RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഉസ്താദ് ഹോട്ടൽ


പ്രശസ്ത സംവിധായകൻ അൻവർ റഷീദും മഞ്ചാടിക്കുരു,ഹാപ്പി ജേർണ്ണി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ അഞ്ജലി മേനോനും മലയാള സിനിമയിലെ പുത്തൻ താരോദയമായ ദുൽക്കർ സല്മാനെ നായകനാക്കി മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ഒരുക്കിയ ചിത്രമാണു ഉസ്താദ് ഹോട്ടൽ.

മലയാളത്തിലെ നിരവധി താരങ്ങൾ അണി നിരക്കുന്ന ചിത്രത്തിൽ തിലകൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു. നിത്യ മേനോൻ ആണു നായിക. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഹോട്ടലുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രമേയമാണു ചിത്രത്തിന്റെത്.

അബ്ദുൾ റസാക്കിന്റെ (സിദിഖ്) അഞ്ചാമത്തെ മകനാണു ഫൈസൽ എന്ന ഫൈസി (ദുൽക്കർ) ആദ്യത്തെ നാലു പേരും പെൺകുട്ടികളാണു. ഫൈസി ജനിച്ചതോടെ പ്രസവിച്ച് പ്രസവിച്ച് ക്ഷീണിച്ച ഉമ്മ മരണപ്പെട്ടു. അതിനു ശേഷം ഫൈസിയെ വളർത്തിയതും വലുതാക്കിയതുമെല്ലാം ഇത്താസ് & കമ്പനിയാണു. തന്റെ ഭാര്യ മരിച്ചതോടെ റസാക്ക് മക്കളുമായി ദുബായിൽ താമസം മാറ്റുന്നു. പെങ്ങമാരുടെ ഒരോരുത്തരുടെയും നിക്കാഹ് കഴിയുന്നതോടെ ഫൈസി ഒറ്റയ്ക്കാവുന്നു. പെണ്മക്കളെ എല്ലാം വിവാഹം കഴിപ്പിച്ചതിനു ശേഷം റസാക്ക് രണ്ടാമതും വിവാഹം കഴിക്കുന്നു.

മകനെ എം ബി എക്കാരൻ ആക്കാൻ വേണ്ടി വിദേശത്ത് പഠിപ്പിക്കാൻ റസാക്ക് തിരുമാനിക്കുന്നു. എന്നാൽ ഫൈസി തിരഞ്ഞെടുത്തത് ഹോട്ടൽ മനേജ്മെന്റ് & ടൂറിസം മേഖലയാണു. അവിടുത്തെ പഠിത്തതിനിടയിൽ ഒരു മദാമയുമായി ഫൈസി പ്രണയത്തിലാവുന്നു. സ്വിസർലാന്റിൽ പഠിത്തം കഴിഞ്ഞ ഫൈസിക്ക് ലണ്ടനിലെ ഒരു വലിയ ഹോട്ടലിൽ ജോലി ലഭിക്കുന്നു. ഫൈസി മദാമയുമായി വിവാഹം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞ ഇത്താസ് & കമ്പനി ഫൈസിയെ തന്ത്രപരമായി നാട്ടിലെത്തിക്കുന്നു.

ദൈവമേ പറഞ്ഞ് പറഞ്ഞ് കഥ മുഴുവൻ പറയുകയാണോ എന്ന് വായിക്കുന്നവർക്ക് സംശയം തോന്നാം. പേടിക്കണ്ട സിനിമയുടെ ആദ്യ പത്ത് മിനിറ്റിലെ കഥയാണു ഇത്രയും ഇനിയും രണ്ട് മണിക്കൂർ 15 മിനുറ്റ് വേണം ഉസ്താദ് ഹോട്ടലിന്റെ കഥ മുഴുവൻ പറഞ്ഞ് തീർക്കാൻ.

കോഴിക്കോട്ടെ കഥയായത് കൊണ്ട് മാമുക്കോയയുടെ ശബ്ദ വിവരണത്തോടെ ആണു ചിത്രം ആരംഭിക്കുന്നത്. ആദ്യ പകുതി രസകരമായി മുന്നോട്ട് പോകുന്ന ഉസ്താദ് ഹോട്ടലിന്റെ രണ്ടാം പകുതി ഇത്തരമൊരു ചിത്രത്തിൽ അത്യാവശ്യമായി വേണ്ട സെന്റിമെൻസിലേക്ക് കിടക്കുകയാണു. ഒപ്പം ആരും പ്രതീക്ഷിക്കാത്ത തലങ്ങളിലേയ്ക്കൊക്കെ ചിത്രത്തിന്റെ കഥാഗതി സഞ്ചരിക്കുന്നു. ഉപ്പുപ്പയും കൊച്ചു മകനും തമ്മിലുള്ള ഹൃദയ സ്പർശിയായ രംഗങ്ങൾ പ്രതീക്ഷിച്ച് ചിത്രത്തിലേയ്ക്ക് കണ്ണും നട്ടിരിക്കുന്നവർ പടം കഴിയുന്നത് വരെ കണ്ണ് അങ്ങനെ നട്ടിരിക്കത്തേയുള്ളു.

