എന്നാൽ ഇവയൊന്നും തിയറ്ററുകളിൽ വിജയം കണ്ടിട്ടില്ലാത്തവയാണു. 

തന്റെ സിനിമകൾക്ക് നല്ല വിതരണക്കാരെ കിട്ടാത്തത് കൊണ്ടാണു തന്റെ സിനിമകൾ ജനങ്ങൾ കാണാഞ്ഞത് എന്നും 70 തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന പിന്നെയും എന്ന സിനിമയാണു തന്റെ ഏറ്റവും മികച്ച സിനിമ എന്നും ഇത് തിയറ്ററിൽ നന്നായി ഓടും എന്നുമൊക്കെ സാക്ഷാൽ അടൂർ ഗോപാല കൃഷ്ണൻ തന്നെ പറയുമ്പോൾ അവിടെയാണു ഒരു കച്ചവട സിനിമ എന്ന നിലയിൽ ഈ സിനിമയെ വിശകലനം ചെയ്യുന്നതിലുള്ള പ്രസക്തി. അല്ലായിരുന്നെങ്കിൽ അടൂർ സിനിമ ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തലുകൾക്ക് അപ്രാപ്യമായിരുന്നല്ലോ..!!  

വെറുമൊരു പ്രണയകഥയല്ല പിന്നെയും എന്നാണു സിനിമയുടെ ടാഗ് ലൈൻ. ശരിയാണു പിന്നെയും വെറുമൊരു പ്രണയകഥ മാത്രമല്ല. കാലഘട്ടം പരാമർശിക്കാതെ പറയുന്ന ഈ കഥയിൽ മനുഷ്യ മനസ്സുകളുടെ വിവിധ തലങ്ങളിലെ വിവിധ വികാരങ്ങളെ ആവിഷ്ക്കരിച്ചിരിക്കുന്നു.

 ദിലീപ് എന്ന നടൻ ആദ്യമായി അടൂർ സിനിമയിൽ എന്ന് കേൾക്കുമ്പോളുള്ള കൗതുകം കഥാവശേഷൻ പോലെ അവാർഡ് ലക്ഷ്യമിട്ട് സ്വയം നിർമ്മിച്ച് അപഹാസ്യനായ ഒരു നടന്റെ അഭിനയ ജീവിതത്തിലെ ശക്തമായ വെല്ലുവിളി കാണാനുള്ളത് കൂടിയാണെന്നിരിക്കെ പോസ്റ്ററുകളിലും പ്രോമോഷനുകളില്ലും നിറഞ്ഞ് നിന്ന ദിലീപ് സിനിമയിൽ തീരെ ചെറുതായി പോയി എന്ന് എടുത്ത് പറയേണ്ടതാണു.

 ദൈന്യത നിറഞ്ഞ കഥാപാത്രങ്ങൾ അഭിനയിക്കുമ്പോൾ അഭിനയകാലം തുടങ്ങിയ അന്നു മുതല്ക്കേ ഉള്ള സ്ഥായി മുഖഭാവം കൈമുതലാക്കി പുരുഷോത്തമൻ നായർ എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചു. നാളെ ചരിത്രത്തിൽ അടൂർ സിനിമയിൽ അഭിനയിച്ചു എന്ന് ഒന്ന് രേഖപ്പെടുത്തി വെക്കാം എന്നല്ലാതെ ഈ കഥാപാത്രം ദിലീപിനു ഒരു ഗുണവും ചെയ്യുന്നില്ല. 

അടൂർ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം ശക്തമായ ഒരു അവതരണ രീതിയുണ്ട്. ഇവിടെയും കാവ്യ മാധവൻ അവതരിപ്പിച്ച ദേവി എന്ന കഥാപാത്രം മുൻ അടൂർ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെ പോലെ മികച്ച് നിന്നു. വിജയരാഘവൻ , നെടുമുടി വേണു , ഇന്ദ്രൻസ് തുടങ്ങിയ വലിയ നടന്മാരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഇന്ദ്രൻസിന്റെ കഥാപാത്രം മാത്രമായിരുന്നു. അടൂർ സിനിമകളിൽ പ്രതീക്ഷിക്കാവുന്ന ശാന്തത ഈ സിനിമയിലും കാണാം. എം ജി രാധാകൃഷന്റെ ഫ്രയിമുകളുടെ കൃത്യത സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. 

ആദ്യമായി ഒരു കോമേഴ്സ്യൽ സിനിമ ചെയ്യുന്നതിന്റെ പരിചയക്കുറവ് എന്ന് 50 വർഷം സിനിമയിൽ അനുഭവ സമ്പത്തുള്ള അടൂരിനെ കുറിച്ച് പറയുന്നത് ശരിയല്ല എന്നറിയാം എങ്കിലും പൊതു ജനം കാണുക എന്ന ലക്ഷ്യത്തോടെ ആണു അങ്ങ് ഈ സിനിമ എടുത്തിരിക്കുന്നതെങ്കിൽ ആ ഉദ്യമത്തിൽ അങ്ങ് പരാജിതനായിരിക്കുന്നു എന്ന് കൂടി പറഞ്ഞ് കൊണ്ട് അവസാനിപ്പിക്കുന്നു.. !!

പ്രേക്ഷക പ്രതികരണം

അടൂർ സിനിമ തിയറ്ററിൽ കണ്ടിട്ടില്ലാത്ത ഒരു തലമുറയിൽ നിന്ന് എന്താവും പ്രതികരണം..??

ബോക്സോഫീസ് സാധ്യത

അങ്ങ് തലസ്ഥാനത്ത് ഈ സിനിമ ഹൗസ് ഫുൾ. ഇങ്ങ് ഈ തിയറ്ററിൽ 8 പേരു.

റേറ്റിംഗ്: അടൂർ സിനിമയ്ക്ക് ഒക്കെ റേറ്റിംഗ് ഇടാൻ നമ്മളില്ലേ...

അടിക്കുറിപ്പ്: മനസ്സിലാവാത്തതിനെ മഹത്തരം എന്ന് പറഞ്ഞ് നടക്കുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും.. !! 

