RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

2011 ന്റെ താരങ്ങൾ


ഒരോന്നിനും ഒരോ സമയമുണ്ട് വിതയ്ക്കാനൊരു സമയം, കൊയ്യാനൊരു സമയം, സന്തോഷിക്കാനൊരു സമയം ദുഃഖിക്കാനൊരു സമയം. അതു പോലെ തന്നെയാണു സിനിമയിലും. മമ്മൂട്ടിക്കൊരു സമയം മോഹൻലാലിനു മറ്റൊരു സമയം. അതെ.. 2011 മോഹൻലാലിന്റെ സമയമാണു.

2010 ലുണ്ടായ അതി ദയനീയ പരാജയങ്ങളുടെ ഓർമകൾ കഴുകി കളഞ്ഞു കൊണ്ട് മലയാളികളുടെ സ്വന്തം ലാലേട്ടൻ തിളങ്ങി നിന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്. 2010 ൽ സൂപ്പർ ഹിറ്റുകളും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിൽ അഭിനയിച്ചും പ്രേക്ഷകരെ ഹരം കൊള്ളിച്ച മമ്മൂട്ടി പക്ഷെ മറക്കാനാഗ്രഹിക്കുന്ന വർഷമായിരിക്കും 2011.

ഇതിൽ ഒരു താരത്തിന്റെയും ആരാധകർ കൂടുതലായി സന്തോഷിക്കുകയോ ദുഃഖിക്കുകയോ വേണ്ട. കാരണം നടന്മാർ എന്ന നിലയിൽ നിന്ന് താരങ്ങളായി ഈ രണ്ട് പേരും വളർന്നതിൽ പിന്നെ മലയാള സിനിമയുടെ അച്ചുതണ്ട് കറങ്ങുന്നത് ഇവരിലൂടെ തന്നെയാണു. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ അതു മനസ്സിലാക്കാം.

ഒരു വർഷം ലാലാണു തിളങ്ങുന്നതെങ്കിൽ ആ വർഷം മമ്മൂട്ടി നിറം മങ്ങിയിരിക്കും. മമ്മൂട്ടിയാണെങ്കിൽ തിരിച്ചു ലാലും. ഇതിങ്ങനെ മാറി മറിഞ്ഞു കൊണ്ടേയിരിക്കുന്നു. അതിനിടയിൽ എത്ര പേരു വന്നു പോയി. പക്ഷെ ഈ വന്മരങ്ങൾ ഇപ്പോഴും തളരാതെ തലയുർത്തി നിൽക്കുന്നു.

മോഹൻലാൽ വളരെ ശ്രദ്ധയോടെയാണു 2011 ആരംഭിച്ചത്. സത്യൻ അന്തിക്കാട്, ബ്ലസ്സി, റാഫി മെക്കാർട്ടിൻ, ജോഷി, പ്രിയദർശൻ എന്നീ സംവിധായകരോടൊപ്പം ചേർന്ന് സിനിമകൾ ചെയ്യുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ലാലിനു ലക്ഷ്യമുണ്ടായിരുന്നില്ല. ഈ കോബിനേഷനുകൾ നൽകുന്ന പ്രതീക്ഷ തിയറ്ററിൽ ആൾക്കൂട്ടമായി മാറിയപ്പോൾ അത് മോഹൻലാലിനെ 2011 ലെ വിജയ താരമാക്കി മാറ്റി.

എന്നാൽ പ്രണയം എന്ന ഒരു ചിത്രം ഒഴിച്ചു നിർത്തിയാൽ നിലവാരമുള്ള ഒരു ചിത്രം പോലും ലാലിൽ നിന്നുണ്ടായില്ല എന്നതാണു സത്യം. പക്ഷെ താരപദവി ഉറപ്പിക്കാൻ വിജയ ചിത്രങ്ങൾ ആവശ്യമുള്ളത് കൊണ്ട് തന്നെ ചിത്രങ്ങളുടെ നിലവാരമില്ലായ്മ ന്യായീകരിക്കാവുന്നതേ ഉള്ളു. അത്തരം ചിത്രങ്ങൾ പ്രേക്ഷകർ കാണാൻ തയ്യാറാവുന്നത് കൊണ്ടാണല്ലോ അത്തരം ചിത്രങ്ങൾ ഉണ്ടാവുന്നതും.

കോമേഴ്സ്യൽ വിജയങ്ങളുടെ അടിസ്ഥാനത്തിൽ മോഹൻലാൽ 2011 ലെ താരമാകുമ്പോൾ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിനു ലഭിച്ച ദേശീയ പുർസ്കാരമാണു സലീം കുമാറിനെ ശ്രദ്ധേയനാക്കുന്നത്. ഒരു കോമഡി താരത്തിനു ലഭിച്ച ഈ ദേശീയ അവാർഡ് മലയാള സിനിമയിലെ പലരുടെയും മുൻധാരണകൾക്കേറ്റ തിരിച്ചടിയായിരുന്നു.

നെറ്റിലൂടെയും sms കളിലൂടെയും കടുത്ത വിമർശനത്തിനും കളിയാക്കലുകൾക്കും വിധേയമാകേണ്ടി വന്നെങ്കിലും അതെല്ലാം അത്തരക്കാരുടെ അഴുകിയ സംസ്ക്കാരത്തിന്റെ ബാക്കി പത്രം മാത്രമാണെന്ന് തെളിയിച്ച് കൊണ്ട് ഒരേ സമയം കോമേഴ്സ്യൽ വിജയങ്ങളുടെയും നിരൂപ പ്രശംസ നേടിയ ചിത്രങ്ങളുടെയും ഭാഗമാകുക എന്ന ഭാഗ്യം ലഭിച്ച പൃഥ്വിരാജാണു 2011 ലെ മറ്റൊരു താരം.

2010 ലെ ദുരന്ത താരം എന്ന വിശേഷണത്തിനു പൃഥ്വിരാജ് മറുപടി നൽകിയത് അന്താരാഷ്ട്ര പ്രശംസ നേടിയ ഉറുമി, നിരൂപകരുടെ അഭിനന്ദനങ്ങൾക്ക് അർഹമായ ഇന്ത്യൻ റുപ്പീ എന്നീ ചിത്രങ്ങളുടെ വിജയങ്ങളിലൂടെയാണു. മേക്കപ് മാൻ ,മനുഷ്യ മൃഗം എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ട പൃഥ്വിരാജ് മാണിക്യകല്ല് എന്ന ചിത്രത്തിലൂടെ ലാളിത്യമുള്ള കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.

അവതരണത്തിലെ പാളിച്ച കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയ സിറ്റി ഓഫ് ഗോഡ്, അർജുനൻ സാക്ഷി എന്നീ ചിത്രങ്ങൾ കൂടി വിജയിച്ചിരുന്നെങ്കിൽ പൃഥ്വിരാജിന്റെതു മാത്രമാകുമായിരുന്നു ഈ വർഷം. വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിലൂടെ നല്ല ചിത്രങ്ങളുടെ ഭാഗമാകാനും പൃഥ്വിരാജിനു കഴിഞ്ഞു. തേജാബായ് എന്ന ചിത്രം തനിക്ക് പറ്റിയ പാളിച്ചയാണെന്ന് സ്വയം സമ്മതിച്ച പൃഥ്വിരാജ് പുതിയ വർഷത്തിൽ കൂടുതൽ കരുതലോടെ നീങ്ങുമെന്ന് കരുതാം.

യുവതാരങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ആസിഫ് അലിയാണു. ട്രാഫിക്ക്, സാൾട്ട് & പെപ്പർ സെവൻസ് എന്നീ ചിത്രങ്ങളിലൂടെ ഏറ്റവും കൂടുതൽ കയ്യടി നേടിയ ആസിഫ് അലി പക്ഷെ തനിക്ക് ലഭിച്ച കയ്യടി തന്നോടുള്ള ആരാധന കൊണ്ട് മാത്രമാണോ അതോ വേറെയെന്തെങ്കിലും കാരണം കൊണ്ടാണോ എന്ന് സ്വയം പരിശോധന നടത്തുന്നത് നല്ലതായിരിക്കും.

നല്ല സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്ത് മികച്ച അഭിനേതാവെന്ന പേരെടുത്ത് മുന്നോട്ട് നീങ്ങിയാൽ ഈ നടന്റെ ഭാവി ശോഭനമായിരിക്കും അതല്ല തിയറ്ററുകളുടെ മുന്നിൽ കാണുന്ന ഫാൻസ് അസോസിയേഷൻ ഫ്ലക്സുകൾ കണ്ട് ആരാധകരെ ആവേശഭരിതരാക്കാനുള്ള സിനിമകളിൽ അഭിനയിക്കാം എന്ന തിരുമാനമെടുത്ത് മുന്നേറുകയാണെങ്കിൽ ഇരിക്കുന്നതിനു മുൻപ് കാലു നീട്ടിയ മറ്റ് പലരെയും പോലെയായിരിക്കും അവസ്ഥ.

