RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

തിരുവമ്പാടി തമ്പാൻ


കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ ഒരു സിനിമ അനൗൺസ് ചെയ്തു. നായകൻ സാക്ഷാൽ മോഹൻലാൽ വില്ലൻ പൃഥ്വിരാജ്. മോഹൻലാലും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്നു. പൃഥിരാജ് ആദ്യമായി മലയാളത്തിൽ വില്ലനാകുന്നു എന്നീ വിശേഷണങ്ങളാൻ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യാൻ നിശ്ചയിക്കപ്പെട്ടത് പത്മകുമാർ ആയിരുന്നു. തന്റെ മകളെ കൊല ചെയ്ത ആളോട് പ്രതികാരം ചെയ്യാൻ നായകൻ വില്ലന്റെ നാട്ടിലേക്ക് യാത്രയാവുകയാണു. അവിടേക്ക് പോകുന്ന ഒരു ലോറിയിൽ നായകൻ കയറുന്നു.

യാത്രക്കിടയിൽ നായകനും ലോറി ഡ്രൈവറും വളരെ ചങ്ങാത്തത്തിലാകുന്നു .ലോറി ഡ്രൈവറോട് തന്റെ കഥകൾ നായകൻ പറയുന്നു.അധികം വൈകാതെ പ്രേക്ഷകർ മനസ്സിലാക്കുന്നു നായകനു കൊല്ലേണ്ട ആൾ ലോറി ഡ്രൈവർ ആണെന്നു. ഇതു നായകനും മനസ്സിലാക്കുന്നിടത്തു പടത്തിന്റെ തകർപ്പൻ ഇന്റർവെൽ. പിന്നീടങ്ങോട്ടുള്ള യാത്രയിൽ കൊല്ലാൻ നായകനും കൊല്ലപ്പെടാതിരിക്കാൻ വില്ലനും ശ്രമിച്ചു കൊണ്ടുള്ള രക്തം മരവിപ്പിക്കുന്ന സ്വീക്വൻസുകളോട് കൂടിയ രണ്ടാം പകുതി.

അങ്ങനെ യാത്ര അവസാനിക്കുന്നിടത്ത് നായകനും വില്ലനും തമ്മിലുള്ള തകർപ്പൻ ഫൈറ്റിനു ശേഷം നായകൻ വില്ലനെ കൊല്ലുകയോ അല്ലെങ്കിൽ വില്ലനോട് ക്ഷമിക്കുകയോ അതുമല്ലങ്കിൽ വില്ലൻ അബദ്ധത്തിൽ മരിക്കുകയോ (നായകൻ മൂലമല്ലാതെ) ചെയ്തു കൊണ്ട് പടം അവസാനിക്കുന്നു. സുരേഷ് ബാബുവിന്റെ തിരകഥയിൽ ഒരുങ്ങുമായിരുന്ന ഈ ചിത്രം പുറത്തു വന്നിരുന്നെങ്കിൽ ഒരു പക്ഷെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച റോഡ് മൂവികളിൽ ഒന്നാകപ്പെടുമായിരുന്നു..! എന്നാൽ നിർഭാഗ്യവശാൽ അത് കാണാനുള്ള ഭാഗ്യം നമ്മൾ പ്രേക്ഷകർക്കില്ലാതെ പോയി.

പാതിരാമണൽ എന്ന് പേരിട്ടിരുന്ന ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടെങ്കിലും റോഡ് മൂവി എന്ന ആശയം പത്മകുമാറിന്റെ മനസ്സിൽ ബാക്കി കിടന്നിരിക്കണം. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം എന്ന നിലയ്ക്കായിരിക്കണം അദ്ദേഹവും സുരേഷ് ബാബുവും ചേർന്ന് ജയറാമിനെ നായകനാക്കി തിരുവമ്പാടി തമ്പാൻ എന്ന ചിത്രം ഒരുക്കിയത്. പാതിരമണൽ എന്ന ചിത്രത്തിന്റെ കഥ ഒരസ്സൽ റോഡ് മൂവിയുടെത് തന്നെയായിരുന്നു. എന്നാൽ തിരുവമ്പാടി തമ്പാൻ ഒരു റോഡ് മൂവി ആണു എന്ന് ആരെങ്കിലും പറഞ്ഞാൽ ഒന്നെങ്കിൽ ആ പറഞ്ഞ ആൾ ഇതിനു മുൻപ് റോഡ് മൂവി കണ്ടിട്ടില്ല. അല്ലെങ്കിൽ ഈ റോഡ് മൂവി റോഡ് മൂവി എന്ന് പറയുന്ന സാധനം എന്താണെന്ന് ഈ ആൾക്ക് അറിയില്ല.

