RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മലയാള സിനിമ ബോക്സ് ഓഫീസ് 2010മലയാളത്തിൽ കഴിഞ്ഞ വർഷം 90 മലയാള സിനിമകളും 8 തെലുങ്ക് ഡബ്ബിംഗ് സിനിമകളുമാണു ഇറങ്ങിയത്. പതിവു പോലെ തന്നെ ഇറങ്ങിയ സിനിമകൾ മൂന്നക്കത്തിനടുത്തെത്തിയെങ്കിലും വിജയിച്ച സിനിമകൾ വിരലിലെണ്ണാവുന്നത് മാത്രമാണു. മമ്മൂട്ടി - മോഹൻലാൽ എന്നീ താര ദൈവങ്ങളെ ചുറ്റിപറ്റിയാണു ഈ വർഷവും മലയാള സിനിമ ചലിച്ചത്.

2008 - 2009 വർഷങ്ങളിൽ തീർത്തും നിറം മങ്ങിപോയ ദിലീപ് അതിശക്തമായി തിരിച്ചു വന്ന കാഴ്ച്ചയും 2010ൽ കണ്ടു. വിജയ ചിത്രങ്ങളുമായി ജയറാം 2010ലും തന്റെസ്ഥാനം സുരക്ഷിതമാക്കി തുടർന്നു. ഒരുപാട് പരാജയങ്ങൾ നേരിട്ടെങ്കിലും വർഷാവസാനം ഇറങ്ങിയ സഹസ്രം നേടിയ വിജയം സുരേഷ് ഗോപിക്ക് ആശ്വാസമായി. യുവതാരങ്ങളിൽ നേട്ടം കൈവരിക്കാനായത് കുഞ്ചാക്കോക്ക് മാത്രമാണു. തുടർച്ചയായ വിജയങ്ങളുമായി ദിലീപ് 2010 ലെ ഭാഗ്യതാരമായി മാറിയപ്പോൾ 2010 ലെ ദുരന്ത താരം ദിലീപിന്റെ എതിരാളിയായി കരുതപ്പെട്ടിരുന്ന പൃഥ്വിരാജ് ആണു.

2010ൽ ഇറങ്ങിയ സമാന്തര സിനിമകൾ പുണ്യം അഹം, സൂഫി പറഞ്ഞ കഥ, കുട്ടി സ്രാങ്ക്, യുഗപുരുഷൻ, നന്തുണി എന്നിവയാണു. ഇവയ്ക്കൊന്നും തിയറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാനായില്ല.


പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങൾ

1. ഹാപ്പി ഹസ്ബന്റ്സ്

2.ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
3.കഥ തുടരുന്നു.
4. പോക്കിരി രാജ
5.എൽസമ്മ എന്ന ആൺകുട്ടി
6. പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
7.ശിക്കാർ
8.കാര്യസ്ഥൻ

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങൾ


1. പാപ്പി അപ്പച്ച
2.മമ്മീ & മീ
3.അപൂർവ്വ രാഗം
4. മലർവാടി ആർട്സ് ക്ലബ്
5. സഹസ്രം

അപ്രതീക്ഷിത പരാജയം നേരിട്ട ചിത്രങ്ങൾ


1.ബോഡി ഗാർഡ്

2. ആഗതൻ
3.താന്തോന്നി
4.നായകൻ
5.പ്രമാണി
6.ജനകൻ
7.ഒരു നാൾ വരും
8.Anwar
9. ഫോർ ഫ്രണ്ട്സ്

അർഹിച്ച വിജയം നേടാതെ പോയ രണ്ടേ രണ്ടു ചിത്രങ്ങളെ 2010ൽ ഉണ്ടായുള്ളു. TD ദാസനും കോക്ക്ടെയ്‌ലും.


വൻ പരാജയങ്ങൾ നേരിട്ട ചിത്രങ്ങൾ


1. ദ്രോണ 2010

2.ബ്ലാക്ക് സ്റ്റാലിയൻ
3.സീനിയർ മാൻഡ്രേക്ക്
4.വലിയങ്ങാടി
5.ഏപ്രിൽ ഫൂൾ
6.അലക്സാണ്ടർ ദി ഗ്രേറ്റ്
7. നല്ലവൻ
8. 3 ചാർ സൗ ബീസ്
9.വന്ദേമാതരം
10. ഒരിടത്തൊരു പോസ്റ്റ്മാൻ
11.ബെസ്റ്റ് ഓഫ് ലക്ക്
12 ത്രില്ലർ
13. എഗെയ്ൻ കാസർ കോഡ് കാദർബായ്

ഈ മാസം റിലീസ് ചെയ്ത ബെസ്റ്റ് ആക്ടർ, കണ്ഡഹാർ, മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, ടൂർണമെന്റ് എന്നീ ചിത്രങ്ങളിൽ ബെസ്റ്റ് ആക്ടർ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ദിലീപിന്റെ മേരിയ്ക്കുണ്ടൊരു കുഞ്ഞാട് മികച്ച സിനിമയാണെന്ന അഭിപ്രായം നേടിയതോടെ മറ്റൊരു സൂപ്പർ ഹിറ്റ് കൂടി ദിലീപിനു സമ്മാനിക്കും. ദിലീപിന്റെ തകർപ്പൻ പെർഫോർമൻസും, ബെന്നി പി നായരമ്പലത്തിന്റെ നല്ല തിരക്കഥയും ഷാഫിയുടെ സംവിധാനമികവും കൂടിയാകുമ്പോൾ ക്രിസ്തുമസ് വിന്നർ മേരിയുടെ കുഞ്ഞാടായി മാറാനാണു സാധ്യത.

ആദ്യ ദിവസം തന്നെ ആരാധകർ കൈ വിട്ട കണ്ഡഹാർ 2010 ലെ ബോക്സ് ഓഫീസ് ദുരന്തമായി മാറി. പുതുമുഖങ്ങളുമായി എത്തിയ ലാൽ ഇത്തവണ പക്ഷെ പാടേ നിരാശപ്പെടുത്തി കളഞ്ഞു.
സിദ്ദിഖുമായി വേർ പിരിഞ്ഞതിനു ശേഷം ലാൽ സംവിധാനം ചെയ്ത രണ്ടു സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. സിദിഖ് ലാൽ കോമ്പിനേഷനിൽ പുറത്തു വന്നിരുന്ന സിനിമകളിലെ ഹാസ്യത്തിന്റെ നിലവാരം ഇല്ലായിരുന്നെങ്കിലും സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത സിനിമകളേക്കാൾ മുന്നിൽ നില്ക്കുന്നവയായിരുന്നു ലാലിന്റെ സിനിമകൾ.

ടു ഹരിഹർ നഗറും ഇൻ ഗോസ്റ്റ് ഹൗസ് ഇനും കണ്ടവർക്കറിയാം സിനിമയുടെ അവസാന നിമിഷത്തിൽ വരുത്തുന്ന അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണു ഈ സിനിമകളെ വലിയ വിജയങ്ങളാക്കി മാറ്റിയത് എന്ന്. ഇതേ ഫോർമുല തെന്നെയാണു ടൂർണമെന്റിലും ലാൽ പരീക്ഷിച്ചത്. പക്ഷെ 4 ട്വിസ്റ്റുകളുമായി വന്ന അപൂർവ്വ രാഗം പോലും ഉൾക്കൊള്ളാൻ മടികാണിച്ച മലയാളി പ്രേക്ഷകർ 40 ഓളം ട്വിസ്റ്റുകളുമായി വന്ന ടൂർണമെന്റ് ഒരു പരാജയമാക്കി തീർത്താൽ അത്ഭുതപ്പെടേണ്ടതില്ല.

നഷ്ടങ്ങളുടെ കണക്കെടുപ്പാണു കൂടുതലും. എങ്കിലും അണിയറയിൽ ബിഗ് ബഡ്ജറ്റ് സിനിമകൾ ഒരുങ്ങുന്നു. 2011ൽ ഒരുപാട് നല്ല സിനിമകൾ ഇറങ്ങട്ടെ എന്നും ഇറങ്ങുന്നവ മുഴുവൻ വിജയിക്കട്ടെ എന്നും നമ്മുക്ക് ആശംസിക്കാം.*കോമേഴ്സ്യൽ വിജയം ലക്ഷ്യമിട്ട് ഇറക്കിയ സിനിമകളെ മാത്രമെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളു.

കണ്ഡഹാർ - A Must Watch Movie ..!

അമിതാബ് ബച്ചനും മോഹൻലാലും മോരും മുതിരയും പോലെയാണെന്ന് തോന്നുന്നു. എത്ര കൂട്ടി കുഴച്ചാലും ചേരില്ല. പണ്ട് സാക്ഷാൽ രാംഗോപാൽ വർമ്മ ഒന്നു ശ്രമിച്ച് നോക്കിയതാണു. ഹിന്ദി സിനിമയിലെ എവർഗ്രീൻ ഷോലെ റീമേക്ക്. പടം 16 നിലയിൽ പൊട്ടി. അമിതാബും ലാലും ഒരുമിച്ചഭിനയിച്ചത് കൊണ്ടല്ല സിനിമ പൊളിഞ്ഞത്. ഇന്ത്യൻ സിനിമയിലെ രണ്ട് ലെജൻഡ്സ് സ്ക്രീനിൽ മാറ്റുരയ്ക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു പഞ്ച് സിനിമയ്ക്ക് ഉണ്ടായിരുന്നില്ല എന്നതാണു വാസ്തവം.

അതു കൊണ്ട് തന്നെ ലാലിനെയും ബച്ചനെയും ഒരുമിപ്പിച്ച് ഒരു സിനിമയെടുക്കാൻ തിരുമാനിച്ച മേജർ രവി ഒരു വലിയ വെല്ലു വിളി തന്നെയായിരുന്നു ഏറ്റെടുത്തിരുന്നത്. മലയാളത്തിൽ പട്ടാള സിനിമകളുടെ സംവിധായകനായ മേജർ കുരുക്ഷേത്രയ്ക്ക് ശേഷം വീണ്ടുമൊരു പട്ടാള ചിത്രം വലിയ ഒരു ബഡ്ജറ്റിൽ ഒരുക്കുമ്പോൾ, അതിൽ അമിതാബും ഒത്തു ചേരുമ്പോൾ മോഹൻലാൽ ആരാധകർക്ക് ആഹ്ലാദിക്കാൻ മറ്റെന്തു വേണം.

മലയാള സിനിമയിലെ നിലവിലെ എല്ലാ കളക്ഷൻ റിക്കാർഡുകളും തിരുത്തിയെഴുതപ്പെടുന്ന ഒരു മഹത്തായ സംഭവം ആയി സിനിമ മാറുമെന്നായിരുന്നു ലാൽ ആരാധകരുടെയും മറ്റ് പ്രേക്ഷകരുടെയും പ്രതീക്ഷ. ഒരു സിനിമ എങ്ങനെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാം എന്ന് നന്നായി അറിയാവുന്ന ഇതിന്റെ വിതരണക്കാരായ മാക്സ് ലാബ് തങ്ങളുടെ പരസ്യ തന്ത്രങ്ങൾ ഉപയോഗിച്ച് പ്രതീക്ഷകൾ വാനോളമുയർത്തി.