ഫൈസിയുടെ ഉപ്പുപ്പാ ആയ കരീംക്കാ എന്ന വേഷത്തിലാണു തിലകൻ എത്തുന്നത്. തിലകൻ എന്ന മികച്ച നടനെ വളരെ മികച്ച രീതിയിൽ ഉപയോഗിക്കാമായിരുന്ന ചിത്രത്തിൽ പക്ഷെ അദ്ദേഹത്തിനു തിളങ്ങാനുള്ള അവസരങ്ങൾ കുറവായിരുന്നു. നായികയായെത്തിയ നിത്യ മേനോൻ നല്ല കോഴിക്കോടൻ ഭാഷ പറഞ്ഞ് കയ്യടി നേടി. ഗാനങ്ങൾ എല്ലാം പ്രേക്ഷകരിൽ ഓളങ്ങളുണർത്തിന്നവയായിരുന്നു. മികച്ച രീതിയിലുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മേന്മമകളാണു.

വിജയിക്കാൻ സാധ്യതയുള്ള ചിത്രങ്ങളിൽ ഒരു മിനുറ്റ് നേരത്തേക്ക് തലകാണിക്കുക എന്നത് ആസിഫ് അലി എന്ന നടൻ പതിവാക്കി എന്നു തോന്നുന്നു. നല്ലതാണു കാരണം എങ്ങാനും പടം വിജയിച്ചാൽ അതും അങ്ങ് ബയോഡാറ്റയിൽ ചേർക്കാമല്ലോ..!

നായകനായി എത്തിയ ദുൽക്കറിന്റെ അഭിനയം നന്നായിരുന്നു. പക്ഷെ ഇതിലെ ഫൈസിയുടെ വേഷം മലയാള സിനിമയിൽ ഇന്ന് നിലവിലുള്ള ഏത് യുവതാരത്തിനു അനായാസം ചെയ്യാൻ കഴിയും എന്നതാണു വസ്തുത. പിന്നെ എന്ത് കൊണ്ട് ദുൽക്കർ സല്മാൻ നായകനായി എന്ന് ചോദിച്ചാൽ ആദ്യ ഷോക്ക് തള്ളിക്കയറിയെത്തിയ ജനം തന്നെ കാരണം.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ മമ്മൂട്ടി തിലകനെ ഫോണിൽ വിളിച്ച് മകന്റെ അഭിനയത്തെ പറ്റി തിരക്കുകയുണ്ടായി.. തന്തയുടെ അത്ര ബോറല്ല എന്നായിരുന്നു തിലകന്റെ മറുപടി. സൂപ്പർ താരങ്ങൾക്കെതിരെ തിലകൻ പടവാളോങ്ങിയപ്പോൾ തിലകൻ പറയുന്നത് മുഴുവൻ 100% ശരിയാണു എന്ന് വാദിച്ചവർക്ക് പോലും കടുത്ത വിയോജിപ്പുണ്ടാകും ഈ അഭിപ്രായത്തിൽ. ഉസ്താദ് ഹോട്ടൽ കണ്ടവർക്ക് അത് പൂർണ്ണമായും ബോധ്യപ്പെടുകയും ചെയ്യും.

ചുരുക്കി പറഞ്ഞാൽ പണ്ടത്തെ തഴമ്പ് തടവി അധിക കാലം മുന്നോട്ട് പോകാനാവില്ല എന്ന സത്യം ദുൽക്കർ തിരിച്ചറിഞ്ഞാൽ നന്ന്.പിടിച്ച് നിൽക്കണമെന്നുണ്ടെങ്കിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളും തനിക്ക് ചെയ്യാൻ കഴിയും എന്ന് തെളിയിച്ചേ മതിയാവു. വാപ്പായുടെ പടം കാണാൻ തന്നെ ആളു കുറഞ്ഞ് വരുന്ന കാലമാ.. അപ്പോ പിന്നെ...!!!

അഞ്ജലി മേനോൻ എന്ന തിരകഥാകൃത്തിന്റെ അനുഭവസമ്പത്തിന്റെയും പരിചയക്കുറവിന്റെയും പിഴവുകൾ ചിത്രത്തെ കാണികൾക്ക് ഒരു സുഖമുള്ള നൊമ്പരമുള്ളതാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. അല്ലെങ്കിലും മനുഷ്യമനസ്സിന്റെ വേദനകളെ പിടിച്ചു കുലുക്കി വികാരതീവ്രമായ കഥാപാത്രങ്ങളെ ഒരുക്കി അന്തരാളങ്ങളിൽ ഗദ്ഗദം ഉണർത്താൻ അഞ്ജലി മേനോൻ ലോഹിതദാസോ അൻവർ റഷീദ് ഹൃദയ ബന്ധങ്ങളുടെ സങ്കീർണ്ണതകളിൽ ആർദ്രമായ ഈണ്ണങ്ങൾ തീർത്ത പത്മരാജനും അല്ലല്ലോ..!!
അത് കൊണ്ട് തന്നെ ഉസ്താദ് ഹോട്ടലിലെ വിഭവങ്ങൾക്ക് പ്രതീക്ഷിച്ച അത്ര സ്വാദ് പോരാ.. വയറു നിറഞ്ഞാലും മനസ്സ് നിറയില്ല..!!!!

