RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അങ്ങിനെ സുറയും പൊളിഞ്ഞു.


വേട്ടൈക്കാരൻ എന്ന കൂതറ പടം 50 ദിവസം ഓടിയ കേരളത്തിൽ സുറ സൂപ്പർ എന്ന അഭിപ്രായം ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റു പറയാൻ പറ്റില്ല. ഒന്നും കാണാതെ 1.5 കോടി രൂപയ്ക്ക് സുറ കേരളത്തിൽ പ്രദർശനത്തിനെടുക്കുമോ. മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയി എന്ന് പറയുന്ന (ആരു പറയുന്ന... ആ...)സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ റീമേക്ക് ആണു ഈ സിനിമ എന്ന വാർത്ത ആദ്യം മുതലേ ഉണ്ടായിരുന്നു.എന്തടിസ്ഥാനത്തിൽ ആണു ഇങ്ങനെ ഒരു വാർത്ത വന്നത് എന്ന് പടം മുഴുവന്‍ കഴിഞ്ഞിട്ടും ഞങ്ങൾക്ക് മനസിലായില്ല. ചിലപ്പോൾ ഒരു വമ്പൻ ഇനീഷ്യലിനു വേണ്ടി പടച്ചുണ്ടാകിയതാവാം. സൂപ്പർ സ്റ്റാർ “അന്വശരമാക്കിയ” വേഷം വിജയ് എങ്ങനെ അവതരിപ്പിക്കും എന്ന് അറിയാനുള്ള ആകാംക്ഷകൊണ്ട് സൂപ്പർ സ്റ്റാറിന്റെ ആരാധകർ ഇടിച്ചു കേറികൊള്ളുമല്ലോ. എന്തായാലും തന്നെ കൊണ്ട് പറ്റുന്ന പോലെ വിജയ് ഇതിലെ വേഷം അഭിനയിച്ച് കൊളമാക്കിയിട്ടുണ്ട്. തമന്ന സാധരണ പോലെ നന്നായി ഡാൻസൊക്കെ കളിച്ച് അങ്ങിനെ അങ്ങിനെ...
ആരുടെയോ ഭാഗ്യത്തിനു വടി വേലുവിന്റെ കോമഡി കുറച്ച് രസിപ്പിച്ചു. അത് മാത്രമാണു ഒരു ആശ്വാസം.
കൂടുതൽ ഒന്നും പറയാനില്ല.
അഴകിയ തമിഴ് മകൻ
കുരുവി
വില്ല്
വേട്ടൈക്കാരൻ
എന്നിവയുടെ കൂട്ടത്തിൽ ഇനി സുറയും....
കാശ് കൊടുത്ത് CD വാങ്ങിച്ചു കണ്ടാൽ പോലും നഷ്ടമാണു. വല്ലവരും free ആയി തരികയാണെങ്കിൽ ഒരു copy എടുത്ത് വെച്ച് കണ്ടോളു. കണ്ട് കഴിഞ്ഞ് ദേഷ്യം തീർക്കാൻ പൊട്ടിച്ച് കളയാമല്ലോ...

വില്ക്കാനുണ്ട് ഗോസിപ്പുക്കൾ..


പത്രലോകത്തെ കീരീടം വെക്കാത്ത രാജാവിനു സ്വന്തമായി ഒരു ചാനലും ഉണ്ട്. വലിയ കുഴപ്പമിലാതെ മുന്നോട്ട് പോകുന്ന ചാനലിൽ രസകരമായ ഒരുപാട് പരിപാടികളും ഉണ്ട്. പരിപാടികൾ വല്ലതും മിസ് ആയി പോയാൽ ഇവരുടെ തന്നെ വെബ്സൈറ്റിൽ നമ്മുക്കു കാണാനുള്ള സൗകര്യവും ഉണ്ട്.പക്ഷെ ഈ ഇടയായി പത്രത്തിനും ചാനലിലും സർക്കുലേഷൻ കുറവാണു എന്ന് തോന്നുന്നു. കാരണം ജനപ്രിയ നായിക ഡൈവേഴ്സ് ആയതിനു ശേഷമുള്ള ഒരു മുഖാമുഖം പരിപാടി 200 രൂപയ്ക്ക് വില്പനയ്ക്ക് വെച്ചിരികുകയാണു. ജാതക ദോഷം വിവരിക്കുന്നതായതു കൊണ്ട് 200 അല്ല 2000 ആണെങ്കിലും കൊടുത്ത് കാണാൻ ആളുകൾ റെഡിയാണു. അതുപോലെ മെഗാസ്റ്റാർ പ്രായമാവാൻ കാത്തിരിക്കുകയാണു എന്ന തലക്കെട്ടിലും ഒന്ന് വില്പനയ്ക്ക് ഉണ്ട് . ആരു വയസാവാൻ ആണു മെഗാസ്റ്റാർ കാത്തിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് 200 രൂപ കൊടുക്കാൻ ചുരിങ്ങിയ പക്ഷം ആരാധകർ എങ്കിലും തയ്യാറാവുമല്ലോ. മോഹൻ ലാലിനെ കൊലപ്പെടുത്താൻ ലക്ഷകറെ തോയ്ബ പദ്ധതിയിട്ടു. മമ്മൂട്ടിയുടെ മകൻ സിനിമ നടിയൊടൊപ്പം മൂന്നാറിൽ... തുടങ്ങിയ ഹോട്ട് ന്യൂസുകളുടെ വീഡിയോ കവറേജുമായി പത്രമുത്തശി എത്തുന്ന കാലം വിദൂരമല്ല. ഹൈടെക് യുഗത്തിൽ പിടിച്ചു നില്ക്കണ്ടേ..

ഇനി മകനും ...!


അടുത്ത കാലത്തായി അഭിനയിച്ചഭിനയിച്ച് പ്രേക്ഷകരെയും നിർമാതാക്കളെയും ഒരു വഴിക്കാകുകയാണു മെഗാസ്റ്റാർ. അത് പോരാഞ്ഞിട്ടാണു എന്ന് തോന്നുന്നു ഇനി മകനെകൂടി രംഗത്ത് ഇറക്കാൻ പോവുന്നത്. വാപ്പായുടെ ആരാധകവൃന്ദം തന്നെയും കാത്ത് കൊള്ളും എന്ന ധൈര്യം ആവണം സിനിമയിൽ അഭിനയിക്കാനുള്ള മകന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. മലയാള സിനിമയിൽ അഛൻ മഹാത്മ്യവുമായി ഒരുപാട് പേരു വന്നിട്ടുണ്ട്. ഷാനവാസ്, മേഘനാഥൻ, സായ്കുമാർ, ജിഷ്ണു, ഇന്ദ്രൻ-പൃഥി തുടങ്ങി ഒരു പാട് പേർ. അഛന്റെ പേരു നിലനിർത്തിയവരുണ്ട് അത് കളഞ്ഞു കുളിച്ചവരുമുണ്ട്. നമ്മുടെ ഇപ്പോഴത്തെ താരങ്ങളുടെ മക്കളും അഭിനയിക്കാൻ മോശമല്ല. ജയറാമിന്റെ മകൻ കാളി ദാസൻ ബാലതാരമായി അഭിനയിച്ച് അവാർഡ് വരെ വാങ്ങിയതാണ്. എന്തിനു പറയണം സൂപ്പർ സ്റ്റാറിന്റെ മകൻ ഒന്നാമനിൽ വല്ലാതങ്ങ് അഭിനയിച്ച് വിസ്മയിപ്പിച്ചു കളഞ്ഞതല്ലേ..കൂടാതെ അടുത്ത് പുറത്തിറങ്ങിയ സാഗർ എലിയാസ് ജാക്കിയിൽ ഒരു ചെറിയ സീനിൽ വരികയും ചെയ്തിരുന്നു. തനിക്കു ശേഷം മകൻ ആ സ്ഥാനത്ത് വരിക എന്നത് ഏതൊരു അഛന്റെയും ആഗ്രഹമാണു. നിർമ്മിക്കാൻ ആന്റണി പെരുമ്പാവൂരും വിതരണത്തിനെടുക്കാൻ മാക്സ് ലാമ്പും ഉള്ളത് കൊണ്ട് സമീപഭാവിയിൽ തന്നെ സൂപ്പർ സ്റ്റാറിന്റെ മകനും നായകനായി അവതരിച്ചേക്കാം. പോസ്റ്റർ ഒട്ടിച്ചെങ്കിലും മാക്സ് ലാമ്പ് 100 ദിവസം ഓടിപ്പിച്ചോളും. ഇതുകൊണ്ട് ഒക്കെ തന്നെയാവും തനിക്കും ഒരു പിൻ ഗാമി വേണമെന്ന് മെഗാസ്റ്റാർ ചിന്തിച്ചിരിക്കുക. സ്വന്തമായി തനിക്കും ഉണ്ടല്ലോ നിർമ്മാണ-വിതരണ കമ്പനി. എന്തായാലും മെഗാസ്റ്റാറിന്റെ മകൻ നായകനാവുകയാണു. തമിഴിലെ പ്രശസ്ത സംവിധായകൻ ലിംഗു സ്വാമി മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു താര പുത്രൻ നായകനാവുന്നത്. ഇതിൽ മെഗാസ്റ്റാർ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്. മലയാളത്തിലെ രണ്ട് താര രാജാക്കന്മാരുടെയും മക്കൾ അങ്ങിനെ സിനിമയിൽ എത്തുകയും വിജയിക്കുകയും ചെയ്താൽ ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കപ്പെടും. പണ്ട് സൂപ്പർ താര പദവിയിലേക്ക് സുകുമാരൻ കുതിച്ചിരുന്ന സമയത്ത് മമ്മൂട്ടി-ലാൽ രംഗത്ത് വരികയും സുകുമാരൻ പിന്തള്ളപ്പെടുകയും ചെയ്തതാണല്ലോ. അതു പോലെ താര പുത്രന്മാർ ഇപ്പോൾ സൂപ്പർ താര പദവിയിലേക്ക് കുതിക്കുന്ന, കമൽ ഹാസനും അമീർഖാനും ഒപ്പം നില്ക്കാൻ ഉള്ള ഒരു നടനാവാൻ അശാന്ത പരിശ്രമം നടത്തുന്ന പൃത്വിരാജിനു ഒരു ഭീഷണിയായാൽ.....!
മലയാളികൾ ഇനിയും ഒരുപാട് ആതമപ്രശംസകൾ സഹിക്കേണ്ടി വരും എന്ന് സാരം.

നിഷ്ക്കളങ്കതയുടെ വിജയം


നല്ല സിനിമ തിരിച്ചറിയാനുള്ള കഴിവൊന്നും മലയാളികൾക്കില്ല. അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ പല നല്ല സിനിമകളും ഇവിടെ പരാജയപ്പെടുകയില്ലായിരുന്നു. പക്ഷെ മലയാളികളുടെ മനസിൽ നന്മ ബാക്കി നില്ക്കുന്നു എന്ന് തെളിയിക്കുന്നതാണു TD ദാസൻ Standard VI B എന്ന സിനിമയുടെ വിജയം തെളിയിക്കുന്നത്. വിജയം എന്ന് പറയുമ്പോൾ 4 ഷോയ്ക്കും ആളുകൾ തിങ്ങി നിറഞ്ഞ എന്നല്ല ഉദ്ദേശിച്ചത്. ഒരു അറുമ്പോറൻ സൂപ്പർ സ്റ്റാർ പടം കാണാൻ വരുന്ന അത്രയും ആളുകൾ എങ്കിലും ഈ സിനിമ കാണാൻ വന്നു തുടങ്ങിയിരിക്കുന്നു.ആദ്യ ദിവസം തന്നെ മിക്ക തിയറ്ററിലും ഹോൾഡ് ഓവർ ആയ ഈ സിനിമയെ സംബന്ധിച്ച് ഇതു തന്നെ വൻ വിജയമാണു. വളരെ കുറച്ച് ആളുകൾ മാത്രം കണ്ട ഈ സിനിമ മൗത്ത് പബ്ലിസിറ്റി ഒന്നു കൊണ്ട് മാത്രമാണു ഈ നില കൈവരിച്ചത്. പടത്തെ പറ്റി കേട്ടവര്‍ കാണാൻ ചെല്ലുമ്പോൾ അതവിടെ ഉണ്ടാവുമായിരുന്നില്ല. വിഷുവിനു ഇറങ്ങുന്ന വമ്പൻ സ്രാവുകളുടെ മുന്നിൽ ഈ കൊച്ച് പരൽ മീൻ ഒന്നുമല്ലാതാവുമായിരുന്നു. പക്ഷെ ഈ സിനിമയുടെ നിയോഗം മറ്റൊന്നായിരുന്നു. സിനിമാ സമരം എന്ന രൂപത്തിൽ ദൈവം ദാസന്റെ മുന്നിൽ അവതരിച്ചു. ഒരാഴ്ച്ച കൂടി പടം ഓടിക്കാൻ തിയറ്ററുകാർ തയ്യാറായി. ഫലമോ ദാസനെ കേട്ടറിഞ്ഞവർ കാണാൻ വന്ന് തുടങ്ങി. ഇത് നല്ല സിനിമകൾ എടുക്കണം എന്ന് ചിന്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണു. ഈ സിനിമ കളക്റ്റ് ചെയ്യുന്നു എന്നത് ഇതിന്റെ അണിയറ പ്രവർത്തകരെ പോലെ ഈ സിനിമ ഇഷ്ടപ്പെട്ടവരെയും ഒരു പോലെ സന്തോഷിപ്പിക്കും കാരണം ദാസൻ ഇത് അർഹിച്ചിരുന്നു.സിനിമാ സമരം വന്നില്ലായിരുന്നെങ്കിൽ ഈ സിനിമയുടെ DVD കണ്ട് “ഈ സിനിമ തിയറ്ററിൽ പോയി കാണാതിരുന്നത് വൻ നഷ്ടമായി പോയി” എന്ന് ആത്മഗതം നടത്തിയേനെ മലയാളി. മുൻപ് പലപ്പോഴും ചെയ്ത പോലെ. എന്തൊക്കെ ആയാലും ഒരു നല്ല സിനിമയെ തിരിച്ചറിഞ്ഞപ്പോൾ അത് കണ്ട് വിജയിപ്പിച്ച നല്ല മനസുള്ള പ്രേക്ഷകർക്ക് നന്ദി.

രാവണൻ പാടി തുടങ്ങുമ്പോൾ..


സിനിമാ പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന മണിരത്നം ചിത്രമായ രാവണയുടെ Audio Release ഏപ്രിൽ 24നു മുബൈയിൽ വെച്ച് നടന്നു. ഹിന്ദിയിലും തമിഴിലും ഒരേ സമയം നിർമ്മിച്ച രാവണയുടെ സംഗീത സംവിധാനം സംഗീത വിസ്മയം AR റഹ്മാൻ ആണു. റഹ്മാനും മണിരത്നവും ഒന്നിച്ചപ്പോഴെല്ലാം അത് സംഗീത പ്രേമികൾ ആഘോഷമാക്കിയിരുന്നു. ഗുൽസാർ വരികൾ എഴുതിയ രാവണയിൽ 6 പാട്ടുകളാണു ഉള്ളത്. പക്ഷെ ഒരുവലിയ ചലനം സൃഷ്ടിക്കത്തക്ക വിധമുള്ള പാട്ടുകളല്ല ഒന്നും.
ഭീരേ...ഭീരേ എന്ന് തുടങ്ങുന്ന ഗാനമാണു അല്പമെങ്കിലും കേൾക്കാൻ സുഖമുള്ളത്. റഹമാൻ ആരാധകർപക്ഷെ നിരാശപ്പെടെണ്ടതില്ല. മുൻപ് രംഗ് ദേ ബസന്തിയുടെ Audio റിലീസ് ചെയ്ത സമയത്ത്റഹമാൻ യുഗം അവസാനിച്ചു എന്ന് പറഞ്ഞ് നടന്നവര്‍ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ തരിച്ചിരുന്നു പോയതു നമ്മൾ കണ്ടതാണു. ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ട്പ്രതിഭകൾ വീണ്ടും ഒന്നിക്കുമ്പോൾ നമ്മുക്കു കാത്തിരിക്കാം ജൂൺ 18 വരെ. മറ്റൊരുമഹാത്ഭുതത്തിനായ്...!


raaga.com രാവണ സോഗ്സ് കേൾക്കാം..

