RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മെമ്മറീസ്


ഡിറ്റക്ടീവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ ക്രാഫ്റ്റ് തെളിയിച്ച സംവിധായകൻ ആണു ജിത്തു ജോസഫ്.ഡിറ്റക്ടീവ് നല്ല പടമായിരുന്നെങ്കിലും അത് ശ്രദ്ധിക്കപ്പെടാതെ പോയത് റിലീസിലും പബ്ലിസിറ്റിയിലും വന്ന പാളിച്ചകൾ മൂലമായിരുന്നു.  തുടർന്നു വന്ന മമ്മീ & മീയും മൈ ബോസുമെല്ലാം ജിത്തുവിനു പേരുദോഷം കേൾപ്പിക്കാത്തവ ആയിരുന്നു. ഇതിൽ മൈബോസ് ഒരു സൂപ്പർഹിറ്റ് അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ വരുന്ന വിജയം കരസ്ഥമാക്കുകയും ചെയ്തു.

 ഒരേ രീതി പിന്തുടരാതെ വ്യത്യസ്ഥമായ പ്രമേയങ്ങൾ സ്വീകരിച്ചു വന്ന ജിത്തു ജോസഫ് ഒരു മർഡർ സസ്പെൻസ് കഥയുമായാണു ഇത്തവണ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. തുടർച്ചയായി വ്യത്യസ്ത വേഷങ്ങൾ ചെയ്ത് കരിയറിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് ആണു ജിത്തു ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകൻ.

മെമ്മറീസ് എന്ന ഈ ചിത്രം പറയുന്നത് സർവീസിൽ നിന്ന് ലീവ് എടുത്ത് വീട്ടിൽ കഴിയുന്ന ഒരു മദ്യപാനിയായ പോലീസ് ഉദ്യോഗസ്ഥന്റെയും സാഹചര്യ സമർദ്ദങ്ങളാൽ അയാൾ ഏറ്റെടുക്കേണ്ടിവരുന്ന ഒരു കൊലപാതക പരമ്പരയുടെയും കേസന്വേഷണത്തിന്റെ കഥയാണു. ഇത്തരം സിനിമകളിൽ എസ് എൻ സ്വാമി മുതൽ ശ്രീ ബി ഉണ്ണികൃഷ്ണൻ വരെ മലയാള സിനിമയിൽ സ്വീകരിച്ചിട്ടുള്ള ഒരു പതിവ് രീതിയുണ്ട്. ഈ രീതികളെല്ലാം കാറ്റിൽ പറത്തി കൊണ്ട് ബോബി സഞ്ജയ് എഴുതിയ മുബൈ പോലീസാകട്ടെ അതിലെ ക്ലൈമാക്സിനാൽ വിമർശനങ്ങൾ ഏറെ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്തു.

 എത്ര വ്യത്യസ്ഥത ആഗ്രഹിച്ചാലും മലയാളികളുടെ പൊതുവായ സാമാന്യ സദാചാര ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന ഒരു കഥയെ അവർ സ്വീകരിക്കുകയുള്ളു. അല്ലാത്തവ അംഗീകരിക്കും പക്ഷെ വർഷങ്ങൾ ഏറെ കഴിയേണ്ടിവരും എന്നു മാത്രം. മുബൈപോലീസിൽ പറ്റിയ വീഴ്ച്ച കൃത്യമായി മനസിലാക്കി കൊണ്ടാണു ജിത്തു ജോസഫ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പരസ്പര ബന്ധമില്ലാത്ത ചെറുപ്പക്കാർ ഒരേ രീതിയിൽ കൊല്ലപ്പെടുന്നു. എങ്ങനെ കൊല്ലപ്പെടുന്നു എന്ന് നാം ആദ്യമേ കാണുന്നുണ്ട്. ആരു എന്തിനു ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണു ഈ സിനിമയിലൂടെ നൽകുന്നത്.

പാപത്തിന്റെ ശബളം മരണമാണു എന്നതാണു സാധാരണ സിനിമകളിൽ പല കൊലകൾക്ക് പിന്നിലെയും കാരണം. എന്നാൽ അവിടെയാണു മെമ്മറീസ് എന്ന ചിത്രത്തിന്റെ വിജയം. ഏതെങ്കിലും ഇംഗ്ലീഷ് ചിത്രത്തിൽ നിന്ന് അടിച്ചു മാറ്റിയതല്ലെങ്കിൽ ഇനി അഥവ ആണെങ്കിൽ കൂടി ഇത്തരമൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ ജിത്തു ജോസഫ് വിജയിച്ചിരിക്കുന്നു. ചടുലമായ ആക്ഷൻ രംഗങ്ങളോ ത്രസിപ്പിക്കുന്ന ഡയലോഗുകളോ ഒന്നുമില്ലാതെ ആദ്യവസാനം ഒരേ മൂഡിൽ സിനിമ മുന്നോട്ട് കൊണ്ട് പോകുന്നതിൽ എഡിറ്ററും ഛായാഗ്രാഹകനും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

അഭിനേതാക്കളിൽ സാം അലക്സ് എന്ന പോലീസ് ഉദ്യേഗസ്ഥനായി വേഷമിട്ട പൃഥ്വിരാജ് ഒരിക്കൽ കൂടി തന്റെ നടന വൈഭവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണു. മറ്റ് അഭിനേതാക്കളും തങ്ങളുടെ റോളുകൾ നല്ലതാക്കി. പൃഥ്വിരാജിനെ സ്ക്രീനിൽ കാണിക്കുമ്പോൾ തന്നെ കൂവൂന്ന കൂവൽ തൊഴിലാളികളാരെയും തിയറ്ററിൽ കണ്ടില്ല. കഴിഞ്ഞ കുറച്ച് ചിത്രങ്ങളോടെ എല്ലാവരും കൂട്ടത്തോടെ നാട് വിട്ടെന്നു തോന്നുന്നു. ഒരല്പം സ്ലോ ആണെന്നു തോന്നാമെങ്കിലും ഒട്ടും ബോറടിപ്പിക്കാതെയാണു ജിത്തു ഈ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ചില ഷോട്ടുകൾ മലയാള സിനിമയിൽ തന്നെ വളരെയധികം പുതുമയുള്ളവ ആയിരുന്നു.

കുടുബ പശ്ചാത്തലത്തിൽ പറയുന്ന ഈ സസ്പെൻസ് ചിത്രം ഇത്തരം സിനിമകൾ ആസ്വദിക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.. പിന്നെ കോമഡി ഇല്ല എന്നത് ഒരു വലിയ ന്യൂനത ആയി കാണുന്നവർ ദയവ് ചെയ്ത് ഈ ചിത്രം കാണാതിരിക്കുക. അവസാനമായി ഒന്നു കൂടി പറഞ്ഞോട്ടെ മെമ്മറീസ് കണ്ടു എന്ന് അവകാശപ്പെടുന്ന ആരെങ്കിലും ഈ ചിത്രം വളരെ മോശമാണു എന്ന് പറഞ്ഞെങ്കിൽ ഓർക്കുക അയാൾ അന്ധമായി പൃഥ്വിരാജിനെ വെറുക്കുന്ന ഒരാളായിരിക്കും തീർച്ച..!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.