RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ക്ലൈമാക്സ്


സിൽക്ക് സ്മിതയുടെ ജീവിതത്തിൽ ആരും പറയാത്ത രഹസ്യങ്ങളുടെ ചുരുളഴിയിക്കുന്ന സിനിമയാണു അനിൽ സംവിധാനം ചെയ്ത ക്ലൈമാക്സ്. അന്യഭാഷാ നടി സനാഖാൻ ആണു ഇതിൽ സുപ്രിയ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡേർട്ടി പിക്ച്ചർ ഒക്കെ കണ്ട് കഴിഞ്ഞ സ്ഥിതിക്ക് ഇതിൽ പുതിയതായി ഒന്നും തന്നെയില്ല.  നല്ല ഏസിയുള്ള തിയറ്റർ ഒക്കെ ആണെങ്കിൽ വെറുതെ കളയാൻ 2 മണിക്കൂറു ഉണ്ടെങ്കിൽ ഒരു അൻപത് രൂപ കളയാം.

 ചിത്രത്തിൽ സുരേഷ് കൃഷ്ണയും ഇർഷാദുമാണു മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾ. പിന്നെ കുറെ തമിഴ് നടീ നടന്മാരും തുണ്ട് പടങ്ങളിൽ നിന്ന് ചാടി പോന്ന ജൂനിയർ ആർട്ടിസ്റ്റുകളും. ചിത്രത്തിൽ സ്ഫടികത്തിലെ ഏഴിമല പൂച്ചോല ഗാനരംഗം കാണിക്കുന്നുണ്ട്. അത് കാണുമ്പോഴാണു സിൽക്കിന്റെ വില നമുക്ക് ശരിക്ക് മനസ്സിലാവുന്നത്. സനാഖാനല്ല സാക്ഷാൽ ഷക്കീല പോലും ആ നടിയുടെ വാലേൽ കെട്ടാൻ കൊള്ളത്തില്ല.

ചിത്രത്തിന്റെ സംവിധാനം അനിലും തിരകഥ കലൂർഡന്നീസുമാണു. അനില് ബാബു കൂട്ട് കെട്ട് വേർപിരിഞ്ഞതിനു ശേഷം അനിൽ ഇങ്ങനെ പടങ്ങൾ ചെയ്ത് കൊണ്ടേ ഇരിക്കുന്നുണ്ട്. ഒന്നും പക്ഷെ പച്ച തൊടുന്നില്ല എന്ന് മാത്രം. അനിലിന്റെ നമ്പറും ഒരു ദിവസം വരുമായിരിക്കും..! അത് പക്ഷെ ഇങ്ങനെ നായികയുടെ ഉടലഴകലൂടെ ക്യാമറ ചലിപ്പിച്ചിട്ട് നേടാം എന്നാണു മോഹമെങ്കിൽ കാലം മാറി സാറേ..

ഇനി ഈ സിനിമ കാണാത്തവരോട് ഒരു വാക്ക്.. ഒന്നുമില്ലെങ്കിലും എത്രയോ മോശമായ തിയ്യറ്ററുകളിൽ ഇരുന്ന് മൂട്ടകടിയും ചൂടും സഹിച്ച് സീൽക്കാരങ്ങളും നിശ്വാസങ്ങളും ശ്വാസമടക്കിപ്പിടിച്ച് കണ്ടിരുന്ന ആ പഴയ കുട്ടിക്കാലം ഓർമ്മയില്ലേ.. അതിന്റെ  ഒരു ന്യൂജനറേഷൻ ഓർമ പുതുക്കലായി ഇതിനെ കാണാം. അല്ലാതെ ഇനി ചിലപ്പോ ബിരിയാണി കൊടുത്താലോ എന്ന് കരുതിയാണു പോവുന്നതെങ്കിൽ ടൈം കളയണ്ട ലാപ്  ഓൺ ചെയ്തോളു.

