RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അർജുനൻ സാക്ഷിയാണു...!ഇരിക്കുന്നതിനു മുൻപ് കാലു നീട്ടരുത് എന്ന് ഒരു പഴഞ്ചൊല്ലുണ്ട് മലയാളത്തിൽ. മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പൃഥ്വിരാജിനും സംഭവിച്ചത് ഇതാണു. മുൻ നിര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും സൂപ്പർ താരപദവി കൈ വരിച്ചത് ആക്ഷൻ സിനിമകളിലൂടെയാണു എന്നത് കണ്ടിട്ടാവണം അതേ പാതയിൽ സഞ്ചരിക്കാൻ പൃഥ്വിരാജും തിരുമാനിച്ചത്. എന്നാൽ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടാണു ഇവർ സൂപ്പർ സ്റ്റാറും മെഗാസ്റ്റാറുമൊക്കെ ആയി തീർന്നത് എന്ന കാര്യം പൃഥ്വിരാജ് മനസ്സിലാക്കാതെ പോയി.

താര പദവി സ്വന്തമാക്കാൻ മോഹിച്ചു കൊണ്ട് ഇറക്കിയ പൃഥ്വിയുടെ 3 ബിഗ് ബഡ്ജറ്റ് ആക്ഷൻ സിനിമകളാണു 2010ൽ ബോക്സ് ഓഫീസ് പരാജയങ്ങളായി തീർന്നത്. സൂപ്പർ താരമല്ലാത്തവരും താരമൂല്യത്തിൽ തന്നേക്കാൾ പിന്നിലായവരും വലിയ വിജയങ്ങൾ കൈവരിക്കുന്നത് പൃഥ്വിക്ക് നോക്കി നില്ക്കേണ്ടി വന്നു. അത് കൊണ്ട് തന്നെ 2010 നല്കിയ കയ്പേറിയ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് വളരെ ശ്രദ്ധാപൂർവ്വം സിനിമകൾ തിരഞ്ഞെടുത്ത് നീങ്ങിയാൽ മാത്രമേ തനിക്ക് നിലനില്പ്പുള്ളു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവണം പാസഞ്ചർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെയും നിരുപകരുടെയും പ്രശംസ ഒരു പോലെ നേടിയ രഞ്ജിത്ത് ശങ്കറുമായി ചേർന്ന് തന്റെ പതിവു ശൈലികളിൽ നിന്നു വേറിട്ട ഒരു സിനിമ ചെയ്യാൻ പൃഥ്വി തിരുമാനിച്ചത്.

ഒരു സാധാരണ ചിത്രമായി വന്ന് അസാധാരണ വിജയം നേടിയ സിനിമയാണു പാസഞ്ചർ. സിനിമയെടുക്കാൻ വർഷങ്ങളുടെ അനുഭവ സമ്പത്തും പ്രമുഖ സംവിധായകരുടെ അസി.ഡയറക്ടർ പദവിയുമൊന്നും ആവശ്യമില്ല പകരം കഴിവും നിശ്ചയദാർഢ്യവും മതി എന്നു പ്രവർത്തിയിലൂടെ തെളിയിച്ച രഞ്ജിത്ത് ശങ്കർ എന്ന യുവ സംവിധായകൻ ആയിരുന്നു ഈ വിജയത്തിനു പിന്നിലെ പ്രധാന ഘടകം.