കാരണം ആസിഫ് അലി എന്ന നടനു ചെയ്യാൻ കഴിയുന്ന വേഷങ്ങൾക്ക് ഒരു പരിമിതിയുണ്ട്.ആ പരിമിതി ഫലപ്രദമായി പരമാവധി ചൂഷണം ചെയ്ത് അഭിനയിക്കാൻ കഴിയുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ യുവതാരങ്ങളിൽ ആസിഫിനു എന്നും ഒന്നാം സ്ഥാനം നില നിർത്താം.

നല്ല സിനിമകൾ നിർമ്മിക്കപ്പെടുകയും അത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്ത വർഷമാണു കടന്നു പോയത്.പ്രേക്ഷകരുടെ ഈ ആവേശം തിരിച്ചറിഞ്ഞ് കൊണ്ട് നല്ല സിനിമകൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ നമ്മുടെ താരങ്ങൾ തയ്യാറാവട്ടെ എന്ന് നമ്മുക്ക് ആഗ്രഹിക്കാം.കാരണം നമ്മൾ പ്രേക്ഷകർക്ക് എന്നും ആഗ്രഹിക്കാനല്ലേ പറ്റു..!!!

മലയാള സിനിമ ബോക്സ് ഓഫീസ് 2011


2010നെ അപേക്ഷിച്ച് നോക്കുമ്പോൾ മലയാള സിനിമയ്ക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടായ വർഷമാണു 2011. കഴിഞ്ഞ വർഷം മലയാള സിനിമ നേരിട്ട ഏറ്റവും വലിയ വിമർശനം നല്ലസിനിമകൾ ഇറങ്ങുന്നില്ല എന്നതായിരുന്നു. ഇറങ്ങുന്നവ ഓടുന്നുമില്ല. എല്ലാവർക്കും ചിലരെ പോലെ 15 ദിവസത്തിനുള്ളിൽ 50 ദിവസത്തിന്റെ പോസ്റ്ററും ഇരുപത്തിയഞ്ചാമത്തെ ദിവസം വിജയകരമായ നൂറാം നാൾ എന്ന പോസ്റ്ററും അടിച്ചിറക്കി വിജയാഘോഷം നടത്താനുള്ള തൊലിക്കട്ടി ഇല്ലല്ലോ. അതു കൊണ്ട് തന്നെ പ്രാഞ്ചിയേട്ടനിൽ ഒതുങ്ങി 2010 ലെ മലയാള സിനിമ.

എന്നാൽ 2011 എത്തിയപ്പോൾ നല്ല സിനിമയുടെ വസന്തകാലം മലയാള സിനിമയിൽ ആഞ്ഞു വീശിയിരിക്കുന്നു. ട്രാഫിക്കിൽ ആരംഭിച്ച വസന്തകാലം വെള്ളരിപ്രാവിൽ എത്തി നിൽക്കുന്നു മലയാള സിനിമയ്ക്ക്തീർച്ചയായും അഭിമാനിക്കാവുന്ന വർഷം തന്നെയാണു 2011. എല്ലാവർഷവും പോലെ മമ്മൂട്ടി-മോഹൻലാലിനെ ചുറ്റിപറ്റി നീങ്ങിയ മലയാള സിനിമയിൽ പക്ഷെ ഇത്തവണ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് കഴിഞ്ഞ വർഷത്തെ ദുരന്തതാരം എന്ന് വിശേഷിപ്പിക്കപ്പെട്ട യുവനടൻ പൃഥ്വിരാജ് ആണു.

മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ പിൻബലത്തിൽ മോഹൻലാലും ജയറാമും ദിലീപും പിടിച്ചുനിന്നപ്പോൾ സുരേഷ് ഗോപിക്ക് ആകെ ആശ്വസിക്കാനുണ്ടായിരുന്നത് ക്രിസ്ത്യൻ ബ്രദേഴ്സ്മാത്രമായിരുന്നു. സാൾട്ട് & പെപ്പർ, ട്രാഫിക്ക് എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലി തരംഗമായപ്പോൾ സീനിയേഴ്സ്, ഡോക്ടർ ലവ് എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനം മിനിമം ഗ്യാരന്റിയുള്ള നടൻ എന്ന പദവിയിൽ വരെ കുഞ്ചാക്കോ ബോബനെ കൊണ്ട് ചെന്നെത്തിച്ചു.

തെലുങ്ക് ഡബ്ബിംഗ്ചിത്രങ്ങൾക്കൊന്നും ഇത്തവണ കേരളത്തിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്ന് മാത്രമല്ല പല ചിത്രങ്ങളും ദയനീയ പരാജയം നേരിടുകയും ചെയ്തു. സന്തോഷ് പണ്ഡിറ്റ് എന്ന മലയാള സിനിമകണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാര് ഉദയം ചെയ്ത വർഷം കൂടിയാണു 2011. ഡബ്ബിംഗ് സിനിമകൾ അടക്കം 97 സിനിമകളാണു കഴിഞ്ഞ വർഷം റിലീസ് ചെയ്തത്. അതിൽ വിജയം പ്രതീക്ഷിച്ച് വന്ന് പരാജയമടഞ്ഞ ചിത്രങ്ങളും അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങളുമുണ്ട്.

പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങൾ

1. മേക്കപ്പ്മാൻ
2. ക്രിസ്ത്യൻ ബ്രദേഴ്സ്
3. ഉറുമി
4. സീനിയേഴ്സ്
5. ജനപ്രിയൻ
6. ഇന്ത്യൻ റുപ്പീ
7. രതിനിർവ്വേദം
8. സ്നേഹവീട് (ഇത്രയേ പ്രതീക്ഷിച്ചിരുന്നുള്ളു)
9. ബ്യൂട്ടിഫുൾ
10. ഒരു മരുഭൂമികഥ

അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങൾ

1. ട്രാഫിക്ക്
2. സാൾട്ട് & പെപ്പർ
3. ഡോക്ടർ ലവ്
4. വെള്ളരിപ്രാവിന്റെ ചങ്ങാതി

അപ്രതീക്ഷിത പരാജയം നേരിട്ട ചിത്രങ്ങൾ

1. അർജുനൻ സാക്ഷി
2. ആഗസ്റ്റ് 15
3. ബോംബെ മാർച്ച് 12
4. തേജാ ഭായ് & ഫാമിലി
5. വെനീസിലെ വ്യാപാരി
6. സെവൻസ്

മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ വേലിയേറ്റം ഉണ്ടാകുമെന്ന് കരുതപ്പെട്ട 2011 ൽ മോഹൻലാൽ മാത്രമേ അത്തരം ചിത്രങ്ങൾക്ക് മുൻകൈയ്യെടുത്തുള്ളു. ക്രിസ്ത്യൻ ബ്രദേഴ്സ് , ചൈനടൗൺഎന്നീ ബിഗ് ബഡ്ജറ്റ് മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ ചൈനടൗണിനു പക്ഷെ ലോഗ് റണിൽ ഒട്ടും നേട്ടമുണ്ടാക്കാനായില്ല.പ്രണയം, മാണിക്യകല്ല്, ചാപ്പാ കുരിശ്,ഗദാമ എന്നീ ചിത്രങ്ങൾക്ക് അത് അർഹിക്കുന്ന തരത്തിലുള്ള ഒരു ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവെയ്കാനായില്ല.

ആദാമിന്റെ മകൻ അബു എന്ന ദേശീയ തലത്തിൽ വരെ അംഗീകാരം കിട്ടിയ ചിത്രവും മേൽവിലാസം എന്ന വളരെ മികച്ച ചിത്രവും ഈ വർഷം മലയാളത്തിൽ ഉണ്ടായെങ്കിലും ഈ രണ്ട് ചിത്രങ്ങൾക്കും ചെറിയ തോതിൽ പോലും പ്രേക്ഷകരെ ആകർഷിക്കാനായില്ല. അവാർഡ് പടങ്ങളോടുള്ള പ്രേക്ഷകരുടെ മുൻവിധികൾ മാറാതെ ഇത്തരം ചിത്രങ്ങൾക്ക് കളക്ഷൻ ഉണ്ടാക്കാനുള്ള സാധ്യത കാണുന്നില്ല.

