RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കാസനോവ


അല്ലെങ്കിലും മലയാളികൾ ഇങ്ങനെയാ.. ഒരു ചെറിയ കാര്യം ചെയ്താൽ മതി പിന്നെ വല്ലാണ്ടങ്ങ് പ്രതീക്ഷിച്ച് കളയും. എന്നിട്ട് ആ പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങൾ നടന്നില്ലെങ്കിലോ പിന്നെ ലോകത്തെങ്ങും കേൾക്കാത്ത മുട്ടൻ തെറിയും വിളിച്ചു പറയും സംസ്കാര സമ്പന്നത കൊണ്ട് നിറഞ്ഞ മലയാളി സമൂഹം. അല്ലെങ്കിൽ പിന്നെ ഉദയനാണു താരം എന്ന ആദ്യ ചിത്രത്തിനു ശേഷം നിലവാരമുള്ള ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ഒരു സംവിധായകനും, ട്രാഫിക്ക് എന്ന ഒരൊറ്റ ചിത്രത്തിൽ മാത്രം തങ്ങളുടെ രചന വൈഭവം നല്ല രീതിയിൽ പ്രകടിപ്പിച്ചിട്ടുള്ള തിരകഥാകൃത്തുക്കളും ഒരുമിക്കുന്ന ഒരു സിനിമ ലോക നിലവാരത്തിലുള്ളതായിരിക്കും എന്ന് ചുമ്മാതെ അങ്ങ് പ്രതീക്ഷിച്ച് പോയിട്ട് പടം ഒരു സാദാ തെലുങ്ക് സിനിമയോട് പോലും കിടപിടിക്കില്ല എന്ന് വരുമ്പോൾ ആരാണു കുറ്റക്കാർ..? തീർച്ചയായും അത് പ്രേക്ഷകരായ നമ്മൾ തന്നെയാണു. കാരണം നമ്മളോട് വെറുതെ പ്രതീക്ഷിക്കാൻ ആരാ പറഞ്ഞത്..??

കാസനോവ.. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം. ഏകദേശം 33 കോടി രൂപയാണു 4 വർഷം ചിത്രീകരണം നടത്തി പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. സംശയമുള്ളവർ റോഷൻ സാറിനോട് ചോദിച്ചാൽ മതി. മെഴുകുതിരി വാങ്ങിച്ചതിന്റെയും മൊട്ടുസൂചി വാങ്ങിച്ചതിന്റെയുമൊക്കെ കണക്ക് കിറുകൃത്യം അങ്ങേരുടെ കയ്യിലുണ്ട്. മോഹൻലാലിനിപ്പോ നാട്ടിലെ ലൊക്കേഷനുകളൊക്കെ മടുത്തു എന്ന് തോന്നുന്നു. ഇപ്പോൾ എല്ലാം മലേഷ്യ ദുബായ്, വിയന്ന തുടങ്ങി ഇന്റർനാഷ്ണൽ സെറ്റപ്പുകളോടാണു താല്പര്യം.പണം മുടക്കാൻ മന്ദബുദ്ധികളായ പ്രൊഡ്യൂസർമാർ ഉണ്ടെങ്കിൽ കുട്ടനാട്ടിൽ വെച്ച് ഷൂട്ട് ചെയ്യേണ്ട സീൻ അങ്ങ് കാലിഫോർണിയയിൽ വരെ വെച്ച് എടുക്കാം അല്ല പിന്നെ..!

കാസനോവ വെറും കാസനോവ അല്ല കോൺഫിഡന്റ് കാസനോവ ആണു. പടം കണ്ട് കഴിഞ്ഞാൽ റോയിച്ചൻ മുടക്കിയ കാശ് തിരിച്ചു കിട്ടില്ല എന്ന കോൺഫിഡന്റ് പ്രേക്ഷകർക്കുണ്ടാകും അത്രയ്ക്ക് മനോഹരമാണു ഈ ചിത്രം. കിടിലൻ ഫൈറ്റ് സീനുകളും കാണികളെ ത്രസിപ്പിക്കുന്ന ഫ്രീ റണ്ണിംഗ് സ്വീക്വൻസുകളും, നയനമനോഹരങ്ങളായ ലൊക്കേഷനുകളും അങ്ങനെ നീളുന്നു റിലീസിനു മുൻപ് ഈ ചിത്രത്തെ കുറിച്ച് റോഷൻ സാർ പറഞ്ഞതും പിന്നെ പൊടിപ്പും തൊങ്ങലും വെച്ച് ആരാധകർ പ്രചരിപ്പിച്ചതുമായ കാസനോവയുടെ വീരവാദങ്ങൾ.. ആകാശത്തോളം വാഴ്ത്തി ഇറങ്ങിയ ഈ ചിത്രം കണ്ട് കഴിഞ്ഞ് ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നു തോന്നുന്നുവെങ്കിൽ നിങ്ങൾ ഒരു മഹാനായ വ്യക്തിയാണു എന്നർത്ഥം.

ചിത്രം അറുബോറാണു എന്ന മുൻ ധാരണയോട് കൂടി കണ്ടാൽ പോലും കാസനോവയെ ഇഷ്ടപ്പെടാൻ കഴിയുക പ്രയാസം. വൻ ബഡ്ജറ്റ് മാറ്റി വെച്ചാൽ കൂടി ഇതു പോലെ ഒരു കച്ചവട സിനിമയ്ക്ക് വേണ്ട മിനിമം എന്റർടെയ്ന് വാല്യു പോലും ഈ ചിത്രത്തിലില്ല. കാസനോവ എന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരന്റെ പ്രതികാരത്തിന്റെ കഥ. അതാണു ബോബി - സഞ്ജയ് എന്ന മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ എഴുതി വെച്ചിരിക്കുന്നത്. ഈ തിരകഥ തന്നാൽ കഴിയുന്ന വിധത്തിൽ കുളമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തു വെച്ചിട്ടുമുണ്ട്.