രണ്ട് തവണ പോയിട്ട് ഒരു തവണ പോലും ഹോർളിക്സ് കുടിക്കാനുള്ള വകുപ്പ് ചിത്രത്തിലില്ല. ഇനി ഈ ചിത്രം കണ്ട് ആരെങ്കിലും കുളിരു കോരുകയാണെങ്കിൽ ഒന്നുറപ്പിച്ചോളു ഇതായിരിക്കും അയാൾ ജീവിതത്തിൽ ആദ്യമായിട്ട് കണ്ട ഇക്കിളി പടം.

ലേഡീസ് & ജെന്റില്മാൻ.


ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണു ലേഡീസ് & ജെന്റില്മാൻ. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റ്ണി പെരുബാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വിഷുവിനു ഒരു ഉത്സവ പ്രതീതിയാണു സമ്മാനിക്കുന്നത്. സിദ്ദിഖ് തന്നെ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രം കുടുംബങ്ങൾക്കും ചെറുപ്പക്കാർക്കും ഫാൻസിനുമെല്ലാം ഇഷ്ടപ്പെടുന്ന രീതിയിലാണു ഒരുക്കിയിരിക്കുന്നത്. ടൈറ്റിൽ സോംഗ് മുതൽ സിനിമ അവസാനിക്കുന്നത് വരെ പ്രേക്ഷകർ തിയറ്ററിൽ മതിമറന്നാസ്വദിക്കുകയാണു എന്നൊക്കെ പറയണമെങ്കിൽ കണ്ണു പൊട്ടനായിരിക്കണം കാണുന്ന ആൾ. ഇതൊരുമാതിരി ഇന്നത്തെ ചിന്താവിഷയത്തെ സ്പിരിറ്റിൽ മുക്കിയെടുത്ത പോലത്തെ ഒരു അവിഞ്ഞ സാധനം.

ചന്ദ്രബോസ്, എല്ലാവരും ബോസ് എന്ന് വിളിക്കണം അതാണു ലേഡീസ് & ജന്റില്മാനിലെ നായക കഥാപാത്രം. സാക്ഷാൽ ലാലേട്ടൻ. ആൾ ഫുൾ ടൈം തണ്ണിയിലാണു. പക്ഷെ പതിവ് പോലെ ആൾ വളരെ ജീനിയസാണു. മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ വെറും 7 ദിവസം കൊണ്ട്, അത് എത്ര വലുതായാലും സോൾവ് ചെയ്ത് കൊടുക്കുന്ന മഹാനുഭാവാലു. അദ്ദേഹത്തിന്റെ സന്തത സഹചാരിയാണു മണി. കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രം.

 ചന്ദ്രബോസിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന ശരത്ത് എന്ന ചെറുപ്പക്കാരന്റെ പ്രശ്നത്തിൽ ബോസ് ഇടപ്പെടുകയും അത് വഴി ജോ, അനു, ചിനു എന്നീ ലേഡീസുമായുള്ള സമ്പർക്കങ്ങളും (തെറ്റിദ്ധരിക്കരുത്) ഡൈവേഴ്സ് സാഹചര്യത്തിൽ നിൽക്കുന്ന ഭാര്യ അച്ചുവുമായുള്ള സല്ലാപങ്ങളുമൊക്കെയാണു ചിത്രത്തിന്റെ കാതൽ.

 വർഷങ്ങൾക്ക് മുൻപ് ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ സിദ്ദിഖ് നേരിട്ട ഏറ്റവും വലിയ വിമർശനങ്ങളിൽ ഒന്ന് ആ സിനിമയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല എന്നായിരുന്നു. അതായത് കാലോചിതമായ മാറ്റങ്ങൾ അംഗീകരിക്കാൻ സിദിഖിന്റെ പഴഞ്ചൻ മനസ്സിനു കഴിഞ്ഞിട്ടില്ല എന്ന്.. അതിനൊരു മറുപടിയായിട്ടാവണം തന്റെ അടുത്ത ചിത്രമായ ബോഡി ഗാർഡിൽ സിദ്ദിഖ് മൊബൈൽ തന്നെ ഒരു പ്രധാന കഥാപാത്രമാക്കിയത്. 2013ല് ലേഡീസ് & ജെന്റില്മാനിൽ എത്തിയപ്പോൾ ഐടി കമ്പനികളുടെ കിടമത്സരങ്ങളാണു സിദിഖ് പ്രമേയമാക്കിയത്.