മധുരയിലെ കരുത്തനായ ശക്തിവേലിൽ നിന്നാണു തിരുവമ്പാടി തമ്പാൻ ആരംഭിക്കുന്നത്. എതിരാളികളെ കൊല്ലുക എന്നത് ശക്തിവേലിനു പൂ പറിക്കുന്നത് പോലെ ഈസിയായ ഒരു പണിയാണു. ശക്തിവേലും നമ്മുടെ കഥയിലെ നായകനായ കുഞ്ഞേട്ടൻ എന്ന് വിളിക്കുന്ന ജയറാമും തമ്മിൽ ഒരു ബന്ധവുമില്ല. ആക്സ്മികമായി സംഭവിക്കുന്ന ചില കാരണങ്ങൾ കൊണ്ട് അവർ തമ്മിൽ ശത്രുതയിലാവുകയാണു.

കേരളത്തിലെ പ്രശസ്തമായ കുടുമ്പമാണു തിരുവമ്പാടി തരകന്മാരുടെത്. ആനക്കമ്പത്തിനു പേരു കേട്ട ഇവരാണു കേരളത്തിലെ എല്ലാ പ്രധാന ഉത്സവങ്ങൾക്കും ആനകളെയും മറ്റ് ചമയങ്ങളെയുമൊക്കെ സപ്ലൈ ചെയ്യുന്നത്. ഇന്ന് ഈ തറവാട്ടിലെ കാരണവർ ആയ തിരുവമ്പാടി മാത്തൻ തരകനും (ജഗതി)മകൻതിരുവമ്പാടി തമ്പാൻ തരകനും (ജയറാം) ഒരു ഉത്സവത്തിനു ആനയെ കിട്ടാതെ ആകുമ്പോൾ ബീഹാറിലെ ഗജമേളയിൽ പോയി ആനയെ വാങ്ങിക്കുന്നു. തിരിച്ച് മധുര വഴി നാട്ടിലേക്ക് വരുമ്പോൾ മാത്തൻ തരകനു ഒരു കയ്യബദ്ധം പറ്റുന്നു. ഇതിനു പ്രതികാരം ചെയ്യാൻ ശക്തിവേൽ ത്രിശൂരിലേക്ക് വരുന്നു. പിന്നെ അങ്ങോട്ട് കാറുകൾ ചീറി പായുന്നു. അവസാനം രാമേശ്വരത്ത് വെച്ച് ക്ലൈമാക്സ്. ഏറ്റവും ചുരുക്കി തിരുവമ്പാടി തമ്പാന്റെ കഥ ഇങ്ങനെ വിവരിക്കാം.

മധുരയിൽ നിന്ന് ത്രിശൂർ വഴി എങ്ങനെ രാമേശ്വരത്ത് എത്തി എന്നറിയാൻ ആകാംഷ ഉള്ളവർക്ക് സിനിമ കാണാം. മാത്തൻ തരകനു പറ്റിയത് കയ്യബദ്ധം ആണെന്ന് മകൻ നായകൻ പറയുന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് അത് കയ്യിലിരുപ്പ് കൊണ്ട് ഉണ്ടായത് ആണു എന്നാണു തോന്നുക. അതു കൊണ്ട് തന്നെ ശക്തിവേലിനു ന്യായമായി പ്രതികാരം ചെയ്യാം. എന്നാൽ ശക്തിവേൽ ഒരു ക്രൂരനാണെന്നും കൊണ്ടും തമ്പാന്മാർ നല്ലവരാണെന്നും ആദ്യമേ പറഞ്ഞ് വെച്ചിരിക്കുന്നത് കൊണ്ട് വില്ലനെ ജയിക്കാനുള്ള അവകാശം നായകനുണ്ട്. ചിത്രം കണ്ടിരിക്കുന്നവർക്ക് സംശയം ഉണ്ടാക്കുന്ന ഒരു പാട് സീനുകൾ ഉണ്ടെങ്കിലും താണ്ഡവത്തിന്റെ രചയിതാവിൽ നിന്ന് ഇത്രയും നല്ല ഒരു തിരകഥ പുറത്ത് വന്നു എന്നുള്ളത് കൊണ്ട് ആ സംശയങ്ങളും ലോജിക്കിലായ്മയുമൊക്കെ നമുക്ക് ക്ഷമിച്ച് കളയാം.

ആദ്യ പകുതി രസകരമായ കൊച്ചു കൊച്ച് തമാശകളിലൂടെ മുന്നേറുന്ന ചിത്രം രണ്ടാം പകുതിയിൽ സീരിയസാവുകയാണു.കഥാപാത്രങ്ങളെല്ലാം ത്രിശൂർ ഭാഷ സംസാരിക്കുന്ന ചിത്രത്തിൽ കുഞ്ഞേട്ടൻ എന്ന് വിളിക്കുന്ന നായക കഥാപാത്രമായി ജയറാം തനിക്കറിയാവുന്ന അഭിനയം കാഴ്ച്ച വെച്ചു. ജഗതിയുടെ അഭിനയം നന്നായിരുന്നെങ്കിലും ഡബ്ബിംഗിൽ പാളിയത് കഥാപാത്രത്തിനെ ബാധിച്ചു. വില്ലനായെത്തിയ തമിഴ് നടൻ കിഷോറും ഗംഭീര പ്രകടനമാണു നടത്തിയത്. നായിക ഹരിപ്രിയക്ക് ഡ്യുയറ്റ് പാടുക എന്നതിൽ കവിഞ്ഞ് കാര്യമായ പണിയൊന്നുമില്ല. നെടുമുടി വേണുവിന്റെ വേഷവും നന്നായിരുന്നു. സമുദ്രക്കനിയുടെ ഒരു ഗസ്റ്റ് അപ്പിയറൻസും ചിത്രത്തിലുണ്ട്. മനോജ് പിള്ളയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ളതായിരുന്നു. പക്ഷെ കളർ ടോണിൽ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു ചിലപ്പോൾ തിയറ്ററിന്റെ കുഴപ്പം കൊണ്ടായിരിക്കാം.എന്തായാലും പത്മകുമാറും സുരേഷ് ബാബുവും പതിയെ പതിയെ മെച്ചപ്പെട്ട് വരുന്നുണ്ട്.