ആന്‍ മരിയ കലിപ്പിലാണ്. - Film Review


ആട് ഒരു ഭീകരജീവിയാണു എന്ന ചിത്രത്തിനു ശേഷം പുറത്തിറങ്ങിയ മിഥുൻ മാനുവേൽ തോമസിന്റെ സിനിമയാണു ആൻ മരിയ കലിപ്പിലാണു. റിലീസ് ചെയ്ത സമയത്ത് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ കഴിയാതെ പോയെങ്കിലും പിന്നീട് ഡിവിഡി റിലീസ് ചെയ്തപ്പോൾ ഒരു വലിയ വിഭാഗം ആളുകളുടെ പിന്തുണ നേടാൻ ആടിനായിരുന്നു. അതു കൊണ്ട് തന്നെ മിഥുന്റെ രണ്ടാമത്തെ ചിത്രത്തിന്റെ  റിലീസിംഗിൽ പ്രതീക്ഷകളുണ്ടാകുന്നത് സ്വഭാവികം. വ്യക്തിപരമായി ആടു എന്ന സിനിമ ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ആൻ മരിയയുടെ അവസ്ഥ എന്താണെന്നറിഞ്ഞതിനു ശേഷം മാത്രം കണ്ടാൽ മതി എന്ന തിരുമാനമെടുത്തത് കൊണ്ടാണു ആദ്യ ദിവസങ്ങളിൽ ആൻ മരിയയുടെ കലിപ്പ് കാണാൻ തിയറ്ററിൽ പോകാതിരുന്നത്. ഓംശാന്തി ഓശാനയുടെ തിരകഥാകൃത്ത് എന്നതിലുപരി മിഥുൻ ഇപ്പോൾ അറിയപ്പെടുന്നത് ആടിന്റെ സംവിധായകൻ എന്ന നിലയിലാണു. എന്നിട്ടും ആൻ മരിയയുടെ റിലീസ് ദിവസങ്ങളിൽ ഒരു വലിയ ആരവമൊന്നും ഉണ്ടായില്ല. നായക കേന്ദ്രീകൃത സിനിമകൾ അല്ലാത്തവയോട് മുഖം തിരിക്കുന്ന മലയാളി സ്വഭാവം ദൈവ തിരുമകൾ ഫെയിം ബേബി സാറയുടെ ചിത്രത്തിനോടും കാണിച്ചു. സണ്ണി വെയ്ൻ എന്ന നടനെ മലയാളികൾ ഇതു വരെ ഒരു സോളോ ഹീറോ പരിവേഷത്തിൽ പരിഗണിച്ചിട്ടുമില്ലല്ലോ..!! ഷാജി പാപ്പന്റെ ആരാധകരെങ്കിലും ഈ സിനിമ ആദ്യം കണ്ടിരുന്നെങ്കിൽ എന്നൊരു ചോദ്യമുയർന്നു വന്നേക്കാം. പക്ഷെ ഷാജി പാപ്പൻ ആരാധകരിൽ ഭൂരിപക്ഷവും ഡിവിഡി ഇറങ്ങുമ്പോൾ മാത്രം സിനിമ കാണാൻ ഭാഗ്യം ലഭിച്ചവരാണു. ആദ്യ ദിവസങ്ങളിൽ ആൻ മരിയ കണ്ട ചുരുക്കം ചില ആളുകൾ സിനിമയെ പറ്റി നല്ല അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടാകട്ടെ എന്ന തിരുമാനത്തിൽ മാറ്റി വെയ്ക്കുകയായിരുന്നു. ഇതിനിടയിലാണു മിഥുന്റെ ഒരു അഭിമുഖം വായിക്കാനിടയായത്. ആട് എന്ന സിനിമയിൽ പാളിച്ചകൾ സംഭവിച്ചുട്ടുണ്ടെന്ന് സമ്മതിക്കുകയും അത് തിരുത്തിയാണു ആൻ മരിയ ഒരുക്കിയിരിക്കുന്നത് എന്നും അതിൽ സംവിധായകൻ പറയുന്നു. തന്റെ കാഴ്ച്ചപ്പാടുകളെ തള്ളിക്കളഞ്ഞ പ്രേക്ഷകരെ കുറ്റപ്പെടുത്താതെ സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന , സേഫ് സോണിൽ കളിക്കാൻ താല്പര്യമില്ലെന്ന് പറയുന്ന ധീരനായ ഒരു സംവിധായകന്റെ വാക്കുകളായിരുന്നു അത്. ഇത് ആൻ മരിയയുടെ കലിപ്പ് കണ്ടേ തീരു എന്നതിൽ കൊണ്ടെത്തിച്ചു. ശേഷം തിയറ്ററിൽ..
!

ആൻ മരിയയുടെ കലിപ്പിനു കാരണം

റോയ്- തെരേസ ദമ്പതികളുടെ ഏക മകളാണു ആൻ മരിയ. റോയും തെരേസയും ഡോക്ടേർസാണു. റോയ് റെഡ് ക്രോസിലാണു വർക്ക് ചെയ്യുന്നത് ഇപ്പോൾ സിറിയയിലാണു.ആൻ മരിയക്ക് ഒരു വലിയ ലോംഗ് ജമ്പുകാരിയാകണമെന്നാണു ആഗ്രഹം. അതിനായ് പരിശ്രമിക്കുന്നുമുണ്ട്. ഒരു ദിവസം സ്കൂളിൽ വെച്ച് ആൻ മരിയ തന്റെ പിടി മാഷ് മറ്റൊരു ടീച്ചറോട്  സംസാരിക്കുന്നതും ടീച്ചർ കരയുന്നതും  കാണുന്നു. മാഷ് സംസാരിച്ചപ്പോൾ ടീച്ചർ എന്തിനാണു കരഞ്ഞതെന്ന ചോദ്യം ആൻ മരിയ പ്രിൻസിപ്പാളിനോട് ചോദിക്കുന്നു. പ്രിൻസിപ്പാൾ മാഷിനെ ചോദ്യം ചെയ്യുന്നു.  ആൻ മരിയയാണു ഇത് പ്രിൻസിപ്പാളിനോട് പറഞ്ഞതെന്ന് മനസ്സിലാക്കിയ മാഷ് ആനിനെ ലോംഗ്ജമ്പ് സെലക്ഷൻ ട്രയൽസിൽ നിന്ന് പുറത്താക്കുന്നു. മാഷിനോട് പ്രതികാരം ചെയ്യാൻ ആൻ മരിയ ഒരാളെകണ്ടെത്തുന്നു. ഗിരീഷ് .. പൂമ്പാറ്റ ഗിരീഷ്..!!!!!


