RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കളിമണ്ണ്


പുള്ളിപുലികളും ആട്ടിൻ കുട്ടിയും


ലാൽ ജോസ് സംവിധാനം ചെയ്ത് 2010 ഇൽ പുറത്തിറങ്ങിയ  കുഞ്ചാക്കോ ബോബൻ നായകനായ സിനിമയാണു എൽസമ്മ എന്ന ആൺകുട്ടി. ആ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ സ്ഥാനം പിടിച്ച ഈ ചിത്രത്തിനു തിരകഥ രചിച്ചത് എം സിന്ധുരാജ് ആയിരുന്നു. എന്നാൽ 2010 നു ശേഷം ഈ കാലമത്രയും സിന്ധുരാജിന്റെ തിരകഥയിൽ ഒരു ലാൽ ജോസ് ചിത്രം പിന്നീട് പുറത്തിറങ്ങിയില്ല.

അതിനു 2013 ആഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടി വന്നു. എന്തു കൊണ്ടാണു അങ്ങനെ സംഭവിച്ചത് എന്ന് സംശയമുള്ളവർ, സംശയമുള്ളവർ മാത്രം പുള്ളിപുലികളും ആട്ടിൻ കുട്ടിയും എന്ന ചിത്രം കാണുക. അതും ലാൽ ജോസ് - കുഞ്ചാക്കോ - സിന്ധുരാജ് കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായതാണു. ഈ ചിത്രം കണ്ട് കഴിയുമ്പോൾ മനസ്സിലാവും സിന്ധുരാജിനു 2 കൊല്ലം ലാൽ ജോസുമായി പടമിലാതിരുന്നതിന്റെ കാര്യകാരണങ്ങൾ..!

 കുട്ടനാടിന്റെ പശ്ചാത്തലത്തിൽ  ഭീകരന്മാരായ 3 ചേട്ടന്മാരുടെയും അവരുടെ തല്ലുകൊള്ളിത്തരങ്ങളുടെ അനന്തരഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ആട്ടിൻ കുട്ടിയായ ഒരു അനിയന്റെയും ഹൃദയസ്പർശിയായ കഥ നർമ്മത്തിൽ ചാലിച്ച് മനോഹരമായി കോർത്തിണക്കിയ ഗാനങ്ങളുടെ അകമ്പടിയോടെ.. മണാങ്കട്ട.. ! എന്നാലും എന്റെ ലാൽ ജോസ് സാറേ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. ശരാശരിയ്ക്കു താഴെയുള്ള ആദ്യ പകുതി,  ഇതിലും നല്ലതായിരുന്നു ഇതേ സിന്ധുരാജിന്റെ ജലോത്സവം എന്ന് തോന്നിപ്പിക്കുന്ന രണ്ടാം പകുതി. അങ്ങനെ ആകെ മൊത്തം ടോട്ടൽ ഒരു അവിഞ്ഞ പടം.

 ഇത്തരം സിനിമകൾ എടുക്കാൻ ലാൽ ജോസിനു പ്രചോദനം നൽകിയത് സൗണ്ട് തോമ പോലെയുള്ള ചിത്രങ്ങളുടെ വിജയങ്ങളായിരിക്കണം. ഒരു സുരക്ഷിത വലയത്തിൽ നിന്ന് കൊണ്ട് എടുക്കുന്ന സിനിമകൾ ഫാമിലി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് സൂപ്പർ ഹിറ്റാക്കും എന്ന തോന്നൽ. ശരിയാണു അങ്ങനെ വിജയങ്ങളുണ്ടാക്കാൻ ദിലീപിനു സാധിക്കുന്നുണ്ട്. അത് പക്ഷെ മികച്ച കോമഡികളുടെയും കഥാപാത്ര അവതരണത്തിലെ വ്യത്യസ്ഥതകൾ കൊണ്ട്മൊക്കെയാണു. അല്ലാതെ ടിന്റു മോൻ തമാശകൾ കുത്തി നിറച്ച് ഒരു തട്ടികൂട്ട് പടം ഇറക്കി ആളെ പറ്റിക്കുന്ന ഏർപ്പാടല്ല അത്.

