RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മലയാള സിനിമ റിലീസ് ചെയ്യാതിരുന്നാല്‍..


മലയാള സിനിമ റിലീസ് ചെയ്യുന്നില്ല എന്ന് കരുതി ആരും വിഷമിക്കേണ്ട ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഒക്കെ സിനിമകൾ ഇറങ്ങുന്നുണ്ടല്ലോ.. തെലുങ്കും കന്നഡയും ആദ്യത്തെ കുറച്ച് ബുദ്ധിമുട്ടെ ഉള്ളു ഇഗ്ലീഷ് സിനിമ കാണുകയാണു എന്ന് വിചാരിച്ചാൽ മതി. പടം തീരാറാവുമ്പോഴെക്കും കഥ മനസിലായിക്കോള്ളും
മറ്റു ഭാഷകളില്‍ അവസാനമായിട്ടു റിലീസ് ചെയ്ത സിനിമകളും അത് കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്നും ആണ് ഇവിടെ പറയുന്നത്.
ആദ്യമായിട്ടു ഹിന്ദി സിനിമയുടെ കാര്യം എടുക്കാം
1. മുസ്കുരാഖേ ദേഖ് സാര
തമിഴ് സിനിമ യൂത്തിന്റെ റീമേക്ക് ആണു. അത് കണ്ടിട്ടുള്ളവർ ഇതു കാണണമെന്നില്ല. കാണത്തവർ കണ്ടത് കൊണ്ട് പ്രത്യേകിച്ച് കാര്യവുമില്ല.
2. സിറ്റി ഓഫ് ഗോഡ്
മഹേഷ് മഞ്ജരേക്കറുടെ സിനിമയാണു. ഇതിൽ കൂടുതൽ വിശേഷണം ഇതിനു ആവശ്യമില്ല. മഞ്ജരേക്കർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.
3. അപ്പാർട്ട്മെന്റ്.
സംവിധായകൻ എന്തോ ക്യാമറാ ട്രിക്ക് കാണിച്ചു എന്നൊക്കെ പറഞ്ഞ് നീതു ചന്ദ്ര വിവാദമുണ്ടാക്കിയതു കൊണ്ട് മാത്രം എന്താണാ ട്രിക്ക് എന്ന് കാണാൻ വേണ്ടി കണ്ടതാണീ ചിത്രം. എന്തിനു പറയാൻ ആ നേരത്ത് വല്ല വാഴയും വെച്ചിരുന്നെങ്കിൽ....
4. ഫൂങ്ക് -2
ഫൂങ്ക് 1 കണ്ടിട്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു താല്പര്യവും തോന്നിയില്ല. അതിനേക്കാൾ വിരസമാണു ഫൂങ്ക് 2.
ആദ്യ ചിത്രം കണ്ട് പേടിച്ച് വിറച്ചവർക്ക് ചിലപ്പോ ഇതു കണ്ടാൽ കുറച്ച് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
ഇനി തമിഴ് സിനിമ
പയ്യ റിലീസ് ചെയ്തതിനു ശേഷം 2 സിനിമകൾ ആണു തമിഴിൽ റിലീസ് ചെയ്തത്.
1. ഇരട്ടൈ സുഴി.
തമിഴ് സിനിമയിലെ രണ്ട് ലെജൻഡുകൾ ഭാരതി രാജയും ബാലചന്ദറും ഒന്നിക്കുന്ന സിനിമ. സംവിധായകൻ ശങ്കറിന്റെ നിർമാണം. ഇതൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു മികച്ച സിനിമ ആക്കി മാറ്റുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. പിന്നെ അഞ്ജലി ഒക്കെ ഉള്ളതു കൊണ്ട് കണ്ടിരിക്കാം. അത്ര തന്നെ.
2.സിവപ്പു മഴ.
മീരാജാസ്മിൻ ഉള്ളത് കൊണ്ട് കണ്ടതാണു. ഇതു 12 ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണു എന്ന് എവിടെയോ വായിച്ചിരുന്നു. വലിയ കുഴപ്പമില്ല. കാണം അതിപ്പോ ഇന്നത്തെ ചിന്താവിഷയവും മിന്നാമിന്നിക്കൂട്ടവും ഒക്കെ നമ്മൾ കണ്ടില്ലേ..
