RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സിനിമ കമ്പനി


വർഗീസ് പണിക്കർ, പാർവ്വതി, ഫസൽ, പോളച്ചൻ.. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നാലു പേർ. ഒരിക്കൽ തിരുവനന്തപുരത്ത് വെച്ച് നടന്ന ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഉണ്ടായ പരിചയം പിന്നീട് വളർന്ന് ഈ നാലു പേരെയും ആത്മമിത്രങ്ങളാക്കി മാറ്റി. ഇവരെ ഒന്നിപ്പിക്കുന്ന ഘടകം സിനിമയാണു. ഇവർതമ്മിൽ ഒത്തു ചേർന്നാൽ സംസാരിക്കാനുള്ളതും ചിന്തിക്കാനുള്ളതും എല്ലാം സിനിമയെ കുറിച്ച് മാത്രം.ഈ കൂട്ടുകെട്ടിനെ അവർ സിനിമ കമ്പനി എന്നു വിളിച്ചു.

അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ ഒരു സിനിമയെടുക്കാൻ പുറപ്പെടുകയാണു. കൂട്ടത്തിലെ എഴുത്തുകാരനായ ഫസൽ സിനിമയ്ക്ക് പറ്റിയ നല്ല ഒരു തിരകഥ തയ്യാറാക്കുന്നു. വർഗീസ് പണിക്കർ സംവിധാന ചുമതലയും പാർവ്വതി സംഗീതവും പോളച്ചൻ നായകനുമാകാൻ തയ്യാറാകുന്നു. ഇതെല്ലാമായാലും ഒരു നിർമ്മാതാവ് ഇല്ലാതെ സിനിമ ഉണ്ടാകില്ലല്ലോ. അങ്ങനെ ഒരു നിർമ്മാതാവിനെ സംഘടിപ്പിക്കാൻ ഒരു പ്രൊഡക്ഷൻ കണ്ട്രോളറും ഇവരുടെ കൂടെ കൂടുന്നു.

ഫസലിന്റെ കാമുകിയായ റോഷ്നിയുടെ പപ്പ പഴയ ഒരു നിർമ്മാതാവാണു ഇവരുടെ കഥ കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം സിനിമ നിർമ്മിക്കാം എന്ന് ഏൽക്കുന്നു.നിർമ്മിക്കാനിരിക്കുന്ന ചിത്രത്തിന്റെ കഥ ഇവരുടെ തന്നെ സൗഹൃദത്തിന്റെ കഥയാണു. പോളച്ചൻ പുതുമുഖമായത് കൊണ്ട് സാറ്റലൈറ്റ് റൈറ്റ്സ് ഒന്നും കിട്ടില്ല എന്ന് പറഞ്ഞ് നായകനായി രാജ് കൃഷ്ണയെ തിരുമാനിക്കുന്നു. നായിക നിർമ്മാതാവിന്റെ മകൾ റോഷ്നിയും.

അങ്ങനെ സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നു. എന്നാൽ ചിത്രീകരണം പൂർത്തിയാകാൻ മൂന്നു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രം മുടങ്ങുന്നു. ഇതിന്റെ പേരിൽ സിനിമ കമ്പനിയിലെ സൗഹൃദങ്ങൾ തകരുന്നു. ഇതെല്ലാം നാലു വർഷം മുൻപു നടന്ന കഥയാണു. ഇപ്പോൾ ബാംഗ്ലൂരിൽ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന പോളച്ചൻ തന്റെ നഷ്ടപ്പെട്ട് പോയ സൗഹൃദങ്ങൾ വീണ്ടെടുക്കാനും മുടങ്ങി പോയ ചിത്രം പൂർത്തിയാക്കാനുമൊക്കെയായി നാട്ടിലെത്തുന്നിടത്താണു സിനിമ കമ്പനി എന്ന ചിത്രം ആരംഭിക്കുന്നത്. പോളച്ചനു തന്റെ കൂട്ടുകാരെ കണ്ടെത്താനാകുമോ..? സിനിമ കമ്പനി എന്ന ചിത്രം പൂർത്തിയാക്കാനാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ബാക്കി സിനിമ..!