സുരാജിന്റെയും ഹരിശ്രീ അശോകന്റെയും പിന്നെ 3 ചേട്ടന്മാരുടെയും അല്ലറ ചില്ലറ തമാശകൾ മാത്രമാണു ആകെയുള്ള ആശ്വാസം. നായിക നമിതയുടെ അഭിനയത്തിനു എന്തോ ഒരു വശപിശകില്ലേ എന്ന് തോന്നിപ്പോകും വിധത്തിലാണു പ്രകടനം. നായകൻ കുഞ്ചാക്കോ വളരെ വ്യത്യസ്ഥമായി തന്റെ ഹെയർ സ്റ്റൈയിൽ മാറ്റിയിരിക്കുന്നു. വേറെ വിശേഷിച്ചൊന്നുമില്ല. വില്ലനായ ഷമ്മിതിലകൻ കോമഡി-വില്ലനാണോ സീരിയസ് വില്ലനാണോ എന്ന് തിരകഥാകൃത്തിനു പോലും നിശ്ചയമില്ല.

കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഈ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കുമാർ ആണു എന്നത് കൊണ്ട് പ്രത്യേകിച്ചൊരു ഗുണവും ചിത്രത്തിനുണ്ടായിട്ടില്ല. ലാൽ ജോസ് ചിത്രങ്ങളിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ വിദ്യാസാഗറിന്റെ നിഴൽ മാത്രമാണു ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

ലാൽ ജോസ് എന്ന പേരിലുള്ള വിശ്വാസം കൊണ്ട് തിയറ്ററിലേക്ക് ആളുകൾ എത്തുമെന്നും ഈ ചിത്രം മുടക്ക് മുതൽ തിരിച്ച് പിടിക്കുമെന്നും നമ്മുക്കറിയാം. പക്ഷെ പ്രേക്ഷകന്റെ ആ വിശ്വാസം ചൂഷണം ചെയ്തു കൊണ്ടുള്ള ഈ നിലവാര തകർച്ച ലാൽ ജോസിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എന്ത് കാര്യം..! രഞ്ജിത്തിനാവാമെങ്കിൽ എന്ത് കൊണ്ട് ലാൽ ജോസിനുമായിക്കൂടാ..!!!

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി


മലയാള സിനിമയിൽ ഇന്നേ വരെ ഒരു പെർഫക്ട് റോഡ് മൂവി എന്ന നിലയിൽ ഒരു സിനിമ ഇറങ്ങിയിട്ടില്ല. അതു കൊണ്ട് തന്നെയാണു അന്യഭാഷാ ചിത്രങ്ങളിൽ വരുന്ന റോഡ് മൂവികൾ നമ്മുടെ പ്രേക്ഷകർ ആവശത്തോടെ ഏറ്റെടുക്കുന്നത്. പുത്തൻ ആശയങ്ങൾ അലയടിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് മലയാള സിനിമയിലെ ഈ കുറവ് നികത്തണം എന്ന അതിയായ ആഗ്രഹത്തോടെ ആവണം സമീർ താഹിർ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന പേരിൽ ദുൽഖർ സല്മാനെയും സണ്ണിവെയ്നിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് ഒരു റോഡ് മൂവി അണിയിച്ചൊരുക്കിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് തന്റെ കാമുകിയെ കാണാൻ നാഗാലാണ്ടിലേക്ക് യാത്രയാവുന്ന കാസിമിന്റെയും സുഹൃത്തായ് സുനിയുടെയും യാത്രാവിശേഷങ്ങളാണു ചിത്രം പറയുന്നത്. ഈ യാത്രകൾക്കിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ കോർത്തിണക്കി കൊണ്ട് 2 മണിക്കൂർ 24 മിനുറ്റ് നീളുന്ന ഒരു റോഡ് ട്രിപ്പ്. ദുൽഖറിനും സണ്ണിവെയ്നിനും ഈ ചിത്രത്തിലെ പ്രത്യേകിച്ച് അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവെയ്ക്കാൻ ആയിട്ടൊന്നുമില്ല. കേന്ദ്രകഥാപാത്രങ്ങളുടെ കാര്യം അങ്ങനെയാണെങ്കിൽ പിന്നെ മറ്റുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.

 ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ഹാഷിർ മുഹമദ് ആണു. ഇത്തൊരമൊരു ചിത്രത്തിനു ആവശ്യമായി വേണ്ടതും ഒട്ടും ആവശ്യമില്ലാത്തതുമായ എല്ലാ കാര്യങ്ങളും ചേർത്താണു അദ്ദേഹം തിരകഥ തയ്യാറാക്കിയിരിക്കുന്നത്. സമീർ താഹിർ എന്ന ഛായാഗ്രാഹകന്റെ സംവിധാനത്തിൽ വരുന്ന ചിത്രം എന്ന നിലയ്ക്ക് ഒരു അഭൂതപൂർവ്വമായ ദൃശ്യഭംഗി പ്രതീക്ഷിച്ച് വരുന്നവരെ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ കുറച്ചൊന്നു നിരാശപ്പെടുത്തുന്നുണ്ട്.

 സംവിധായകൻ എന്ന നിലയ്ക്ക് ഇനിയും ഒരുപാട് ഒരുപാട് ദൂരം സമീർ താഹിർ സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് ചിത്രം തെളിയിക്കുന്നു. വ്യക്തമായ ടാർജറ്റഡ് ഓഡിയൻസിനു വേണ്ടിയാണു നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി തയ്യാറാക്കിയിരിക്കുന്നത്. അത് തിയറ്ററുകളിലെ യുവാക്കളുടെ തിരക്ക് ശരിവെയ്ക്കുന്നുമുണ്ട്. പക്ഷെ ഒരല്പം യുവത്വം വിട്ടു തുടങ്ങിയവർക്ക് ഈ സിനിമ മൊത്തത്തിൽ അങ്ങ് ദഹിക്കണമെന്നില്ല. സിനിമ എന്നത് ഏത് തരക്കാർക്കും രസിക്കണം എന്ന ഉദ്ദേശത്തെ വെല്ലു വിളിച്ചു കൊണ്ട് മലയാള സിനിമകൾ ഇറങ്ങി തുടങ്ങിയ ഈ കാലത്ത് ഈ ന്യൂനത ഈ സിനിമയെ ഒട്ടും ബാധിക്കാൻ പോകുന്നില്ല.

യുവത്വത്തിനു പല നല്ല രീതികളിലുമുള്ള സന്ദേശങ്ങൾ ഈ സിനിമ നൽകുന്നുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ അല്ലെങ്കിൽ മുഖ വിലയ്ക്കെടുക്കാതെ അപ്പനും അമ്മയും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സമ്പാദിച്ച കാശ് കൊണ്ട് ഒരു ബുള്ളറ്റുമെടുത്ത് ഇതിലെ നായകനെ പോലെ ലോകം ചുറ്റാം എന്ന പ്രചോദനമാണു ഈ സിനിമയെ ആവേശപൂർവ്വം ഏറ്റെടുത്ത പുതിയ തലമുറ മനസ്സിലാക്കിയിരിക്കുന്നത് എങ്കിൽ ഒന്നോർക്കുക. ഒരു യുവത്വകാലത്തിന്റെ മാത്രം ആഘോഷമല്ല ജീവിതം. അത് മറ്റെന്തെക്കെയോ ആണു. തീർച്ചയായും അത് മറ്റെന്തെക്കെയോ ആണു..!!

മെമ്മറീസ്


ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ ക്രാഫ്റ്റ് തെളിയിച്ച സംവിധായകൻ ആണു ജിത്തു ജോസഫ്.ഡിറ്റക്ടീവ് നല്ല പടമായിരുന്നെങ്കിലും അത് ശ്രദ്ധിക്കപ്പെടാതെ പോയത് റിലീസിലും പബ്ലിസിറ്റിയിലും വന്ന പാളിച്ചകൾ മൂലമായിരുന്നു.  തുടർന്നു വന്ന മമ്മീ & മീയും മൈ ബോസുമെല്ലാം ജിത്തുവിനു പേരുദോഷം കേൾപ്പിക്കാത്തവ ആയിരുന്നു. ഇതിൽ മൈബോസ് ഒരു സൂപ്പർഹിറ്റ് അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ വരുന്ന വിജയം കരസ്ഥമാക്കുകയും ചെയ്തു.