പാസഞ്ചറിന്റെ വിജയത്തിനു ശേഷം നിരവധി ഓഫറുകൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും വെറുതെ ഒരു സിനിമ എന്നതിനേക്കാൾ ചെയ്യുന്നത് ഒരു മികച്ച സിനിമയാവണം എന്ന തിരുമാനത്തിൽ രഞ്ജിത്ത് ശങ്കർ ഉറച്ചു നിന്നു. പാസഞ്ചറിനു ശേഷം രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞ് പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം നിർവ്വഹിച്ച സിനിമയാണു അർജുനൻ സാക്ഷി. ലോജിക്കില്ലാത്ത മൂന്നാം കിട കോമഡിയുടെയും പൊട്ടാത്ത ബോംബുകളുടെയും അധോലോക മാഫിയകളുടെയും മറ്റും പഴയ വീഞ്ഞുകൾ പുതിയ കുപ്പികളിലാക്കി വില്ക്കാൻ മലയാള സിനിമ പാടു പെടുമ്പോൾ, മടുപ്പിക്കുന്ന ഇത് ഗത്യന്തരമില്ലാതെ വിഴുങ്ങാൻ സിനിമ പ്രേക്ഷകർ നിർബന്ധിതരാകുമ്പൊൾ ജീവിത യാത്ഥാർത്യങ്ങളോട് ചേർന്നു നില്ക്കുന്ന സിനിമകൾ മലയാള സിനിമക്ക് തികച്ചും ഒരു ആശ്വാസം തന്നെയാണു. പാസഞ്ചറിലെതു പോലെ തന്റെ പുതിയ സിനിമയിലും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം തന്നെയാണു സംവിധായകൻ കൈകാര്യം ചെയ്യുന്നത്.

തെളിവുകളില്ല എന്ന പേരിൽ CBI വരെ അന്വേഷിച്ച് തള്ളി കളഞ്ഞ കൊച്ചി ജില്ല കളക്ടറുടെ (മുകേഷ്) കൊലപാതകത്തിനു പിന്നിലെ ശരിയായ പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ തനിക്ക് അറിയാം എന്ന് കാണിച്ച് അർജുനൻ എന്ന പേരിൽ ഒരാൾ അയക്കുന്ന കത്ത് ജേർണലിസ്റ്റ് ആയ അഞ്ജലിയുടെ (ആൻ) കൈവശം കിട്ടുന്നിടത്താണു അർജുനൻ സാക്ഷി ആരംഭിക്കുന്നത്. ഈ വിവരം പ്രസിദ്ധീകരിക്കുന്നതോടെ ആരാണു അർജുനൻ എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലായി മാധ്യമങ്ങളും, പോലീസും പിന്നെ കുറ്റവാളികളും.

ഇവിടെയ്ക്കാണു ആർക്കിടെക്റ്റ് റോയ് മാത്യു (പൃഥ്വി) കടന്നു വരുന്നത്. നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ ചിന്താഗതിയാണു അർജുനൻ സാക്ഷിയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നത്. അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ കണ്ണടയ്ച്ചു കൊണ്ട് സ്വന്തം മാളികകളിൽ സുരക്ഷിതരാണു എന്ന് കരുതി സസുഖം വാഴുന്നവർ. റോയ് മാത്യുവും ഇവരിൽ ഒരാളാണു. എന്നാൽ യാദൃശ്ചികമായി റോയ് മാത്യു ആണു അർജുനൻ എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി ഒരു മെട്രോ കൊച്ചിയിൽ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിലാണു കളക്ടർ കൊല്ലപ്പെടുന്നത്. ഇതിനു പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ അർജുനൻ ആയി മാറുന്ന റോയ് മാത്യു നടത്തുന്ന പോരാട്ടങ്ങളിലൂടെയാണു സിനിമ മുന്നേറുന്നത്. ആരാണു യതാർഥ അർജുനൻ എന്ന സസ്പെൻസ് ആദ്യാവസാനം സിനിമയിൽ നിറഞ്ഞു നില്ക്കുന്നു.