കണ്ഡഹാർ..! ഇന്ത്യൻ ജനതയ്ക്ക് ഓർക്കാൻ ഇഷടമില്ലാത്ത ഒരു അധ്യായം. ഇന്ത്യയുടെ യശസ്സിനു മുന്നിൽ എക്കാലത്തും ഒരു കറുത്തപാടായി മായാതെ കിടക്കുന്ന ഒരു ചരിത്ര സത്യം. ലോകരാഷ്ട്രങ്ങളുടെ മുൻപിൽ ഇന്ത്യയുടെ അഭിമാനം ഒരു പറ്റം തീവ്രവാദികൾ ചേർന്ന് പിച്ചി ചീന്തിയ ഒരു നാണം കെട്ട പരാജയത്തിന്റെ കഥ. ഈയൊരു പ്രമേയം സിനിമയാക്കാൻ മേജർ രവി തിരുമാനിച്ചപ്പോൾ തന്നെ എല്ലാവർക്കും ഉറപ്പായിരുന്നു യതാർത്ഥ സംഭവത്തിൽ നിന്ന് വ്യതിചലിച്ച് സിനിമാറ്റിക്ക് ആയ ഒരു ക്ലൈമാക്സ് ആയിരിക്കും മേജർ രവി ഇതിനു നല്കുക എന്നത്. കാരണം പരാജയം ഏറ്റുവാങ്ങുന്ന ഒരു നായകനെ ഇന്നത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും അംഗീകരിക്കുകയില്ല. പ്രത്യേകിച്ചും നായകൻ മോഹൻലാൽ ആവുമ്പോൾ, ക്ലൈമാക്സിൽ വെറുതെ വെടി വെച്ചിടുന്നതിനു പകരം വില്ലനോട് നാലു ഉഗ്രൻ ഡയലോഗും തോക്കുപേക്ഷിച്ച് ഒരു നല്ല ഫൈറ്റും കൂടിയുണ്ടെങ്കിൽ അത്രയും സന്തോഷം.

മിഷൻ 90 ഡെയ്സിൽ സംഭവിച്ച പിഴവുകൾ ശരിയായി മനസ്സിലാക്കി കൊണ്ടാണു സംവിധായകൻ കണ്ഡഹാർ ഒരുക്കിയിരിക്കുന്നത്.കുടുമ്പ പ്രേക്ഷകരെ കൂടി കയ്യിലെടുത്താൽ വമ്പൻ ഇനീഷ്യൽ കൂടാതെ മികച്ച ലോംഗ് റൺ കൂടിയുറപ്പിക്കാം എന്ന് കരുതി അത്യാവശ്യത്തിനു സെന്റിമെൻസും കൂടി കണ്ഡഹാറിൽ ചേർത്തിട്ടുണ്ട്.പേരു കണ്ഡഹാർ എന്നതാണെങ്കിലും കണ്ഡഹാർ മിഷനു അല്ല സിനിമ പ്രാധാന്യം കൊടുക്കുന്നത്. പട്ടാളക്കാരുടെ ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾക്കും കൂടി കണ്ഡഹാറിൽ പ്രാധാന്യമുണ്ട്. ഒപ്പം തീവ്രവാദ റിക്രൂട്ട്മെന്റ് വിഷയങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നു. മേജർ മഹാദേവന്റെ ഓർമകളിലൂടെയാണു കണ്ഡഹാർ ആരംഭിക്കുന്നത്. മഹാദേവന്റെ നിർബന്ധപ്രകാരം ആർമിയിൽ ചേർന്ന സൂര്യ (ഗണേഷ്) യുടെ മൃതദേഹവുമായി സൂര്യയുടെ അഛനെ (ബിഗ് ബി) കാണെനെത്തുന്നതാണു മേജർ മഹാദേവൻ മഹാദേവൻ.

സിനിമയിൽ പ്രണയമുണ്ട്, കൂടുബ ബന്ധങ്ങളുടെ ഊഷമതകളുണ്ട്, സൗഹൃദത്തിന്റെ കെട്ടുപാടുകളുണ്ട്,വേർപാടിന്റെ വേദനകളുണ്ട് ഒപ്പം അഭിനേതാവായി മേജർ രവിയുമുണ്ട്. മിലിട്ടിറി ക്യാമ്പിലെ കർക്കശക്കാരനായ ഉദ്യേഗസ്ഥനായി വേഷമിടുന്ന മേജർ രവി, മമ്മൂട്ടി അനശ്വരമാക്കിയ നായർ സാമ്പിലെ കഥാപാത്രത്തെ വികലമായി അനുകരിച്ച് സ്വയം അപഹാസ്യനാവുകയാണു ഉണ്ടായത്. മോഹൻലാൽ, അമിതാബ് ബച്ചൻ എന്നിവരിൽ നിന്നും ഏകപക്ഷീയമായ ഒരു അത്യുഗ്രൻ പ്രകടനം ഒന്നും സിനിമയിൽ കാണുകയില്ല. കാരണം ഇത് ഒരു വൺ മാൻ ഷോ അല്ല. സുമലത, കെപിസി ലളിത, ഗണേഷ് തുടങ്ങി എല്ലാവരും ഒരു പോലെ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്.

ഒരു പട്ടാള സിനിമയ്ക്ക് ചേരുന്ന രീതിയിൽ തന്നെ ഇതിന്റെ ഛായാഗ്രഹണം നിർവ്വഹിക്കപ്പെട്ടിട്ടുണ്ട്. ചില പാട്ടുകൾ സിനിമയ്ക്ക് ഒരു ബാധ്യത തന്നെയാണു. ഇത്തരം ഒരു ചിത്രം ഒരുക്കുമ്പോൾ ഉണ്ടാകേണ്ട ടെക്നിക്കൽ പെർഫക്ഷൻ വരുത്തുന്നതിൽ അണിയറ പ്രവർത്തകർ വേണ്ടത്ര വിജയിച്ചിട്ടില്ല. മേജർ രവിയുടെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ കാൻ വാസിൽ ഒരുക്കപ്പെട്ടെങ്കിലും ത്രസിപ്പിക്കുന്ന കമാൻഡോ ഓപ്പറേഷനുകളും ശ്വാസമടക്കിപിടിച്ചിരുന്നു കാണേണ്ട വെടിവെയ്പ്പുകളും ബോംബാക്രമണങ്ങളും, ചടുലമായ ആക്ഷൻ രംഗങ്ങളും ദേശഭക്തി തുളുമ്പുന്ന ഡയലോഗുകളും (മലയാളത്തിൽ) പ്രതീക്ഷിച്ചെത്തിയ ആരാധക വൃന്ദം പാടെ നിരാശപ്പെടുന്ന കാഴ്ച്ചയാണു തിയറ്ററിൽ കാണുക. കോടികൾ മുടക്കിയ ബ്രഹമാണ്ഡ ചിത്രത്തിനു ഒരു തരത്തിലും ആരാധകരെ ആകർഷിക്കാനാവുന്നില്ല എന്നതാണു ഖേദകരമായ വസ്തുത.

ഇവിടെയാണു പ്രസക്തമായ ഒരു ചോദ്യം ഉയർന്നു വരുന്നത്. ഫാൻസ് എന്ന വിഭാഗത്തിനു ഇഷ്ടപ്പെടണം എന്നതാണോ ഒരു നല്ല സിനിമയ്ക്കുള്ള മാനദണ്ഡം. അങ്ങിനെയെങ്കിൽ പോക്കിരി രാജ നല്ല സിനിമയും, പ്രാഞ്ചിയേട്ടൻ മോശം സിനിമയും ആണെന്ന് പറയേണ്ടി വരും. പക്ഷെ ഒരേ സമയം താര പരിവേഷത്തിന്റെ ഉച്ചകോടിയിൽ നില്ക്കുന്ന പോക്കിരിരാജയാവാനും, താരപരിവേഷമില്ലാത്ത പച്ചയായ മനുഷ്യനായി ക്യാമറയ്ക്കു മുൻപിൽ പെരുമാറുന്ന പ്രാഞ്ചിയേട്ടനാവാനും, രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകരെ കൊണ്ട് സ്വീകരിപ്പിക്കാനും അത് അവതരിപ്പിച്ച നടനു കഴിയുന്നുണ്ട് എന്നതാണു അതിന്റെ ഉത്തരവും.

ഇവിടെ മോഹൻലാൽ എന്ന താരം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി അദ്ദേഹത്തിന്റെ ഫാൻസിൽ നിന്നു തന്നെയാണെന്ന് കണ്ഡഹാർ ഒരിക്കൽ കൂടി തെളിയിക്കുകയാണു. താരത്തിന്റെ അമാനുഷിക പ്രകടനം ആഗ്രഹിച്ച് നിരാശരായ ആരാധകർ പ്രചരിപ്പിക്കുന്ന പോലെ അത്രയും മോശം സിനിമയല്ല കണ്ഡഹാർ. എന്നാൽ ഒരു മികച്ച സിനിമയുമല്ല.

പ്രണവം ഇന്റർനാഷണലിന്റെ ബാനറിൽ സുനിൽ ചന്ദ്രിക നായർ നിർമ്മിച്ച സിനിമ പക്ഷെ ആദ്യ ദിവസം തന്നെ മോശം പ്രതികരണമാണു തിയറ്ററുകളിൽ ഉള്ളവാക്കിയത്. കടുത്ത മോഹൻലാൽ ആരാധകനെ കൊണ്ടു പോലും മോശം, പോരാ എന്ന അഭിപ്രായം പറയിപ്പിച്ച സിനിമയ്ക്ക് നേരെ സാധാരണ പ്രേക്ഷകൻ മുഖം തിരിക്കുന്നുവെങ്കിൽ ആരെയും കുറ്റപ്പെടുത്താൻ സാധിക്കുകയില്ല. രാജ്യ സ്നേഹം പ്രമേയമാക്കിയ നിരവധി സിനിമകൾ പല ഇന്ത്യൻ ഭാഷകളിലുമായി ഇറങ്ങിയിട്ടുണ്ട്. റോജ , ബോർഡർ പോലുള്ള സിനിമകൾ എല്ലാ തരം പ്രേക്ഷകരും ഒരു പോലെ സ്വീകരിച്ചവയാണു..

എന്നാൽ കുപ്പിയിലാക്കി വില്ക്കാൻ ശ്രമിച്ചാൽ വിറ്റു പോകുന്ന ഒന്നല്ല രാജ്യ സ്നേഹം എന്നത് ഇങ്ങനെയുള്ള സിനിമകൾ ഒരുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യമാണു. കുപ്പി ആരും വാങ്ങാത്തത് കൊണ്ട് ആർക്കും രാജ്യ സ്നേഹമില്ല എന്ന് വിലപിക്കുന്നതൊക്കെ മിതമായ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ ഭോഷ്ക്കാണു. അതു കൊണ്ട് തന്നെ കണ്ഡഹാർ മോശം പടമാണു എന്നു പറയുന്ന പ്രേക്ഷകർ രാജ്യ ദ്രോഹികളാണു എന്നൊക്കെയുള്ള പരസ്യ തന്ത്രങ്ങൾ തീർത്തും ലജ്ജാവഹമാണു.ആരാധകർ എന്ന ലേബലിൽ ചിലർ പടച്ചു വിടുന്ന ഇത്തരം അസംബന്ധങ്ങൾ അവരുടെ തന്നെ സംസ്കാരശ്യൂനതയാണു വെളിവാക്കുന്നത്.

