RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ടൂറിസ്റ്റ് ഹോം


പത്തു കഥാകൃത്തുക്കൾ ഒരു സംവിധായകൻ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ..! ടൂറിസ്റ്റ് ഹോം എന്ന ചിത്രത്തെ കുറിച്ച് റിലീസിനു മുൻപ് പുറത്ത് വന്ന വിശേഷണങ്ങൾ തന്നെ ഈ ചിത്രം കാണാനുള്ള കൗതുകം ഉണ്ടാക്കാൻ പോന്നവയായിരുന്നു. എന്നാൽ മലയാളത്തിലെ മുൻ നിര താരങ്ങൾ ഒന്നും അഭിനയിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ വളരെ പരിമിതമായ റിലീസാണു ഈ ചിത്രത്തിനുണ്ടായത്.

തൊട്ടടുത്ത തിയറ്ററുകളിലൊന്നും സിനിമ റിലീസ് ചെയ്തില്ല. ആകെ ഉള്ളത് മൾട്ടിപ്ലക്സ്സിൽ മാത്രം അതാണെങ്കിൽ ഒരു 100 കിമീ അപ്പുറത്തും. ഇത്രയും ദൂരം യാത്ര ചെയ്ത് സിനിമ കാണുന്നതിൽ ബുദ്ധിമുട്ടുണ്ടായിട്ടല്ല. പക്ഷെ ഇതേ പോലെ പോയി കണ്ട അകം ഏൽപ്പിച്ച ആഘാതത്തിന്റെ ഓർമ്മ വിടാതെ പിന്തുടരുന്നത് കൊണ്ട് ഒരാഴ്ച്ച ഈ സിനിമ കാണാനുള്ള ആഗ്രഹം ഉള്ളിൽ അടക്കി വെച്ചു. രണ്ടാമത്തെ ആഴ്ച്ചയിൽ അടുത്തുള്ള തിയറ്ററിൽ നൂൺ ഷോ മാത്രമായി ഈ സിനിമ വന്നപ്പോൾ ഒട്ടും സമയം കളയാതെ അങ്ങോട്ട് വെച്ചു പിടിച്ചു.

പ്ലസ്ടു എന്ന ചിത്രത്തിനു ശേഷം ഷെബി സംവിധാനം ചെയ്ത സിനിമയാണു ടൂറിസ്റ്റ് ഹോം. 10 പേർ ചേർന്നാണു ഇതിന്റെ തിരകഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു ടൂറിസ്റ്റ് ഹോമിലെ വിവിധ മുറികളിൽ നടക്കുന്ന കഥകളാണു ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ ഷോട്ട് എന്നു പറയുമ്പോൾ സിനിമയുടെ സാങ്കേതികമായ കാര്യങ്ങളിൽ പരിഞ്ജാനം കുറവുള്ള സാധരണക്കാർ ചിലപ്പോ ചിന്തിക്കുക ഇപ്രകാരമായിരിക്കും. ക്യാമറ സ്റ്റാർട്ട് ചെയ്ത് കട്ട് പറയാതെ സിനിമ മുഴുവനായി ഒറ്റയടിക്ക് ചിത്രീകരിക്കുക എന്ന്. എന്നാൽ ക്യാമറ ആംഗിൾ മാറുന്നില്ല എന്നതാണു ഇവിടെ ഒറ്റ ഷോട്ട് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

ഒരു ചീട്ടുകളി സംഘം, ഗർഭിണിയായ യുവതിയും അവളുടെ ജാരനും, ഒരു ജോതിഷി, രണ്ട് പോക്കറ്റടിക്കാർ, ഒരു മെഡിക്കൽ റെപ്പും അയാളുടെ തൊഴിൽ രഹിതനായ കൂട്ടുകാരനും, മുത്തശനും കൊച്ചു മകനും, രണ്ട് ചെറുപ്പക്കാർ, ഒരു ട്രാഫിക്ക് പോലീസ്കാരൻ, റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്ന അമ്മയും മകളും, ഭർത്താവിന്റെ ചികിത്സയ്ക്കായി വേശ്യാവൃത്തിക്ക് വന്ന ഒരു യുവതി. ഇങ്ങനെ പത്ത് റൂമുകളിൽ ഒരു പകലിലായി നടക്കുന്ന സംഭവങ്ങളുടെ ചിത്രീകരണമാണു ടൂറിസ്റ്റ് ഹോം. ഈ പത്ത് കഥകളുമായി ഒരു ബന്ധവുമില്ല.. പക്ഷെ നമ്മുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളുമായി ചേർത്തു വെയ്ക്കുമ്പോൾ ഈ കഥകളെല്ലാം ഒരൊറ്റ കഥയായി വായിക്കാം.