ഇതേ കൂട്ടു കെട്ടാണു പണ്ട് നോട്ട് ബുക്ക് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന വമ്പൻ ബാനറിനെ ഒരു അരുകാക്കിയത്. കാസനോവയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കില്ല എന്ന് കരുതാം. കാരണം സിനിമ ഓടി കിട്ടുന്ന കാശു കൊണ്ടല്ല കോൺഫിഡന്റ് ഗ്രൂപ്പുകാർ ഫ്ലാറ്റ് പണിയാൻ മണലു വാങ്ങുന്നത്. റോയിച്ചൻ ഇതൊക്കെ എത്ര കണ്ടതാ..! മോഹൻലാൽ കാസനോവയായി തകർത്ത് അഭിനയിച്ചിരിക്കുന്നു. അതു കൊണ്ട് തന്നെ പടം കഴിയുമ്പോൾ ലാലിന്റെ കാസനോവയല്ലാതെ മറ്റൊരു കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കില്ല എന്തിനു കഥ പോലും നിൽക്കില്ല..

സിനിമ എന്ന പേരിൽ ഇറങ്ങുന്ന ഇത്തരം കെട്ടുകാഴ്ച്ചകൾക്ക് എന്ത് സ്ഥാനമാണോ കൊടുക്കേണ്ടത് അത് അർഹിക്കുന്ന രീതിയിൽ തന്നെ ഈ ചിത്രത്തിനും മലയാള സിനിമ പ്രേക്ഷകർ നൽകും എന്ന് പ്രതീക്ഷിക്കാം. കാരണം കാശ് വാരാൻ സാധ്യതയുള്ള പടങ്ങൾ സ്വയം നിർമ്മിച്ചും അല്ലാത്തവ ഏതെങ്കിലും പാവം പ്രൊഡ്യൂസർമാരുടെ തലയിൽ കെട്ടി വെച്ചും സിനിമ പിടിക്കാൻ ആന്റണി പെരുമ്പാവൂർ ഉള്ളടത്തോളം കാലം മോഹൻലാൽ എന്ന യൂണിവേഴ്സൽ താരം ഇതിനേക്കാൾ ചവറു സിനിമകളിൽ അഭിനയിച്ചെന്നിരിക്കും. അത് അദ്ദേഹത്തിന്റെ കാര്യം.

പക്ഷെ റോഷൻ ആഡ്രൂസുമാരും സഞ്ജയ് ബോബിമാരും ഇത്തരം കോപ്രായങ്ങൾക്ക് കുടപിടിക്കാൻ തുടങ്ങിയാൽ നഷ്ടം മലയാള സിനിമയ്ക്ക് മാത്രമായിരിക്കും. കാരണം ഇവരിൽ നിന്നുമൊക്കെ ഉദയനാണു താരവും ട്രാഫിക്കും പോലുള്ള നല്ല സിനിമകൾ ജനിക്കാനാണു ജനം കാത്തിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഫ്ലോപ്പ് സിനിമ എന്ന പേരിൽ അറിയപ്പെടാനായിരിക്കും കാസനോവയുടെ യോഗം. ഇതേ കാസനോവയാണു മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം എന്നത് മലയാള സിനിമയുടെയും യോഗം..!!!

പത്മശ്രീ ഭരത് സരോജ് കുമാർ.


ഉദയനാണു താരം എന്ന മനോഹര ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന പേരിൽ വന്ന പത്മശ്രീ ഭരത് സരോജ് കുമാർ എന്ന ചിത്രം മലയാള സിനിമയിലെ ജീർണതകളിലേക്കും താരാധിപത്യത്തിലേക്കുമൊക്കെ വിരൽ ചൂണ്ടുന്നതാണു എന്ന് ആരൊക്കൊയെ പറയുന്നുണ്ടെങ്കിലും ചിത്രം വിരൽ ചൂണ്ടുന്നത് ശ്രീനിവാസൻ എന്ന തിരകഥാകൃത്തിന്റെ ദയനീയമായ അവസ്ഥയിലേക്കാണു. ഉദയനാണു താരത്തിൽ സൂപ്പർ സ്റ്റാർ ആയിരുന്ന സരോജ് കുമാർ ഇന്ന് മെഗാസ്റ്റാർ ആണു. പത്മശ്രീയും നാഷ്ണൽ അവാർഡും നേടിയെടുത്ത സരോജിന്റെ അടുത്ത ലക്ഷ്യം കേണൽ പദവിയാണു. ഇത്രയുമാകുമ്പോഴെ മനസ്സിലാക്കാമല്ലോ ഇത് ആരെയാണു ഉദ്ദേശിച്ചിരിക്കുന്നത് എന്ന്.

സരോജ് കുമാറിന്റെ കൂടെ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ വട്ടാപിള്ള ജയകുമാറും താനൂർ അബ്ദുള്ളയുമാണു. പിന്നെ റെയിഡ്, ആനകൊമ്പ് സിനിമ സംഘടനകളുടെ ഇടപെടലുകൾ മിലിട്ടിറി ക്യാമ്പിലെ ട്രെയിനിംഗ് അതു കഴിഞ്ഞൊരു അപ്രതീക്ഷിത ട്വിസ്റ്റ് ഇതെല്ലാം കഴിഞ്ഞാൽ നിർത്തുമോ അതുമില്ല അവസാനം ശ്രീനിവാസന്റെ വക ഒരു പ്രഭാഷണവും 2.30 മണിക്കൂർ ഇഴഞ്ഞു വലിഞ്ഞു നീങ്ങുന്ന സിനിമ. ഇതു എഴുതിയതും ശ്രീനിവാസൻ തന്നെയാണു എന്നോർക്കുമ്പോഴാണു അതിലേറെ വിഷമം.

