RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആന്‍ മരിയ കലിപ്പിലാണ്. - Film Review


ആട് ഒരു ഭീകരജീവിയാണു എന്ന ചിത്രത്തിനു ശേഷം പുറത്തിറങ്ങിയ മിഥുൻ മാനുവേൽ തോമസിന്റെ സിനിമയാണു ആൻ മരിയ കലിപ്പിലാണു. റിലീസ് ചെയ്ത സമയത്ത് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ കഴിയാതെ പോയെങ്കിലും പിന്നീട് ഡിവിഡി റിലീസ് ചെയ്തപ്പോൾ ഒരു വലിയ വിഭാഗം ആളുകളുടെ പിന്തുണ നേടാൻ ആടിനായിരുന്നു. അതു കൊണ്ട് തന്നെ മിഥുന്റെ രണ്ടാമത്തെ ചിത്രത്തിന്റെ  റിലീസിംഗിൽ പ്രതീക്ഷകളുണ്ടാകുന്നത് സ്വഭാവികം. വ്യക്തിപരമായി ആടു എന്ന സിനിമ ഇഷ്ട്ടപ്പെടാത്തത് കൊണ്ട് ആൻ മരിയയുടെ അവസ്ഥ എന്താണെന്നറിഞ്ഞതിനു ശേഷം മാത്രം കണ്ടാൽ മതി എന്ന തിരുമാനമെടുത്തത് കൊണ്ടാണു ആദ്യ ദിവസങ്ങളിൽ ആൻ മരിയയുടെ കലിപ്പ് കാണാൻ തിയറ്ററിൽ പോകാതിരുന്നത്. ഓംശാന്തി ഓശാനയുടെ തിരകഥാകൃത്ത് എന്നതിലുപരി മിഥുൻ ഇപ്പോൾ അറിയപ്പെടുന്നത് ആടിന്റെ സംവിധായകൻ എന്ന നിലയിലാണു. എന്നിട്ടും ആൻ മരിയയുടെ റിലീസ് ദിവസങ്ങളിൽ ഒരു വലിയ ആരവമൊന്നും ഉണ്ടായില്ല. നായക കേന്ദ്രീകൃത സിനിമകൾ അല്ലാത്തവയോട് മുഖം തിരിക്കുന്ന മലയാളി സ്വഭാവം ദൈവ തിരുമകൾ ഫെയിം ബേബി സാറയുടെ ചിത്രത്തിനോടും കാണിച്ചു. സണ്ണി വെയ്ൻ എന്ന നടനെ മലയാളികൾ ഇതു വരെ ഒരു സോളോ ഹീറോ പരിവേഷത്തിൽ പരിഗണിച്ചിട്ടുമില്ലല്ലോ..!! ഷാജി പാപ്പന്റെ ആരാധകരെങ്കിലും ഈ സിനിമ ആദ്യം കണ്ടിരുന്നെങ്കിൽ എന്നൊരു ചോദ്യമുയർന്നു വന്നേക്കാം. പക്ഷെ ഷാജി പാപ്പൻ ആരാധകരിൽ ഭൂരിപക്ഷവും ഡിവിഡി ഇറങ്ങുമ്പോൾ മാത്രം സിനിമ കാണാൻ ഭാഗ്യം ലഭിച്ചവരാണു. ആദ്യ ദിവസങ്ങളിൽ ആൻ മരിയ കണ്ട ചുരുക്കം ചില ആളുകൾ സിനിമയെ പറ്റി നല്ല അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടാകട്ടെ എന്ന തിരുമാനത്തിൽ മാറ്റി വെയ്ക്കുകയായിരുന്നു. ഇതിനിടയിലാണു മിഥുന്റെ ഒരു അഭിമുഖം വായിക്കാനിടയായത്. ആട് എന്ന സിനിമയിൽ പാളിച്ചകൾ സംഭവിച്ചുട്ടുണ്ടെന്ന് സമ്മതിക്കുകയും അത് തിരുത്തിയാണു ആൻ മരിയ ഒരുക്കിയിരിക്കുന്നത് എന്നും അതിൽ സംവിധായകൻ പറയുന്നു. തന്റെ കാഴ്ച്ചപ്പാടുകളെ തള്ളിക്കളഞ്ഞ പ്രേക്ഷകരെ കുറ്റപ്പെടുത്താതെ സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന , സേഫ് സോണിൽ കളിക്കാൻ താല്പര്യമില്ലെന്ന് പറയുന്ന ധീരനായ ഒരു സംവിധായകന്റെ വാക്കുകളായിരുന്നു അത്. ഇത് ആൻ മരിയയുടെ കലിപ്പ് കണ്ടേ തീരു എന്നതിൽ കൊണ്ടെത്തിച്ചു. ശേഷം തിയറ്ററിൽ..
!