വണ്ടിയിൽ കയറി വണ്ടി വിടടാ ബീഹാറിലേക്ക് അല്ലെങ്കിൽ മറയൂരിലേക്ക്, രാമേശ്വരത്തിലേക്ക് എന്ന് പറയുകയും ഒരു രണ്ടോ മൂന്നോ സെക്കന്റ് പോകുന്ന വഴി കാണിക്കുകയും ചെയ്യുന്നതാണു റോഡ് മൂവി എന്ന് കരുതുന്നവർക്ക് ഇത് ഒരു റോഡ് മൂവി ആണു അല്ലാത്തവർക്ക് ഒരു വട്ടം കണ്ടാലും അധികമൊന്നും മുഷിച്ചിൽ തോന്നിപ്പിക്കാത്ത ഒരു സാധാരണ ചിത്രം മാത്രം.
..!!

ഹീറോ


പഴയ കാലത്തെ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർ ആയിരുന്ന ധർമ്മരാജൻ തന്റെ മകളുടെ കല്യാണത്തിനാവശ്യമായ പണത്തിനു വേണ്ടി ബുദ്ധിമുട്ടുകയാണു. ഒരു പടത്തിൽ വീണ്ടും സ്റ്റണ്ട് മാസ്റ്റർ ആയാൽ തന്റെ പ്രശ്നം പരിഹരിക്കപ്പെടും എന്ന് ധർമരാജനു അറിയാം. അതിനു വേണ്ടി അയാൾ പലരെയും സമീപിക്കുകയാണു. എന്നാൽ താൻ തന്നെ വളർത്തി വലുതാക്കിയ പലരും അയാളെ കയ്യൊഴിയുന്നു. അവസാനം ആദിത്യൻ എന്ന പ്രശസ്ത സംവിധായകൻ ധർമ്മരാജനു തന്റെ സിനിമയിലെ 6 ഫൈറ്റുകളിലൊന്ന് ചെയ്യാൻ അവസരം കൊടുക്കുന്നു. ആദിത്യന്റെ സിനിമയിലെ നായകൻ ഹോം മിനിസ്റ്ററുടെ മകനായ പ്രേമാനന്ദ് ആണു. ആദ്യ സിനിമ മാത്രമേ അയാളുടെ വിജയിച്ചിട്ടുള്ളു. പിന്നീട് തുടരെ പരാജയങ്ങൾ അഭിനയത്തിന്റെ ആദ്യക്ഷരം പോലും അറിയാത്ത നടൻ. നല്ല സൃഹൃദ് ബന്ധങ്ങളിലൂടെയാണു നല്ല സിനിമയുണ്ടാകു എന്ന് വിശ്വസിക്കുന്ന ആളായത് കൊണ്ടാണു ആദിത്യൻ തന്റെ സിനിമയിൽ പ്രേമാനന്ദനെ നായകനാക്കുന്നത്. നായിക ആദിത്യന്റെ തന്നെ സിനിമയിലൂടെ കടന്നു വന്ന ഗൗരി മേനോൻ. ഗൗരി മേനോൻ ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയാണു.

