RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ബാച്ച്ലർ പാർട്ടി/Bachelor Party


ഒരു അമൽ നീരദ് ചിത്രത്തിൽ നിന്ന് നിങ്ങൾ എന്തെല്ലാമാണു പ്രതീക്ഷിക്കുന്നത്.. ?? അതെല്ലാം ഒരു ഇഞ്ചു പോലും കുറയാതെ ഇതിലുണ്ട്. പിന്നെ നായകൻ വില്ലനെ കുത്തി കൊന്ന്, അല്ലെങ്കിൽ തല്ലി കൊന്ന് അല്ലെങ്കിൽ വെടി വെച്ച് കൊന്ന് സ്ലോ മോഷനിൽ നടന്നു വരുന്നത് കാണിച്ച് സംവിധായകന്റെ പേരെഴുതി കാണിക്കുമ്പോൾ മാത്രം സംതൃപ്തിയോടെ തിയറ്റർ വിടുന്ന ഒരു പ്രേക്ഷകനാണു താങ്കളെങ്കിൽ, ആദ്യമിറങ്ങിയ മൂന്ന് അമൽ നീരദ് ചിത്രങ്ങളെയും വെറുക്കുന്ന ഒരാളാണു താങ്കളെങ്കിൽ ദയവ് ചെയ്ത് സമയവും പണവും മിനക്കെടുത്തേണ്ട.

ബിഗ് ബി എന്ന ചിത്രത്തെ വാതോരാതെ വിമർശിച്ചവർ സാഗർ എലിയസ് ജാക്കി ഇറങ്ങിയപ്പോൾ നിശബ്ദരായി. ഈ രണ്ട് ചിത്രങ്ങളെയും ഒരു പോലെ പരിഹസിച്ച് ചിരിച്ചവരുടെ അണ്ണാക്കിലെ പിരിവെട്ടിയ ചിത്രമായിരുന്നു അൻവർ. ഇങ്ങനെ മൂന്ന് മുൻകാല പരിചയങ്ങളുണ്ടായിട്ടും വീണ്ടുമൊരു അമൽ നീരദ് ചിത്രം തിയറ്ററിലെത്തിയപ്പോൾ മലവെള്ളത്തേക്കാൾ ശക്തിയിൽ ഇരച്ചെത്തിയ ജനക്കൂട്ടം അമൽ നീരദിൽ നിന്ന് തീർച്ചയായും ഒരു ലോകത്തോര ക്ലാസിക്ക് ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത് എന്നത് വ്യക്തമാണു.

തന്റെ സ്വന്തം പ്രൊഡക്ഷനിൽ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച് അമൽ നീരദ് ഒരുക്കിയ ചിത്രമാണു ബാച്ച്ലർ പാർട്ടി. തിരകഥ സോറി സംഭാഷണം ആർ ഉണ്ണിയും സന്തോഷ് എച്ചിക്കാനവും. പ്രധാന കഥാപാത്രങ്ങൾ ഇന്ദ്രജിത്ത്,റഹ്മാൻ,ആസിഫ് അലി, കലാഭവൻ മണി, നിത്യ തുടങ്ങിയവർ. കൂടാതെ പൃഥ്വിരാജിന്റെ ഗസ്റ്റ് റോളും രമ്യ നമ്പീശന്റെയും പത്മ പ്രിയയുടെയും ഐറ്റം ഡാൻസുകളും. കുട്ടിക്കാലം മുതലേ മോഷ്ടാക്കളായ അഞ്ച് കൂട്ടുകാർ, വലുതായപ്പോൾ അവർ ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന സംഭവ വികാസങ്ങൾ, പൃഥ്വിരാജിന്റെ ഒരു ഉഗ്രൻ ഫൈറ്റ്, പിന്നെ ആദ്യം പറഞ്ഞ രണ്ട് ഡാൻസ്, രണ്ട് വെടിവെയ്പ്പ്, ആസിഫ് അലിയും നിത്യയും തമ്മിലുള്ള ഒരു ഡ്യുയറ്റ് സോംഗ്, കുറെ സ്ലോ മോഷൻസ്, ലാസ്റ്റ് അവസാനം മലയാള സിനിമയിൽ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ക്ലൈമാക്സ്. സംഗതി ഒരു പാർട്ടി ആയത് കൊണ്ട് പടം അവസാനിക്കുന്നതും ഒരു പാർട്ടി മൂഡിൽ ആയാൽ നന്നായിരിക്കും എന്ന ചിന്തയിലായിരിക്കണം ക്ലൈമാക്സിനു ശേഷം ഒരു ഗ്രൂപ്പ് ഡാൻസ് കൂടി അമൽ നടത്തിച്ചത്.

