RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ - Film Review


പുലിമുരുകൻ വേട്ടയാടിയ മലയാള സിനിമ ബോക്സോഫീസിനു ഒന്ന് ശ്വാസം വിടാൻ അവസാനം നരേന്ദ്രമോഡി വരേണ്ടി വന്നു. നാട്ടിൽ ചില്ലറ ക്ഷാമം വന്നപ്പോൾ മാത്രമാണു ബോക്സോഫീസ് അല്പമെങ്കിലും ശ്വാസം വിട്ടത്. പ്രശ്നങ്ങൾ ഒരു വിധം അവസാനിച്ചപ്പോൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു  കട്ടപ്പനയിലെ ഋതിക്ക് റേഷന്റെ വിശേഷങ്ങളിലൂടെ...!!  

അമർ അക്ബർ ആന്റണിയുടെ വമ്പൻ വിജയത്തിനു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണു  കട്ടപ്പനയിലെ ഋതിക്ക് റോഷൻ. ആദ്യ ചിത്രത്തിന്റെ തിരകഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും തന്നെയാണു ഈ സിനിമയുടെയും തിരകഥ രചിച്ചിരിക്കുന്നത്. തിരകഥകൃത്തായ വിഷ്ണു ആദ്യമായി നായകനാവുന്ന സിനിമയാണു ഇത്.  കുറവുകൾ കൂടുതൽ ഉള്ളവന്റെ കഥയായ  കട്ടപ്പനയിലെ ഋതിക്ക് റോഷൻ നിർമ്മിച്ചിരിക്കുന്നത് ദിലീപാണു. സിദിഖ്, പ്രയേഗ , സലീം കുമാർ, ധർമ്മജൻ എന്നിവരാണു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ 

കഥ 

തനിക്ക് ആവാൻ കഴിയാതെ പോയത് തന്റെ മക്കളിലൂടെ സാധിക്കണം എന്നത് ഏതൊരു അഛനമ്മമാരുടെയും ഉള്ളിലെ ആഗ്രഹമാണു. ചിലരത് പുറമേ പ്രകടിപ്പിക്കും ചിലരത്  പ്രകടിപ്പിക്കാറുമില്ല. മക്കൾക്ക് അവരുടേതായ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു എന്ന് വിശാലമായി പറഞ്ഞാൽ പോലും ആ വഴികാട്ടലിലെ ചില സൂചനകൾ തങ്ങളുടെ നടക്കാതെ പോയ ദിശയിലേക്കാവുന്നത് സ്വഭാവികമാണു. ഇവിടെ സിനിമ നടനാവാൻ ആഗ്രഹിച്ച് നടക്കാതെ പോയി  ഒടുവിൽ തന്റെ മകനിലൂടെ ആ ആഗ്രഹം സാധിക്കണം എന്ന് ആഗ്രഹിച്ച് അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരഛനും അഛന്റെ ആഗ്രഹം നിറവേറ്റാനായി ഏതറ്റം വരെയും പോകാൻ തയ്യാറായി നില്ക്കുന്ന ഒരു നായക നടനാവാൻ വേണ്ട യാതൊരു ഗുണകണങ്ങളുമില്ലാത്ത ഒരു മകനും, അത്തരമൊരു അഛന്റെയും മകന്റെയും കഥയാണു കട്ടപ്പനയിലെ ഋതിക്ക് റോഷൻ..!!!!

വിശകലനം.