സിനിമയിലെ മറ്റ് ഫൈറ്റുകൾ ചെയ്യുന്നത് ധർമ്മരാജന്റെ തന്റെ ശിഷ്യനും അനന്തിരവനുമായ ഉദയ് ആണു. തന്റെ ഫൈറ്റിൽ ഉദയുടെ സഹായികളെ വിട്ടുതരണമെന്ന് ധർമ്മരാജൻ ഉദയോട് ആവശ്യപ്പെടുന്നു. എന്നാൽ ഉദയ് ധർമ്മരാജനെ അപമാനിച്ചയക്കുന്നു. ആരെ തന്റെ സഹായിയാക്കും എന്ന് വിഷമിച്ചിരിക്കുമ്പോൾ ആണു ധർമ്മരാജനു ആന്റ്ണിയെ ഓർമ്മ വരുന്നത്. തന്റെ നല്ലകാലത്ത് തന്നോടൊപ്പം വന്ന് ചേർന്ന ധർമ്മരാജന്റെ ശിഷ്യരിൽ ഏറ്റവും മിടുക്കൻ. ഒടുവിൽ ഉദയുടെ ഈഗോയുടെ പേരിൽ ധർമ്മരാജനു ആന്റണിയെ പറഞ്ഞു വിടേണ്ടി വന്നു. ഒരുപാട് സിനിമ മോഹങ്ങളുമായി വന്ന ചെറുപ്പക്കാരൻ കലങ്ങിയ കണ്ണുകളുമായി പടിയിറങ്ങി പോയി. ആന്റണിയെ തിരിച്ചു വിളിക്കാം എന്ന് ധർമ്മരാജൻ തിരുമാനിക്കുന്നു. ആന്റണി ഇന്ന് വെറും ആന്റണിയല്ല. ടാർസൺ ആന്റണിയാണു. ഫൈവ്സ്റ്റാർ കോളനിയുടെ എല്ലാമെല്ലാമായ ടാർസൺ ആന്റ്ണി. ധർമ്മരാജന്റെ അപേക്ഷ ആന്റണി ആദ്യം നിരസിക്കുമെങ്കിലും പിന്നീട് ഒപ്പം പോകാൻ ആന്റണി തിരുമാനിക്കുന്നു. ഇവിടുന്നങ്ങോട്ട് ചിത്രത്തിന്റെ കഥ വികസിക്കുന്നു..!

പുതിയ മുഖം എന്ന ചിത്രത്തിനു ശേഷം ദീപനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണു ഹീറോ. പൃഥ്വിരാജിന്റെ സൂപ്പർ താര പദവിയിലേക്കുള്ള ചുവടുവെയ്പ്പായി മാറിയ ചിത്രമായിരുന്നു പുതിയ മുഖം. അതു കൊണ്ട് തന്നെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. തിയറ്ററുകളിൽ കാണികളുടെ ആരവങ്ങളുയർത്തുന്ന സാഹസിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും അഭിനയിച്ച് നായകൻ കയ്യടി നേടുമ്പോൾ ആരുമാരുമറിയാതെ പോകുന്ന സ്റ്റണ്ട് ആർട്ടിസ്റ്റുകളുടെ കഥയാണു സെവൻ ആർട്ട്സ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ജി പി വിജയകുമാർ നിർമ്മിച്ച ഹീറോ പറയുന്നത്.

ടാർസൺ ആന്റണി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് തിളങ്ങി. മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ തന്നെ വെല്ലാൻ മറ്റാരുമില്ലെന്ന് ഹീറോയിലൂടെ ഒരിക്കൽ കൂടി പൃഥ്വി തെളിയിച്ചു. ആദിത്യൻ എന്ന സംവിധായകനായ അനൂപ് മേനോൻ തന്റെ മിതത്വം നിറഞ്ഞ അഭിനയ ശൈലിയിലൂടെ കയ്യടി നേടി. വില്ലൻ വേഷത്തിലെത്തിയ ശ്രീകാന്തിനു ഒരു മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനായില്ല. ഫൈറ്റ് മാസ്റ്റർ ധർമ്മരാജന്റെ വേഷം കൈകാര്യം ചെയ്ത തലൈ വാസൽ വിജയ് മലയാള സിനിമയിൽ താൻ ഇതു വരെ ചെയ്തതിൽ ശ്രദ്ധേയമായ അഭിനയമാണു കാഴ്ച്ച വെച്ചത്. നായികയായെത്തിയ പുതുമുഖ നടിയും മോശമാക്കിയില്ല.

ഗാനങ്ങളിൽ ടാർസൺ ആന്റണി കമിംഗ് ബാക്ക് ടു സിനിമ എന്ന ഗാനം മാത്രമാണു അല്പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. ഫൈറ്റ് സീനുകളുടെ ദൈർഘ്യ കൂടുതൽ ഇത്തരമൊരു ആക്ഷൻ ചിത്രത്തിനു അലങ്കാരം തന്നെയാണു. മികച്ച ഛായാഗ്രഹണവും ദീപന്റെ സംവിധാന ശൈലിയും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ഘടകങ്ങളും നന്നായെങ്കിലും ഇടവേളയ്ക്ക് ശേഷം തിരകഥ ദുർബലമായത് ഇത് ഒരു കോമഡി ചിത്രം അല്ല എന്നത് കൊണ്ട് തന്നെ ഒരു ന്യൂനതയാണു.

മായമോഹിനിയെയും ഡയമണ്ട് നെക്ലേസിനേയും ഒരുപോലെ വിജയമാക്കി തീർത്ത മലയാള സിനിമ പ്രേക്ഷകർ ഹീറോയ്ക്ക് എന്ത് വിധിയെഴുതും എന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. എന്തായാലും തിരകഥയിൽ ഉണ്ടാവാതിരുന്ന പുതുമ ഒരു ആധികാരിക വിജയം നേടുന്നതിൽ നിന്ന് ഹീറോയെ പിന്നോട്ടടിച്ചിരിക്കുകയാണു. ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് ഇതാണു. "ഒരൊറ്റ വെള്ളിയാഴ്ച്ച മതി സിനിമയിൽ ഒരാളുടെ ഭാഗ്യം 180 ഡിഗ്രി തിരിഞ്ഞു വരാൻ" നിർഭാഗ്യവശാൽ ഈ വെള്ളിയാഴ്ച്ച അത് പൃഥ്വിരാജിന്റെതായിരുന്നില്ല...!!!!