 ഒരേ രീതി പിന്തുടരാതെ വ്യത്യസ്ഥമായ പ്രമേയങ്ങൾ സ്വീകരിച്ചു വന്ന ജിത്തു ജോസഫ് ഒരു മർഡർ സസ്പെൻസ് കഥയുമായാണു ഇത്തവണ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. തുടർച്ചയായി വ്യത്യസ്ത വേഷങ്ങൾ ചെയ്ത് കരിയറിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് ആണു ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകൻ.

മെമ്മറീസ് എന്ന ഈ ചിത്രം പറയുന്നത് സർവീസിൽ നിന്ന് ലീവ് എടുത്ത് വീട്ടിൽ കഴിയുന്ന ഒരു മദ്യപാനിയായ പോലീസ് ഉദ്യോഗസ്ഥന്റെയും സാഹചര്യ സമർദ്ദങ്ങളാൽ അയാൾ ഏറ്റെടുക്കേണ്ടിവരുന്ന ഒരു കൊലപാതക പരമ്പരയുടെയും കേസന്വേഷണത്തിന്റെ കഥയാണു. ഇത്തരം സിനിമകളിൽ എസ് എൻ സ്വാമി മുതൽ ശ്രീ ബി ഉണ്ണികൃഷ്ണൻ വരെ മലയാള സിനിമയിൽ സ്വീകരിച്ചിട്ടുള്ള ഒരു പതിവ് രീതിയുണ്ട്. ഈ രീതികളെല്ലാം കാറ്റിൽ പറത്തി കൊണ്ട് ബോബി സഞ്ജയ് എഴുതിയ മുബൈ പോലീസാകട്ടെ അതിലെ ക്ലൈമാക്സിനാൽ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തു.

 എത്ര വ്യത്യസ്ഥത ആഗ്രഹിച്ചാലും മലയാളികളുടെ പൊതുവായ സാമാന്യ സദാചാര ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന ഒരു കഥയെ അവർ സ്വീകരിക്കുകയുള്ളു. അല്ലാത്തവ അംഗീകരിക്കും പക്ഷെ വർഷങ്ങൾ ഏറെ കഴിയേണ്ടിവരും എന്നു മാത്രം. മുബൈപോലീസിൽ പറ്റിയ വീഴ്ച്ച കൃത്യമായി മനസിലാക്കി കൊണ്ടാണു ജിത്തു ജോസഫ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പരസ്പര ബന്ധമില്ലാത്ത ചെറുപ്പക്കാർ ഒരേ രീതിയിൽ കൊല്ലപ്പെടുന്നു. എങ്ങനെ കൊല്ലപ്പെടുന്നു എന്ന് നാം ആദ്യമേ കാണുന്നുണ്ട്. ആരു എന്തിനു ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ഈ സിനിമയിലൂടെ നൽകുന്നത്.

പാപത്തിന്റെ ശബളം മരണമാണു എന്നതാണു സാധാരണ സിനിമകളിൽ പല കൊലകൾക്ക് പിന്നിലെയും കാരണം. എന്നാൽ അവിടെയാണു മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയം. ഏതെങ്കിലും ഇംഗ്ലീഷ് ചിത്രത്തിൽ നിന്ന് അടിച്ചു മാറ്റിയതല്ലെങ്കിൽ ഇനി അഥവ ആണെങ്കിൽ കൂടി ഇത്തരമൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ ജിത്തു ജോസഫ് വിജയിച്ചിരിക്കുന്നു. ചടുലമായ ആക്ഷൻ രംഗങ്ങളോ ത്രസിപ്പിക്കുന്ന ഡയലോഗുകളോ ഒന്നുമില്ലാതെ ആദ്യവസാനം ഒരേ മൂഡിൽ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതിൽ എഡിറ്ററും ഛായാഗ്രാഹകനും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