ഒരു മലയാള സിനിമ എങ്ങനെ ആയിരിക്കരുത് എന്നതിനു ഉദാഹരണമായി എടുത്തു കാണിക്കാവുന്ന ചിത്രങ്ങളിൽ മുൻപന്തിയിലുള്ള പാപ്പി അപ്പച്ചായുടെ സംവിധായകനായ മമ്മാസ് ആണു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മമ്മാസിന്റെ തിരിച്ചു വരവ് ഗംഭീരമായിട്ടുണ്ട്. സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരുടെ ജീവിതം ഭംഗിയായി വരച്ചു കാട്ടുന്നതിൽ മമ്മാസ് വിജയിച്ചിരിക്കുന്നു.

അഭിനേതാക്കൾ എല്ലാം പുതുമുഖങ്ങളാണെങ്കിലും മോശമല്ലാത്ത രീതിയിൽ തങ്ങളുടെ ഭാഗം നിർവ്വഹിച്ചിട്ടുണ്ട്. പാർവ്വതിയുടെ വേഷം കൈകാര്യം ചെയ്ത നടിയുടെ അഭിനയമാണോ ഡബ്ബിംഗ് ആണോ മികച്ച് നിന്നത് എന്ന് തിരിച്ചറിയാൻ വിഷമമാണെങ്കിലും കണ്ട് മടുത്ത സ്ഥിരം മലയാളി നായികമാരിൽ നിന്ന് ഒരുപാട് ഒരുപാട് മുകളിലാണു ഈ അഭിനേത്രി.

സിനിമ കാണാൻ വരുന്ന ഭൂരിഭാഗം പേർക്കും ഈ സിനിമയിലെ കഥാപാത്രങ്ങളുടെ ചിന്താഗതി ഇല്ലാത്തത് കൊണ്ട് എന്താണു മമ്മാസ് ഉദ്ദേശിച്ചിരിക്കുന്ന ഫീൽ എന്നത് ശരിയായി അനുഭവിച്ചറിയാൻ സാധിച്ചെന്ന് വരില്ല. അതു കൊണ്ട് തന്നെ ചിത്രം പരാജയപ്പെടാനാണു സാധ്യത. ഇത്തരമൊരു കൂട്ടുകെട്ടിന്റെ ഭാഗമായിരിക്കുകയും സിനിമയെ കുറിച്ച് സിനിമയെ കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്നവരിൽ ഒരാളായത് കൊണ്ടാവണം ഈ സിനിമ വളരെയധികം ഇഷ്ടപ്പെടാൻ കാരണം.

പക്ഷെ സത്യത്തിൽ ഈ നല്ല സിനിമ പരാജയം അർഹിക്കുക തന്നെ ചെയ്യുന്നു. കാരണം ഇത് വിജയിച്ചിരുന്നുവെങ്കിൽ നാളത്തെ മലയാള സിനിമ ചരിത്രത്തിൽ ഒരു തീരാകളങ്കമായി അത് മാറിയേനെ. നായക നടന്മാരെ കളിയാക്കി കൊണ്ട് ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ തികച്ചും മനപൂർവ്വമായ രീതിയിൽ പൃഥ്വിരാജ് എന്ന നടനെ കരിവാരിതേക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ചില രംഗങ്ങൾ ഈ സിനിമയിൽ തിരുകി കയറ്റിയിട്ടുണ്ട്.

പൃഥ്വിരാജ് ചിത്രങ്ങളിൽ പൃഥ്വിയെ കാണിക്കുമ്പോൾ മുതൽ കാണികൾ കൂവുന്നത് പതിവാണു. ഈ കൂവുന്നവരെല്ലാം പൃഥ്വിയെ അധിക്ഷേപിക്കുന്ന രംഗങ്ങൾ കണ്ട് കയ്യടിച്ച് ആരവങ്ങളുയാർത്തി തന്റെ സിനിമ വൻ ഹിറ്റാകും എന്ന ചിന്തയായിരിക്കില്ല എന്തായാലും മമ്മാസിനെ കൊണ്ട് ഇങ്ങനെ ഒരു നീക്കത്തിനു പ്രേരിപ്പിച്ചത്. കാരണം പൃഥ്വിയെ കാണിക്കുമ്പോൾ കൂവുന്നവരിൽ ഹിജഡ ഫാൻസിനെ ഒഴിച്ച് നിർത്തിയാൽ മറ്റുള്ളവർക്ക് പൃഥ്വിരാജ് എന്ന നടനോട് യാതൊരു തരത്തിലുമുള്ള മുൻവൈരാഗ്യമോ ദേഷ്യമോ ഒന്നും തന്നെയില്ല.

