RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കടൽ കടന്ന് ഒരു മാത്തുക്കുട്ടി


അഭിനവ പത്മരാജൻ എന്ന് സിനിമ ലോകം വാഴ്ത്തുന്ന  ശ്രീ രഞ്ജിത് മമ്മൂട്ടിയെ  നായകനാക്കി തിരകഥയെഴുതി സംവിധാനം ചെയ്ത  സിനിമയാണു കടൽ കടന്ന് ഒരു മാത്തുക്കുട്ടി. സാമൂഹ്യ വിമർശനം ആക്ഷേപ ഹാസ്യങ്ങളിലൂടെ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവുള്ള രഞ്ജിത്ത് ഈ സിനിമയിലും അത്തരമൊരു പ്രമേയമാണു കൈക്കൊണ്ടിരിക്കുന്നത്.

ജർമനിയിലെ മലയാളി അസോസിയേഷന്റെ പത്തനംതിട്ട ചാപ്റ്ററിന്റെ സില്വർ ജൂബിലി ആഘോഷങ്ങൾക്കായി മോഹൻലാലിനെയും സംഘത്തിനെയും ക്ഷണിക്കാൻ അവിടെ നിന്ന് നാട്ടിലേക്ക് വരുന്ന ജർമൻ മലയാളി ആയ മാത്തുക്കുട്ടിയുടെ കഥയാണു ചിത്രം പറയുന്നത്. ഒരു വിദേശ മലയാളിയെ കൊണ്ട് നമ്മുടെ നാട് സ്വർഗമാണെന്ന് പറയിക്കുകയും അതേ നാവു കൊണ്ട് എന്ത് കൊണാത്തിലെ നാടാണ്ടോ ഇത് എന്ന് മാറ്റി പറയിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയുടെ ഒരു  ഛായാ ചിത്രം വരച്ചിടാനാണു രഞ്ജിത്ത് ശ്രമിച്ചിരിക്കുന്നത്.

എന്നാൽ എന്തിനെയും ഏതിനേയും കണ്ണുമടച്ച് വിമർശിക്കുന്ന മലയാളി സമൂഹത്തിന്റെ മുന്നിലേക്ക് സ്വയം വിമർശനാത്മകമായ ഒരു ചിത്രം ഒരുക്കി വിടുമ്പോൾ ഒരല്പം കൂടി ശ്രദ്ധ തിരകഥാരചനയിൽ കാണിക്കണമായിരുന്നു. നാട്ടിലെത്തുന്ന മാത്തുകുട്ടിക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ഒരു സംഭവത്തെ മാത്രം ആസ്പദമാക്കി കൊണ്ട് ഇടവേളയ്ക്ക് ശേഷം ചിത്രം മുന്നേറുമ്പോൾ പ്രാഞ്ചിയേട്ടനിലും ഇന്ത്യൻ റുപ്പിയിലുമൊക്കെ നമ്മെ അമ്പരിപ്പിച്ച ഒരു തിരകഥാകൃത്തിന്റെ ദയനീയമായ പതനം അവിശ്വസനീയതയോടെ കണ്ടിരിക്കാൻ മാത്രമേ കഴിയുകയുള്ളു.

 ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ നാട്ടിലെ മുൻ കാമുകിയായി വരുന്ന പുതു മുഖ നടി മാത്രമേ ഇതിനു കുറച്ച് അപവാദമായുള്ളു. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാത്രം മികച്ച വേഷങ്ങൾ ലഭിച്ച് വരുന്ന മുത്തുമണിക്ക് മമ്മൂട്ടിയുടെ ഭാര്യ ആയ ജാൻസമ്മ എന്ന വേഷം ഒരു വലിയ ബ്രേക്ക് ആണു നൽകിയിരിക്കുന്നത്. മോഹൻലാൽ, ദിലീപ് ,ജയറാം, എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ടെങ്കിലും അത് ചിത്രത്തിനു ഒരു ഗുണവും ചെയ്യുന്നില്ല.  എന്നാൽ മമ്മൂട്ടിയുടെ അതിഥി വേഷത്തെ കാണുമ്പോൾ മാത്തുകുട്ടി പറയുന്ന ഡയലോഗ് തിയറ്ററിൽ ഗംഭീരകയ്യടി നേടി.

 മമ്മൂട്ടി എന്ന നടൻ 100 ഇൽ 100 മാർക്കും സ്കോർ ചെയ്തപ്പോൾ പാസ്മാർക്ക് പോലും നേടാൻ രഞ്ജിത്തിന്റെ തിരകഥാകൃത്തിനായില്ല. ഗാനങ്ങളാകട്ടെ തീർത്തും നിരാശപ്പെടുത്തുന്നവയും. ജർമനിയിലെ മനോഹാരിതയോ പത്തനംതിട്ടയിലെ ഗ്രാമഭംഗിയോ ഒന്നും സ്ക്രീനിൽ കാണാനില്ലെങ്കിലും ഛായാഗ്രഹണം മോശമായി എന്ന് പറയാനാകില്ല.

പ്രാഞ്ചിയേട്ടനു ശേഷം രഞ്ജിത്തിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണു എന്നത് ഒരു നഗ്നസത്യമാണു. ബാവൂട്ടിയുടെ നാമത്തിൽ രഞ്ജിത്തിനു പറ്റിയ ഒരു കയ്യബദ്ധം അല്ല എന്ന് മാത്തുകുട്ടി തെളിയിക്കുന്നു. ഒന്നെങ്കിൽ രജ്ഞിത്തിന്റെ കയ്യിലെ സ്റ്റോക്ക് തീർന്നിരിക്കുന്നു, അല്ലെങ്കിൽ വിജയങ്ങൾ നൽകിയ അമിത ആത്മവിശ്വാസം.. !

എന്തായാലും സിനിമ കഴിഞ്ഞപ്പോൾ തിയറ്ററിൽ ഉണ്ടായ നിർത്താതെയുള്ള കൂവൽ കേട്ടപ്പോൾ ഒന്ന് തോന്നിപ്പോയി, കടൽ കടന്ന് മാത്തുകുട്ടിക്ക് വരാതിരിക്കാമായിരുന്നു..!!

1 comments:

Anonymous said...

please give me your contact number, or call me 8943112455
naseer

Followers

 
Copyright 2009 b Studio. All rights reserved.