മലയാള സിനിമ റിലീസ് ചെയ്യാതിരുന്നാല്‍..


മലയാള സിനിമ റിലീസ് ചെയ്യുന്നില്ല എന്ന് കരുതി ആരും വിഷമിക്കേണ്ട ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഒക്കെ സിനിമകൾ ഇറങ്ങുന്നുണ്ടല്ലോ.. തെലുങ്കും കന്നഡയും ആദ്യത്തെ കുറച്ച് ബുദ്ധിമുട്ടെ ഉള്ളു ഇഗ്ലീഷ് സിനിമ കാണുകയാണു എന്ന് വിചാരിച്ചാൽ മതി. പടം തീരാറാവുമ്പോഴെക്കും കഥ മനസിലായിക്കോള്ളും
മറ്റു ഭാഷകളില്‍ അവസാനമായിട്ടു റിലീസ് ചെയ്ത സിനിമകളും അത് കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്നും ആണ് ഇവിടെ പറയുന്നത്.
ആദ്യമായിട്ടു ഹിന്ദി സിനിമയുടെ കാര്യം എടുക്കാം
1. മുസ്കുരാഖേ ദേഖ് സാര
തമിഴ് സിനിമ യൂത്തിന്റെ റീമേക്ക് ആണു. അത് കണ്ടിട്ടുള്ളവർ ഇതു കാണണമെന്നില്ല. കാണത്തവർ കണ്ടത് കൊണ്ട് പ്രത്യേകിച്ച് കാര്യവുമില്ല.
2. സിറ്റി ഓഫ് ഗോഡ്
മഹേഷ് മഞ്ജരേക്കറുടെ സിനിമയാണു. ഇതിൽ കൂടുതൽ വിശേഷണം ഇതിനു ആവശ്യമില്ല. മഞ്ജരേക്കർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.
3. അപ്പാർട്ട്മെന്റ്.
സംവിധായകൻ എന്തോ ക്യാമറാ ട്രിക്ക് കാണിച്ചു എന്നൊക്കെ പറഞ്ഞ് നീതു ചന്ദ്ര വിവാദമുണ്ടാക്കിയതു കൊണ്ട് മാത്രം എന്താണാ ട്രിക്ക് എന്ന് കാണാൻ വേണ്ടി കണ്ടതാണീ ചിത്രം. എന്തിനു പറയാൻ ആ നേരത്ത് വല്ല വാഴയും വെച്ചിരുന്നെങ്കിൽ....
4. ഫൂങ്ക് -2
ഫൂങ്ക് 1 കണ്ടിട്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു താല്പര്യവും തോന്നിയില്ല. അതിനേക്കാൾ വിരസമാണു ഫൂങ്ക് 2.
ആദ്യ ചിത്രം കണ്ട് പേടിച്ച് വിറച്ചവർക്ക് ചിലപ്പോ ഇതു കണ്ടാൽ കുറച്ച് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
ഇനി തമിഴ് സിനിമ
പയ്യ റിലീസ് ചെയ്തതിനു ശേഷം 2 സിനിമകൾ ആണു തമിഴിൽ റിലീസ് ചെയ്തത്.
1. ഇരട്ടൈ സുഴി.
തമിഴ് സിനിമയിലെ രണ്ട് ലെജൻഡുകൾ ഭാരതി രാജയും ബാലചന്ദറും ഒന്നിക്കുന്ന സിനിമ. സംവിധായകൻ ശങ്കറിന്റെ നിർമാണം. ഇതൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു മികച്ച സിനിമ ആക്കി മാറ്റുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. പിന്നെ അഞ്ജലി ഒക്കെ ഉള്ളതു കൊണ്ട് കണ്ടിരിക്കാം. അത്ര തന്നെ.
2.സിവപ്പു മഴ.
മീരാജാസ്മിൻ ഉള്ളത് കൊണ്ട് കണ്ടതാണു. ഇതു 12 ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണു എന്ന് എവിടെയോ വായിച്ചിരുന്നു. വലിയ കുഴപ്പമില്ല. കാണം അതിപ്പോ ഇന്നത്തെ ചിന്താവിഷയവും മിന്നാമിന്നിക്കൂട്ടവും ഒക്കെ നമ്മൾ കണ്ടില്ലേ..
തെലുങ്ക് സിനിമ
തെലുങ്ക് സിനിമ പിന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് വരുന്നത് കൊണ്ട് താരങ്ങളെല്ലാം നമ്മുക്ക് പരിചിതമാണു.
1. വരഡു
അല്ലു അർജുനിന്റെ ഏറ്റവും പുതിയ സിനിമയാണു വരഡു. തമിഴ് താരം ആര്യയും ഇതിൽ അഭിനയിക്കുന്നുണ്ട്. നല്ല സിനിമയാണു നീളൻ സംഭാഷണങ്ങളൊക്കെയുണ്ട്. സംഗതി തെലുങ്കിൽ ആയതു കൊണ്ട് പിടികിട്ടിയില്ല. മലയാളത്തിൽ വരുമ്പോൾ നോക്കാം
കന്നഡ സിനിമ.
ഒരുകാലത്ത് എല്ലാവരും പരിഹസിച്ചിരുന്ന ഫിലിം ഇൻഡസ്ട്രി ആയിരുന്നു കന്നഡ സിനിമ. അത് ശരി ആയിരുന്നു താനും. കാരണം ബാഷയുടെ കന്നഡ റീമേക്ക് കണ്ടാൽ നമ്മൾ കരഞ്ഞ് പോകും. അങ്ങിനെ യാതൊരു പുതുമയും ടെക്നിക്കൽ പെർഫക്ഷനും ഇല്ലാതിരുന്ന കന്നഡസിനിമയിൽ ഒരു നാഴികക്കല്ലായി മാറിയ സിനിമയാണു മുങ്കാരു മലൈ. ഈ സിനിമ കന്നഡ സിനിമയിൽ വിപ്ലവകരമായ മാറ്റമാണു ഉണ്ടാക്കിയത്. കന്നഡ സിനിമ അടിമുടി ഉടച്ച് വാർക്കപ്പെട്ടു. പക്ഷെ ഇതിലെ ഏറ്റവും രസകരമായ കാര്യം 2006ൽ ഇറങ്ങിയ ഈ സിനിമ കണ്ടാൽ ആണു ഇതിനു മുൻപത്തെ കന്നഡ സിനിമയുടെ അവസ്ഥ ഓർത്ത് നമ്മൾ ഞെട്ടിപോവുക. എന്തായാലും അങ്ങിനെയുള്ള കന്നഡ സിനിമകൾ വരെ ഇപ്പോൾ മലയാളത്തിൽ റീമേക്ക് ചെയ്ത് എത്തുന്നു.
1.പ്രിത്വി.
കന്നഡ യുവ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാറും പാർവതിയും ഒന്നിക്കുന്ന സിനിമയാണു ഇത്. മലയാളത്തിൽ പച്ച തൊട്ടിലെങ്കിലും പാർവ്വതിക്ക് മറ്റ് ഭാഷകളിൽ നല്ല പേരാണു. ഈ സിനിമയിൽ പതിവിലാതെ നന്നായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കന്നഡ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും തെലുങ്ക് അറിയാത്ത കാരണം കണ്ടിരിക്കാം..
ഇതൊക്കെ പറയാൻ കാരണം. മലയാള സിനിമ റിലീസുകൾ നിർത്തി വെച്ചിരിക്കുകയാണല്ലോ. തിയറ്ററുകൾ അടച്ചിടാനും പോവുകയാണു. ഇത് കൊണ്ടൊന്നും കേരളത്തിലെ പ്രേക്ഷകനു ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. മലയാള സിനിമ കണ്ടില്ലാ എന്ന് വെച്ച് ഒരാളും ആത്മഹത്യ ചെയ്യാൻ പോകുന്നുമില്ല. ഞങ്ങൾക്ക് മലയാള സിനിമാ പ്രേക്ഷകരോട് അഭ്യർത്ഥിക്കാനുള്ളത് ഒന്ന് മാത്രമാണ് അന്യ ഭാഷയിൽ ഇറങ്ങുന്ന നല്ല സിനിമകൾ കാണാനുള്ള ഒരു നല്ല അവസരമാണു ഇത്. മാക്സിമം ഉപയോഗിക്കു.

ശ്രീനാഥും....


തോറ്റു മടങ്ങാൻ ഉള്ളതല്ല ജീവിതം. ജയിച്ചു മുന്നേറാനുള്ളതാണു.
പക്ഷെ മൽസരിക്കാൻ താല്പര്യമില്ലാതിരുന്നതു കൊണ്ടാവാം ശ്രീനാഥ്
മരണത്തിനു മുന്നിൽ കീഴടങ്ങിയത് .അല്ലെങ്കിലും പ്രതിബ്ന്ധങ്ങളെ തരണം ചെയ്തു ജയിക്കുന്ന ഒരു നായകൻ അല്ലായിരുന്നല്ലോ സ്ക്രീനിലും ശ്രീനാഥ്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുമായിക്കൊള്ളട്ടെ കലാകാരന്റെ വേർപാട് വേദന തന്നെയാണു. ഇനിയുമാണ്ടാവാതിരിക്കട്ടെ ഇതുപോലെയുള്ള പിൻ വാങ്ങലുകൾ എന്ന് നമ്മുക്ക് പ്രാർഥിക്കാം....ശ്രീനാഥിനു ആദരാഞ്ജലികൾ....!

ഷക്കീല - ചില ഓർമക്കുറിപ്പുകൾ


അടുത്തിടെ ഒരു വാരികയിൽ വായിച്ചു. ഷക്കീല രണ്ടാം വരവിനൊരുങ്ങുന്നു എന്നു. പക്ഷെ കേരളത്തിലെ ലക്ഷക്കണക്കിനു ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് ഹാസ്യവേഷങ്ങളിലാണത്രേ ഷക്കീലയുടെ നോട്ടം. ബിന്ദു പണിക്കർക്കും കല്പ്പനയ്ക്കും ഭീഷണിയാവും എന്ന് സാരം. എന്നാൽ ഷക്കീലക്ക് സിനിമ കരിയറിൽ ഒരു വസന്ത കാലം ഉണ്ടായിരുന്നു മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരെ ചിത്രങ്ങൾ ഷക്കീല ചിത്രങ്ങളോട് പിടിച്ച് നില്ക്കാൻ പൊരുതിയിരുന്ന ഒരു കാലം. മലയാള സിനിമയിൽ നീല കുറിഞ്ഞികൾ പൂത്തകാലം. ആ കാലത്തെ ഞങ്ങളുടെ അനുഭവങ്ങൾ ആണു ഇവിടെ വിവരിക്കുന്നത്. മലയാളസിനിമയിൽ മാറ്റത്തിന്റെ കൊടുംകാറ്റ് ആഞ്ഞടിച്ച ആ സമയത്ത് ഞങ്ങൾക്ക് പ്രായം ഏകദേശം 15 വയസ്സ്.അന്ന് എല്ലാവരുടെയും സംസാരവിഷയം കിന്നാരത്തുമ്പികളും ഷക്കീലയും ആയിരുന്നല്ലോ. ഷക്കീല ഷക്കീല എന്ന പേർ കേട്ട് കേട്ട് മടുത്തപ്പോൾ ആരാണീ ഷക്കീല എന്ന് കാണാനുള്ള ആഗ്രഹം കൊണ്ട് ഞങ്ങൾ കിന്നാരതുമ്പികൾ കാണാൻ തിരുമാനിച്ചു. സത്യം സത്യമായിട്ടു പറഞ്ഞാൽ ആദ്യമായി തിയറ്ററിൽ നിന്നും കാണുന്ന ഒരു നീലചിത്രം കിന്നാരതുമ്പികളാണു. നല്ല തുടക്കം അല്ലേ. അന്ന് ആ സിനിമ തിയറ്ററിൽ ഒരു മാസത്തിലേറയായി ഓടികൊണ്ടിരിക്കുന്നു.എന്നിട്ടും സാമാന്യം നല്ല തിരക്ക്. ഈ സിനിമ എന്താണെന്നോ എങ്ങിനെ ആയിരിക്കും എന്നോ ഞങ്ങൾക്ക് ആർക്കും ഒരു ധാരണയും ഇല്ലായിരുന്നു. കാരണം ഇതിനു മുൻപ് ഇത്തരത്തിലുള്ള സിനിമ ഞങ്ങളിൽ ആരും തന്നെ കണ്ടിട്ടിലായിരുന്നല്ലോ.
അങ്ങിനെ സിനിമ തുടങ്ങി. ലൊക്കേഷനും സലീം കുമാറിനെയും ഒക്കെ കണ്ടപ്പോൾ ആദ്യം തോന്നിയത് ഇതാണോ ഇത്ര വലിയ പടം എന്നാണു. എന്നാൽ സിനിമ മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലായി ഇത് ഒരു “വലിയ” പടം തന്നെയാണേ... എന്ന്. അങ്ങിനെ ഐശ്വര്യപൂർവ്വമായ ഉദ്ഘാടനത്തിനു ശേഷം അടുത്ത ഷക്കീല ചിത്രത്തിനായുള്ള ആവേശപൂർവ്വമായ കാത്തിരിപ്പ് തുടങ്ങി. ഇന്നും നല്ല ഓർമയുണ്ട് മനോരമ പേപ്പറിൽ ഒരു പരസ്യം. മാസ്മരിക സുന്ദരി, കിന്നാരത്തുമ്പി നായിക ഷക്കീലയുടെ രാക്കിളികൾ നാളെ മുതൽ... എന്ന്. പിറ്റേ ദിവസം 10 മണിക്കു തന്നെ തിയറ്ററിനു മുന്നിൽ എത്തിയ ഞങ്ങൾ ഞെട്ടിപ്പോയി. ഇത്രയും തിരക്ക് അതിനു മുൻപ് ആറാം തമ്പുരാൻ റിലീസ് ചെയ്ത് അന്നാണു കണ്ടതു. എന്തായാലും ഇടിച്ചു കേറി ടിക്കറ്റ് കൈക്കലാക്കി. തിയറ്റർ House Full. സിനിമ തുടങ്ങിയപ്പോൾ മുതൽ ഷക്കീലക്ക് വേണ്ടിയുള്ള ആർപ്പു വിളികളായിരുന്നു. അങ്ങിനെ സിനിമയുടെ പകുതിയിൽ വെച്ച് (അങ്ങിനെ ആണെന്നാണു ഓർമ) ഷക്കീല രംഗപ്രവേശനം ചെയ്തു. തിയറ്റർ ഇളകി മറിഞ്ഞു. കൈയ്യടികളും കൂകി വിളികളുമായി ബഹളമയം. മലയാള സിനിമയിൽ ഒരു സ്ത്രീ കഥാപാത്രത്തിനും തിയറ്ററിൽ ഇത്രയ്ക്ക് ഗംഭീരമായ ഒരു വർവേല്പ് ലഭിച്ചിട്ടുണ്ടാവില്ല. കിന്നാരതുമ്പികളൊളം എത്തിയിലെങ്കിലും രാക്കിളികൾ ഷക്കീല ആരാധകരെ നിരാശപ്പെടുത്തിയില്ല. പിന്നെ അങ്ങോട്ട് നമ്മുക്കറിയാം നീല ചിത്രങ്ങളുടെ പ്രളയം തന്നെ ആയിരുന്നു. ആദ്യത്തെ ഷോ തന്നെ കണ്ടിലെങ്കിൽ പിന്നെ കട്ട് ചെയ്താലോ എന്ന പേടി കാരണം. എത്ര വെള്ളിയാഴ്ച്ചകൾ ഞങ്ങളുടെ ക്ലാസുകൾ ഞങ്ങൾ കട്ട് ചെയ്തിരിക്കുന്നു. അങ്ങിനെ ഷക്കീല മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടി ഉള്ള ആദ്യത്തെ നടിയായി മാറി. കിന്നാരതുമ്പികളുടെ സംവിധായകൻ
R J പ്രസാദും ഷക്കീലയും വീണ്ടും ഒന്നിച്ച സിനിമയാണു മഞ്ഞുകാലപക്ഷി . തിയറ്റര്‍ വീണ്ടും ജനസമുദ്രമായി. എന്നാൽ ആ കൂട്ടുകെട്ടിനു ചീത്ത പേരുണ്ടാക്കുന്നതായിരുന്നു ആ സിനിമ. മറ്റൊരു കിന്നാര തുമ്പി പ്രതീക്ഷിച്ചെത്തിയ ഞങ്ങൾക്കു മുന്നിൽ ഷക്കീല മഞ്ഞ നിറമുള്ള സാരി ഉടുത്ത് വെറുതെ ഇങ്ങനെ നടക്കുകയാണു. അന്നെന്തായാലും R J പ്രസാദിന്റെ അഛൻ ഒരുപാട് തുമ്മിയിട്ടുണ്ടാവും ഉറപ്പ്. കല്ലുവാതിക്കൽ കത്രീന, ലവ്ലി, സ്വർണം, കാതര തുടങ്ങി ഒരുപാട് ഷക്കീല ചിത്രങ്ങൾ മലയാള സിനിമാ ബോക്സ് ഓഫീസിൽ കാശു വാരി. ഷക്കീലക്കൊപ്പം മറിയയും രേഷമയും സിന്ധുവും സജിനിയുമൊക്കെ സൂപ്പർ താരങ്ങളായി. പക്ഷെ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടല്ലോ. മീശമാധവൻ എന്ന ഗംഭീരഹിറ്റ് വന്നതിനു ശേഷം മലയാള സിനിമയിൽ നീല ചിത്രങ്ങളുടെ സ്വാധീനം കുറയാൻ തുടങ്ങി. അങ്ങിനെ പതിയെ പതിയെ ഇത്തരം ചിത്രങ്ങൾ മെയിൻ സെന്ററുകളിൽ റിലീസ് ചെയ്യുന്നത് അവസാനിപ്പിച്ചു. താരറാണി ഷക്കീലയുടെ ആധിപത്യം തകർത്ത് സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും വീണ്ടും തിരിച്ചു വന്നു. പക്ഷെ ഷക്കീലയുടെ താരമുല്യം സൂപ്പർ സ്റ്റാർ വരെ അംഗീകരിച്ചതാണു അതുകൊണ്ടാണല്ലോ സ്ത്രീ പ്രേക്ഷകർക്ക് ഷക്കീലയെ തിയറ്ററിൽ കാണാൻ ഭാഗ്യമുണ്ടായത്‌. ചോട്ടാമുബൈ കണ്ട് കൊണ്ടിരിക്കുമ്പോൾ ഷക്കീലയെ കാണിക്കുന്ന സമയം അപ്പോൾ ഇതാണല്ലേ ഷക്കീല എന്ന് ഒരു ചേച്ചി പിറുപിറുക്കുന്നത് വ്യക്തമായി ഞങ്ങൾ കേട്ടതാണു. ഷക്കീലയുടെ ഭംഗി കണ്ടിട്ടുള്ള അസൂയ ആണു ആ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്നത്. ഒരു നീണ്ട കാലയളവ് മലയാളികളുടെ സൗന്ദര്യ സങ്കല്പങ്ങൾ മാറ്റി മറിച്ച ഷക്കീല വീണ്ടും വരികയാണു. മലയാള സിനിമയിൽ നിറങ്ങൾ ചാലിക്കാൻ.
കാത്തിരിക്കാം മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർ സ്റ്റാറിന്റെ രണ്ടാം വരവിനായി...!