എന്തൊക്കെയായാലും മിലിട്ടിറി കഥകൾ എടുക്കാൻ ഒരുങ്ങുന്ന സംവിധായകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണു ഇത്. നാളത്തെ പട്ടാള സിനിമകളുടെ ഒരു റെഫറൻസ് ആയി കണ്ഡഹാർ അറിയപ്പെടും. ഒരു പട്ടാള സിനിമ ഇങ്ങനെ ആയിരിക്കരുത് എന്ന്...!

*ഈ സിനിമയെ പറ്റി കൂടുതൽ കുറ്റം പറഞ്ഞാൽ സെക്ഷൻ 304 പ്രകാരം തീവ്രവാദിയായി മുദ്രകുത്തുമെന്ന്..!

**അയ്യോ നമ്മളില്ലേ.. ജയ് ബച്ചൻ ജി, ജയ് ലാൽ ജി, ജയ് കണ്ഡഹാർ...!!

സിൽസില ഹരിശങ്കറും സിനിമയിൽ..!


സിൽസില എന്ന ഒരൊറ്റ ആല്ബം കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിൽ പ്രശസ്തനായ വ്യക്തിയാണു ശ്രീ. ഹരിശങ്കർ. പത്തും ഇരുപതും ആല്ബം സോഗ്സ് സംവിധാനം ചെയ്തവർക്കു പോലും കിട്ടാത്ത പ്രശസ്തി കേവലം ഒരു യുടൂബ് ആല്ബത്തിലൂടെ കൈവരിക്കാൻ ഹരിശങ്കറിനു കഴിഞ്ഞു. തരംഗമായ സിൽസിലയ്ക്ക് ശേഷം ഹരിശങ്കറിൽ നിന്ന് ഇനിയെന്ത് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. ഹരിശങ്കർ വീണ്ടും വരുന്നു. ഇത്തവണ യുടൂബിലെ ചെറിയ സ്ക്രീനിൽ അല്ല. വെള്ളിത്തിരയിൽ ആണു ഹരിശങ്കറിന്റെ പരീക്ഷണം. ഞെട്ടണ്ട ഹരിശങ്കർ സംവിധാനം ചെയ്യാൻ പോകുന്നു എന്നൊന്നും കരുതി കളയല്ലേ. തന്റെ മഹത്തായ സാന്നിധ്യം അഭിനേതാവിന്റെ റോളിൽ നല്കി കൊണ്ടാണു ഹരിശങ്കർ ഇത്തവണ പേരെടുക്കാൻ പോകുന്നത്.

ഹരിശങ്കറിനെ വെച്ചും സിനിമയെടുക്കുന്ന സംവിധായകരോ എന്ന് സംശയിച്ചേക്കാം.അത് മറ്റാരുമല്ല. എന്നും പരീക്ഷണ ചിത്രങ്ങളുടെ പിന്നാലെ പോയിട്ടുള്ള വികെ പ്രകാശ് ആണു ഹരിശങ്കർ അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഹരിശങ്കർ നേടിയെടുത്ത കീർത്തി ചുളുവിൽ തന്റെ സിനിമയ്ക്ക് ഉപയോഗിക്കാം എന്ന കുബുദ്ധിയായിരിക്കാം ഇതിനു പിന്നിൽ. ജയസൂര്യ - കുഞ്ചാക്കോ -ഇന്ദ്രജിത്ത് എന്നിവർ നായകന്മാരാകുന്ന ത്രീ കിംഗ്സ് എന്ന സിനിമയിലാണു ഈ സംഭവം അരങ്ങേറുന്നത്. ഹരി ശങ്കർ അഭിനയിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേരു കളയാത്ത തരത്തിലുള്ള ഒരു സിനിമയായിരിക്കണം ഇതെന്ന് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന്‌ വരുന്ന ആരാധകർക്ക് നിർബന്ധമുണ്ടാകും അത് പൂർണമായും തൃപ്തിപെടുത്തുന്ന സിനിമയായിരിക്കും ത്രീ കിംഗ്സ് എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.!

ത്രീ കിംഗ്സിൽ നിന്നും ചില ചിത്രങ്ങൾ.
സില്‍ സില വീരന്റെ മുന്നില്‍ പിടിച്ചു നില്‍ക്കണ്ടേ.. !


*ഇതൊക്കെ വെറും സാമ്പിൾ.. ഒറിജിനൽ പിന്നാലെ വരുന്നതേയുള്ളു..!

**രാജപ്പന്‍ തെങ്ങും മൂടിന് സൂപ്പർസ്റ്റാർ സരോജ് കുമാർ ആവാമെങ്കിൽ ഹരിശങ്കർ മലയാള സിനിമയിൽ ഒരു കലക്ക് കലക്കും...!!

***സിൽസില ഹോയ് സിൽസില, സിൽസില ഹോയ് സിൽസില..!!!

Best Actor in ബെസ്റ്റ് ആക്ടർകോമഡി ഒട്ടും വഴങ്ങാത്ത ശരീര ഭാഷ, ഫൈറ്റ് സീനുകളിൽ ഒരിക്കൽ പോലും 90 ഡിഗ്രിയിൽ പൊങ്ങാത്ത കാലുകൾ, നീളൻ ഡയലോഗുകൾ പറയുമ്പോൾ അനാവശ്യമായി ചലിക്കുന്ന കൈകൾ, സെന്റിമെൻന്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ വിറ കൊള്ളുന്ന ചുണ്ടുകൾ. ഒരു നടൻ നല്ല നടനല്ല എന്ന് വിധിയെഴുതാൻ ചിലർക്ക് ഈ കാരണങ്ങളൊക്കെ ധാരാളം. പക്ഷെ ഇങ്ങനെയൊക്കെ ആയിട്ടും ഈ നടൻ മികച്ച നടനായി. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ബെസ്റ്റ് ആക്ടർ ആയി. അതും ഒന്നല്ല 3 തവണ. പത്മശ്രീ ഡോ. മമ്മൂട്ടി. മലയാളികളുടെ സ്വന്തം മമ്മൂക്ക.

ബിഗ്സ്ക്രീൻ സിനിമയുടെ ബാനറിൽ നൗഷാദ് നിർമ്മിച്ച് പുതുമുഖമായ മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രമാണു ബെസ്റ്റ് ആക്ടർ.100ൽ 95 പേർക്കും സിനിമയിൽ അഭിനയിക്കാൻ മോഹം ഉണ്ട്. എന്നാൽ 90 പേരും അത് പുറത്തു പറയുന്നില്ല എന്ന് മാത്രം. അത്തരത്തിൽ ഒരു സിനിമ നടനാവണം എന്ന ആഗ്രഹം പുറത്ത് പ്രകടിപ്പിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന മോഹൻ എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന ഒരു നാട്ടിൻ പുറത്തെ അധ്യാപകൻ ആണു ഈ കഥയിലെ നായകൻ. ഭാര്യയും കുട്ടിയുമൊത്ത് സന്തുഷ്ട കുടുമ്പ ജീവിതം നയിക്കുമ്പോഴും മോഹൻ മാഷിന്റെ മനസ്സ് മുഴുവൻ സിനിമയായിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണു തന്റെ നാട്ടിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് വരുന്നത്. അവിടെ തനിക്ക് ഒരു വേഷം ലഭിക്കും എന്ന ആഗ്രഹത്തോടെ എത്തുന്ന മോഹൻ മാഷിനെ ആ പടത്തിന്റെ സംവിധായകനായ ശ്രീകുമാർ(ശ്രീനിവാസൻ) കളിയാക്കി കൊണ്ട് തിരിച്ചയക്കുന്നു.

നിരാശനായ മോഹൻ മാഷ് സിനിമ നടനാവാൻ വേണ്ടി കൊച്ചിയിലെത്തുന്നു. അവിടെ തന്റെ സുഹൃത്ത് വഴി സിനിമയിൽ കയറിപ്പറ്റാൻ ശ്രമിക്കുന്ന മോഹനോട് അധോലോകത്തിനെ ആധാരമാക്കി ഒരു സിനിമ എടുക്കുന്നുണ്ട് എന്നും അതിനു വിവേക് ഒബ്രോയ് ചെയ്ത പോലെ നേരിട്ട് അധോലോകത്തെ അനുഭവങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ അവസരം തരാം എന്ന് പറയുന്നു. അധോലോകത്തെ അനുഭവങ്ങൾ മനസ്സിലാക്കാൻ മോഹൻ മാഷ് തിരുമാനിക്കുന്നു. അവിടെ വെച്ച് മട്ടാഞ്ചേരിയിലെ വലിയ ഗുണ്ടകളായ ഡെനവർ ആശാനെയും സംഘത്തെയും മോഹൻ കണ്ടു മുട്ടുന്നതോടെ കഥയുടെ ഗതി മാറുന്നു. ഗുണ്ടകളുടെയൊപ്പം കൂടുന്ന മോഹന്റെ സിനിമ മോഹങ്ങൾ പൂവണിയുമോ..? Picture abhi bi baaki hei bhaai..!

പോക്കിരി രാജയുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിനു ശേഷം വീണ്ടും മെഗാസ്റ്റാർ തന്റെ ആരാധകരെ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണു. മമ്മൂട്ടിയുടെ അഭിനയ മികവിനെ കാര്യമായി ചൂഷണം ചെയ്യുന്ന ഒരു കഥാപാത്രമല്ല ഇതിലെ മോഹൻ മാഷ്. പക്ഷെ മമ്മൂട്ടിയുടെ ഗ്ലാമറും ആരാധകരെ ആവേശം കൊള്ളിക്കുന്ന മാനറിസങ്ങളും പരമാവധി ഉപയോഗപ്പെടുത്താൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിൽ എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം നെടുമുടി വേണു അവതരിപ്പിച്ച ഡെനവർ ആശാൻ ആണു. തകർത്തഭിനയിച്ചിട്ടുണ്ട് വേണു തന്റെ വേഷം. ഡെനവർ ആശാന്റെ ശിഷ്യന്മാർ ആയി വരുന്ന ലാലും സലീം കുമാറും വിനായകനും ഒപ്പത്തിനൊപ്പം നില്ക്കുന്നു. ഇടക്കാലത്ത് ഒന്നു മങ്ങി പോയ സലീം കുമാർ ആണു ഇതിൽ മുൻപൻ. ചെറുതെങ്കിലും പ്രധാന്യമുള്ള വേഷം ശ്രീനിവാസൻ ഭംഗിയാക്കി. മമ്മൂട്ടിയുടെ നായികയായി ഈ സിനിമയിൽ പുതുമുഖ നടി ശ്രുതിയാണു അഭിനയിക്കുന്നത്. നായിക പ്രാധാന്യമില്ലാത്ത സിനിമയായത് കൊണ്ട് ഒരു പുതുമുഖ നടിയ്ക്ക് സംഭവിക്കുന്ന പാളിച്ചകൾ ഈ സിനിമയെ ബാധിക്കുന്നില്ല. ചിത്രത്തിലെ ഗാനങ്ങൾ ഒരു എന്റർട്ടെയ്നറിനു ചേരുന്ന രീതിയിലുള്ളവ തന്നെ. മനോഹരമായ ഛായാഗ്രഹണം ബെസ്റ്റ് ആക്ടറിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

ലളിതമായ ഒരു കഥ മികച്ച രീതീയിൽ തിരകഥയാക്കാനും അത് നന്നായി തന്നെ അവതരിപ്പിക്കാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്. കുടുമ്പ പ്രേക്ഷകരെ ഉദ്ദേശിച്ച് ഉൾപ്പെടുത്തിയ ആദ്യ പകുതിയിലെ കുറച്ച് സെന്റിമെൻസ് സീനുകൾ ഒഴിച്ച് നിർത്തിയാൽ സിനിമ മുഴുവൻ കോമഡിയുടെ അകമ്പടിയോടെയാണു. ക്ലൈമാക്സിലെ ട്വിസ്റ്റ് ഗംഭീരമായെങ്കിലും അതിനു മുൻപേ സിനിമ കഴിഞ്ഞു എന്ന് കരുതി പ്രേക്ഷകർ തിയറ്റർ വിട്ട് ഇറങ്ങാൻ സാധ്യതയുണ്ട് എന്നത് ഒരു ചെറിയ ന്യൂനതയാണു.