മഞ്ചാടിക്കുരു


"ഗൃഹാതുരത്വം" ഈ വാക്കിന്റെ അർത്ഥം എന്താണു എന്ന് താങ്കൾക്ക് അറിയില്ല എങ്കിൽ ദയവ് ചെയ്ത് മഞ്ചാടിക്കുരു എന്ന സിനിമ കാണാൻ പോകരുത്. താങ്കളുടെ വിലപ്പെട്ട സമയം വെറുതെ പാഴാക്കി കളയുകയായിരിക്കും അത്. നമുക്കെല്ലാം ഒരു കുട്ടിക്കാലമുണ്ടായിരുന്നു. (നമ്മൾ എന്ന് വെച്ചാൽ ഒരു 1990 നു മുൻപ് ജനിച്ചവർക്ക്.) പാടവും പുഴയും കുളവും പശുക്കളും കവുങ്ങും തെങ്ങും മാവും മുത്തശ്ശനും മുത്തശ്ശിയും അമ്മാവന്മാരും അമ്മായിമാരും കൂട്ടുകാരും എല്ലാം ചേർന്ന അവധിക്കാലങ്ങൾ അടിച്ചു പൊളിച്ചിരുന്ന ഒരു കുട്ടിക്കാലം.

നഷ്ടപ്പെട്ടു പോയ ആ കുട്ടിക്കാലത്തിന്റെ നനുവാർന്ന ഓർമകളിലേക്കാണു മഞ്ചാടിക്കുരു നമ്മളെ കൂട്ടി കൊണ്ട് പോകുന്നത്. ഞാൻ ജനിച്ചത് ഈ നാട്ടിൽ അല്ല. വളർന്നതും പഠിച്ചതും ഇവിടെയല്ല പക്ഷെ ഈ നാടുമായി എന്നെ ചേർത്തു നിർത്തുന്ന ഒന്നുണ്ട് എന്ന് തുടങ്ങുന്ന പൃഥ്വിരാജിന്റെ വിവരണത്തോടെയാണു അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആരംഭിക്കുന്നത്. കേരള കഫയിലെ ഹാപ്പി ജേർണി എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകയാണു അഞ്ജലി മേനോൻ.

4 വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ അഞ്ജലി മേനോന്റെ ആദ്യ ചിത്രമാണു മഞ്ചാടിക്കുരു. അതു കൊണ്ട് തന്നെ അന്തരിച്ച പ്രശസ്ത നടൻ ഭരത് മുരളിയേയും ഈ ചിത്രത്തിൽ കാണാം. തന്റെ മുത്തച്ചന്റെ മരണ വിവരം അറിഞ്ഞ് ദുബായിൽ നിന്ന് അമ്മയോടും അഛനോടും കൂടി നാട്ടിലെത്തുന്ന വിക്കി എന്ന കുട്ടിയുടെ കാഴ്ച്ചപാടിലാണു മഞ്ചാടിക്കുരു വികസിക്കുന്നത്. മരണവും അതിനു ശേഷമുള്ള 16 ദിവസങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം. തിലകൻ, കവിയൂർ പൊന്നമ്മ, ഉർവ്വശി, റഹമാൻ, ജഗതി, ബിന്ദു പണിക്കർ,പൃഥ്വിരാജ് തുടങ്ങിയ വലിയ താരങ്ങളുണ്ടെങ്കിലും 4 കുട്ടികളാണു ഈ കഥയെ മുന്നോട്ട് നയിക്കുന്നത്.

ഇന്റർനെറ്റിലും പബ്ബുകളിലും ഹൗസ്ബോട്ടുകളിലുമൊക്കെ ഉല്ലാസം കണ്ടെത്തുന്ന ഇന്നത്തെ യോ യോ യുവത്വത്തിനു ഈ സിനിമ രസിക്കാതെ പോയാൽ അത് അവരുടെ കുറ്റമല്ല. കാരണം ഈ സിനിമ നൽകുന്ന അനുഭൂതി തിരിച്ചറിയാൻ അവർക്കിതു പോലെ ഒരു കുട്ടിക്കാലം ഉണ്ടായിരുന്നില്ലല്ലോ.ദൈവത്തിന്റെ സ്വന്തം നാടാവുന്നതിനു മുൻപുള്ള കേരളത്തിന്റെ കഥ പറയുന്ന ഈ കൊച്ചു ചിത്രം ഒരിക്കലും തിരിച്ചു വരാൻ സാധ്യതയില്ലാത്ത ആ നല്ല നാളുകളെ വെള്ളിത്തിരയിലെങ്കിലും നമുക്ക് കാണിച്ചു തരുന്നു.