ബാച്ച്ലർ പാർട്ടി/Bachelor Party


ഒരു അമൽ നീരദ് ചിത്രത്തിൽ നിന്ന് നിങ്ങൾ എന്തെല്ലാമാണു പ്രതീക്ഷിക്കുന്നത്.. ?? അതെല്ലാം ഒരു ഇഞ്ചു പോലും കുറയാതെ ഇതിലുണ്ട്. പിന്നെ നായകൻ വില്ലനെ കുത്തി കൊന്ന്, അല്ലെങ്കിൽ തല്ലി കൊന്ന് അല്ലെങ്കിൽ വെടി വെച്ച് കൊന്ന് സ്ലോ മോഷനിൽ നടന്നു വരുന്നത് കാണിച്ച് സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോൾ മാത്രം സംതൃപ്തിയോടെ തിയറ്റർ വിടുന്ന ഒരു പ്രേക്ഷകനാണു താങ്കളെങ്കിൽ, ആദ്യമിറങ്ങിയ മൂന്ന് അമൽ നീരദ് ചിത്രങ്ങളെയും വെറുക്കുന്ന ഒരാളാണു താങ്കളെങ്കിൽ ദയവ് ചെയ്ത് സമയവും പണവും മിനക്കെടുത്തേണ്ട.

ബിഗ് ബി എന്ന ചിത്രത്തെ വാതോരാതെ വിമർശിച്ചവർ സാഗർ എലിയസ് ജാക്കി ഇറങ്ങിയപ്പോൾ നിശബ്ദരായി. ഈ രണ്ട് ചിത്രങ്ങളെയും ഒരു പോലെ പരിഹസിച്ച് ചിരിച്ചവരുടെ അണ്ണാക്കിലെ പിരിവെട്ടിയ ചിത്രമായിരുന്നു അൻവർ. ഇങ്ങനെ മൂന്ന് മുൻകാല പരിചയങ്ങളുണ്ടായിട്ടും വീണ്ടുമൊരു അമൽ നീരദ് ചിത്രം തിയറ്ററിലെത്തിയപ്പോൾ മലവെള്ളത്തേക്കാൾ ശക്തിയിൽ ഇരച്ചെത്തിയ ജനക്കൂട്ടം അമൽ നീരദിൽ നിന്ന് തീർച്ചയായും ഒരു ലോകത്തോര ക്ലാസിക്ക് ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത് എന്നത് വ്യക്തമാണു.

തന്റെ സ്വന്തം പ്രൊഡക്ഷനിൽ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച് അമൽ നീരദ് ഒരുക്കിയ ചിത്രമാണു ബാച്ച്ലർ പാർട്ടി. തിരകഥ സോറി സംഭാഷണം ആർ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും. പ്രധാന കഥാപാത്രങ്ങൾ ഇന്ദ്രജിത്ത്,റഹ്മാൻ,ആസിഫ് അലി, കലാഭവൻ മണി, നിത്യ തുടങ്ങിയവർ. കൂടാതെ പൃഥ്വിരാജിന്റെ ഗസ്റ്റ് റോളും രമ്യ നമ്പീശന്റെയും പത്മ പ്രിയയുടെയും ഐറ്റം ഡാൻസുകളും. കുട്ടിക്കാലം മുതലേ മോഷ്ടാക്കളായ അഞ്ച് കൂട്ടുകാർ, വലുതായപ്പോൾ അവർ ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങൾ, പൃഥ്വിരാജിന്റെ ഒരു ഉഗ്രൻ ഫൈറ്റ്, പിന്നെ ആദ്യം പറഞ്ഞ രണ്ട് ഡാൻസ്, രണ്ട് വെടിവെയ്പ്പ്, ആസിഫ് അലിയും നിത്യയും തമ്മിലുള്ള ഒരു ഡ്യുയറ്റ് സോംഗ്, കുറെ സ്ലോ മോഷൻസ്, ലാസ്റ്റ് അവസാനം മലയാള സിനിമയിൽ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ക്ലൈമാക്സ്. സംഗതി ഒരു പാർട്ടി ആയത് കൊണ്ട് പടം അവസാനിക്കുന്നതും ഒരു പാർട്ടി മൂഡിൽ ആയാൽ നന്നായിരിക്കും എന്ന ചിന്തയിലായിരിക്കണം ക്ലൈമാക്സിനു ശേഷം ഒരു ഗ്രൂപ്പ് ഡാൻസ് കൂടി അമൽ നടത്തിച്ചത്.