ടൈറ്റിൽ കാർഡിലെ വ്യത്യസ്ഥതയിൽ മാത്രം ഒതുങ്ങി നില്ക്കാത്ത ഒരു മികച്ച സംവിധായകനെ മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നു. മാർട്ടിൻ പ്രാക്കാട്ട് എന്ന നവാഗത സംവിധായകൻ തന്റെ മമ്മൂട്ടി നായകനാകുന്ന ആദ്യ സിനിമ റിലീസിനു മുൻപേ പറഞ്ഞ ഒരു കാര്യം ഇത് ഒരു പുതുമുഖ സംവിധായകൻ ഒരുക്കുന്ന സിനിമ അല്ല. മമ്മൂട്ടിയുടെ ആരാധകൻ ഒരുക്കുന്ന സിനിമയാണു എന്നാണു. ഇത് അക്ഷരം പ്രതി ശരിവെക്കുന്നതാണു ബെസ്റ്റ് ആക്ടർ. ഒരു മമ്മൂട്ടി ആരാധകൻ മമ്മൂട്ടി എന്ന താരത്തെ എങ്ങനെയൊക്കെ സ്ക്രീനിൽ കാണണം എന്ന് ആഗ്രഹിക്കുന്നവോ അതെല്ലാം ഈ സിനിമയിൽ ഉണ്ട്. മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ ഇന്റ്രൊഡക്ഷൻ സീൻ തന്നെ ഇത് തെളിയിക്കുന്നു. തിയറ്ററുകളെ ഇളക്കി മറിക്കുന്ന,ആരാധകരെ ഹരം കൊള്ളിക്കുന്ന,കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു അടിപൊളി ചിത്രം അതാണീ സിനിമ.


*ഇവനാണു നടൻ..! മികച്ച നടൻ (ബെസ്റ്റ് ആക്ടർ)

**അല്ല, അത് അമിതാബ് ബച്ചൻ ആണു. പായിൽ..!!

***
അതെ മമ്മൂട്ടി സ്ക്രീനിലും..!!!

എന്തിനോ വേണ്ടി തിളക്കുന്ന കാദർ ബായ്..!


കുട്ടനാടൻ എക്സ്പ്രസ്സ് എന്ന സിനിമയിൽ അഭിനയിക്കാം എന്ന് തുളസിദാസിനു വാക്ക് കൊടുത്തതിനു ശേഷം അതിനു തയ്യാറാവാതെ മുങ്ങി നടന്നതു കൊണ്ട് ദിലീപ് എന്ന നടനു നേരെ വിലക്കുയർത്തണം എന്ന വാദം ഉയരുകയും അതിന്റെ അനന്തര ഫലമായി മാക്ട പിളരുകയും വിനയൻ എന്ന അതികായൻ പെരുവഴിയിലാവുകയും ചെയ്തതെല്ലാം എല്ലാവർക്കും അറിവുള്ളതാണല്ലോ. ദിലീപിനു സിനിമയില്ലാതെ വീട്ടിൽ ഇരുന്ന സമയത്ത് തന്റെ തിരക്കേറിയ ഷൂട്ടിംഗിനിടയിലും ദിലീപിനെ വെച്ച് സിനിമകൾ ചെയ്യാൻ തയ്യാറായിട്ടുള്ള തുളസി ദാസിനോട് ദിലീപ് ഒരിക്കലും ഇങ്ങനെ ഒരു നന്ദി കേട് കാണിക്കരുതായിരുന്നു എന്നായിരുന്നു അന്ന് ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിപ്രായം.

ഈ പ്രശ്നങ്ങളെല്ലാം ഒരു വിധം അവസാനിച്ച് തുളസി ദാസ് വീണ്ടും സംവിധാനം ചെയ്ത സിനിമയാണു എഗെയ്ൻ കാസർ കോട് കാദർബായ്. അന്തരിച്ച പ്രശസ്ത നടൻ ആലമ്മൂടൻ അനശ്വരമാക്കിയ കഥാപാത്രമാണു കാസർകോട് കാദർ ബായ്. പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച മിമിക്സ് പരേഡ് അതിന്റെ തുടർച്ചയായി വന്ന കാസർ കോട് കാദർ ബായ് എന്നീ ചിത്രങ്ങളുടെ മൂന്നാം ഭാഗം ആണു ഈ എഗെയ്ൻ കാദർബായ്. ഈ സിനിമയെ പറ്റി അധികമൊന്നും പറയാനില്ല.സിദിഖ് വളരെയധികം ബുദ്ധിയുള്ള ഒരു നടനാണു.

പ്രിയപ്പെട്ട ദിലീപ് താങ്കളൊരു വലിയ മനുഷ്യൻ ആണു. എന്തു കൊണ്ടാണു താങ്കൾ കുട്ടനാടൻ എക്സ്പ്രസ്സിൽ നിന്നും ഒഴിവായത് എന്ന് ഈ സിനിമ മനസ്സിലാക്കിത്തന്നു. മലയാള സിനിമയെ മറ്റൊരു ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ സന്മനസ്സ് കാണിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ..!

*കോട്ടയം കുഞ്ഞച്ചൻ എടുത്ത ടി എസ് സുരേഷ് ബാബുവിനു കന്യാകുമാരി എക്സ്പ്രസ്സ് സംവിധാനം ചെയ്യാമെങ്കിൽ തുളസി ദാസിനെ സംബന്ധിച്ച് ഇതൊക്കെ നിസാരം..!!

**പില്ക്കാലത്ത് ലയനം എന്ന സൂപ്പർ ഹിറ്റിന്റെ പേരിൽ അറിയപ്പെടാനായിരിക്കും തുളസിദാസിന്റെ വിധി..!!!

സഹസ്രം - ഹൈ പവർ സസ്പൻസ്


പോലീസ് വേഷത്തിൽ നായക കഥാപാത്രമാകുന്ന മലയാളത്തിലെ മമ്മൂട്ടി ഒഴിച്ചുള്ള നടന്മാർക്ക് സുരേഷ് ഗോപി ഒരു ബാധ്യതയാണു. എത്ര മനോഹരമായി അവതരിപ്പിച്ചാലും പ്രേക്ഷകർ പറയും ഇത് സുരേഷ് ഗോപിയായിരുന്നെങ്കിൽ കിടിലമായിരുന്നേനെ എന്ന്. ഭരത് ചന്ദ്രൻ IPS എന്ന കഥാപാത്രത്തിനെ മലയാള സിനിമ പ്രേക്ഷകർ പോലീസ് വേഷങ്ങളുടെ റോൾ മോഡലാക്കി വെച്ചിരിക്കുന്നത് കൊണ്ടാണു മറ്റ് താരങ്ങൾക്ക് ഇങ്ങനെ ഒരു വെല്ലു വിളി നേരിടേണ്ടി വരുന്നത്.

എന്നാൽ അടുത്ത കാലത്തിറങ്ങിയ സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങൾ അദ്ദേഹത്തിനു തന്നെ പാരയാകുന്ന കാഴ്ച്ചയാണു നാം കണ്ടെത്ത്. ഭരത് ചന്ദ്രനോളമെത്തിയില്ല എന്ന കാരണത്താൽ വിജയിക്കാൻ അർഹതയുണ്ടായിരുന്ന ചിത്രങ്ങൾ പോലും ദയനീയ പരാജയമടഞ്ഞു. അപ്പോൾ പിന്നെ പരാജയപ്പെടേണ്ട ചിത്രങ്ങളുടെ അവസ്ഥ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. സുരേഷ് ഗോപിയുടെ ഫ്ലോപ് ചിത്രങ്ങളെ വിശേഷിപ്പിക്കാനായി പുതിയ ഒരു പേരു കണ്ടത്തേണ്ട ഗതികേടിലായിരുന്നു മലയാള സിനിമ.

ഇതിൽ നിന്നും രക്ഷപ്പെടാൻ സുരേഷ് ഗോപിക്ക് രണ്ടേ രണ്ടു വഴികളെ ഉള്ളു എന്നായിരുന്നു പലരും ധരിച്ചു വെച്ചിരുന്നത്. ഒന്ന് ഭരത് ചന്ദ്രൻ IPS അല്ലെങ്കിൽ അതിനേക്കാൾ ശക്തമായ ചാക്കോച്ചിയോ കുട്ടപ്പായിയോ എന്തുമാകട്ടെ ഒരു വേഷം അവതരിപ്പിക്കുക. അതിനു രൺജി പണിക്കർ തന്നെ കനിയണം എന്നുള്ളതിനാൽ അതു വരെ കാത്തിരിക്കുകയേ നിർവ്വാഹമുള്ളു. രണ്ടാമത്തെ വഴി കുറച്ചു കൂടി എളുപ്പമാണു. സുന്ദരപുരുഷൻ പോലൊരു കോമഡി ചിത്രം ഉദയ്കൃഷ്ണ - സിബി കെ തോമസിനെ കൊണ്ട് എഴുതിക്കുക. എന്നിട്ട് അതിൽ സുരാജിനെ ഒരു പ്രധാന വേഷത്തിൽ അഭിനയിപ്പിക്കുക. കഥയോ തിരകഥയോ എന്തുമായിക്കോട്ടെ. പടം സൂപ്പർ ഹിറ്റ്..!.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുന്ന സമയത്താണു ഡോ. ജനാർദനൻ എന്ന സീരിയൽ സിംഹം സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി നായകനാകുന്ന സഹസ്രം വരുന്നത്. സുരേഷ് ഗോപിയുടെ തന്നെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ കന്യാകുമാരി എക്സ്പ്രസ്സ് അബദ്ധത്തിലെങ്ങാനും കണ്ടു പോയ പ്രേക്ഷകരുടെ ഞെട്ടൽ പൂർണമായും മാറുന്നതിനു മുൻപാണു സഹസ്രം തിയറ്ററുകളിൽ എത്തിയത് എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

മിനി സ്ക്രീനിലെ സൂപ്പർ ഹിറ്റ് സീരിയലുകളുടെ സംവിധായകനാണു ഡോ.എസ് ജനാർദനൻ. മഹാസമുദ്രം എന്ന ഒരൊറ്റ സിനിമകൊണ്ട് തന്നെ ബിഗ് സ്ക്രീൻ തനിക്ക് വഴങ്ങുന്ന ഒന്നല്ല എന്ന് ജനാർദനൻ തെളിയിച്ചതാണു. ഇവർ രണ്ടു പേരും ഒത്തു ചേരുന്ന ഒരു സിനിമയായത് കൊണ്ട് യാതൊരു പ്രതീക്ഷകളും ഇത് കാണാൻ പോകുമ്പോളുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് മലയാള സിനിമയിൽ സിനിമ വിജയിക്കാൻ സുരാജും ഉദയ് - സിബി ടീമും വേണം എന്ന് കരുതുന്നവർക്കുള്ള ശക്തമായ ഒരു മറുപടിയാണു സഹസ്രം. മികച്ച ഒരു തിരകഥയുണ്ടെങ്കിൽ അത് ഏത് നടനുമായികൊള്ളട്ടെ ഏത് സംവിധായകനുമായികൊള്ളട്ടെ സിനിമ വിജയിക്കുക തന്നെ ചെയ്യും എന്ന സിനിമയുടെ അടിസ്ഥാന തത്വം ഒരിക്കൽ കൂടി പാലിക്കപ്പെടുകയാണിവിടെ.