ശ്രീനിവാസനെ തിരകഥയെഴുതാൻ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരകഥാകൃത്തുക്കളിൽ ഒരാളാണു അദ്ദേഹം. പക്ഷെ ശ്രീനിവാസൻ തിരകഥയെഴുതിയത് കൊണ്ട് മാത്രം ഒരു സിനിമ ഹിറ്റ് ആവുകയില്ല എന്ന പാഠം ഇനിയെങ്കില്ലും ആ അദ്ദേഹം മനസ്സിലാക്കിയാൽ കൊള്ളാം.
അങ്ങനെയായിരുന്നെങ്കിൽ ഭാർഗവ ചരിതവും ഒരുനാൾ വരുമൊക്കെ 100 ദിവസങ്ങൾ തിയറ്ററുകളിൽ പിന്നിടുമായിരുന്നു. ജഗതിയുടെ പച്ചാളം ഭാസിയും സലീം കുമാറിന്റെ റഫീഖും മുകേഷിന്റെ ബേബി കുട്ടനുമെല്ലാം ഇതിലുമുണ്ട്. ഫഹദ് ഫാസിലിന്റെ അലക്സ് എന്ന കഥാപാത്രം ഈ നടന്റെ അഭിനയ ശേഷി വിളിച്ചോതുന്നു. ശ്യാം എന്ന പുതുമുഖ നടനായി വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ട്. സരോജിന്റെ ഭാര്യയായി മമത വേഷമിടുന്നു.

മോഹൻലാലിനെ ആക്ഷേപഹാസ്യത്തിലൂടെ ഇത്രമാത്രം കളിയാക്കാൻ തക്ക വിരോധം ശ്രീനിവാസനു ഉണ്ടെന്ന് തോന്നുന്നില്ല അദ്ദേഹം ഒരു ബ്ലാക്ക് ഹ്യൂമറായിരിക്കും ഉദ്ദേശിച്ചിരിക്കുക അത് പക്ഷെ അദ്ദേഹത്തിന്റെ കളറു പോലെ ബ്ലാക്ക് ആയില്ല. പകരം ബാഡ് ഹ്യൂമർ ആയി പോയി..!! വേണ്ടെന്നു വെച്ച 500 സിനിമകളാണു ഞാൻ മലയാള സിനിമക്ക് ചെയ്ത സംഭാവന എന്ന് പറഞ്ഞ ശ്രീനിവാസനോടുള്ള ബഹുമാനവും വിശ്വാസവുമാണു ഈ ചിത്രം
കളിക്കുന്ന തിയറ്ററിലെ ആൾക്കൂട്ടമായി മാറുന്നത്. പക്ഷെ ഇതു പോലെയുള്ള ചിത്രങ്ങൾ എടുത്ത് അത് കളഞ്ഞ് കുളിക്കരുതേ എന്ന ഒരപേക്ഷ മാത്രമേ ഉള്ളു. എല്ലാവർക്കും മറ്റൊരു റോഷൻ ആൻഡ്രൂസോ മോഹനോ ആകാൻ കഴിയില്ലല്ലോ..!!!

നൻപൻ.

ത്രീ ഇഡിയറ്റ്സ് എന്ന ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ വെറുതെ തിയറ്ററിൽ പോയി ഈ സിനിമ കണ്ട് കാശ് കളയേണ്ട കാര്യമില്ല. ത്രീ ഇഡിയറ്റ്സ് എന്ന സിനിമ തമിഴ് സംസാരിക്കുന്നു എന്ന ഒരേ ഒരു വ്യത്യാസം മാത്രമേ നൻപനിലുള്ളു. ബ്രഹ്മാണ്ഡസംവിധായകൻ ശങ്കര് സംവിധാനം ചെയ്യുന്ന എന്ന പബ്ലിസിറ്റി കൂടി കൊടുത്ത് തമിഴരെ കബളിപ്പിച്ചിരിക്കുകയാണു ഇതിന്റെ നിർമ്മാതാക്കൾ. കാരണം ഈ ചിത്രം സംവിധാനം അല്പം അറിയാവുന്ന ഏത് മണ്ടനു വേണമെങ്കിലും ചെയ്യാം. ത്രീ ഇഡിയറ്റ്സിന്റെ ഫ്രെയിം ടു ഫ്രെയിം കോപ്പി അടിച്ചിരിക്കുന്ന ഈ റീമേക്കിൽ ക്യാമറാ ആഗിളിൽ പോലും ഒരു മില്ലിമീറ്റർ മാറ്റം വരുത്താൻ ശ്രമിച്ചിട്ടില്ല എന്നതാണു സത്യം.സ്വന്തമായി ഒരു അഭിനയ ശൈലി ഇല്ലാത്തത് കൊണ്ട് തന്റെ റീമേക്ക് ചിത്രങ്ങളിലെ ഒറിജിനൽ നായകന്മാർ എങ്ങനെ അഭിനയിക്കുന്നോ അത് അതേ പടി അനുകരിക്കുന്ന ആ പതിവ് വിജയ് വളരെ ഭംഗിയായി അമീർഖാനെ അനുകരിച്ചു കൊണ്ട് ആവർത്തിച്ചിരിക്കുന്നു. ജീവയുടെയും ശ്രീകാന്തിന്റെയും സത്യരാജിന്റെയുമൊക്കെ അവസ്ഥ ഇതുതന്നെ.