പൃഥ്വിരാജിന്റെ അഭിമുഖങ്ങളിലെ ജാഡ അവർ ഇഷ്ടപ്പെടുന്നില്ല അത്രമാത്രം. അല്ലാതെ അവരുടെ ആവേശം ഒരിക്കലും ആ നടന്റെ നാശത്തിനു വേണ്ടിയായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ത്യൻ റുപ്പി പോലുള്ള നല്ല ചിത്രങ്ങൾ വിജയിക്കുകയില്ലായിരുന്നു. മറ്റൊരു ശ്രീനിവാസൻ സ്റ്റൈയിൽ പരീക്ഷിച്ചതാണു എന്നൊക്കെ ന്യായികരിക്കാമെങ്കിലും പത്മശ്രീ സരോജ് കുമാറിൽ പൊതു ജനമറിഞ്ഞ കാര്യങ്ങളെ പരിഹാസ രൂപേണ അവതരിപ്പിക്കാനാണു ശ്രീനി ശ്രമിച്ചത്. ഒരിക്കലും സ്വഭാവഹത്യ എന്ന രീതിയിലേക്ക് ആ സിനിമ തരം താണു പോയിട്ടില്ല.

ഇനി മലയാള സിനിമയിലെ നായക നടന്മാരുടെ പെൺവിഷയത്തിനെ വിമർശനാത്മകമായ രീതിയിൽ തുറന്ന് കാണിക്കുക്ക എന്ന വിപ്ലവകരമായ ചിന്തയായിരുന്നു ഇതിനു പിന്നിലെങ്കിൽ അതിനു പൃഥ്വിരാജിനേക്കാൾ യോജിക്കുന്നത് ഒരു നടിയുടെ വിവാഹ മോചനത്തിനു വരെ വഴി തെളിയിച്ച ബന്ധങ്ങളുള്ള മമ്മാസിന്റെ ഗോഡ്ഫാദർ നടനായിരുന്നു. പക്ഷെ ആ നടന്റെ ഉച്ചിഷ്ടവും അമേധ്യവും കൂട്ടി കുഴച്ച് നാലു നേരം വെട്ടി വിഴുങ്ങി സിനിമ സംവിധായകനായ മമ്മാസിനു അതൊന്നും തുറന്ന് കാണിക്കാനുള്ള ബലം നട്ടെല്ലിനുണ്ടാവില്ലായെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.

മറ്റേതെങ്കിലും താരത്തിന്റെ ഫാൻസിന്റെ സപ്പോർട്ട് പ്രതീക്ഷിച്ചാണു ഇങ്ങനെ ഒരു നീക്കമെങ്കിൽ ആ കൂട്ടത്തിലും ഉണ്ട് നല്ല അന്തസ്സുള്ള ആൺപിള്ളേരു. ഈ കാണിച്ചത് തന്തയില്ലാത്തരമാണെന്ന് ഉറക്കെ പറയാൻ കഴിവുള്ളവരു. എങ്കിലും മമ്മാസിന്റെ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന ഒന്നോ രണ്ടോ പേരു അതിലും കാണും.

സ്വന്തം അച്ചനെ നടു റോഡിലിട്ട് തല്ലിയാലും പെങ്ങളെ കയറി പിടിച്ചാലും അത് ചെയ്തവനെ സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ള കുറച്ച് പേരു കാണും മമ്മാസെ ആ കൂട്ടത്തിലും,താങ്കൾ ഈ ചെയ്തത് ശരിയാണെന്നും താങ്കൾക്ക് കുടപിടിക്കാനും ഘോരഘോരം ഫെയ്സ് ബുക്കിലും മറ്റ് സൈറ്റുകളിലും വാദിക്കാനും ഈ പറഞ്ഞത് പോലെയുള്ള ഒന്നോ രണ്ടോ പേരുണ്ടാകും..! അവരെ ഉണ്ടാകു..! കാരണം മലയാളികളുടെ മനസ്സിൽ ഇന്നും ഒരല്പം സംസ്ക്കാരം അവശേഷിക്കുന്നുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 2011


