ഉമ്മച്ചി കുട്ടിയെ നായരു ചെക്കൻ പ്രേമിച്ചാൽ എന്ത് സംഭവിക്കും..?? അതാണു മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിനു ശേഷം ലൂമിയർ ഫിലിംസിന്റെ ബാനറിൽ മുകേഷും ശ്രീനിവാസനും ചേർന്ന് നിർമ്മിച്ച് വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ തട്ടത്തിൻ മറയത്തിലൂടെ പറയുന്നത്.
മലർവാടി ആർട്സ് ക്ലബിലെ നായകന്മാരിലൊരാളായിരുന്നു നവിൻ പോളിയും പുതുമുഖ നടി ഇഷയുമാണു ചിത്രത്തിലെ നായികാനായകന്മാർ.തലശേരിയിലാണു ചിത്രത്തിന്റെ കഥ നടക്കുന്നത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്ത,എന്നാൽ സുന്ദരനും ഒപ്പം കമ്മ്യൂണിസ്റ്റും സർവ്വോപരി നായരുമായ വിനോദ് ആണു ചിത്രത്തിലെ നായകൻ. വളരെ യാഥാസ്ഥിതികത വെച്ച് പുലർത്തുന്ന ഒരു മുസ്ലീം കുടുംബത്തിൽ പെട്ട, അതീവ സുന്ദരിയായ ആയിഷയാണു ചിത്രത്തിലെ നായിക.
നായരായ വിനോദിനു മുസ്ലീമായ ആയിഷയോട് പ്രണയം തോന്നുകയാണു. ആ മഹത്തായ പ്രണയ സാക്ഷാത്ക്കാരത്തിന്റെ തട്ടത്തിൻ മറയത്ത്. ഇത്തരമൊരു പ്രമേയം സിനിമയാക്കിയതിനും അത് ഇന്നത്തെ യുവത്വം നെഞ്ചിലേറ്റും വിധം മനോഹരമായി അവതരിപ്പിക്കാനും സാധിച്ചതിൽ വിനീത് ശ്രീനിവാസനു അഭിമാനിക്കാം. മനോഹരമായ ചിത്രീകരണവും കാഴ്ചക്കാരനിൽ അനുഭൂതിയൊരുക്കുന്ന പശ്ചാത്തല സംഗീതവും തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തെ സുന്ദരമാക്കുന്നു.
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിനു ശേഷം കാര്യമായി തിളങ്ങാൻ അവസരങ്ങൾ ലഭിക്കാതിരുന്ന നവിൻ പോളി എന്ന യുവനടനു താനും ഒരു കൊള്ളാവുന്ന നടനാണു എന്ന് തെളിയിക്കാൻ കഴിഞ്ഞ ചിത്രമാണു ഇത്. മലർവാടിയിലെ തന്നെ മറ്റൊരു അഭിനേതാവായ കുട്ടുവും ഈ ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവെച്ചിരിക്കുന്നു. തിരുവനന്തപുരം ഭാഷ പറയുന്ന പോലീസുകാരനായി വന്ന മനോജ് കെ ജയനും തരക്കേടിലാത്ത പ്രകടനം നടത്തിയിട്ടുണ്ട്.
സെക്കന്റ് ഷോ ഫെയിം കുരുടി വളരെ ചെറിയ വേഷത്തിലെത്തി വലിയ കയ്യടി നേടി. അതു പോലെ തന്നെ ചെറുതെങ്കിലും ക്ലൈമാക്സിലെ സംഭാഷണം മൂലം ശ്രീനിവാസനും കിട്ടി കയ്യടി. അങ്ങനെ അഭിനയിച്ചവരെല്ലാം നല്ല പ്രകടനം നടത്തിയെങ്കിലും ഷോക്കടിപ്പിച്ചാൽ പോലും ഭാവം വരാത്ത നായിക ഈ ചിത്രത്തിനു ഒരു മുതൽക്കൂട്ടാണു. എന്നാൽ നായികയുടെ ആ പോരായ്മ ഒട്ടും പ്രേക്ഷകനെ മുഷിപ്പിക്കാത്ത രീതിയിൽ കൈകാര്യം ചെയ്തു എന്നത് സംവിധായകന്റെ മിടുക്ക്. പക്ഷെ ഇത്തരമൊരു ചിത്രത്തിനു അവശ്യമായി വേണ്ട മനോഹാരിത ഇതിലെ ഗാനങ്ങൾക്ക് അനുഭവപ്പെട്ടില്ല.
വളരെ റിയലിസ്റ്റിക് ആയ രീതിയിലാണു ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നത്. നമ്മളിലൊരാൾ അല്ലെങ്കിൽ നമ്മൾ തന്നെ എന്ന് തോന്നിപ്പോകും വിധത്തിൽ വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസൻ സൃഷ്ടിച്ചെടുത്ത കഥയും കഥാപാത്രങ്ങളുടെയും ഒരു ശൈലി പുതിയ കാലത്തിൽ പുനർജ്ജനിക്കപ്പെടുകയാണു വിനീത് ശ്രീനിവാസനിലൂടെ..! ഇത് അഛന്റെ മകൻ തന്നെ..!!
