RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

തിരുവമ്പാടി തമ്പാൻ


കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ ഒരു സിനിമ അനൗൺസ് ചെയ്തു. നായകൻ സാക്ഷാൽ മോഹൻലാൽ വില്ലൻ പൃഥ്വിരാജ്. മോഹൻലാലും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്നു. പൃഥിരാജ് ആദ്യമായി മലയാളത്തിൽ വില്ലനാകുന്നു എന്നീ വിശേഷണങ്ങളാൻ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്യാൻ നിശ്ചയിക്കപ്പെട്ടത് പത്മകുമാർ ആയിരുന്നു. തന്റെ മകളെ കൊല ചെയ്ത ആളോട് പ്രതികാരം ചെയ്യാൻ നായകൻ വില്ലന്റെ നാട്ടിലേക്ക് യാത്രയാവുകയാണു. അവിടേക്ക് പോകുന്ന ഒരു ലോറിയിൽ നായകൻ കയറുന്നു.

യാത്രക്കിടയിൽ നായകനും ലോറി ഡ്രൈവറും വളരെ ചങ്ങാത്തത്തിലാകുന്നു .ലോറി ഡ്രൈവറോട് തന്റെ കഥകൾ നായകൻ പറയുന്നു.അധികം വൈകാതെ പ്രേക്ഷകർ മനസ്സിലാക്കുന്നു നായകനു കൊല്ലേണ്ട ആൾ ലോറി ഡ്രൈവർ ആണെന്നു. ഇതു നായകനും മനസ്സിലാക്കുന്നിടത്തു പടത്തിന്റെ തകർപ്പൻ ഇന്റർവെൽ. പിന്നീടങ്ങോട്ടുള്ള യാത്രയിൽ കൊല്ലാൻ നായകനും കൊല്ലപ്പെടാതിരിക്കാൻ വില്ലനും ശ്രമിച്ചു കൊണ്ടുള്ള രക്തം മരവിപ്പിക്കുന്ന സ്വീക്വൻസുകളോട് കൂടിയ രണ്ടാം പകുതി.

അങ്ങനെ യാത്ര അവസാനിക്കുന്നിടത്ത് നായകനും വില്ലനും തമ്മിലുള്ള തകർപ്പൻ ഫൈറ്റിനു ശേഷം നായകൻ വില്ലനെ കൊല്ലുകയോ അല്ലെങ്കിൽ വില്ലനോട് ക്ഷമിക്കുകയോ അതുമല്ലങ്കിൽ വില്ലൻ അബദ്ധത്തിൽ മരിക്കുകയോ (നായകൻ മൂലമല്ലാതെ) ചെയ്തു കൊണ്ട് പടം അവസാനിക്കുന്നു. സുരേഷ് ബാബുവിന്റെ തിരകഥയിൽ ഒരുങ്ങുമായിരുന്ന ഈ ചിത്രം പുറത്തു വന്നിരുന്നെങ്കിൽ ഒരു പക്ഷെ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച റോഡ് മൂവികളിൽ ഒന്നാകപ്പെടുമായിരുന്നു..! എന്നാൽ നിർഭാഗ്യവശാൽ അത് കാണാനുള്ള ഭാഗ്യം നമ്മൾ പ്രേക്ഷകർക്കില്ലാതെ പോയി.