അഭിനേതാക്കൾ എല്ലാവരും നായകന്മാരും വില്ലന്മാരും ഒരു അമൽ നീരദ് ചിത്രത്തിൽ എങ്ങനെ അഭിനയിക്കണം അങ്ങനെ തന്നെ അഭിനയിച്ചിട്ടുണ്ട്. കൂട്ടത്തിൽ തകർപ്പനാവും എന്ന് കരുതിയ ഇന്ദ്രജിത്ത് നന്നായെങ്കിലും വിചാരിച്ചത്ര ശോഭിച്ചില്ല എന്നാൽ റഹ്മാൻ പ്രതീക്ഷിച്ചതിലും കൂടുതൽ കയ്യടി നേടി. കലാഭവൻ മണിയ്ക്ക് സ്ലോമോഷൻ സിനിമയിൽ അഭിനയിക്കുന്ന ഒരു അസ്കിത ഉണ്ടായിരുന്നു. ആസിഫ് അലിക്ക് അഭിനയിച്ച് വിഷമിപ്പിക്കുന്ന പണിയൊന്നും ഭാഗ്യത്തിനു സംവിധായകൻ കൊടുത്തില്ല. കൂട്ടത്തിലെ ഏറ്റവും സോഫ്റ്റ് ആയ നായകനാക്കി അവതരിപ്പിച്ച് ഹീറോയിസം കാണിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ നിന്ന് ആസിഫിനെ സംവിധായകൻ തടഞ്ഞു. എന്തായാലും ബാച്ചിലേഴ്സിനു രസിക്കണം എന്ന ഉദ്ദേശത്തിൽ തന്റെ സ്ഥിരം ശൈലിയിൽ അമൽ നീരദ് ഒരുക്കിയ ഈ ചിത്രം ആ ശൈലി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തും..!

സ്പിരിറ്റ്. (Spirit)


പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം. മലയാള സിനിമ ചരിത്രത്തിൽ മദ്യപാന സീനുകൾ ഇത്രയധികമുള്ള ആദ്യത്തെ സിനിമ ആയിരിക്കും മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ്. കേരളത്തിൽ ഏറ്റവും ലാഭത്തിലോടുന്ന പൊതു മേഖല സ്ഥാപനമായ ബിവറേജസ് കോർപറേഷന്റെ നല്ലവരായ കസ്റ്റമേഴ്സ് ആയ മലയാളികളുടെ മദ്യാക്സക്തിയ്ക്കുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റ് എന്ന നിലയിൽ ഒരുക്കിയ ഈ ചിത്രത്തിൽ അത്തരം രംഗങ്ങൾ കൂടുതലായി വരുന്നത് ഒരു കുറ്റമല്ല.

സ്പിരിറ്റ്...! പേരു കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ വരിക പല പല നിറങ്ങളിൽ പല പല കുപ്പികളിൽ പല പല ബ്രാൻഡുകളിൽ നിറയുന്ന ലഹരി പകരുന്ന ആ പദാർത്ഥമാണു. അതെ സന്തോഷങ്ങൾക്കും സന്താപങ്ങൾക്കും എന്തിനു ഹർത്താലിനു വരെ മലയാളികൾ കൂട്ടു പിടിക്കുന്ന മദ്യം.

മാറുന്ന മലയാള സിനിമയിലെ മാറ്റങ്ങളുടെ കാരണവരായ
രഞ്ജിത്തിന്റെ അത്തരം ഒരു ചിത്രത്തിൽ നായകനായിട്ടില്ല തങ്ങളുടെ താരം എന്ന ആരാധകരുടെ വിഷമത്തിനു വിരാമമിടുകയാണു രഞ്ജിത്ത് സ്പിരിറ്റിലൂടെ. മോഹൻലാലിനെ അമാനുഷിക തലത്തിലേയ്ക്ക് ഉയർത്തിയ എഴുത്തുകാരനായ രഞ്ജിത്തിൽ നിന്ന് പണ്ടത്തെ പോലെ ഒരു ശക്തമായ കഥാപാത്രത്തെ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം നായകൻ പഴയ മോഹൻലാൽ ആണെങ്കിലും രഞ്ജിത്ത് ആളാകെ മാറിയിരിക്കുന്നു. നിസ്സഹായരായ നായകന്മാരുടെ കഥകൾ ഹൃദയസ്പർശിയായി പറയാൻ അദ്ദേഹവും പഠിച്ച് കഴിഞ്ഞിരിക്കുന്നു. ബാലചന്ദ്രനും പ്രാഞ്ചിയേട്ടനും ജയപ്രകാശും എല്ലാം അതിനുദാഹരണങ്ങളാണു.

സ്പിരിറ്റ് പറയുന്നത് ഒരു ആൽക്കഹോളിക്കായ മനുഷന്റെ കഥയാണു. കഥ എന്നു പറയുമ്പോൾ നിരവധി സംഘർഷഭരിതവും മെലോഡ്രാമ നിറഞ്ഞതും ഉദ്ദ്വേഗം നിറഞ്ഞതുമായ രംഗങ്ങളിലൂടെയൊന്നും കടന്നു പോകുന്നില്ല. വളരെ സിമ്പിളായി പറഞ്ഞാൽ ഒരു മുഴുക്കുടിയൻ തന്റെ മദ്യപാനം ഒരു വലിയ തെറ്റാണെന്ന് മനസ്സിലാക്കുകയും ഒരു സുപ്രഭാതത്തിൽ കുടി നിർത്തി നല്ലവനാകുകയും മദ്യപാനത്തിന്റെ ദൂഷ്യഫലം സമൂഹത്തെ അറിയിക്കാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ സംഭവങ്ങൾ എങ്ങനെ എപ്പോൾ ഏത് രീതിയിൽ നടക്കുന്നു എന്നൊക്കെ അറിയാൻ താല്പര്യം ഉള്ളവർക്ക് സിനിമ കാണാം.