വൻ പരാജയം നേരിട്ട ചിത്രങ്ങൾ

1. മെട്രോ
2. ട്രെയിൻ
3. ലിവിംഗ് ടുഗെദർ
4. ഡബിൾസ്
5. സിറ്റി ഓഫ് ഗോഡ്
6. മൊഹബത്ത്

വൻ പരാജയം നേരിട്ട ചിത്രങ്ങൾ ഇനിയും ഒരുപാടുണ്ടെങ്കിലും അവയൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കാരണം ആ ചിത്രങ്ങൾ വിജയിക്കും എന്ന് അതിന്റെ നിർമ്മാതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. അത്തരം നിർമ്മാതാക്കളും സംവിധായകരുമാണു ഇപ്പോഴും മലയാള സിനിമയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നത്. അല്ലായിരുന്നെങ്കിൽ ഉപ്പുകണ്ടം ബ്രദേഴ്സ്, വയലിൻ, കുടുംബശ്രീട്രാവൽസ്, ലക്കി ജോക്കേഴ്സ് പോലുള്ള ചിത്രങ്ങൾ ഉണ്ടാവില്ലായിരുന്നു. മാറ്റത്തിന്റെ കാഹളധ്വനി മുഴങ്ങി കേട്ട 2011 നൽകിയ ആവേശത്തിൽ നല്ല സിനിമകളും മികച്ച സിനിമകളും മലയാളത്തിൽ ഉണ്ടാവട്ടെ എന്ന് നമുക്ക് ആശംസിക്കാം...!!!

രജനികാന്തിന്റെ ഒരു ഭാഗ്യമേ.!

ഒരു കണക്കിനു റാണ മുടങ്ങിയത് നന്നായി അതു കൊണ്ടാണല്ലോ സൂപ്പർ സ്റ്റാർ രജനികാന്തിനു ഈ ഭാഗ്യം സിദ്ധിച്ചത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാൽ രജനി റാണ ഉപേക്ഷിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെയാണു സൂപ്പർ സ്റ്റാറിന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിക്കുന്നത്. സംവിധാനം മകൾ സൗന്ദര്യ. തിരകഥ, സംവിധാന മേൽനോട്ടം കെസ് രവികുമാർ. പടത്തിന്റെ പേരു കൊച്ചടിയാൻ. സംഗീതം എ ആർ റഹ്മാൻ. ചിത്രത്തിൽ നായികയായി ഇതുവരെ ആരെയും തിരുമാനിച്ചിട്ടില്ല. ഇനി ഇതിൽ എന്താണു രജനികാന്തിനു ലഭിച്ച ഭാഗ്യം എന്നറിയണ്ടേ. ഈ ചിത്രത്തിലെ വില്ലൻ ആരാണെന്നറിയണ്ടേ. സാക്ഷാൽ പൃഥ്വിരാജ്..!!!
അങ്ങനെ വിക്രം കഴിഞ്ഞ് രജനികാന്തിനും നമ്മുടെ പൃഥ്വിരാജിന്റെ ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.!!!!!!

വെള്ളരിപ്രാവിന്റെ ചങ്ങാതി.


1970 ൽ ചിത്രീകരിച്ച പെട്ടിയിലിരുന്നു പോയ ഒരു സിനിമ 2011 ൽ റിലീസായാൽ എന്ത് സംഭവിക്കും. അത് അറിയണമെന്നുണ്ടെങ്കിൽ ഈ ചിത്രം കാണണം. . മികച്ച അഭിനേതാക്കളും മികച്ച ഷോട്ടുകളും മികച്ച പാട്ടുകളും ഉണ്ടെങ്കിൽ ഒരു നല്ല സിനിമയുണ്ടാകില്ല. അതിനു ഒരു നല്ല തിരകഥ വേണം അതീ സിനിമയിലുണ്ട്. വിജയിക്കുന്നവരെ മാത്രം വാഴ്ത്തുന്ന സിനിമ ലോകത്തിലെ ആരും കാണാത്ത പരാജിതരുടെ കഥ പറയുകയാണു ഈ സിനിമയിൽ. സിനിമക്കുള്ളിലെ സിനിമ കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങളെല്ലാം മലയാള സിനിമ പ്രേക്ഷകർ കൗതുകപൂർവ്വം കണ്ടിട്ടുള്ളവയാണു. അക്കൂട്ടത്തിലേക്ക് ഇതാ ഒരു പുതിയ ചിത്രം കൂടി വെള്ളരി പ്രാവിന്റെ ചങ്ങാതി..!

41 വർഷങ്ങൾക്കു മുൻപ് അഗസ്റ്റിൻ ജോസഫ് എന്ന സംവിധായകൻ മുഴുവനായും പുതുമുഖങ്ങളെ വെച്ച് ചിത്രീകരിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ അന്ന് സാമ്പത്തിക പരാധീനം മൂലം റിലീസ് ചെയ്യാനാവാതെ പെട്ടിയിലാവുകയും തുടർന്ന് കടംകയറി നിർമാതാവ് കൂടിയായ സംവിധായകൻ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം ഒരു ജോലി തേടി ഫിലിം ലാബിലെത്തുന്ന അദ്ദേഹത്തിന്റെ മകൻ മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത്) യാദൃശ്ചികമായി തന്റെ അപ്പന്റെ സിനിമ കാണുകയും അത് റിലീസ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയാണു.

രണ്ട് അന്യമതത്തിൽ പെട്ടവരുടെ പ്രണയകഥ പറയുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ നായകനും നായികയുമാണു ഷാജഹാനും(ദിലീപ്) മേരി വർഗ്ഗീസും (കാവ്യ) ചിത്രത്തിലെ വില്ലനായി കണ്ണനും (മനോജ് കെ ജയനും) വേഷമിടുന്നു. ഇനിയുള്ള കഥ പറഞ്ഞാൽ ചിത്രത്തിലെ രസം നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് അതിനു മുതിരുന്നില്ല. 2011 മലയാള സിനിമയുടെ വസന്ത കാലമാണു. ട്രാഫിക്ക്, ഉറുമി, മേൽവിലാസം, ചാപ്പ കുരിശ്, ഇന്ത്യൻ റുപ്പി, ബ്യൂട്ടിഫുൾ പോലെയുള്ള നല്ല ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷം. അതിന്റെ ഇടയിലേക്ക് ഇതാ ഈ വെള്ളരിപ്രാവും ചങ്ങാതിയും കൂടി...!

വെറുതെ ഒരു ഭാര്യക്ക് ശേഷം വന്ന കാണക്കണ്മണി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അക്കു അക്ബർ എന്ന സംവിധായകൻ വീണ്ടും ഒരു മികച്ച ചിത്രം മലയാളിക്ക് സമ്മാനിച്ചിരിക്കുകയാണു. അനിൽ ജി സ് എന്ന തിരകഥാകൃത്ത് ഇവിടെ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. പഴയ കാലത്തെയും പുതിയ കാലത്തെയും ദൃശ്യങ്ങൾ മനോഹരമായി പകർത്തിയെടുത്തിരിക്കുന്നു. ചിത്രത്തിൽ സംഗീത വിഭാഗമാണു ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നത്. പതിനേഴിന്റെ എന്നു തുടങ്ങുന്ന ഗാനം ചിത്രം കണ്ടവർ പെട്ടെന്ന് മറക്കും എന്ന് തോന്നുന്നില്ല.

നായകനായി വേഷമിടുന്ന ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഒരു ശക്തമായ കഥാപാത്രമാണു ഇതിലെ ഷാജഹാൻ. കോമഡി താരം എന്നറിയപ്പെടുന്ന ഈ നടൻ അത്തരത്തിലുള്ള ഒരു രംഗം പോലുമില്ലാതെ കാണികളുടെ കയ്യടി നേടുകയാണു. വ്യത്യസ്ഥതയുള്ള വേഷങ്ങൾ തേടി ജനപ്രിയ നായകനും യാത്ര തുടങ്ങിയിരിക്കുന്നു നല്ലത്. മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന മനോജ് കെ ജയനും തന്റെ റോൾ മികവുറ്റതാക്കി. കാവ്യയും മോശമാക്കിയില്ല. കുറച്ചെയുള്ളുവെങ്കിലും ഇന്ദ്രജിത്തും മാണിക്കുഞ്ഞിനെ നന്നാക്കി.

രണ്ട് തരം പ്രേക്ഷകരുണ്ട് ഒന്ന് സിനിമ ഇഷ്ടപ്പെടുന്നവർ രണ്ടാമത്തേത് സിനിമയെ ഇഷ്ടപ്പെടുന്നവർ. രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവരാണു താങ്കളെങ്കിൽ ആൾക്കുട്ടത്തിന്റെ ആരവങ്ങൾക്ക് മാത്രമുള്ളതാണു സിനിമ എന്ന് കരുതാത്ത ഒരാളാണു നിങ്ങളെങ്കിൽ ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച.ഒരു പാട് നെഗറ്റീവ് അഭിപ്രായങ്ങൾ ഈ സിനിമയെ കുറിച്ച് വരുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്ത് ഈ സിനിമ നിങ്ങൾ കാണാതിരിക്കുകയാണെങ്കിൽ 2011 ലെ നല്ല സിനിമകളിൽ ഒന്ന് നിങ്ങൾക്ക് നഷ്ടപ്പെടും..!!