സിനിമക്കുള്ളിലെ സിനിമ കഥകൾ പറയുന്ന സിനിമകൾ മലയാളികൾ എന്നും കൗതുകത്തോടെയാണു കണ്ടിട്ടുള്ളത്. ഉദയനാണു താരമൊക്കെ അത്തരത്തിലുള്ള കഥ പറഞ്ഞ് വിജയം നേടിയിട്ടുള്ളവയാണു. സഹസ്രവും അങ്ങിനെയുള്ള ഒരു സിനിമയാണു. ഒരു ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് അതിൽ അഭിനയിക്കുന്ന ഒരാൾ കൊല്ലപ്പെടുകയും ആ ഷൂട്ടിംഗ് സ്ഥലത്ത് പ്രേത ബാധയുണ്ടെന്ന് കണ്ടെത്തുകയും കൊലപാതക കേസ് അന്വേക്ഷിക്കാൻ സുരേഷ് ഗോപി അവതരിപ്പിക്കുന്ന സഹസ്ര നാമം IPS എത്തുകയും അവസാനം കൊലപാതകിയെ കണ്ടെത്തുകയും ചെയ്യുന്നതാണു സഹസ്രത്തിന്റെ കഥ.

മലയാള സിനിമ ഉണ്ടായ കാലം മുതല്ക്കേ ഇറങ്ങുന്ന സസ്പെൻസ് ത്രില്ലറുകളുടെ കഥ ഇങ്ങനെ തന്നെയാണല്ലോ. അതിൽ നിന്നും സഹസ്രത്തെ വേറിട്ട് നിർത്തുന്നത് ഇതിൽ പരീക്ഷിച്ചിട്ടുള്ള ഹൊറർ ട്രീറ്റ്മെന്റും ഒരു സാധാരണ പ്രേക്ഷകന്റെ ചിന്താധരണികൾക്കപ്പുറത്ത് നില്ക്കുന്ന ഒരു സസ്പെൻസുമാണു. ഈ സസ്പെൻസ് തന്നെയാണു ഈ സിനിമയെ വിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകവും.

സുരേഷ് ഗോപി തന്റെ സഹസ്രനാമം എന്ന നായക കഥാപാത്രം തകർപ്പനാക്കി. ഭരത് ചന്ദ്രൻ അച്ചിൽ വാര്‍ക്കാതെയും തനിക്ക് പോലീസ് കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്നും, ചിന്താമണി കൊലക്കേസ് ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമല്ലെന്നും സുരേഷ് ഗോപി തെളിയിച്ചു. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടായാലും തനിക്കു ലഭിച്ച വേഷം ബാല നന്നാക്കിയിട്ടുണ്ട്. കാതൽ എന്ന ഒരു ചിത്രം മാത്രമാണു സന്ധ്യക്ക് കരിയറിൽ എടുത്ത് പറയാനായിട്ടുള്ളത്. അതിനു ശേഷം തമിഴിലും മലയാളത്തിലുമൊക്കെ ഒരു പാട് ചിത്രങ്ങള്‍ ചെയ്തെങ്കിലും എല്ലാം കെട്ട് കാഴ്ച്ചകൾ മാത്രമായി ഒതുങ്ങി പോകുന്നവയായിരുന്നു. അതി ഗംഭീരം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും വ്യത്യസ്ഥ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം കാതൽ സന്ധ്യക്ക് ഗുണം ചെയ്യും എന്ന് തീർച്ചയാണു. ഇവർക്ക് പുറമേ ജഗതി,സുധീഷ്, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി ഒരുപാട് നടീ നടന്മാർ ചിത്രത്തിലുണ്ട്.

രഹസ്യം പോലുള്ള ജനപ്രീതി നേടിയ സീരിയലുകളുടെ സംവിധായകനായ ജനാർദനൻ മഹാസമുദ്രമല്ല തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ് എഴുതിയ മികച്ച തിരകഥ അത് അർഹിക്കുന്ന ഗൗരവത്തോടെ തന്നെ ക്യാമറയിലേക്ക് പകർത്താൻ ക്യാമറാമാനു കഴിഞ്ഞിട്ടുണ്ട്. അങ്ങിങ്ങ് ചില ചെറിയ പാളിച്ചകൾ ചിത്രത്തിലുണ്ടെങ്കിലും അതൊന്നും ന്യൂനതയായി എടുത്ത് പറയേണ്ടതല്ല. സുരേഷ് ഗോപിയുടെ ഇന്നത്തെ മാർക്കറ്റ് വാല്യു അറിയാമായിരുന്നിട്ടും ഒരു സിനിമ വിജയിക്കാൻ നല്ലൊരു തിരകഥ മതി എന്ന ആത്മവിശ്വാസത്തിൽ ഈ സിനിമ എടുക്കാൻ തയ്യാറായ നിർമ്മാതാവിനിരിക്കട്ടെ ഇതിന്റെ മുഴുവൻ ക്രെഡിറ്റും...!

*പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നും വരും...!
**അപ്പോൾ ഉദയ് - സിബിയും സുരാജുമൊന്നും വേണമെന്നില്ല എന്ന്....!!

മമ്മൂട്ടി - ലാൽ - ദിലീപ് പോരാട്ടം ക്രിസ്തുമസിനു..!


2010 ലെ അവസാന സിനിമ റിലീസ് സീസണിനു കളമൊരുങ്ങുകയാണു.റംസാൻ പോരാട്ടത്തിൽ മമ്മൂട്ടിയും മോഹൻലാലും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിൽ ഇത്തവണ രണ്ടു പേർക്കും കഠിനമായി തന്നെ വിയർക്കേണ്ടി വരും. കാരണം കാര്യസ്ഥൻ തന്ന ബമ്പർ വിജയത്തിന്റെ പിൻബലമായി ദിലീപും പുതുമുഖങ്ങളുമായി ലാലും ഇത്തവണ മൽസരത്തിനുണ്ട്. മമ്മൂട്ടി നായകനായി നവാഗത സംവിധായകൻ മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ആക്ടർ, മേജർ രവിയുടെ പ്രസ്റ്റീജ് ചിത്രം മോഹൻലാൽ - അമിതാബ് ബച്ചൻ ടീമിന്റെ കണ്ടഹാർ, കല്യാണ രാമനു ശേഷം ബെന്നി പി നായരമ്പലം-ഷാഫി- ദിലീപ് എന്നിവർ ഒന്നിക്കുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്, ഇൻ ഗോസ്റ്റ് ഹൗസ് ഇനിനു ശേഷം പുതുമുഖങ്ങളെ അണിനിരത്തി ലാൽ ഒരുക്കുന്ന ടൂർണമെന്റ് എന്നിവയാണു ക്രിസ്തുമസിനു റിലീസ് ചെയ്യുന്ന ചിത്രങ്ങൾ.

2010ൽ മമ്മൂട്ടിയുടെതായി റിലീസ് ചെയ്യാൻ പോകുന്ന ഒൻപതാമത്തെ സിനിമയാണു ബെസ്റ്റ് ആക്ടർ. 6 സിനിമകളിൽ നായകനായി അഭിനയിച്ച മമ്മൂട്ടി ബെസ്റ്റ് ഒഫ് ലക്ക്, യുഗപുരുഷൻ എന്നീ ചിത്രങ്ങളിൽ അതിഥി താരമായും വേഷമിട്ടു. പ്രാഞ്ചിയേട്ടൻ നേടിയ മികച്ച വിജത്തിനു പിന്നാലെ ബെസ്റ്റ് ആക്ടറിലൂടെ ഒരു മെഗാഹിറ്റും കൂടി തന്റെ ആരാധകർക്ക് സമ്മാനിക്കാനുള്ള അവസരം മമ്മൂട്ടി ഒരുക്കുമെന്നാണു ചിത്രത്തിന്റെ ട്രെയിലറുകളും മറ്റും സൂചിപ്പിക്കുന്നത്. ക്രിസ്തുമസ് ചിത്രങ്ങളിൽ ആദ്യം തിയറ്ററിലെത്തുന്നതും ബെസ്റ്റ് ആക്ടർ തന്നെ. ഡിസംബർ 9 നാണു ബെസ്റ്റ് ആക്ടർ റിലീസ് ചെയ്യുന്നത്.

ഇനീഷ്യൽ കളക്ഷന്റെ പിൻബലത്തിൽ സൂപ്പർ ഹിറ്റ് എന്ന പദവി ശിക്കാർ നേടിയെടുത്തെങ്കിലും മോഹൻലാലിനെ സംബന്ധിച്ച് 2010 അത്ര സുഖകരമായ വർഷമല്ല ഇതു വരെയും. 4 ചിത്രങ്ങൾ ആണു ലാലിന്റെ ഈ വർഷം പുറത്തിറങ്ങിയത് അതിൽ ശിക്കാർ ഒഴിച്ച് മൂന്നും പരാജയമായത് ലാലിനെ കുറച്ചൊന്നുമല്ല ബാധിച്ചത്. എന്നാൽ ശിക്കാർ എന്ന ചിത്രത്തിനു ലഭിച്ച വൻ ഇനീഷ്യലിലൂടെ മലയാള സിനിമയിലെ താര രാജാവ് താൻ തന്നെയാണെന്നു മോഹൻലാൽ തെളിയിക്കുകയുണ്ടായി. കുരുക്ഷേത്രയ്ക്ക് ശേഷം മേജർ രവി സംവിധാനം ചെയ്യുന്ന കണ്ടഹാറിൽ സാക്ഷാൽ അമിതാബ് ബച്ചനും കൂടി ലാലിനൊപ്പം ചേരുംമ്പോൾ, ഇന്ത്യൻ സിനിമയിലെ രണ്ട് മഹാരഥന്മാർ ഒരുമിക്കുമ്പോൾ ഉണ്ടാകേണ്ട അർഹിക്കുന്ന വിജയം കണ്ടഹാർ നേടുമോ അതോ മറ്റൊരു ആഗ് ആയി കണ്ടഹാർ മാറുമോ എന്നറിയാൻ ഡിസംബർ 16 വരെ കാത്തിരുന്നേ മതിയാവു.