മോഹൻലാലിന്റെ രഘുനന്ദൻ എന്ന (അദ്ദേഹം ആരാണെന്ന് ചോദിച്ചാൽ വ്യക്തമായ ഒരു ഉത്തരമില്ല ഒരു വലിയ സംഭവമാണു അത്രതന്നെ) ഇപ്പോൾ സ്പിരിറ്റ് എന്ന നോവൽ ഇംഗ്ലീഷിൽ എഴുതുന്ന ആളാണു ആദ്യം പറഞ്ഞ ആ മുഴുക്കുടിയൻ. ഒരു ടീവി ചാനലിൽ ഷോ ദ് സ്പിരിറ്റ് എന്ന പേരിൽ ഒരു ഉഗ്രൻ പ്രോഗ്രാം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അങ്ങേരു ചെയ്യുന്നുണ്ട്. വിവാഹ മോചിതനായ രഘുനന്ദനന്റെ ബെസ്റ്റ് ഫ്രൺസ് തന്റെ ആദ്യ ഭാര്യ മീരയും(കനിഹ) മീരയുടെ ഇപ്പോഴത്തെ ഭർത്താവ് അലക്സ്സിയുമാണു(ശങ്കർ രാമകൃഷ്ണൻ). അതെങ്ങനെ നടക്കും എന്ന് ചിന്തിക്കുന്നവർ ഓർക്കുക രഘുനന്ദൻ ഒരു വലിയ സംഭവമാണു.

വൈകീട്ട് മാത്രമല്ല വെളുക്കുമ്പോൾ തന്നെ ആഘോഷം തുടങ്ങുന്ന നമ്മുടെ നായകൻ രഘുനന്ദനന്റെ ജീവിതത്തിലെ മദ്യപാനാ ആസക്തിയുടെ ആഘോഷമാണു ആദ്യ പകുതി. രണ്ടാം പകുതിയിൽ അയാളുടെ മദ്യത്തിൽ നിന്നുള്ള മോചനവും പിന്നെ ആ ഷോക്ക് ട്രീറ്റ്മെന്റും.ഇനി ഈ ഷോക്ക് ട്രീറ്റ്മെന്റ് കൊണ്ട് ഏതെങ്കിലും ഒരു കുടിയനെങ്കിലും കുടി നിർത്തിയാൽ അണിയറപ്രവർത്തകർ കൃതാർത്ഥരായി..!(22 ഫീമെയിൽ കണ്ട് ചതിയന്മാർ ആയ കാമുകന്മാരെല്ലാം നന്നായ പോലെ).

നായക കഥാപാത്രമായി മോഹൻലാൽ ജീവിച്ചു എന്ന് തന്നെ പറയാം. അത്രക്ക് ഉജ്ജ്വലമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കനികക്കും ശങ്കർ രാമകൃഷ്ണനും കാര്യമായി ചെയ്യാൻ ഒന്നുമുണ്ടായിരുന്നില്ല. വളരെ നാളുകൾക്ക് ശേഷം മധുവിനും ഒരു നല്ല വേഷം സ്പിരിറ്റിലൂടെ ലഭിച്ചു. എന്നാൽ തിലകനെ പോലെ ഒരു വലിയ നടനെ വളരെ ചെറിയ ഒരു റോളിൽ ഒതുക്കിയത് കഷ്ടമായി പോയി. ടിനി ടോം പതിവ് രജ്ഞിത്ത് ചിത്രങ്ങളിലെ പോലെ തിളങ്ങി. നന്ദുവിന്റെ റോളും എടുത്തു പറയേണ്ട ഒന്നാണു. ചെറുതെങ്കിലും സിദ്ദാർത്ത് നന്നാക്കി. ഗാനങ്ങളിൽ മഴയിൽ വിരിയുന്ന എന്നു തുടങ്ങുന്ന ഗാനം ഹൃദ്യമായി. മികച്ച ഛായാഗ്രഹണം ചിത്രത്തെ ആസ്വാദകരമാക്കുന്നു.