അങ്ങാടി തെരു.


തർക്കങ്ങൾ കാരണം പുതിയ മലയാള സിനിമകളുടെ റിലീസുകൾ എല്ലാം മാറ്റി വെച്ചിരിക്കുകയാണു. ഈ വർഷത്തെ വിഷു അങ്ങിനെ ഒരു നനഞ്ഞ പടക്കമായി മാറി. ആഴ്ച്ചയിൽ 6 ദിവസവും സിനിമയ്ക്ക് പോകുന്ന ഞങ്ങളെപ്പോലുള്ളവരാണു ഇതിൽ ഏറ്റവും കൂടുതൽ നിരാശരായത്. എന്നാൽ ഇന്നലെ കണ്ട ഒരു തമിഴ് സിനിമ എല്ല്ലാ നിരാശകളെയും മായിച്ചു കളഞ്ഞു.
വെയിൽ എന്ന ചിത്രം സംവിധാനം ചെയ്ത വസന്ത ബാലന്റെ മൂന്നാമത്തെ സിനിമ അങ്ങാടി തെരു.
അടുത്ത കാലത്തായി തമിഴിൽ ഇറങ്ങിയ സുബ്രമണ്യപുരം, വെണ്ണിലാ കബടിക്കൂട്ടം, റെനിഗുഡ തുടങ്ങിയ സമൂഹത്തിലെ താഴേക്കിടയില്ലുള്ളവരുടെ കഥ പറയുന്ന പരീക്ഷണ ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന സിനിമയാണു ഇത്. എന്നാൽ ഈ സിനിമകളിൽ നിന്നുമൊക്കെ അങ്ങാടി തെരുവിനെ വ്യത്യസ്ഥമാക്കുന്നത് ഈ സിനിമയിൽ യാതൊരു വ്യത്യസ്ഥതയും ഇല്ല എന്നതാണു. ഇതിലെ നായകൻ ഒരു തവണ പോലും അമാനുഷികനാവുന്നില്ല. ഒരിക്കൽ പോലും കഥ സ്വഭാവികത കൈ വിടുന്നില്ല. നമ്മുടെ നിത്യജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അതേ സംഭവങ്ങൾ യാതൊരു പൊടിപ്പും തൊങ്ങലും കൂടാതെ അതേപടി അവതരിപ്പിച്ചിരിക്കുകയാണു സംവിധായകൻ.
ഇതിലെ നായകൻ പുതുമുഖമാണു. നായിക കട്രത് തമിഴ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള അഞ്ജലി. വല്ലാത്തൊരു ഇഷ്ടം പ്രേക്ഷകർക്ക് തോന്നിപ്പിക്കും വിധത്തിലുള്ള അഞ്ജലിയുടെ അഭിനയമാണു ഈ സിനിമയിൽ എടുത്ത പറയേണ്ട മറ്റൊരു ഘടകം. അവൾ അപ്പടി ഒന്നും അഴകല്ലാ എന്ന് തുടങ്ങുന്ന ഗാനം സിനിമ കഴിഞ്ഞാലും നമ്മൾ മൂളിക്കൊണ്ടിരിക്കും.സാധാരണ തമിഴ് സിനിമകളിൽ കഥയുമായി യാതൊരു ബന്ധവും ഇല്ലാത്ത കോമഡി സീനുകൾ ഉണ്ടാവാറുണ്ട്. അതുപോലെ ഈ സിനിമയിലും കഥയുമായി ഒരു ബന്ധവും ഇല്ല എന്ന് തോന്നിപ്പിക്കുന്ന സീനുകൾ ഉണ്ട്. പക്ഷെ അത് ഈ സിനിമയെ കൂടുതൽ ആസ്വാദകരമാക്കുകയാണു ചെയ്യുന്നത്.ശരിക്ക് പറഞ്ഞാൽ നമ്മുക്ക് ചുറ്റും നടക്കുന്ന ജീവിതമല്ല ഈ സിനിമയിൽ. നമ്മുക്ക് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന എന്നാൽ നമ്മുക്ക് കാണാൻ സാധിക്കാതെ പോകുന്ന ജീവിത സത്യങ്ങള്‍ ആണു ഇതിൽ. കഴിയുമെങ്കിൽ ഈ സിനിമ കാണുക.ഇതു ഒരു മഹത്തായ സിനിമ അല്ലെങ്കിൽ കൂടി ജനകനും പാപ്പി അപ്പച്ചയും പ്രമാണിയും ഒക്കെ കണ്ട് മരവിച്ചിരിക്കുന്ന സിനിമാ മനസാക്ഷിക്ക് വളരെയധികം ആശ്വാസം നല്കും ഈ സിനിമ തീർച്ച.

ആരവങ്ങളിലാതെ നൂറാം ദിവസത്തിലേക്ക്


100 ദിവസം ഓടുന്ന സിനിമകളുടെ കാലം കഴിഞ്ഞു എന്ന് “മഹാനായ” സംവിധായകൻ പ്രിയദർശൻ പറഞ്ഞ് നാക്ക് വായിലേക്കിടുന്നതിനു മുൻപേ 125 ദിവസം നല്ല അന്തസായി ഓടിയ സിനിമയാണു വെറുതെ ഒരു ഭാര്യ. പ്രിയൻ സാർ ചിലപ്പോള്‍ തന്റെ തന്നെ സിനിമകളെക്കുറിച്ച് ആയിരിക്കും ഉദ്ദേശിച്ചിരിക്കുക. ഈ അടുത്ത കാലത്തായി 100 ദിവസങ്ങൾ “ശരിക്കും” തിയറ്ററിൽ ഓടുന്ന പടങ്ങൾ കുറവണു. പക്ഷെ സൂപ്പർ സ്റ്റാറിന്റെ എല്ലാ ചിത്രങ്ങളും 100 ദിവസം പിന്നിടാറുണ്ട്. ചുരിങ്ങിയ പക്ഷം 75 ദിവസമെങ്കിലും. അഞ്ചാമത്തെ ദിവസം 25 ദിവസത്തെ പോസ്റ്ററും രണ്ടാമത്തെ ആഴ്ച്ച 50 ദിവസത്തെ പോസ്റ്ററും ഇനി എങ്ങാനും പടം 3 ആഴ്ച്ച ഓടിയാൽ മഹത്തായ 75 ദിവസത്തെ പോസ്റ്ററും അത് കഴിഞ്ഞ് ശരിക്ക് 4 ആഴ്ച്ച തികച്ച് കളിച്ചാൽ വിജയാഘോഷത്തിന്റെ 100 നാളുകൾ എന്ന നീളൻ പോസ്റ്ററുകൾ നാടൊട്ടുക്ക് ഒട്ടിച്ച് കൊണ്ടാടാനുമുള്ള ആ ഒരു തൊലിക്കട്ടി ഈ അടുത്ത കാലത്ത് വരെ സൂപ്പർ സ്റ്റാറിനു മാത്രമേ ഉണ്ടായിരുന്നുള്ളു . എന്നാൽ ഈയിടയായി മെഗാസ്റ്റാറും ഇതേ പാത പിന്തുടരുന്നുണ്ട്. ഇങ്ങനെ പോസ്റ്റർ മാജിക്ക് കൂടാതെ ഒരു പടം 2010 ൽ 100 ദിവസം പിന്നിടാൻ പോവുകയാണു. ഈ വർഷത്തെ ആദ്യത്തെ മെഗാ ഹിറ്റ്. ജയറാം-ഇന്ദ്രജിത്ത്-ജയസൂര്യ കൂട്ടുകെട്ടിന്റെ ഹാപ്പി ഹസ്ബന്റ്. ജനുവരി 14 നു റിലീസ് ചെയ്ത ഹാപ്പി ഹസ്ബന്റ് നിലവാരമുള്ള ഒരു സിനിമ അല്ലാതിരിന്നിട്ടു കൂടി വൻ വിജയം നേടി. പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതിൽ ഉപരി ഒരു മഹത്തായ സൃഷ്ടി ഉണ്ടാക്കണം എന്ന ലക്ഷ്യം സംവിധായകനു ഉണ്ടായിരുന്നില്ല താനും. എന്തായാലും ഏപ്രിൽ 23 നു ഹാപ്പി ഹസ്ബന്റ്സ് 100 ദിവസം തികയ്ക്കുകയാണു. സൂപ്പർ സ്റ്റാറിനെക്കാളും മെഗാസ്റ്റാറിനേക്കാളും വിജയ ശതമാനം ഉള്ള നടൻ ജയറാം ആണെന്ന സത്യം സൗകര്യപൂർവ്വം വിസ്മരിച്ച മലയാള സിനിമയക്ക് തുടർച്ചയായി 3 വർഷങ്ങളിലും 100 ദിവസം ഓടിയ ഹിറ്റുകൾ (2008 - വെറുതെ ഒരു ഭാര്യ, 2009- ഭാഗ്യ ദേവത) സമ്മാനിച്ചു കൊണ്ട് മറുപടി പറഞ്ഞ ജനപ്രിയ നായകനു അഭിനന്ദനങ്ങൾ..

TD ദാസൻ സ്റ്റാൻഡേർഡ് VI B


നല്ലൊരു സിനിമ. പക്ഷെ കാണാൻ തിയറ്ററിൽ ഞങ്ങളുൾപ്പെടെ 28 പേരു. റിലീസ് ചെയ്ത് നാലാമത്തെ ദിവസത്തെ ഫസ്റ്റ് ഷോക്കാണു ഈ അവസ്ത്ഥ. വമ്പൻ താര നിരയുടെയൊ വിതരണക്കാരന്റെയൊ സാന്നിധ്യമില്ലാത്ത സിനിമകളുടെ നേരെ മുഖം തിരിച്ചു കളയുന്ന മലയാളികളുടെ സ്വഭാവ സവിശേഷതയ്ക്ക് മറ്റൊരു ഉദ്ദാഹരണം കൂടി. TD ദാസൻ സ്റ്റാൻഡേർഡ് VI B. സിനിമയുടെ പേരിൽ കാണുന്ന കൗതുകം കൊണ്ടെങ്കിലും പ്രേക്ഷകർ ഈ സിനിമ കാണാൻ തിയറ്ററുകളിൽ എത്തി ഇതൊരു ശരാശരി വിജയമെങ്കിലും ആയിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചു പോവുകയാണു. എങ്കിലെ ഇതു പോലെയുള്ള പ്രമേയങ്ങളുമായി ഇനിയും മുന്നോട്ട് വരാൻ ആളുകൾക്ക് ധൈര്യം കാണു. കാല്ക്കാശിനു കൊള്ളില്ലാത്ത ചില സൂപ്പർതാര ചിത്രങ്ങൾ നിർമിക്കുകയും വിതരണതിനെടുക്കുകയും ചെയ്ത് രണ്ടാം ദിവസം തന്നെ ഹോൾഡ് ഓവറാകുമ്പോൾ തിയറ്ററുകാർക്ക് അങ്ങോട്ട് കാശുകൊടുത്ത് ഓടിക്കാൻ പാടുപെടുന്ന നിർമാതാക്കളും വിതരണക്കാരും ഇത്തരത്തിലുള്ള സിനിമകളെ കൂടി പ്രോൽസാഹിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെയുള്ള പരീക്ഷണങ്ങൾ മലയാള സിനിമയിൽ ഇനിയും ഉണ്ടാവും. ഉണ്ടാവണം...!

