RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഒഴിവു ദിവസത്തെ കളി. - Film Review


നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങിയ ഒഴിവു ദിവസത്തെ കളി എന്ന സിനിമ ഇന്ന് റിലീസ് ചെയ്തു. ഒരവാർഡ് പടമായത് കൊണ്ട് മുഖ്യധാര സിനിമ പ്രേക്ഷകർ കൈയ്യൊഴിയും എന്ന കാരണത്താൽ ഇതൊരു അവാർഡ് പടം പോലെയല്ല ഈ സിനിമ കണ്ടാൽ നിങ്ങൾക്ക് ഒറപ്പായിട്ടും ഇഷ്ട്ടപ്പെടും എന്ന സംവിധായകന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനം ഇഷ്ട്ടപ്പെട്ടത് കൊണ്ടാണു സമീപത്തൊന്നും ഈ പടം റിലീസ് ഇലാതിരുന്നിട്ടും അകലെയുള്ള ഒരു തിയറ്ററിൽ പോയി പടം കണ്ടത്. കാരണം മലയാള സിനിമയിൽ ഇന്നേ വരെ ഒരു സംവിധായകനും ഇത്രക്ക് ചങ്കൂറ്റത്തോടെ തന്റെ സിനിമയെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല. 

ഒഴിവു ദിവസത്തെ കളി. 

 പേരു പോലെ തന്നെ ഇത് ഒരു ഒഴിവു ദിവസം നടന്ന കളിയെ കുറിച്ചുള്ള സിനിമയാണു. അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസമാണു ഈ കളി നടക്കുന്നത്. 5 കൂട്ടുകാർ. അതിലൊരാൾ നമ്പൂതിരി, ഒരാൾ ഗൾഫ് മലയാളി, ഒരാൾ സർക്കാർ ജോലിക്കാരൻ, വേറെ ഒരാൾ ബിസിനസ്സുകാരൻ അഞ്ചാമത്തേയാൾ സാദാ രാഷ്ട്രീയ പ്രവർത്തകൻ. തിരഞ്ഞെടുപ്പിന്റെ അന്ന് വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് അവർ നമ്പൂരശന്റെ വക ഒരു ഒഴിഞ്ഞ സ്ഥലത്ത് ഒത്തു കൂടുന്നു. അവിടെ ഒരു കെട്ടിടത്തിൽ അവർ മദ്യ സേവ നടത്തുന്നു. മദ്യപിച്ച് മദ്യപിച്ച് അവസാനം അവർ ഒരു കളി കളിക്കുന്നു. ഒഴിവു ദിവസത്തെ കളി..!!!!

വിശകലനം.

സനൽ കുമാർ ശശിധരൻ എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമയാണു ഈ ചിത്രം. ആദ്യ ചിത്രമായ ഒരാൾപ്പൊക്കത്തിനു സംസ്ഥാന സർക്കാരിന്റെ മികച്ച സംവിധായകന്റെ അവാർഡ് നേടിയിട്ടുള്ളതാണദ്ദേഹം. ഒഴിവു ദിവസത്തെ കളി എന്ന സിനിമ അവാർഡ് നേടിയത് കൊണ്ട് സാധാരണ പ്രേക്ഷകർ  ഈ സിനിമക്ക് നേരെ മുഖം തിരിക്കും എന്നുറപ്പുള്ളത് കൊണ്ടാവണം തന്റെ സിനിമ അവാർഡ് പടം പോലെയല്ല എന്ന റിലീസിനു മുൻപേ പ്രേക്ഷകരെ ധരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചത്. ശരിയാണു ആഷിക്ക് അബു അവതരിപ്പിക്കുന്ന ഒഴിവു ദിവസത്തെ കളി മലയാളികൾക്ക് പരിചയമുള്ള സമാന്തര സിനിമകളുടെ പാതയിലൂടെയല്ല സഞ്ചരിക്കുന്നത്. ചില ദൃശ്യഭംഗി ഷോട്ടുകളുടെ ദൈർഘ്യ കൂടുതലുകൾ  ഒഴിച്ചു നിർത്തിയാൽ ഈ ചിത്രം തികച്ചും ഒരു കൊമേഴ്സ്യൽ സിനിമ തന്നെയാണു. 