2010ൽ എതിരാളികളില്ലാതെ മുന്നേറുന്ന ദിലീപിനു ഈ വർഷത്തെ അവസാന ചിത്രം കൂടി വിജയമാക്കാൻ പോന്ന തരത്തിലുള്ള സിനിമയാണു ഡിസംബർ 23നു റിലീസ് ചെയ്യുന്ന മേരിക്കുണ്ടൊരു കുഞ്ഞാട്. പതിവ് ഹാസ്യ ചേരുവകളിൽ നിന്ന് വേറിട്ട് ബെന്നി പി നായരമ്പലം ഒരുക്കുന്ന ഈ ഷാഫി ചിത്രം കൂടി സൂപ്പർ ഹിറ്റ് ആയാൽ 2010ലെ താരം ആരു എന്നതിനു പിന്നെ എതിരഭിപ്രായമുണ്ടാവില്ല.

റംസാനു ഇറങ്ങിയ വമ്പൻ ചിത്രങ്ങളോടൊപ്പം റിലീസ് ചെയത് വലിയ വിജയം നേടിയ ഒരു ചെറിയ ചിത്രമുണ്ട്. എൽസമ എന്ന ആൺ കുട്ടി. അത്തരത്തിലുള്ള ഒരു സിനിമ കൂടി ക്രിസ്തുമസ് മൽസരത്തിനു രംഗത്തുണ്ട്. ലാലിന്റെ ടൂർണമെന്റ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ദിലിപിന്റെയും ചിത്രങ്ങളോടൊപ്പം തന്റെ സിനിമ റിലീസ് ചെയ്യാൻ ലാൽ കാണിക്കുന്ന ധൈര്യം ഒരു കറുത്ത കുതിരയായി മാറാനുള്ള കെല്പ്പ് ഈ ചിത്രത്തിനുണ്ടാകും എന്നത് കൊണ്ട് തന്നെയാകണം. മറ്റൊരു എൽസമ്മയാണോ അതോ പന്തയകോഴിയാണോ ആവർത്തിക്കപ്പെടുക എന്ന് ക്രിസ്തുമസ് ദിനങ്ങളിൽ അറിയാം.

റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും നല്ല സിനിമകൾ ആവട്ടെ എന്നും അതെല്ലാം വിജയങ്ങൾ ആയി തീരട്ടെ എന്നും നമ്മുക്ക് ആശംസിക്കാം. അങ്ങിനെ അത്രയെങ്കിലും നഷ്ടം മലയാള സിനിമക്ക് കുറഞ്ഞു കിട്ടട്ടേ എന്നും..!

ഇനി ദിലീപിന്റെ നാളുകൾ ..!പോക്കിരി രാജ എന്ന പടുകൂറ്റൻ ഹിറ്റും പ്രാഞ്ചിയേട്ടൻ എന്ന ക്ലാസ് ഹിറ്റുമായി മമ്മൂട്ടിയും കോടികളുടെ മണികിലുക്കം ബോക്സ് ഓഫീസിൽ കേൾപ്പിച്ച ശിക്കാർ എന്ന സൂപ്പർ ഹിറ്റുമായി മോഹൻലാലുമിങ്ങനെ ഈ വർഷം നിറഞ്ഞു നില്ക്കുന്നുണ്ടെങ്കിലും 2010 ലെ താരം ഇവരാരുമല്ല. സാക്ഷാൽ ദിലീപ് ആണു. മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ. 18 വർഷത്തെ സിനിമ ജീവിതത്തിനിടയിൽ 100 സിനിമകൾ. ഇതിൽ നിരവധി മെഗാഹിറ്റുകളും സൂപ്പർഹിറ്റുകളും ഹിറ്റുകളും. സല്ലാപത്തിലൂടെ ആദ്യമായി നായകനായ ശേഷം ഈ പുഴയും കടന്ന് മീനത്തിൽ താലി കെട്ടി പഞ്ചാബി ഹൗസിൽ എത്തിയപ്പോൾ തന്നെ ദിലീപ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു നടനായി മാറി കഴിഞ്ഞിരുന്നു.

ചന്ദ്രനുദിക്കുന്ന ദിക്കിൽ നിന്നും ഉദയപുരം സുൽത്താനായി വന്ന ഈ ജോക്കറിനെ മഞ്ജു വാര്യരുടെ ഭർത്താവ് എന്ന നിലയിൽ നിന്നും മലയാള സിനിമയിലെ മുൻ നിരയിലേക്ക് എത്തിച്ച സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. ഈ സിനിമയുടെ വൻ വിജയം ദിലീപ് എന്ന നടന്റെ കരിയറിൽ വൻ മുന്നേറ്റമാണു നടത്തിയത്. ഇഷ്ടം , വർണക്കാഴ്ച്ചകൾ, ഈ പറക്കും തളിക എന്നീ സിനിമകൾ ഒരു സാദാ നടൻ എന്നതിൽ നിന്നും അയല്പക്കത്തെ പയ്യൻ എന്ന ഇമേജ് ദിലീപിനു നേടി കൊടുത്തു. കല്യാണ രാമൻ, കുഞ്ഞിക്കൂനൻ പോലെയുള്ള പ്രേക്ഷകരെ ആർത്ത് ചിരിപ്പിച്ച ചിത്രങ്ങൾ മീശമാധവൻ എന്ന എക്കാലത്തെയും വലിയ ഹിറ്റ്. അതെ ദിലീപ് എന്ന ജനപ്രിയ നായകൻ സൂപ്പർ താരമായി വളരുകയായിരുന്നു.

CID മൂസ, തിളക്കം പോലുള്ള സിനിമകൾ ദിലീപിന്റെ താരപദവി ഉറപ്പിക്കാൻ പോന്നവയായിരുന്നു. ജോഷി സംവിധാനം ചെയ്ത റൺ വേ എന്ന ആക്ഷൻ കോമഡി സിനിമയുടെ വിജയത്തിലൂടെ ആക്ഷൻ രംഗങ്ങളിലും താൻ തിളങ്ങും എന്ന് ദിലീപ് കാണിച്ചു കൊടുത്തു. ചാന്തു പൊട്ടിലെ ദിലീപിന്റെ അഭിനയം വിമർശകരുടെ പോലും പ്രശംസ നേടിയെടുത്തതാണു. കരിയറിൽ ഇങ്ങനെ തിളങ്ങി നില്ക്കുമ്പോളാണു ചില തിരിച്ചടികൾ ദിലീപിനു നേരിടേണ്ടി വന്നത്. സൂപ്പർ താര പദവി കൈ വന്നതിനു ശേഷം ഒരു ആക്ഷൻ ഹീറോ പരിവേഷം നേടിയെടുക്കാൻ വേണ്ടി ദിലീപ് നടത്തിയ ഒരു ശ്രമമായിരുന്നു ദി ഡോൺ എന്ന സിനിമ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ത്രൂ ഔട്ട് ആക്ഷൻ സിനിമ ഒരു വൻപരാജയമായി മാറുകയാണുണ്ടായത്. ദിലീപ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഏത് തരത്തിലുള്ള ദിലീപ് സിനിമകളാണു തങ്ങൾക്ക് വേണ്ടത് എന്നതിന്റെ വ്യക്തമായ സൂചനയാണു ഡോണിന്റെ പരാജയം നല്കിയത്.

മോഹൻലാൽ ബാക്കി വെച്ചു പോയ ലാളിത്യമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള നടൻ എന്നതാണു തന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നത് ദിലീപ് പെട്ടെന്നു തന്നെ മനസ്സിലാക്കി. ഇതിനിടയിൽ അമ്മയ്ക്ക് വേണ്ടി നിർമ്മിച്ച ട്വന്റി ട്വന്റി എന്ന സിനിമ ബ്ലോക്ക് ബസ്റ്റർ ആയത് ദിലീപിലെ നിർമ്മാതാവിനു നേട്ടമായി. ട്വന്റി ട്വന്റിയുടെ വിജയം ഒഴിച്ചു നിർത്തിയാൽ 2008 -2009 കാല ഘട്ടം ദിലീപിനെ സംബന്ധിച്ചു മോശം സമയമായിരുന്നു. ക്രേസി ഗോപാലൻ, പാസഞ്ചർ എന്നീ ഹിറ്റ് സിനിമകൾ ഉണ്ടായെങ്കിലും ലാൽ ജോസിന്റെ മുല്ലയും ഫാസിലിന്റെ മോസ് n ക്യാറ്റുമെല്ലാം ബോക്സ് ഓഫീസ് ദുരന്തങ്ങളായത് ദിലീപിന്റെ താരപദവിക്ക് മങ്ങലേല്പിച്ചു. കല്ക്കട്ട ന്യൂസ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതും സ്വലേ ആദ്യ വാരം തന്നെ തിയറ്ററുകളിൽ ഹോൾഡ് ഓവർ ആയതും ദിലീപ് എന്ന നടന്റെ സൂപ്പർ സ്റ്റാർ പദവിയുടെ അവസാനമാണെന്നു ചിലർ വിധിയെഴുതി.

2010ൽ ഏറെ പ്രതീക്ഷയോടെ പുറത്തു വന്ന സിദിഖിന്റെ ബോഡി ഗാർഡ് തരക്കേടില്ലാത്ത അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിയെങ്കിലും മുൻ കാല സിദിഖ് - ലാൽ സിനിമകളുടെ വിജയം ആവർത്തിക്കാതിരുന്നത് ദിലീപിനു ക്ഷീണമായി. ബോഡി ഗാർഡിനു ശേഷം വന്ന ആഗതനും ബോക്സ് ഓഫീസിൽ നേട്ടമാവാതിരുന്നതോടെ ദിലീപ് യുഗം അവസാനിച്ചുവെന്ന് തന്നെ എല്ലാവരും കരുതി. എന്നാൽ പാപ്പി അപ്പച്ച എന്ന അപ്രതീക്ഷിത സൂപ്പർ ഹിറ്റിലൂടെ ദിലീപ് വീണ്ടും തിരിച്ചു വന്നു.പാപി അപ്പച്ചക്ക് ശേഷം ഒരു നീണ്ടകാലയളവിൽ ദിലീപ് സിനിമകൾ ഒന്നും പുറത്തിറങ്ങിയിരുന്നില്ല. ദിലീപ് നിർമ്മിച്ച മലർവാടി ആർട്സ് ക്ലുബ് ഇതിനിടയിൽ റിലീസ് ആവുകയും സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു.

തന്റെ 100 മത് ചിത്രം എന്ന പേരിൽ പുറത്തിറങ്ങിയ കാര്യസ്ഥൻ ദിലീപിനു നിർണായകമായ ഒന്നായിരുന്നു. അതിൽ ദിലീപ് പരിപൂർണ വിജയം കണ്ടു എന്നാണു കാര്യസ്ഥന്റെ കളക്ഷൻ റിക്കാർഡുകൾ തെളിയിക്കുന്നത്. തന്റെ വീഴ്ച്ചക്ക് വേണ്ടി കാത്തിരുന്നവർക്ക് ഒരു മെഗാഹിറ്റിലൂടെ ദിലീപ് മറുപടി കൊടുത്തിരിക്കുകയാണു. ഈ വർഷത്തെ ഏറ്റവും വലിയ പണം വാരിപടങ്ങളിൽ ഒന്നായി കാര്യസ്ഥൻ മാറും എന്ന് തീർച്ചയാണു.