ഒരൊറ്റ വാക്കിൽ ഒരു മനോഹര ചിത്രം എന്ന് ആൻ മരിയ കലിപ്പിലാണിനെ വിശേഷിപ്പിക്കാം. ഒരു ചെറിയ കഥ അതിൽ ഒരു പാട് അഭിനേതാക്കളെ ഉൾപ്പെടുത്തി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ. കുട്ടികളുടെയും വലിയവരുടെയും ചെറുപ്പക്കരുടെയുമൊക്കെ മനസ്സിൽ പതിയാൻ തക്കവണ്ണമുള്ളതെല്ലാം ആൻ മരിയയിലുണ്ട്.  ഒരു കുട്ടി അധ്യാപകനോട് പ്രതികാരം ചെയ്യുക എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്കുള്ള മറുപടി സിനിമയിലുണ്ട്. മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന് സിനിമ കാണിച്ചു തരുന്നു. ഒരു കുട്ടിയുടെ ഏറ്റവും വലിയ ഫ്രണ്ട്സ് അവരുടെ മാതാപിതാക്കളാകണമെന്നത്  സിനിമയിലൂടെ പറയുന്നുണ്ട്. ഇങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിലൂടെ പങ്ക് വെക്കുന്നുണ്ടെങ്കിലും ഇതൊന്നും സത്യൻ അന്തിക്കാട് സ്റ്റൈൽ സാരോപദേശ രൂപത്തിലല്ല എന്നാതാണു ഏറ്റവും വലിയ പ്രത്യേകത. ടൈറ്റിൽ റോളിൽ അഭിനയിച്ച ബേബി സാറ മുതൽ  ഗസ്റ്റ് റോളിൽ എത്തുന്ന ദുല്ഖർ ഉൾപ്പെടെ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. എഡിറ്റിംഗിൽ കാണിച്ച സൂക്ഷമത ചിത്രത്തെ ഒട്ടും ബോറടിപ്പിക്കാത്തതാക്കി മാറ്റി. എന്ത് കൊണ്ട് ആടിന്റെ പരാജയത്തിനു ശേഷവും മിഥുനു ഒരു സിനിമ ചെയ്യാൻ കിട്ടി എന്നതിനു ആൻ മരിയ ഉത്തരം നല്കും. ഈ സിനിമ നിങ്ങൾ കാണാതിരുന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആട് പരാജയപ്പെട്ടത് പോലെ ഇതും പരാജയപ്പെടും  ഇതിന്റെ പരാജയം മിഥുൻ എന്ന സംവിധായകനു അടുത്ത സിനിമ ചെയ്യാനുള്ള ഒരു തടസ്സമായി മാറാനും പോകുന്നില്ല. പക്ഷെ ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണണ്ണം എന്ന് നിങ്ങൾ തിരുമാനിച്ചാൽ അത് ഒരു പ്രചോദനമാണു ബോക്സോഫീസ് ചേരുവകളെ കുത്തി നിറക്കാതെ സിനിമ ചെയ്യാൻ ചങ്കൂറ്റം കാണിക്കുന്ന നിർമ്മാതാക്കൾക്കുള്ള പ്രചോദനം. ആൻ മരിയ നിങ്ങളെ നിരാശരാക്കില്ല...!!!! 

മരുഭൂമിയിലെ ആന - Film Review

വികെ പ്രകാശ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണു മരുഭൂമിയിലെ ആന. കൃഷ്ണ ശങ്കർ , ബിജു മേനോൻ, ലാലു അലക്സ്റ്റ് എന്നിവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വൈ വി രാജേഷ് ആണു ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. 

കഥ 

ഖത്തറിൽ വെച്ച് അവിടുത്തെ ഒരു പ്രശസ്ത ബിസിനസ്സുകാരൻ കൊല്ലപ്പെടുന്നിടത്താണു മരുഭൂമിയിലെ ആന ആരംഭിക്കുന്നത്.  പിന്നീട് ഇങ്ങ് കേരളത്തിൽ തന്റെ അഛന്റെ ആശ്രിതനാൽ ചതിക്കപ്പെട്ട് വീടും സ്വത്തും നഷ്ട്ടപ്പെട്ട സുകുവിന്റെ കഥയാണു കാണിക്കുന്നത്. സുകു തന്റെ അഛനെ ചതിച്ച കമലന്റെ മകളുമായി പ്രേമത്തിലാണു. കമലൻ ചതിച്ച് നേടിയെടുത്ത് വീടും പറമ്പും വീണ്ടെടുക്കാൻ  ഖത്തറിലേക്ക് മയക്കു മരുന്ന് കരിയർ ആയി പോകാൻ സുകു തയ്യാറാവുന്നു.

 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞിരുന്നെങ്കിലും ആകെ തൊണ്ണൂറായിരം രൂപയാണു സുകുവിനു ലഭിച്ചത്. നിരാശനായി നാട്ടിൽ മടങ്ങിയെത്തിയ സുകു ഫ്ലൈറ്റിൽ തന്റെ കൂടെ ഉണ്ടായിരുന്ന ഖത്തർ റോയൽ ഫാമിലിയിലെ ഷേയ്ഖ് അൽ.... അങ്ങനെ നീണ്ട ഒരു പേരുള്ള ഷേയ്ഖിനെ എയർപോർട്ടിൽ പോകാൻ കാർ വരാതെ കാത്തു നില്ക്കുന്നത് കാണുന്നു. ഷേയ്ഖിനെ സുകു തന്ത്രപരമായി തന്റെ കൂടെ കൂട്ടുന്നു. പിന്നീടങ്ങോട്ട് ഷെയ്ഖും സുകുവും ചേർന്നൊരു കളിയാണു..!!! 