അഞ്ച് സുന്ദരികളിൽ നിന്നും കേരള കഫേയിൽ നിന്നും ഈ സിനിമ വളരെയധികം വേറിട്ട് നിൽക്കുന്നതും ഇത് കൊണ്ട് തന്നെയാണു. കോമേഴ്സ്യൽ ചേരുവകൾ ലവലേശമിലാതെ പൂർണ്ണമായും ഉള്ളടക്കത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ചിത്രീകരിച്ച ഈ സിനിമ ജനശ്രദ്ധ പിടിച്ച് പറ്റാതെ പോയതിൽ അത്ഭുതപ്പെടാനില്ല.. കാരണം ഞങ്ങൾക്ക് ഇതൊന്നും ക്ഷമയോടെ കാണാനുള്ള സമയമില്ല.. ഞങ്ങൾക്ക് വേണ്ടത് ട്രിപ്പിനും മുഴുവൻ സമയ എന്റെർടെയ്നറുകളുമാണു.. കുറച്ച് അശ്ലീലവും തുണ്ട് സീനുമുണ്ടെങ്കിൽ സംഗതി ജോർ..!!!

Buddy


ആയ കാലത്ത് സിബി മലയിലോ, ഇന്ന് ആഷിക്ക് അബുവോ എടുത്തിരുന്നെങ്കിൽ ഉജ്വലമായി പോകുമായിരുന്ന ഒരു സിനിമയാണു ആണാണോ പെണ്ണാണോ എന്ന് അറിയാൻ വയ്യാത്ത പേരുള്ള ഒരാൾ ഊ....ജ്വലമായി എടുത്തു വെച്ചിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് പറയുന്നതിനു മുൻപ് ശ്രീ ബാലചന്ദ്രമേനോനെ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. കക്കൂസിൽ കാണിക്കുന്നത് സ്വീകരണമുറിയിൽ കാണിക്കുന്നതാണു ന്യൂജനറേഷൻ സിനിമക്കാരുടെ സംസ്ക്കാരം എന്ന് അഭിപ്രായപ്പെട്ട് ഒരു പാട് കയ്യടികൾ വാങ്ങിയ ആളാണു അദ്ദേഹം. എന്നാൽ സെപ്റ്റിക് ടാങ്ക് നിലവാരമുള്ള ഡയലോഗുകൾ കുത്തി നിറച്ച ഈ സിനിമയിൽ യാതൊരു ഉളുപ്പിമിലാതെ വിഗ്ഗും വെച്ച് അഭിനയിക്കാൻ അങ്ങ് കാണിച്ച ചേതോവികാരം എന്തായിരുന്നു എന്ന് മാത്രം ഞങ്ങൾ സാധാരണ പ്രേക്ഷകർക്ക് മനസ്സിലായില്ല കേട്ടോ..

ബ്ലാക്ക് ബട്ടർഫ്ലൈസിലെ നായകനായ മിഥുൻ മുരളി, ആശാ ശരത്ത് (നമ്മടെ കുങ്കുമപ്പൂവ്) ഭൂമിക, ബാലചന്ദ്രമേനോൻ, ബാബു ആന്റണി, അരുൺ, അക്കരകാഴ്ച്ചകളിലെ ജോസൂട്ടി, ശ്രീകാന്ത്, ലാൽ ,ഹണി റോസ് പിന്നെ സാക്ഷാൽ ജൂനിയർ മോഹൻലാൽ അനൂപ് മേനോൻ എന്നിവരാണു ഈ സിനിമയിൽ നടിക്കുക എന്ന കൃത്യം നിർവ്വഹിച്ചിരിക്കുന്നത്. സംവിധാനവും തിരകഥയുമെല്ലാം നേരത്തെ പറഞ്ഞ പേരിൽ തന്നെ വിചിത്രത തോന്നുന്ന ഒരു രാജ് പ്രഭാവതി മേനോൻ. ചിത്രത്തിന്റെ കഥ ഇങ്ങനെയാണു.