പശ്ചാത്തല സംഗീതം ഇല്ല എന്നത് സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയാലും തിരിച്ചറിയാൻ സാധിക്കാത്തവണ്ണം ശബ്ദക്രമീകരണം നടത്തിയിരിക്കുന്നു അണിയറപ്രവർത്തർ.  ഇടവേളയ്ക്ക് ശേഷം ഒരൊറ്റ ഷോട്ടിലാണു സിനിമ പൂർത്തിയാവുന്നത്. ഇനി സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിലേക്ക് വരാം.5 വ്യത്യസ്ഥ പശ്ചാത്തലത്തിലുള്ള കൂട്ടുകാരുടെ വെള്ളമടികൂട്ടത്തിൽ അവർക്കിടയിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെയാണു സിനിമ മുന്നേറുന്നത്. ജാതിയും മതവും നിറവുമൊന്നും നോക്കാതെ കൂട്ടുകാരാകുന്നുവെങ്കിലും ഉള്ളിന്റെ ഉള്ളിൽ അതെല്ലാം സൂക്ഷിക്കപ്പെടുന്നുണ്ട് എന്ന ഓർമപ്പെടുത്തലാണു സിനിമ. സ്ത്രീകളെ കീഴ്പ്പെടുത്തലാണു പുരുഷൻ ചെയ്യേണ്ടത് എന്ന് പറയുമ്പോൾ അങ്ങനെയെങ്കിൽ ഇത്രയും കാലം നിന്റെ ഭാര്യയെ നീ ബാലാത്സംഗം ചെയ്യുകയായിരുന്നോ എന്ന ചോദ്യത്തിനു മുന്നിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും എന്നെ നീ എന്ന് വിളിക്കാൻ നീ ആരാ എന്ന സംഭാഷണവുമെല്ലാം സദാമലയാളിയുടെ മുഖം തന്നെയാണു വരച്ച് കാട്ടുന്നത്. 

കൂട്ടത്തിലെ താഴ്ന്ന ജാതിക്കാരനെ കൊണ്ട് പ്ലാവിൽ കയറി ചക്ക ഇടുപ്പിക്കുകയും കോഴിയെ കൊല്ലാൻ പറയുകയും ചെയ്യുന്നതിൽ പുറമേ നിന്ന് നോക്കുമ്പോൾ അപാകതയിലെങ്കിലും കൂട്ടുകാർക്കിടയിൽ ഉടലെടുക്കുന്ന വ്യക്തമായ ജാതി ചിന്തകളെയാണു അത് വിരൽ ചൂണ്ടുന്നത്. ഉണ്ണി ആർന്റെ  ചെറുകഥയെ ആസ്പദമാക്കിയാണു ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സനലും ഉണ്ണിയും ചേർന്നാണു ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നതും. ഈ സിനിമയിൽ ആകെ 7 കഥാപാത്രങ്ങളെ ഉള്ളു.5 കൂട്ടുകാരെ കൂടാതെ  പണിക്കാരായ  നാരായണനും ഗീതയും. ഇതിൽ ഗീതയുടെ വേഷമിട്ട നടിയൊഴിച്ച് ബാക്കിയെല്ലാവരും സിനിമയിൽ പുതുമുഖങ്ങളാണു പക്ഷെ ഒട്ടും നാടകീയത ഇല്ലാതെ തികഞ്ഞ സ്വഭാവികതയോടെയാണു അവർ തങ്ങളുടെ വേഷം അവതരിപ്പിച്ചിട്ടുള്ളത്. ഇടയ്ക്കെപ്പോഴെങ്കിലും സ്ക്രീനിൽ കാണുന്നത് തന്നെ തന്നെയല്ലേ എന്ന സംശയം പ്രേക്ഷകർക്ക് ഉള്ളവാക്കുന്നിടത്താണുസിനിമയുടെ വിജയം.

പ്രേക്ഷക പ്രതികരണം

കൈയ്യടികളോടെ പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങി.

ബോക്സോഫീസ് സാധ്യത

വളരെ കുറച്ച് തിയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ഈ സിനിമ വാണിജ്യ പരമായി ഒരു വൻ വിജയം നേടാനുള്ള സാധ്യത ഇല്ല. 



അടിക്കുറിപ്പ്: കൂട്ടുകാരൊടൊപ്പം മദ്യ സേവ നടത്തുകയോ അല്ലെങ്കിൽ അത്തരം സല്ക്കാരങ്ങളിൽ പങ്കാളികളാവുകയോ ചെയ്തവർക്ക് മാത്രമേ ഈ സിനിമ പൂർണ്ണമായി ആസ്വദിക്കാൻ കഴിയു എന്ന ഒരൊറ്റ ന്യൂനതയേ (മലയാളിക്ക് ഇതൊരു ന്യൂനതയല്ല) ഈ  ചിത്രത്തിനുള്ളു. 