അഭിനേതാക്കളിൽ സാം അലക്സ് എന്ന പോലീസ് ഉദ്യേഗസ്ഥനായി വേഷമിട്ട പൃഥ്വിരാജ് ഒരിക്കൽ കൂടി തന്റെ നടന വൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണു. മറ്റ് അഭിനേതാക്കളും തങ്ങളുടെ റോളുകൾ നല്ലതാക്കി. പൃഥ്വിരാജിനെ സ്ക്രീനിൽ കാണിക്കുമ്പോൾ തന്നെ കൂവൂന്ന കൂവൽ തൊഴിലാളികളാരെയും തിയറ്ററിൽ കണ്ടില്ല. കഴിഞ്ഞ കുറച്ച് ചിത്രങ്ങളോടെ എല്ലാവരും കൂട്ടത്തോടെ നാട് വിട്ടെന്നു തോന്നുന്നു. ഒരല്പം സ്ലോ ആണെന്നു തോന്നാമെങ്കിലും ഒട്ടും ബോറടിപ്പിക്കാതെയാണു ജിത്തു ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ചില ഷോട്ടുകൾ മലയാള സിനിമയിൽ തന്നെ വളരെയധികം പുതുമയുള്ളവ ആയിരുന്നു.

കുടുബ പശ്ചാത്തലത്തിൽ പറയുന്ന ഈ സസ്പെൻസ് ചിത്രം ഇത്തരം സിനിമകൾ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.. പിന്നെ കോമഡി ഇല്ല എന്നത് ഒരു വലിയ ന്യൂനത ആയി കാണുന്നവർ ദയവ് ചെയ്ത് ഈ ചിത്രം കാണാതിരിക്കുക. അവസാനമായി ഒന്നു കൂടി പറഞ്ഞോട്ടെ മെമ്മറീസ് കണ്ടു എന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ചിത്രം വളരെ മോശമാണു എന്ന് പറഞ്ഞെങ്കിൽ ഓർക്കുക അയാൾ അന്ധമായി പൃഥ്വിരാജിനെ വെറുക്കുന്ന ഒരാളായിരിക്കും തീർച്ച..!!

തലൈവ

തമിഴകത്തെ ഇളയ ദളപതി വിജയ് നായകനായ പുതിയ ചിത്രമാണു തലൈവ. മദിരാശിപട്ടണം, ദൈവതിരുമകൻ , താണ്ഡവം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ എ എൽ വിജയ് ആണു ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  ഒരു സാധാരണ വിജയ് പടത്തിൽ കാണുന്ന സ്ഥിരം മസാല ചേരുവകളിൽ നിന്ന് വ്യത്യസ്തമാണു ഈ സിനിമ. തുപ്പാക്കി എന്ന വമ്പൻ ഹിറ്റിനു ശേഷം പുറത്തിറങ്ങുന്ന വിജയ് ചിത്രം എന്ന നിലയ്ക്ക് ആരാധകരുടെ പ്രതീക്ഷകൾ അതേ പടി നിലനിർത്താൻ സാധിച്ചില്ലെങ്കിലും നിരാശരാക്കാതിരിക്കാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. 

ഇന്ത്യൻ ഭാഷകളിൽ പലവുരു ആവർത്തിച്ചിട്ടുള്ള ഗോഡ്ഫാദർ പ്രമേയമാണു ഈ സിനിമയുടെത്. സാക്ഷാൽ മർലിൻ ബ്രൻഡോയും ആല്പച്ചിനോയും അന്വശരമാക്കിയ വേഷങ്ങൾ ഇവിടെ സത്യരാജും വിജയും ആവർത്തിക്കുന്നു. അഛന്റെ മരണത്തിനു പകരം വീട്ടുന്ന മകൻ. നാടുവാഴികളിലെ ലാലും ലേലത്തിലെ സുരേഷ് ഗോപിയും സിംഹാസനത്തിലെ പൃഥ്വിരാജും പോലെ തലൈവയിൽ വിജയും.