പൃഥ്വിയുടെ കരിയറിലെ ശക്തമായ ഒരു കഥാപാത്രമാണു റോയ് മാത്യു. തന്റെ അഭിനയ മികവ് കൊണ്ട് ആ വേഷം ഗംഭീരമാക്കാൻ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്.എൽസമ്മ ഫെയിം ആനിനു കാര്യമായി പെർഫോം ചെയ്യാൻ ഇല്ലായിരുന്നുവെങ്കിലും ഉള്ളത് അധികം ബോറാക്കാതെ അഭിനയിച്ചിട്ടുണ്ട്. ഒരു നീണ്ട താര നിര തന്നെ ചിത്രത്തിലുണ്ട്. വില്ലൻ വേഷങ്ങളിൽ എത്തുന്ന ബിജു മോനോൻ, സുരേഷ് കൃഷ്ണ,ആനന്ദ്,നിയാസ് എന്നിവരും പൃഥ്വിയുടെ സുഹൃത്തായി വിജീഷും നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. കുറച്ചെയുള്ളെങ്കിലും ജഗതിയും മുകേഷും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ചിത്രത്തിന്റെ ഹൈലറ്റ് ആകുമെന്ന് കരുതപ്പെട്ടിരുന്ന 40 ലക്ഷം രൂപ ചിലവാക്കി ചിത്രീകരിച്ച കാർ ചേസ് പക്ഷെ പ്രേക്ഷകരിൽ കാര്യമായ പ്രതികരണം ഒന്നും ഉള്ളവാക്കിയില്ല.

ആദ്യ സിനിമ മികച്ചതായത് കൊണ്ട് തന്നെ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകനിൽ പ്രതീക്ഷ അമിതമായിരുന്നു. പാസഞ്ചറിനെക്കാൾ വലിയ ബഡ്ജറ്റിൽ ഒരു സിനിമ ചെയ്യുമ്പോൾ അത് ഒരു വിജയ ചിത്രമാക്കി മാറ്റി തന്റെ കാലിബർ, താൻ ഒരു വൺഫിലിം വണ്ടർ മാത്രമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത സംവിധായകനു ഉണ്ടായിരുന്നു. ഒരു വലിയ താരനിരയും അജയനൻ വിൻസ്ന്റ് പോലുള്ള മികച്ച അണിയറ പ്രവർത്തകരും വ്യത്യസ്ഥമായ ഒരു പ്രമേയവും ഉണ്ടായിട്ടു പോലും ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ചോദ്യം, ആരാണു അർജുനൻ എന്ന ചോദ്യത്തോടൊപ്പം തന്നെ ഉയർന്നു നില്ക്കുന്നു. സിനിമ എല്ലാ തരം പ്രേക്ഷകരും കാണണം എന്ന ഉദ്ദേശത്തോട് കൂടിയാണു എടുത്തിരിക്കുന്നതെങ്കിൽ, ഇതിന്റെ ഉയർന്ന മുതൽ മുടക്ക് തിയറ്ററിൽ നിന്നു തന്നെ തിരിച്ചു പിടിക്കണം എന്നതാണു ഇതിന്റെ അണിയറക്കാരുടെ ലക്ഷ്യം എങ്കിൽ അത് പൂർണ്ണമായും നിറവേറ്റാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ല എന്നതാണു ഖേദകരമായ വസ്തുത. കാരണം പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമകൾ എടുത്താലെ അവർ അതിനെ സ്വീകരിക്കു. അല്ലെങ്കിൽ സ്വന്തം അഭിരുചികൾ പ്രേക്ഷകർക്ക് സ്വീകാര്യമാക്കാനുള്ള കഴിവുണ്ടാകണം. ഇല്ലെങ്കിൽ എത്ര വലിയ സ്റ്റാർ അഭിനയിച്ചാലും എത്ര വലിയ ഡയറക്ടറുടെ പടമായാലും ജനം തിരസ്കരിച്ചു കളയും.

അർജുനൻ സാക്ഷി വിജയിച്ചാലും ശരി പരാജയപ്പെട്ടാലും ശരി,ചിരിപ്പിക്കുന്ന സിനിമകൾ ഉണ്ടാകുന്നതിനോടൊപ്പം തന്നെ ചിന്തിപ്പിക്കുന്ന സിനിമകളും ഉണ്ടാവേണ്ടത് നമ്മുടെ സിനിമയുടെ വളർച്ചയ്ക്ക് ആവശ്യമാണു. ഇല്ലെങ്കിൽ മെഗാഹിറ്റുകൾ എന്ന പേരിൽ പരിചയപ്പെടുത്തി കൊണ്ട് കാണിക്കുന്ന പല ചിത്രങ്ങൾക്ക് നേരെയും വരും തലമുറ കാർക്കിച്ച് തുപ്പുന്നത് കുനിഞ്ഞ ശിരസ്സോടു കൂടി ഏറ്റു വാങ്ങേണ്ടി വരും...!