ഇറങ്ങുന്നതിനു മുൻപേ പൊളിയുന്ന സിനിമകൾ


ചില സിനിമകൾ അനൗൺസ് ചെയുമ്പോഴെ പ്രേക്ഷകർക്ക് അതിനെ കുറിച്ചുള്ള പ്രതീക്ഷകൾ ആരംഭിക്കാൻ തുടങ്ങും. അതിന്റെ ചിത്രീകരണ വിശേഷങ്ങൾ ആവേശപൂർവ്വം വീക്ഷിക്കുകയും പടം തിയറ്ററിൽ എത്തുമ്പോൾ ആവേശം ഇരട്ടിയായി തിയറ്ററുകളിലേക്ക് ഓടിയെത്തുകയും ചെയ്യും. അതിനു കാരണം ആ സിനിമയിലെ നടനും സംവിധായകനും ചേർന്ന് ഉണ്ടാക്കിയിട്ടുള്ള മുൻ വിജയ ചിത്രങ്ങളുടെ സ്മരണകളാണു. ഈ സ്മരണകളാണു ജനത്തെ താരരാധനയ്ക്ക് ഉപരി തിയറ്ററുകളിൽ എത്തിക്കുന്ന മറ്റൊരു ഘടകം. എന്നാൽ ഈ പ്രതീക്ഷകൾക്കൊത്ത് സിനിമ ഉയർന്നിലെങ്കിൽ പരാജയം ഉറപ്പാണു. എന്നാൽ ചില ചിത്രങ്ങളുണ്ട്. വരാൻ പോകുന്നു എന്ന് കേൾക്കുമ്പോഴെ നമ്മൾ വിധിയെഴുതികളയും ഈ സിനിമ വിജയിക്കുകയില്ല എന്ന്. ഇത്തരത്തിലുള്ള ഇറങ്ങുന്നതിനു മുൻപേ പൊളിയുന്ന സിനിമകൾ ഉണ്ടാവുന്നത് നടന്മാരുടെ കുഴപ്പം കൊണ്ടല്ല. സംവിധായകന്റെയും തിരകഥാകൃത്തിന്റെയും മുൻ സിനിമകളുടെ സ്മരണകളും പ്രേക്ഷകർക്കുള്ളിൽ ഉള്ളത് കൊണ്ടാണു. ഇങ്ങനെ മുൻ വിധിയോട് കൂടി ഇറങ്ങുന്ന സിനിമകളിൽ ചിലത് വിജയിക്കാറുണ്ട് എന്നത് സത്യം തന്നെയാണു. പക്ഷെ മിക്കവാറും സിനിമകളും പരാജത്തിന്റെ കയ്പ്നീരു കുടിച്ചവ തന്നെയാണു. മമ്മൂട്ടി - മോഹൻലാൽ ചിത്രങ്ങൾക്കാണു ഇത്തരത്തിലുള്ള പ്രതീക്ഷകളും ദുരനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുള്ളത്. മമ്മൂട്ടിയുടെ മായാബസാറും മോഹൻലാലിന്റെ കോളേജ് കുമാരനും ഭഗവാനുമെല്ലാം ഇത്തരത്തിലുള്ള സിനിമകൾ ആയിരുന്നു. ഈ വിഷുവിന്റെ റിലീസ് ചെയുമെന്ന് പ്രതീക്ഷിച്ചിരുന്ന അലക്സാണ്ടർ ദി ഗ്രേറ്റ് ആണു ഇങ്ങനെ ഇറങ്ങുന്നതിനു മുൻപെ പൊളിഞ്ഞ മറ്റൊരു സിനിമ . പക്ഷെ ഈ സിനിമ പരാജയപെടാതിരിക്കട്ടെ എന്നാണു ഞങ്ങളുടെ ആഗ്രഹം. കാരണം ഒരു കാലത്ത് മലയാളത്തിലെ വമ്പൻ നിർമ്മാതാവയിരുന്ന VBK മേനോൻ ആണു ഇത് നിർമ്മിക്കുന്നത്. ഇദ്ദേഹത്തിന്റെ ദേവാസുരവും അഭിമന്യുവുമൊക്കെ എക്കാലത്തെയും വലിയ ഹിറ്റുകളായിരുന്നു. ഒരു യാത്രാമൊഴിക്കു ശേഷം നിർമ്മിച്ച ബിഗ്ബഡ്ജറ്റ് ചിത്രമായ ദുബായ് ബോക്സ് ഓഫീസിൽ തകർന്നു വീണതോടെ VBK മേനോൻ എന്ന നിർമാതാവ് കുറച്ച് നാളത്തേക്ക് മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷനായി. രണ്ടാം വരവിൽ അദ്ദേഹത്തെ ഭാഗ്യം തുണയ്ക്കുമോ എന്ന് കണ്ടു തന്നെ അറിയണം കാരണം അലക്സാണ്ടർ ഗ്രേറ്റ് ആവുമോ എന്ന് കടുത്ത മോഹൻ ലാൽ ആരാധകനു പോലും സംശയമാണു. അവരത് പുറത്ത് പറഞ്ഞില്ലെങ്കിൽ കൂടി..!

പുള്ളിമാന്‍


കേരള പോലീസ് എന്ന സിനിമ കണ്ട അന്ന് തിരുമാനമെടുത്തതാണു ഇനി ഇതുപോലെയുള്ള കലാഭവൻ മണി സിനിമകൾ കാണുകയില്ല എന്ന്. എന്ന് കരുതി അതിനു ശേഷം വന്ന കബഡി കബഡിയും ബുള്ളറ്റും ആയിരത്തിൽ ഒരുവനുമൊന്നും കാണാതിരുന്നില്ല കേട്ടോ ആദ്യത്തെ ഷോ കാണുന്നതിനു പകരം അത് മാറ്റിനി, ഫസ്റ്റ് ഷോ.. സെക്കൻഡ് ഷോ എന്നിങ്ങനെയിലേക്ക് മാറ്റി. പക്ഷെ അവസാനം ഇറങ്ങിയ മലയാളി കണ്ടതോടെ ഉറപ്പിച്ചു ഇനി ഒരിക്കലും മണിയുടെ സിനിമകൾ ആദ്യ ദിവസം കാണുന്ന പരിപാടി ഇല്ലെന്ന്. മാക്സിമം 3 ദിവസം എങ്കിലും കഴിഞ്ഞിട്ടേ കാണു അതിനിടയിൽ ഹോൾഡ് ഓവർ ആയി പടം മാറിയാൽ കാണാതെ രക്ഷപ്പെട്ടുവല്ലോ എന്നതാണു ഈ തിരുമാനത്തിന്റെ പിന്നിലുള്ള രഹസ്യം. അതു കൊണ്ട് തന്നെ വിഷു റിലീസ് ആയ മണിചിത്രം അല്പം വൈകിയാണു കണ്ടത്. നേരത്തെ കണ്ടത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലല്ലോ. പുള്ളി മാൻ എന്നാണു ഈ സിനിമയുടെ പേരു. അല്ലെങ്കിലും മണിയുടെ ചിത്രങ്ങളുടെ പേരിൽ എന്തിരിക്കുന്നു. എന്തെങ്കിലും ഒക്കെ പേരു ഇടുക ആണ്ടവൻ, പായും പുലി, രക്ഷകൻ അങ്ങിനെ അങ്ങിനെ .... നായിക മീരാനന്ദൻ ആണു. പുതിയ മുഖം ഹിറ്റ് ആയിട്ടും ഈ നടിക്ക് നല്ല സിനിമകളിൽ ഒന്നും ചാൻസ് കിട്ടാത്തത് എന്താണാവോ.. സംവിധാനവും തിരകഥയും അനിൽ k മേനോൻ ആണു. സ്ഥിരം കലാഭവൻ മണി സിനിമകളുടെ ചേരുവകൾ കുറവാണെങ്കിലും ഒരു വട്ടം തിയറ്ററിൽ ഇരുന്ന് സഹിക്കാൻ പാടാണു പുള്ളിമാനെ.. സഹനശേഷി കുറവുള്ളവർ TV യിൽ ബ്ലോക്ക് ബസ്റ്റർ മൂവിയായി വരുമ്പോൾ കാണുന്നതായിരിക്കും നല്ലത്.

ഞാനെന്താ ചെണ്ടയോ..??


മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകൻ ആണു ഞാൻ. ടെക്നിക്കൽ പെർഫക്ഷനിൽ എന്നെ കഴിഞ്ഞെ വെറെ ഒരാളുള്ളു. പിന്നെ പടം പരാജയപെടുന്നത് .... അത് തിരകഥ മോശമാണെങ്കിൽ ജയിംസ് കാമറൂണിന്റെ അവതാര് വരെ പൊളിയും. ഈ പറയുന്ന സൂപ്പർ സ്റ്റാർസ് ഉണ്ടല്ലോ.. അവരെയൊക്കെ ഈ നിലയിൽ ആക്കിയത് ഞാനാ. അതാരും മറക്കരുത്. കിംഗിലെ ജോസഫ് അലക്സിനെക്കാൾ പവർഫുൾ ആയ ഒരു വേഷം പിന്നീട് ചെയ്യാൻ മമ്മൂട്ടിയ്ക്ക് എപ്പൊഴെങ്കിലും കഴിഞ്ഞിട്ടുണ്ടോ..? അതു പോലെ ആറാം തമ്പുരാനോട് കിടപിടിക്കുന്ന ഒരു ചിത്രം ആരും സംവിധാനം ചെയ്തിട്ടില്ല അതിനു മുൻപും അതിനു ശേഷവും.മോഹൻലാൽ നായക സങ്കല്പങ്ങളുടെ പൂർണത കൈ വരിക്കുന്ന ഇന്ദുചൂഡനെ സൃഷ്ടിക്കാനും ഞാൻ തന്നെ വേണ്ടി വന്നു. ഞാനും കമ്മീഷണർ എന്ന സിനിമയും ഇല്ലായിരുന്നെങ്കില്‍ സുരേഷ് ഗോപി എന്ന സൂപ്പർ താരം തന്നെ ഉണ്ടാവില്ലായിരുന്നു. ഒന്നും മറക്കരുത് രാമാ....!
ഞാൻ അവസാനം സംവിധാനം ചെയ്ത കുറച്ച് പടങ്ങൾ, ഒരു അഞ്ചോ ആറോ സിനിമകൾ പരാജയപ്പെട്ടു ശരി തന്നെ. പക്ഷെ അത് അതിന്റെ തിരകഥാകൃത്തുക്കളുടെ കുഴപ്പമാണു. അല്ലെങ്കിലും ഈ രാജേഷ് ജയരാമനും AK സാജനുമൊക്കെ തിരകഥ എന്താണു എന്ന് പോലും അറിയില്ല. ഇവരുടെ ഒക്കെ വാക്ക് വിശ്വസിച്ച് സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിയ എന്നെ പറഞ്ഞാൽ മതിയല്ലോ..
ഇപ്പോൾ അവസാനം ചെയ്ത ദ്രോണയും പഴയപോലെ ഒക്കെ തന്നെ..പക്ഷെ മമ്മൂട്ടിയ്ക്ക് എന്നെ വിശ്വാസമാണു അതു കൊണ്ടാണല്ലോ വീണ്ടും എനിക്ക് ഡേറ്റ് തന്നത്. അപ്പോൾ തൊട്ട് തുടങ്ങി എല്ലാവർക്കും.. എല്ലാ സൈറ്റുകളിലും ബ്ലോഗുകളിലും എന്നെ പറ്റിയുള്ള പരദൂഷണങ്ങൾ. ഞാൻ മമ്മൂട്ടിയെ വീണ്ടും കുഴിയിൽ ചാടിക്കും, നശിപ്പിക്കും എന്നൊക്കെ എഴുതി വിടുകയാണു പലരും. താണ്ടാവവും നാട്ടുരാജാവും ബാബകല്യാണിയും എന്തിനു അലിഭായ് പൊളിഞ്ഞിട്ട് വരെ മോഹൻ ലാൽ എനിക്ക് ഡേറ്റ് തന്നല്ലോ റെഡ് ചില്ലീസ് ചെയ്യാൻ. അതും പൊട്ടിയപ്പോൾ സാരമില്ല അടുത്ത പ്രാവശ്യം നോക്കാം എന്ന് പറഞ്ഞ് വീണ്ടും ഡേറ്റ് തന്നു രാമൻ പോലീസിനു. അതാണ്‌ സ്നേഹം. അപ്പോഴൊന്നും ആർക്കും ഒരു പരാതിയും ഇല്ലായിരുന്നല്ലോ.
മമ്മൂട്ടി വീണ്ടും ഞാനുമായി ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ എല്ലാവർക്കും കുഴപ്പം. എനിക്ക് തോന്നുന്നത് എന്റെ വളർച്ചയിൽ അസൂയ പൂണ്ട സിനിമാരംഗത്ത് തന്നെ ഉള്ള ആരോ ആണു ഇതിന്റെ പിന്നിൽ എന്നാണു. എല്ലാവരോടും കൂടി എനിക്ക് ഒന്നേ പറയാനുള്ളു
നീ പോ മോനെ ദിനേശാ.....

അമ്മയുടെ സഖാക്കൾ.


കേരളത്തിലെ ശക്തമായ ഒരു രാഷ്ട്രീയ പാർട്ടിയാണു കമ്മ്യുണിസ്റ്റ് പാർട്ടി. ഇതിലെ മെമ്പർമാർക്ക് പാർട്ടിയുടെ നയങ്ങളെ എത്ര വേണമെങ്കിലും വിമർശിക്കാം തിരുമാനങ്ങളിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കാം പക്ഷെ ഇതെല്ലാം അതിന്റെതായ വേദികളിൽ വെച്ച് വേണം എന്ന് മാത്രം. അതിനു ബ്രാഞ്ച് കമ്മറ്റികൾ, ലോക്കൽ കമ്മറ്റികൾ, ഏരിയാ കമ്മറ്റികൾ എന്നിവ ഉണ്ട് താനും. ഇവിടെ വെച്ച് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം പാർട്ടി തിരുമാനം അംഗീകരിക്കപ്പെട്ടാൽ അത് അനുസരിക്കേണ്ട ബാധ്യത പാർട്ടി മെമ്പർമാർക്കുണ്ട്. പിന്നീട് ഇതേ പറ്റിയുള്ള പരസ്യ വിമര്‍ശനങ്ങളും പ്രസ്താവനകളും അച്ചടക്കത്തിനു നിരക്കാത്തതായി കണക്കുകൂട്ടും. തിരുത്താൻ തയ്യാറായിലെങ്കിൽ പിന്നെ പാർട്ടിയുടെ പുറത്താണു കാരണം പാർട്ടിയാണു വലുത് വ്യക്തികളല്ല.ഇപ്പോൾ ചില ജീർണതകൾ ബാധിച്ചിട്ടുണ്ടെങ്കിലും ഈ കേഡർ സ്വഭാവമാണു അനവധി കണ്ണികളുണ്ടായിട്ടും കമ്യുണിസ്റ്റ് പാർട്ടിയുടെ ശക്തി.
എന്നാൽ ഇതിനെ കവച്ചു വെക്കുന്ന പ്രകടനമാണു ഇപ്പോൾ കേരളത്തിലെ മറ്റൊരു സംഘടന കാഴച്ച വെച്ച് കൊണ്ടിരിക്കുന്നത്. മറ്റാരുമല്ല കാമറക്ക് മുൻപിലും പിൻപിലും നന്നായി അഭിനയിക്കാൻ കഴിയുന്ന അമ്മയുടെ മക്കൾ തന്നെ.തിലകൻ പൊട്ടിത്തെറിച്ചപ്പോൾ മലയാളി സമൂഹം അതിനെ ഒരു വയസന്റെ ജല്പനങ്ങൾ മാത്രമായി തള്ളികളയുകയാണു ഉണ്ടായത്.എന്നാൽ ഇടവേളയോടടുക്കുമ്പോൾ ചിത്രം ഏകദേശം വ്യകതമായി തുടങ്ങുന്നു.. തീയിലാതെ ഒരിക്കലും പുകയുണ്ടാവില്ല എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന പോലെ പൊട്ടിത്തെറികൾ അങ്ങിങ്ങായി ഉണ്ടായികൊണ്ടിരിക്കുന്നു. തിലകനെ അനുകൂലിച്ച് മാളയും ഇന്ദ്രൻസും വന്ന പോലെ ഫിലിം ചേമ്പറിനെ അനുകൂലിച്ച് സുരേഷ് ഗോപിയും രംഗത്തു വന്നു. പക്ഷെ പിന്നീടുണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് ഞാൻ ജീവിച്ചിരിപ്പില്ല എന്ന് വരെ പറയേണ്ട ഗതികേട് ഉണ്ടായി അല്ലെങ്കിൽ ഉണ്ടാക്കി സുരേഷ് ഗോപിക്ക്. അച്ചടക്കത്തിന്റെ പടവാൾ കാട്ടി അദ്ദേഹത്തെ നിശബ്ദനാക്കി.ഫിലിം ചേമ്പറിന്റെ തിരുമാനം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ ഭരത് അവാർഡ് നേടിയ ഒരു സൂപ്പർ സ്റ്റാറിനു ഇതാണു അവസ്ഥയെങ്കിൽ അമ്മയിലെ സാദാ അംഗങ്ങളുടെ സ്ഥിതി എന്തായിരിക്കും. രണ്ട് സൂപ്പർ താരങ്ങൾക്കും അവരുടെ റാൻ മൂളികൾക്കും മാത്രമാണോ മലയാള സിനിമയിൽ സ്ഥാനം?. ഈ താൻ പെരിമയും തൊഴുത്തിക്കുത്തും വർഷം ഇറങ്ങുന്ന 100 സിനിമകളിൽ 95 എണ്ണവും പൊളിയുമ്പോഴാണു എന്നോർക്കണം. സിനിമാ പ്രവർത്തകർ ടെലിവിഷനിൽ വരരുത് എന്ന് ഫിലിം ചേമ്പർ പറയുന്നത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണു കാരണം സിനിമകളുടെ പ്രമോഷനുകൾക്കും മറ്റുമായി താരങ്ങൾക്ക് ടിവിയിൽ വന്നേ മതിയാവു. നല്ല സിനിമകൾക്ക് മൗത്ത് പബ്ലിസിറ്റി മതി എന്നത് വെറേ വശം. പരസ്പരം ചെളി വാരിയെറിയാതെ നല്ല സിനിമകൾക്ക് വേണ്ടി പരിശ്രമിച്ച് തിയറ്ററിലേക്ക് പ്രേക്ഷകരെ തിരിച്ച് കൊണ്ട് വരാനാണു സിനിമാ പ്രവർത്തകർ ശ്രമിക്കേണ്ടത് അല്ലാതെ മഹത്തായ സൃഷ്ടികൾ എന്ന പേരിൽ മായബസാറും കോളെജ് കുമാരനുമൊക്കെ പടച്ച് വിട്ടാൽ പിന്നീട് ഈ താരങ്ങൾ ടെലിവിഷനിൽ വന്നാൽ പോലും ജനം തിരിഞ്ഞു നോക്കാത്ത അവസ്ഥയാവും.
ഫിലിം ചേമ്പറിന്റെ തിരുമാനത്തോട് താര സംഘടന സമവായത്തില്‍ എത്താത്തത് മൂലം മലയാള സിനിമയിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണു. പുതിയ റിലീസുകൾ ഇല്ലാതിരിക്കുകയും ഷൂട്ടിംഗ് നിർത്തിവെക്കാനുമൊക്കെയുള്ള തിരുമാനങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ആണു ഉണ്ടാക്കുക. പരസ്പരമുള്ള ചെളി വാരിയെറിയലും കുറ്റപ്പെടുത്തലുകളും അവസാനിപ്പിച്ച് സംഘടനയ്ക്കുള്ളിലെ തെറ്റായ നിലപാടുകൾ തിരുത്തി വിമർശനങ്ങൾക്കും സ്വയം വിമർശനങ്ങൾക്കും വിധേയമായി വീണ്ടും മലയാള സിനിമയുടെ വസന്ത കാലത്തെ തിരികെ കൊണ്ട് വരാൻ ഇവർക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശിക്കാം. തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളും തമിഴ് ചിത്രങ്ങളും ബ്രഹമാണ്ഡ ഹോളിവുഡ് ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകൾ അടക്കി വാഴുന്ന ഒരു കാലം വരാതിരിക്കട്ടെ . കാരണം നമ്മൾ പ്രേക്ഷകർക്ക് സിനിമ നന്നായാൽ മതിയല്ലോ ഭാഷ ഏതായാല്ലും...!