രാജപാട്ടൈ


ദൈവതിരുമകൾ എന്ന ചിത്രത്തിനു ശേഷം ചിയാൻ വിക്രം നായകനായി അഭിനയിച്ച ചിത്രമാണു രാജപാട്ടൈ. വെണ്ണില കബഡികൂട്ടം, നാൻ മഹാൻ അല്ലൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സുശീന്ദ്രനാണു ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

അന്യൻ എന്ന മെഗാഹിറ്റിനു ശേഷം ഒരു വമ്പൻ ഹിറ്റ് നൽകാൻ കഴിയാതെ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന വിക്രത്തിനു ഒരു തിരിച്ചു വരവായിരിക്കും എന്ന് കരുതപ്പെട്ടിരുന്ന ചിത്രമായിരുന്നു രാജപാട്ടൈ. എന്നാൽ തന്റെ പതിവു ശൈലിയിൽ നിന്ന് വ്യത്യസ്തമായി കൊമേഴ്സ്യൽ ചേരുവകൾ ചേർത്ത് സുശീന്ദ്രൻ ഒരുക്കിയ ഈ ചിത്രം പക്ഷെ ആരാധകരെ സംതൃപ്തരാക്കാൻ ഉതകുന്ന തരത്തിലുള്ളതല്ല.

അന്യനു മേലെ നിൽക്കുന്ന ഒരു ചിത്രവുമായി വന്നാൽ മാത്രമേ വിക്രം ആരാധകർ ഇനി സ്വീകരിക്കുകയുള്ളു. അതു കൊണ്ട് തന്നെ ഒരു മെഗാഹിറ്റിനായി വിക്രം ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമകളിലെ ജിം ബോയ് ആയി അഭിനയിക്കുന്ന (വില്ലന്റെ സഹായി) അനൽ മുരുകൻ എന്ന കഥാപാത്രമാണു ഇതിലെ നായകൻ. ലാൻഡ് മാഫിയായുമായി ബന്ധപ്പെട്ട് ദക്ഷിണമൂർത്തി(വിശ്വനാഥൻ)എന്നയാളെ സംരക്ഷിക്കേണ്ടി വരികയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണു രാജപാട്ടൈ കൈകാര്യം ചെയ്യുന്നത്.

വെറുതെ രണ്ട് മണിക്കൂർ 7 മിനുട്ട് കളയാം എന്ന് കരുതുന്നവർക്ക് ഈ സിനിമ കാണാം. തമിഴ് സിനിമയിലെ ഏറ്റവും ചിലവു കുറഞ്ഞ ബിഗ് ബഡ്ജറ്റ് ചിത്രമാണു ഇത്. ആരാധകർ ഇടിച്ചു കയറുന്ന ആദ്യ വാരത്തിലെ കളക്ഷന്റെ പകുതി മതി ഈ ചിത്രത്തിന്റെ മുടക്ക് മുതലിന്റെ ഇരട്ടി ലാഭം നേടാൻ. തമിഴന്റെ ഒരു ബുദ്ധിയേ..!!

ഡോൺ 2


1978 ൽ അമിതാബ് ബച്ചൻ അഭിനയിച്ച് ഉജ്ജ്വലമാക്കിയ ഡോൺ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു 2006ൽ ഷാരുഖ് ഖാനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഡോൺ. അമിതാബിന്റെ ഡോണും ഷാരുഖിന്റെ ഡോണും തമ്മിൽ ഒരു താരതമ്യത്തിന്റെ ആവശ്യമില്ല രണ്ടു പേരും തങ്ങളുടേതായ രീതിയിൽ ആ റോൾ മനോഹരമാക്കിയിട്ടുണ്ട്.

സാങ്കേതിക വിദ്യയുടെ സഹായത്താൽ ഷാരുഖിന്റെ ഡോൺ മികച്ചതെന്ന് തോന്നുമെങ്കിലും 1978 ലെ പരിമിതികൾക്കുള്ളിൽ നിന്നുള്ള ഒരു വലിയ ചിത്രം തന്നെയായിരുന്നു അമിതാബിന്റെ ഡോണും. 2006ൽ പുറത്തിറങ്ങിയ ഡോണിന്റെ രണ്ടാം ഭാഗം ആണു ഡോൺ 2. റീമേക്ക് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുക എന്ന അപൂർവ്വ ബഹുമതിക്ക് അർഹമായിരിക്കുകയാണു ഡോൺ 2.

ആദ്യ ഡോണിന്റെ കഥ അവസാനിച്ചിടത്ത് നിന്നു തന്നെയാണു ഡോൺ 2 ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിൽ രക്ഷപ്പെട്ട ഡോൺ പോലീസിൽ പിടികൊടുക്കുകയും പിന്നീട് വർദാനു (ബോബൻ ഇറാനി) മായി ജയിൽ ചാടി ജർമനിയിലുള്ള ഒരു ബാങ്കിലെ നോട്ട് അടിക്കുന്ന പ്ലേറ്റ് (ബാങ്ക് കൊള്ളയടിക്കുകയൊക്കെ പഴയ സ്റ്റൈയിൽ ഇത് ഡോൺ സ്റ്റൈയിൽ) കൈക്കലാക്കാൻ ശ്രമിക്കുന്നതാണു സിനിമയുടെ ഇതിവൃത്തം.

ഒരു ഓഷ്യൻസ് സീരിസ് ശ്രേണിയിൽ പെടുത്താവുന്ന ബോളിവുഡ് ചിത്രം. ഷാരുഖ് ഖാൻ എന്ന നടന്റെ ഗ്ലാമറും സ്റ്റൈയിലും സമർത്ഥമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പ്രിയങ്ക ചോപ്ര ബോബൻ ഇരാനി, ഓംപുരി എന്നീ പഴയ ഡോണിലെ അഭിനേതാക്കൾ തന്നെ ഇതിലും പ്രധാന വേഷത്തിലെത്തുന്നു.ഒട്ടും ഇഴച്ചിൽ ഇല്ലാത്ത ഫാസ്റ്റ് ആയ തിരകഥയാണെങ്കിലും എന്തോ ഒരു കുറവ് ചിത്രം കണ്ടിരിക്കുമ്പോൾ അനുഭവപ്പെടും. ഒരു പക്ഷെ അമിത പ്രതീക്ഷകൾ നൽകിയ ഭാരമായിരിക്കാം അത്.

ഫർഹാൻ അക്തറുടെ സംവിധാനവും തിരകഥയുമെല്ലാം മികച്ചതാണെങ്കിലും ഡോൺ 3 എന്ന ഒരു കടുംകൈ ചെയ്യരുത് എന്നൊരു അപേക്ഷയുണ്ട്. ഷാരുഖാന്റെ പെർഫോമൻസാണു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പക്ഷെ അതു മാത്രമാണു ഹൈലെറ്റ് എന്നതാണു ഈ ചിത്രത്തിന്റെ ന്യൂനതയും. ഹൃതിക്ക് റോഷൻ ഇതിൽ അതിഥി താരമായിട്ടെത്തുന്നുണ്ട്. ഹൃതിക് ആരാധകർ സന്തോഷിക്കേണ്ട. റാ വണിലെ രജനി റോൾ പോലെയൊരു ചെറിയ റോൾ. അത്രയേ ഉള്ളു.

എന്തൊക്കെയായാലും റാ വൺ കണ്ട് നിരാശരായ ഷാരുഖ് ആരാധകരെ ആവേശഭരിതരാക്കുന്ന ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. പക്ഷെ ആ ആവേശം സാധാരണ പ്രേക്ഷകനിലും നിറയുമോ എന്നത് സംശയമാണു. പക്ഷെ ഒരു പാട് നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടായിട്ടും ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ് ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലുണ്ടാവാൻ റാ വൺ എന്ന ചിത്രത്തിനു കഴിഞ്ഞുവെങ്കിൽ ഡോൺ 2 ബോളിവുഡിലെ എല്ലാ കളക്ഷൻ റിക്കാർഡുകളും തകർത്തെറിയുന്ന ഒരു വലിയ ഹിറ്റ് ആയിക്കൂടെന്നില്ല. കാരണം ബോളിവുഡിനു ഒരേ ഒരു രാജാവേ ഉള്ളു.

one and only sharukh khan..!!

വെനീസിലെ വ്യാപാരി.


സംവിധായകൻ ജോഷി ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എത്ര വലിയ ഹിറ്റുകൾ നൽകിയകൂട്ടുകെട്ടാണെങ്കിലും അതൊക്കെ കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ റിലീസിന്റെ അന്ന് ആദ്യഷോയ്ക്ക് ആളെ കൂട്ടാൻ മാത്രമേ ഉപകരിക്കു. അത് കഴിഞ്ഞാൽ സിനിമയുടെ വിധിനിർണയിക്കുന്നത് സിനിമയുടെ നിലവാരം അളന്നു കൊണ്ടാണു. അല്ലാതെ സംവിധായകനുംനായകനും ഒരുമിച്ച ഹിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന്..!