വിശകലനം

2000 ൽ ആരംഭിച്ച കരിയറിൽ ഇന്നേ വരെ 19 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ളയാളാണു വി കെ പ്രകാശ്. ഇതിൽ ഹിറ്റായത് രണ്ടേ രണ്ടു സിനിമകൾ മാത്രമാണു എന്ന് അറിയാവുന്ന ആരും സാധാരണ വി കെ പ്രകാശ് സിനിമകളിൽ ഒരു പ്രതീക്ഷയും വെക്കാറില്ല. എന്നാൽ ബിജുമേനോൻ എന്ന ഒരൊറ്റ നടൻ അഭിനയിക്കുന്നു എന്ന കാരണം കൊണ്ട് മാത്രമാണു മരുഭൂമിയിലെ ആന എന്ന ചിത്രം പ്രേക്ഷകരുടെ ഇഷ്ട ചോയ്സ് ആയി മാറിയത്. 

അങ്ങനെ തിയറ്ററിലെത്തിയ പ്രേക്ഷകരുടെ മനം മടുപ്പിക്കുന്ന ഒരു സിനിമയാണു വികെപി ഒരുക്കി വെച്ചിരിക്കുന്നത്. റോമൻസ് പോലൊരു ഹിറ്റ് ചിത്രം എഴുതിയ തിരകഥാകൃത്താണെങ്കിലും ഷാജഹാൻ പരീക്കുട്ടിയിൽ എത്തി നില്ക്കുന്ന വൈ വി രാജേഷിന്റെ നിലവാര തകർച്ച മരുഭൂമിയിലെ ആനയിൽ പൂർത്തിയാകുന്നു. 

കൃഷ്ണ ശങ്കറിന്റെയും സാജു നവോദയുടെയും ബാലു ശങ്കറിന്റെയും കോമഡികൾ പലതും ചിരിയുണർത്തിയെങ്കിലും ബിജുമേനോന്റെ ഒരു പൂണ്ടുവിളയാട്ടം ഇല്ല എന്നത് ചിത്രത്തിനു ഒരു വലിയ തിരിച്ചടിയായി. ഏറെ നാളുകൾക്ക് ശേഷം സ്ക്രീനിൽ മുഴു നീള വേഷം ലഭിച്ച ലാലു അലക്സിനും കാര്യമായി തിളങ്ങാനുള്ള വകുപ്പ് സിനിമയിൽ ഇല്ലായിരുന്നു. നായികയായി പേരിനു എഴുന്നെളിച്ച സംസ്കൃതി ഷേണായി ഇടയ്ക്കിടെ വന്നു പോയി കൊണ്ടിരുന്നു. 

ഈ സിനിമയുടെ കഥ കഥയായി മാത്രം പറയുമ്പോൾ കേൾക്കാൻ നല്ല ട്വിസ്റ്റും സസ്പെൻസുമൊക്കെയുണ്ട്. അത് വേറെരു തിരകഥാകൃത്തിനെ കൊണ്ട് എഴുതിച്ച് നല്ലൊരു സംവിധായകന്റ്കൈകളിൽ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ പടം മറ്റൊരു ലെവലിലെത്തിയേനെ.. ഇപ്പോഴും ഒരു ലെവലിൽ ആണു അതു പക്ഷെ ലോ ലെവൽ ആണെന്ന് മാത്രം..!!!

പ്രേക്ഷക പ്രതികരണം

മറ്റൊരു വെള്ളി മൂങ്ങ പ്രതീക്ഷിച്ച് വന്നവരെ പാടേ നിരാശരാക്കി സിനിമ മടക്കി

ബോക്സോഫീസ് സാധ്യത

5 പേരു കണ്ടാൽ 50 ആളോട് മോശം എന്നു പറയുന്ന സിനിമയ്ക്ക് ഇനി എന്ത് ബോക്സോഫീസ് സാധ്യത

റേറ്റിംഗ് : 1.5 / 5

അടിക്കുറിപ്പ്: എന്നാലും ബിജു മേനോൻ ചേട്ടാ.. ഇങ്ങളീ ചതി ചെയ്യുമെന്ന് നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മാഫി ഫുലുസ് മാഫി മുഷ്ക്കിൽ..!!

Pretham - Film Review


പുണ്യാളൻ അഗർബത്തീസ്, സു സു വാത്മീകം എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രമാണു പ്രേതം. അജു വർഗീസ്, ഷറഫുദിൻ,  ഗോവിദ് പത്മസൂര്യ എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ

കഥ

ഡെന്നി, പ്രിയലാൽ , ഷിബു എന്നീ 3 സുഹൃത്തുക്കൾ ഒരുമിച്ച് ഒരു റിസോർട്ട് വാങ്ങുന്നു. എന്നാൽ അവിടെ താമസിക്കാൻ ആരംഭിക്കുമ്പോഴാണു ആ റിസോർട്ടിൽ അസ്വഭാവികമായ ചില സംഭവങ്ങൾ നടക്കുന്നത്. അത് അവരുടെ സ്വസ്ഥത കളയുന്നു. അതിനിടയിലേക്ക് അവൻ കടന്നു വരുന്നു ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ്..!!!!!


വിശകലനം

പ്രേതകഥകൾ പലതരത്തിൽ പല തലങ്ങളിൽ പലവട്ടം പറഞ്ഞിട്ടുള്ള മലയാള സിനിമയിൽ ഇതാദ്യമായിട്ടാണു പ്രേതം എന്ന പേരിൽ ഒരു സിനിമ ഇറങ്ങുന്നത്. ഇറക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായത് കൊണ്ട് ഒരു സാധാരണ പ്രേത സിനിമ ആയിരിക്കില്ല ഇത് എന്ന ഒരുറപ്പ് അല്ലെങ്കിൽ മുൻ വിധി പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. അതിനോട് മുഴുവനായും നീതി പുലർത്താൻ കഴിഞ്ഞില്ല എങ്കിലും പ്രേതം ഒരിക്കലും ഒരു വളരെ മോശം സിനിമ ആവുന്നില്ല. 

