RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

വയലിൻ


കുറേക്കാലം മുൻപ് സംവിധായകൻ ഭദ്രൻ ഉടയോൻ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം ക്ഷീണിതനായി വീട്ടിൽ ഇരിക്കുന്ന കാലം. ഒരു ദിവസം അദ്ദേഹം അരിയും മറ്റ് സാധനങ്ങളും വാങ്ങാൻ വേണ്ടി സൂപ്പർ മാർക്കറ്റിൽ എത്തുന്നു. സാധനങ്ങൾ വാങ്ങിച്ച് തന്റെ കാറിനടുത്തേക്ക് നടക്കുമ്പോഴാണു കുറച്ച് ചെറുപ്പക്കാർ അദ്ദേഹത്തെ പരിചയപ്പെടുന്നത്.

കടുത്ത സിനിമ പ്രേമികളാണെന്ന് പറഞ്ഞ അവർ അദ്ദേഹത്തോട് ചോദിച്ചു, "സർ എന്തിനാണു വെള്ളിത്തിര, ഉടയോൻ പോലുള്ള ചിത്രങ്ങൾ എടുക്കുന്നത്" എന്ന്. അതിനു ഭദ്രൻ സർ പറഞ്ഞ മറുപടി എനിക്ക് ജീവിക്കണ്ടേ മക്കളെ എന്നാണു. അപ്പോൾ അവർ പറഞ്ഞു. "സർ ജീവിക്കാൻ വേണ്ടി ഇത്തരത്തിലുള്ള സിനിമകൾ ദയവ് ചെയ്ത് എടുക്കരുത്. നിളയുടെ തീരത്ത് ഒരു വീട് പണിത് ശേഷ കാലം മുഴുവൻ സർ അവിടെ കഴിഞ്ഞോളു. സ്ഫടികം എന്ന ഒരൊറ്റ ചിത്രം മാത്രം മതി മലയാള സിനിമ നില നിൽക്കുന്ന കാലത്തോളം അങ്ങയെ ഓർക്കാൻ" എന്ന്.

ഇതിപ്പോൾ ഇവിടെ പറയാൻ കാരണം സിബി മലയിൽ സംവിധാനം ചെയ്ത വയലിൻ എന്ന ചിത്രം കണ്ടത് കൊണ്ടാണു. കിരീടം, തനിയാവർത്തനം, ദശരഥം പോലുള്ള എക്കാലത്തേയും മനോഹരങ്ങളായ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകന്റെ ദയനീയമായ, അതിദയനീയമായ അധഃപതനമാണു വയലിൻ എന്ന ചിത്രം. ആസിഫ് അലിയെ കണ്ടിട്ട് ഇന്ന് ആരും ഒരു മലയാള സിനിമയും കാണാൻ കയറാറില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇത് ഞങ്ങളുടെ കഥ എന്ന ചിത്രം ആദ്യ ദിവസം തന്നെ ഹോൾഡ് ഓവർ ആവില്ലായിരുന്നു. അതു കൊണ്ട് തന്നെ ആസിഫ് അലി നായകനായ ഈ ചിത്രം കാണാൻ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അത് സിബി മലയിൽ എന്ന സംവിധായകനോടുള്ള മതിപ്പ് ഒന്നു കൊണ്ട് മാത്രമാണു. എന്നാൽ ഈ ഒരൊറ്റ ചിത്രം കൊണ്ട് അതെല്ലാം സിബി മലയിൽ നഷ്ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.

അപൂർവ്വരാഗങ്ങൾ എന്ന കാലം തെറ്റിയ ചിത്രം നേടികൊടുത്ത ആത്മവിശ്വാസം കൊണ്ടാകണം വീണ്ടും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കാൻ സംവിധായകൻ തിരുമാനിച്ചത്. വളരെ വ്യത്യസ്തമായ ഒരു കഥയാണു ഈ ചിത്രത്തിന്റെത്. കൊച്ചിയിലെ ആഗ്ലോ ഇന്ത്യൻ കോളനിയിലാണു ഈ കഥ നടക്കുന്നത്. ഒരു വീട്ടിൽ 3 സ്ത്രീകൾ, ആനമ്മ, മേഴ്സിയമ്മ, ഏഞ്ചൽ. ഇതിൽ ഏഞ്ചലിന്റെ മമ്മയുടെ ചേച്ചിയും അനിയത്തിയുമാണു ഈ രണ്ട് പേർ. ഇവരുടെ വീടിന്റെ മുകളിൽ താമസിക്കാൻ വരുന്ന ചെറുപ്പക്കാരൻ ആണു എബി.

3 സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിന്റെ മുകളിൽ എങ്ങനെ ഒരു ചെറുപ്പക്കാരൻ താമസിക്കും എന്ന് സംശയം തോന്നാമെങ്കിലും കഥയിൽ അതിനുത്തരമുണ്ട്. ഏഞ്ചലിനാകട്ടെ പുരുഷന്മാരെ കണ്ണെടുത്താൽ കണ്ട് കൂടാ. പുള്ളിക്കാരി നല്ല ഒരു വയലിനിസ്റ്റ് ആണു. എബി താമസിക്കാൻ വന്ന അന്നുമുതൽ ഇവരു തമ്മിൽ ഉടക്കാണു. അങ്ങനെ ഒരു ദിവസം എബി വയലിൻ വായിക്കുന്നത് ഏഞ്ചൽ കാണുന്നു. അങ്ങനെ ഒരൊറ്റ വയലിൻ വായന കൊണ്ട് ഇവരിൽ അനുരാഗം പൊട്ടി മുളക്കുന്നു.