അതു കൊണ്ട് തന്നെകരിയറിൽ ഹിറ്റുകൾ മാത്രം നൽകിയിട്ടുള്ള സംവിധായകനും ആദ്യ സിനിമയുടെ തിരകഥ കൊണ്ട്തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച തിരകഥാകൃത്തും പിന്നെ മലയാളത്തിന്റെമഹാനടനും ഒന്നിക്കുമ്പോൾ മറ്റൊരു മായാവിയോ അല്ലെങ്കിൽ ക്ലാസ്മേറ്റ്സിന്റെ നിലവാരത്തിലുള്ളഒരു സിനിമയോ പ്രേക്ഷകർ പ്രതീക്ഷിച്ചു പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുകയില്ല.

വെനീസിലെ വ്യാപാരി. പേരിൽ തന്നെ തുടങ്ങുന്ന വ്യത്യസ്തത. ചട്ടമ്പിനാടിനു ശേഷം മമ്മൂട്ടിയെനായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം. ഇവിടം സ്വർഗ്ഗമാണു എന്ന മോഹൻലാൽചിത്രത്തിനു ശേഷം ജയിംസ് ആൽബർട്ടിന്റെ തിരകഥ. 1980 ന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥ. തുടക്കം നന്നായിരുന്നു. പക്ഷെ നല്ല തുടക്കം വിജയത്തിന്റെ പാതി വഴി പിന്നിടുന്നു എന്ന പഴഞ്ചൊല്ല് ഇവിടെയും അന്വർത്ഥമായി. അതെ വ്യാപാരിയുടെ കച്ചവടം ഇടവേള വരെയെ പൊടി പൊടിക്കുന്നുള്ളു.

പ്രമാദമായ അജയൻ കൊലക്കേസ് അന്വേഷിക്കാനെത്തുന്ന പോലീസുകാരനായിട്ടാണു മമ്മൂട്ടി ഇതിൽ വേഷമിടുന്നത്. കേസ് അന്വേഷിക്കാൻ കച്ചവടക്കാരനായി എത്തുന്ന പവിത്രൻ (മമ്മൂട്ടി) പിന്നീട് കച്ചവടത്തിൽ ലഭിക്കുന്ന ലാഭം കണ്ട് ഒരു മുഴുവൻ സമയ കച്ചവടക്കാരനാവുകയാണു. ആദ്യം ഒരല്പം നെഗറ്റീവ് ടച്ചുണ്ടെന്ന് തോന്നിപ്പിക്കുകയും പിന്നീട് സൽഗുണ സമ്പന്നനാവുകയും ചെയ്യുന്ന നായകനാണു പവിത്രൻ.
മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമായ കഥാപാത്രം

ആരാണു അജയനെ കൊന്നത് എന്ന സസ്പെൻസ് കൂടി ചിത്രത്തിൽ തെളിയിക്കപ്പെടുന്നുണ്ട്. വളരെ ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണു പവിത്രൻ എല്ലാം നേടുന്നത്. ഇടയ്ക്ക് പവിത്രനു പാളിച്ചകൾ പറ്റുന്നുണ്ട്. പക്ഷെ അതെല്ലാം വിദഗ്ദമായി തിരുത്തികൊണ്ട് പവിത്രൻ തന്റെ ലക്ഷ്യം നിറവേറ്റുന്നിടത്താണു ചിത്രത്തിന്റെ അവസാനം.

ചിത്രത്തിൽ സലീം കുമാർ, സുരാജ്, കാവ്യ, പൂനം ബാജ്വ, ജനാർദ്ദനൻ, വിജയരാഘവൻ, സുരേഷ് കൃഷ്ണ തുടങ്ങിയ വലിയ താര നിരതന്നെയുണ്ട്. 80കളുടെ ലൊക്കേഷൻ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ ചിത്രം കണ്ടിരിക്കുന്നവർക്ക് ഇതൊരു കോമഡി ചിത്രമാണോ അതോ ത്രില്ലർ ആണോ അതോ ഇതും രണ്ടും കൂടി ചേർന്നതാണോ എന്നൊക്കെ ആശയകുഴപ്പം ഉണ്ടായേക്കാം. ആദ്യം പറഞ്ഞത് പോലെ ഇടവേള വരെ പൊടി പൊടിച്ച കച്ചവടം ഇടവേളയ്ക്ക് ശേഷം കുത്തനെ താഴോട്ടാണു വരുന്നത്. അവസാനം കച്ചവടം പൊളിഞ്ഞ് കട പൂട്ടേണ്ടിവരുന്ന അവസ്ഥയിൽ ചിത്രം തീരുന്നു.അല്ല ഇങ്ങനെയൊരു കഥയും അതിൽ ഇങ്ങനെയൊരു സസ്പെൻസും പിന്നെ പഴങ്കഞ്ഞി ക്ലൈമാക്സും വന്നാൽ ഇങ്ങനെയിരിക്കും..!

മേക്കപ്പ് മാൻ, ലോലിപോപ്പ് പോലുള്ള ചിത്രങ്ങൾ ഷാഫി ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ചതി ഷാഫീ...!!! ക്ലാസ് മേറ്റ്സിന്റെ തിരകഥ എങ്ങനെ സംഭവിച്ചു എന്ന് സിബിഐ അന്വേഷണത്തിനു വിടേണ്ട സമയമായിരിക്കുന്നു. കരിയറിൽ തിരിച്ചടികൾ സംഭവിച്ചപ്പോഴെല്ലാം ശക്തമായി തിരിച്ചു വന്നിട്ടുള്ള ചരിത്രമാണു മമ്മൂട്ടിക്ക്. അതു കൊണ്ട് തന്നെ 2012ൽ അങ്ങനെ സംഭവിക്കും എന്ന് നമുക്ക് കരുതാം...!

*മമ്മൂട്ടി ആരാധകൻ അല്പം വ്യസനത്തോടെ കുഴപ്പമില്ല എന്ന് അഭിപ്രായം പറയുന്ന ഈ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം ഒരു സാധാരണ പ്രേക്ഷകനോട് ചോദിച്ചാൽ ഉത്തരം ഒറ്റവാക്കിൽ കിട്ടും..!!

**വളരെ മോശം..!!!

ഒരു മരുഭൂമിക്കഥ


പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട്, ഒരു കാലത്ത് മലയാള സിനിമയിൽ വസന്തം വിരിയിച്ചിരുന്ന ഒരു പാട് ചിത്രങ്ങളുടെ ശില്പികൾ. മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം ഇവരുടെ സുവർണ്ണകാലത്തിറങ്ങിയ ചിത്രങ്ങൾ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു പത്ത് സിനിമകൾ എടുത്താൽ അതിൽ ഏറിയപങ്കും കൂട്ടുകെട്ടിൽ നിന്നുണ്ടായതു തന്നെയാകും. ഇങ്ങനെയൊക്കെയുള്ളത് കൊണ്ടാണു കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സിനിമകൾ എടുത്ത് പ്രേക്ഷകരെ ഇളിഭ്യരാക്കിയിട്ടുകൂടി ഒരു മരുഭൂമികഥ എന്ന പേരിൽ പുതിയ സിനിമ ഇറങ്ങിയപ്പോൾ ജനം ഇടിച്ചു കയറിയത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം തിരുവനന്തപുരം കോഫീ ഹൗസിൽ ചായ കുടിച്ചും സിഗരറ്റ് വലിച്ചും വലിയ വലിയ കളികൾ കളിച്ചും വളർന്നു വന്ന മിസ്റ്റർ പ്രിയദർശൻ താങ്കൾ മനസ്സിലാക്കണമായിരുന്നു.

മോഹൻലാലിനു പുറമേ മുകേഷ് ,ലക്ഷ്മിറായ്,ഭാവന എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ഒരു മരുഭൂമികഥയിൽ അറബി വേഷത്തിൽ ഹിന്ദി നടൻ ശക്തി കപൂറുമെത്തുന്നുണ്ട്. ചിത്രത്തിന്റെ കഥാപശ്ചാത്തലം.... അങ്ങനെയൊന്നുമില്ല കാക്കകുയിൽ, ചന്ദ്രലേഖ, വെട്ടം തുടങ്ങി എല്ലാ പ്രിയദർശൻ സിനിമകളിലെയും രംഗങ്ങൾ അങ്ങ് ദുബായ് ലൊക്കേഷനിൽ വെച്ച്ചിത്രീകരിച്ചിരിക്കുന്നു. പ്രിയദർശൻ താങ്കൾ ഇത്രയും തരം താണു പോയിരിക്കുന്നു എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു. സ്വന്തം ചിത്രത്തിലെ സീനുകൾ തന്നെ വീണ്ടും ഉപയോഗിക്കുക എന്ന നിലവാര തകർച്ചയുടെ അങ്ങേയറ്റത്തെത്തി നിൽക്കുന്നു ഇന്ത്യൻ സിനിമയിലെ ഷോമാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത സംവിധായകൻ കഷ്ടം..!