രഞ്ജിത്ത് ശങ്കറിന്റെ സ്ഥിരം ശൈലികളിൽ നിന്ന് വ്യതിചലിച്ച് സഞ്ചരിക്കുന്ന പ്രേതത്തിന്റെ ആദ്യ പകുതി ആസ്വദകരമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ ചിത്രത്തിന്റെ താളം നഷ്ട്ടപ്പെടുന്നു. വെൽ ബിഗൻ ഹാഫ് ഡൺ എന്ന ആപ്തവാക്യത്തിൽ വിശ്വസിക്കുന്ന ആളായിരിക്കണം രഞ്ജിത്ത് ശങ്കർ. അതു കൊണ്ട് തന്നെയാണു അദ്ദേഹത്തിന്റെ ഒന്ന് രണ്ട് സിനിമകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ഒന്നാം പകുതി മാത്രം മികച്ചവയായി ഒതുങ്ങി പോയത്. 

കൃത്യമായ ഗൃഹപാഠം ഈ സിനിമയ്ക്ക് പിന്നിൽ നടത്തിയിരുന്നെങ്കിൽ പരസ്യ പോസ്റ്ററുകളി വ്യഥാ അച്ചടിച്ച് വെച്ചിരിക്കുന്ന “മലയാളത്തിലെ പ്രേത സിനിമകളിലെ ഒന്നാം നമ്പർ ” എന്ന വാചകത്തിനു ഒരർത്ഥം കൈ വന്നേനെ. അടുത്ത സിനിമയിൽ ഈ കുറവുകൾ പരിഹരിച്ച് സംവിധായകൻ തിരിച്ചു വരുമെന്ന് കരുതാം. 

അഭിനേതാക്കളുടെ  കാര്യമെടുത്താൽ മെന്റലിസ്റ്റ് എന്ന മലയാള സിനിമ കണ്ട് പരിചിതമല്ലാത്ത വേഷത്തിൽ ജയസൂര്യ തിളങ്ങി. ഒരേ ദിവസം രണ്ട് സിനിമകൾ പുറത്തിറങ്ങിയതിൽ ആദ്യത്തേതിന്റെ ക്ഷീണം അഭിനയത്തിൽ നികത്താൻ ജയസൂര്യയ്ക്കായി. ഷറഫുദിൻ - അജു ടീമിന്റെ കോമഡി സെറ്റപ്പുകൾ രസകരമായിരുന്നുവെങ്കിലും സ്ഥിരം ഹാപ്പി വെഡിംഗ് സ്റ്റൈയിൽ നമ്പറുകൾ പരീക്ഷിക്കുന്നത് ഷറഫുദീനു ഭാവിയിൽ ഒരു പാരയായി മാറാൻ സാധ്യത കാണുന്നുണ്ട്. 

ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിയിൽ ഒതുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിലവാരം പുലർത്തി. ഏറിയ പങ്കും ഒരേ സ്ഥലത്ത് ചിത്രീകരിക്കുന്നതിന്റെ ന്യൂനതകൾ പ്രേക്ഷകരിലേക്കെത്തിക്കാതിരുന്നതിൽ ഛായാഗ്രഹകന്റെ പങ്ക് വലുതാണു.  ഹൊറർ - കോമഡി ഇഷ്ട്ടപ്പെടുന്നവർക്ക് രണ്ട് മണിക്കൂർ സമയം കളയാൻ പറ്റിയ മരുന്നു പ്രേതത്തിലുണ്ട്. 

പ്രേക്ഷക  പ്രതികരണം

കോൺജറിംഗ് മലയാളം വേർഷൻ ഒക്കെ പ്രതീക്ഷിച്ച് തിയറ്ററിൽ വന്നവരാണെന്ന് തോന്നുന്നു നിർത്താതെ കൂവി കൊണ്ട് തിയറ്റർ വിട്ടത്..!!

ബോക്സോഫീസ് സാധ്യത

ജയൻ - രൺജിത്ത് ശങ്കർ മിനിമം ഗ്യാരണ്ടി വെച്ച് ഒരു ഹിറ്റെങ്കിലും കിട്ടേണ്ടതാണു.

റേറ്റിംഗ് :2.5 /5 

അടിക്കുറിപ്പ്: ക്ലൈമാക്സിലെ വലിയ ട്വിസ്റ്റ് കണ്ട് ഞെട്ടിയേക്കാം എന്ന് കരുതി മസ്സിലു പിടിച്ചിരിക്കരുത്. ഞെട്ടാനുള്ളതൊക്കെ ആദ്യമേ ഞെട്ടിയേക്കണം..!!! 

IDI - Film Review


നടൻ ജയസൂര്യ തന്റെ കരിയറിലെ ആദ്യത്തെ സോളോ ആക്ഷൻ മൂവി ചെയ്യുന്നു എന്ന
അലങ്കാരവുമായി വന്ന സിനിമയാണു ഇടി. (ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹീം) മലയാള
സിനിമകളിൽ ചെറു വേഷങ്ങളിൽ മുഖം കാണിക്കുന്ന സാജിത്ത് യാഹിയയുടെ ആദ്യത്തെ
സംവിധാന സംരഭമാണീ ഇടി.

കഥ

ചെറുപ്പം മുതല്ക്കേ സിനിമകളിലെ പോലീസ് വേഷങ്ങൾ കണ്ട് ഹരം കയറി ഒരു
പോലീസുകാരൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്നതാണു ദാവൂദ്. വീട്ടുകാരുടെ
ശക്തമായ എതിർപ്പുകളെ അതിജീവിച്ച് അവസാനം ദാവൂദ് ഒരു ഇൻസ്പെക്ടർ ആകുന്നു.
ദാവൂദിനു ആദ്യ പോസ്റ്റിംഗ് കിട്ടുന്നത് കൊമനഹളി എന്ന സ്ഥലത്തേക്കാണു.

ആ സ്ഥലം അപകടകരമയതാണു അവിടേക്ക് ചെല്ലരുത് എന്ന മുന്നറിയിപ്പുകളൊക്കെ
അവഗണിച്ച് ദാവൂദ് അവിടെ ചാർജ്ജ് എടുക്കുന്നു. എന്നാൽ അതിനു ശേഷമാണു
ദാവൂദിനു താൻ അകപ്പെട്ടിരിക്കുന്ന ആപത്തിന്റെ വ്യാപ്തി തിരിച്ചറിയാൻ
സാധിക്കുന്നത്..!!