 പത്മപ്രിയ, മമത്, മിത്രാ കുര്യൻ, മീരാ ജാസ്മിൻ തുടങ്ങിയ വനിത രത്നങ്ങൾ ജന്റില്മാന്റെ കൂടെ അഭിനയിക്കാനുണ്ട്. സിനിമയുടെ കഥയെ കുറിച്ച് പറയുകയാണെങ്കിൽ അത് ഒരു ഒന്നൊന്നര കഥയാണു. രണ്ട് കിടിലൻ ട്വിസ്റ്റുകളൊക്കെയുണ്ട്. അതൊക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞ് പോകും. സത്യം. ഒരു നാടൻ പാട്ടോട് കൂടിയാണു സിനിമ ആരംഭിക്കുന്നത് (അത് വിവരമുള്ളവർ പണ്ടെങ്ങാണ്ടോ എഴുതി വെച്ചത്) പിന്നെ അങ്ങോട്ട് അപാര കോമഡിയാണു. ഒരോ സീനിലും കോമഡി.ചിരിച്ച് ചിരിച്ച് എന്റെ അമ്മോ..

 സിദിഖ് വളരെ കഷ്ടപ്പെട്ട് കാലങ്ങളെടുത്ത് എഴുതി വെച്ച ഈ കോമഡി സീനുകൾ അഭിനേതാക്കൾ അവതരിപ്പിക്കുന്നത് കാണുമ്പോൾ ഇതിൽ കൃഷ്ണകുമാർ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗ് ആരും പറഞ്ഞ് പോകും. കലാഭവൻ ഷാജോണിന്റെ മണിയാണു ഏക ആശ്വാസം. ഇനി കുറച്ച് കാലത്തേക്ക് നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള ഭാഗ്യം ഷാജോണിനു കിട്ടട്ടെ. മനോജ് കെ ജയൻ, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിലുണ്ട്.

 പണ്ടെ ദുർബല പിന്നെ ഗർഭിണിയും എന്ന് പറഞ്ഞ പോലെയാണു സിനിമയിലെ ഗാനങ്ങൾ. സിദിഖിന്റെ സിനിമകളിലെ ഏറ്റവും മോശം ഗാനങ്ങൾ ഉള്ള ചിത്രം എന്ന ബഹുമതി ഇനി ലേഡീസ് & ജന്റില്മാനു സ്വന്തം. ചന്ദ്രബോസ് എന്ന മുഴുക്കുടിയനും ജീനിയസും സർവ്വോപരി കോടീശ്വരനുമായ നായകനെ ലാലേട്ടൻ മികച്ചതാക്കി. ലേഡീസാരും മോശമാക്കിയില്ല. മീരാജാസ്മിനൊക്കെ അങ്ങ് അഭിനയിച്ച് തകർത്തില്ലേ. പടം കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി. സിദിഖ് എന്ന സംവിധായകന്റെ പേരിലുള്ള വിശ്വാസം കൊണ്ട് ഈ ചിത്രം ഓടുകയാണെങ്കിൽ ഓടും. പക്ഷെ ഇതോടെ അതും പോയി കിട്ടി. അങ്ങനെ ഈ വിഷു ബംബർ തോമയ്ക്ക്...