അങ്ങനെ മുകേഷ് തൊടുത്തു വിട്ട അമ്പ് ലക്ഷ്യം കൊണ്ടു. സൂര്യ ടിവിയിലെ അവാർഡ് ദാന ചടങ്ങിൽ സംസ്ഥാന ഭരണകർത്താക്കളുൾപ്പെടെയുള്ളവരുടെ മുൻപിൽ വെച്ച് മമ്മൂട്ടിക്കും മോഹൻലാലിനും അവാർഡുകൾ സ്ഥിരമായി കൊടുത്തു കൊണ്ടിരിക്കുന്നതിലെ അനൗചിത്യം മുകേഷ് എടുത്ത് പറഞ്ഞപ്പോൾ ചിലരുടെയെല്ലാം മുഖം മങ്ങിയെങ്കിലും അത് ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു എന്ന് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെളിയിക്കുന്നു.

ഇങ്ങനെ ഒരു സംഭവം നടന്നിലായിരുന്നെങ്കിൽ ഉറപ്പായിട്ടും മോഹൻലാലിന്റെ വീട്ടിലെ ആനകൊമ്പ് സൂക്ഷിച്ചിരുന്ന ഷോകേയ്സിലിരുന്നേനെ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം. മമ്മൂട്ടിയും മോഹൻലാലും മികച്ച നടന്മാർ തന്നെയാണു. അവരുടെ മികച്ച സിനിമകൾക്ക് അംഗീകാരവും ലഭിക്കണം പക്ഷെ വർഷങ്ങളായി ഇവരുടെ മികച്ച കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ മറ്റ് നടന്മാരുടെ കഠിന പ്രയത്നങ്ങൾ പാഴായി പോയിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയായിരുന്നു മലയാള സിനിമയിൽ കണ്ട് കൊണ്ടിരുന്നത്.

പ്രണയം എന്ന സിനിമ മത്സരത്തിനുള്ളതിനാൽ ദിലീപ് സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നിരിക്കില്ല. അവാർഡ് കിട്ടാത്തതിന്റെ വിഷമത്തിലാണു കലാഭവൻ മണി ബോധം കെട്ടതെങ്കിൽ കിട്ടിയതിന്റെ ഞെട്ടലിലായിരിക്കും ദിലീപ് ബോധം കെടാൻ പോകുന്നത്.

വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനു ദിലീപ് അവാർഡ് അർഹിച്ചത് തന്നെയാണു. പക്ഷെ മുൻകാല അനുഭവങ്ങളുടെ പുറത്ത് ഇങ്ങനെയൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു സത്യം. നടികൾ സൂപ്പർ താരങ്ങൾ ഇല്ലാത്തത് കൊണ്ട് ശ്വേതമേനോൻ സാൾട്ട് & പെപ്പറിലെ അഭിനയത്തിനു ചുളുവിൽ മികച്ച നടി പട്ടം അടിച്ചെടുത്തു.

മികച്ച നടനുള്ള അവാർഡിൽ മാത്രമേ ഒരു മാറ്റം നടത്താൻ ജൂറിക്ക് കഴിഞ്ഞിട്ടുള്ളു. ബാക്കിയെല്ലാം പണ്ടത്തെ പോലെ വീതം വെയ്പ്പ് തന്നെ..!

മറ്റ് പ്രധാന അവാർഡുകൾ
മികച്ച സിനിമ - ഇന്ത്യൻ റുപ്പി
സംവിധായകൻ - പ്രണയം (ബ്ലസ്സി)
രണ്ടാമത്തെ നടൻ - ഫഹദ് ഫാസിൽ
രണ്ടാമത്തെ നടി- നിലബൂർ ആയിഷ
കഥകൃത്ത്- മോഹനൻ (മാണിക്യകല്ല്)
ജനപ്രിയ ചിത്രം -സാൾട്ട് & പെപ്പർ
തിരക്കഥ -ട്രാഫിക്ക് സഞ്ജയ് ബോബി
ഹാസ്യ നടൻ - ജഗതി.