വിശകലനം

ഒരു മലയാള സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിനു നിരവധി ഉദാഹരണങ്ങൾ
നമുക്കുണ്ട്. പേരെടുത്ത് പറഞ്ഞ് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ലാത്തത്
കൊണ്ട് അതിനു മുതിരുന്നില്ല. ആ കൂട്ടത്തിലേക്ക് അഭിമാനപുരസ്ക്കരം ചേർത്ത്
വെയ്ക്കാവുന്ന ഏറ്റവും പുതിയ സിനിമ ആണു ഇടി എന്ന ഇൻസ്പെക്ടർ ദാവൂദ്
ഇബ്രാഹീം.  സാജിത്ത് യാഹിയ എന്ന ന്യൂജനറേഷൻ പൾസുള്ള സംവിധായകൻ
എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ കരുതി വെച്ചിട്ടുണ്ടാവും എന്ന്
പ്രതീക്ഷിച്ചവർക്ക് കടുത്ത നിരാശയാണു സിനിമ സമ്മാനിക്കുന്നത്.

ട്രെയിലറുകളിലൂടെ മുന്നോട്ട് വെച്ച സിനിമയുടെ പൊതു സ്വഭാവം പ്രേക്ഷക
അഭിരുചികളോട് ഒട്ടും യോജിക്കാതെ പോയതാണു ഇടിയ്ക്ക് ഒരു അടി ആയത്.
തെലുങ്ക് സിനിമകളെ കളിയാക്കി എടുക്കുന്നത് പോലെ ഒരു ശ്രമമാണു സംവിധായകൻ
ഉദ്ദേശിച്ചതെങ്കിലും ആ ഐറ്റം സൗഭഭ്രമാണെന്ന് തോന്നിപ്പിച്ച്
പുരഞ്ജയമാണെന്ന് തോന്നിപ്പിക്കുന്ന പഴയ പുത്തൂരം അടവാണെന്ന്
വിചാരിക്കുകയും പിന്നീട് പരിചയ്ക്ക് മണ്ണു വാരി കണ്ണിൽ എറിയുന്ന അളിഞ്ഞ
ഏർപ്പാടാണെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത്.

ജയസൂര്യ പോലൊരു നടൻ ഏതൊരു റോളിലും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതാണു
പതിവ്. എന്നാൽ ഈ സിനിമയിൽ ആ നടന്റെ പെർഫോമൻസ് പോലും അരോചകമായി തോന്നുന്ന
തലത്തിലേക്ക് നീങ്ങുമ്പോൾ മറ്റ് അഭിനേതാക്കളുടെ കഥാപാത്ര സൃഷ്ടികളുടെ
ദൈന്യതകളെ പറ്റി വിവരിക്കാതിരിക്കുന്നതാണു ഉത്തമം.സാങ്കേതികമായി സിനിമ
ശരാശരിക്കും മുകളിലാണു എന്നത് മാത്രമാണു ഒരാശ്വാസം. പശ്ചാത്തല സംഗീതവും
നായികയായെത്തിയ ശിവദയും വെറുപ്പിക്കൽ ശരാശരിയിലൊതുക്കി.

ഏത് തരം സിനിമയാണു താൻ സംവിധാനം ചെയ്യുന്നതെന്ന് തനിക്കറിയില്ലെങ്കിൽ താൻ
തിരകഥാകൃത്തിനോട് ചോദിക്കുക സിനിമ എങ്ങനാണെന്ന്. അപ്പോ തിരകഥാകൃത്ത്
പറയും താൻ തന്നെയാണു തിരകഥാകൃത്തെന്ന്. താൻ തന്നെ തിരകഥാകൃത്താവുമ്പോൾ
സിനിമ എങ്ങനെന്ന് തനിക്കറിയില്ലെങ്കിൽ പ്രേക്ഷകർ പറയും ഇത് ചവറ്റു
കൊട്ടയിലേക്കുള്ളതാണെന്ന്...!!!

പ്രേക്ഷക പ്രതികരണം

ജയസൂര്യയുടേതായി രണ്ട് സിനിമകൾ ഇന്നിറങ്ങി. അതിൽ ഇതിനു തല വെച്ചവരുടെ
തലയിൽ ഇടി വെട്ടി..!!

ബോക്സോഫീസ് സാധ്യത

ആദ്യ 3 ദിവസത്തിനുള്ളിൽ ഹോൾഡ് ഓവർ

റേറ്റിംഗ്:  0.5/5

അടിക്കുറിപ്പ്: ഇടി ഇടി ഇടി പിന്നെയും ഇടി...!!!

വൈറ്റ് - Film review


2007 ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന സിനിമയും കേരള കഫയിലെ മൃത്യുഞ്ജയമെന്ന  സിനിമയും സംവിധാനം ചെയ്ത ഉദയാനന്ദന്റെ മൂന്നാമത്തെ സിനിമയാണു മമ്മൂട്ടി നായകനായ വൈറ്റ്. ബോളിവുഡ് നായിക ഹിമ ഖുറേഷിയാണു ചിത്രത്ത്തിൽ മമ്മൂട്ടിയോടൊപ്പം എത്തുന്നത്. ശങ്കർ രാമകൃഷ്ണൻ, കെപി എസി ലളിത, സിദിക്ക് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 

കഥ

ഇന്ത്യയിൽ നിന്ന് ഐടി ജീവനക്കാരിയായ റോഷ്ണി ലണ്ടനിലേക്ക് ഓൺസൈറ്റ് പ്രൊജക്ടിനായി എത്തുകുയും അവിടെ വെച്ച് പ്രകാശ് റോയ് എന്ന മദ്ധ്യവയസ്ക്കനായ കോടീശ്വരനെ പരിചയപ്പെടുകയും ആദ്യം അവർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുകയും പിന്നീട് അവർ പ്രണയത്തിലാവുകയും ചെയ്യുന്നു. 

ചിലർ അങ്ങനെയാണു അവരുടെ കടന്നു വരവോടെ നമ്മുടെ ജീവിതം രണ്ടായി മാറുകയാണു. അവർക്ക് മുൻപും അവർക്ക് ശേഷവും. പ്രകാശ് റോയുടെ കടന്നു വരവ് റോഷ്ണിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു   എന്നതാണു കഥാ തന്തു. 