പാതിരാമണൽ എന്ന് പേരിട്ടിരുന്ന ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടെങ്കിലും റോഡ് മൂവി എന്ന ആശയം പത്മകുമാറിന്റെ മനസ്സിൽ ബാക്കി കിടന്നിരിക്കണം. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം എന്ന നിലയ്ക്കായിരിക്കണം അദ്ദേഹവും സുരേഷ് ബാബുവും ചേർന്ന് ജയറാമിനെ നായകനാക്കി തിരുവമ്പാടി തമ്പാൻ എന്ന ചിത്രം ഒരുക്കിയത്. പാതിരമണൽ എന്ന ചിത്രത്തിന്റെ കഥ ഒരസ്സൽ റോഡ് മൂവിയുടെത് തന്നെയായിരുന്നു. എന്നാൽ തിരുവമ്പാടി തമ്പാൻ ഒരു റോഡ് മൂവി ആണു എന്ന് ആരെങ്കിലും പറഞ്ഞാൽ ഒന്നെങ്കിൽ ആ പറഞ്ഞ ആൾ ഇതിനു മുൻപ് റോഡ് മൂവി കണ്ടിട്ടില്ല. അല്ലെങ്കിൽ ഈ റോഡ് മൂവി റോഡ് മൂവി എന്ന് പറയുന്ന സാധനം എന്താണെന്ന് ഈ ആൾക്ക് അറിയില്ല.

മധുരയിലെ കരുത്തനായ ശക്തിവേലിൽ നിന്നാണു തിരുവമ്പാടി തമ്പാൻ ആരംഭിക്കുന്നത്. എതിരാളികളെ കൊല്ലുക എന്നത് ശക്തിവേലിനു പൂ പറിക്കുന്നത് പോലെ ഈസിയായ ഒരു പണിയാണു. ശക്തിവേലും നമ്മുടെ കഥയിലെ നായകനായ കുഞ്ഞേട്ടൻ എന്ന് വിളിക്കുന്ന ജയറാമും തമ്മിൽ ഒരു ബന്ധവുമില്ല. ആക്സ്മികമായി സംഭവിക്കുന്ന ചില കാരണങ്ങൾ കൊണ്ട് അവർ തമ്മിൽ ശത്രുതയിലാവുകയാണു.

കേരളത്തിലെ പ്രശസ്തമായ കുടുമ്പമാണു തിരുവമ്പാടി തരകന്മാരുടെത്. ആനക്കമ്പത്തിനു പേരു കേട്ട ഇവരാണു കേരളത്തിലെ എല്ലാ പ്രധാന ഉത്സവങ്ങൾക്കും ആനകളെയും മറ്റ് ചമയങ്ങളെയുമൊക്കെ സപ്ലൈ ചെയ്യുന്നത്. ഇന്ന് ഈ തറവാട്ടിലെ കാരണവർ ആയ തിരുവമ്പാടി മാത്തൻ തരകനും (ജഗതി)മകൻതിരുവമ്പാടി തമ്പാൻ തരകനും (ജയറാം) ഒരു ഉത്സവത്തിനു ആനയെ കിട്ടാതെ ആകുമ്പോൾ ബീഹാറിലെ ഗജമേളയിൽ പോയി ആനയെ വാങ്ങിക്കുന്നു. തിരിച്ച് മധുര വഴി നാട്ടിലേക്ക് വരുമ്പോൾ മാത്തൻ തരകനു ഒരു കയ്യബദ്ധം പറ്റുന്നു. ഇതിനു പ്രതികാരം ചെയ്യാൻ ശക്തിവേൽ ത്രിശൂരിലേക്ക് വരുന്നു. പിന്നെ അങ്ങോട്ട് കാറുകൾ ചീറി പായുന്നു. അവസാനം രാമേശ്വരത്ത് വെച്ച് ക്ലൈമാക്സ്. ഏറ്റവും ചുരുക്കി തിരുവമ്പാടി തമ്പാന്റെ കഥ ഇങ്ങനെ വിവരിക്കാം.