രഞ്ജിത്തിന്റെ മുൻപത്തെ ചിത്രങ്ങളായ പ്രാഞ്ചിയേട്ടൻ, ഇന്ത്യൻ റുപ്പി പോലത്തെ ഒരു സിനിമ പ്രതീക്ഷിച്ചാണു നിങ്ങൾ പോകുന്നതെങ്കിൽ നിരാശപ്പെടും. ഇനി അതല്ല രാവണപ്രഭുവോ നരസിംഹവുമാണു നിങ്ങളുടെ മനസ്സിലെങ്കിൽ വളരെയധികം നിരാശപ്പെടും. കാരണം ഇതൊരു ഡോക്യുമെന്ററി സിനിമയാണു. എന്നാൽ ആ അവതരണ രീതി ആളുകൾക്ക് രസിക്കുന്ന രീതിയിൽ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡോക്യുമെന്ററി എങ്ങനെ രസകരമാകും എന്ന് നെറ്റിചുളിക്കുന്നവർക്കുള്ള ഉത്തരം രചന, സംവിധാനം രഞ്ജിത്ത്..!!

*നിരവധി നല്ല സിനിമകൾ പൊട്ടി പൊളിയുകയും നിരവധി ലോകത്തോര ചവറുകൾ ബ്ലോക്ബസ്റ്ററുമായിട്ടുള്ള നമ്മുടെ നാട്ടിൽ സ്പിരിറ്റ് ഒരു ലഹരി പോലെ പടർന്നു കയറാനുള്ള സാധ്യത ഇല്ലാതില്ലാതില്ല..!!!!

**മായാമോഹിനി എന്ന മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ക്രാപ്പുകളിലൊന്ന് ഏറ്റവും വലിയ മെഗാഹിറ്റായതിനു ശേഷം ഒരു സിനിമ വിജയിക്കുമോ പരാജയപ്പെടുമോ എന്ന അഭിപ്രായ പ്രകടനം ഉപേക്ഷിച്ചു..!!!!!

നാം ഒന്ന് നമുക്കൊന്ന്


അല്ലെങ്കിലേ വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണു അതിനിടയിലാണു സിനിമക്കാരുടെ നശിച്ച തിരുമാനം. ആഴ്ച്ചയിൽ ഒരു മലയാള സിനിമ മാത്രമേ റിലീസ് ചെയ്യാൻ പാടുള്ളു എന്ന്. തിരുമാനം വന്നിട്ട് ഒന്നു രണ്ട് ദിവസമായെങ്കിലും ഇതിനെതിരെ പ്രതിഷേധം ഉയരുമെന്നും തിരുമാനം പിൻവലിക്കപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ യാതൊരു അനക്കവും ഇതു വരെ ഉണ്ടായില്ല.

സിനിമ റിലീസുകൾ കുറഞ്ഞാൽ അത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തിയറ്ററുകാരെയാണു സ്വാഭാവികമായും അവരാണു ഇതിനെതിരെ രംഗത്ത് വരേണ്ടത്. എന്നാൽ നിയന്ത്രണം മലയാള സിനിമകൾക്ക് മാത്രമാണു എന്നത് കൊണ്ട് ഇനി യഥേഷ്ടം അന്യഭാഷാ ചിത്രങ്ങൾ തിയറ്ററുകാർക്ക് പ്രദർശിപ്പിക്കാം. ഒരാഴ്ച്ച കൊണ്ട് തന്നെ ലാഭം നേടുന്ന ഇത്തരം ചിത്രങ്ങളോട് തന്നെയാണു തിയറ്ററുകാർക്ക് പണ്ടേ താല്പര്യം. അതു കൊണ്ട് തന്നെ അവർ പ്രതിക്ഷേധം ഉയർത്താൻ സാധ്യത ഇല്ല.

നല്ല സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് തടയുക എന്നതാണു ഇതിന്റെ പിന്നിലുള്ള ഉദ്ദേശം എന്നാണു സിനിമക്കാരുടെ വാദം. സിനിമക്കാർ എന്നു പറയുമ്പോൾ വിതരണക്കാരുടേയും നിർമ്മാതാക്കളുടെയും സംഘടനയാണു ഇങ്ങനെയൊരു തിരുമാനത്തിനു പിന്നിൽ. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ഇതിൽ ഒരു പങ്കുമില്ല. കാശ് ഇറക്കുന്നവനില്ലാത്ത ദണ്ഡം എന്തിനു കാശ് വാങ്ങുന്നവനു.!

ഇത്തരത്തിൽ ഒരു സിനിമ ഒരാഴ്ച്ച എന്ന രീതിയിൽ റിലീസ് ചെയ്യുമ്പോൾ ജനം ഒരാഴ്ച്ച സിനിമ തന്നെ കാണുകയും മുടക്കു മുതൽ ഒരാഴ്ച്ച കൊണ്ട് തന്നെ തിരിച്ച് പിടിക്കാം എന്നും ഇനി നല്ല അഭിപ്രായമാണെങ്കിൽ ലോഗ് റൺ ഉറപ്പാക്കുകയും ചെയ്യാം എന്നതൊക്കെയാണു നേട്ടങ്ങൾ. ആഴ്ച്ച തോറും മലയാള സിനിമകൾ കാണാൻ കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന പ്രേക്ഷകർ ഇറങ്ങുന്ന ഒരേ ഒരു സിനിമ ഒരു 6 പ്രാവശ്യമെങ്കിലും കണ്ട് സൂപ്പർ ഹിറ്റും മെഗാഹിറ്റും ഒരാഴ്ച്ച കൊണ്ട് തന്നെ സൃഷ്ടിക്കും എന്ന് നമുക്ക് കരുതാം. അപ്പോൾ തീർച്ചയായം ഇതൊരു നല്ല തിരുമാനം തന്നെയാണു