ഞങ്ങളുടെ വിഷു ഇങ്ങനെയൊക്കെ ആയിരുന്നു.


എല്ലാവർക്കും വിഷു ആശംസകൾ.

വിഷുക്കാലം എന്ന് പറയുന്നത് ആഘോഷത്തിന്റെ കാലമാണു.കൊന്നപൂക്കളുടെയും വിഷുക്കണിയുടെയും, പുത്തൻ വസ്ത്രങ്ങളുടെയും, പടക്കങ്ങളുടെയും കൈനീട്ടത്തിന്റെയും ഒക്കെ കാലം. വിഷുവിനെക്കുറിച്ചുള്ള ഓർമകൾ എല്ലാവരും പങ്കുവെക്കുന്നത് ഇങ്ങനെയൊക്കയാണു. എന്നാൽ ഞങ്ങളുടെ വിഷു ഇങ്ങനെയൊന്നും ആയിരുന്നില്ല.വിഷുക്കാല ഓർമകളും. വിഷുവിന്റെ അന്ന് രാവിലെ 6 മണിക്ക് എഴുന്നേറ്റാൽ ഉടൻ പല്ല് തേച്ച് ഓടുകയാണു സിനിമാ തിയറ്ററിലെക്ക്. അത് ഇഷടതാരത്തിന്റെ പടത്തിനല്ല. മറിച്ച് എതിരാളിയായ നടന്റെ സിനിമ കളിക്കുന്ന തിയറ്ററിലേക്കാണു ഞങ്ങൾ ആദ്യം എത്തുക. 8 മണിക്കു തുടങ്ങുന്ന റിസർവേഷനു വേണ്ടി 6 മണിക്കേ ക്യു തുടങ്ങിയിട്ടുണ്ടാവും ക്യുവിനു നീളം കൂടുതൽ ഉണ്ടെങ്കിൽ ചങ്കിടിപ്പാണു.അങ്ങിനെ ഞങ്ങൾ ഒരൊരുത്തരായി പിരിയും എല്ലാവരും അപരിചിതർ. 7 മണിയാവുമ്പോഴെക്കും ഒരു വിധം ആൾക്കൂട്ടം ആയിക്കഴിഞ്ഞിരിക്കും ഞങ്ങൾ ഒന്നിടവിട്ട് വരിയിലും. അപ്പോൾ ഒരാൾ തുടങ്ങും
"ഈ പടം എങ്ങനെ ഉണ്ടാവുമോ എന്തോ.. "
"നന്നായാൽ മതിയായിരുന്നു. രാവിലെ തന്നെ വന്ന് അവസാനം തല്ലിപ്പൊളിയാണെങ്കിൽ ....."
അപ്പോള്‍ ഇതു കേൾക്കുന്ന സാധാരണക്കാരൻ ചിരിക്കും. ഉടനെ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും
"എന്റെ ഒരു ഫ്രെണ്ട് ഇന്നലെ ചെന്നൈയിൽ വെച്ച് പ്രിവ്യു കണ്ടു എന്നാ പറഞ്ഞെ കൊള്ളിലാത്രെ." അപ്പോഴും സാധാരണക്കാരായ ആ പാവം ആളുകൾ മൗനം പാലിക്കും. ഉടനെ വീണ്ടും
"പോട അത് ചുമ്മാ പറഞ്ഞതായിരിക്കും "
"അതെ ചിലപ്പോ അങ്ങിനെ ആയിരിക്കും അതാ ഞാൻ കാണാം എന്ന് വിചാരിച്ചെ."
" പക്ഷെ പോസ്റ്റർ കണ്ടിട്ട് അവൻ പറഞ്ഞത് ശരിയാവാനാ സാധ്യത. ക്ലൈമാക്സ് ഒക്കെ വൻ പോക്കാത്ര.."
"അതിപ്പോ ഈ സംവിധായകന്റെ ഏത് സിനിമയുടെ ക്ലൈമാക്സ് ആണു നന്നായിട്ടുള്ളത്.. "
ഇത്രയും ആവുമ്പോഴെക്കും കേൾവിക്കാരുടെ എണ്ണം കൂടിയിട്ടുണ്ടാവും.അങ്ങിനെ ഇരുപക്ഷത്തും വാദപ്രതിവാദങ്ങളും വാഗ്വാദങ്ങളും ചൂട് പിടിപ്പിച്ച് (രണ്ടും ഞങ്ങൾ തന്നെ) അവസാനം ഒരു 30 ആളെയെങ്കിലും ആ സിനിമ കാണുന്നില്ല എന്ന തിരുമാനമെടുപ്പിച്ച് തിയറ്ററിൽ നിന്ന് പറഞ്ഞയച്ച് വീട്ടിൽ തിരിച്ചെത്തുമ്പോൾ 10 മണി ആയിട്ടുണ്ടാവും. വീട്ടിൽ എത്തിയപാടെ കുളിച്ച് ഭക്ഷണം കഴിച്ച് നമ്മുടെ സ്വന്തം താരത്തിന്റെ പടം കാണാൻ പോയി അവിടെ ആഘോഷമാക്കി 3 മണിക്ക് തിരിച്ച് വന്ന് ഉച്ച ഭക്ഷണവും കഴിച്ചാൽ പകുതി വിഷു തീർന്നു.
വെയിലിനു ഒന്ന് കനം കുറഞ്ഞാൽ തുടങ്ങന്ന ക്രിക്കറ്റ് കളി പന്തിനു പോലും അതിനെ കാണാൻ പറ്റാത്താത്ര ഇരുട്ടാവുമ്പോൾ നിർത്തി വീട്ടിൽ പോയി വീണ്ടും കുളിച്ച് ഭക്ഷണം കഴിച്ചാൽ ഉടൻ എതിർതാരത്തിന്റെ പടം സെക്കന്റ് ഷോ കാണാൻ ഇറങ്ങുകയായി. അത് കണ്ട് പൊളിയാണെങ്കിൽ ആ നടന്റെ ഫാൻസിനെ മുഴുവൻ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി കളിയാക്കി വീട്ടിൽ തിരിച്ചത്തുമ്പോൾ 1.30 മണി. അങ്ങിനെ വളരെയധികം തിരക്കേറിയ ആ വർഷത്തെ വിഷുവിനോടും ഗുഡ്ബൈ പറഞ്ഞ് പതിയെ ഉറക്കത്തിലെക്ക് വഴുതി വീഴും....!
പക്ഷെ കാലങ്ങൾ കഴിയും തോറും ഈ വിഷു ആഘോഷത്തിന്റെ പൊലിമ കുറഞ്ഞ് കുറഞ്ഞ് വന്ന് തുടങ്ങി. സിനിമകൾ വിഷുവിന്റെ അന്ന് റിലീസ് ചെയ്യുന്നത് വിഷുവിനു മുൻപും വിഷുവിനു പിൻപും ആക്കിമാറ്റി. കാലം ഞങ്ങളിലും മാറ്റം വരുത്തി തുടങ്ങി. 2 മാസത്തെ അവധിക്കാലം 2 ആഴ്ച്ചത്തെ സ്റ്റ്ഡി ലീവും പിന്നീടത് ഒരാഴ്ച്ചത്തെ ലീവും ആയി മാറി. ഒപ്പം സിനിമ എന്നത് നേരം പോക്ക് എന്നതിലുപരി ഒരു പാഷനായി മാറി. താരാരാധനയ്ക്ക് അപ്പുറത്തൊരു മനസുമായി സിനിമകൾ കണ്ട് തുടങ്ങിയ കാലത്ത് വിപ്ലവകരമായ തിരുമാനമെടുത്ത് കൊണ്ട് ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ അസോസിയെറ്റാവാൻ ഇറങ്ങിപ്പുറപ്പെട്ടത് ഒരു അവധിക്കാലത്തായിരുന്നു. ഒരു തൊഴിൽ ചെയ്ത് കുറച്ച് കാശ് ചിലവിനു കരുതി വെച്ചതിനു ശേഷം മതി സംവിധായകർ ആകുന്നത് എന്ന് കോടംമ്പക്കത്തെ ജീവിതം പഠിപ്പിച്ച പാഠവുമായ് ഒരു വർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയതും മറ്റൊരു വിഷുക്കാലത്തായിരുന്നു.
ഒരു വിഷുകൂടി കടന്നു പോവുകയാണു ഒപ്പം വിഷുക്കാല സിനിമകളും..
ഈ വിഷുവും ഞങ്ങൾ ആഘോഷിക്കുകയാണു. ഒരു യുവത്വകാലത്തിന്റെ മാത്രം ആഘോഷമല്ല ജീവിതം അത് മറ്റെന്തെക്കൊയോ ആണു... തീർച്ചയായും അത് മറ്റെന്തെക്കെയോ ആണു എന്ന തിരിച്ചറിവോട് കൂടി...!

പാപ്പി അപ്പച്ച


ഈ ബോഗിലെ മുൻ റിവ്യുകൾ വായിച്ചവർ പറയുന്നത് ചിലതെല്ലാം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണു. ജനകൻ “ശരിക്കും” ഒരു ഗംഭീര സിനിമ , താന്തോന്നി “ഉഗ്രൻ” എന്ന റിവ്യുകൾ ഒക്കെ വീണ്ടും വായിച്ചു നോക്കിയപ്പോൾ ആ അഭിപ്രായം ശരിയാണു എന്ന് ഞങ്ങൾക്കും മനസിലായി. അതുകൊണ്ട് തന്നെ ഇപ്രാവശ്യം തെറ്റിദ്ധാരണകൾ ഉണ്ടാക്കാതെ സത്യസന്ധമായി പറഞ്ഞുകൊള്ളട്ടെ. പാപ്പി അപ്പച്ച വളരെ മോശം സിനിമയാണു. (തലനാരിഴ കീറി മുറിച്ച് റിവ്യു എഴുതില്ല എന്ന നിലപാടിൽ മാറ്റമില്ല. അതിനു ചിത്രവിശേഷമോ മൂവിരാഗയോ സന്ദർശിച്ചാൽ മതി)
തമാശ എന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണു ഈ സിനിമയിൽ. കാവ്യമാധവനും പഴയ ഹിറ്റ് ഗാനമായ പാപ്പി .. അപ്പച്ച എന്ന പാട്ടും ഉണ്ട് എന്ന ഒരു മെച്ചം മാത്രം ഉണ്ട് ഇതില്‍ .തിരകഥ ഉദയ് സിബി ടീമിനെ കൊണ്ട് എഴുതിച്ചിരുന്നെങ്കില്‍ കണ്ടിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. വിദ്യാസാഗറിന്റെ പാട്ടുകള്‍ തരകേടില്ല .എന്തായാലും ദിലീപിന്റെ പരാജയ പരമ്പര അങ്ങിനെ വീണ്ടും തുടരുകയാണു. മമ്മൂട്ടിയ്ക്ക് ആശ്വസിക്കാം എന്റെ പടം മാത്രമല്ലല്ലോ വിഷുവിനു ഇറങ്ങിയിട്ട് പൊളിഞ്ഞത് എന്ന്.

പ്രശാന്ത് മാമ്പുള്ളി ആരാന്നാ വിചാരം...!

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭഗവാൻ. 19 മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഭഗവാനു പക്ഷെ 24 മണിക്കൂർ പോലും തികച്ച് തിയറ്ററിൽ കളിക്കാൻ ഭാഗ്യമുണ്ടായില്ല.
മലയാള സിനിമയുടെ പാരമ്പര്യം അനുസരിച്ച് ഇത്രയും കനത്ത പരാജയം നേരിടേണ്ടി വന്ന സംവിധായകനെ അതും ഒരു പുതുമുഖ സംവിധായകനെ എഴുതിത്തള്ളുകയാണു പതിവ്. അത് തന്നെ ഇവിടെയും സംഭവിച്ചു. പ്രശാന്ത് മാമ്പുള്ളി എന്ന സംവിധായകൻ കഴിവില്ലാത്തവനാണു എന്ന വിലയിരുത്തൽ സിനിമാലോകം നടത്തി. ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന് സിനിമ എടുത്ത ആളല്ല പ്രശാന്ത്. സിനിമയിൽ മുൻ പരിചയം വളരെ കുറവായിരുന്നു. വളരെ തഴക്കം ചെന്ന സംവിധായകർ ഇതേ മോഹൻലാലിനെ വെച്ച് തന്നെ ഭഗവാൻ പോലുള്ള സൃഷ്ടികൾ ഇതിനു മുൻപും ഉണ്ടാക്കിയിട്ടുണ്ട്. പൊളി സിനിമകളിൽ അഭിനയിക്കുന്നത് മോഹൻലാലിനു പതിവാണു താനും എന്നിട്ടും പ്രശാന്തിനെ മലയാള സിനിമ ഒതുക്കി. 19 മണിക്കൂർ കൊണ്ട് സിനിമ പൂർത്തിയാക്കിയ പ്രശാന്തിനെ ആരും അഭിനന്ദിച്ചിലെന്നു മാത്രമല്ല വിമർശനങ്ങൾ കൊണ്ട് മൂടുകയാണു ചെയ്തത്.
പ്രശാന്തിനെപ്പോലെ ഒരു പുതുമുഖം അതും ഒരു സഹസംവിധായകൻ പോലും ആവാതെ സിനിമ സംവിധാനം ചെയ്ത ഒരുവൻ പേരെടുക്കുന്നത് മലയാള സിനിമയിലെ താപ്പാനകൾക്ക് സഹിക്കില്ല. (തിലകൻ ഹോളിവുഡ് സിനിമയിൽ അഭിനയിച്ചാൽ ഓസ്ക്കർ കിട്ടും എന്നതു കൊണ്ടാണു തിലകനെ വിലക്കിയത് എന്ന ആരോ പറയുന്നുണ്ടായിരുന്നു.. ആ... ആർക്കറിയാം).
പക്ഷെ പ്രശാന്ത് മാമ്പുള്ളി ഇപ്പോ ആരാ എന്നറിയുമോ.. കന്നഡയിൽ സൂപ്പർഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന സുഗ്രീവ എന്ന ചിത്രത്തിന്റെ സംവിധായകൻ. ഇതിലെ നായകൻ ചിലറക്കാരനല്ല കന്നഡ സൂപ്പർ സ്റ്റാർ ശിവ് രാജ് കുമാർ. അത് 18 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ സിനിമ.
ഇപ്പോഴാണു നമ്മൾ ശരിക്ക് വിളിച്ച് പോകുക
ഭഗവാനേ........................................! എന്ന്.