തിങ്കളാഴ്ച്ച നല്ല ദിവസത്തിന്റെയും രാപ്പകലിന്റെയുമൊക്കെ ഒരു ശ്രേണിയിൽ വരുമെങ്കിലും ഇവയിൽ നിന്ന് മഞ്ചാടിക്കുരു വേറിട്ട് നിൽക്കുന്നത് ഇതിൽ വിക്കിയുടെ കണ്ണുകളിലൂടെയാണു കഥപറയുന്നത് എന്നത് കൊണ്ടാണു.തിരക്കേറിയ ഈ ജീവിത യാത്രയിൽ ഇങ്ങനെയും ചിലത് മറവിയിൽ പെട്ട് കിടക്കുന്നുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിച്ചതിനു അഞ്ജലി മേനോനു ഒരായിരം നന്ദി.

വിഷുക്കാല സിനിമകൾ


മായമോഹിനി എന്ന സിനിമ ഏല്പിച്ച മാനസികാഘാതത്തിൽ നിന്ന് മുക്തമാവാൻ നാളുകൾ ഏറെ എടുക്കേണ്ടി വന്നത് കൊണ്ടാണു വിഷുക്കാല സിനിമകൾ എല്ലാം കണ്ടിട്ടും അതിനെ പറ്റി ഒരു അഭിപ്രായ പ്രകടനം നടത്താതിരുന്നത്. മായമോഹിനിക്ക് ശേഷം 5 വിഷു റിലീസുകൾ മലയാളത്തിലുണ്ടായി 22 ഫീമെയിൽ കോട്ടയം, കോബ്ര,ഗ്രാന്റ് മാസ്റ്റർ, മല്ലുസിംഗ് , ഡയമണ്ട് നെക്ലേസ് എന്നിവയാണു ആ ചിത്രങ്ങൾ. സാങ്കേതികമായി ഇക്കൊല്ലത്തെ വിഷു ചിത്രങ്ങളിൽ ഒന്നാമത് മായമോഹിനി തന്നെയാണു. കാരണം തിയറ്ററുകളിൽ ജനപ്രളയം സൃഷ്ടിക്കാൻ ആ ചിത്രത്തിനു കഴിഞ്ഞു. അതിപ്പോ നായകൻ വിരൂപനായാലും പടം മെഗാഹിറ്റായിട്ടുണ്ട് മമ്മൂട്ടിയുടെ മൃഗയ, ദിലീപിന്റെ തന്നെ കുഞ്ഞിക്കൂനൻ എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണു.


ഒരു ഹിജഡ വേഷം കെട്ടിയപ്പോൾ എങ്ങനെയുണ്ടായിരിക്കും എന്ന കൗതുകമാണു ഈ സിനിമ കാണാൻ പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം. പക്ഷെ പോക്കിരിരാജ കണ്ട് കയ്യടിച്ച ചേട്ടൻ ഫാൻസിനും അനിയൻ ഫാൻസിനും ചൈനാടൗൺ കണ്ട് ആർപ്പുവിളിച്ച വിശ്വതാരത്തിന്റെ ഫാൻസിനും ഈ സിനിമയെ ഒരു തരിക്കു പോലും കുറ്റം പറയാൻ പറ്റില്ല. കാരണം മേല്പറഞ്ഞ രണ്ട് ചിത്രങ്ങളോടോപ്പം അല്ലെങ്കിൽ അവയേക്കാൾ മുൻപിൽ നിൽക്കുന്നതാണു ഈ ചിത്രം. അതു കൊണ്ട് തന്നെ വിഷു ബമ്പർ മായമോഹിനിക്ക് തന്നെ..!

മമ്മൂട്ടി നായകനായി ലാൽ സംവിധാനം ചെയ്ത കോബ്ര. പാമ്പുകളിൽ ഏറ്റവും വിഷമേറിയത് എന്ന വിശേഷണമാണു കോബ്രക്കുള്ളത് എന്നാൽ നമ്മുടെ സിനിമ കോബ്ര ഒരു നീർക്കോലിയാണു. ചുരുങ്ങിയ പക്ഷം അത്താഴം മുടക്കാനുള്ള വിഷമുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. പക്ഷെ മായമോഹിനിയുമായി താരതമ്യം ചെയ്യുമ്പോൾ അശ്ലീല കോമഡികൾ ഇല്ലാത്തത് കോബ്രക്ക് നേട്ടമായി. ആ ഒരു നേട്ടമാണു സംവിധായകൻ ലാലിന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്ന പേരു നേടിയിട്ടും ഒരു മാസത്തോളം തിയറ്ററുകളിൽ തുടരാൻ കോബ്രക്ക് സഹായകമായത്.