മലയാള സിനിമയുടെ വളർച്ചയ്ക്ക് ഇത്തരം ബുദ്ധിപരമായ തിരുമാനങ്ങൾ തികച്ചും ഗുണകരം തന്നെയാണു. അല്ലാതെ അസൂയാലുക്കൾ പറയുന്നത് പോലെ തിരോനന്തംകാരൻ ഒരു നായരു പിടിച്ച സെക്സ് സിനിമയ്ക്ക് ആദ്യത്തെ ആഴ്ച്ച ആളു കയറി കാശുണ്ടാക്കാനുള്ള വളരെ പൈശാചികവും മൃഗീയവുമായ ഗൂഡാലോചനയുടെ ഭാഗമല്ല തിരുമാനം..!! അല്ലെങ്കിലും സ്വന്തം മോനു ഫസ്റ്റ് റാങ്ക് കിട്ടാൻ കൂടെ പരീക്ഷ എഴുതുന്നവരെ മുഴുവൻ തോല്പിക്കുന്ന തന്തയില്ലാത്തരം ഒരു മാഷ് ചെയ്യാത്തത് പോലെ അങ്ങേരും ചെയ്യുമോ ഹേയ് ഇല്ല..!!!!

വീണ്ടും കണ്ണൂർ. (veendum kannoor)


വർഷങ്ങൾക്ക് മുൻപ് മനോജ് കെ ജയനെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണു കണ്ണൂർ. ഒരു വലിയ വിജയം നേടിയിലെങ്കിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അത്. ആ ചിത്രത്തിന്റെ തന്നെ ചുവടു പിടിച്ച് ഇന്നത്തെ കണ്ണൂരിന്റെ കഥ പറയുന്ന ചിത്രമാണു വീണ്ടും കണ്ണൂർ. എന്നാൽ ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടല്ല വീണ്ടും കണ്ണൂർ ഒരുക്കിയിരിക്കുന്നത്. ആദ്യ ചിത്രത്തിലെ നായകനായിരുന്ന കരിവള്ളൂർ ശിവൻ കുട്ടി (മനോജ് കെ ജയൻ) രക്തസാക്ഷിയായിരിക്കുന്നു. അദ്ദേഹത്തിന്റെ അനിയനാണു(ഇർഷാദ്) ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ സെക്രട്ടറി.ഇതേ ഉള്ളു ആദ്യ ചിത്രവുമായുള്ള ബന്ധം.

പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ മാടായി സുരേന്ദ്രനെ(ശിവജി) കേന്ദ്രീകരിച്ചാണു കഥ നീങ്ങുന്നത്. വലതു പക്ഷത്തിന്റെ ശക്തനായ നേതാവ് ദിവാകരനും അൽഭുതകുട്ടിയുമെല്ലാം ചിത്രത്തിലുണ്ട്. രണ്ട് പാർട്ടിയിൽ പെട്ടവര് തമ്മിൽ സ്നേഹത്തിലാവുകയും അവരുടെ കല്യാണം നടക്കുകയും അതിനോടനുബന്ധിച്ച കൊലപ്പെടുത്തലുകളോടും കൂടിയാണു വീണ്ടും കണ്ണൂർ ആരംഭിക്കുന്നത്. ഇതിൽ ദിവാകരന്റെ മകനും കൊല്ലപ്പെടുന്നു. അതിനു പ്രതികാരമായി നാട്ടിലേക്ക് വരുന്ന പാർട്ടി സെക്രട്ടറിയുടെ മകൻ ജയകൃഷ്ണനെ (അനൂപ് മേനോൻ) കൊല്ലപ്പെടുത്താൻ ശ്രമിക്കുന്നു. കൊലപാതകശ്രമത്തിൽ ജിസ്ന എന്ന കൊച്ചു കുട്ടിയുടെ കാലു നഷ്ടപ്പെടുന്നു.

സർവ്വകക്ഷി യോഗത്തിലേക്ക് ജിസ്നയുമായി വരുന്ന ജയകൃഷ്ണൻ ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയെ പരിഹസിച്ച് തിരുത്താൻ ശ്രമിക്കുന്നു. വികസനമാണു നാടിനു വേണ്ടത് എന്ന തിരിച്ചറിവുമായി ജയകൃഷ്ണൻ ഒരു നവ കമ്യൂണിസ്റ്റ് ആശയത്തിനു രൂപം കൊടുക്കുന്നു. സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെ യുവാക്കളുടെ സഹായത്തോടെ പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ പാർട്ടിയുടെ തിരുത്തൽ ശക്തിയായി മാറുന്നു. ജയകൃഷ്ണന്റെ കാമുകി ദിവാകരന്റെ മകളാണു എന്നത് മറ്റൊരു വിരോധാഭാസം.