വിഷ്ണു എന്ന ചെറുപ്പക്കാരനു രണ്ട് അമ്മമാരാണു ഉള്ളത്. ഇതിൽ ആരാണു തന്റെ ശരിക്കുള്ള അമ്മ എന്നും ആരാണു തന്റെ അഛൻ എന്നും വിഷ്ണുവിനു അറിയില്ല. അങ്ങനെ ഇരിക്കെ താൻ ആർട്ടിഫിഷ്യൻ ഇൻസമനേഷനിൽ (സ്പെല്ലിംഗ് കറക്ട് ആണോ ദൈവമേ..) ഉണ്ടായതാണു എന്ന ഞെട്ടിക്കുന്ന വിവരം വിഷ്ണു അമ്മമാരിൽ നിന്ന് അറിയുന്നു. അങ്ങനെ താൻ ഉണ്ടാവാൻ ബീജം ദാനം ചെയ്ത ആ മഹാ വ്യക്തിയെ വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വിഷ്ണു കണ്ട് പിടിക്കുന്നു. ദശരഥം സിനിമയാണു അതിനു വിഷ്ണുവിനു പ്രചോദനം നൽകുന്നത്. അന്ന് അങ്ങനെ സിബി മലയിൽ ഒരു സിനിമ ചെയ്തത് നന്നായി.

അങ്ങനെ തന്റെ അഛൻ മാണിക്കുഞ്ഞ് താടിക്കാരൻ ആണെന്ന് കണ്ട് പിടിച്ച വിഷ്ണു അഛനെ കാണാൻ പുറപ്പെടുന്നു. ഇനി അങ്ങോട്ട്  എന്താവും ഉണ്ടാവുക എന്ന സംഭവജനകമായ കരളലിയിപ്പിക്കുന്ന കണ്ണീരിന്റെ നനവുള്ള കദന കഥയാണു ഹാസ്യത്തിന്റെ അകമ്പടിയോടെ സംവിധായക/ൻ പറഞ്ഞിരിക്കുന്നത്. ഇനി ഇതിൽ കൂടുതൽ ഒന്നും ഈ സിനിമയെ കുറിച്ച് വർണ്ണിക്കാനാവുന്നില്ല. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള തിയറ്ററിൽ പോയി പടം കാണുക. കാരണം ഏത് നിമിഷവും ഇത് മാറിയേക്കാം..

ഇനി അവസാനമായി അനൂപ് മേനോനോട് ഒരു വാക്ക്. ഇങ്ങളു നല്ല നടനും തിരകഥാകൃത്തുമൊക്കെയാണു ഭായ്.. പക്ഷേങ്കിലു ഇങ്ങടെ പടം പോസ്റ്ററിലു കണ്ടാലേ ഫാമിലിക്കാരു തിയറ്ററിലു കയറൂല്ലാ.. അത് ഇങ്ങളു തന്നെ വരുത്തി വെച്ചതാണു കേട്ടാ.. ബ്യൂട്ടിഫുൾ എന്ന പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയപ്പോൾ അതിനെ ട്രിവാൻഡ്രം ലോഡ്ജാക്കി ആലൂക്കാസിൽ കൊണ്ട് പോയി വിറ്റ മണ്ടനാണു നിങ്ങ.. അതു കൊണ്ട് പടത്തിനു ആളു കയറണമെങ്കിൽ പോസ്റ്ററിൽ പടം വെയ്ക്കാതിരുന്നാൽ നന്നായിരുന്നു.. ഈ പടത്തിനു ആ കുങ്കുമപ്പൂവ് ജയന്തി ടീച്ചറേ പോസ്റ്ററിൽ ഒട്ടിച്ചിരുന്നെങ്കിൽ ഒരു പത്താളു കയറുമായിരുന്നു..!

വിഷമിക്കണ്ടന്നേ.. ഇങ്ങടെ ടൈമും വരും.. കോഴിക്ക് എന്നെങ്കിലുമൊരിക്കൽ മുല വരാതിരിക്കില്ലല്ലോ...!!!

Followers

 
Copyright 2009 b Studio. All rights reserved.