RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഊഴം - Film Review


സൂപ്പർ ഹിറ്റ് ചിത്രമായ മെമ്മറീസിനു ശേഷം പൃഥ്വിരാജും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണു ഊഴം. ജിത്തു ജോസഫ് തന്നെ തിരകഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ നായികയായി ദിവ്യ പിള്ള എന്ന പുതുമുഖവും മറ്റ് വേഷങ്ങളിൽ നീരജ് മാധവ്, പശുപതി, ജയപ്രകാശ് എന്നിവരും അഭിനയിക്കുന്നു. ദൃശ്യത്തിനു ശേഷമെത്തിയ ജിത്തു ജോസഫിന്റെ  ലൈഫ് ഓഫ് ജോസൂട്ടി പരാജയമായത് കൊണ്ടും പൃഥ്വിരാജിന്റെ അടുത്തിടെയിറങ്ങിയ സിനിമകൾ തരംഗമാവാത്തത് കൊണ്ടും ഒരു മെഗാഹിറ്റിൽ കുറഞ്ഞ ഒന്നിലും ഇരുവരുടെയും പ്രേക്ഷകർ തൃപ്തരാവുമായിരുന്നില്ല. ഊഴത്തിനു ആ പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞോ എന്ന് പരിശോധിക്കാം. 

കഥ

തമിഴ് നാട്ടിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന കൃഷ്ണമൂർത്തി ഒരു വലിയ മരുന്ന് കമ്പനി സമൂഹത്തിൽ നടത്തുന്ന ചതി തെളിയിക്കാൻ ശ്രമിക്കുന്നു. മാരകമായ രോഗം പരത്തുന്ന വൈറസുകളെ കണ്ടെത്തി അത് ആളുകളിലേക്കെത്തിക്കുകയും ആ രോഗം പടർന്ന് പിടിക്കുമ്പോൾ അതിന്റെ വാക്സിൻ ഉത്പാദിപ്പിച്ച് വിറ്റ് കോടികളുണ്ടാക്കുകയും ആണു കമ്പനി ചെയ്യുന്നത്. ഇത് പുറത്തു കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിൽ കൃഷ്ണ മൂർത്തിയെയും ഭാര്യയെയും മകളെയും കമ്പനിയുടെ ആളുകൾ കൊല്ലുന്നു. അവരോട് കൃഷ്ണമൂർത്തിയുടെ മകനായ സൂര്യ പ്രതികാരം ചെയ്യുന്നതാണു ഊഴം. 

വിശകലനം

സംഭവം പഴയ ബോംബ് കഥയാണെങ്കിലും അതിൽ ഒരു നോൺ ലീനിയർ ടച്ച് കൊണ്ട് വന്ന് ഒരു വ്യത്യസ്ഥത കൈവരുത്തുന്നതിൽ ജിത്തു ജോസഫ് വിജയിച്ചിട്ടുണ്ട്. ആദ്യ പകുതി നന്നായെങ്കിലും രണ്ടാം പകുതിയിൽ പ്രതിഭാധനനായ ഒരു സംവിധായകന്റെ ധൂർത്ത് ധാരാളമായി കാണാം. അതു കൊണ്ട് തന്നെ ആദ്യമേ പറയട്ടെ ദൃശ്യം , മെമ്മറീസ് എന്നീ സിനിമകളെക്കാൾ താഴെ നില്ക്കുന്ന ഒരു സിനിമയാണു ഊഴം. 

ദൃശ്യത്തേക്കാൾ നന്നാവുക അല്ലെങ്കിൽ ദൃശ്യം പോലെയാവുക എന്ന വെല്ലുവിളി ഇനി കരിയറിന്റെ അവസാനം വരെ ജിത്തു ജോസഫ് നേരിടാൻ ഇരിക്കുന്ന ഒന്നാണു. ദൃശ്യം പോലെയൊരു സിനിമ സ്ഫടികം പോലെ വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്നതാണു അതു കൊണ്ട് തന്നെ അത് ചരിത്രവുമാണു. ചരിത്രം പ്രഹസനമായി മാത്രമേ ആവർത്തിക്കാറുള്ളു എന്നത് കൊണ്ടാവണം വീണ്ടുമൊരു ദൃശ്യത്തിനു ജിത്തുജോസഫ് ശ്രമിക്കാത്തത്. എന്നിരുന്നാലും മലയാളികൾക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലത്തിൽ നിന്ന് കൊണ്ട് കഥ പറയാൻ ശ്രമിക്കുന്നു എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണു. 