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി ഇല്യാനയാണു ഇതിലെ നായിക. കരീന കപൂർ മികച്ച രീതിയിൽ ചെയ്തു വെച്ചിരിക്കുന്ന വേഷമായത് കൊണ്ട് ഡിവിഡി കണ്ട് ഇല്യാനയും അഭിനയം പഠിച്ചിരിക്കുന്നു. ശങ്കറിന്റെ ചിത്രങ്ങളുടെ കരുത്തായിരുന്ന സുജാതയുടെ വിടവ് നികത്താൻ ഒരുപാട് കാലം കാത്തിരിക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് വീട്ടിലിരുന്നു ബോറടിക്കുമ്പോൾ ശങ്കറിനു ഇനിയും ഇതു പോലെ റീമേക്കുകൾ എടുത്ത് സമയം കളയാം. പടം സൂപ്പർ ഹിറ്റ് ആകും ഉറപ്പ് കാരണം തമിഴർ ഹിന്ദി സിനിമകൾ കാണാറില്ലല്ലോ..!!

വേട്ടൈ.


ആനന്ദം,റൺ ചണ്ടകോഴി, പയ്യ, ഭീമ തുടങ്ങിയ സിനിമകളിലൂടെ നല്ല പേരു കേട്ട ഒരു സംവിധായകനാണു ലിംഗുസ്വാമി. അതു കൊണ്ട് തന്നെ മാധവനും ആര്യയും നായകന്മാരായി ലിംഗുസ്വാമി സംവിധാനം ചെയ്ത വേട്ടൈ ഒരു തകർപ്പൻ ആക്ഷൻ സിനിമയായിരിക്കും എന്ന പ്രതീക്ഷ റിലീസിനു മുൻപ് പ്രേക്ഷകർക്കുണ്ടായിരുന്നു. സമീറ റഢിയും അമല പോളും നായികമാരാകുന്ന വേട്ടൈ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നു മാത്രമല്ല ലിംഗുസ്വാമിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രമായി മാറുകയും ചെയ്തു.

തിരുവും (മാധവൻ) ഗുരുവും (ആര്യ) സഹോദരന്മാരാണു. ചേട്ടനാണെങ്കിലും തിരു ചെറുപ്പം മുതൽ പേടിത്തൊണ്ടനാണു. ഗുരുവാണു ചേട്ടനു വേണ്ടി എല്ലാ അടിപിടിയും ഉണ്ടാക്കുന്നത്.അഛന്റെ മരണശേഷം തിരു സബ് ഇൻസ്പെക്ടർ ആയി ജോലിയിൽ കയറുന്നു. എന്ത് പ്രശ്നം വന്നാലും ഗുരു വന്ന് രക്ഷിക്കും എന്ന ഉറപ്പിലാണു തിരുമൂർത്തി പോലീസ് ആകുന്നത്. തിരുമൂർത്തിക്ക് പോസ്റ്റിംഗ് കിട്ടിയ സ്ഥലത്തെ ഗുണ്ടകളെ ഗുരു വന്ന് ഒതുക്കുന്നു. അവിടെ മുതൽ പ്രശ്നങ്ങൾ ആരംഭിക്കുകയായി.

മാധവനും ആര്യയും സമീറയുമെല്ലാം തങ്ങളുടെ വേഷങ്ങൾ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളി നടൻ ശ്രീജിത്ത് രവിക്ക് മോശമല്ലാത്ത ഒരു റോൾ ചിത്രത്തിലുണ്ട്. അമല പോളിന്റെ ഗ്ലാമർ ആവോളം കുത്തിനിറച്ചിട്ടുണ്ട്. പക്ഷെ അത്തരം വേഷങ്ങൾക്കിണങ്ങിയ ഒരു നടിയല്ല അത് എന്നതാണു സത്യം. തീരെ പുതുമയില്ലാത്ത ഒരു കഥ. ഒട്ടും ത്രില്ലിംഗ് അല്ലാത്ത അവതരണ ശൈലി, കണ്ട് മടുത്ത സീനുകൾ മൊത്തത്തിൽ വേട്ടൈ ഒരു നനഞ്ഞ പടക്കമായി തിയറ്ററിൽ മാറുന്നു. ഒരു അഞ്ച് കൊല്ലം മുൻപ് ഈ സിനിമ റിലീസ് ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ ആളുകൾക്ക് ഇഷ്ട്പ്പെടുമായിരുന്നേനെ. ഇപ്പോൾ തമിഴന്മാർ പോലും ഇത്തരം സിനിമകൾ സ്വീകരിക്കില്ല പിന്നെ മലയാളിയുടെ കാര്യം പറയണോ.

ഇടവേള വരെ തട്ടിമുട്ടി പോകുന്ന സിനിമ ഇടവേളയ്ക്ക് ശേഷം എങ്ങനെ തീർക്കണം എന്നറിയാതെ സംവിധായകൻ തപ്പിതടയുമ്പോൾ പ്രേക്ഷകരെ വേട്ടയാടുകയാണു ചെയ്യുന്നത്. 2കൊല്ലത്തിലൊരിക്കൽ തമിഴ് സിനിമ കാണുന്ന ഒരാളാണു താങ്കളെങ്കിൽ ഈ സിനിമ ഇഷ്ടപ്പെട്ടേക്കാം. അതല്ലങ്കിൽ ഈ സിനിമ കളിക്കുന്ന പരിസരത്ത് പോയേക്കരുത്..!

അസുരവിത്ത്


ഹൈടെക്ക് കള്ളന്മാരും വമ്പൻ റിയൽ എസ്റ്റേറ്റ് മാഫിയകളും മൊബൈൽ കൊട്ടേഷനുമൊക്കെ അരങ്ങു വാഴുന്നതിനു മുൻപുള്ള പഴയ കൊച്ചിക്ക് ഒരു രാജാവേ ഉണ്ടായിരുന്നുള്ളു.. കയ്യൂക്കു കൊണ്ടും ചങ്കൂറ്റം കൊണ്ടും അവനെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല. ഇരുട്ടിന്റെ ആ സന്തതിയെ ആളുകൾ സാത്താൻ എന്ന് പേരിട്ട് വിളിച്ചു. ഒടുവിൽ എല്ലാ ഗുണ്ടകളുടെയും അവസാനം പോലെ ഒരു റെയിൽ ട്രാക്കിൽ വെച്ച് കൊല്ലപ്പെടുമ്പോൾ ഏയ്ഞ്ചൽ എന്ന മാലാഖയിൽ ജീവന്റെ ഒരു തുടിപ്പ് സാത്താൻ അവശേഷിപ്പിച്ചിരുന്നു.