അഭിനേതാക്കൾ എല്ലാവരും നായകന്മാരും വില്ലന്മാരും ഒരു അമൽ നീരദ് ചിത്രത്തിൽ എങ്ങനെ അഭിനയിക്കണം അങ്ങനെ തന്നെ അഭിനയിച്ചിട്ടുണ്ട്. കൂട്ടത്തിൽ തകർപ്പനാവും എന്ന് കരുതിയ ഇന്ദ്രജിത്ത് നന്നായെങ്കിലും വിചാരിച്ചത്ര ശോഭിച്ചില്ല എന്നാൽ റഹ്മാൻ പ്രതീക്ഷിച്ചതിലും കൂടുതൽ കയ്യടി നേടി. കലാഭവൻ മണിയ്ക്ക് സ്ലോമോഷൻ സിനിമയിൽ അഭിനയിക്കുന്ന ഒരു അസ്കിത ഉണ്ടായിരുന്നു. ആസിഫ് അലിക്ക് അഭിനയിച്ച് വിഷമിപ്പിക്കുന്ന പണിയൊന്നും ഭാഗ്യത്തിനു സംവിധായകൻ കൊടുത്തില്ല. കൂട്ടത്തിലെ ഏറ്റവും സോഫ്റ്റ് ആയ നായകനാക്കി അവതരിപ്പിച്ച് ഹീറോയിസം കാണിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ നിന്ന് ആസിഫിനെ സംവിധായകൻ തടഞ്ഞു. എന്തായാലും ബാച്ചിലേഴ്സിനു രസിക്കണം എന്ന ഉദ്ദേശത്തിൽ തന്റെ സ്ഥിരം ശൈലിയിൽ അമൽ നീരദ് ഒരുക്കിയ ഈ ചിത്രം ആ ശൈലി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തും..!

3 comments:

Anonymous said...

ഹോ ഹോ ഹോ എല്ലാവരും പറഞ്ഞു കൂതറ എന്ന് , പത്മപ്രിയയുടെ ഡാന്‍സ് ലാസ്റ്റില്‍ ടൈറ്റില്‍ വരുമ്പോള്‍ കാണിക്കുന്നത് പോലും കാണാതെ ആള്‍ക്കാര്‍ ഓടി തള്ളി എങ്ങിനെയും വീട് പിടിച്ചാല്‍ മതി എന്നായി , ഇവിടെ ടെ ഒരാള്‍ അങ്ങ് തുടങ്ങി സ്പിരിറ്റ്‌ ഡോകുമെന്ററി ആണെന്ന് പറഞ്ഞ ദേഹം ടെ ഇവിടെ ഒരു രീതിയിലും സഹിക്കാന്‍ വയ്യാത്ത പടത്തെ വാനോളം പുകഴ്ത്തുന്നു , പത്തു മിനിട്ട് തീരണ്ട പടം രണ്ടു മണിക്കൂര്ര്‍ ആയി കാണേണ്ടവര്‍ പോയി കാണുക

Joselet Joseph said...

നല്ല അവലോകനം. ഏതായാലും സമയം മിനക്കെടുത്തെണ്ടല്ലോ....

b Studio said...

@സൂശീല. പടത്തിനെ വാനോളം പുകഴ്ത്തി എന്ന് ഇത് വായിച്ചു തോന്നിയോ ഭയങ്കരം തന്നെ..

Followers

 
Copyright 2009 b Studio. All rights reserved.