മധുരയിൽ നിന്ന് ത്രിശൂർ വഴി എങ്ങനെ രാമേശ്വരത്ത് എത്തി എന്നറിയാൻ ആകാംഷ ഉള്ളവർക്ക് സിനിമ കാണാം. മാത്തൻ തരകനു പറ്റിയത് കയ്യബദ്ധം ആണെന്ന് മകൻ നായകൻ പറയുന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് അത് കയ്യിലിരുപ്പ് കൊണ്ട് ഉണ്ടായത് ആണു എന്നാണു തോന്നുക. അതു കൊണ്ട് തന്നെ ശക്തിവേലിനു ന്യായമായി പ്രതികാരം ചെയ്യാം. എന്നാൽ ശക്തിവേൽ ഒരു ക്രൂരനാണെന്നും കൊണ്ടും തമ്പാന്മാർ നല്ലവരാണെന്നും ആദ്യമേ പറഞ്ഞ് വെച്ചിരിക്കുന്നത് കൊണ്ട് വില്ലനെ ജയിക്കാനുള്ള അവകാശം നായകനുണ്ട്. ചിത്രം കണ്ടിരിക്കുന്നവർക്ക് സംശയം ഉണ്ടാക്കുന്ന ഒരു പാട് സീനുകൾ ഉണ്ടെങ്കിലും താണ്ഡവത്തിന്റെ രചയിതാവിൽ നിന്ന് ഇത്രയും നല്ല ഒരു തിരകഥ പുറത്ത് വന്നു എന്നുള്ളത് കൊണ്ട് ആ സംശയങ്ങളും ലോജിക്കിലായ്മയുമൊക്കെ നമുക്ക് ക്ഷമിച്ച് കളയാം.

ആദ്യ പകുതി രസകരമായ കൊച്ചു കൊച്ച് തമാശകളിലൂടെ മുന്നേറുന്ന ചിത്രം രണ്ടാം പകുതിയിൽ സീരിയസാവുകയാണു.കഥാപാത്രങ്ങളെല്ലാം ത്രിശൂർ ഭാഷ സംസാരിക്കുന്ന ചിത്രത്തിൽ കുഞ്ഞേട്ടൻ എന്ന് വിളിക്കുന്ന നായക കഥാപാത്രമായി ജയറാം തനിക്കറിയാവുന്ന അഭിനയം കാഴ്ച്ച വെച്ചു. ജഗതിയുടെ അഭിനയം നന്നായിരുന്നെങ്കിലും ഡബ്ബിംഗിൽ പാളിയത് കഥാപാത്രത്തിനെ ബാധിച്ചു. വില്ലനായെത്തിയ തമിഴ് നടൻ കിഷോറും ഗംഭീര പ്രകടനമാണു നടത്തിയത്. നായിക ഹരിപ്രിയക്ക് ഡ്യുയറ്റ് പാടുക എന്നതിൽ കവിഞ്ഞ് കാര്യമായ പണിയൊന്നുമില്ല. നെടുമുടി വേണുവിന്റെ വേഷവും നന്നായിരുന്നു. സമുദ്രക്കനിയുടെ ഒരു ഗസ്റ്റ് അപ്പിയറൻസും ചിത്രത്തിലുണ്ട്. മനോജ് പിള്ളയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ളതായിരുന്നു. പക്ഷെ കളർ ടോണിൽ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു ചിലപ്പോൾ തിയറ്ററിന്റെ കുഴപ്പം കൊണ്ടായിരിക്കാം.എന്തായാലും പത്മകുമാറും സുരേഷ് ബാബുവും പതിയെ പതിയെ മെച്ചപ്പെട്ട് വരുന്നുണ്ട്.

വണ്ടിയിൽ കയറി വണ്ടി വിടടാ ബീഹാറിലേക്ക് അല്ലെങ്കിൽ മറയൂരിലേക്ക്, രാമേശ്വരത്തിലേക്ക് എന്ന് പറയുകയും ഒരു രണ്ടോ മൂന്നോ സെക്കന്റ് പോകുന്ന വഴി കാണിക്കുകയും ചെയ്യുന്നതാണു റോഡ് മൂവി എന്ന് കരുതുന്നവർക്ക് ഇത് ഒരു റോഡ് മൂവി ആണു അല്ലാത്തവർക്ക് ഒരു വട്ടം കണ്ടാലും അധികമൊന്നും മുഷിച്ചിൽ തോന്നിപ്പിക്കാത്ത ഒരു സാധാരണ ചിത്രം മാത്രം.
..!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.