ഇടവേളവരെ കഥ നടക്കുന്നത് ആസ്ട്രേലിയയിൽ ആണു. ഇടവേളയ്ക്ക് തൊട്ടു മുൻപുള്ള ഒരു അതിംഗീര ട്വിസ്റ്റ് ആണു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. അതിനു ശേഷം ചിത്രം ഒരല്പം ഇഴയുന്നുണ്ടെങ്കിലും വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം അത് ഒരു പരാതിയിക്കിട നൽകില്ല. പഞ്ച് ഡയലോഗുകൾ കുറവാണെങ്കിലും ഉള്ളത് തിയറ്ററുകളെ ഇളക്കി മറിക്കുന്നവയാണു. ഗാനങ്ങളും, സംഘട്ടനങ്ങളുമെല്ലാം ആരാധകരെ ഹരം കൊള്ളിക്കുന്നു. വിജയ് പക്വതയാർന്ന അഭിനയം കാഴ്ച്ച വെച്ചിരിക്കുന്ന ചിത്രത്തിൽ സത്യരാജ് തന്റെ റോൾ മികച്ചതാക്കി. നായികയായി എത്തുന്ന അമല പോളും മോശമാക്കിയില്ല. കോമഡികൾ കാണിച്ച് സന്താനവും ആളുകളുടെ കയ്യടി നേടുന്നു.

 വിജയ് ആരാധകർ കിടിലം എന്നും സാധാരണ പ്രേക്ഷകർ കുഴപ്പമില്ല എന്നും എതിർ ഫാൻസുകാർ ക്രാപ്പ് എന്നും വിശേഷിപ്പിക്കുന്ന ചിത്രം അതാണു തലൈവ.. (നമ്മളൊരു സാധാരണ പ്രേക്ഷകനാണേ... :) )

കടൽ കടന്ന് ഒരു മാത്തുക്കുട്ടി


അഭിനവ പത്മരാജൻ എന്ന് സിനിമ ലോകം വാഴ്ത്തുന്ന  ശ്രീ രഞ്ജിത് മമ്മൂട്ടിയെ  നായകനാക്കി തിരകഥയെഴുതി സംവിധാനം ചെയ്ത  സിനിമയാണു കടൽ കടന്ന് ഒരു മാത്തുക്കുട്ടി. സാമൂഹ്യ വിമർശനം ആക്ഷേപ ഹാസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവുള്ള രഞ്ജിത്ത് ഈ സിനിമയിലും അത്തരമൊരു പ്രമേയമാണു കൈക്കൊണ്ടിരിക്കുന്നത്.

ജർമനിയിലെ മലയാളി അസോസിയേഷന്റെ പത്തനംതിട്ട ചാപ്റ്ററിന്റെ സില്വർ ജൂബിലി ആഘോഷങ്ങൾക്കായി മോഹൻലാലിനെയും സംഘത്തിനെയും ക്ഷണിക്കാൻ അവിടെ നിന്ന് നാട്ടിലേക്ക് വരുന്ന ജർമൻ മലയാളി ആയ മാത്തുക്കുട്ടിയുടെ കഥയാണു ചിത്രം പറയുന്നത്. ഒരു വിദേശ മലയാളിയെ കൊണ്ട് നമ്മുടെ നാട് സ്വർഗമാണെന്ന് പറയിക്കുകയും അതേ നാവു കൊണ്ട് എന്ത് കൊണാത്തിലെ നാടാണ്ടോ ഇത് എന്ന് മാറ്റി പറയിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയുടെ ഒരു  ഛായാ ചിത്രം വരച്ചിടാനാണു രഞ്ജിത്ത് ശ്രമിച്ചിരിക്കുന്നത്.