സൗണ്ട് തോമ


ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങൾ നൽകാൻ കഴിവുള്ള നടൻ ആരാണെന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേ ഉള്ളു. അത് നടൻ ദിലീപാണു. 2006 - 2009 വർഷങ്ങളിൽ ഒരല്പം മങ്ങി പോയെങ്കിലും 2010 ല് കാര്യസ്ഥന്റെ വമ്പൻ വിജയവുമായി വന്ന് പിന്നീടിങ്ങോട്ട് ഇന്നിതുവരെ മലയാള സിനിമ ബോക്സ് ഓഫീസ് ഭരിക്കുന്നത് ദിലീപാണെന്നുള്ള സത്യം സൂപ്പർ മെഗാ താരങ്ങളുടെ ആരാധകർക്ക് അംഗീകരിക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ടാവുമെങ്കിലും അതാണു സത്യം. പരമമായ സത്യം.

തന്റെ വലിയ വിജയങ്ങൾ തന്റെ മാത്രം കഴിവ് കൊണ്ടാണു എന്ന് കൊട്ടി ഘോഷിക്കാൻ തയ്യാറാവാതിരിക്കുകയും വളരെ കൃത്യമായും സൂക്ഷമതയോടും കൂടി തന്റെ സിനിമകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിലാണു ദിലീപ് എന്ന നടന്റെ വിജയ ഫോർമുല. തന്നിൽ നിന്ന് പ്രേക്ഷകർ എന്താണു പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കുകയും അത് അതേ അളവിൽ നൽകുകയും ചെയ്ത് പോന്നത് കൊണ്ടാണു ഗോപാലകൃഷ്ണൻ എന്ന മിമിക്രിക്കാരൻ പയ്യൻ 3.5 കോടി പ്രതിഫലം വാങ്ങിക്കുന്ന മലയാളത്തിലെ മുൻ നിരതാരമായ ദിലീപ് ആയി മാറിയത്.

ദിലീപിന്റെ വിശേഷങ്ങൾ അവിടെ നിൽക്കട്ടെ. പറഞ്ഞ് വന്നത് ദിലീപിന്റെതായി പുറത്തിറങ്ങിയ സൗണ്ട് തോമ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണു. തന്റെ ആദ്യ ചിത്രമായ പോക്കിരി രാജ മുതൽ മല്ലു സിംഗ് വരെ മാസ് മസാല രസക്കൂട്ടുകളുമായി കാണികളെ ഹരം കൊള്ളിച്ച സംവിധായകൻ വൈശാഖും കല്യാണരാമൻ, അണ്ണൻ തമ്പി, ചാന്ത് പൊട്ട്, തൊമ്മനും മക്കളും, കുഞ്ഞാട് പോലെയുള്ള സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ബെന്നി പി നായരമ്പലവും ചേർന്നൊരുക്കിയ ചിത്രമാണു സൗണ്ട് തോമ.

 മുറിച്ചുണ്ടനായ തോമാച്ചനായാണു ദിലീപ് ഇതിൽ വേഷമിടുന്നത്. സിനിമയുടെ ഹൈലൈറ്റ് തന്നെ ദിലീപ് മുറിച്ചുണ്ടൻ ആകുന്നു എന്നതാണു. മുറിച്ചുണ്ട് ഇന്ന് ഒരു വൈകല്യമല്ല. കാരണം അതിനു വളരെ ലളിതമായ ഒരു ഓപ്പറേഷനുണ്ട് അത് വഴി അത് മാറ്റാവുന്നതാണു. അതു കൊണ്ട് തന്നെ ഇന്ന് ആർക്കും ഇത്തരമൊരു പ്രശ്നം നിലവില്ല. പക്ഷെ തോമാക്ക് മുറിച്ചുണ്ട് ഉണ്ട്. കാരണം തോമയുടെ  അറുപിശുക്കനായ അപ്പൻ പൗലോ ആണു. മകന്റെ വൈകല്യം ചികിത്സിച്ച് ഭേദമാക്കാൻ കാശ് ചിലവഴിക്കാനുള്ള മടി തോമായെ മുറിച്ചുണ്ടനാക്കി. അല്ലെങ്കിൽ സൗണ്ട് തോമയും ഇങ്ങനെ ഒരു സിനിമയും ഉണ്ടാവിലായിരുന്നു. ദൈവത്തിനു സ്തുതി.

