RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അമ്മയുടെ സഖാക്കൾ.


കേരളത്തിലെ ശക്തമായ ഒരു രാഷ്ട്രീയ പാർട്ടിയാണു കമ്മ്യുണിസ്റ്റ് പാർട്ടി. ഇതിലെ മെമ്പർമാർക്ക് പാർട്ടിയുടെ നയങ്ങളെ എത്ര വേണമെങ്കിലും വിമർശിക്കാം തിരുമാനങ്ങളിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കാം പക്ഷെ ഇതെല്ലാം അതിന്റെതായ വേദികളിൽ വെച്ച് വേണം എന്ന് മാത്രം. അതിനു ബ്രാഞ്ച് കമ്മറ്റികൾ, ലോക്കൽ കമ്മറ്റികൾ, ഏരിയാ കമ്മറ്റികൾ എന്നിവ ഉണ്ട് താനും. ഇവിടെ വെച്ച് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം പാർട്ടി തിരുമാനം അംഗീകരിക്കപ്പെട്ടാൽ അത് അനുസരിക്കേണ്ട ബാധ്യത പാർട്ടി മെമ്പർമാർക്കുണ്ട്. പിന്നീട് ഇതേ പറ്റിയുള്ള പരസ്യ വിമര്‍ശനങ്ങളും പ്രസ്താവനകളും അച്ചടക്കത്തിനു നിരക്കാത്തതായി കണക്കുകൂട്ടും. തിരുത്താൻ തയ്യാറായിലെങ്കിൽ പിന്നെ പാർട്ടിയുടെ പുറത്താണു കാരണം പാർട്ടിയാണു വലുത് വ്യക്തികളല്ല.ഇപ്പോൾ ചില ജീർണതകൾ ബാധിച്ചിട്ടുണ്ടെങ്കിലും ഈ കേഡർ സ്വഭാവമാണു അനവധി കണ്ണികളുണ്ടായിട്ടും കമ്യുണിസ്റ്റ് പാർട്ടിയുടെ ശക്തി.
എന്നാൽ ഇതിനെ കവച്ചു വെക്കുന്ന പ്രകടനമാണു ഇപ്പോൾ കേരളത്തിലെ മറ്റൊരു സംഘടന കാഴച്ച വെച്ച് കൊണ്ടിരിക്കുന്നത്. മറ്റാരുമല്ല കാമറക്ക് മുൻപിലും പിൻപിലും നന്നായി അഭിനയിക്കാൻ കഴിയുന്ന അമ്മയുടെ മക്കൾ തന്നെ.തിലകൻ പൊട്ടിത്തെറിച്ചപ്പോൾ മലയാളി സമൂഹം അതിനെ ഒരു വയസന്റെ ജല്പനങ്ങൾ മാത്രമായി തള്ളികളയുകയാണു ഉണ്ടായത്.എന്നാൽ ഇടവേളയോടടുക്കുമ്പോൾ ചിത്രം ഏകദേശം വ്യകതമായി തുടങ്ങുന്നു.. തീയിലാതെ ഒരിക്കലും പുകയുണ്ടാവില്ല എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന പോലെ പൊട്ടിത്തെറികൾ അങ്ങിങ്ങായി ഉണ്ടായികൊണ്ടിരിക്കുന്നു. തിലകനെ അനുകൂലിച്ച് മാളയും ഇന്ദ്രൻസും വന്ന പോലെ ഫിലിം ചേമ്പറിനെ അനുകൂലിച്ച് സുരേഷ് ഗോപിയും രംഗത്തു വന്നു. പക്ഷെ പിന്നീടുണ്ടായ സംഭവ വികാസങ്ങളെ തുടർന്ന് ഞാൻ ജീവിച്ചിരിപ്പില്ല എന്ന് വരെ പറയേണ്ട ഗതികേട് ഉണ്ടായി അല്ലെങ്കിൽ ഉണ്ടാക്കി സുരേഷ് ഗോപിക്ക്. അച്ചടക്കത്തിന്റെ പടവാൾ കാട്ടി അദ്ദേഹത്തെ നിശബ്ദനാക്കി.