ട്രാഫിക്ക് - Unblocked
പരീക്ഷണാടിസ്ഥാനത്തിൽ സിനിമ എടുക്കാൻ മലയാള സിനിമയിലെ സംവിധായകർക്ക് ഭയമാണു. കാരണം എത്ര വലിയ സംവിധായകൻ ആയാലും എത്ര വലിയ നടൻ ആയാലും സീരിയസ് പ്രമേയങ്ങൾക്കു നേരെ പ്രേക്ഷകർ ആദ്യ ദിവസങ്ങളിൽ വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ കോമഡിയുമായിട്ടാണു വരവെങ്കിലോ അത് എന്തു മാത്രം തരം താണതാണെങ്കിലും ആയിരം വട്ടം കണ്ടു മടുത്തതാണെങ്കിലും തിയറ്ററിലേക്ക് ഇടിച്ചു കയറാനും പടം സൂപ്പർ ഹിറ്റാക്കാനും ജനം തയ്യാറാണു. മലയാള സിനിമയുടെ ഗതികേട് എന്നല്ലാതെ എന്തു പറയാൻ.

എന്നിരുന്നാലും വെല്ലു വിളികൾ ഏറ്റെടുക്കാൻ ചിലർ തയ്യാറാവാറുണ്ട്. Different ആയ Attempt ആണു എന്ന അവകാശ വാദവുമായി വരുന്നതിൽ ഭൂരിപക്ഷവും പഴയ വീഞ്ഞു തന്നെയാണെങ്കിലും പ്രാഞ്ചിയേട്ടനും,പാസഞ്ചറുമൊക്കെ പോലെ ചിലതെങ്കിലും വർഷത്തിൽ ഒരിക്കൽ ഉണ്ടാകാറുണ്ട്. രഞ്ജിത്തും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമ പോലും ക്ലിക്ക് ആയി മാറാൻ 25 ദിവസങ്ങൾ വേണ്ടി വന്നു എന്നിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. അവിടെയാണു ട്രാഫിക്ക് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നത്. മലയാള സിനിമയിൽ ഒരു ധീരമായ പരീക്ഷണം തന്നെയാണു ഇവർ നടത്തിയിരിക്കുന്നത് എന്നു മാത്രമല്ല ഒരു വലിയ പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു.

ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അനൂപ് മേനോൻ, റഹ്മാൻ,സായ്കുമാർ തുടങ്ങിയ നടന്മാരുടെ നിരയും, റോമ, രമ്യ, കാതൽ സന്ധ്യ എന്നിവരടങ്ങുന്ന നടിന്മാരും ചേർന്നു ഒരു വലിയ നിര ഈ സിനിമയിലുണ്ട്. താരപരിവേഷമില്ലാത്ത നടന്മാർ അഭിനയിക്കുന്ന സിനിമയായതു കൊണ്ട് തന്നെ ഒരോ കഥാപാത്രത്തിനും ആവശ്യത്തിനു വേണ്ട പ്രാധാന്യം നല്കാൻ കഴിഞ്ഞിട്ടുണ്ട് എന്നു മാത്രമല്ല. തങ്ങൾക്ക് കിട്ടിയ വേഷങ്ങൾ ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും മികച്ചതാക്കുകയും ചെയ്തു.

ഒരു റോഡ് മൂവി ശൈലിയിൽ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന തരത്തിലുള്ളതാണു ട്രാഫിക്കിന്റെ കഥാതന്തു. അതു കൊണ്ട് തന്നെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ രസചരടു പൊട്ടാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിൽ സിനിമ ഒരുക്കിയിടത്താണു സംവിധായകന്റെ വിജയം. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമയുടെ പരാജയത്തിനു ശേഷം തന്റെ പിഴവുകൾ തിരുത്തിയ ഒരു പരിചയ സമ്പന്നനായ സംവിധായകന്റെ മികവ് ഈ ചിത്രത്തിൽ കാണാം.