വിശകലനം

രണ്ടായിരത്തി ഏഴിൽ ഏറെ പ്രതീക്ഷയോടെ കണ്ട  ഒരു സിനിമ ആയിരുന്നു പ്രണയകാലം.  ബോക്സോഫീസിൽ അമ്പേ പരാജയപ്പെട്ടെങ്കിലും പ്രണയിക്കുന്നവരുടെ മനസ്സിൽ ചെറിയൊരു തണുപ്പ് സമ്മാനിക്കാൻ ആ സിനിമക്ക് സാധിച്ചു. പിന്നീട് മൃത്യുജ്ഞയം എന്ന സിനിമയുമായി വന്ന് ഉദയ് ആനന്ദ് എന്ന സംവിധായകൻ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തു. പക്ഷെ അതിനു ശേഷം വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണു അദ്ദേഹത്തിന്റെ വൈറ്റ് ഒരുങ്ങുന്നത്.സ്വഭാവികമായും പ്രേക്ഷകരിൽ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടാവുക തന്നെ ചെയ്യും. 

അതുകൊണ്ട് തന്നെ വൈറ്റ് എന്ന സിനിമയെ രണ്ട് രീതിയിൽ വീക്ഷിക്കാം. ഒരു പ്രേക്ഷകൻ എന്ന നിലയിൽ വൈറ്റ് എന്ന സിനിമ പ്രതീക്ഷകൾക്കൊത്ത് എവിടെയും ഉയരുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത. പ്രവീൺ, നന്ദിനി ,ഉദയ് എന്നിവർ ചേർന്നൊരുക്കിയ തിരകഥ വ്യത്യസ്ഥമായിരുന്നെങ്കിലും അത് പ്രേക്ഷകനിലേക്കെത്തിക്കാൻ കഴിയാതെ പോയി.സംവിധായകൻ എന്ന നിലയിൽ കാണിക്കേണ്ടിയിരുന്ന സൂക്ഷമത സിനിമയിലെവിടെയൊ വെച്ച് നഷ്ട്ടപ്പെട്ട് പോയത് വൈറ്റിനെ ബ്ലാക്കാക്കുന്നു. ഇഴഞ്ഞ് നീങ്ങുന്ന സിനിമയെ ന്യായീകരിക്കാൻ തക്കതൊന്നും സംവിധായകൻ സിനിമയിൽ നിരത്തുന്നുമില്ല. 

സാധാരണ മമ്മൂട്ടി സിനിമകളിൽ കഥ മോശമാണെങ്കിലും മമ്മൂട്ടി ഗംഭീര പെർഫോർമൻസ് ആയിരിക്കും എന്നതിനു വൈറ്റ് ഒരു അപ്വാദമായി മാറും. മദ്ധ്യവയസ്ക്കാനായ പ്രണയ നായകനായി കത്തിക്കായറുന്ന മമ്മൂട്ടിയെ സ്വീകരിക്കാൻ സാധാരണ പ്രേക്ഷകൻ വിമുഖത കാണിക്കും. ഹിമ ഖുറേഷിയുടെ മലയാളത്തിലേക്കുള്ള വരവ് ആഘോഷമായതുമില്ല. ലണ്ടൻ കാഴ്ച്ചകൾ മനോഹരമായി ചിത്രീകരിച്ചു എന്നത് ചിത്രത്തിന്റെ ഒരു പോസിറ്റീവ് വശമാണു. സസ്പ്ൻസോ ട്വിസ്റ്റുകളോ ഇല്ലാത്ത സിനിമകളോട് വലിയ താല്പര്യം കാണിക്കാത്ത പ്രേക്ഷകർ വൈറ്റിനെ 3 ദിവസം കൊണ്ട് വൈറ്റ് വാഷ് ആക്കുമെന്നതിൽ സംശയമില്ല. 

എന്തു കൊണ്ട് 2007 നു ശേഷം 2016 വരെ ഉദയ് ആനന്തിനു കാത്തിരിക്കേണ്ടി വന്നു അടുത്ത സിനിമ ചെയ്യാൻ എന്നതിനു ഉത്തരം അറിയാൻ വൈറ്റിന്റെ ഡിവിഡി കണ്ടാൽ മതി. ഇനി സിനിമയുടെ അണിയറ പ്രവർത്തകരുടെ വീക്ഷണ കോണിലൂടെ കണ്ടാൽ ഇതൊരു അസാധ്യ സിനിമയാണു. ഹോളിവുഡിൽ മാത്രം കണ്ട് പരിചയമുള്ള പ്രണയം മലയാളികൾക്കായി അവതരിപ്പിച്ചപ്പോൾ അതിന്റെ മേന്മ മനസ്സിലാക്കാതെ കുറ്റം പറയുന്ന പുവർ കണ്ട്രി ഫെല്ലോസിനോട് ഇതിന്റെ പിന്നണിക്കാർക്ക് സഹതാപം മാത്രമേ ഉണ്ടാകാൻ വഴിയുള്ളു.


പ്രേക്ഷക പ്രതികരണം.

വൈറ്റിലെ നായകനായ പ്രകാശ് റായ് പറയുന്നതു പോലെ ഒന്നും ചാൻസ് അല്ല എല്ലാം ചോയ്സ് ആണു. മമ്മൂട്ടിയുടെ പടം എന്ന ചോയ്സ് തിരഞ്ഞെടുത്ത പ്രേക്ഷകർ അതിനനുഭവിക്കുക തന്നെ ചെയ്തു.

ബോക്സോഫീസ് സാധ്യത 

ഒരു ദുരന്തം

റേറ്റിംഗ് : 1.5/5അടിക്കുറിപ്പ്: വൈറ്റ് എന്ന പേരിനു സിനിമയുമായുള്ള ബന്ധം സിനിമ തീർന്നപ്പോഴാണു മനസ്സിലായത്. നിർമ്മാതാവിന്റെ കുടുബം വെളുപ്പിക്കുക എന്നതാണു കവി ഉദ്ദേശിച്ചിരിക്കുന്നത്..!!