മുകേഷിന്റെ കോമഡി മാത്രമാണു ചിത്രത്തിലെ ഏക ആശ്വാസം. ലക്ഷ്മിറായിയെ സിനിമയുടെ ലൊക്കേഷനിലെത്തിയ ജയിംസ് കാമറൂൺ ഹോളിവുഡ് സിനിമയിലേക്ക് ക്ഷണിച്ചു എന്ന ഒരു വാർത്തയുണ്ടായിരുന്നു. ഇത് സത്യമാണെങ്കിലും അല്ലെങ്കിലും അഭിനയം കണ്ടിട്ടായിരിക്കില്ല അങ്ങനെയൊരു ക്ഷണം വന്നത് എന്നത് തീർച്ചയാണു. പിന്നെ എന്തിനാണു എന്ന് ചോദിച്ചാൽ ഇതിനൊക്കെ തന്നെ..!!അറബിക്കഥ നായകൻ ശ്രീനിവാസന്റെ വിവരണത്തോടെ ആരംഭിക്കുന്ന സിനിമ അവസാനിക്കുമ്പോൾ കാണികൾക്ക് നിരാശ മാത്രം നൽകുന്ന ഒന്നായി ഈ സിനിമ മാറുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രിയദർശനു തന്നെയാണു. പക്ഷെ അത് തിരിച്ചറിയാൻ കഴിയാത്തതാണു പ്രിയദർശൻ സത്യൻ അന്തിക്കാട് തുടങ്ങിയ പഴയ താപ്പാനകളുടെ പരാജയം.

മോഹൻലാൽ എന്ന നായകനേക്കാൾ മുകേഷ് എന്ന സഹനടനാണു സിനിമയിൽ സ്കോർ ചെയ്തിരിക്കുന്നത്. ദുർബലമായ ഒരു കഥയും അതിനേക്കാൾ ദുർബലമായ തിരകഥയും ഒരു പാട് വട്ടം കണ്ട് മടുത്ത സീനുകളാൽ ചേർത്തുണ്ടാക്കിയ ഈ സിനിമയിൽ മോഹൻലാൽ അല്ല രജനികാന്ത് വന്ന് അഭിനയിച്ചാൽ പോലും കാണികൾക്ക് രസിക്കും എന്ന് തോന്നുന്നില്ല. പാട്ടുകളും മനോഹര മരുഭൂമി ലൊക്കേഷനുമൊന്നും ഈ ചിത്രത്തെ രക്ഷിക്കാൻ പോകുന്നില്ല. അതു പോലെ തന്നെ എംജി ശ്രീകുമാറിനെ സംഗീതം കോപ്പിയടിച്ചു എന്ന് പറഞ്ഞ് വിമർശിക്കേണ്ട കാര്യമില്ല കാരണം സിനിമയേ കോപ്പിയടിയാണു പിന്നെയാണു ഒരു പാട്ട്.

ബ്രെയിൻലെസ് കോമഡി എന്റർടെയ്നർ എന്നൊക്കെ ഓമനപേരിട്ട് വിളിച്ച് ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ പ്രിയദർശനു കഴിഞ്ഞേക്കും. പക്ഷെ കാക്കകുയിലും വെട്ടവും ചന്ദ്രലേഖയുമൊക്കെ ടിവിയിൽ വരുമ്പോൾ ഞങ്ങൾ കണ്ടോളം അതിനു വേണ്ടി കാശ് മുടക്കി വീണ്ടും തിയറ്ററിൽ പോകേണ്ടതില്ല എന്ന് പ്രേക്ഷകർ തിരുമാനിച്ചാൽ പൂർണ്ണമായും ദുബായിൽ വെച്ച് ചിത്രീകരിച്ചു എന്ന് അവകാശപ്പെടുന്ന ഈ ചിത്രത്തിനു അത് അർഹിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്നത് തീർച്ചയാണു.

*പ്രിയദർശൻ അടുത്ത് ചെയ്ത സിനിമകളിൽ ഏതാണു ഭേദം എന്ന് ചോദിച്ചാൽ..!

**പട്ടികളിൽ ബ്രാഹ്മണപട്ടികൾ എന്നൊന്നുമില്ല എല്ലാം പട്ടികൾ..!!!

ആവർത്തിക്കുമോ 2010..?അങ്ങനെ
വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. 2010ല് നടന്ന ക്രിസ്തുമസ് പോരാട്ടത്തിന്റെ തനിയാവർത്തനം തന്നെയാണു വർഷവും മലയാള സിനിമയിൽ നടക്കുന്നത്. 2011 ലെഅവസാന റിലീസ് സീസൺ. കഴിഞ്ഞ വർഷം മമ്മൂട്ടി-ലാൽ-ദിലീപ് നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾഏറ്റവും വലിയ നഷ്ടം സംഭവിച്ചത് മോഹൻലാലിനും ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത് ദിലീപും ആയിരുന്നു. ബെസ്റ്റ് ആക്ടർ-കണ്ടഹാർ-മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങൾ മാറ്റുരച്ച ഡിസംബർ മാസത്തിൽ കണ്ടഹാർ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിഗ്ബഡ്ജറ്റ് ചിത്രമായി മാറിയപ്പോൾ കുഞ്ഞാട് 2010ലെ തന്നെമെഗാഹിറ്റുകളിലൊന്ന് എന്ന പദവി കരസ്ഥമാക്കി.

നിർമ്മാതാവിനു നഷ്ടം ഉണ്ടാക്കിയിട്ടില്ലാത്ത ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ബെസ്റ്റ് ആക്ടറിലൂടെ മമ്മൂട്ടി മൽസരത്തിൽ തടി രക്ഷപ്പെടുത്തുകയും ചെയ്തു. 2010- പോക്കിരിരാജ എന്ന വമ്പൻ ഹിറ്റും കുട്ടിസ്രാങ്ക് എന്ന ക്ലാസ്ചിത്രവും ഒരേ സമയം നിരൂപകരും ആരാധകരും വാഴ്ത്തിയ പ്രാഞ്ചിയേട്ടനും നൽകിയ ഗ്ലാമറിലായിരുന്നു മമ്മൂട്ടി. മോഹൻലാലാകട്ടെ ശിക്കാർ എന്ന ഒരേ ഒരു ചിത്രം മാത്രം നൽകിയ ആശ്വാസത്തിലും. കൂട്ടത്തിൽ ഏറ്റവും ആത്മവിശ്വാസത്തിലുണ്ടായിരുന്നത് ജൻപ്രിയനായകൻ ദിലീപ് ആയിരുന്നു. 2010ലെ താരം എന്ന പദവി അതിനോടകം നേടികഴിഞ്ഞിരുന്ന ദിലീപിനു കുഞ്ഞാട് ഒരു പരാജയമായിരുന്നെങ്കിൽ പോലും ഒന്നും സംഭവിക്കിലായിരുന്നു. പിന്നീട്സംഭവിച്ചതെല്ലാം ചരിത്രം.

ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ ,വർഷം ഒന്ന് കഴിഞ്ഞ് മൂന്നു താരങ്ങളുടെയും ചിത്രങ്ങൾ വീണ്ടും ഒരുമിച്ച് റിലീസിനൊരുങ്ങുമ്പോൾ കഥയുടെയും കാര്യങ്ങളുടെയും കിടപ്പുകൾ മാറിയിരിക്കുന്നു. മലയാളത്തിലെ ഏക്കാലത്തേയും മെഗാസ്റ്റാറായ മമ്മൂട്ടിയുടെ നാലു മെഗാഫ്ലോപ്പുകളാണു വർഷം ഉണ്ടായത്. .ഒരു ചിത്രത്തിനും ആവറേജ്ഹിറ്റ് പോലും നേടാൻ കഴിഞ്ഞില്ല എന്നതാണു ദുഃഖകരമായ വസ്തുത. 2010 മോഹൻലാൽ നേരിട്ടതും ഇതേ അവസ്ഥയായിരുന്നു പക്ഷെ ശിക്കാർ എന്ന ഒരു ഹിറ്റ് ചിത്രത്തിന്റെ പിൻബലം അദ്ദേഹത്തിനുണ്ടായിരുന്നു.