നർമ്മം നിറഞ്ഞ മുഹൂർത്തങ്ങളുമായി തകർക്കുന്ന ഒന്നാം പകുതിക്ക് ശേഷം ചിത്രം ഒരല്പം സീരിയസ് ആയി മാറുന്നു. പ്രണയകഥയായത് കൊണ്ടും ഈ ലവ് സ്റ്റോറി ഹാപ്പി എൻഡിംഗ് ആണു എന്ന് നേരത്തെ അറിയാവുന്നത് കൊണ്ടും വലിയ ഒരു ട്വിസ്റ്റ് ഒന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല. അതു കൊണ്ട് തന്നെ പടം കഴിയുമ്പോൾ സംതൃപ്തിയോടെ തിയറ്റർ വിടാൻ കാണികൾക്ക് സാധിക്കും.
കറുത്ത തുണിക്കുള്ളിൽ മറച്ച് വെക്കേണ്ടത് പെണ്ണിന്റെ വിശുദ്ധിയാണു അല്ലാതെ സ്വപ്നങ്ങളല്ല എന്ന ആയിഷയുടെ ബാപ്പയുടെ വാക്കുകൾ പ്രേക്ഷകർ ഹർഷാരവങ്ങളോടെ സ്വീകരിക്കുന്നിടത്താണു ഈ സിനിമ സത്യത്തിൽ വിജയിക്കുന്നത്. ഒരു ന്യൂനപക്ഷ സമുദായത്തിൽ പെട്ട പയ്യൻ ഭൂരിപക്ഷ സമുദായത്തിൽ പെട്ട പെണ്ണിനെ പ്രേമിച്ചാലും വിവാഹം കഴിച്ചാലും അത് ദേശീയോത്ഗ്രദ്നമാണു, എന്നാൽ ഒരു ഭൂരിപക്ഷ സമുദായത്തിൽ പെട്ട പയ്യൻ ന്യൂനപക്ഷ സമുദായത്തിൽ പെട്ട പെണ്ണിനെ പ്രേമിച്ചാലും വിവാഹം കഴിച്ചാലും അത് ദേശീയ കലാപമാണു എന്ന ദാമോദരൻ മാഷ് എഴുതിയ സംഭാഷണ ശകലം സുരേഷ് ഗോപി പറയുമ്പോൾ ആവേശത്തോടെ കയ്യടിച്ചവരുടെ മക്കളാണു ഇന്ന് ആയിഷയുടെ ബാപ്പയുടെ ഈ വാക്കുകൾ കേട്ട് കയ്യടിക്കുന്നത്.
വർഷം ഒരുപാട് കഴിഞ്ഞെങ്കിലും അന്നത്തെ ആ ചിന്താഗതിയിൽ നിന്ന് ഒരിഞ്ചു പോലും പിറകോട്ട് പോയിട്ടില്ല സാംസ്കാരിക കേരളം.ഒരു മുസ്ലീം പെൺകുട്ടിയുടെ ബാപ്പ ഈ ചിത്രത്തിലേതു പോലെ ഒരു നിലപാട് സ്വീകരിക്കണമെങ്കിൽ ഈ ചിത്രത്തിലേത് പോലെ ഒരു ചുറ്റുപാടിൽ തന്നെ ആയിരിക്കണം ആ കുടുബത്തിന്റെ അവസ്ഥയും എങ്കിലും ഇങ്ങനെ ഒരു തിരുമാനം കൈക്കൊള്ളാൻ സാധ്യത കുറവാണു. എന്നിട്ടും നമ്മൾ പ്രേക്ഷകർ ഈ സിനിമയെ ഇഷ്ടപ്പെടുന്നു.
പ്രണയനിലാവിൽ വിനയൻ മുൻപ് പറഞ്ഞതും ഇതേ പ്രമേയം തന്നെയാണു. എന്നാൽ ആ ചിത്രത്തേക്കാൾ 100 മടങ്ങ് ഇരട്ടിയിൽ തട്ടത്തിൻ മറയത്ത് സ്വീകരിക്കപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം മുൻപ് പറഞ്ഞ വിനീത് ശ്രീനിവാസൻ പിന്തുടർന്ന ആ ശ്രീനിവാസൻ ശൈലി തന്നെയാണു. ഒപ്പം സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യം സംഭവിക്കാൻ സാധ്യതയുള്ള വഴികളിലൂടെ സംഭവ്യമാക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷവും..!!
അങ്ങനെ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഈ ചിത്രം വെറുമൊരു പൈങ്കിളി കഥയല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ തിരിച്ചവരോട് ഈ ചോദ്യം ചോദിക്കാം..
മാഷ് പ്രേമിച്ചിട്ടുണ്ടോ??
ഇല്ല എന്നായിരിക്കും ഉത്തരം എന്ന് ഉറപ്പാണു. അപ്പോൾ അവരോട് പറയുക "എല്ലാ പ്രേമവും പൈങ്കിളിയാണു മാഷേ...!!
Subscribe to:
Post Comments (Atom)
1 comments:
അപ്പൊ ചുരുക്കി പറഞ്ഞാല് കൊള്ളാവുന്ന പടമാണ് എന്ന്... അല്ലേ?
Post a Comment