പുണ്യാളൻ അഗർബത്തീസ്, സു സു വാത്മീകം എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ ചിത്രമാണു പ്രേതം. അജു വർഗീസ്, ഷറഫുദിൻ, ഗോവിദ് പത്മസൂര്യ എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ
കഥ
ഡെന്നി, പ്രിയലാൽ , ഷിബു എന്നീ 3 സുഹൃത്തുക്കൾ ഒരുമിച്ച് ഒരു റിസോർട്ട് വാങ്ങുന്നു. എന്നാൽ അവിടെ താമസിക്കാൻ ആരംഭിക്കുമ്പോഴാണു ആ റിസോർട്ടിൽ അസ്വഭാവികമായ ചില സംഭവങ്ങൾ നടക്കുന്നത്. അത് അവരുടെ സ്വസ്ഥത കളയുന്നു. അതിനിടയിലേക്ക് അവൻ കടന്നു വരുന്നു ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ്..!!!!!
വിശകലനം
പ്രേതകഥകൾ പലതരത്തിൽ പല തലങ്ങളിൽ പലവട്ടം പറഞ്ഞിട്ടുള്ള മലയാള സിനിമയിൽ ഇതാദ്യമായിട്ടാണു പ്രേതം എന്ന പേരിൽ ഒരു സിനിമ ഇറങ്ങുന്നത്. ഇറക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായത് കൊണ്ട് ഒരു സാധാരണ പ്രേത സിനിമ ആയിരിക്കില്ല ഇത് എന്ന ഒരുറപ്പ് അല്ലെങ്കിൽ മുൻ വിധി പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. അതിനോട് മുഴുവനായും നീതി പുലർത്താൻ കഴിഞ്ഞില്ല എങ്കിലും പ്രേതം ഒരിക്കലും ഒരു വളരെ മോശം സിനിമ ആവുന്നില്ല.
രഞ്ജിത്ത് ശങ്കറിന്റെ സ്ഥിരം ശൈലികളിൽ നിന്ന് വ്യതിചലിച്ച് സഞ്ചരിക്കുന്ന പ്രേതത്തിന്റെ ആദ്യ പകുതി ആസ്വദകരമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ ചിത്രത്തിന്റെ താളം നഷ്ട്ടപ്പെടുന്നു. വെൽ ബിഗൻ ഹാഫ് ഡൺ എന്ന ആപ്തവാക്യത്തിൽ വിശ്വസിക്കുന്ന ആളായിരിക്കണം രഞ്ജിത്ത് ശങ്കർ. അതു കൊണ്ട് തന്നെയാണു അദ്ദേഹത്തിന്റെ ഒന്ന് രണ്ട് സിനിമകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം ഒന്നാം പകുതി മാത്രം മികച്ചവയായി ഒതുങ്ങി പോയത്.
കൃത്യമായ ഗൃഹപാഠം ഈ സിനിമയ്ക്ക് പിന്നിൽ നടത്തിയിരുന്നെങ്കിൽ പരസ്യ പോസ്റ്ററുകളി വ്യഥാ അച്ചടിച്ച് വെച്ചിരിക്കുന്ന “മലയാളത്തിലെ പ്രേത സിനിമകളിലെ ഒന്നാം നമ്പർ ” എന്ന വാചകത്തിനു ഒരർത്ഥം കൈ വന്നേനെ. അടുത്ത സിനിമയിൽ ഈ കുറവുകൾ പരിഹരിച്ച് സംവിധായകൻ തിരിച്ചു വരുമെന്ന് കരുതാം.
അഭിനേതാക്കളുടെ കാര്യമെടുത്താൽ മെന്റലിസ്റ്റ് എന്ന മലയാള സിനിമ കണ്ട് പരിചിതമല്ലാത്ത വേഷത്തിൽ ജയസൂര്യ തിളങ്ങി. ഒരേ ദിവസം രണ്ട് സിനിമകൾ പുറത്തിറങ്ങിയതിൽ ആദ്യത്തേതിന്റെ ക്ഷീണം അഭിനയത്തിൽ നികത്താൻ ജയസൂര്യയ്ക്കായി. ഷറഫുദിൻ - അജു ടീമിന്റെ കോമഡി സെറ്റപ്പുകൾ രസകരമായിരുന്നുവെങ്കിലും സ്ഥിരം ഹാപ്പി വെഡിംഗ് സ്റ്റൈയിൽ നമ്പറുകൾ പരീക്ഷിക്കുന്നത് ഷറഫുദീനു ഭാവിയിൽ ഒരു പാരയായി മാറാൻ സാധ്യത കാണുന്നുണ്ട്.
ഗാനങ്ങളും പശ്ചാത്തല സംഗീതവും ശരാശരിയിൽ ഒതുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിലവാരം പുലർത്തി. ഏറിയ പങ്കും ഒരേ സ്ഥലത്ത് ചിത്രീകരിക്കുന്നതിന്റെ ന്യൂനതകൾ പ്രേക്ഷകരിലേക്കെത്തിക്കാതിരുന് നതിൽ ഛായാഗ്രഹകന്റെ പങ്ക് വലുതാണു. ഹൊറർ - കോമഡി ഇഷ്ട്ടപ്പെടുന്നവർക്ക് രണ്ട് മണിക്കൂർ സമയം കളയാൻ പറ്റിയ മരുന്നു പ്രേതത്തിലുണ്ട്.
പ്രേക്ഷക പ്രതികരണം
കോൺജറിംഗ് മലയാളം വേർഷൻ ഒക്കെ പ്രതീക്ഷിച്ച് തിയറ്ററിൽ വന്നവരാണെന്ന് തോന്നുന്നു നിർത്താതെ കൂവി കൊണ്ട് തിയറ്റർ വിട്ടത്..!!
ബോക്സോഫീസ് സാധ്യത
ജയൻ - രൺജിത്ത് ശങ്കർ മിനിമം ഗ്യാരണ്ടി വെച്ച് ഒരു ഹിറ്റെങ്കിലും കിട്ടേണ്ടതാണു.
റേറ്റിംഗ് :2.5 /5
അടിക്കുറിപ്പ്: ക്ലൈമാക്സിലെ വലിയ ട്വിസ്റ്റ് കണ്ട് ഞെട്ടിയേക്കാം എന്ന് കരുതി മസ്സിലു പിടിച്ചിരിക്കരുത്. ഞെട്ടാനുള്ളതൊക്കെ ആദ്യമേ ഞെട്ടിയേക്കണം..!!!
0 comments:
Post a Comment