നായകനാവാൻ മലയാള സിനിമയിൽ വേണ്ട മിനിമം യോഗ്യതയാണു സൗന്ദര്യം. കലാഭവൻ മണി അതിനൊരപവാദമായെങ്കിലും സിനിമ ഉണ്ടായ കാലം മുതല്ക്കേ നില നിന്ന് പോകുന്ന ഒരു സാമ്പ്രദായിക രീതി ആണിത്. (സത്യൻ മാഷിനു സൗന്ദര്യം ഇല്ലായിരുന്നു എന്നൊന്നും ഇതിനിടയിൽ പറഞ്ഞ് വരരുത് പ്ലീസ്..!! ) രാജപ്പൻ തെങ്ങുമ്മൂടും മോഹനും സിനിമനടൻ ആകാൻ ആഗ്രഹിച്ചവരായിരുന്നു. മോഹൻ മമ്മൂട്ടിയെ പോലെ ഗ്ലാമർ ഉള്ള ആളായിരുന്നെങ്കിൽ രാജപ്പൻ ശ്രീനിവാസനെ പോലെ ഒരാളായിരുന്നു. ഇവരിൽ രാജപ്പൻ തെങ്ങുമൂട് സരോജ് കുമാർ എന്ന സൂപ്പർ സ്റ്റാർ ആയി മാറിയപ്പോൾ മോഹൻ എവിടെയും എത്താതെ ഒതുങ്ങി. സിനിമ ഭാഗ്യത്തിന്റെ കൂടി കലയാണു. ഇങ്ങനെ സിനിമ നടനാകണം എന്ന് ആഗ്രഹിച്ചു നടക്കുന്നവർക്കെല്ലാം ഒരു സന്ദേശം നല്കുന്ന സിനിമയാണു കട്ടപ്പനയിലെ ഋതിക്ക് റോഷൻ.

 മികച്ച കോമഡികളുടെ അകമ്പടിയോടെ ആണു സിനിമ മുന്നേറുന്നത്.  നായകനായെത്തിയ വിഷ്ണുവിന്റെ പ്രകടനം കുറ്റമറ്റതയിരുന്നു. മറ്റ് നടന്മാരിൽ ഏറ്റവുമധികം സ്കോർ ചെയ്തത് സലീം കുമാർ ആയിരുന്നു. തന്റെ പ്രതാപ കാലത്തിലേക്കുള്ള ഒരു തിരിച്ച് പോക്ക് ഈ നടനിൽ കാണാം. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൊണ്ട് തിരകഥ ഒരുക്കിയ ബിബിനും വിഷ്ണുവും തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിലും വിജയം കൈവരിച്ചിരിക്കുന്നു. മനോഹരമായ ദൃശ്യങ്ങളും തരക്കേടില്ലാത്തെ ഗാനങ്ങളും ചിത്രത്തിനു നല്കുന്ന പിന്തുണ വലുതല്ല. വലിയ  വലിയ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ടെൻഷനടിക്കാതെ ചെറിയ ചെറിയ സന്തോഷങ്ങൾ വരെ ആഘോഷമാക്കുന്നവർക്ക് ഈ സിനിമ ഒരു നല്ല വിരുന്നാണു.  മിമിക്രി താരത്തിൽ നിന്നും  സംവിധായകനായി മലയാള സിനിമയുടെ മുൻ നിരയിൽ തന്നെ ആദ്യ ചിത്രം കൊണ്ട് കസേരയിട്ടിരുന്ന നാദിർഷ ഈ സിനിമയോട് കൂടി തന്റെ ഇരിപ്പിടം ഒന്നു കൂടി ഉറപ്പിച്ചു. മലയാള സിനിമയിലെ ഏത് നടന്റെയും ഡേറ്റ് ലഭിക്കുമായിരുന്നിട്ടും ഇതു പോലെ ഒരു പരീക്ഷണം നടത്താൻ തയ്യാറായ നാദിർഷായുടെയും നിർമ്മാതാവായ ദിലീപിന്റെയും ധൈര്യത്തിനിരിക്കട്ടെ ഒരു കയ്യടി.. വിജയങ്ങൾ ധീരന്മാർക്കുള്ളതാണു...!!!!!

പ്രേക്ഷക  പ്രതികരണം.

മറ്റൊരു അമർ അക്ബർ പ്രതീക്ഷിച്ച് വന്നവർ എല്ലാം സംതൃപ്തർ..!!!

ബോക്സോഫീസ് സാധ്യത.

സൂപ്പർ ഹിറ്റ് 

റേറ്റിംഗ് : 3 / 5 

അടിക്കുറിപ്പ്: 14 വർഷം ദേ മാവേലി കൊമ്പത്ത് എന്ന കാസറ്റുമായി മൊത്തം മലയാളികളെ ചിരിപ്പിച്ച നാദിർഷാക്കാണു വെറും രണ്ടര മണിക്കൂർ ആളുകളെ രസിപ്പിക്കാൻ പാട്....!! മാർപ്പാപയെ കുർബാന ചൊല്ലാൻ പടിപ്പിക്കണോ..!!

Followers

 
Copyright 2009 b Studio. All rights reserved.