തന്റെ അപ്പനെ പോലെ മകനും വളർന്ന് തെരുവിലെ തെമ്മാടിയാകുമെന്ന് ഭയന്ന ഏയ്ഞ്ചൽ മകനെ സെമിനാരിയിൽ ഉപേക്ഷിക്കുന്നു. കുന്തിരക്കത്തിന്റെയും പള്ളി മണികളുടെയും ബൈബിൾ വചനങ്ങളുടെയും ഇടയിൽ അവൻ വളർന്നു.പക്ഷെ തെരുവിലെ രാജാവിന്റെ മകനായതു കൊണ്ട് തന്നെ അവന്റെ ചോരയ്ക്ക് ചൂട് കൂടുതലായിരുന്നു.

ഒരിയ്ക്കൽ അവിചാരിതമായി ഒരു കൊലപാതകത്തിനു ദൃക്സാക്ഷിയാവേണ്ടി വരുന്നതോടെ ഡോൺ ബോസ്കോ എന്ന സാത്താന്റെ മകന്റെ ജീവിതം മാറി മറിയപ്പെടുന്നു. എതിരാളികൾ തന്റെ അപ്പന്റെ കൊലയ്ക്ക് കാരണക്കാരനായ പത്താംകളത്തിലെ ഗുണ്ടാ പോലീസ് സ്റ്റീഫൻ ലൂയിസിന്റെ മക്കളാണെന്ന് ഡോൺ മനസ്സിലാക്കുന്നു. സ്റ്റീഫൻ ലൂയിസിന്റെ കൊലയ്ക്ക് കാരണമായ സാത്താന്റെ മകനാണു ഡോൺ എന്ന് സ്റ്റീഫന്റെ മക്കളും തിരിച്ചറിയുന്നതോടെ ഒരു വലിയ പോരാട്ടത്തിന്റെ തുടർകഥ ആരംഭിക്കുകയായി.. കേൾക്കാൻ എന്ത് ത്രില്ലിംഗ് ആയ കഥ അല്ലേ..

ചെറിയ ഇടവേളയ്ക്ക് ശേഷം എ കെ സാജൻ ശക്തമായി സിനിമ രംഗത്ത് സജീവമായ ചിത്രമാണു അസുരവിത്ത്. പക്ഷെ പടം റിലീസ് ആയി ആളുകൾ കണ്ട് കഴിഞ്ഞതോടെ സാജൻ വീണ്ടും നിർജീവമാകുമെന്ന സാധ്യതയാണു കാണുന്നത്. പൃഥ്വിരാജിന്റെ നാളിതുവരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന് പറയാവുന്ന വയലൻസിലെ സാത്താന്റെ മകനായ അസുരവിത്തായി ആസിഫ് അലിയെ അഭിനയിപ്പിച്ചതിൽ ആരംഭിക്കുന്നു ഈ സിനിമയുടെ ആദ്യത്തെ പരാജയം.

ഈ സിനിമയെ പറ്റി ആദ്യം പറഞ്ഞ് കേട്ടിരുന്നത് ഇതിലെ നായകൻ പൃഥ്വിരാജ് ആയിരിക്കും എന്നതായിരുന്നു എന്നാൽ പിന്നീട് അതു മാറി ആസിഫ് അലിയായി. സ്ഥിരബുദ്ധിയുള്ള ആരും ഇതിന്റെ തിരകഥ വായിച്ചാൽ ഈ സിനിമയിൽ നായകനാകാൻ തയ്യാറാവില്ല. എന്നിട്ടും ആസിഫ് നായകനായി.. ചേട്ടോ... ഇത് ഞാനാ മനു.. എന്നീ സ്ലാഗിലുള്ള നിഷ്കളങ്കമായ സംസാരരീതിയും പെരുമാറ്റങ്ങളുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചതു കൊണ്ടാണു പ്രേക്ഷകർ ആസിഫ് അലിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.

ചില നല്ല സിനിമകളുടെ ഭാഗമായി അതിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കയ്യടി കിട്ടുന്നത് സാധാരണമാണു. പക്ഷെ മറ്റൊരു നടനു ബദലായി ആസിഫ് അലിയെ വളർത്തി കൊണ്ട് വരണമെന്ന ചിലരുടെ ആഗ്രഹമൂലം ആ നടനു കിട്ടുന്ന കൂവലുകളാണു തനിക്ക് കയ്യടിയായി മാറുന്നത് എന്ന സത്യം മനസ്സിലാക്കാതെ ആക്ഷൻ ഹീറോ പരിവേഷമുള്ള വേഷങ്ങൾ അഭിനയിച്ച് യുവാക്കളുടെ ആരാധന കഥാപാത്രമാകാം എന്ന ആസിഫ് അലിയുടെ സുന്ദരമായ നടക്കാത്ത സ്വപ്നമാണു അസുരവിത്തിന്റെ രൂപത്തിൽ തകർന്ന് തരിപ്പണമായി കിടക്കുന്നത്. ബോധം എന്ന സാധനം ഒരു തരിമ്പെങ്കിലുമുണ്ടെങ്കിൽ ഇനി ഇത്തരം അബ്ദ്ധങ്ങൾ ഈ നടനിൽ നിന്ന് ഉണ്ടാകില്ലെന്ന് കരുതാം.