അതു പോലെ ദിലീപിന്റെ കാര്യം 2010ൽ സോളോ ഹിറ്റുകൾ ഉണ്ടാക്കിയ ഈ നടൻ ഈ വർഷം മൾട്ടി സ്റ്റാർ ചിത്രങ്ങളിലാണു ശ്രദ്ധ പതിപ്പിച്ചത്. ഒറ്റയ്ക്ക് അഭിനയിച്ച ഓർമ്മ മാത്രം എന്ന ചിത്രം ബോക്സ് ഓഫീസിൽ ഓർമ്മ മാത്രമായി. അങ്ങനെ നോക്കുമ്പോൾ ഈ മൂന്നു താരങ്ങളിലും തിളങ്ങി നിൽക്കുന്നത് യൂണിവേഴ്സൽ സ്റ്റാർ ആയ മോഹൻലാൽ തന്നെ ആണു. 2010 ലെ പരാജയ പരമ്പരയെ ആകെ തുടച്ചു നീക്കുന്ന തരത്തിലുള്ള പ്രകടനമാണു 2011 ൽ ലാൽ നടത്തിയിരിക്കുന്നത്. മമ്മൂട്ടിയെ അപേക്ഷിച്ചു നോക്കുമ്പോൾ മൾട്ടിസ്റ്റാർ ആണെങ്കിലും ഗംഭീര ഇനീഷ്യൽ നേടിയ ചൈനാടൗൺ, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങളും പോസ്റ്ററിലെങ്കിലും വിജയിച്ച സ്നേഹവീട് എന്ന ചിത്രവും ലാലിന്റെ ക്രെഡിറ്റിലുണ്ട്. പിന്നെ വീൽ ചെയറിലിരുന്നു കൊണ്ട് അവിസ്മരണീയ പ്രകടനം കാഴ്ച്ച വെച്ച് ഹൈക്ലാസ് പ്രേക്ഷകരുടെ ഒന്നടങ്കം പ്രശംസ ഏറ്റു വാങ്ങിയ പ്രണയം എന്ന ചിത്രവും. മോഹൻലാൽ ആരാധകർക്ക് ആനന്ദലബ്ദിക്ക് ഇനി എന്ത് വേണം.

2011ൽ ഒരു ഹിറ്റ് ഉണ്ടാക്കാനുള്ള മമ്മൂട്ടിയുടെ ആകെയുള്ള അവസരമാണു വെനീസിലെ വ്യാപാരി. ജെയിംസ് ആൽബർട്ട് തിരകഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയിച്ചില്ലെങ്കിൽ മമ്മൂട്ടി ആരാധകർ മറക്കാനാഗ്രഹിക്കുന്ന ഒരു വർഷമായി 2011 മാറും എന്നത് തീർച്ച. വെറുതെ ഒരു ഭാര്യ എന്ന സൂപ്പർ ഹിറ്റിനു ശേഷം അക്കുഅക്ബർ ഒരുക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രമാണു ദിലീപിന്റെ ക്രിസ്തുമസ് റിലീസ്.പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് വിജയസാധ്യത കാണുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കൊണ്ട് സ്വന്തം ക്രെഡിറ്റിൽ ഒരു പടമെങ്കിലും വിജയിപ്പിക്കാൻ സ്പാനിഷ് മസാലയും കഴിയുന്നത് വരെ ദിലീപ് കാത്തിരിക്കേണ്ടി വരും എന്നതാണു ചുരുക്കും.

2011ൽ ഇപ്പോഴെ സേഫ് സോണിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിനു മരുഭൂമികഥ ഒരു ബോണസാണു. വിജയിച്ചാൽ ഈ വർഷം അഭിനയിച്ച എല്ലാ പടങ്ങളും വിജയിച്ചു എന്ന പ്രശസ്തി. പരാജയപ്പെട്ടാൽ...? പരാജയപ്പെട്ടാലെന്താ നമ്മൾ ഇത് എത്ര കണ്ടിരിക്കുന്നു അല്ല പിന്നെ...!!!!

ക്ഷമിക്കൂ... ആ തെറ്റ് എന്റേതാണു..!


അവസാനം അത് സംഭവിച്ചു. അഹങ്കാരിയും തന്റേടിയും താൻപ്രമാണിത്തവും മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്തവനും സഹതാരങ്ങളോട് പുച്ഛമനോഭാവവും വെച്ചു പുലർത്തുന്ന പൊതു ജനം രാജപ്പൻ എന്നും സ്വയം സൂപ്പർ സ്റ്റാർ എന്നും വിളിക്കുന്ന പൃഥ്വിരാജ് മാപ്പ് പറഞ്ഞിരിക്കുന്നു. കളി മലയാളികളോടോ..?? പൃഥ്വിരാജിനൊക്കൊണ്ടെന്നല്ല മരിച്ചു പോയ സുകുമാരനെ കൊണ്ട് വരെ മലയാളികൾ മാപ്പ് പറയിക്കും.. നമ്മളോടാ കൊച്ചന്റെ കളി.

തനിക്കെതിരെ സൈബർ ലോകത്ത്നടക്കുന്ന ആക്രമണങ്ങളിൽ മനം നൊന്താണു പൃഥിരാജ് ഇങ്ങനെയൊരു ക്ഷമ പറച്ചിൽ നടത്തിയത്. താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു എന്നാണു പൃഥ്വിപറഞ്ഞത്. അവസാനം നമ്മുടെ ലക്ഷ്യം നിറവേറ്റിയിരിക്കുന്നു. കഷ്ടപ്പെട്ട് SMS ഉണ്ടാക്കുന്നവർക്കുംവീഡിയോ എഡിറ്റിംഗ് നടത്തി യൂട്യൂബിൽ അപ്ലോഡ് ചെയ്ത് അതിന്റെ കമന്റ്സ് വായിച്ചു നിർവൃതിഅടഞ്ഞവർക്കും ഇനി വിശ്രമിക്കാം. നമ്മുടെ എതിരാളി പരാജയം സമ്മതിച്ചിരിക്കുന്നു. കാത്തിരിക്കാംഇനി അടുത്ത ഇരയ്ക്കായ്..!!!

തുടർച്ചയായി രണ്ട് ബിഗ് ബഡ്ജറ്റ് സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണോ പൃഥ്വിയുടെ മനം മാറ്റത്തിനു കാരണം എന്ന് സംശയം തോന്നാം. അതിനിനി ക്ഷമ പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. എന്തായാലും പൃഥ്വിരാജ് ഒന്നോർക്കണമായിരുന്നു, ബിഗ് ബഡ്ജറ്റ് സിനിമകൾ എന്ന് പറയുമ്പോൾ ഒന്ന് വിഖ്യാത സംവിധായകൻ ശ്രീ റോഷൻആൻഡ്രൂസ് സാറിന്റെതാണു.ഉദയനാണു താരം എന്ന ആദ്യചിത്രത്തിനു ശേഷം നോട്ട് ബുക്ക്, ഇവിടംസ്വർഗ്ഗമാണു എന്നീ പടുകൂറ്റൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ. ഏതൊരു നടനും കൊതിക്കും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം ചെയ്യുവാൻ. അപ്പോഴാണു പൃഥ്വിരാജ് ഡേറ്റ്ക്ലാഷ് എന്ന് പറഞ്ഞ് അതിൽ നിന്ന് ഒഴിവാവുന്നത് അഹമ്മതി അല്ലാതെന്താ..! പിന്നെ അടുത്ത പടംമല്ലുസിംഗ്.കുഞ്ചാക്കോ, മനോജ് കെ ജയൻ ബിജുമേനോൻ എന്നീ താരങ്ങളോടൊപ്പം ഒരു മൾട്ടി സ്റ്റാർചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നതുല്യമായ അവസരമാണു പൃഥ്വി നഷ്ടപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും വിനാശകാലേ വിപരീത ബുദ്ധി. പക്ഷെ ക്ഷമ ചോദിച്ചത് കൊണ്ട് തൽക്കാലത്തേക്ക് ഞങ്ങൾ വെറുതെ വിടുന്നു.

ഇതിൽ ഏറ്റവും വലിയ തമാശ മലയാളത്തിലെ രണ്ട് ഷുവർ സൂപ്പർ ഹിറ്റുകൾ ഉപേക്ഷിച്ചു കൊണ്ട് പൃഥ്വിരാജ് അഭിനയിക്കാൻ പോയിരിക്കുന്നത് ഹിന്ദിയിൽ ഒരു സിനിമയിൽ അഭിനയിക്കാനാണു. അതും ഏതോ ഒരു അനുരാഗ് കശ്യപ് നിർമ്മിക്കുന്ന സിനിമയിൽ.. അല്ല ആരാണീ അനുരാഗ് കശ്യപ്?? അദ്ദേഹം കരൺ ജോഹറിനെ പോലെ അല്ലെങ്കിൽ യാഷ് ചോപ്രയെ പോലെ അതുമല്ലങ്കിൽ രകേഷ് റോഷനെ പോലെ പ്രശ്സതനായ ഒരാളാണോ..?? ഏതോ ഒരു ബ്ലാക്ക് ഫ്രൈഡേയോ മറ്റോ ചെയ്തിട്ടുണ്ട് പോലും.. അപ്പോൾ ഈ ആനമണ്ടത്തരത്തിനു തലവെച്ച് കൊടുത്തിട്ട് തേജാബായ് എന്ന സിനിമ എനിക്ക് പറ്റിയ പിഴവാണു എന്റെ നിഗമനം തെറ്റി പോയി അതിന്റെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇനി ഹിന്ദി സിനിമയിൽ അഭിനയിച്ചത് കൊണ്ട് ഫിലിം ഫെയർ മാഗസിനിൽ കവർ ചിത്രം അടക്കം ആർട്ടിക്കിൾ വരുന്നതൊക്കെ വലിയ സംഭവമാണു എന്ന് പൃഥ്വി കരുതുന്നെങ്കിൽ പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാൻ. ഞങ്ങൾ മലയാളികൾ നാന, ചിത്രഭൂമി, ഫയർ, വെള്ളിനക്ഷത്രം ഇതൊക്കെയാണു വാങ്ങിക്കാറുള്ളതും വായിക്കാറുള്ളതും അപ്പോഴാണു ഒരു ഫിലിം ഫെയർ..!