എന്നാൽ എന്തിനെയും ഏതിനേയും കണ്ണുമടച്ച് വിമർശിക്കുന്ന മലയാളി സമൂഹത്തിന്റെ മുന്നിലേക്ക് സ്വയം വിമർശനാത്മകമായ ഒരു ചിത്രം ഒരുക്കി വിടുമ്പോൾ ഒരല്പം കൂടി ശ്രദ്ധ തിരകഥാരചനയിൽ കാണിക്കണമായിരുന്നു. നാട്ടിലെത്തുന്ന മാത്തുകുട്ടിക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ഒരു സംഭവത്തെ മാത്രം ആസ്പദമാക്കി കൊണ്ട് ഇടവേളയ്ക്ക് ശേഷം ചിത്രം മുന്നേറുമ്പോൾ പ്രാഞ്ചിയേട്ടനിലും ഇന്ത്യൻ റുപ്പിയിലുമൊക്കെ നമ്മെ അമ്പരിപ്പിച്ച ഒരു തിരകഥാകൃത്തിന്റെ ദയനീയമായ പതനം അവിശ്വസനീയതയോടെ കണ്ടിരിക്കാൻ മാത്രമേ കഴിയുകയുള്ളു.

 ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നാട്ടിലെ മുൻ കാമുകിയായി വരുന്ന പുതു മുഖ നടി മാത്രമേ ഇതിനു കുറച്ച് അപവാദമായുള്ളു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാത്രം മികച്ച വേഷങ്ങൾ ലഭിച്ച് വരുന്ന മുത്തുമണിക്ക് മമ്മൂട്ടിയുടെ ഭാര്യ ആയ ജാൻസമ്മ എന്ന വേഷം ഒരു വലിയ ബ്രേക്ക് ആണു നൽകിയിരിക്കുന്നത്. മോഹൻലാൽ, ദിലീപ് ,ജയറാം, എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും അത് ചിത്രത്തിനു ഒരു ഗുണവും ചെയ്യുന്നില്ല.  എന്നാൽ മമ്മൂട്ടിയുടെ അതിഥി വേഷത്തെ കാണുമ്പോൾ മാത്തുകുട്ടി പറയുന്ന ഡയലോഗ് തിയറ്ററിൽ ഗംഭീരകയ്യടി നേടി.

 മമ്മൂട്ടി എന്ന നടൻ 100 ഇൽ 100 മാർക്കും സ്കോർ ചെയ്തപ്പോൾ പാസ്മാർക്ക് പോലും നേടാൻ രഞ്ജിത്തിന്റെ തിരകഥാകൃത്തിനായില്ല. ഗാനങ്ങളാകട്ടെ തീർത്തും നിരാശപ്പെടുത്തുന്നവയും. ജർമനിയിലെ മനോഹാരിതയോ പത്തനംതിട്ടയിലെ ഗ്രാമഭംഗിയോ ഒന്നും സ്ക്രീനിൽ കാണാനില്ലെങ്കിലും ഛായാഗ്രഹണം മോശമായി എന്ന് പറയാനാകില്ല.

പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത്തിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണു എന്നത് ഒരു നഗ്നസത്യമാണു. ബാവൂട്ടിയുടെ നാമത്തിൽ രഞ്ജിത്തിനു പറ്റിയ ഒരു കയ്യബദ്ധം അല്ല എന്ന് മാത്തുകുട്ടി തെളിയിക്കുന്നു. ഒന്നെങ്കിൽ രജ്ഞിത്തിന്റെ കയ്യിലെ സ്റ്റോക്ക് തീർന്നിരിക്കുന്നു, അല്ലെങ്കിൽ വിജയങ്ങൾ നൽകിയ അമിത ആത്മവിശ്വാസം.. !

എന്തായാലും സിനിമ കഴിഞ്ഞപ്പോൾ തിയറ്ററിൽ ഉണ്ടായ നിർത്താതെയുള്ള കൂവൽ കേട്ടപ്പോൾ ഒന്ന് തോന്നിപ്പോയി, കടൽ കടന്ന് മാത്തുകുട്ടിക്ക് വരാതിരിക്കാമായിരുന്നു..!!

Followers

 
Copyright 2009 b Studio. All rights reserved.