ഇപ്പോൾ ഒരു സംശയം തോന്നാം ഈ കഥയിൽ വില്ലനില്ലേ എന്ന്. പിന്നെ... നല്ല ഒന്നാന്തരം ഒരു വില്ലനുണ്ട് ഹെൻട്രി. ആ കോളനിയിലെ ഒരു ഗുണ്ടയാണു. മേഴ്സിയമ്മയുടെ മേൽ ഒരു നോട്ടം ഹെൻട്രിക്കുണ്ട്. ഇപ്പോൾ എല്ലാം ആയില്ലേ, നായകൻ നായിക വില്ലൻ. ഇനി അങ്ങോട്ട് ഉദ്വോഗജനകമായ രംഗങ്ങൾ കൊണ്ട് സമ്പന്നമാണു വയലിൻ. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുന്ന അത്ര സംഭ്രമാജനകമായ തിരകഥ.

വയലിൻ ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണു. നായികയും നായകനും തമ്മിൽ പ്രേമമാരംഭിക്കുന്നത് ഒരു വയലിൻ വായനയിലൂടെ. നായകന്റെ തളർവാതം പിടിച്ച് കിടക്കുന്ന അപ്പൻ വീണ്ടും ചലിക്കാനാരംഭിക്കുന്നതും ഒരു വയലിൻ വായനയിലൂടെ, എന്തിനു പറയുന്നു. കുറച്ച് മിനിറ്റുകൾ മാത്രമേ ഇനി ജീവിക്കു എന്ന് ഡോക്ടർ വിധിയെഴുതിയ രോഗി പോലും രക്ഷപ്പെടുന്നത് ഒരു വയലിൻ വായനയിലൂടെ തന്നെയാണു എന്നറിയുമ്പോഴാണു ഒരു വയലിന്റെ മഹത്വം നാം മനസ്സിലാക്കേണ്ടത്.

ആസിഫ് അലിയുടെ അഭിനയം കണ്ടാൽ കരഞ്ഞു പോകും സത്യം..! അത്ര മനോഹരമായിട്ടാണു പ്രണയവും കോമഡിയും ആക്ഷനും സെന്റിമെൻസും ഒക്കെ അടങ്ങിയ എബി എന്ന നായക കഥാപാത്രം അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. നിത്യമേനോൻ നമ്മളെ നിരാശരാക്കിയില്ല. പിന്നെ നല്ല കഥയും തിരകഥയുമുള്ളതു കൊണ്ട് അഭിനേതാക്കളുടെ പ്രകടനമൊക്കെ ആരു ശ്രദ്ധിക്കാൻ..!

കൂടുതൽ ഒന്നും പറയാനില്ല. പണ്ട് ഒരു സിനിമ ഇറങ്ങിയപ്പോൾ വായിച്ച ഒരു നിരൂപണത്തിലെ വാക്കുകൾ കടമെടുക്കുന്നു. "ഈ ചിത്രം കോഴി ബിരിയാണി കഴിച്ച് കഴിഞ്ഞ് കാണാൻ പോകരുത്. കാരണം ഇത് കണ്ട് കഴിയുമ്പോൾ വയറ്റിലുള്ള കോഴി വരെ കൂവിപ്പോകും.."

3 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ആസിഫ്‌ അലി ഒരു മോശം നടനാണോ? ഇത് നമ്മുടെ കഥ പൊളിഞ്ഞു നിരപ്പാകേണ്ട ഒരു ചിത്രമൊന്നും അല്ല, മുന്‍ ധാരനയോടെ മാത്രം സിനിമ കാണുന്ന പ്രേക്ഷകരും തന്നെ ആണ് സിനിമ തകര്‍ക്കുന്നത്.

Pony Boy said...

ഒരുപിടി ചിത്രങ്ങൾ ചെയ്തിട്ടും കൂവിത്തെളിയാത്ത ആസിഫലി മോശം നടൻ തന്നെയാണ്..

തമിഴിലെ പുതുമുഖങ്ങളെ കണ്ട് നോക്കൂ...അഭിനയം എന്താണെന്ന് അറിയാം...ഇത് ഞങ്ങളുടെ കഥ നാടോടികൾ എന്ന തമിഴ് ചിതത്തിനെ റീമെയ്ക്കാണ്...ആ ചിത്രം കണ്ടവരാരും മറക്കാൻ ഇടയില്ല..

സ്ഫടികത്തെ ദയനീയമായി അനുകരിച്ച ഉടയോനും വെള്ളിത്തിരയും ഒക്കെ മാറ്റി നിർത്തിയാൽ എനിക്കിഷ്ടപ്പെട്ട ഭദ്രൻ ചിത്രങ്ങൾ അയ്യർ ഗ്രേറ്റും പിന്നെ അങ്കിൾ ബണ്ണും മാത്രമാണ്...

അവർ പറഞ്ഞത് സത്യാമാണ്..മലയാളത്തിലെ ഒരു കൾട്ട് ക്ലാസിക്ക് തന്നെയാണ് സ്ഫടികം

Anonymous said...

സിബി മലയിൽ ചെയ്ത ഏറ്റവും മോശം സിനിമയിൽ ഒന്ന്. ആലീസ് വണ്ടർലാന്റ് തന്നെ അപഴും ഒന്നാംസ്ഥാനത്ത്

Followers

 
Copyright 2009 b Studio. All rights reserved.