ചിത്രത്തിന്റെ കഥാഗതിക്ക് ഒട്ടും കോട്ടം വരാത്ത രീതിയിൽ ഛായാഗ്രഹണം നിർവ്വഹിച്ച ക്യാമറാമാനും ട്രാഫിക്ക് ഒരു നല്ല അനുഭവം ആക്കുന്നതിൽ പങ്കു വഹിക്കുന്നു.മെജോ ജോസഫ് എന്ന യുവ സംഗീത സംവിധായകന്റെ മികച്ച വർക്ക് ഈ സിനിമയുടെ മറ്റൊരു മേന്മയാണു. ഇന്നത്തെ മലയാള സിനിമകളിൽ ട്വിസ്റ്റ് ഒരു അനിവാര്യ ഘടകമായതു കൊണ്ടാവം ഈ സിനിമയിലും ഒരു ട്വിസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വിസ്റ്റുകൾ ഇല്ലാതെ എങ്ങനെ കഥ പറയാം എന്നതിനെ പറ്റി തിരകഥാകൃത്തുക്കൾ ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

നല്ല സിനിമകൾക്ക് തിരകഥ ഒരുക്കിയിട്ടുണ്ടെങ്കിലും മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും അത്ര മമത ഇല്ലാത്ത തിരകഥാകൃത്തുക്കളാണു സഞ്ജയ് - ബോബി ടീം. ആരാധകരെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള മസാല സിനിമകൾ എഴുതാത്തതാവാം ഒരു പക്ഷെ പ്രേക്ഷകർക്ക് ഇവരോടുള്ള താല്പര്യ കുറവ്. ട്രാഫിക്കിനു മുൻപ് ഇവർ എഴുതിയ സിനിമകളെല്ലാം തന്നെ നല്ല അഭിപ്രായം നേടിയവയായിരുന്നു. ട്രാഫിക്കിന്റെ രചനയും വിഭിന്നമല്ല.

നല്ലൊരു പ്രമേയം കൊമേഴ്സ്യൽ ചേരുവകൾക്കു മുന്നിൽ വിട്ടു വീഴ്ച്ചകൾ ചെയ്യാതെ എഴുതാൻ തയ്യാറായത് പ്രശംസനീയം തന്നെ. ആരാധകരുടെ സ്വീകര്യത നേടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടോ എന്തോ കാസിനോവ, മുംബൈ പോലീസ് തുടങ്ങിയ സിനിമകളുടെ തിരകഥകൾ തയ്യാറാക്കുന്ന വഴി മറ്റൊരു ഉദയ് കൃഷ്ണ സിബി കെ തോമസ് ആയി ഇവർ മാറിയാൽ ആത്യന്തികമായി നഷ്ടം മലയാള സിനിമക്ക് തന്നെയാണു.

സൂപ്പർ ഹിറ്റ്, മെഗാഹിറ്റ് ബ്ലോക്ക് ബസ്റ്റർ എന്നിങ്ങനെ ഈയിടെ വിശേഷിപ്പിക്കപ്പെട്ട സിനിമകളിൽ നിന്നും ട്രാഫിക്ക് വേറിട്ട് നില്ക്കുന്നത് ഈ സിനിമകൾ അടിപൊളി, നല്ലത് എന്നു പറയുന്നത് അതിൽ നായകനായി അഭിനയിച്ച താരങ്ങളുടെ ഫാൻസുകാർ മാത്രമാണു എന്നത് കൊണ്ടാണു. ഇത്തരത്തിൽ ആരാധകർ എന്ന ആൾക്കൂട്ടം പിന്നിലില്ലാത്ത ഒരു പറ്റം നടന്മാരാണു ഈ സിനിമയിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അതു കൊണ്ട് തന്നെ സിനിമ കഴിഞ്ഞ് കൈയ്യടിച്ച് കൊണ്ട് സംതൃപ്തരായി പുറത്തേക്ക് വരുന്നവർ ഈ സിനിമ കൊള്ളം എന്ന് പറയുന്നെങ്കിൽ അത് ആത്മാർഥമായി തന്നെയാണു.