അടുത്തത് ഗ്രാന്റ്മാസ്റ്റർ. മാടമ്പിക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം. സസ്പെൻസ് ത്രില്ലറുകൾ എങ്ങനെ എടുക്കണമെന്ന് മലയാളത്തിൽ ഒരു ശൈലിയുണ്ട്. അത് തെറ്റിച്ച് പ്രേക്ഷകരെ ഞെട്ടിച്ച ചുരുക്കം ചില സിനിമകളെ ഇവിടെ ഉണ്ടായിട്ടുള്ളു. അക്കൂട്ടത്തിൽ പെടുന്ന ഒരു സിനിമ ഇനിയും എത്ര കാലം കാത്തിരുന്നാലാണാവോ ഉണ്ണികൃഷ്ണനിൽ നിന്ന് കാണാൻ കഴിയുക. തന്റെ മുൻ പോലീസ് ചിത്രങ്ങളായ ഐ ജിയിൽ ത്രില്ലറിൽ നിന്നുമൊക്കെ ഒരുപാട് ദൂരം സംവിധായകൻ മുന്നേറിയിട്ടുണ്ട് എന്നാല് ഈ രണ്ട് സിനിമകളുടെയും നിലവാരം എന്തായിരുന്നുവെന്നും അതിൽ നിന്ന് എത്ര ദൂരം മുന്നേറിയാലും എവിടെയൊക്കെ എത്താം എന്നതിനെ പറ്റിയും പ്രേക്ഷകർക്ക് തന്നെ ഊഹിക്കാവുന്നതല്ലേ ഉള്ളു. അത് തന്നെയാണു ഇവിടെയും സംഭവിച്ചിരിക്കുന്നത്.മോഹൻലാലിന്റെ അതിമനോഹരമായ പ്രകടനമാണു ഗ്രാന്റ്മാസ്റ്ററിൽ എന്നൊക്കെ പല വിശേഷണങ്ങളും പലയിടത്തായി കേട്ടതാണു. സത്യത്തിൽ മുൻ ചിത്രങ്ങളിലെ പരിതാപകരമായ റോളുകളിൽ ലാലിനെ കണ്ട് വിഷമിച്ച ആരാധകർക്ക് സീരിയസായി ഡയലോഗ് പറയുകയും വളിപ്പ് തമാശകളും സ്ത്രീകളെ പറ്റി അശ്ലീല കമന്റുകളും പറയാതിരിക്കുകയും ചെയ്യുന്ന ലാലിനെ സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ ഒരു തരം ഉന്മാദാവസ്ഥ. അങ്ങനെ ഒരു അവസ്ഥയിൽ ഈ സിനിമ മലയാള സിനിമയിലെ നവ ജനറേഷൻ ക്രൈം ത്രില്ലർ ആണെന്നും ഹോളിവുഡ് സിനിമകളെ വെല്ലുന്ന ടേക്കിംഗ്സ് ആണെന്നുമൊക്കെ തോന്നിപോയേക്കാം സ്വാഭാവികം. സത്യം സത്യമായി അറിയണമെങ്കിൽ തിയറ്ററിൽ പോയി പടം കാണുക. ഊതീ വീർപ്പിച്ച ബലൂൺ എന്നാൽ എന്താണെന്ന് അപ്പോൾ മനസ്സിലാക്കാം. ഉള്ളിൽ വെറും കാറ്റ്..!!

പോക്കിരിരാജയ്ക്കും സീനിയേഴ്സിനും ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രം മല്ലു സിംഗ്. കുഞ്ചാക്കോ ബോബൻ ഉണ്ണി മുകുന്ദൻ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രം കണ്ടില്ല എന്നു വെച്ചാൽ ഒരു കുഴപ്പവുമില്ല. ഇനി കണ്ടാലും ഒരു ചുക്കും വരാനില്ല. യാതൊരു പുതുമയില്ലാത്ത സബ്ജക്ടും യാതൊരു വിധത്തിലും ജനത്തെ ചിരിപ്പിക്കാത്ത കോമഡി നമ്പറുകളുമായി വന്ന് ജനത്തെ തിയറ്ററിലെത്തിക്കുക്ക എന്ന ദൗത്യം നിർവ്വഹിച്ച വൈശാഖ് അണ്ണാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു നിങ്ങളാളു പുലി തന്നെ കേട്ടാ..!!

ഏകദേശം ഒരു 10 വർഷം മുൻപാണു വളരെ പ്രതീക്ഷയോടെ ഒരു സിനിമ തിയറ്ററിലെത്തി. എന്നാൽ എല്ലാ പ്രതീക്ഷകളെയും അപ്പാടെ തെറ്റിച്ച് പടം ബോക്സോഫീസിൽ മൂക്കും കുത്തി വീണു. അണിയറയിൽ പ്രവർത്തിച്ചത് വമ്പന്മാരായത് കൊണ്ട് പഴിമുഴുവൻ കേട്ടത് നായകനായിരുന്നു. അഭിനയത്തിന്റെ എ ബി സി ഡി അറിയാത്ത ഇവനെയൊക്കെ പാടത്ത് കോലം കുത്തി നിർത്താൻ കൊള്ളാം എന്ന് പറഞ്ഞ് മലയാള സിനിമയും സിനിമ പ്രേക്ഷകരും അന്ന് ആ നടനെ പടിയിറക്കി വിട്ടു. വർഷങ്ങൾക്ക് ശേഷം ആ നടൻ കരുത്തോടെ തിരിച്ച് വന്നു. മലയാളികളുടെ നിലവിലെ നായക സങ്കല്പങ്ങളെ പാടെ തകർത്ത് കഷണ്ടി കയറിയ മുടിയും സിക്സ്പാക്ക് ഇല്ലാത്ത ശരീരവുമായി ആ നടൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി യാതൊരു താരജാഡകളുമില്ലാതെ നടനല്ല സിനിമയാണു ആഘോഷിക്കപ്പെടേണ്ടത് എന്ന് വിശ്വസിക്കുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഫാസിലിന്റെ മകൻ ഫഹദ് ഫാസിൽ..!