ബിഗ് Ms കഴിഞ്ഞാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കുടുമ്പ പ്രേക്ഷകരുടെ പിന്തുണയുള്ളത് തനിക്കാണു എന്ന് ദിലീപിനു നന്നായിട്ടറിയാം. അതു കൊണ്ട് തന്നെ ഈ കുടുമ്പ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലുള്ള സിനിമകൾ തന്നെയാണു ദിലീപിന്റെതായി ഇനി വരാനിരിക്കുന്നതും. ക്രിസ്തുമസിനു റിലീസ് ചെയ്യുന്ന മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ഷാഫി - ബെന്നി പി നായരമ്പലം സിനിമയിൽ നിന്ന് മറ്റൊരു കല്യാണ രാമനിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട. മോഹൻലാലിനൊപ്പമുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് , ചൈന ടൗൺ, ദിലീപിന്റെ ഇഷ്ട തിരകഥകൃത്തുക്കൾ ആയ ഉദയ് കൃഷ്ണസിബി കെ തോമസിന്റെ രചനയിൽ ജോഷി സംവിധാനം ചെയ്യുന്ന റൺ വേയുടെ രണ്ടാം ഭാഗം, വിജി തമ്പിയുടെ നാടോടി മന്നൻ തുടങ്ങി ചിരിയുടെ മാലപടക്കങ്ങൾ തീർക്കുന്ന നിരവധി ചിത്രങ്ങൾ. ഇനി വരാനിരിക്കുന്നത് ദിലീപിന്റെ നാളുകളാണു, ഇടക്കാലത്ത് സംഭവിച്ച പരാജയങ്ങളെ വിജയങ്ങളുടെ കണക്ക് കൊണ്ട് തിരുത്തിയെഴുതിയ ജനപ്രിയ സൂപ്പർ സ്റ്റാറിന്റെ നാളുകൾ..!

*ഇപ്പോൾ മനസ്സിലായോ..മലയാള സിനിമയിലെ ശരിക്കും മൂന്നാമൻ ഞാനാ...!!
*ശരി, ശരിക്കും മൂന്നാമാ..!!!

വീണ്ടുമൊരു നിർമ്മാതാവ് വാളെടുക്കുന്നു..!മലയാള സിനിമയെ സംബന്ധിച്ചിടത്തോളം നിർമ്മാതാക്കൾ കുത്തു പാളയെടുക്കുക എന്നത് ഒരു പുതുമയുള്ള കാര്യമല്ല. വർഷത്തിൽ ഇറങ്ങുന്ന 90 സിനിമകളിൽ 80 എണ്ണവും പരാജയപ്പെടുന്ന ഒരു ഇൻഡസ്ട്രിയിൽ അങ്ങനെ സംഭവിച്ചില്ലങ്കിലെ അത്ഭുതമുള്ളു. ഇത്തരത്തിൽ സിനിമയെടുത്ത്പാപ്പരായി പോകുന്ന നിർമ്മാതാക്കളിൽ ചിലർ വട്ടിപലിശയ്ക്ക് പണമെടുത്ത് വീണ്ടും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങുന്നു.മറ്റു ചിലർ നഷ്ടപ്പെട്ടത് ഓർത്ത് ദുഖിച്ചു കൊണ്ട് സ്ഥലം വിടുന്നു. എന്നാൽ വളരെ ചുരുക്കം ചിലർ മാത്രം ഇതിനെതിരെ വാളെടുക്കാറുണ്ട്. തങ്ങൾക്ക് സിനിമ നിർമ്മാണത്തിനിടയിൽ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളെ പറ്റി തുറന്നടിക്കാറുണ്ട്.സിനിമ ഫീൽഡിൽ സജീവമായി നില്ക്കുന്ന താരങ്ങളെ പറ്റിയാണു ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിനധികം പബ്ലിസിറ്റി കിട്ടാറില്ല. കാശ് പോയ നിർമ്മാതാവിന്റെ വിലാപം ഒരു ജല്പനമായി മാറി അവസാനിക്കുകയാണു ചെയ്യാറു പതിവ്.

അടുത്ത കാലത്ത് വന്ദേമാതരത്തിന്റെ നിർമ്മാതാവ് ഇങ്ങനെ ഒരു പരാതിയുമായി വന്നിരുന്നു. അതുപോലെ കോളേജ് കുമാരന്റെ നിർമ്മാതാവ് തുളസി ദാസിനെതിരെ, ഒന്നാമന്റെ നിർമ്മാതാവ് തമ്പികണന്താനത്തിനെതിരെ, വർഗ്ഗത്തിന്റെ നിർമ്മാതാവ് പ്രിത്വിരാജിനെതിരെ, നടൻ ദിലീപിനെതിരെ ഉദയ പുരം സുൽത്താന്റെ നിർമ്മാതാവ് എന്നിങ്ങനെ തുടങ്ങി ഒരുപാട് നിർമ്മാതാക്കൾ ആരോപണങ്ങളുമായി വന്നിട്ടുണ്ട്. ഇതിലെ ഏറ്റവും പുതിയ വിവാദം Anwar എന്ന സിനിമയെ ചുറ്റിപറ്റിയാണു. സിനിമയുടെ നിർമ്മാതാവ് രാജു സക്കറിയ ആണു അമൽ നീരദിനെ പറ്റി ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൗമുദി വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു അമൽ നീരദിനെതിരെ നിർമ്മാതാവ് ആഞ്ഞടിച്ചത്. അഭിമുഖം ഇവിടെ വായിക്കാം.

ആരോപണങ്ങൾക്കെതിരെ അമൽ പ്രതികരിച്ചിട്ടുണ്ട്. നിർമാതാവിന്റെ വാദം ശരിയല്ലെന്നും തനിക്ക് പറയുന്ന തുകയൊന്നും പ്രതിഫലമായി തന്നിട്ടില്ല എന്നുമാണു അമൽ പറയുന്നത്. കൂടാതെ
1.5 Cr നഷ്ടം വന്നു എന്ന് പറയുന്നത് ശരിയല്ല. എല്ലാ rights ഉം തിയറ്റർ ഷെയറുമടക്കം 4.30 cr കിട്ടിയിട്ടുണ്ട് എന്നും പിന്നെങ്ങനെ 1.5 Cr നഷ്ടം വരും എന്നുമാണു അമൽ ചോദിക്കുന്നത്. മാത്രമല്ല പ്രിത്വിരാജുമായുള്ള ബന്ധം വഷളായ രീതിയിൽ ആണെങ്കിൽ പ്രിത്വി പിന്നെ എന്തു കൊണ്ട് ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ നിർമ്മിക്കാൻ തയ്യാറാവണം എന്നും അമൽ ചോദിക്കുന്നു. Anwar സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് നിർമ്മാതാവ് അനാവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അത് ഇപ്പോൾ തുറന്ന് പറയാൻ താൻ തയ്യാറല്ല എന്നുമാണു അമൽ പ്രതികരിച്ചത്.

സിനിമയുടെ നഷ്ടത്തെ കുറിച്ച് സംസാരിക്കാൻ ആധികാരികമായ അവകാശം നിർമ്മാതാവിനു തന്നെയാണു എന്നിരിക്കെ ആരോപണങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നത് വരും ദിവസങ്ങളിൽ പുറത്ത് വരും എന്ന് പ്രതീക്ഷിക്കാം. എന്തായാലും സംവിധായകനും നിർമ്മാതാവും യോജിച്ചു കൊണ്ട് ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. റിലീസ് ചെയ്ത അന്നു തന്നെ എന്തിരന്റെ കളക്ഷൻ റിക്കാർഡ് തകർത്തു എന്ന് പറഞ്ഞ് പ്രിത്വിരാജ് ട്വീറ്റ് ചെയ്ത Anwar ഒരു പരാജയ ചിത്രമാണു എന്ന കാര്യം...!

ഈയിടെ ഒരു മാധ്യമത്തിൽ ഇറങ്ങിയ ലേഖനത്തിൽ പറയുന്ന പോലെ സ്വകാര്യ ബസ് ഉടമകളും സിനിമ നിർമ്മാതാക്കളും ഒരു പോലെ ആണു. രണ്ട് മേഖലയും നഷ്ടത്തിൽ ആണു ഓടുന്നത് എന്ന്പറയുകയും ചെയ്യും എന്നാൽ ഇറങ്ങുന്ന ബസ്സുകളുടെയും സിനിമകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ല താനും...!!

*ഫോട്ടോയുടെ അടിക്കുറിപ്പ് : എന്തായാലും നാണക്കേടായി, ഇനി മുഖം മറച്ചിരിക്കാം..!!

അമൽ നീരദ് ഇന്റർവ്യു കടപ്പാട് ഫോറം കേരളം

കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു.പ്രശസ്ത ചലച്ചിത്ര നടി കോഴിക്കോട് ശാന്താ ദേവി അന്തരിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച പ്രശസ്ത ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദറാണു ശാന്താ ദേവിയുടെ ഭർത്താവ്. നിരവധി നാടകങ്ങളിലും സിനിമകളിലും വേഷമിട്ട ശാന്താ ദേവി അവസാനമായി അഭിനയിച്ചത് കേരള കഫേയിലെ മകനാൽ ഉപേക്ഷിക്കപ്പെടുന്ന അമ്മയുടെ ഹൃദയസ്പർശിയായ വേഷമായിരുന്നു. എല്ലാവരുടെയും കണ്ണുകൾ നനയിച്ച ആ കഥാപാത്രത്തിനോട് സാമ്യമുള്ളത് തന്നെയായിരുന്നു ശാന്താ ദേവിയുടെ അവസാന കാലഘട്ടവും.അങ്ങിനെ ഒരു നല്ല കലാകാരി കൂടി നമ്മളെ വിട്ടു കാലയവനികക്കുള്ളിൽ മറഞ്ഞു. പക്ഷെ അവർ ജീവൻ നല്കിയ മികച്ച കഥാപാത്രങ്ങളിലൂടെ ശാന്താ ദേവി എന്നും ജീവിക്കും

ആദരാഞ്ജലികൾ.

A Current Positive THRILLER..!


“എനിക്ക് ഈ ചിത്രത്തെക്കുറിച്ച് വമ്പൻ അവകാശവാദങ്ങൾ ഒന്നും തന്നെയില്ല. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു മാസ് മസാല എന്റെർടെയ്നർ. അതായിരിക്കും ത്രില്ലർ” മലയാള സിനിമ പ്രേക്ഷകരുടെ ഇന്നത്തെ ആസ്വാദന നിലവാര രീതി കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സംവിധായകന്റെ, ത്രില്ലർ എന്ന പ്രിത്വിരാജ് ചിത്രം സംവിധാനം ചെയ്ത ബി ഉണികൃഷ്ണന്റെ വാക്കുകളാണിത്. രൺജി പണിക്കരും sn സ്വാമിയും കഴിഞ്ഞാൽ മലയാള സിനിമയിൽ പൊളിറ്റിക്കൽ സസ്പെൻസ് ആക്ഷൻ സിനിമകൾ ഒരുക്കുന്നതിൽ മുന്നിട്ടു നില്ക്കുന്ന ആളാണു ബി ഉണികൃഷ്ണൻ. സസ്പെൻസ് സിനിമകളുടെ ഗണത്തിൽ അദ്ദേഹം തിരകഥയെഴുതിയ ടൈഗർ എന്ന സിനിമക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയാണുള്ളത്.

മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയും നായകന്മാരാക്കി സിനിമകൾ എടുത്ത ശേഷം അടുത്ത സൂപ്പർ താരമായ പ്രിത്വിരാജിനെ വെച്ച് ഒരു സിനിമ ചെയ്യുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ ഉണ്ടാവേണ്ടതാണു.പക്ഷെ പ്രമാണി ഒരു പരാജയമായത് കൊണ്ടും, Anwar ബോക്സ് ഓഫീസിൽ വിചാരിച്ച ചലനം സൃഷ്ടിക്കാതിരുന്നതു കൊണ്ടുമൊക്കെയാവാം ത്രില്ലറിനു അമിത പ്രതീക്ഷകൾ ഇല്ലായിരുന്നു.എന്നാൽ Anwar മൂലം നിരാശരാക്കപ്പെട്ട ആരാധകരെ ആനന്ദഭരിതരാക്കുന്ന ഒരു മികച്ച ചിത്രമാണു ഉണികൃഷ്ണൻ ത്രില്ലറിലൂടെ സമ്മാനിച്ചിരിക്കുന്നത്. പലപ്പോഴും പ്രതീക്ഷകൾക്ക് കടകവിരുധമായാണു പല കാര്യങ്ങളും സംഭവിക്കുക എന്നത് ഒരിക്കൽ കൂടി തെളിയിക്കുകയാണു ത്രില്ലർ എന്ന ചിത്രത്തിന്റെ വിജയം.

ആനന്ദ് ഭൈരവിയുടെ ബാനറിൽ സാബു ചെറിയാൻ ആണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരകഥയും സംഭാഷണവുമെല്ലാം സംവിധായകന്റേതു തന്നെ. കേരളത്തിൽ സമീപകാലത്തു നടന്ന വിവാദമായ ഒരു കൊലപാതക കേസിനു സംവിധായകൻ ചലച്ചിത്ര ഭാഷ്യം ചമയ്ക്കുകയാണു ഈ സിനിമയിൽ. ഇനിയും ശരിക്കുമുള്ള കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഈ കുറ്റകൃത്യത്തിന്റെ അന്വേഷണവും അതിന്റെ കുറ്റവാളിയെ കണ്ടെത്തെലുമെല്ലാം സംവിധായകന്റെ കാഴ്ച്ചപാടുകളിലൂടെ അവതരിപ്പിക്കപെടുകയാണു ഇവിടെ. സൈമൺ പാലത്തിങ്കുൽ എന്ന യുവവ്യവസായി ഹൈവേയിൽ വെച്ച് കൊല്ലപ്പെടുകയും കേസന്വേഷണത്തിനു നിരഞ്ജൻ IPS നിയുക്തനാവുകയും അവസാനം കുറ്റവാളിയെ കണ്ടു പിടിക്കുകയും ചെയ്യുന്നതാണു സിനിമ.

മലയാളത്തിലെ യുവ സൂപ്പർ താരം പ്രിത്വിരാജ് ആണു നിരഞ്ജനായി വേഷമിടുന്നത്.പ്രിത്വിരാജ് തന്നെയാണു ഈ സിനിമയിലെ ഏറ്റവും വലിയ ഹൈലെറ്റ് തന്റെ കഥാപാത്രത്തിനോട് 100% നീതി പുലർത്തുന്ന മികച്ച അഭിനയമാണു പ്രിത്വിരാജ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഫൈറ്റ് സീനുകളിൽ അസാമാന്യ പ്രകടനമാണു പ്രിത്വി നടത്തിയിരിക്കുന്നത്. മമ്മൂട്ടി സുരേഷ് ഗോപി പോലീസ് കഥാപാത്രങ്ങളെ പോലെ നെടുങ്കൻ ഡയലോഗുകൾ ഇതിലെ നായകൻ പറയുന്നില്ല. പക്ഷെ തിയറ്ററുകളിൽ കയ്യടികൾ തീർക്കുന്ന നല്ല കിടിലൻ ഡയലോഗുകൾ ഉണ്ടു താനും. ചുരുക്കി പറഞ്ഞാൽ നിരഞ്ജൻ IPS എന്ന Assit. പോലീസ് കമ്മീഷണറുടെ വേഷത്തിൽ പ്രിത്വി കസറി. ഒരു നായക നടനെ സംബന്ധിച്ചിടത്തോളം അയാൾ നായകനായി അഭിനയിച്ച സിനിമയിൽ ഏറ്റവും നന്നായത് തന്റെ അഭിനയമാണു എന്ന് പ്രേക്ഷകർ അഭിപ്രായപെടുന്നതാണു ഏറ്റവും വലിയ നേട്ടം. ഇക്കാര്യത്തിൽ പ്രിത്വിരാജിനു അഭിമാനിക്കാം. ഇന്ന് മലയാള സിനിമയിൽ ചില നായക നടന്മാർക്ക് കിട്ടാതെ പോകുന്നതും ഈ നേട്ടം തന്നെയാണു.

സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത സമ്പത്ത്, സിദിഖ്, വിജയ് രാഘവൻ സൈമൺ പാലത്തിങ്കുൽ ആയി വേഷമിട്ട പുതുമുഖ നടൻ എന്നിവരെല്ലാം നല്ല പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. രണ്ടര മണിക്കൂർ നീളമുള്ള ഈ സസ്പെൻസ് ത്രില്ലർ വളരെ ഫാസ്റ്റായി ചിത്രീകരിക്കുന്നതിൽ ഛായഗ്രഹകനും എഡിറ്ററും വിജയിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും മോശമല്ല.

നായകൻ പ്രിത്വിരാജ് ആയത് കൊണ്ടാവണം സിനിമയിൽ ഒരു നായികയും Love Track ഉം സോഗ്സും.എന്നിരുന്നാലും ഗാന രംഗങ്ങളിൽ പ്രിത്വിരാജിന്റെ ഗെറ്റപ്പുകൾ യുവ ആരാധികമാരെ ഹരം കൊള്ളിക്കുന്നവ തന്നെയായിരുന്നു. അത് തന്നെയായിരിക്കാം ഇതിന്റെ പിന്നിലുള്ള ലക്ഷ്യവും. അതു പോലെ സിനിമയിൽ പ്രിത്വിരാജ് പറയുന്ന ഡയലോഗുകൾ മികച്ചതെങ്കിലും ഇംഗ്ലീഷ് ഡയലോഗുകൾ രൺജി പണിക്കർ സ്റ്റാൻഡേർഡിൽ എത്തിയില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. രൺജി പണിക്കരുടെ ഹെവി ഡയലോഗുകൾ പറഞ്ഞിരുന്നത് മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെയാണു. അർത്ഥം മനസ്സിലാവാതിരുന്നിട്ടു കൂടി മലയാളികൾ ഒന്നടങ്കം അത് ആരവങ്ങളോടെ
ഏറ്റു വാങ്ങിയതാണു. അത്തരം കടുകട്ടി ഡയലോഗുകൾ Assit കമ്മീഷണർ റോളിൽ നിന്നു കൊണ്ട് പ്രിത്വി പറഞ്ഞാൽ കൂവൽ കിട്ടാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കിയിട്ടാവണം സംവിധായകൻ കട്ടി കുറഞ്ഞ ഇംഗ്ലീഷ് ഡയലോഗുകൾ പറയിച്ച് കയ്യടി നേടിയത്. കമ്മീഷണറാവാനും കളക്ടറാവാനുമൊക്കെ പ്രിത്വിക്ക് ഇനിയും സമയം ധാരാളമുണ്ടല്ലോ.

ഇത്തരം സിനിമകളിൽ പ്രേക്ഷകരെ ആദ്യാവസാനം വരെ പിടിച്ചിരുത്തുന്ന ഘടകം സിനിമയുടെ സസ്പെൻസ് ആണു. ആദ്യം ടൈഗറിലും പിന്നെ ത്രില്ലറിലും ആ കാര്യത്തിൽ സംവിധായകൻ വിജയിച്ചുവെങ്കിലും ഒരു സാധാരണ പ്രേക്ഷകന്റെ ആദ്യ മൂന്ന് guess ഉം കഴിഞ്ഞ് നാലാമത്തേയോ അഞ്ചാമത്തേയോ guess ൽ വരുന്ന ആളെ വേണം അടുത്ത പടത്തിൽ വില്ലൻ ആക്കാൻ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

റിലീസിനു മുൻപ് തന്നെ മനോരമ ചാനൽ ഇതിന്റെ റൈറ്റ്സ് വാങ്ങിച്ചതും ആദ്യ ദിവസങ്ങളിലെ യുവാക്കളുടെ സപ്പോർട്ടും ഈ സിനിമയെ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ എത്തിച്ചു കഴിഞ്ഞു. പക്ഷേ കേരളത്തിൽ ഒരു സിനിമ അത് നല്ലതായാലും മോശമായാലും സൂപ്പർഹിറ്റ് ആകണമോ Long റൺ കിട്ടണമോ എന്നൊക്കെ തിരുമാനിക്കുന്നത് കുടുമ്പ പ്രേക്ഷകർ ആണല്ലോ. കോമഡി സിനിമകൾ എന്ന പേരിൽ തരം താണ ഹാസ്യ രംഗങ്ങൾ കുത്തി നിറച്ച മൂന്നാം കിട സിനിമകൾക്ക് കുടുംബ പ്രേക്ഷകർ മുൻ ഗണന കൊടുക്കുമ്പോൾ പല നല്ല സിനിമകൾക്കും അർഹിക്കുന്ന വിജയം കിട്ടാതെ പോകുന്നു. ചവറു സിനിമകളെ പ്രോൽസാഹിപ്പിക്കുന്നത് നിർത്തി ത്രില്ലറിനു പരിഗണന നല്കാൻ ഈ വിഭാഗം തയ്യാറായാൽ ത്രില്ലർ സൂപ്പർ ഹിറ്റും കഴിഞ്ഞ് ഒരു മെഗാഹിറ്റ് വിജയം സ്വന്തമാക്കും എന്നത് തീർച്ചയാണു...!

*മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും കഴിഞ്ഞാൽ കരുത്തുറ്റ നായക വേഷങ്ങൾ ചെയ്യാൻ ഇന്ന് മലയാള സിനിമയിൽ താൻ മാത്രമേ ഉള്ളു എന്ന് ത്രില്ലറിലൂടെ പ്രിത്വി വീണ്ടും തെളിയിച്ചിരിക്കുകയാണു..!!

**അല്ല പിന്നെ..! കോമഡി ചെയ്യാൻ സുരാജ് ഉണ്ടല്ലോ ഇവിടെ..!!!

Followers

 
Copyright 2009 b Studio. All rights reserved.