സന്തോഷ്‌ ജോഗി യാത്രയായി.

മലയാളസിനിമയ്ക്ക് ഇപ്പോ നഷ്ടങ്ങളുടെ കാലഘട്ടമാണു. രാജൻ p ദേവ് , കൊച്ചിൻ ഹനീഫ, മുരളി, ഗീരിഷ് പുത്തഞ്ചേരി ഇപ്പോൾ സന്തോഷ് ജോഗിയും..
മറ്റുള്ളവരെയെല്ലാം നിനച്ചിരിക്കാത്ത സമയത്തു മരണമാണു തേടിച്ചെന്നതെങ്കിൽ ജോഗി മരണത്തെ തേടി ചെല്ലുകയായിരുന്നു.ഇനിയും അണിയാനുണ്ടായിരുന്ന ഒരു പാട് വേഷങ്ങൾ ബാക്കി വെച്ച് ജോഗി യാത്രയായി.

ദൈവമേ വീണ്ടും............!


വല്യേട്ടൻ എന്ന വിജയ ചിത്രത്തിനു ശേഷം നീണ്ട 10 വർഷക്കാലം ഷാജി കൈലാസിനു ഡേറ്റ് നല്കാതിരുന്നതിന്റെ പേരിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ മമ്മൂട്ടി ഡേറ്റ് കൊടുത്തില്ല എന്നതിന്റെ പേരിൽ ഷാജി കൈലാസ് എന്ന സംവിധാന പ്രതിഭയ്ക്ക് ഒട്ടും മങ്ങലേറ്റില്ല എന്ന് മാത്രമല്ല മോഹൻലാൽ, സുരേഷ് ഗോപി എന്നീ താരങ്ങളെ വെച്ച് കൊണ്ട് തന്റെ പണി അനുസൂതം തുടരുകയും ചെയ്തു. എന്തിനു പറയുന്നു ദിലീപിനെ വെച്ച് വരെ ഷാജി കൈലാസ് തന്റെ സംവിധാന പാടവം തെളിയിച്ചില്ലേ.. അവസാനം പ്രിത്വിരാജിനെ വെച്ച് നമ്മുടെ ഹിറ്റ് മേക്കർ ഒരു പടം ചെയ്യാൻ തുടങ്ങിയപ്പോഴാണു മമ്മൂട്ടിക്ക് ബോധോദയം ഉണ്ടായത്. ഇനിയും ഷാജി കൈലാസിനു ഡേറ്റ് കൊടുക്കാതിരുന്നാൽ കുഴപ്പമാണു എന്ന്. ഉടനെ വിളിച്ചു ഡേറ്റ് കൊടുത്തു. അങ്ങിനെ നീണ്ട 10 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു മമ്മൂട്ടി - ഷാജി കൈലാസ് ചിത്രം ആരാധകരുടെ പ്രതീക്ഷകളെ വാനോളമുയർത്തി റിലീസ് ആവുകയും മലയാള സിനിമാ ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ മമ്മൂട്ടി ആരാധകർക്ക് ഒരു “സന്തോഷ വാർത്ത”. മെഗാസ്റ്റാറും മെഗാ ഡയറക്ടറും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ തിരകഥാകൃത്ത് ആവുന്നത് sn സ്വാമി. ജനകന്റെ “വൻ” വിജയത്തിനു ശേഷം sn സ്വാമിയും കൂടി ഈ കൂട്ടുകെട്ടിൽ ചേരുമ്പോൾ ഒരു “സർവ്വകാല ഹിറ്റിൽ” കുറഞ്ഞതൊന്നും മമ്മൂട്ടി ആരാധകർ പ്രതീക്ഷിക്കേണ്ടതില്ല.!

ജയകൃഷ്ണനും ക്ലാരയും വീണ്ടും വരുമ്പോള്‍


മലയാള സിനിമക്ക് ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച് യാത്രയായ അതുല്യ കലാകാരനാണു പത്മരാജൻ . വിശേഷണങ്ങൾ ആവശ്യമിലാത്ത ചലചിത്രകാരൻ. കഥപറച്ചിലുകളിൽ എന്നും ഭ്രമാല്മകമായ സൗന്ദര്യം കാത്തു സൂക്ഷിച്ചിരുന്ന പത്മരാജന്റെ മനോഹരമായ സൃഷ്ടികളിൽ ഒന്നായിരുന്ന തൂവാനത്തുമ്പികളിലെ കഥാപാത്രങ്ങൾ വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണു. പത്മരാജൻ തന്നെ എഴുതിയ ഉദകപ്പോള എന്ന നോവലിൽ നിന്നാണു തൂവാനത്തുമ്പികൾ ഉണ്ടായതെങ്കിൽ പുതിയ കാലത്ത് ഉദകപ്പോള എന്ന നോവൽ മുഴുവനായി സിനിമയാക്കി മാറ്റപ്പെടാന്‍ പോവുകയാണു. ഒരു കാലഘട്ടത്തിലെ സിനിമാ പ്രേക്ഷകർ മുഴുവൻ ആഘോഷമാക്കി മാറ്റിയ ജയകൃഷണന്റെയും ക്ലാരയുടെയും കഥ വീണ്ടും പറയുമ്പോൾ സംവിധായകനാകുന്നത് പത്മരാജന്റെ തന്നെ പ്രിയ സുഹ്രുത്ത് പ്രതാപ് പോത്തൻ ആണു. നോവലിനു ചലച്ചിത്ര ഭാഷ രചിക്കുന്നത് പതമരാജന്റെ മകൻ അനന്തപതമനാഭനും. ഡെയ്സി എന്ന ചിത്രത്തിലൂടെ നഷടപ്രണയത്തിന്റെ നീറുന്ന നോവ് നമ്മെ അനുഭവിപ്പിച്ച പ്രതാപ് പോത്തൻ ഒരു യാത്രാമൊഴിക്കു ശേഷം വീണ്ടും ഒരു മലയാള സിനിമ സംവിധാനം ചെയ്യുമ്പോൾ, അത് പത്മരാജൻ പറയാതെ ബാക്കി വെച്ചു പോയ സ്വപ്നങ്ങളുടെ സാക്ഷാല്ക്കരം തന്നെയാകട്ടെ എന്ന് നമ്മുക്ക് പ്രത്യാശിക്കാം.

സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി.


ഒരു ചുക്കും സംഭവിക്കില്ല. കലയോടുള്ള (സിനിമ,സിനിമ) എന്റെ അടക്കാനാവാത്ത അഭിനിവേശം കൊണ്ടാണു ഞാനിതൊക്കെ ചെയ്യുന്നത്. അല്ലാതെ നീയൊക്കെ വന്ന് കാണും എന്ന് കരുതിയല്ല .ഞാൻ നിർമ്മിച്ച ഏറ്റവും പുതിയ സിനിമ കടാക്ഷം April 8 നു റിലീസ് ആയി. അവാർഡ് പടമാണു എന്ന് പറഞ്ഞ് നിങ്ങൾ ആരും അത് തിയറ്ററിൽ വന്ന് കാണില്ല എന്ന് എനിക്കറിയാം. ഒരുത്തനും വന്നിലെങ്കിലും ഒന്നും സംഭവിക്കില്ല. അല്ലെങ്കിലും സിനിമ വിജയിച്ച് കിട്ടുന്ന പൈസ കൊണ്ടല്ല എന്റെ വീട്ടിൽ ബിരിയാണി വെക്കുന്നത്. ഞങ്ങളുണ്ടല്ലോ പാരമ്പര്യമായിട്ട് പണക്കാരാ.. എന്റെ പറമ്പിൽ വെറുതെ നില്ക്കുന്ന കീഴാർ നെല്ലി പറിച്ച് export ചെയ്താൽ കിട്ടും മാസം 10 -30 കോടി. പിന്നെയാണു....
ഞാൻ നിർമ്മിച്ച ആദ്യത്തെ സിനിമ 8 നിലയിൽ പൊട്ടി. രണ്ടാമത് നിർമിച്ച സിനിമ സംവിധാനം ചെയ്തത് മേനോൻ സാർ ആയിരുന്നു. അത് എന്റെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തെ പോലെ മഹാനായ ഒരു കലാകാരന്റെ കൈകളാൽ എന്റെ സിനിമ സംവിധാനം ചെയ്യപ്പെടുക എന്ന് വെച്ചാൽ തീർച്ചയായും അനുഗ്രഹം തന്നെയാണു. ആ സിനിമ പൊളിഞ്ഞു എന്ന് പറയാൻ പറ്റില്ല. കാരണം അങ്ങിനെ പറഞ്ഞാൽ ശരിക്കും പൊളിഞ്ഞ സിനിമകളുടെ നിർമാതാക്കൾ കേസ് കൊടുക്കും അവരെ അപമാനിച്ചു എന്ന് പറഞ്ഞിട്ട്. പക്ഷെ മൂന്നാമത് ഞാൻ നിർമ്മിച്ച പടമുണ്ടല്ലോ അത് ഒരു സംഭവം തന്നെയായി. അതിനു ഏറ്റവും നല്ല സിനിമക്കുള്ള അവാർഡ് കിട്ടി. ഞാൻ കൃതാർഥനായി. അത് കഴിഞ്ഞ് ഞാൻ നിർമ്മിച്ച പടം ഡോക്യുമെന്ററി പോലെയായി, ബോക്സ് ഓഫീസിൽ തകർന്നു എന്നൊക്കെ ആളുകൾ പറഞ്ഞു നടക്കുന്നു. എന്റെ പടം എന്റെ പൈസ. തകർന്നാലും തരിപ്പിണമായാലും ഇവർക്കെന്താ..? വെറും 5 കോടി രൂപയല്ലേ പോയുള്ളു അത് ഞാനങ്ങ് സഹിച്ചു. എന്റെ വീട്ടിലെ മുഖം തുടക്കുന്ന ടിഷ്യു പേപ്പർ ആയി ഉപയോഗിക്കുന്നത് 1000ന്റെ നോട്ടുകളാണു. ആ എനിക്കാണു ഒരു 5 കോടി....! കാശുള്ളവരോട് എല്ലാവർക്കും അസൂയയാ. ഞാനും സുബൈറും കൂടി നിർമ്മിക്കുന്ന പുതിയ ചിത്രത്തിനു ബജറ്റ് കൂടി കൂടി എന്ന് പറഞ്ഞ എന്തൊക്കെ ബഹളമായിരുന്നു 3 കോടിയിൽ കൂടുതൽ ചിലവ് വരാൻ പാടിലാത്രെ.. എന്ത് മണ്ടത്തരമാണു പറയുന്നതെന്ന് നോക്കിയെ. മിനിമം ഒരു 5 കോടിയെങ്കിലും ഇല്ലാതെ ഒരു മൾട്ടി സ്റ്റാർ ചിത്രം എടുക്കാൻ പറ്റുമോ..? ഇവനെക്കെ എവിടുന്ന് വരുന്നതാവോ എന്തോ..
അപ്പോ പറഞ്ഞ് വന്നത് കടാക്ഷത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട് ഒരു ചെറിയ റോളിൽ. സംവിധായകൻ കൂറെ നിർബന്ധിച്ച കാരണം ചെയ്തതാ. അല്ലാതെ എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. നമ്മുടെ കളരി നാടകമാണല്ലോ. അത് പറഞ്ഞില്ല അല്ലേ.. ഞാൻ ഭയങ്കര നാടക നടനാണു കേട്ടോ. ഒരു പാട് സമ്മാനങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോള്‍ . പിന്നെ ഈ സിനിമ കാണാൻ വരുന്നവർക്ക് ഒരു മെഡിമിക്സ് സോപ്പ് ഫ്രീ ആയി കൊടുക്കുന്നുണ്ട്. ചുമ്മാ വന്ന് കണ്ടിട്ട് പോ.. സോപ്പൊക്കെ തരുന്നതല്ലേ......!

ഞങ്ങള്‍ക്കുമില്ലേ ആഗ്രഹങ്ങള്‍ ..


അമ്മ, ഫെഫ്ക, തിലകൻ, അഴിക്കോടൻ മാഷ്, സൂപ്പർ സ്റ്റാർ, കൂളിംഗ് ഗ്ലാസ്..തേങ്ങാക്കുല.. കൂറെ ദിവസങ്ങളായിട്ടു എന്നും പത്രത്തിലും ടിവിയിലും ഇതൊക്കെ തന്നെ വാർത്ത. ആ ഇന്നസന്റും ഇടവേളയുമൊക്കെ ഞെളിഞ്ഞിരുന്ന് പത്ര സമ്മേളനം നടത്തുന്നു. ടെലിവിഷനിൽ ചർച്ചയിൽ പങ്കെടുക്കുന്നു, പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു.. അല്ല ഇവനൊക്കെ ആരാ...
ഇവിടെ മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളുണ്ട്. എന്നിട്ട് ഒരുത്തൻ പോലും ഞങ്ങടെ അടുക്കൽ വന്നില്ല.. അഹങ്കാരം അല്ലാതെന്ത.. ഒരുത്തനേം വിടില്ല. നീയൊക്കൊ കൂറെ ടീവിയിൽ ഷൈൻ ചെയ്തതല്ലേ ഇനി ഏതവനെയെങ്കിലും ആ പെട്ടിയിൽ കണ്ടാൽ പിന്നെ നിന്റെയൊന്നും മോന്ത ജീവിതത്തിൽ തീയറ്ററിൽ കാണുവേല്ല..ചേമ്പറിനോടാ കളി...! പണ്ടു ഇതു പോലെ വിലക്കിയപ്പോൾ എല്ലാരും കൂടി ഒരുമിച്ച് പാലം വലിച്ച് ഞങ്ങളെ പറ്റിച്ചു. നിങ്ങൾ ഇനി അഭിനയിക്കില്ല.. മലയാള സിനിമ നശിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച പോലെ ഇത്തവണ നടക്കില്ല മക്കളെ..നീയൊന്നും അഭിനയിച്ചിലെങ്കില്ലും ഞങ്ങൾക്ക് ഒരു ചുക്കും വരാൻ പോകുന്നില്ല. തമിഴിൽ നിന്നും ഹിന്ദിയിൽ നിന്നും ഹോളിവുഡിൽ നിന്നുമൊക്കെ നല്ല സൂപ്പർ സിനിമകൾ വിതരണത്തിനെടുത്ത് ഞങ്ങൾ ഇവിടെ കളിപ്പിക്കും. നിങ്ങടെയൊക്കെ പടത്തിനു 10 ദിവസം കഴിയുമ്പൊൾ 50 ദിവസത്തിന്റെ പോസ്റ്റർ ഒട്ടിക്കുന്ന പോലെ ആവില്ല. ഇതെന്നും..
ഇപ്രാവശ്യം ഒരു ഒത്തു തീർപ്പും ഇല്ല. ഒന്നുങ്കിൽ ടിവി അല്ലെങ്കിൽ തിയറ്റര്‍ ..
ഇനി ഈ പ്രശ്നത്തിൽ ഞങ്ങളും പങ്കെടുക്കട്ടെ ടെലിവിഷനിൽ ചർച്ചയിൽ. ബാക്കി അവിടെ പറയാം.....!