ഫിലിം ചേമ്പറിന്റെ തിരുമാനം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ ഭരത് അവാർഡ് നേടിയ ഒരു സൂപ്പർ സ്റ്റാറിനു ഇതാണു അവസ്ഥയെങ്കിൽ അമ്മയിലെ സാദാ അംഗങ്ങളുടെ സ്ഥിതി എന്തായിരിക്കും. രണ്ട് സൂപ്പർ താരങ്ങൾക്കും അവരുടെ റാൻ മൂളികൾക്കും മാത്രമാണോ മലയാള സിനിമയിൽ സ്ഥാനം?. ഈ താൻ പെരിമയും തൊഴുത്തിക്കുത്തും വർഷം ഇറങ്ങുന്ന 100 സിനിമകളിൽ 95 എണ്ണവും പൊളിയുമ്പോഴാണു എന്നോർക്കണം. സിനിമാ പ്രവർത്തകർ ടെലിവിഷനിൽ വരരുത് എന്ന് ഫിലിം ചേമ്പർ പറയുന്നത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണു കാരണം സിനിമകളുടെ പ്രമോഷനുകൾക്കും മറ്റുമായി താരങ്ങൾക്ക് ടിവിയിൽ വന്നേ മതിയാവു. നല്ല സിനിമകൾക്ക് മൗത്ത് പബ്ലിസിറ്റി മതി എന്നത് വെറേ വശം. പരസ്പരം ചെളി വാരിയെറിയാതെ നല്ല സിനിമകൾക്ക് വേണ്ടി പരിശ്രമിച്ച് തിയറ്ററിലേക്ക് പ്രേക്ഷകരെ തിരിച്ച് കൊണ്ട് വരാനാണു സിനിമാ പ്രവർത്തകർ ശ്രമിക്കേണ്ടത് അല്ലാതെ മഹത്തായ സൃഷ്ടികൾ എന്ന പേരിൽ മായബസാറും കോളെജ് കുമാരനുമൊക്കെ പടച്ച് വിട്ടാൽ പിന്നീട് ഈ താരങ്ങൾ ടെലിവിഷനിൽ വന്നാൽ പോലും ജനം തിരിഞ്ഞു നോക്കാത്ത അവസ്ഥയാവും.
ഫിലിം ചേമ്പറിന്റെ തിരുമാനത്തോട് താര സംഘടന സമവായത്തില്‍ എത്താത്തത് മൂലം മലയാള സിനിമയിൽ കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണു. പുതിയ റിലീസുകൾ ഇല്ലാതിരിക്കുകയും ഷൂട്ടിംഗ് നിർത്തിവെക്കാനുമൊക്കെയുള്ള തിരുമാനങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ആണു ഉണ്ടാക്കുക. പരസ്പരമുള്ള ചെളി വാരിയെറിയലും കുറ്റപ്പെടുത്തലുകളും അവസാനിപ്പിച്ച് സംഘടനയ്ക്കുള്ളിലെ തെറ്റായ നിലപാടുകൾ തിരുത്തി വിമർശനങ്ങൾക്കും സ്വയം വിമർശനങ്ങൾക്കും വിധേയമായി വീണ്ടും മലയാള സിനിമയുടെ വസന്ത കാലത്തെ തിരികെ കൊണ്ട് വരാൻ ഇവർക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശിക്കാം. തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളും തമിഴ് ചിത്രങ്ങളും ബ്രഹമാണ്ഡ ഹോളിവുഡ് ചിത്രങ്ങളും കേരളത്തിലെ തിയറ്ററുകൾ അടക്കി വാഴുന്ന ഒരു കാലം വരാതിരിക്കട്ടെ . കാരണം നമ്മൾ പ്രേക്ഷകർക്ക് സിനിമ നന്നായാൽ മതിയല്ലോ ഭാഷ ഏതായാല്ലും...!

1 comments:

vijayakumarblathur said...

malayala cinima rakshappetum

Followers

 
Copyright 2009 b Studio. All rights reserved.