എ കെ സാജന്റെ തിരകഥ ഇടവേള വരെ നല്ല നിലവാരം പുലർത്തിയതായിരുന്നു. പക്ഷെ ഇടവേളയ്ക്ക് ശേഷം... പടം കഴിഞ്ഞ ഒരു പ്രേക്ഷകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു പെറ്റ തള്ള സഹീക്കൂല... നായക കഥാപാത്രം മിസ്കാസ്റ്റ് ചെയ്യപ്പെട്ട് കഴിഞ്ഞാൽ പിന്നെ കഥ,തിരകഥ, സംഭാഷണം, സംവിധാനം എന്നീ സാധനങ്ങളിലെ പാളിച്ചകളെ പറ്റി വിമർശിക്കേണ്ട കാര്യമില്ല. കാരണം അടിത്തറ ഉണ്ടായാലും അതിന്റെ മേലുള്ള തൂണുകൾ ചെരിഞ്ഞാൽ പിന്നെ എന്ത് ചെയ്യും. സാധാരണ സിനിമകളിൽ മോശം അഭിനയം നല്ല തിരകഥ, നല്ല അഭിനയം മോശം തിരകഥ എന്നിങ്ങനെയാണു സംഭവിക്കാറു. എന്നാൽ ഈ സിനിമയെ സംബന്ധിച്ച ഒരു പ്രത്യേകത ഇതിൽ മോശം അഭിനയവും മോശം തിരകഥയും മികച്ച രീതിയിൽ കൂട്ടി ചേർക്കപ്പെട്ടിരിക്കുന്നു എന്നതാണു.

ബാബുരാജിന്റെ അബാടൻ ഷാജി എന്ന കഥാപാത്രം മാത്രമാണു അല്പമെങ്കിലും ആശ്വാസം തരുന്നത്. വയലൻസ് ഒരു വളരെ ചെറിയ ബഡ്ജറ്റ് ചിത്രമായിരുന്നുവെങ്കിൽ അസുരവിത്ത് വലിയ ബഡ്ജറ്റിലാണു ഒരുങ്ങിയിരിക്കുന്നത്. സിദിഖ്, വിജയരാഘവൻ തുടങ്ങിയ സീനിയർ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. സംവൃത സുനിലിന്റെ മാർട്ടി എന്ന കഥാപാത്രം ആളുകളെ രസിപ്പിക്കുന്നുണ്ട്. ഏയ്ഞ്ചലായി ലെന വേഷമിടുന്നു.

എന്തായാലും ആസിഫ് അലിയോട് ഒന്നേ പറയാനുള്ളു ഒന്നെങ്കിൽ തനിക്കിണങ്ങുന്ന വേഷങ്ങൾ (ടൈപ്പ് ചെയ്യപ്പെട്ടേക്കാം) ചെയ്ത് പതിയെ പതിയെ വളരുക. അല്ലാതെ തിയറ്ററുകളിൽ നിരന്നു നിൽക്കുന്ന തന്റെ ഫാൻസ് അസോസിയേഷനുകളുടെ ഫ്ലക്സ് ബോർഡുകൾ കണ്ട് ആവേശം പൂണ്ട് സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഇടിമിന്നൽ പോലെ കുതിച്ചുയരണമെന്നാണു മോഹമെങ്കിൽ പച്ചാളം ഭാസിയുടെ അടുത്ത് പഠിക്കാൻ പോവുകയായിരിക്കും നല്ലത്. കാരണം ഭാവാഭിനയത്തിൽ വെറും വട്ടപൂജ്യമാണു ഈ യുവതാരം.. അല്ലെങ്കിലും ആന വാ പൊളിയ്ക്കുന്നതു പോലെ അണ്ണാൻ പൊളിച്ചാൽ....!!

*നിങ്ങൾക്ക് കൂവാൻ അറിയില്ലെങ്കിൽ ധൈര്യമായി ഈ സിനിമയ്ക്ക് പോകാം. കാരണം കൂവി പ്രാക്ടീസ് ചെയ്യാനുള്ള ധാരാളം രംഗങ്ങൾ ഈ ചിത്രത്തിലുണ്ട്..!!!!

തകരുന്ന ബിംബങ്ങൾ


മാറാതെ നിൽക്കുന്നതൊന്നേ ഉള്ളു അത് മാറ്റം മാത്രമാണെന്ന പ്രപഞ്ച സത്യം ഓർമ്മിപ്പിച്ചു കൊണ്ട് 2011 കടന്നു പോകുമ്പോൾ മലയാള സിനിമയിൽ മാറി മറിഞ്ഞത് ഇത്രയും കാലം നിലനിർത്തി കൊണ്ട് പോന്നിരുന്ന ചില സമവാക്യങ്ങളായിരുന്നു. സിനിമ എന്നും താരങ്ങളുടെതായിരുന്നു. സിനിമയുടെ വെള്ളി വെളിച്ചെത്തിൽ തിളങ്ങി നിൽക്കുന്നവരാണു അഭിനേതാക്കൾ എന്നത് കൊണ്ട് ശ്രദ്ധ മുഴുവനും ലഭിച്ചിരുന്നത് അവർക്കായിരുന്നു. എന്നാൽ എപ്പോഴൊക്കെയോ സിനിമ സംവിധായകന്റെയും തിരകഥാകൃത്തുക്കളുടെയും പേരിൽ അറിയപ്പെട്ട് തുടങ്ങി. ഐവിശശിയിലും പത്മരാജനിലും തുടങ്ങി ഇപ്പോൾ രഞ്ജിത്തിൽ വരെ എത്തി നിൽക്കുന്നു അത്. അതുകൊണ്ട് തന്നെ ഒരു നടന്റെ സിനിമ എന്ന പോലെ തന്നെ സംവിധായകന്റെ പേരിലും പ്രേക്ഷകർ പ്രതീക്ഷകൾ വെച്ച് തുടങ്ങി.