അങ്ങനെ അക്രമരാഷ്ട്രീയത്തിന്റെ ചതിക്കുഴിയിൽ നിന്ന് പാർട്ടിയെ രക്ഷിക്കാൻ ജയകൃഷ്ണൻ നടത്തുന്ന പോരാട്ടങ്ങളും അതിൽ നേരിടേണ്ടി വരുന്ന വെല്ലു വിളികളുമൊക്കെയാണു വീണ്ടും കണ്ണൂർ. ചിത്രത്തിന്റെ കഥാഗതിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും സസ്പെൻസുമൊക്കെയുണ്ട്. ലാസ്റ്റ് അവസാനം പ്രജയിലെ മോഹൻലാലിനെ പോലെ ഡയലോഗുകൾ പറഞ്ഞ് ജൂനിയർ മോഹൻലാൽ സിനിമ അവസാനിപ്പിക്കുന്നു.

അനൂപ്
മേനോന്റെ മോഹൻലാലിസം അതിന്റെ ഉച്ച്സ്ഥായിയിൽ എത്തിയിരിക്കുന്ന ചിത്രമാണു ഇത്. പൊന്നു നായക താങ്കൾ ഈ സിനിമയിൽ പറയുന്ന ഡയലോഗ് തന്നെയാണു ഞങ്ങൾ പാവം പ്രേക്ഷകർക്കും പറയാനുള്ളത്. ഇതെല്ലാം ഞങ്ങൾ കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി കണ്ടോണ്ടിരിക്കുന്നതാണു. വയസായെങ്കിലും തടി കൂടിയെങ്കിലും കവിളും വയറും ചാടിയെങ്കിലും ഇപ്പോഴും ഞങ്ങളുടെ ലാലേട്ടൻ ഈ ഭാവങ്ങളെല്ലാം നല്ല അടിപൊളിയായി അഭിനയിക്കും അതിനു ഒരു മിമിക്രി അനുകരണം താങ്കളിൽ നിന്ന് വേണ്ട. ഇങ്ങനെ ലാലിനെ അനുകരിച്ച് സ്വയം അപഹാസ്യനാവേണ്ട വല്ല കാര്യവും ഉണ്ടോ.

മറ്റൊരു എടുത്ത് പറയേണ്ട താരം രാജീവ് പിള്ളയാണു. ഇങ്ങേർക്ക് ക്രിക്കറ്റ് കളിയേ പറ്റു. അഭിനയം അത് അറിയാവുന്ന ആൺപിള്ളേരു ചെയ്തോളും. ശിവജി ഗുരുവായൂരും റിസബാവയും ടിനി ടോമും ഇർഷാദും തങ്ങളുടെ വേഷങ്ങൾ നന്നാക്കിയിട്ടുണ്ട്. നായികയായി എത്തിയ സന്ധ്യക്ക് കാര്യമായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ടെക്നിക്കൽ സൈഡിൽ വലിയ മോശം പറയാനില്ലാത്ത പ്രകടനമാണു വീണ്ടും കണ്ണൂർ കാഴ്ച്ച വെച്ചത്. ചിത്രത്തിൽ രണ്ട് ഗാനങ്ങളുണ്ടായിരുന്നെങ്കിലും രണ്ടും അനാവശ്യ ഘടകങ്ങളായിരുന്നു.

ഹരിദാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം അതിനു തിരകഥയൊരുക്കിയിരിക്കുന്നത് റോബിൻ തിരുമല എന്ന് കേൾക്കുമ്പോൾ ഒരു സാധാരണ പ്രേക്ഷകനു ചിത്രത്തെ കുറിച്ച് ഉണ്ടാകുന്ന ചേതോവികാരം അതിപ്പോൾ ഇതിൽ അനൂപ് മേനോനല്ല സാക്ഷാൽ കമലഹാസൻ വന്നഭിനയിച്ചാലും ഒരു പോലെ ആയിരിക്കും എന്ന് നമുക്കറിയാം. അത് തന്നെയാണു ഈ ചിത്രത്തിന്റെയും അവസ്ഥ.

ജോസേട്ടന്റെ ഹീറോ, മുല്ലശേരി മാധവൻ കുട്ടി, ഇതാ ഇപ്പോൾ വീണ്ടും കണ്ണൂർ ഈ ചിത്രങ്ങളുടെയൊക്കെ ആദ്യ ഷോയ്ക്ക് വരുന്ന വൻ ജനക്കൂട്ടം (ഈ ചിത്രത്തിനു ഏകദേശം ഒരു 25 പേരുണ്ടായിരുന്നു) കണ്ടിട്ടെങ്കിലും അനൂപ് മേനോൻ ഒരു സ്വയം വിമർശനത്തിനു തയ്യാറായില്ലെങ്കിൽ നമ്മൾ പ്രേക്ഷകർ വീണ്ടും വീണ്ടും അനൂപ് ലാലിസത്തിനു ഇരയാവേണ്ടി വരും..!!!

Followers

 
Copyright 2009 b Studio. All rights reserved.