ആൻ മരിയയുടെ കലിപ്പിനു കാരണം

റോയ്- തെരേസ ദമ്പതികളുടെ ഏക മകളാണു ആൻ മരിയ. റോയും തെരേസയും ഡോക്ടേർസാണു. റോയ് റെഡ് ക്രോസിലാണു വർക്ക് ചെയ്യുന്നത് ഇപ്പോൾ സിറിയയിലാണു.ആൻ മരിയക്ക് ഒരു വലിയ ലോംഗ് ജമ്പുകാരിയാകണമെന്നാണു ആഗ്രഹം. അതിനായ് പരിശ്രമിക്കുന്നുമുണ്ട്. ഒരു ദിവസം സ്കൂളിൽ വെച്ച് ആൻ മരിയ തന്റെ പിടി മാഷ് മറ്റൊരു ടീച്ചറോട്  സംസാരിക്കുന്നതും ടീച്ചർ കരയുന്നതും  കാണുന്നു. മാഷ് സംസാരിച്ചപ്പോൾ ടീച്ചർ എന്തിനാണു കരഞ്ഞതെന്ന ചോദ്യം ആൻ മരിയ പ്രിൻസിപ്പാളിനോട് ചോദിക്കുന്നു. പ്രിൻസിപ്പാൾ മാഷിനെ ചോദ്യം ചെയ്യുന്നു.  ആൻ മരിയയാണു ഇത് പ്രിൻസിപ്പാളിനോട് പറഞ്ഞതെന്ന് മനസ്സിലാക്കിയ മാഷ് ആനിനെ ലോംഗ്ജമ്പ് സെലക്ഷൻ ട്രയൽസിൽ നിന്ന് പുറത്താക്കുന്നു. മാഷിനോട് പ്രതികാരം ചെയ്യാൻ ആൻ മരിയ ഒരാളെകണ്ടെത്തുന്നു. ഗിരീഷ് .. പൂമ്പാറ്റ ഗിരീഷ്..!!!!!


ഒരൊറ്റ വാക്കിൽ ഒരു മനോഹര ചിത്രം എന്ന് ആൻ മരിയ കലിപ്പിലാണിനെ വിശേഷിപ്പിക്കാം. ഒരു ചെറിയ കഥ അതിൽ ഒരു പാട് അഭിനേതാക്കളെ ഉൾപ്പെടുത്തി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു സംവിധായകൻ. കുട്ടികളുടെയും വലിയവരുടെയും ചെറുപ്പക്കരുടെയുമൊക്കെ മനസ്സിൽ പതിയാൻ തക്കവണ്ണമുള്ളതെല്ലാം ആൻ മരിയയിലുണ്ട്.  ഒരു കുട്ടി അധ്യാപകനോട് പ്രതികാരം ചെയ്യുക എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്കുള്ള മറുപടി സിനിമയിലുണ്ട്. മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം എങ്ങനെയായിരിക്കണം എന്ന് സിനിമ കാണിച്ചു തരുന്നു. ഒരു കുട്ടിയുടെ ഏറ്റവും വലിയ ഫ്രണ്ട്സ് അവരുടെ മാതാപിതാക്കളാകണമെന്നത്  സിനിമയിലൂടെ പറയുന്നുണ്ട്. ഇങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിലൂടെ പങ്ക് വെക്കുന്നുണ്ടെങ്കിലും ഇതൊന്നും സത്യൻ അന്തിക്കാട് സ്റ്റൈൽ സാരോപദേശ രൂപത്തിലല്ല എന്നാതാണു ഏറ്റവും വലിയ പ്രത്യേകത. ടൈറ്റിൽ റോളിൽ അഭിനയിച്ച ബേബി സാറ മുതൽ  ഗസ്റ്റ് റോളിൽ എത്തുന്ന ദുല്ഖർ ഉൾപ്പെടെ എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. എഡിറ്റിംഗിൽ കാണിച്ച സൂക്ഷമത ചിത്രത്തെ ഒട്ടും ബോറടിപ്പിക്കാത്തതാക്കി മാറ്റി. എന്ത് കൊണ്ട് ആടിന്റെ പരാജയത്തിനു ശേഷവും മിഥുനു ഒരു സിനിമ ചെയ്യാൻ കിട്ടി എന്നതിനു ആൻ മരിയ ഉത്തരം നല്കും. ഈ സിനിമ നിങ്ങൾ കാണാതിരുന്നാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആട് പരാജയപ്പെട്ടത് പോലെ ഇതും പരാജയപ്പെടും  ഇതിന്റെ പരാജയം മിഥുൻ എന്ന സംവിധായകനു അടുത്ത സിനിമ ചെയ്യാനുള്ള ഒരു തടസ്സമായി മാറാനും പോകുന്നില്ല. പക്ഷെ ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണണ്ണം എന്ന് നിങ്ങൾ തിരുമാനിച്ചാൽ അത് ഒരു പ്രചോദനമാണു ബോക്സോഫീസ് ചേരുവകളെ കുത്തി നിറക്കാതെ സിനിമ ചെയ്യാൻ ചങ്കൂറ്റം കാണിക്കുന്ന നിർമ്മാതാക്കൾക്കുള്ള പ്രചോദനം. ആൻ മരിയ നിങ്ങളെ നിരാശരാക്കില്ല...!!!! 

0 comments:

Followers

 
Copyright 2009 b Studio. All rights reserved.