22 ഫീമെയിൽ കോട്ടയം ഒരു നായിക പ്രധാന്യമുള്ള സിനിമയാണു എന്നാൽ ആ നായികയ്ക്ക് പ്രധാന്യമേറുന്നത് അതിലെ പ്രതിനായക വേഷത്തിലെത്തുന്ന ഫഹദിന്റെ അഭിനയ മികവ് കൂടി കൊണ്ടാണു. ഒരോ സിനിമയും ഒരോ സന്ദേശങ്ങളാണു എന്നൊക്കെ പറയാറുണ്ട്. എന്നാൽ സിനിമ കണ്ട് കഴിഞ്ഞ് ആ സന്ദേശം സ്വന്തം ജീവിതത്തിൽ പകർത്തുകയും പ്രയോഗിക്കുകയൊന്നും അധികമാരും ചെയ്യാറില്ല. 22 ഫീമെയിൽ ഇനിയും കാണാത്തവരോട്... ഈ സിനിമയുടെ ക്ലൈമാക്സ് സീൻ കണ്ട് ഞങ്ങളുടെ കൂട്ടത്തിലൊരുത്തൻ ബോധം കെട്ട് വീണു. സിനിമയിലെ വില്ലനായ സിറിളിന്റെതു പോലൊരു അനുഭവം തനിക്കുമുണ്ടായാല്ലത്തെ അവസ്ഥ ഭാവനയിൽ കണ്ടതാണു ആ കള്ളക്കാമുകന്റെ ബോധം കെടലിനു കാരണം. വഞ്ചിക്കപ്പെടലുകൾക്ക് പ്രതികാരം ചെയ്യാൻ പെണ്ണൊരുമ്പെട്ടാൽ പിന്നെ ട്യുബും കൊണ്ട് നടക്കേണ്ടി വരും, ആദ്യമൊരു ബുദ്ധിമുട്ടൊക്കെ കാണും പിന്നെ അത് ഒരു ശീലമായിക്കൊള്ളും. ഹാറ്റ്സ് ഓഫ് യു ആഷിക്ക് അബു..!!


അറബി കഥ പറഞ്ഞത് ഗൾഫിലെ സാധാരണക്കാരന്റെ കഥയാണെങ്കിൽ ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് പറയുന്നത് അവിടുത്തെ ജീവിതം ആഘോഷമാക്കി മാറ്റുന്ന മലയാളി യുവാക്കളുടെ കഥയാണു. ഫഹദ് ഫാസിലിന്റെ വണ്മാൻ ഷോ. കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. കാരണം ഈ നടനിൽ നിന്നും ഇനിയും ഇതിലും വലുത് മികച്ചത് വരാനിരിക്കുന്നതേയുള്ളു. ഈ ഒരൊറ്റ ചിത്രം കൊണ്ട് സെവൻസ് എന്ന പാതകത്തിന്റെ മുഴുവൻ പാപക്കറയും ഇക്ബാൽ കുറ്റിപ്പുറം കഴുകി കളഞ്ഞിരിക്കുന്നു. സ്ത്രീ പ്രേക്ഷകരെ കൊണ്ട് വരെ കയ്യടിപ്പിച്ച ക്ലൈമാക്സ് സീൻ ഒരുക്കിയതിൽ ലാൽ ജോസിനു അഭിമാനിക്കാം.

അമാനുഷികതകളില്ലാത്ത സംഘട്ടനങ്ങളില്ലാത്ത നിത്യജീവിതവുമായി പുലബന്ധം പോലുമില്ലാത്ത സീനുകൾ കുത്തിനിറച്ചിട്ടില്ലാത്ത ഇതു പോലത്തെ സിനിമകൾ ഇനിയും മലയാളത്തിൽ ഉണ്ടാക്കട്ടെ, അതിന്റെ വിജയവും പരാജയവും അന്തിമമായി തിരുമാനിക്കുന്നത് പ്രേക്ഷകൻ തന്നെയാണു പക്ഷെ ഒന്നുണ്ട്. ഒരു മോശം സിനിമ ചിലപ്പോൾ വിജയമായേക്കാം ഒരു നല്ല സിനിമ ചിലപ്പോൾ പരാജയമായേക്കാം. എന്നാൽ ഒരു മികച്ച സിനിമ ഒരിക്കല്ലും പരാജയപ്പെടുന്നില്ല. ഇനി അഥവ പരാജയപ്പെടുന്നുവെങ്കിൽ അതിനർത്ഥം അവ മികച്ചവയല്ല എന്ന് തന്നെയാണു..!!!

Followers

 
Copyright 2009 b Studio. All rights reserved.