ഇന്ന് മലയാള സിനിമയെ അക്ഷരാർത്ഥത്തിൽ താങ്ങി നിർത്തുന്നത് കോമഡി സിനിമകളും അത് നിർമ്മിക്കുന്നവരും അതിൽ അഭിനയിക്കുന്നവരുമാണു. നഷ്ടത്തിൽ ഓടി കൊണ്ടിരിക്കുന്ന മലയാള സിനിമക്ക് മെഗാ വിജയങ്ങളിലൂടെ ആശ്വാസം നല്ക്കുന്ന ഈ വിഭാഗത്തിനോട് സിനിമ ലോകം എന്നും കടപ്പെട്ടിരിക്കും.

പക്ഷെ കോമഡി എന്ന പേരിൽ അഴകി ദ്രവിച്ച് ചീഞ്ഞു നാറിയ വിഭവം വീണ്ടും വീണ്ടും നിർബന്ധിച്ച് പ്രേക്ഷകരെ തീറ്റിപ്പിക്കുന്നതിൽ നിന്നും സാവധാനമെങ്കിലും പിന്മാറാൻ ഇത്തരം സിനിമകൾ ഒരുക്കുന്നവർ തയ്യാറായില്ലെങ്കിൽ നല്ല സിനിമകളും മികച്ച സിനിമകളും എന്നന്നേക്കുമായി മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമാകും.ഹാ കിടിലൻ അതി ഗംഭീരം എന്ന് പറഞ്ഞ് കയ്യടിക്കാൻ തമിഴന്റെ സിനിമ മാത്രം കാണേണ്ടി വരുന്ന അവസ്ഥ അങ്ങിനെയെങ്കിൽ അതി വിദൂരമാവില്ല...!

*കോമഡിയെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട കഴിഞ്ഞ വർഷത്തെ ആദ്യത്തെ സോളോ മെഗാഹിറ്റ് ഒരു കോമഡി സിനിമയാണു അതു ആരും മറക്കണ്ട...!!

*അത് ശരിയാണല്ലോ. സുരാജിന്റെ ടൈം നല്ല ബെസ്റ്റ് ടൈം..!!!

ഇതാണു അവാർഡ്..ഇങ്ങനെയാവണം അവാർഡ്..!ഏഷ്യാനെറ്റ് എപ്പോഴും അങ്ങിനെയാണു. വൈവിദ്ധ്യമാർന്ന പരിപാടികൾ കാഴ്ച്ച വെച്ച് മിനി സ്ക്രീൻ പ്രേക്ഷകരെ മുഴുവൻ എപ്പോഴും പുളകം കൊള്ളിച്ചു കൊണ്ടിരിക്കും. സ്റ്റാർ സിംഗറും മാനസ പുത്രിമാരും പാരിജാതവുമെല്ലാം ഉണ്ടെങ്കിലും വർഷാ വർഷം റേറ്റിംഗ് കുതിച്ചുയരുന്ന ഒരു പ്രോഗ്രാം ഈ ജനപ്രിയ ചാനൽ പ്രദർശിപ്പിക്കാറുണ്ട്. ഉജാല ഏഷ്യാനെറ്റ് ഫിലിംസ് അവാർഡ്.

1998 മുതലാണു ഈ അവാർഡ് ദാനം ഏഷ്യാനെറ്റിൽ തുടങ്ങിയത്. പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾക്കാണു അവാർഡുകൾ എന്നാണു പറച്ചിൽ.പക്ഷെ ആരു ഏതൊക്കെ അവാർഡ് വാങ്ങിച്ചാലും ഒരോ വർഷവും മോഹൻലാലിനു ഏഷ്യാനെറ്റ് വക ഒരു അവാർഡ് ഉറപ്പാണു എന്നത് ഒരു പരസ്യമായ രഹസ്യമാണു. ലാലിന്റെ സുഹൃത്ത് ഉന്നത പദവിയിലിരിക്കുന്ന ഒരു ചാനലിൽ മോഹൻലാലിനു ഒരു അവാർഡ് ഒപ്പിച്ചു കൊടുക്കുന്നതിൽ വലിയ തെറ്റൊന്നും പറയാൻ പറ്റില്ല. അമൃത ടിവി ശ്യാമപ്രസാദിനു അവാർഡ് കൊടുക്കുന്നത് പോലെ കണ്ടാൽ മതി. എന്നാൽ 2010 ലെ അവാർഡ് പ്രഖ്യാപനത്തിലൂടെ ഏഷ്യാനെറ്റ് സകലരെയും ഞെട്ടിച്ചിരിക്കുകയാണു.