ജനകന്‍ "ശരിക്കും" ഒരു ഗംഭീര സിനിമ


5 വർഷത്തിനിടയ്ക്ക് 29 സിനിമകൾ. അതിൽ 3 എണ്ണം ഒഴിച്ച് ബാക്കിയെല്ലാം കനത്ത പരാജയങ്ങൾ. ഒരു നടൻ എന്നന്നേക്കുമായി സിനിമാ രംഗത്തു നിന്നും പുറത്താവാൻ ഇതൊക്കെ ധാരാളം .. പക്ഷെ നമ്മുടെ നായകൻ ഇന്നും മലയാള സിനിമയിൽ തിളങ്ങി നില്ക്കുന്നു. റിലീസ് ദിവസമടക്കം ഒരു ഷോ പോലും house full ആവാത്തത്ര ജനപ്രീതിയായിട്ടു പോലും 10ഓളം സിനിമകളാണു ഇദ്ദേഹത്തിന്റെതായി റിലീസും കാത്ത് പെട്ടികളിൽ വിശ്രമിക്കുന്നത്.. 15 ഓളം സിനിമകളിൽ ആണു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്..അതും വൻ സംവിധായകരുടെ സിനിമകൾ. ഇതൊക്കെ പോരാഞ്ഞിട്ട് 2015 വരെ ഡേറ്റ് ഇല്ല എന്നതു കൂടി അറിയുമ്പോഴാണു നമ്മൾ സമ്മതിച്ചു പോകുക ദേശിയ പുരസ്ക്കാരം വരെ നേടിയിട്ടുള്ള ഈ നടൻ മലയാള സിനിമയിലെ ജീവിക്കുന്ന ഇതിഹാസം തന്നെയാണു എന്ന്‍.....!എന്നാൽ എല്ലാം ഇനി പഴങ്കഥകളാണു....
നല്ല മഴയുള്ള ദിവസമായതു കൊണ്ട് ജനകൻ കാണുന്നത് ഒരു ദിവസം മാറ്റി വെക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോഴാണു യാഹൂ മലയാളത്തിലെ ജനകന്റെ റിവ്യു കണ്ടത്. ഇത്ര പെട്ടെന്ന് റിവ്യു വന്നോ. പടം റിലീസ് ചെയ്തിട്ട് 3 മണിക്കൂർ പോലും ആയില്ലല്ലോ.. ഇവൻ കൊള്ളാമല്ലോ. തലക്കെട്ട് മാത്രമെ വായിച്ചുള്ളു. “ജനകൻ ഒരു ഗംഭീര സിനിമ” ഉടനെ തിയറ്ററിലേക്ക് വെച്ച് പിടിച്ചു. ദൈവമെ... കണ്ണു നിറഞ്ഞു പോയി ഒരു സുരേഷ് ഗോപി ചിത്രത്തിനു ഇത്രക്കും തിരക്ക്... പിന്നെയാണു മനസിലായത് മുഴുവനും മോഹൻലാൽ ഫാൻസ് ആണു. സൂപ്പർ സ്റ്റാറിന്റെ ഈ വർഷത്തെ ആദ്യത്തെ സിനിമ ആണല്ലോ.. ആഘോഷമാക്കാൻ വന്നതാണു.. അങ്ങിനെ പടം തുടങ്ങി. തിരകഥ sn സ്വാമിയുടെതാണല്ലോ അതു കൊണ്ടു തന്നെ കഥ പറച്ചിലിന്റെ രീതി അത്ഭുതപ്പെടുത്തി. ഇനിയും ആവനാഴിയിൽ ഒരുപാട് അംമ്പുകൾ ബാക്കി ഉണ്ടെന്ന് തെളിയിക്കുന്ന തിരകഥ. മോഹൻ ലാലിന്റെ അതിഥി വേഷം മനോഹരമായി. നരസിംഹത്തിലെ മമ്മൂട്ടിയുടെ ഗസ്റ്റ് റോളിനെ വെല്ലുന്ന പ്രകടനം.ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ വേഷം ആണു ഇതിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പാളിച്ചകളും കൂടാതെ സഞ്ജീവൻ തന്റെ റോൾ ഭംഗിയാക്കി.എങ്കിലും മുഴുവൻ മാർക്കും തിരകഥയ്ക്ക് തന്നെ. സുരേഷ് ഗോപിയുടെ തന്നെ മറ്റൊരു ചിത്രമായ വൈരവുമായി ജനകനു “ചെറിയൊരു” സാമ്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഈ പടം പൊളിക്കാനുള്ള പദ്ധതിയാണു എന്ന് മനസില്ലാക്കാനുള്ള ബുദ്ധിവികാസം ഉണ്ടായിരിക്കണം പ്രേക്ഷകനു..! അല്ലെങ്കിലും കഥ ഒരു പോലെ ആകുന്നതിനെന്താ പടം നന്നായാൽ മതി. അല്ലേ...! പടം കഴിഞ്ഞു വന്ന പാടെ യാഹൂവിലെ റിവ്യു വായിച്ചു നോക്കി. എഴുതിയവനെ സമ്മതിക്കണം സംവിധായകന്റെ കൂടെ ഇരുന്നാണു പടം കണ്ടത് എന്ന് വരെ എഴുതി കളഞ്ഞിരിക്കുന്നു. എങ്ങനെയായാലും ഈ കോരിചൊരിയുന്ന മഴയത്ത് നനഞ്ഞു കുതിർന്ന് “ഇത്രമനോഹരമായ” ഒരു പടം കാണാനുള്ള പ്രചോദനം നല്കിയ ആ എഴുത്തുകാരനു നന്ദി നല്ല നമസ്ക്കാരം..

പാരലല്‍ അവാര്‍ഡ് 2010


2009 ലെ മലയാള സിനിമാ പാര-ലൽ അവാർഡ് പ്രഖ്യാപ്പിച്ചു. താരാധിപത്യത്തിൽ പെട്ട് ഉഴലുന്ന മലയാള സിനിമയ്ക്ക് ഒരല്പം ആശ്വാസം നല്ക്കുന്നതാണു ഇത്തവണത്തെ അവാർഡുകൾ. മലയാള സിനിമയുടെ നിലവാരം ഈ വർഷം വളരെയധികം ഉയർന്നുവെന്ന് അവാർഡ് പ്രഖ്യാപന വേളയിൽ ജൂറി ചെയർമാനും പ്രശസ്ത സംവിധായകനും ആയ നിസാർ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത് ജയസൂര്യയെ ആണു.അവാർഡ് കമ്മറ്റിയ്ക്ക് മുന്നിൽ ഏറ്റു മുട്ടിയതും ജയസൂര്യ ചിത്രങ്ങൾ തന്നെയായിരുന്നു.
ഇവർ വിവാഹിതരായൽ, ഡോക്ടർ പേഷ്യന്റ്, ഉത്തരാസ്വയം വരം, ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം, ഗുലുമാൽ തുടങ്ങിയവ. ഇതിൽ ഇവർ വിവാഹിതരായൽ എന്ന ചിത്രത്തിലെ ബുദ്ധിഭ്രമം ബാധിച്ച ചെറുപ്പക്കാരന്റെ വേഷം അത്യുജ്ജലമാക്കിയതിനാണു ജയസൂര്യ മികച്ച നടനായത്. മറ്റു താരങ്ങളൊന്നും മൽസരത്തിൽ ജയസൂര്യക്ക് ഒപ്പം എത്തിയില്ല. ഹെയ്‌ലേസയിലെ സുരേഷ് ഗോപിയുടെ ഉജ്വല അഭിനയത്തിനെ ജൂറി അംഗങ്ങൾ പ്രകീർത്തിച്ചെങ്കിലും പ്രത്യേക ജൂറി അവാർഡ് ആണു അദ്ദേഹത്തിനു നല്ക്കിയത്. മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ട മോഹൻ ലാലിനും കാര്യമായ മൽസരമുണ്ടായില്ല.പഴശി രാജയിൽ പഴശിയെ അവതരിപ്പിച്ച മമ്മൂട്ടിയുമായി മോഹൻലാൽ ശക്തമായ മൽസരം കാഴ്ച്ച വെക്കുമെന്നാണു കരുതിയതെങ്കിലും ഏയ്ഞ്ചൽ ജോണിലെ മോഹൻലാലിന്റെ അഭിനയം തന്നെയായിരുന്നു മികച്ചത് എന്ന് ജൂറി അംഗങ്ങൾ വിധിയെഴുതി.
സൂഫി പറഞ്ഞ കഥ വീണ്ടും വീണ്ടും കണ്ട ജൂറി മികച്ച നടിയായി അതിലെ നായിക ശർബാനി മുഖർജിയെ തിരഞ്ഞെടുത്തത് ഐക്യകണ്ഠ്യേനെയായിരുന്നു. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഡീസന്റ് പാർട്ടീസിനോട് മൽസരിക്കാനുണ്ടായിരുന്നത് ശങ്കറിന്റെ കേരളോൽസവമായിരുന്നു.
മികച്ച സംവിധായകനായി വെള്ളത്തൂവൽ സംവിധാനം ചെയ്ത IV ശശിയെ തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകന്റെ അവാർഡ് കലണ്ടർ സംവിധാനം ചെയ്ത മഹേഷിന്റെ പിന്തള്ളി ഭഗവാന്റെ സംവിധായകൻ പ്രശാന്ത് മാമ്പള്ളി കരസ്ഥമാക്കി. നല്ല കഥയ്ക്കും തിരകഥയ്ക്കും ഉള്ള രണ്ട് അവാർഡുകളും ഇത്തവണ SN സ്വാമിയ്ക്കാണു ലഭിച്ചത്. യഥാക്രമം സാഗർ എലിയാസ് ജാക്കി, രഹസ്യപോലീസ് എന്നീ ചിത്രങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. കുട്ടികളുടെ ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ ഇത്തവണയും ഷക്കീല ചിത്രങ്ങള്‍ ഇല്ലാതിരുന്നതില്‍ ജൂറി നിരാശ രേഖപെടുത്തി.
മികച്ച ജനപ്രിയ ചിത്രം സമസ്തകേരളം PO, മികച്ച ബാല താരം പ്രിത്വിരാജ് (പുതിയ മുഖം), മികച്ച ഹാസ്യ താരം മമ്മൂട്ടി (പട്ടണത്തിൽ ഭൂതം). മികച്ച ഷോർട്ട് ഫിലിം IG, മികച്ച കുട്ടികളുടെ ചിത്രം സൂഫി പറഞ്ഞ കഥ(-18). മികച്ച സംഗീത സംവിധായകൻ മനു രമേഷ് (ഗുലുമാൽ)
എന്നിവയാണു മറ്റ് പ്രധാനപ്പെട്ട അവാർഡുകൾ. ഓസ്കാറിനു പരിഗണിക്കും എന്നതിനാലാണു റസൂൽ പൂക്കുട്ടിയുടെ ശബ്ദലേഖനത്തിനു അവാർഡ് കൊടുക്കാതിരുന്നത് എന്ന് ജൂറി ചെയർമാൻ അറിയിച്ചു.
മലയാള സിനിമയിലെ വസന്ത കാലം തിരിച്ചു വരികയാണു എന്നതിന്റെ സൂച്നയാണു ഇതെന്ന് ജൂറി അംഗം ബൈജു കൊട്ടാരക്കര പറഞ്ഞു.

ചില സിനിമ വായ്‌ മൊഴികൾ


സൂപ്പർ സ്റ്റാർ- "പടങ്ങളൊക്കെ പെട്ടിയിലാ.. ഇന്ന് വരും നാളെ വരും എന്ന് കരുതി ആരാധകരുടെ ക്ഷമ കെടുകയാ.. അതു കൊണ്ട് ഞാൻ ഇപ്പോ ഒരു നാൾ വരാൻ തിരുമാനിച്ചു. അതെങ്കിലും വന്നാൽ മതിയായിരുന്നു".

മെഗാ സ്റ്റാർ - "പടങ്ങളൊക്കെ പൊട്ടുകയാ.. എന്റെ കുഴപ്പം അല്ല. പഴശി രാജയുടെ മേലെ നില്ക്കുന്ന ഒരു പടമാണു ആളുകൾ പ്രതീക്ഷിക്കുന്നത്. അല്ലാതെ പൊളി പടങ്ങൾ ആയതു കൊണ്ടല്ല ദ്രോണയും പ്രമാണിയും വിജയിക്കാതിരുന്നത്.. പോക്കിരി രാജ വരുന്നുണ്ടല്ലോ.. എല്ലാ ക്ഷീണവും അത് തീർക്കും. "

ആക്ഷൻ ഹീറോ - "പടം വിജയിക്കാൻ ഇപ്പോ എല്ലാവർക്കും ഞാൻ വേണം.. ദിവസവും 8 സിനിമയിലാ അഭിനയിക്കുന്നെ.. "

ജനപ്രിയ നായകൻ -" 5 സിനിമ അടുപ്പിച്ച് പൊളിയുക എന്നു വെച്ചാൽ വലിയ കാര്യമൊന്നുമല്ല.. ഈ പടം നോക്കിക്കോ.. ഞാനും ഇന്നച്ചൻ ചേട്ടനും കലക്കും.. "

ഒറിജിനൽ ജനപ്രിയ നായകൻ - "സൂപ്പറും മെഗായും ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം 2010 ലെ ആദ്യത്തെ മെഗാഹിറ്റ് ഉണ്ടാക്കാൻ ഞാൻ ഭർത്താവു വേഷം കെട്ടേണ്ടി വന്നു.. "

യുവ സൂപ്പർ സ്റ്റാർ -" ഇന്നലെ അഭി വിളിച്ചിരുന്നു.. നമ്മുടെ അഭിഷേക് ബച്ചനെ.. താന്തോന്നി കണ്ടിട്ട് അഭിനന്ദനം അറിയിക്കാൻ.. അവൻ വിളിച്ച് വെച്ച ഉടൻ കരൺ വിളിച്ചു.. പുതിയ പടത്തിൽ ഹീറോ ആവണം എന്ന് പറയാൻ ഞാൻ പറ്റില്ല എന്ന് പറഞ്ഞു എനിക്ക് 2012 വരെ ഡേറ്റ് ഇല്ലാ എന്ന് കാമറൂണിനു വരെ അറിയാവുന്ന കാര്യമാണു എന്നിട്ടും ഇവൻ അറിഞ്ഞില്ല എന്നു വെച്ചാൽ.... "

പെരുന്തച്ചൻ -" ഒരു സ്റ്റാറുകൾ വന്നിരിക്കുന്നു . അവരെ സപ്പോർട്ട് ചെയ്യാൻ കൂറെ കൂതറ സംഘടനകളും ഇവരൊക്കെ കൂടി മലയാള സിനിമ നശിപ്പിക്കും. എന്നെ പുറത്താക്കി എന്ന് കരുതി ആരും സന്തോഷിക്കണ്ട ഞാൻ ഒരു പുതിയ സംഘടന തുടങ്ങാൻ പോവുകയാ.. അതിനു എനിക്ക് ഒരു സിനിമാക്കാരന്റെം അനുവാദം വേണ്ട.. അല്ലെങ്കിലും ബ്രട്ടീഷുകാരോട് ചോദിച്ചിട്ടല്ല ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയത്. "


പയ്യ...


പരുത്തി വീരൻ നായകൻ കാർത്തിയും ലിഗുസ്വാമിയും ഒന്നിക്കുന്ന ചിത്രമാണു പയ്യ. തമിഴിലെ പുതിയ താരറാണി തമന്നയാണു ഇതിലെ നായിക.ആയിരത്തിൽ ഒരുവൻ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയതിനാൽകാർത്തിയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു സിനിമ. അതു പോലെതന്നെ ഭീമയുടെ പരാജയത്തിൽ നിന്നും ഒരു തിരിച്ചു വരവ് ലിഗു സ്വാമിക്കുംആവശ്യമായിരുന്നു. എന്തായാലും രണ്ടു പേരുടെയും ആഗ്രഹം സാധിച്ചിരിക്കുന്നു. പയ്യ.. സൂപ്പർ ഹിറ്റ്...!ഇത് ഒരു റോഡ് മൂവി ആണു. റൺ, ശണ്ടകോഴി, ഭീമ ഒക്കെ എടുത്തലിഗുസ്വാമിയെ ഇടയ്ക്കൊക്കെ പയ്യയിലും കാണം. പടത്തിനു ഒരു ഇഗ്ലീഷ് സിനിമയുടേസാദൃശ്യം തോന്നാമെങ്കിലും ഇഗ്ലീഷ് സിനിമകൾ തമിഴർ കാണാത്തതു കൊണ്ട് അവിടെ പടം വൻ ഹിറ്റ് ആവാനാണു സാധ്യത..!

