RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ബാവൂട്ടിയുടെ നാമത്തിൽ


തുടർച്ചയായ 11 പരാജയങ്ങൾ.. അതിൽ ആദ്യ ആഴ്ചയിൽ തന്നെ ഹോൾഡ് ഓവർ ആകാൻ വിധിക്കപ്പെട്ട സിനിമകളും കഷ്ടിച്ച് രണ്ടാഴ്ച്ച പോലും തികച്ച് തിയറ്ററുകളിൽ കളിക്കാൻ യോഗമില്ലാതെ പോയ സിനിമകളും നിരവധി. 25 ദിവസമെങ്കിലും കടന്നു കൂടിയത് വളരെ ചുരുക്കം ചിത്രങ്ങൾ.. ഇത്രയൊക്കെ മതി ഒരു സിനിമ നടന്റെ ഭാവി എന്നന്നേക്കുമായി ഇരുളടയാൻ..

ലോകത്തെവിടെയാണെങ്കിലും പിന്നീടൊരിക്കലും ഇങ്ങനെയൊരു സിനിമ നടനു തന്റെ മുഖം വെള്ളിത്തിരയിൽ കണാനുള്ള യോഗം ഉണ്ടാവില്ല എന്ന് ഉറപ്പ്. എന്നാൽ ഇവിടെ.. നമ്മുടെ ഈ കൊച്ച് കേരളത്തിൽ തുടരെയുള്ള 11 പരാജയങ്ങൾ നേരിട്ടിട്ടും 9 കോടിയിലേറെ മുതൽ മുടക്കുള്ള സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയും അഞ്ചോളം സിനിമകളുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു നടനുള്ളത്..

കേൾക്കുന്നവർക്ക് ഒരല്പം അതിശയോക്തി തോന്നി പോകുമായിരിക്കും പക്ഷെ സത്യമാണു. അതു കൊണ്ടാണു ആ നടനെ എല്ലാവരും മെഗാസ്റ്റാർ എന്ന് വിളിക്കുന്നത്.. അത് മറ്റാരുമല്ല മലയാളികളുടെ സ്വന്തം മമ്മൂക്ക...

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും രജ്ഞിത്തിന്റെ തിരകഥയിൽ ജി എസ് വിജയൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബാവൂട്ടിയുടെ നാമത്തിൽ ആദ്യ ഷോ കാണാൻ വേണ്ടി പോകുമ്പോൾ ചാരത്തിൽ നിന്ന് ഒരു ശക്തമായ തിരിച്ചു വരവ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ആളുകളെ കൊണ്ട് അയ്യേ എന്ന് പറയിപ്പിക്കാത്ത ഒരു ചിത്രം അത്രയെങ്കിലും ആയാൽ മതിയായിരുന്നു എന്ന ചിന്തയായിരുന്നു മനസ്സിൽ. 

 മനസ്സിൽ നന്മ മാത്രം സൂക്ഷിക്കുന്ന യത്തീമായ ആരുമില്ലാത്ത എന്നാൽ എല്ലാവരുമുള്ള ബാവൂട്ടി, ബാവൂട്ടിയുടെ സുഹൃത്ത് അലവി, ബാവൂട്ടിയെ സഹോദരനെ പോലെ കാണുന്ന അയാളുടെ മുതലാളി സേതുവും അയാളുടെ സ്നേഹസമ്പന്നയായ ഭാര്യ വനജയും രണ്ട് മക്കളും, പിന്നെ സേതുവിന്റെ വീട്ടുവേലക്കാരി മറിയമ്പി. ഇവരെല്ലാം ചേർന്ന വീടാണു ബാവൂട്ടിയുടെ നാമത്തിലെ പ്രധാന കഥാപാത്രം. പിന്നെ റീമാ കലിങ്കലിന്റെയും വിനീതിന്റെയും കഥാപാത്രങ്ങളും കൂടിയാകുമ്പോൾ ബാവൂട്ടിയുടെ നാമത്തിൽ പൂർത്തിയാകുന്നു.

പുട്ടിനു പീര എന്ന പോലെ സിനിമ രണ്ട് മണികൂർ 2 മിനുറ്റാക്കാൻ വേണ്ടി വേറെയും കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. അവയൊന്നും കഥാഗതിയെ സ്വാധീനിക്കാത്തതായത് കൊണ്ട് പരാമർശിക്കേണ്ട കാര്യമില്ല. ഇതിന്റെ പരസ്യവാചകത്തിൽ പറയുന്ന പോലെ ഇത് ഒരു പുതിയ കഥയല്ല. നമ്മുക്ക് ചുറ്റും നടക്കുന്ന ഒരു കഥ എങ്ങനെ പുതിയ കഥയാവും.. ??

വർഷങ്ങൾക്ക് ശേഷമുള്ള ജി എസ് വിജയന്റെ സംവിധാന ഉദ്യമം മോശമായില്ല എന്ന് വേണം പറയാൻ.. സംവിധാനിച്ചു കൊണ്ട് ആളുകളെ വിസ്മയിപ്പിക്കേണ്ട യാതൊന്നും ഈ സിനിമ ആവശ്യപ്പെടുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് തിരകഥാകൃത്തിന്റെ പേരു വന്നേനെ..

