ബില്ല 2 ഒരു ഗംഭീര സിനിമ ആണു. എന്നാൽ എല്ലാ ഗംഭീര സിനിമകളും വിജയിക്കണമെന്നില്ലല്ലോ അങ്ങനെ ആയിരുന്നെങ്കിൽ രാവണനും ആയുധ എഴുത്തുമെല്ലാം തമിഴ് നാട്ടിൽ മെഗാഹിറ്റ് ആകുമായിരുന്നു. 2007 ല് പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണു ബില്ല 2.
ഒരു ചിത്രത്തിന്റെ ഫസ്റ്റ് പാർട്ട് രണ്ടാമത് റിലീസ് ചെയ്യുന്നത് പുതുമയൊന്നുമല്ല. എന്നാൽ റീമേക്ക് ചെയ്ത ഒരു ചിത്രത്തിന്റെ ഫസ്റ്റ് പാർട്ട് റിലീസ് ആകുന്നത് ഇന്ത്യൻ സിനിമയിൽ പുതുമയുള്ള കാര്യം തന്നെയാണു. ബില്ലയിലെ നായകൻ അജിത്ത് തന്നെയാണു ഇതിലെ നായകൻ. ബില്ല സംവിധാനം ചെയ്തത് വിഷ്ണുവർദ്ധൻ ആയിരുന്നെങ്കിൽ ബില്ല 2 ഉന്നൈപോലൊരുവൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ചക്രി ടോളേറ്റി ആണു സംവിധാനം ചെയ്തിരിക്കുന്നത്.
ബില്ലയിലെ ഡേവിഡ് ബില്ല എന്ന അധോലോക നായകൻ എങ്ങനെ ഉണ്ടായി എന്ന കഥയാണു ബില്ല 2 വിലൂടെ പറയുന്നത്. പാർവ്വതി ഓമനക്കുട്ടൻ ഇതിലെ ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മനോജ് കെ ജയനും പിന്നെ പേരറിയാത്ത കുറെ തമിഴ് നടന്മാരും ചിത്രത്തിലുണ്ട്.
80-90 കാലഘട്ടത്തിലാണു കഥ നടക്കുന്നത്. അതു കൊണ്ട് തന്നെ ആ കാലത്തെ തമിഴ് സിനിമകൾ ആവേശത്തോടെ കണ്ടിരുന്നവർക്ക് ചിലപ്പോള് ബില്ല 2 ഇഷ്ടപ്പെട്ടേക്കാം. എന്നാൽ പിള്ളേരു ഡൗൺലോഡ് ചെയ്ത് പടം കാണുന്ന ഈ കാലത്ത് നായികയെ തട്ടി കൊണ്ട് വന്നു നായകനെ വരുത്തുന്ന പഴയ ഏർപ്പാടൊക്കെ കണ്ടാൽ ആളുകളു കൂവി കോണകം ഉടുപ്പിക്കാതിരിക്കുമോ..!!
അജിത്തിന്റെ അപാര പെർഫോമൻസ് ആണു ചിത്രത്തിന്റെ ഹൈലൈറ്റ്. നടക്കുമ്പോൾ കയ്യടി, നോട്ടത്തിനു കയ്യടി, ഡയലോഗിനു ഡയലോഗിനു കയ്യടി (പഞ്ച് ഡയലോഗ് പറയാൻ മാത്രമേ വാ തുറക്കു) ചിരിച്ചാൽ കയ്യടി, ദേഷ്യപ്പെട്ടാൽ കയ്യടി ഫൈറ്റിനു കയ്യടിയോട് കയ്യടി..!!
ഇങ്ങനെ സ്ക്രീനിലെ ഓരോ ചെറിയ ചലനങ്ങൾക്ക് പോലും കയ്യടി കിട്ടുന്ന മറ്റൊരു നടനും തമിഴ് നാട്ടിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഉണ്ടെന്ന് തോന്നുന്നില്ല. തലാ ഡാ..!! ഇങ്ങനെ കയ്യടിച്ച് കയ്യടിച്ച് കൂട്ടുന്ന പ്രേക്ഷകർ പടത്തിനവസാനം എല്ലാത്തിനും പ്രായശ്ചിത്തം എന്ന വണ്ണം തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ കൂവുന്നുമുണ്ട്.
കഥ നടക്കുന്നത് പഴയ കാലത്തായത് കൊണ്ട് ഇങ്ങനെ എടുത്തതാണു എന്നും അന്നത്തെ കാലത്തെ പടങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ പടം ഒരു ക്ലാസിക്ക് ആണെന്നുമൊക്കെ സംവിധായകനു വാദിക്കാം. പക്ഷെ ആത്യന്തികമായി ബില്ല 2 ഒരു മാസ് പടമായാണു ആളുകൾ പ്രതീക്ഷ വെച്ച് പുലർത്തിയത് അതു കൊണ്ട് തന്നെ ആ പ്രതീക്ഷകൾക്ക് കടക വിരുദ്ധമായി വന്നത് കൊണ്ട് വളരെയധികം നിരാശപ്പെടേണ്ടി വരുന്നു. വളരെ കടുത്ത അജിത്ത് ഫാൻ ആണെങ്കിൽ അജിത്തിനെ കാണാൻ വേണ്ടി മാത്രം ഈ ചിത്രം കാണാം.
Subscribe to:
Post Comments (Atom)
0 comments:
Post a Comment