പൊട്ടിക്കാനിരുന്ന പടക്കങ്ങളും വാങ്ങിച്ചു വെച്ച ലഡുവുമെല്ലാം വൃഥാവിലായ വിഷമത്തിലായിരിക്കും ഇപ്പോൾ ലാൽ ആരാധകർ..! സാരമില്ലെന്നെ.. അവാർഡുകൾ ഒരുപാട് വാങ്ങിയതല്ലെ... ഇവിടെയാണെങ്കിൽ അഭിനയിച്ച് തുടങ്ങിയിട്ട് വർഷം ഇരുപതോളമായി.. സൂപ്പർഹിറ്റുകളും മെഗാഹിറ്റുകളും ഒരുപാട് ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒരു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടില്ല. മുൻ നിര താരങ്ങളിൽ അത് ലഭിക്കാത്ത ആകെയുള്ള ഒരേ ഒരാൾ എന്ന അപകർഷതാ ബോധം ഉണ്ടാക്കുന്ന ആ ഒരു കുറവ് ഇത്തവണ അങ്ങനെ അങ്ങ് തീരട്ടെന്നെ..!!!

ബില്ല 2


ബില്ല 2 ഒരു ഗംഭീര സിനിമ ആണു. എന്നാൽ എല്ലാ ഗംഭീര സിനിമകളും വിജയിക്കണമെന്നില്ലല്ലോ അങ്ങനെ ആയിരുന്നെങ്കിൽ രാവണനും ആയുധ എഴുത്തുമെല്ലാം തമിഴ് നാട്ടിൽ മെഗാഹിറ്റ് ആകുമായിരുന്നു. 2007 ല് പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണു ബില്ല 2.

ഒരു ചിത്രത്തിന്റെ ഫസ്റ്റ് പാർട്ട് രണ്ടാമത് റിലീസ് ചെയ്യുന്നത് പുതുമയൊന്നുമല്ല. എന്നാൽ റീമേക്ക് ചെയ്ത ഒരു ചിത്രത്തിന്റെ ഫസ്റ്റ് പാർട്ട് റിലീസ് ആകുന്നത് ഇന്ത്യൻ സിനിമയിൽ പുതുമയുള്ള കാര്യം തന്നെയാണു. ബില്ലയിലെ നായകൻ അജിത്ത് തന്നെയാണു ഇതിലെ നായകൻ. ബില്ല സംവിധാനം ചെയ്തത് വിഷ്ണുവർദ്ധൻ ആയിരുന്നെങ്കിൽ ബില്ല 2 ഉന്നൈപോലൊരുവൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ചക്രി ടോളേറ്റി ആണു സംവിധാനം ചെയ്തിരിക്കുന്നത്.

ബില്ലയിലെ ഡേവിഡ് ബില്ല എന്ന അധോലോക നായകൻ എങ്ങനെ ഉണ്ടായി എന്ന കഥയാണു ബില്ല 2 വിലൂടെ പറയുന്നത്. പാർവ്വതി ഓമനക്കുട്ടൻ ഇതിലെ ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മനോജ് കെ ജയനും പിന്നെ പേരറിയാത്ത കുറെ തമിഴ് നടന്മാരും ചിത്രത്തിലുണ്ട്.

80-90 കാലഘട്ടത്തിലാണു കഥ നടക്കുന്നത്. അതു കൊണ്ട് തന്നെ ആ കാലത്തെ തമിഴ് സിനിമകൾ ആവേശത്തോടെ കണ്ടിരുന്നവർക്ക് ചിലപ്പോള് ബില്ല 2 ഇഷ്ടപ്പെട്ടേക്കാം. എന്നാൽ പിള്ളേരു ഡൗൺലോഡ് ചെയ്ത് പടം കാണുന്ന ഈ കാലത്ത് നായികയെ തട്ടി കൊണ്ട് വന്നു നായകനെ വരുത്തുന്ന പഴയ ഏർപ്പാടൊക്കെ കണ്ടാൽ ആളുകളു കൂവി കോണകം ഉടുപ്പിക്കാതിരിക്കുമോ..!!