Happy Wedding


ഒരിക്കൽ കൂടി ‪#‎Happywedding‬ എന്ന സിനിമ കണ്ടു. അങ്ങനെ ഒരുപാടൊരുപാട് വട്ടം കൊതി തീരാതെ കാണാൻ പറ്റുന്ന സിനിമ ഒന്നുമല്ല ഇത്. ക്ലാസ്മേറ്റ്സ് പോലെ നൊസ്റ്റാൾജിയയുടെ തള്ളികയറ്റം വന്ന് അങ്ങ് സ്വർഗീയ സുഖത്തിലേക്ക് മുങ്ങി താണുന്ന അനുഭൂതിയൊന്നും ഈ സിനിമ തരുന്നുമില്ല. പക്ഷെ രണ്ട് മണിക്കൂർ തിയറ്ററിൽ ഇരുന്ന് ചിരിച്ച് രസിക്കാനുള്ളതെല്ലാം ഈ സിനിമയിലുണ്ട്. ഇന്നത്തെ കാലത്ത് ഒരു മലയാള സിനിമയ്ക്കും ധൈര്യസമേതം അവകാശപ്പെടാനില്ലാത്ത മിനിമം ഗ്യാരണ്ടി ഫീൽ ഈ സിനിമ നല്കുന്നുണ്ട്. ഷിജു വിൽസൺ എന്ന ചെറിയ നടൻ നായകനായത് കൊണ്ടോ Omar Lulu എന്ന നവാഗതൻ സംവിധാനം ചെയ്തത് കൊണ്ടോ അണിയറയിൽ ഏറിയ പങ്കും പുതിയ ആളുകളായത് കൊണ്ടോ ആകണം സ്റ്റാർ വാല്യു ഇല്ലായ്മ കൊണ്ട് മാറ്റി നിർത്തപ്പെട്ട നല്ല സിനിമകളുടെ കൂട്ടത്തിലേക്ക് ഹാപ്പി വെഡിംഗും പരിഗണിക്കപ്പെട്ടത്. അതിനു 
എല്ലാ സിനിമകളെയും പ്രോത്സാഹിപ്പിക്കുന്ന Naseer Vadakkekadപോലെയുള്ളവരും 
കൂട്ടു നിന്നു എന്നത് ദുഃഖകരമാണു. ഇറോസ് ഇന്റർനാഷ്ണൽ വലിയ ഒരു ബോളിവുഡ് നിർമ്മാണ കമ്പനിയാണു എന്നാൽ മലയാളത്തിൽ സിനിമ വിതരണം ചെയ്യുന്നത് എങ്ങനെ എന്ന് അവർക്ക് വേണ്ടത്ര പിടിയില്ല. പത്തേമാരി ഹിറ്റായത് അതിൽ മമ്മൂട്ടി എന്ന അതികായന്റെ ഏറെ നാളുകൾക്ക് ശേഷമുള്ള മാസ്മരിക പ്രകടനത്തെ വാനോളം പുകഴ്ത്താ ഇന്നാട്ടിലെ മാധ്യമങ്ങൾ പരസ്പരം മത്സരിച്ചത് കൊണ്ടാണു. ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ കമ്മട്ടിപ്പാടം എന്ന വലിയ സിനിമയുടെ ഒപ്പം കുറച്ച് തിയറ്ററുകളിൽ റിലീസ് ചെയ്ത ഹാപ്പി വെഡിംഗ് ഇന്നത്തോടെ 3 വാരങ്ങൾ പിന്നിടുകയാണു. റിലീസ് ചെയ്ത തിയറ്ററുകളേകാൾ കൂടുതൽ തിയറ്ററുകളിലേക്ക് നാലമത്തെ ആഴ്ച്ച ഈ സിനിമ എത്തുന്നു. കേവലം മൗത്ത് പബ്ലിസിറ്റി കൊണ്ട് മാത്രം ആരുമറിയാതെ പോകുമായിരുന്ന ഒരു സിനിമ സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണു. അല്ലെങ്കിലും എല്ലാത്തിനെയും അതിജീവിച്ചു കൊണ്ട് സർഗ്ഗശേഷി ഉള്ളവരുടെ കൈകളിലൂടെ സിനിമ മുന്നോട്ട് പോകുക തന്നെ ചെയ്യും..!! ഇനിയും ഈ സിനിമ കാണാത്തവരുണ്ടെങ്കിൽ അവരോട് പറയാൻ ഒന്നേയുള്ളു ഈ സിനിമ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല..!!!

Followers

 
Copyright 2009 b Studio. All rights reserved.