ഊർദ്ധശ്വാസം വലിച്ചു കിടന്നിരുന്ന മലയാള സിനിമയ്ക്ക് ജീവ വായു നൽകിയവരിൽ പ്രധാനിയായ രഞ്ജിത്ത് സാറിന്റെതാണു ബാവൂട്ടിയുടെ നാമത്തിലിന്റെ രചന. പ്രാഞ്ചിയേട്ടനും ഇന്ത്യൻ റുപ്പിയിലും കാണിച്ച രജ്ഞിത്ത് മാജിക്ക് പക്ഷെ ബാവൂട്ടിയിൽ ആവർത്തിക്കാനായില്ല. സ്പിരിറ്റ് പോലെ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നാക്കി ബാവൂട്ടിയുടെ നാമത്തിൽ മാറാതിരുന്നതിൽ രഞ്ജിത്തിനു അഭിമാനിക്കാം. ഒപ്പം താഴൊട്ട് പോകുന്ന തന്റെ തന്നെ ഗ്രാഫിനെ കുറിച്ചോർത്ത് വേണമെങ്കിൽ ഒരല്പം ആശങ്കപ്പെടുകയും ആവാം.

  ന്യൂജനറേഷൻ സിനിമകളുടെ കാലമായത് കൊണ്ട് താനും ഒട്ടും കുറയ്ക്കണ്ട എന്ന് കരുതിയാവണം കുട്ടിയുടെ കൈയ്യിൽ നിന്നും നിരോധ് പാക്കറ്റ് പിടിച്ചു വാങ്ങുന്ന രംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുമ്പ സമേതം തിയറ്ററിലെത്തി പടം കാണുമ്പോൾ അപ്പോൾ ആ കവറിലുള്ളത് ശരിക്കും ബലൂൺ അല്ലാ അല്ലേ എന്ന ചോദ്യത്തിനു മാതാപിതാക്കൾ ശരിയായ ഉത്തരം നൽകേണ്ടതാണു എന്നത് കൊണ്ടാവണം രജ്ഞിത്ത് ഇത് ഉൾപ്പെടുത്തിയിരിക്കുക.

 അത് പോലെ ഭാര്യയുടെ പൂർവ്വബന്ധം ക്ഷമിച്ച് കൊടുക്കണമെങ്കിൽ ഭർത്താവിനും ചുറ്റിക്കളികൾ ഉണ്ടായിരിക്കണം എന്ന ഒരു സന്ദേശം ചിത്രം നൽകുന്നുണ്ട്. അത് തെറ്റാണോ ശരിയാണോ എന്നതെല്ലാം വിവാഹിതരും വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നവരും വിലയിരുത്തേണ്ട കാര്യമായത് കൊണ്ട് നമ്മള്ളില്ലേ...!!

കഥാപാത്രങ്ങളുടെ സംസാരഭാഷയാണു ബാവൂട്ടിയുടെ നാമത്തിലെ ഒരു പ്രത്യേകത. മമ്മൂട്ടിയുടെ മലപ്പുറം ഭാഷയും കാവ്യയുടെ നീലേശ്വരം ഭാഷയും ആസ്വാദ്യകരമാണു.
മമ്മൂട്ടി, ശങ്കർ രാമകൃഷ്ണൻ, കാവ്യ, കനിഹ , റീമ, വിനീത് , ഹരിശ്രീ അശോകൻ എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി ചെയ്തു. തട്ടത്തിൽ മറയത്തിലെ അനുരാഗത്തിൻ വേളയിൽ എന്ന ഗാന രംഗം അവതരിപ്പിക്കാൻ വേണ്ടി മാത്രമാണു റീമ കല്ലിങ്കൽ ഈ ചിത്രത്തിൽ എന്ന് തോന്നാമെങ്കിലും രണ്ട് മണിക്കൂർ രണ്ട് മിനുറ്റാക്കാൻ വേണ്ടി നടത്തിയ ഇതു പോലെയുള്ള നിരവധി കഷ്ടപ്പാടുകളിലൊന്നായി കണ്ട് നമുക്കിതിനെ ക്ഷമിച്ച് കളയാം.

 ഗാനങ്ങൾ ഒന്നും ശരാശരി നിലവാരം പോലും പുലർത്തിയില്ല എന്ന വസ്തുത മാറ്റി നിർത്തിയാൽ ബാവൂട്ടിയുടെ നാമത്തിൽ തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു നല്ല സിനിമയാണു. കണ്ടിറങ്ങിയവരെ കൊണ്ട് അയ്യേ എന്ന് പറയിക്കാത്ത ഒരു മമ്മൂട്ടി സിനിമ. പക്ഷെ ആ തിരിച്ചു വരവിനായി ഇനിയും മമ്മൂട്ടി ആരാധകർ കാത്ത് കാത്തിരിക്കേണ്ടി വരും കമ്മത്ത് & കമ്മത്ത് വരെ..!!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.