പൃഥ്വിരാജിനോട് വളരെയധികം വെറുപ്പുള്ള ഞങ്ങൾ മലയാളി സിനിമ പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളു. ഇതു പോലെ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടുമ്പോൾ മലയാള സിനിമ ഒഴിവാക്കുക എന്നിട്ട് വല്ല ഹിന്ദിയിലോ തെലുങ്കിലോ ഒക്കെ പോയി അഭിനയിക്കുക ഇനി മലയാളത്തിൽ അഭിനയിച്ചേ തീരു എന്ന് വാശിയുണ്ടെങ്കിൽ ഇടയ്ക്ക് ഇന്ത്യൻ റുപ്പീ പോലുള്ള തല്ലിപൊളി സിനിമകളിൽ അഭിനയിക്കുക. ഇൻഡ്രൊഡക്ഷൻ സീനിൽ കൂവിയാലും ഇടയ്ക്കൊക്കെ ഞങ്ങൾ കയ്യടിക്കാം. എന്നിട്ട് ഉടനെ സ്റ്റാൻഡ് വിടുക. ഞങ്ങളുടെ മലയാളം ചാനലുകളിൽ വന്നിരുന്നു മലയാള സിനിമയെയും പ്രവർത്തകരെയും വിമർശിച്ച് സംസാരിക്കാതിരിക്കുക..

അവിടെ ബോളിവുഡിൽ പോയി എന്ത് വിടുവായത്തവും പറഞ്ഞോ, മലയാള സിനിമ നടന്മാരിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമേ അവർ അറിയു.അത് കൊണ്ട് ആദ്യമൊക്കെ അവർ ക്ഷമിച്ചു തന്നെന്നിരിക്കും. ഇങ്ങനെയൊക്കെ ചെയ്താൽ സൈബർ ആക്രമണം ഞങ്ങളും കുറയ്ക്കാം. ഞങ്ങൾക്കിവിടെ മലയാള സിനിമയിൽ മാത്രം അഭിനയിക്കാൻ അറിയാവുന്ന നടന്മാർ മതി അതിനിവിടെ ദിലീപും ആസിഫ് അലിയുമൊക്കെ ഉണ്ട്...!!!

ഒരു മനോഹര ചിത്രം


സിനിമ ഒരു കലയാണു. അതിലുപരിയായി അത് വിനോദത്തിനുള്ള ഒരു ഉപാധികൂടിയാണു. എന്നാൽ ഷക്കീലയുടെ പടം കണ്ടാലും സന്തോഷ് പണ്ഡിറ്റിന്റെ പടം കണ്ടാലും വിനോദമാക്കുന്ന മലയാളികളുടെ ഇടയിൽ ഏതു തരത്തിലുള്ള സിനിമ ഇറക്കിയാലാണു വിജയിക്കുക എന്നത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണു. പടം ഇറങ്ങി കഴിഞ്ഞ് ആളുകയറിയിലെങ്കിൽ ഈ പടം ആസ്വദിക്കാനുള്ളത്ര നിലവാരം മലയാള സിനിമ പ്രേക്ഷകർക്കില്ല എന്ന് പറഞ്ഞ് തടിതപ്പുന്ന സംവിധായകപ്രഭുക്കന്മാർ ഉള്ള കേരളത്തിൽ വി കെ പ്രകാശ് എന്ന സംവിധായകനെ വേറിട്ട് നിർത്തുന്നത് ബ്യൂട്ടിഫുൾ എന്ന സിനിമയാണു.കാരണം ഈ ചിത്രം ഒരു സാധാരണ ചിത്രമാണു. എങ്കിലും അസാധാരണമായിട്ടെന്തോ ഇതിലുണ്ട്.

അതി മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമായ 2 മണിക്കൂർ ദൈർഘ്യമുള്ള പരസ്യചിത്രമല്ല സിനിമ എന്ന് വികെപി പഠിച്ചു തുടങ്ങിയത് തന്നെ ഈ അടുത്തകാലത്താണു.എന്നാൽ പഠിപ്പ് തികഞ്ഞ ഒരു വിദ്യാർത്ഥിയുടെ കൈയ്യടക്കം ബ്യൂട്ടിഫുളിൽ നമുക്ക് കാണാം. ഈ മനോഹര ചിത്രത്തിനു തിരകഥയൊരുക്കിയിരിക്കുന്നത് അനൂപ് മേനോൻ ആണു. വിരലില്ലെണ്ണാവുന്ന കഥാപാത്രങ്ങൾ. ഒന്നോരണ്ടോ ഇൻഡോർ സെറ്റുകൾ,വളരെ കുറച്ച് ഔട്ട് ഡോർ ഷൂട്ടിംഗ്, ദ്വയാർത്ഥത്തിലുള്ള നല്ല സെക്സ് ജോക്കുകൾ, കേൾക്കാൻ സുഖമുള്ള നല്ല പാട്ടുകൾ, കണ്ണിനു കുളിർമയേകുന്ന ചിത്രീകരണം,കൈയ്യും കാലും തളർന്ന ജയസൂര്യയുടെ അസാമാന്യ പ്രകടനം(പുള്ളി സൂപ്പറും യൂണിവേഴ്സലുമൊന്നും അല്ലാത്ത ഒരു പാവം സ്റ്റാർ ആയതു കൊണ്ട് വാനോളം പുക്ഴ്ത്താനും ഇന്ത്യയിൽ ഇങ്ങനെ അഭിനയിക്കാൻ വേറാരുമില്ല എന്നൊക്കെ പറയാനും ആരും കാണില്ല എന്നത് വേറെ കാര്യം)അനൂപ് മേനോന്റെ കൂൾ ആക്ടിംഗ്, ഇന്റർവെല്ലിനു വരുന്ന നായികയുടെ മുഖഭാവങ്ങൾ പിന്നെ വികെപിയുടെ മുഖമുദ്രയായ ക്ലൈമാക്സ് ട്വിസ്റ്റും അങ്ങനെ ബ്യൂട്ടിഫുൾ ആയി ഒരു ബ്യൂട്ടിഫുൾ ചിത്രം അവസാനിക്കുന്നു.

മനസിൽ ഒരു സംതൃപ്തിയുമായി നമുക്ക് തിയറ്റർ വിട്ടിറങ്ങാം. കോക്ടെയിൽ എന്ന ചിത്രത്തിനു ശേഷം അനൂപ് മേനോൻ തിരകഥയെഴുതിയ ചിത്രം എന്ന നിലയ്ക്ക് ഇതും ഒരു ഹോളിവുഡ് പടത്തിന്റെ കോപ്പിയടിയായിരിക്കില്ലെ എന്ന് സംശയം തോന്നാം സ്വാഭാവികം. എന്നാൽ മലയാളികൾ കാണാത്ത ആസ്ട്രേലിയൻ സിനിമകളും ചെക്ലോസ്ക്കോവിയൻ സിനിമകളുമൊക്കെ യാതൊരു ഉളുപ്പുമില്ലാതെ അതേപടി കോപ്പിയടിച്ചിട്ട് ഇതാണു ഞാൻ പത്ത് വർഷമായി മനസ്സിൽ കൊണ്ട് നടന്നിരുന്ന സിനിമ എന്ന് പറയാൻ തൊലിക്കട്ടിയുള്ള മഹാരഥന്മാരായ സംവിധായകതിരകഥാകൃത്തുക്കൾ വാഴുന്ന മലയാള സിനിമയിൽ അനൂപ് മേനോനു ഇനിയും ഇതു പോലത്തെ സിനിമകളെടുക്കാം അന്തസ്സായി തലയുർത്തി പിടിച്ച് നടക്കുകയും ചെയ്യാം ഇതൊരു റീമേക്ക് അല്ല എന്ന് അദ്ദേഹം പറയുന്നത് വരെ..!!

Followers

 
Copyright 2009 b Studio. All rights reserved.