തെലുങ്ക് സിനിമ
തെലുങ്ക് സിനിമ പിന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് വരുന്നത് കൊണ്ട് താരങ്ങളെല്ലാം നമ്മുക്ക് പരിചിതമാണു.
1. വരഡു
അല്ലു അർജുനിന്റെ ഏറ്റവും പുതിയ സിനിമയാണു വരഡു. തമിഴ് താരം ആര്യയും ഇതിൽ അഭിനയിക്കുന്നുണ്ട്. നല്ല സിനിമയാണു നീളൻ സംഭാഷണങ്ങളൊക്കെയുണ്ട്. സംഗതി തെലുങ്കിൽ ആയതു കൊണ്ട് പിടികിട്ടിയില്ല. മലയാളത്തിൽ വരുമ്പോൾ നോക്കാം
കന്നഡ സിനിമ.
ഒരുകാലത്ത് എല്ലാവരും പരിഹസിച്ചിരുന്ന ഫിലിം ഇൻഡസ്ട്രി ആയിരുന്നു കന്നഡ സിനിമ. അത് ശരി ആയിരുന്നു താനും. കാരണം ബാഷയുടെ കന്നഡ റീമേക്ക് കണ്ടാൽ നമ്മൾ കരഞ്ഞ് പോകും. അങ്ങിനെ യാതൊരു പുതുമയും ടെക്നിക്കൽ പെർഫക്ഷനും ഇല്ലാതിരുന്ന കന്നഡസിനിമയിൽ ഒരു നാഴികക്കല്ലായി മാറിയ സിനിമയാണു മുങ്കാരു മലൈ. ഈ സിനിമ കന്നഡ സിനിമയിൽ വിപ്ലവകരമായ മാറ്റമാണു ഉണ്ടാക്കിയത്. കന്നഡ സിനിമ അടിമുടി ഉടച്ച് വാർക്കപ്പെട്ടു. പക്ഷെ ഇതിലെ ഏറ്റവും രസകരമായ കാര്യം 2006ൽ ഇറങ്ങിയ ഈ സിനിമ കണ്ടാൽ ആണു ഇതിനു മുൻപത്തെ കന്നഡ സിനിമയുടെ അവസ്ഥ ഓർത്ത് നമ്മൾ ഞെട്ടിപോവുക. എന്തായാലും അങ്ങിനെയുള്ള കന്നഡ സിനിമകൾ വരെ ഇപ്പോൾ മലയാളത്തിൽ റീമേക്ക് ചെയ്ത് എത്തുന്നു.
1.പ്രിത്വി.
കന്നഡ യുവ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാറും പാർവതിയും ഒന്നിക്കുന്ന സിനിമയാണു ഇത്. മലയാളത്തിൽ പച്ച തൊട്ടിലെങ്കിലും പാർവ്വതിക്ക് മറ്റ് ഭാഷകളിൽ നല്ല പേരാണു. ഈ സിനിമയിൽ പതിവിലാതെ നന്നായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കന്നഡ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും തെലുങ്ക് അറിയാത്ത കാരണം കണ്ടിരിക്കാം..
ഇതൊക്കെ പറയാൻ കാരണം. മലയാള സിനിമ റിലീസുകൾ നിർത്തി വെച്ചിരിക്കുകയാണല്ലോ. തിയറ്ററുകൾ അടച്ചിടാനും പോവുകയാണു. ഇത് കൊണ്ടൊന്നും കേരളത്തിലെ പ്രേക്ഷകനു ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. മലയാള സിനിമ കണ്ടില്ലാ എന്ന് വെച്ച് ഒരാളും ആത്മഹത്യ ചെയ്യാൻ പോകുന്നുമില്ല. ഞങ്ങൾക്ക് മലയാള സിനിമാ പ്രേക്ഷകരോട് അഭ്യർത്ഥിക്കാനുള്ളത് ഒന്ന് മാത്രമാണ് അന്യ ഭാഷയിൽ ഇറങ്ങുന്ന നല്ല സിനിമകൾ കാണാനുള്ള ഒരു നല്ല അവസരമാണു ഇത്. മാക്സിമം ഉപയോഗിക്കു.

0 comments:

Followers

 
Copyright 2009 b Studio. All rights reserved.