അജിത്തിന്റെ അപാര പെർഫോമൻസ് ആണു ചിത്രത്തിന്റെ ഹൈലൈറ്റ്. നടക്കുമ്പോൾ കയ്യടി, നോട്ടത്തിനു കയ്യടി, ഡയലോഗിനു ഡയലോഗിനു കയ്യടി (പഞ്ച് ഡയലോഗ് പറയാൻ മാത്രമേ വാ തുറക്കു) ചിരിച്ചാൽ കയ്യടി, ദേഷ്യപ്പെട്ടാൽ കയ്യടി ഫൈറ്റിനു കയ്യടിയോട് കയ്യടി..!!

ഇങ്ങനെ സ്ക്രീനിലെ ഓരോ ചെറിയ ചലനങ്ങൾക്ക് പോലും കയ്യടി കിട്ടുന്ന മറ്റൊരു നടനും തമിഴ് നാട്ടിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടെന്ന് തോന്നുന്നില്ല. തലാ ഡാ..!! ഇങ്ങനെ കയ്യടിച്ച് കയ്യടിച്ച് കൂട്ടുന്ന പ്രേക്ഷകർ പടത്തിനവസാനം എല്ലാത്തിനും പ്രായശ്ചിത്തം എന്ന വണ്ണം തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ കൂവുന്നുമുണ്ട്.

കഥ നടക്കുന്നത് പഴയ കാലത്തായത് കൊണ്ട് ഇങ്ങനെ എടുത്തതാണു എന്നും അന്നത്തെ കാലത്തെ പടങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ പടം ഒരു ക്ലാസിക്ക് ആണെന്നുമൊക്കെ സംവിധായകനു വാദിക്കാം. പക്ഷെ ആത്യന്തികമായി ബില്ല 2 ഒരു മാസ് പടമായാണു ആളുകൾ പ്രതീക്ഷ വെച്ച് പുലർത്തിയത് അതു കൊണ്ട് തന്നെ ആ പ്രതീക്ഷകൾക്ക് കടക വിരുദ്ധമായി വന്നത് കൊണ്ട് വളരെയധികം നിരാശപ്പെടേണ്ടി വരുന്നു. വളരെ കടുത്ത അജിത്ത് ഫാൻ ആണെങ്കിൽ അജിത്തിനെ കാണാൻ വേണ്ടി മാത്രം ഈ ചിത്രം കാണാം.

തട്ടത്തിൻ മറയത്ത് / Thattathin marayath


ഉമ്മച്ചി കുട്ടിയെ നായരു ചെക്കൻ പ്രേമിച്ചാൽ എന്ത് സംഭവിക്കും..?? അതാണു മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിനു ശേഷം ലൂമിയർ ഫിലിംസിന്റെ ബാനറിൽ മുകേഷും ശ്രീനിവാസനും ചേർന്ന് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ തട്ടത്തിൻ മറയത്തിലൂടെ പറയുന്നത്.

മലർവാടി ആർട്സ് ക്ലബിലെ നായകന്മാരിലൊരാളായിരുന്നു നവിൻ പോളിയും പുതുമുഖ നടി ഇഷയുമാണു ചിത്രത്തിലെ നായികാനായകന്മാർ.തലശേരിയിലാണു ചിത്രത്തിന്റെ കഥ നടക്കുന്നത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്ത,എന്നാൽ സുന്ദരനും ഒപ്പം കമ്മ്യൂണിസ്റ്റും സർവ്വോപരി നായരുമായ വിനോദ് ആണു ചിത്രത്തിലെ നായകൻ. വളരെ യാഥാസ്ഥിതികത വെച്ച് പുലർത്തുന്ന ഒരു മുസ്ലീം കുടുംബത്തിൽ പെട്ട, അതീവ സുന്ദരിയായ ആയിഷയാണു ചിത്രത്തിലെ നായിക.