എന്നാൽ
2011 കണ്ടത് പ്രതീക്ഷകൾ മുഴുവൻ തച്ചുടക്കുന്ന ഒരു പ്രതിഭാസമായിരുന്നു. ആരും പ്രതീക്ഷിക്കാത്ത സംവിധായകരുടെ സിനിമകൾ പേരും പ്രശസ്തിയും നേടിയെടുത്തപ്പോൾ ജോഷി, സത്യൻ അന്തിക്കാട് എന്നീ സംവിധായകർ സിനിമയെടുത്ത് സ്വയം അപഹാസ്യരായിത്തീരുന്ന അവസ്ഥയിൽ എത്തി ചേരുകയാണുണ്ടായത്. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന സിനിമ എടുത്ത രാജേഷ് പിള്ളയെ ട്രാഫിക്ക് എന്ന ഒരൊറ്റ ചിത്രം അങ്ങ് ബോളിവുഡിൽ വരെ കൊണ്ട് ചെന്നെത്തിച്ചു. മേൽവിലാസം എന്ന സിനിമയിലൂടെ മാധവ് രാംദാസ് എന്ന നാവാഗത സംവിധായകൻ മലയാള സിനിമയുടെ തന്നെ മേൽവിലാസം മാറ്റിയെഴുതി. ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് നല്ല സിനിമയെ ജനപ്രിയമാക്കുന്നതെങ്ങനെയെന്ന് കാണിച്ചു തന്നു. വികെ പ്രകാശ് എന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമയും ഏറ്റവും മോശം സിനിമയും വർഷമായിരുന്നു പുറത്ത് വന്നത്. ബ്യൂട്ടിഫുളും ത്രീ കിംഗ്സും.

വിദേശസിനിമ അനുകരണമെന്ന് പറയാമെങ്കിലും മലയാളികൾക്ക് പുത്തൻ അനുഭവം സമ്മാനിച്ച സിനിമയാണു സമീർ താഹിർ എന്ന സംവിധായകന്റെ ചാപ്പകുരിശ്.വലിയ താരങ്ങളില്ലാതെ ആർപ്പുവിളികളും ആഘോഷങ്ങളുമില്ലാതെ മനോഹരമായ ഒരു കൊച്ചു കഥയെ അതിമനോഹരമായ ഒരു സിനിമയാക്കി മാറ്റി അതിനെ ഒരു വൻ വിജയമാക്കിത്തീർത്ത ആഷിക്ക് അബുവാണു 2011ലെ മറ്റൊരു മികച്ച സംവിധായകൻ. ഇങ്ങനെ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന അഞ്ചോളം സിനിമകൾ കഴിഞ്ഞ വർഷം ഉണ്ടായി. എന്നാൽ സിനിമകളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചാൽ റിലീസിനു മുൻപ് തന്നെ അല്പമെങ്കിലും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന ചില ഘടകങ്ങൾ ഇവയിലെല്ലാം ഉണ്ടായിരുന്നു.

ട്രാഫിക്കിലെ ശ്രീനിവാസന്റെ സാന്നിധ്യം, ഇന്ത്യൻ റുപ്പീ-രഞ്ജിത്ത ചിത്രം, ബ്യൂട്ടിഫുളിലെ അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ട്, മേൽവിലാസത്തിലെ സുരേഷ്ഗോപി-പാർഥിപൻ, ചാപ്പ കുരിശ് ട്രാഫിക്കിന്റെ നിർമ്മാതാവിന്റെ രണ്ടാമത്തെ സിനിമ ,സാൾട്ട് & പെപ്പറിലെ ലാൽ-ആസിഫ് അലി ഇങ്ങനെ തിയറ്ററിലെത്തും മുൻപ് സിനിമയെ കുറച്ചെങ്കിലും പുറംലോകമറിയാൻ ഇതെല്ലാം സഹായിച്ചിട്ടുണ്ട്.

എന്നാൽ ആരോരുമറിയാതെ കഴിഞ്ഞ വർഷം മലയാളത്തിൽ ഒരു സിനിമയുണ്ടായി അവസാനം അത് എല്ലാവരുമറിയുന്ന ഒന്നായി മാറി. അതെ മലയാള സിനിമയുടെ ഖ്യാതി അങ്ങ് ഓസ്കാർ നോമിനേഷനിൽ വരെ എത്തിച്ച സലീം അഹമദിന്റെ ആദാമിന്റെ മകൻ അബു. ബോക്സ് ഓഫീസിൽ ഒട്ടും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും സിനിമ കൊണ്ട് എന്താണു ഇതിന്റെ അണിയറപ്രവർത്തകർ ഉദ്ദേശിച്ചിരുന്നത് അത് 100 ശതമാനം നിറവേറ്റാൻ സിനിമയ്ക്ക് ആയിട്ടുണ്ട്. അതെന്തായാലും നിർമ്മാതാവിന്റെ പണപ്പെട്ടി നിറയ്ക്കൽ ആയിരുന്നില്ല എന്നത് ഉറപ്പ്. സലീം കുമാർ എന്ന നടനെ നായകനാക്കി കൊണ്ട് സിനിമ പിടിക്കാൻ കാണിച്ച സംവിധായകന്റെ ചങ്കൂറ്റത്തിൽ തുടങ്ങി സിനിമയുടെ വിജയം. അതു കൊണ്ട് തന്നെ വർഷത്തെ എല്ലാ കയ്യടികളും പൊൻ തൂവലുകളും സ്വന്തമാക്കാനുള്ള അർഹത ആദാമിന്റെ മകൻ അബുവിന്റെ സംവിധായകൻ സലീം അഹമദിനു തന്നെയാണു.