ഇതും ഒരു പ്രണയലേഖനമാണു..


ടിന്റു മോന്റെയും ചാർളിയുടെയും ഒക്കെ പ്രണയ ലേഖനങ്ങള്‍ വായിച്ച് ആര്‍ത്തു ചിരിച്ചിട്ടുള്ള നിങ്ങൾക്ക് ഇത് വായിക്കുമ്പോള്‍ വല്ലാത്ത ബോറടി തോന്നിയേക്കാം.. കാരണം ഇത് ആളുകളെ രസിപ്പിക്കുക എന്ന ഒരു ഉദേശത്തോടെ എഴുതിയ കത്തല്ല.. അനുരാഗ പരവശനായ ഒരു കാമുകൻ തന്റെ കാമുകിക്ക് ഹൃദയം കൊണ്ട് എഴുതിയതാണു.കാലത്തിന്റെ കുത്തൊഴുക്കിൽ എപ്പൊഴോ ഇതു ഞങ്ങളുടെ കയ്യിൽ വീണു കിട്ടി. പണ്ട് ട്രയിനിൽ നിന്നും വീണു കിട്ടിയ ഒരു കടലാസു തുണ്ടിലെ കഥയില്‍ നിന്നാണല്ലോ മലയാളത്തിലെ ഒരു സംവിധായകൻ ട്രയിൻ പശ്ചാത്തലമാക്കി സിനിമയെടുത്തത്. അതു കൊണ്ടു തന്നെ വീണു കിടക്കുന്ന എല്ലാ കടലാസുകളും ഞങ്ങൾ എടുത്ത് നോക്കാറുണ്ട്. എല്ലാം ബിവറേജസിലെ ബില്ലുകളാവാറാണു പതിവ്. പക്ഷെ ഇത്തവണ ആ പതിവ് തെറ്റി.എങ്ങനെയായിരിക്കാം ഇത് നഷ്ട്ടപ്പെട്ടിട്ടുണ്ടാകുക ഞങ്ങൾ ചിന്തിച്ചു. ചിലപ്പോള്‍ കാമുകിക്ക് കൊടുക്കാനായി ഈ കത്ത് ആ കാമുകൻ തന്റെ കൂട്ടുക്കാരനെ ഏല്പിച്ചിരിക്കാം. ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻ കാരം കൊണ്ടു ചുരിക വളക്കാൻ കൊല്ലനു 16 പണം കൊടുത്ത ചന്തുവിന്റെ പിൻ തലമുറക്കാരനായ ചതിയനായ ആ കൂട്ടുകാരൻ കൊടുക്കാതെ സൂക്ഷിച്ചതായിരിക്കുമോ ഈ കത്ത്.?? അല്ലെങ്കിൽ വായിച്ചു കഴിഞ്ഞതിനു ശേഷം കാമുകി വഴിയില്‍ കളഞ്ഞതായിരിക്കുമോ..?? അതുമല്ലങ്കിൽ എഴുതിയതിനു ശേഷം ഉപേക്ഷിച്ചതായിരിക്കുമോ.. ??
അറിയില്ല..വിങ്ങുന്ന ഒരു ഹൃദയത്തിന്റെ ഒരു തേങ്ങൽ ഇതിലുണ്ടോ..അതോ വെറുമൊരു നേരംമ്പോക്കായിരുന്നോ.. അതും അറിയില്ല.
മറ്റൊരാളിന്റെ സൃഷ്ടി, അതും ഇതുപോലെ ഉള്ള ഒരു എഴുത്ത് അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നത് മാന്യതയല്ല എന്നറിയാം. ഒരാളുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നു കയറ്റം അന്തസ്സ് കെട്ടതാണു എന്ന അഭിപ്രായം ഉള്ളവരുണ്ടാകാം, സിനിമ സംബന്ധമായ പോസ്റ്റുകൾ മാത്രം വരുന്ന ഈ ബ്ലോഗ്ഗിൽ ഇതിന്റെ ആവശ്യം എന്താണു എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. എന്നാൽ ഈ കത്ത് വായിച്ചു കഴിഞ്ഞിട്ടും ഈ ബ്ലോഗ്ഗിൽ ഈ കത്ത് ഇട്ടത് ഒരു തെറ്റാണ് എന്നു നിങ്ങൾക്കു തോന്നുന്നുവെങ്കില്‍ ആ തെറ്റിന്, ആ മഹാപാപത്തിനു ഞങ്ങൾ ഇപ്പോഴെ മാപ്പു പറയുന്നു.

hi................ (പേരു വെക്കുന്നില്ല.. നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് വിളിക്കാം അമ്മുവെന്നോ ചക്കിയെന്നോ തുളസിയെന്നോ എന്തും)

എനിക്കറിയില്ല ഇങ്ങനെ ഒരു ലെറ്റർ നിനക്കയക്കുന്നത് ശരിയാണോ എന്നു.
പക്ഷെ..... ഞാനിതു നിന്നോട് പറയാതെ പോയാൽ എന്റെ മനസ്സിൽ എന്നും അതൊരു കുറ്റബോധമായി കിടക്കും. നമ്മുടെ നല്ല സുഹൃത്ത് ബന്ധത്തിനിടയ്ക്ക് എവിടെ വെച്ചോ...എപ്പോഴോ... എങ്ങിനെയോ എനിക്കു നിന്നോട് സൗഹൃദത്തിനേക്കാൾ അപ്പുറത്തു ഒരു സ്നേഹം തോന്നിപ്പോയി.. തെറ്റാണു എന്നു എനിക്കറിയാം. ഒരു നല്ല സുഹൃത്തിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വലിയ തെറ്റ്. അത് കൊണ്ട് തന്നെയാണു ഞാൻ ഇതു നിന്നോട് തുറന്നു പറയുന്നത്. എനിക്ക് വേണമെങ്കിൽ നിന്നോടുള്ള സ്നേഹം ഉള്ളിൽ മറച്ചു വെച്ച് frendship അഭിനയിക്കാമായിരുന്നു. പക്ഷെ അതു ഞാൻ നിന്നോട് ചെയ്യുന്ന വലിയ വഞ്ചനയായിരിക്കും.
എനിക്കറിയാം നിനക്കെന്നെ ഇഷ്ട്ടമല്ല എന്ന്. ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല എന്നും...
പക്ഷെ.... എനിക്കു സ്നേഹിക്കാല്ലോ.. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ദൂരെ ഇരുന്നെങ്കിലും നിന്നെ സ്നേഹിക്കാല്ലോ.. അതിനു ആരുടെയും അനുവാദം വേണ്ടല്ലോ..
നിനക്കെന്നോട് ദേഷ്യം തോന്നും എന്നറിയാം. പക്ഷെ ഞാനിതു തുറന്നു പറയാൻ കാരണം..
നമ്മുക്കാരോടെങ്കില്ലും ഇഷ്ടം തോന്നിയാൽ അത് തുറന്നു പറയണം അല്ലെങ്കിൽ ചിലപ്പോൾ അറിയാതെ പോയാലോ. കാരണം അറിയാത്ത ഇഷട്ടങ്ങളൊക്കെ നഷ്ട്ടങ്ങളാണു...
പിന്നെ... പിന്നെ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടങ്ങൾ...
frendship അഭിനയിച്ച് എന്റെ മനസാക്ഷിയെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല.. എന്നെ സ്നേഹിക്കണം എന്നു ഞാൻ ഒരിക്കലും നിന്നോട് പറയില്ല. എനിക്കതിനുള്ള യോഗ്യത ഇല്ല എന്ന് എനിക്കറിയാം.
പക്ഷെ നിന്നെ സ്നേഹിക്കരുത് എന്നു മാത്രം നീ എന്നോട് പറയരുത്. പൂക്കളുണങ്ങി കഴിഞ്ഞാൽ കൊഴിഞ്ഞു വീഴാറല്ലേ ഉള്ളു, അതാരുടെയും കാലിൽ തറച്ചു കയറാറില്ലല്ലോ..
ഈ കത്ത് വായിച്ചു കഴിയുന്നതോടെ നീ ഞാനുമായുള്ള എല്ലാ frendshipum അവസാനിപ്പിക്കും എന്നറിയാം. പിന്നെ ഒരിക്കലും എന്നോട് സംസാരിക്കില്ലെന്നും. പക്ഷെ നിന്റെ മുന്നിൽ അഭിനയിക്കുന്നതിലും ഞാൻ ഇഷട്ടപെടുന്നത് ഇതാണു.. നീ എന്നെ വെറുത്താൽ പോലും.
എനിക്കറിയാം ഇതെന്റെ തോല്‍വിയാണ് എന്നു . പക്ഷെ ജീവിതം തന്ന ദൈവത്തിനു മുന്നില്‍ അവസാനം ജയിച്ചു എന്നു പറയാന്‍ ഇടയ്ക്കൊക്കെ മനുഷ്യരുടെ അടുത്ത് തോല്‍ക്കുന്നത് നല്ലതാ. അല്ലെങ്കിലും ആശിക്കുന്നത് കിട്ടാറില്ലല്ലോ.. കിട്ടിയതിൽ സന്തോഷമുണ്ടാവില്ല... സന്തോഷം തരുന്നത് സ്ഥിരമായിട്ടുപയോഗിക്കാനും പറ്റില്ല. എന്നാൽ എന്നന്നേക്കുമായി കയ്യിൽ കിട്ടുന്നതോ പെട്ടെന്നു മടുക്കുകയും ചെയ്യും.. നമ്മുടെയൊക്കെ ഇത്തിരി പോന്ന ജീവിതം ഇത്രയൊക്കെയല്ലെ ഉള്ളു...
so ഞാൻ വിട വാങ്ങുകയാണു.. എന്റെ വാക്കുകൾ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി... ഒരായിരം സോറി..
സ്വന്തമാക്കുന്നതിൽ അല്ലല്ലോ കുട്ടി.. സ്വതന്ത്രമായി വിടുന്നതിൽ ആണു മഹത്തായ സ്നേഹം......
എന്ന് ........(ഇവിടെയും പേരു എഴുതുന്നില്ല .. എന്തും വിളിക്കാം. സാഗര്‍ എന്നോ ജാക്കിയെന്നോ എന്തും )

ഏപ്രില്‍ ഫൂള്‍ ...ജഗദീഷ് എന്ന പേരു മലയാള സിനിമയിൽ വീണ്ടും സജീവമായി തുടങ്ങിയത് 2 ഹരിഹർ നഗറിനുശേഷം മാത്രമാണു. അതിലെ അപ്പുകുട്ടനെ നമ്മളെല്ലാവരും ഇഷ്ട്ടപ്പെട്ടു എന്നതു സത്യം തന്നെ. എന്നാൽ സുരാജിന്റെയും സലീംകുമാറിന്റെയും വധങ്ങൾ കണ്ട് കണ്ട് സഹികെട്ട നേരത്ത് അറിയാതെ ഇഷ്ട്ടപ്പെട്ടു പോയതാണു അത് എന്ന സത്യം ജഗദീഷ് മനസ്സിലാക്കാതെ പോയി. 2 ഹരിഹർ നഗറിന്റെ വൻ വിജയത്തിനു ശേഷം ജഗദീഷ് ചിത്രങ്ങളുടെ ഒരു തള്ളിക്കയറ്റം തന്നെ ഉണ്ടായി.. പക്ഷെ വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല എന്നു മാത്രം..ഡീസന്റ് പാർട്ടീസ് , ചെറിയ കള്ളനും... etc
അതു കൊണ്ട് ഇപ്പോ എന്തായി...??.
ഏപ്രിൽ ഫൂൾ ആയി.. അത്ര തന്നെ..
കുരുക്ഷേത്ര നിർമിച്ചിട്ടും പാഠം പഠിക്കാത്ത സന്തോഷ് ദാമോദരനു ഇങ്ങനെത്തന്നെ വേണം.
സംവിധായകനെ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ആദ്യമായിട്ടു സിനിമ
കാണാൻ വരുന്ന ഒരാളാണു
പടം കാണുന്നതെങ്കിൽ ചിലപ്പോ ഇനി അയാൾ എന്നും മലയാള സിനിമ കാണണം എന്ന തിരുമാനം വരെ എടുത്തു കളഞ്ഞേക്കും കാരണം അത്രയ്ക്കും മനോഹരമാണു ഇതിന്റെ തിരകഥയും സംവിധാനവും എല്ലാം.... നായികയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ജഗദീഷും നായികയും മത്സരിച്ചഭിനയിച്ചിട്ടുണ്ട് ഇതിൽ. എന്തായാലും ആരുടെയും “ശല്യമില്ലാതെ” വെക്കേഷൻ അടിച്ചു പൊളിക്കാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായി ഈ സിനിമയ്ക്ക് പോകാം..!

ഇതെങ്കിലും.......!!


ലോക നിലവാരത്തിലുള്ള സിനിമകൾ ആസ്വദിക്കാൻ തക്ക പക്വത മലയാളികൾക്ക് ഇപ്പോഴും ആയിട്ടില്ല. അതു കൊണ്ടാണല്ലോ എന്റെ രണ്ടു സിനിമകളും കേരളത്തിൽ പരാജയപ്പെട്ടത്. എന്റെ സമയവും അധ്വാനവും പോയത് മെച്ചം. അത് വല്ല ഹിന്ദിയിലോ മറ്റോ ചെയ്തിരുന്നെങ്കിൽ എത്ര ഫിലിം ഫെയർ അവാർഡ് കിട്ടിയേനെ.. എല്ലാ തരത്തിലുമുള്ള പ്രേക്ഷകർക്കും രസിക്കുന്ന സിനിമ എടുക്കുക എന്നതാണു എന്റെ ലക്ഷ്യം. അങ്ങിനെ തന്നെയാണു ഞാൻ ആദ്യ രണ്ടു സിനിമകളും എടുത്തത്. എന്നാൽ അതിൽ സ്ലോമോഷൻ സീനുകൾ കൂടുതലാണു നായകൻ ഏറെ നേരം നടക്കുന്നു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നല്ലോ..ഹോളിവുഡ് സ്റ്റൈയ്‌ലിൽ പടം എടുക്കാൻ പോയ എന്നെ പറഞ്ഞാൽ മതി.സിനിമയായാൽ നല്ല ഡയലോഗുകൾ വേണം എന്നാണു ഇവിടുത്തെ പ്രേക്ഷകരുടെ ധാരണ. തീർത്തും തെറ്റാണു അത്. സിനിമ പ്രേക്ഷകനിലേക്കെത്തിക്കുന്നത് വിഷ്വലുകളിലൂടെയാവണം. അല്ലാതെ സംഭാഷണങ്ങളിലൂടെ അല്ല. എന്തായാലും ഇനിയൊരു പരീക്ഷണത്തിനു ഞാനില്ല. എന്റെ പുതിയ സിനിമ ഞാൻ മലയാള സിനിമയുടെ ചേരുവകൾ എല്ലാം ചേർത്താണു ഒരുക്കുന്നത്. ഇതെങ്കിലും വിജയിക്കും എന്നാണു എന്റെ പ്രതീക്ഷ. മെൽ ഗിബ്സണ്‍ , ടോം ഹാങ്ക്സ് തുടങ്ങിയ നടന്മാരുടെ നിലവാരത്തിലേക്ക് നമ്മുടെ നടന്മാർ എത്തണമെങ്കിൽ 300 , അവതാർ പോലുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാവണം അതിനു എന്നെ പോലുള്ള സംവിധായകർക്കെ കഴിയു. അല്ലാതെ എന്നും കുടുംബ കഥകളും കണ്ണീരും പ്രണയവും ഒക്കെ വിഷയങ്ങളാക്കിയാൽ ഒരു മലയാള സിനിമ പോലും ഓസ്ക്കാർ നോമിനേഷൻ നേടാൻ പോകുന്നില്ല.
മലയാള സിനിമയുടെ ഖ്യാതി ലോക സിനിമയിൽ എത്തിക്കാൻ എനിക്കു കഴിയട്ടെ എന്നാണു എന്റെ ആഗ്രഹം. അതിനു പക്ഷെ എന്റെ സിനിമകൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്. അത് കൊണ്ടു എല്ലാവരും എന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ പോയി കാണണം. ഇതു പഴയ പോലെ ആവില്ല്ല.. ഉറപ്പ്.... !

Followers

 
Copyright 2009 b Studio. All rights reserved.