നായരായ വിനോദിനു മുസ്ലീമായ ആയിഷയോട് പ്രണയം തോന്നുകയാണു. ആ മഹത്തായ പ്രണയ സാക്ഷാത്ക്കാരത്തിന്റെ തട്ടത്തിൻ മറയത്ത്. ഇത്തരമൊരു പ്രമേയം സിനിമയാക്കിയതിനും അത് ഇന്നത്തെ യുവത്വം നെഞ്ചിലേറ്റും വിധം മനോഹരമായി അവതരിപ്പിക്കാനും സാധിച്ചതിൽ വിനീത് ശ്രീനിവാസനു അഭിമാനിക്കാം. മനോഹരമായ ചിത്രീകരണവും കാഴ്ചക്കാരനിൽ അനുഭൂതിയൊരുക്കുന്ന പശ്ചാത്തല സംഗീതവും തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തെ സുന്ദരമാക്കുന്നു.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിനു ശേഷം കാര്യമായി തിളങ്ങാൻ അവസരങ്ങൾ ലഭിക്കാതിരുന്ന നവിൻ പോളി എന്ന യുവനടനു താനും ഒരു കൊള്ളാവുന്ന നടനാണു എന്ന് തെളിയിക്കാൻ കഴിഞ്ഞ ചിത്രമാണു ഇത്. മലർവാടിയിലെ തന്നെ മറ്റൊരു അഭിനേതാവായ കുട്ടുവും ഈ ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു. തിരുവനന്തപുരം ഭാഷ പറയുന്ന പോലീസുകാരനായി വന്ന മനോജ് കെ ജയനും തരക്കേടിലാത്ത പ്രകടനം നടത്തിയിട്ടുണ്ട്.

സെക്കന്റ് ഷോ ഫെയിം കുരുടി വളരെ ചെറിയ വേഷത്തിലെത്തി വലിയ കയ്യടി നേടി. അതു പോലെ തന്നെ ചെറുതെങ്കിലും ക്ലൈമാക്സിലെ സംഭാഷണം മൂലം ശ്രീനിവാസനും കിട്ടി കയ്യടി. അങ്ങനെ അഭിനയിച്ചവരെല്ലാം നല്ല പ്രകടനം നടത്തിയെങ്കിലും ഷോക്കടിപ്പിച്ചാൽ പോലും ഭാവം വരാത്ത നായിക ഈ ചിത്രത്തിനു ഒരു മുതൽക്കൂട്ടാണു. എന്നാൽ നായികയുടെ ആ പോരായ്മ ഒട്ടും പ്രേക്ഷകനെ മുഷിപ്പിക്കാത്ത രീതിയിൽ കൈകാര്യം ചെയ്തു എന്നത് സംവിധായകന്റെ മിടുക്ക്. പക്ഷെ ഇത്തരമൊരു ചിത്രത്തിനു അവശ്യമായി വേണ്ട മനോഹാരിത ഇതിലെ ഗാനങ്ങൾക്ക് അനുഭവപ്പെട്ടില്ല.

വളരെ റിയലിസ്റ്റിക് ആയ രീതിയിലാണു ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. നമ്മളിലൊരാൾ അല്ലെങ്കിൽ നമ്മൾ തന്നെ എന്ന് തോന്നിപ്പോകും വിധത്തിൽ വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസൻ സൃഷ്ടിച്ചെടുത്ത കഥയും കഥാപാത്രങ്ങളുടെയും ഒരു ശൈലി പുതിയ കാലത്തിൽ പുനർജ്ജനിക്കപ്പെടുകയാണു വിനീത് ശ്രീനിവാസനിലൂടെ..! ഇത് അഛന്റെ മകൻ തന്നെ..!!

നർമ്മം നിറഞ്ഞ മുഹൂർത്തങ്ങളുമായി തകർക്കുന്ന ഒന്നാം പകുതിക്ക് ശേഷം ചിത്രം ഒരല്പം സീരിയസ് ആയി മാറുന്നു. പ്രണയകഥയായത് കൊണ്ടും ഈ ലവ് സ്റ്റോറി ഹാപ്പി എൻഡിംഗ് ആണു എന്ന് നേരത്തെ അറിയാവുന്നത് കൊണ്ടും വലിയ ഒരു ട്വിസ്റ്റ് ഒന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. അതു കൊണ്ട് തന്നെ പടം കഴിയുമ്പോൾ സംതൃപ്തിയോടെ തിയറ്റർ വിടാൻ കാണികൾക്ക് സാധിക്കും.