പൃഥ്വിരാജ് തിരഞ്ഞെടുക്കുന്ന സിനിമകൾക്ക് എല്ലാം എന്തെങ്കിലുമൊരു പ്രത്യേകത കാണുമെന്ന ഒരു വിശ്വാസം ഇപ്പോൾ പ്രേക്ഷകർക്കുണ്ട്. ഊഴത്തിന്റെ കാര്യത്തിൽ അത് ശരിയാണെങ്കിലും ടോട്ടൽ സിനിമയിൽ വല്ലാണ്ടൊരു അപൂർണ്ണത സാധാരണ പ്രേക്ഷകനു അനുഭവപ്പെടുന്നുണ്ട്. ജിത്തു ജോസഫിനെ പോലൊരു സംവിധായകനിൽ നിന്നുണ്ടാകേണ്ടിയിരുന്ന പെർഫക്ഷൻ ഊഴത്തിനില്ലാതെ പോയി. സാങ്കേതികമായി ശരാശരി നിലവാരത്തിൽ നിന്നും ഉയർന്ന പ്രകടനമാണു ചിത്രം കാഴ്ച്ച വെച്ചിരിക്കുന്നത്. 

അഭിനേതാക്കളിൽ നായകനെ ഒഴിച്ച് നിർത്തിയാൽ മറ്റ് ആർക്കും കാര്യമായ പെർഫോമൻസിനു വകുപ്പില്ല എന്നതാണു സത്യം. തന്റെ അഭിനയം നന്നെന്നു പറയാൻ മറ്റുള്ളവരെ കൊണ്ടൊക്കെ മോശമായി അഭിനയിപ്പിക്കുന്നു എന്ന് പണ്ട് പഴി കേട്ട ദുല്കറിനിസം പൃഥ്വിരാജിനും പിടിപെട്ടോ എന്ന് ഈ സിനിമ കണ്ട് ആർക്കെങ്കിലും സംശയം തോന്നിയാലും വലിയ തെറ്റില്ല.

 ജിത്തു ജോസഫിന്റെ സിനിമയിൽ ഒരു സസ്പെൻസ് ഒളിച്ചിരിക്കുന്നുണ്ടാവും അവസാന നിമിഷം അത് പുറത്തു വരും എന്നാണു പൊതുവിൽ വിശ്വാസം. എന്നാൽ ഊഴം ഒരു സസ്പെൻസ് സിനിമയല്ല. ഇതൊരു ത്രില്ലർ സിനിമയാണു. ആദ്യാവസാനം വരെ പ്രേക്ഷകർ ത്രില്ലടിച്ചിരിക്കും എന്ന് വിചാരിച്ച് ഉണ്ടാക്കിയ സിനിമ. അതിൽ 30 ശതമാനം മലയാളവും 30 ശതമാനം തമിഴും ബാക്കി 40 ശതമാനം ഇംഗ്ലീഷുമാണു സംസാരിക്കുന്നത്. അമിത പ്രതീക്ഷകൾ വെച്ച് പുലർത്താതെ പോയാൽ ത്രില്ലർ സിനിമകൾ  ഇഷ്ടപ്പെടുന്നവർക്ക് ഒരു വട്ടം കണ്ടിരിക്കാൻ ഉള്ളതേ ഉള്ളു ഊഴം.

പ്രേക്ഷക പ്രതികരണം

പൂർണ്ണമായി സംതൃപ്തി ലഭിക്കാത്തതിന്റെ ഒരു അസംതൃപ്തിയോടെ പ്രേക്ഷകർ തിയറ്റർ വിട്ടു

ബോക്സോഫീസ് സാധ്യത

ലൈഫ് ഓഫ് ജോസൂട്ടീ എന്ന ഗുണ്ട് പടം വരെ 12 കോടി കളക്ട് ചെയ്തു എന്ന് പറയപ്പെടുന്ന ഈ നാട്ടിൽ ഊഴം ഒരു ഫ്ലോപ്പ് സിനിമ ആവില്ല

റേറ്റിംഗ് : 2.5 /5 

അടിക്കുറിപ്പ്: മലയാള സിനിമ എന്ന ഇട്ടാവട്ടത്ത് നിന്ന് നാഷ്ണൽ സിനിമ എന്ന തലത്തിലേക്ക് തന്റെ സിനിമകളെ ഉയർത്താനുള്ള പൃഥ്വിയുടെ ആദ്യ പടിയായി ഈ സിനിമയെ കാണാം..! പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടികളാണല്ലോ..!!!  

0 comments:

Followers

 
Copyright 2009 b Studio. All rights reserved.