കിസ്മത്ത് - Film Review


നവാഗതനായ ഷാജഹാൻ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമയാണു കിസ്മത്ത്. ഒരു
യതാർത്ഥ സംഭവത്തിന്റെ ചുവട് പിടിച്ച് ഒരുക്കിയ ഈ സിനിമയിൽ ഷൈൻ നിഗാം
ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.  വിനയ് ഫോർട്ട്,
അലൻസിയർ, പി ബാലചന്ദ്രൻ എന്നിവരാണു മറ്റ് പ്രധാന താരങ്ങൾ.  പ്രശസ്ത
ഛായാഗ്രഹകനായ രാജീവ് രവിയാണു ചിത്രത്തിന്റെ നിർമ്മാതാവ്. ഒരു യതാർത്ഥ
സംഭവത്തിന്റെ ചുവട് പിടിച്ചാണു ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ
തന്നെയാണു ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്

കഥ

പൊന്നാനിയിൽ രണ്ട് വ്യത്യസ്ഥ മതവിഭാഗത്തില്പ്പെട്ട രണ്ട് പേർ ഇർഫാനും
അനിതയും പ്രണയത്തിലാവുകയും അവർക്ക് വീട്ടുകാരുടെ എതിർപ്പ് കാരണം വിവാഹം
കഴിക്കാനായി പോലീസ് സ്റ്റേഷനിൽ അഭയം തേടുന്നതും പിന്നീട് അന്ന് ആ ദിവസം
അവിടെ നടക്കുന്നതുമായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണു ചിത്രം

വിശകലനം

കിസ്മത്ത് ഒരു ചെറിയ സിനിമയായിട്ടും അതിനർഹിക്കുന്നതിനേക്കാൾ കൂടുതൽ
പരിഗണന റിലീസിനു മുൻപ് കിട്ടിയത് നിർമ്മാതാവ് രാജീവ് രവി ആയത് കൊണ്ടാണു.
രാജീവ് രവിയിൽ നിന്ന് നല്ലൊരു പ്രൊഡക്ട് ആയിരിക്കും എന്ന പ്രതീക്ഷയിൽ
പ്രേക്ഷകർ തിയറ്ററുകളിലെത്തി. വ്യക്തമായി പറഞ്ഞാൽ പ്രേക്ഷക പ്രതീക്ഷകളെ
മുഴുവനായും തൃപ്തിപ്പെടുത്താനായില്ലെങ്കിൽ പോലും ഒരു മോശം സിനിമ
ആവുന്നില്ല കിസ്മത്ത്. നവാഗതനായ ഷൈൻ തന്റെ ഭാഗം വൃത്തിയായി
അവതരിപ്പിച്ചപ്പോൾ ഇതു വരെ മുഖ്യധാര സിനിമയിൽ തന്റേതായ അടയാളം
പതിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ശ്രുതി മേനോൻ അനിത എന്ന  പെൺകുട്ടിയായി
തിളങ്ങി.

എന്നാൽ പോലീസ് എസ് ഐ ആയി എത്തിയ വിനയ് ഫോർട്ട് ആണു ചിത്രത്തിൽ കൂടുതൽ
കൈയ്യടി നേടിയത് എന്നത് എടുത്തു പറയേണ്ട ഒന്നാണു. കേരളത്തിലെ മുസ്ലീം
ശ്ക്തി കേന്ദ്രമായ മലപ്പുറത്തെ ഏറ്റവും സെൻസിറ്റീവായ സ്ഥലമാണു പൊന്നാനി.
പൊന്നാനിക്ക് മലപ്പുറത്തിന്റെ പൊതുവായ രാഷ്ട്രീയ ചായ്വിനോട്
ഘടകവിരുദ്ധമായ ഒരു സ്വഭാവമാണുള്ളത്. അത്തരമൊരു സാഹചര്യത്തിൽ ഒരു മുസ്ലീം
യുവാവും ഒരു ഹിന്ദു പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാവുക എന്ന കലാപ
ലക്ഷ്യമുള്ള പ്രമേയമാണു സിനിമ കൈക്കൊള്ളുന്നത്. ഇതൊരു യതാർത്ഥ സംഭവമാണു
എന്നിരിക്കെ കേരളത്തിൽ പ്രത്യേകിച്ചും പൊന്നാനിയിൽ ഇത്തരമൊരു സംഭവം
അരങ്ങേറിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേ ഉള്ളു.
തികച്ചും റിയലിസ്റ്റിക്കായി അത്തരമൊരു സംഭവത്തെ സിനിമയാക്കുകയാണു
സംവിധായകൻ ചെയ്തത്.

ജാതിയേക്കാളും മതത്തേക്കാളുമുപരി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന ഒരു
നല്ല നാളേയ്ക്കായി വരും തലമുറയ്ക്ക് പ്രതീക്ഷ ബാക്കി വെയ്ക്കാനുള്ള ഒരു
നല്ല ശ്രമം എന്ന നിലയിൽ കിസ്മത്ത് എന്ന സിനിമയെ കാണാം. സിനിമ വെറും 102
മിനുറ്റേ ഉള്ളു എന്നതും മനോഹരമായ ഗാനങ്ങളും മികച്ച ഛായാഗ്രഹണവും
കിസ്മത്തിനെ ഒരു കൊച്ചു മനോഹര ചിത്രമാക്കി മാറ്റുന്നു എന്നുള്ളത് കൊണ്ട്
സ്വഭാവികതയിൽ കടന്നു വരുന്ന കല്ലുകടികൾക്ക് നേരെ കണ്ണടയ്ക്കാം

പ്രേക്ഷക പ്രതികരണം

ഒരു നല്ല സിനിമ കണ്ട സന്തോഷത്തിൽ പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങി

ബോക്സോഫീസ് സാധ്യത

വളരെ ചിലവ് കുറഞ്ഞ സിനിമ ആയത് കൊണ്ട് ബോക്സോഫീസിൽ മുടക്ക് മുതൽ  തിരിച്ച് കിട്ടും

റേറ്റിംഗ് : 3/5

അടിക്കുറിപ്പ്: ഹിന്ദു - മുസ്ലിം പ്രണയത്തിൽ ഹിന്ദുവിന്റെ ജാതി ഏതാണെന്ന്
കൂടി പറയുന്നതിന്റെ ചേതോവികാരം അങ്ങ് പിടികിട്ടുന്നില്ല...!!!

Followers

 
Copyright 2009 b Studio. All rights reserved.