കറുത്ത തുണിക്കുള്ളിൽ മറച്ച് വെക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണു അല്ലാതെ സ്വപ്നങ്ങളല്ല എന്ന ആയിഷയുടെ ബാപ്പയുടെ വാക്കുകൾ പ്രേക്ഷകർ ഹർഷാരവങ്ങളോടെ സ്വീകരിക്കുന്നിടത്താണു ഈ സിനിമ സത്യത്തിൽ വിജയിക്കുന്നത്. ഒരു ന്യൂനപക്ഷ സമുദായത്തിൽ പെട്ട പയ്യൻ ഭൂരിപക്ഷ സമുദായത്തിൽ പെട്ട പെണ്ണിനെ പ്രേമിച്ചാലും വിവാഹം കഴിച്ചാലും അത് ദേശീയോത്ഗ്രദ്നമാണു, എന്നാൽ ഒരു ഭൂരിപക്ഷ സമുദായത്തിൽ പെട്ട പയ്യൻ ന്യൂനപക്ഷ സമുദായത്തിൽ പെട്ട പെണ്ണിനെ പ്രേമിച്ചാലും വിവാഹം കഴിച്ചാലും അത് ദേശീയ കലാപമാണു എന്ന ദാമോദരൻ മാഷ് എഴുതിയ സംഭാഷണ ശകലം സുരേഷ് ഗോപി പറയുമ്പോൾ ആവേശത്തോടെ കയ്യടിച്ചവരുടെ മക്കളാണു ഇന്ന് ആയിഷയുടെ ബാപ്പയുടെ ഈ വാക്കുകൾ കേട്ട് കയ്യടിക്കുന്നത്.

വർഷം ഒരുപാട് കഴിഞ്ഞെങ്കിലും അന്നത്തെ ആ ചിന്താഗതിയിൽ നിന്ന് ഒരിഞ്ചു പോലും പിറകോട്ട് പോയിട്ടില്ല സാംസ്കാരിക കേരളം.ഒരു മുസ്ലീം പെൺകുട്ടിയുടെ ബാപ്പ ഈ ചിത്രത്തിലേതു പോലെ ഒരു നിലപാട് സ്വീകരിക്കണമെങ്കിൽ ഈ ചിത്രത്തിലേത് പോലെ ഒരു ചുറ്റുപാടിൽ തന്നെ ആയിരിക്കണം ആ കുടുബത്തിന്റെ അവസ്ഥയും എങ്കിലും ഇങ്ങനെ ഒരു തിരുമാനം കൈക്കൊള്ളാൻ സാധ്യത കുറവാണു. എന്നിട്ടും നമ്മൾ പ്രേക്ഷകർ ഈ സിനിമയെ ഇഷ്ടപ്പെടുന്നു.

പ്രണയനിലാവിൽ വിനയൻ മുൻപ് പറഞ്ഞതും ഇതേ പ്രമേയം തന്നെയാണു. എന്നാൽ ആ ചിത്രത്തേക്കാൾ 100 മടങ്ങ് ഇരട്ടിയിൽ തട്ടത്തിൻ മറയത്ത് സ്വീകരിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം മുൻപ് പറഞ്ഞ വിനീത് ശ്രീനിവാസൻ പിന്തുടർന്ന ആ ശ്രീനിവാസൻ ശൈലി തന്നെയാണു. ഒപ്പം സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യം സംഭവിക്കാൻ സാധ്യതയുള്ള വഴികളിലൂടെ സംഭവ്യമാക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷവും..!!

അങ്ങനെ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഈ ചിത്രം വെറുമൊരു പൈങ്കിളി കഥയല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ തിരിച്ചവരോട് ഈ ചോദ്യം ചോദിക്കാം..
മാഷ് പ്രേമിച്ചിട്ടുണ്ടോ??
ഇല്ല എന്നായിരിക്കും ഉത്തരം എന്ന് ഉറപ്പാണു. അപ്പോൾ അവരോട് പറയുക "എല്ലാ പ്രേമവും പൈങ്കിളിയാണു മാഷേ...!!

Followers

 
Copyright 2009 b Studio. All rights reserved.