നായകനു പ്രേമിക്കാനായി സുന്ദരിയായ ഒരു നായികയും ചിത്രത്തിലുണ്ട്. പുതിയ തീരങ്ങളിലൂടെ എത്തിയ നമിത പ്രമോദാണു ആ വേഷം വളരെയധികം ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നത്. സ്ഥിരം കോമഡി ചിത്രങ്ങൾക്ക് തിരകഥയെഴുതി മടുത്തതിനാലാകണം ഇത്തവണ സംഗതി ഒരല്പം സീരിയസ് കൂടി ചേർക്കാൻ ബെന്നി തിരുമാനിച്ചത്. ഒരോ ചിരിയ്ക്കു പിന്നിലും കരയുന്ന ഒരു മനസ്സുണ്ട് എന്ന പരസ്യവാചകം അന്വർത്ഥമാക്കുന്ന കഥാമുഹൂർത്തങ്ങൾ,വൈകാരിക നിമിഷങ്ങൾ, വേദനകൾ ,ഇടയ്ക്കിടക്ക് നുറുങ്ങു നർമ്മങ്ങൾ അങ്ങനെ എല്ലാം കൊണ്ടും സമ്പുഷ്ടമായ ഒരു സിനിമ. നാടക രചയിതാവായ ബെന്നി പി നായരമ്പലം തിരകഥയെഴുതിയ സിനിമകൾക്കൊന്നും അത്തരത്തിലൊരു  സ്വാധീനം വന്നതായി തോന്നിയിട്ടില്ല. എന്നാൽ സൗണ്ട് തോമയിലേക്കെത്തുമ്പോൾ ബെന്നി ഗതകാലസ്മരണകൾ അയവിറക്കുന്നുണ്ടോ എന്നൊരു സംശയം. വൈശാഖിനാകട്ടെ നായകൻ രാജാധി രാജയാണെങ്കിലും ഹരീന്ദർ എന്ന മല്ലു സിംഗ് ആണെങ്കിലും ഇനി പാവം സൗണ്ട് തോമയാണെങ്കിലും പൊടി പാറി അടി നിർബന്ധമാണു.

കഥാഗതിക്കനുസരിച്ചുള്ള ഛായാഗ്രഹണവും ഗാനങ്ങളുമെല്ലാം ചിത്രത്തിലുണ്ട്. മുകേഷ്, സുരാജ്, ഷാജോൺ അങ്ങനെ നിരവധി താരങ്ങൾ തങ്ങളുടേതായ കർത്തവ്യങ്ങൾ നിർവ്വഹിക്കാനായി സൗണ്ട് തോമയിലുണ്ട്. അവർ വരുന്നു അത് നടത്തുന്നു. പോകുന്നു. ദിലീപിന്റെ മുറുച്ചുണ്ടാണു ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുമ്പോൾ തന്നെ അത് മാത്രമാണു ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് കൂടി പറയേണ്ടി വരും എന്നതാണു ഒരു പ്രത്യേകത. എന്നാൽ അത് ഒരിക്കലും ഒരു ന്യൂനതയല്ല. കാരണം ആ ന്യൂനതയാണു പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കാനുള്ള പ്രധാന ഘടകം. തന്റെ രണ്ട് മുൻ ചിത്രങ്ങൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നതിന്റെ ക്ഷീണം ദിലീപ് സൗണ്ട് തോമയിലൂടെ തീർക്കും. കാരണം ഇത് തൊമ്മൻ സ്റ്റൈയിൽ..!!!!

Followers

 
Copyright 2009 b Studio. All rights reserved.