RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അന്നയും റസൂലും


ഒരു സിനിമ എങ്ങനെ ആയിരിക്കണം എന്ന് ആരും പ്രതിപാദിച്ചു വെച്ചിട്ടില്ല. സിനിമ എങ്ങനെ വേണമെങ്കിലും ആവാം. അത് സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രമാണു. അതു പോലെ തന്നെ ഒരു സിനിമ ഏത് തരം പ്രേക്ഷകരെ ഉദ്ദേശിച്ചാണു ഇറക്കുന്നത് എന്നതും അതിന്റെ അണിയറ പ്രവർത്തകരുടെ തിരുമാനത്തെ ആശ്രയിച്ചിരിക്കും. അങ്ങനെ നോക്കുവാണെങ്കിൽ രാജീവ് രവി എന്ന ഛായാഗ്രാഹകൻ ആദ്യമായി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും ഉദ്ദേശിച്ചാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പക്ഷെ അത് എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടുവോ എന്ന് ചോദിച്ചാൽ കൂടുതൽ ആളുകൾ കാണുന്ന സിനിമയല്ല നല്ല സിനിമ എന്നാണു ഉത്തരം. 

യുവതാരങ്ങളിൽ ശ്രദ്ധേയനായ ഫഹദും തമിഴ് നടി ആൻഡ്രിയയും നായികാ നായകന്മാരായി അഭിനയിച്ച അന്നയും റസൂലും പറയുന്നത് ഒരു പ്രണയകഥയാണു. ക്രിസ്ത്യാനി പെൺകുട്ടിയെ പ്രേമിച്ച മുസ്ലീം യുവാവിന്റെ കഥ. തട്ടത്തിൻ മറയത്ത് എന്ന ചിത്രവും ഇത്തരമൊരു പ്രമേയമാണു അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അന്നയും റസൂലിനെയും വ്യത്യസ്തമാക്കുന്നത് ഇതിന്റെ റിയലിസ്റ്റിക്കായ അവതരണമാണു.

കാല്പനികതികളിലൂന്നാതെയുള്ള കഥപറച്ചിലിൽ സംഭവിക്കുന്ന ഇഴച്ചിൽ ചില ആളുകളെ മുഷിപ്പിക്കുമെങ്കിലും ജീവിതം ഇങ്ങനെയൊക്കെയാണു എന്ന തിരിച്ചറിവ് ഉള്ളവർക്ക് ആ ഇഴച്ചിൽ ആസ്വദിക്കാൻ കഴിയുന്നതാണു. ഈ തിരകഥ അത് ആവശ്യപ്പെടുന്നുണ്ട് താനും.പതിവ് പോലെ തന്നെ ഏല്പിച്ച ജോലി ഫഹദ് ഭംഗിയാക്കി. അന്നയ്ക്ക് അലങ്കാരമായ നിശബ്ദത ആൻഡ്രിയ വൃത്തിയായി ചെയ്തു. സണ്ണി വെയിൻ മനോഹരമായി തന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. അബു എന്ന കഥാപാത്രമായി ചാപ്റ്റേഴ്സിൽ ചൂണ്ടയായി ശ്രദ്ധിക്കപ്പെട്ട ഷൈൻ ടോം ചാക്കോ ജീവിക്കുകയായിരുന്നു. ഫഹദിന്റെ ചേട്ടനായി ആഷിക്ക് അബുവും ബാപ്പയായി രജ്ഞിത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. 

കൊച്ചി കേന്ദ്രീകരിച്ച് വരുന്ന സിനിമകളിൽ കാണാത്ത വിഷ്വലുകൾ ഒരുക്കുന്നതിൽ ക്യാമറമാൻ വിജയിച്ചിട്ടുണ്ട്. പഴയ സിനിമകളിൽ നിന്നെടുത്ത രണ്ട് ഗാനങ്ങൾ കൃത്യമായ സ്ഥാനങ്ങളിൽ ഉൾപ്പെടുത്തി പ്രേക്ഷകരെ ബോറടിപ്പിക്കാതിരിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. 

അന്നയും റസൂലും തമ്മിൽ പ്രണയ ബദ്ധരാവുന്നതിലെ ലോജിക് തിരഞ്ഞ് ഈ ചിത്രത്തെ വിമർശിക്കുന്നവർ തന്നെയാണു തട്ടത്തിൻ മറയത്ത് കണ്ട് കോൾമയിരു കൊണ്ടത് എന്നതാണു വിരോധാഭാസം. എല്ലാം ഫാസ്റ്റ് ആയി വേണമെന്ന് ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് പ്രണയത്തിന്റെ മനോഹാരിത ഒരല്പം സാവധാനം പറയുന്ന ഈ ചിത്രം ഇഷ്ടപ്പെടാതിരുന്നാൽ അതാരുടെയും കുറ്റമല്ല. 

പ്രേമിച്ച പെണ്ണിനെ അവളുടെ അപ്പൻ തന്നെ കയ്യ് പിടിച്ച് ഏല്പിക്കുന്ന ഒരു മനോഹര ക്ലൈമാക്സ് ആണു ഇന്നത്തെ യുവതലമുറ സ്വന്തം ജീവിതത്തിൽ സ്വപ്നം കാണുന്നത്. അത് നടക്കാതെയാവുമ്പോഴാണു സിനിമയിലെങ്കിലും അങ്ങനെ സംഭവിക്കുന്നത് കണ്ട് കയ്യടിച്ചു കൊണ്ട് അവർ ആശ തീർക്കുന്നത്. അതു കൊണ്ട് തന്നെ ഈ സിനിമയുടെ കഥാന്ത്യം ഉൾക്കൊള്ളാൻ പലർക്കും സാധിച്ചെന്നു വരില്ല.. അവരോട് ഒന്നേ പറയാനുള്ളു, ജീവിതം ചിലപ്പോൾ ഇങ്ങനെ കൂടിയാണു മുത്തേ...!!!

2 comments:

meetpals-meet new friends said...

Dear Friend,

I have posted a link to your blog here ..

http://meetpals.net/bookmarks/view/470/അന്നയും-റസൂലും

Please visit and join meetpals

ശ്രീ said...

നല്ല അഭിപ്രായമാണ് കിട്ടിയത്

Followers

 
Copyright 2009 b Studio. All rights reserved.