മികച്ച നടൻ - മമ്മൂട്ടി
ഗോൾഡൻ സ്റ്റാർ - മോഹൻലാൽ
മികച്ച നടി - നയൻ താര
മികച്ച സിനിമ - പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
മികച്ച ദേശീയോത്ഗ്രദ്ധന ചിത്രം - കണ്ഡഹാർ
മികച്ച സംവിധായകൻ - ലാൽ ( ഇൻ ഗോസ്റ്റ് ഹൗസ് ഇൻ)
യൂത്ത് ഐക്കൺ - ജയസൂര്യ
ന്യൂ ഫേസ് - ആൻ അഗസ്റ്റിൻ
സ്പെഷ്യൽ ജൂറി അവാർഡ് - ശ്രീനിവാസൻ (ആത്മ കഥ)
ജനപ്രിയ നടൻ - ദിലീപ്
ജനപ്രിയ നായിക - മമത മോഹൻ ദാസ്
ജനപ്രിയ തമിഴ് താരം - വിജയ്

മികച്ച ഗായകൻ - ഹരിഹരൻ (കഥ തുടരുന്നു)
മികച്ച ഗായിക -ശ്രേയ ഗോഷാൽ (ആഗതൻ)

എന്നിവയാണു പ്രധാന അവാർഡുകൾ..

മോഹൻലാലിന്റെ ഗോൾഡൻ സ്റ്റാർ അവാർഡിനെ പറ്റി കമന്റ്സ് പാടില്ല. കാരണം മികച്ച നടൻ മമ്മൂട്ടിയാണല്ലോ. അപ്പോൾ ലാലിനു ഇതിരിക്കട്ടെ. പക്ഷെ നായിക നയൻ താര..! ബോഡി ഗാർഡിലെ അഭിനയത്തിനു. അതും ക്ഷമിക്കാം, പക്ഷെ ഇൻ ഗോസ്റ്റ് ഹൗസ് ഇനിലെ സംവിധാനത്തിനു ലാലിനു മികച്ച സംവിധായകന്റെ അവാർഡ് കൊടുക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം. അല്ല, കണ്ഡഹാർ എന്ന മൂന്നാം കിട പട്ടാള ചിത്രത്തെ ദേശീയോത്ഗ്രദ്ധന ചിത്രമായി തിരഞ്ഞെടുക്കാൻ ഏഷ്യാനെറ്റ് കാണിച്ച തൊലിക്കട്ടിക്കു മുൻപിൽ മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ശിരസ്സ് കുനിക്കുന്നു. ഇതിനു മുൻപിൽ മറ്റ് അവാർഡുകളെല്ലാം എത്രയോ നിസ്സാരം.

മമ്മൂട്ടിയും മോഹൻലാലും നയൻ താരയും വിജയും ദിലീപും ജയസൂര്യയും മമതയും പിന്നെ ഹരിഹരനും ശ്രേയാ ഗോഷലും ഇത്തവണയും അവാർഡ് ഫംഗ്ഷൻ പൊടി പൊടിക്കട്ടെ..!

*ശിക്കാർ മികച്ച ചിത്രമായി തിരഞ്ഞെടുത്തില്ലല്ലോ.. ആശ്വാസം..!

** പട്ടാളക്കാരന്റെ അഛനായി ജനിച്ചതിനു (അഭിനയിച്ചതിനു) ബിഗ് ബിക്കു കൂടി ഒരെണ്ണം കൊടുക്കാമായിരുന്നു മോശമായി പോയി..!!

*** വീഡിയോ

Followers

 
Copyright 2009 b Studio. All rights reserved.