ഇനി മലയാള സിനിമയിലെ പഴയ താപ്പാനകളുടെ സംവിധാന വിശേഷങ്ങളിലേയ്ക്ക്.. 2011 ൽ പഴയ സംവിധായകരിൽ രഞ്ജിത്ത് എന്ന ഒരേ ഒരു സംവിധായകൻ മാത്രമാണു തന്റെ പ്രതിഭയോട് നീതി പുലർത്തിയത് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും തിയറ്ററിൽ പോയി കാണുന്ന ശീലമുള്ള മഹാനായ സംവിധായകൻ ജോഷി താൻ ഈ വർഷം ചെയ്ത സെവൻസ്,ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങൾ ഒന്ന് കാണുന്നത് നന്നായിരിക്കും. തന്റെ നിലവാരമിലായ്മയുടെ ഗ്രാഫ് ഏതറ്റം വരെ വന്നു നിൽക്കുന്നു എന്ന് അപ്പോൾ ജോഷി സാറിനു മനസ്സിലായിക്കോളും.

അതു പോലെ തന്നെ കുടുംബ സദസ്സുകളുടെ സ്വന്തം സത്യൻ അന്തിക്കാട്. വർഷം തോറും തന്റെതായി ഒരു ചിത്രം റിലീസ് ആയില്ലെങ്കിൽ കേരളമെമ്പാടുമുള്ളസ്ത്രീ പ്രേക്ഷകർ കടുത്ത വിഷമത്തിലായി പോകും എന്നുള്ളത് കൊണ്ട് മാത്രം സിനിമ ചെയ്യുന്ന ഈ ഗ്രാമ സംവിധായകന്റെ സ്നേഹവീട് മേൽക്കൂരയടക്കം പൊളിഞ്ഞ് നിലം പൊത്തിയത് കണ്ടെങ്കിലും ഈ സംവിധായകൻ ഒരു പാഠം പടിച്ചിരുന്നെങ്കിൽ...! ദ്രോണയിൽ നിന്ന് ഒരിഞ്ചുപോലും താൻ മുന്നോട്ടോ പിറകോട്ടോ പോയിട്ടില്ലെന്ന് ആഗസ്റ്റ് 15 ലൂടെ ഷാജി കൈലാസ് തെളിയിച്ചു. ചൈനാടൗണിലൂടെ റാഫിമെക്കാർട്ടിന്മാർ അവരുടെ ദയനീയ സ്ഥിതി തുറന്നു കാട്ടി.പ്രണയത്തിലൂടെ ഇത്തവണ ബ്ലസ്സി മാജിക്കും ആവർത്തിക്കപ്പെട്ടില്ല.

വിനയന്റെ റസിയ തവിടുപൊടിയായപ്പോൾ ജയരാജിന്റെ ട്രെയിനിന്റെ പൊടി പോലുമുണ്ടായിരുന്നില്ല കണ്ട് പിടിക്കാൻ. വയലിനിലൂടെ സിബി മലയിലും, ഇന്നാണു ആ കല്യാണത്തിലൂടെ രാജസേനനും ലിവിംഗ് ടു ഗെദറിലൂടെ ഫാസിലും തങ്ങളുടെ ഉള്ള ചീത്ത പേരു കളയാതെ സൂക്ഷിച്ചു. ഗദാമ , സ്വപ്നസഞ്ചാരി എന്നീ ചിത്രങ്ങൾ ഒരുക്കിയ കമലിനു മേല്പറഞ്ഞവർ നേരിട്ടത്ര വിമർശനങ്ങൾ നേരിടേണ്ടി വന്നില്ല.ഉറുമിയിലൂടെ സന്തോഷ് ശിവൻ മാജിക്ക് മലയാളത്തിൽ ആവിഷ്കരിക്കപ്പെട്ടു. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിനും ടിവി ചന്ദ്രന്റെ ശങ്കരനും മോഹനനും നിരൂപ പ്രശംസയോ പ്രേക്ഷക ശ്രദ്ധയോ നേടാനായില്ല. വെനീസിലെ വ്യാപാരിയിലൂടെ ഷാഫിക്ക് പറ്റിയ പാളിച്ചയാണു 2011ലെ മറ്റൊരു പ്രധാന വിശേഷം.

തുളസീദാസിന്റെ കിലാഡി രാമനും ടി എസ് സുരേഷ് ബാബുവിന്റെ ഉപ്പു കണ്ടം ബ്രദേഴ്സും വന്നതും പോയതുമൊന്നും ആരും അറിഞ്ഞില്ല. സീരിയൽ പിടിക്കുകയായിരിക്കും ഈ രണ്ട് സംവിധായകർക്കും ഇനി നല്ലത്. ഭാവി വാഗ്ദാനമായി കരുതപെട്ടിരുന്ന രജ്ഞിത്ത് ശങ്കറിനു അർജുനൻ സാക്ഷിയിൽ സംഭവിച്ച പിഴവുകളും ലിജോ പല്ലിശേരിയ്ക്ക് സിറ്റി ഓഫ് ഗോഡും തിരിച്ചടിയായി. അക്കു അക്ബറിനെ പോലുള്ള സംവിധായകർ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ബിജുവിനെ പോലുള്ള നവാഗത സംവിധായകർ സ്ഥാനം നേടുകയും ചെയ്ത ഈ വർഷത്തിൽ പിറന്ന നല്ല സിനിമകളെ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത് കണ്ടിട്ടെങ്കിലും താരങ്ങൾക്ക് വേണ്ടി കഥയുണ്ടാക്കാൻ നടക്കുന്ന നമ്മുടെ പഴയ സംവിധായകർ സ്വയം നന്നാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം..!

*പ്രിയദർശനെ കുറിച്ച് ഒന്നും പറഞ്ഞില്ല...!

**അയ്യോ..!! അക്കാദമി ചെയർ മാനാ... അങ്ങേരു വല്യ പുള്ളി. നമ്മളെന്ത് പറയാൻ..!!!

Followers

 
Copyright 2009 b Studio. All rights reserved.