RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആറു സുന്ദരിമാരുടെ കഥ


സംവിധാനം ജോഷി. നായകൻ മോഹൻലാൽ. ഇങ്ങനെയായിരുന്നു ഈ സിനിമ എങ്കിൽ ഇതൊരു ഷുവർ സൂപ്പർ ഹിറ്റ് ആയി മാറിയേനേ. പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ പാവം പ്രതാപ് പോത്തൻ നായകനും ഭദ്രന്റെ സഹസംവിധായകനായ രാജേഷ് കെ എബ്രഹാം സംവിധായകനുമാവനായിരുന്നു ആറു സുന്ദരിമാരുടെ കഥ എന്ന മെഡിമിക്സ് അനൂപേട്ടൻ നിർമ്മിച്ച സിനിമയുടെ വിധി. അത് പോട്ടെ പറഞ്ഞിട്ട് കാര്യമില്ല. കാരണം 18 വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ അഛനാവാൻ ഇന്നത്തെ ഗ്ലാമറിൽ ലാലേട്ടൻ സമ്മതിച്ചു എന്ന് വരില്ല. നദിയ മൊയ്തുവിന്റെ ഭർത്താവാവുന്ന കാര്യം പിന്നെ പറയുകയേ വേണ്ട. നമിതയാണെങ്കിൽ നോക്കാമായിരുന്നു. ഭർത്താവായിട്ടല്ല കാമുകനായിട്ട്. ഏത് നമിത.. നമ്മടെ സൗണ്ട് തോമയിലെ..!!! 

അപ്പോ ആറു സുന്ദരിമാരുടെ കഥയിലേക്ക് വരാം. ഒരു ടാബ്ലെറ്റിന്റെ സ്ക്രീനിൽ ഒരു കൊലപാതകം കാണിക്കുന്നതായിട്ടാണു പടം തുടങ്ങുന്നത്. ചിത്രങ്ങൾക്ക് വ്യക്തത പോരാത്തത് കൊണ്ട് ആരു കൊന്നു ആരെ കൊന്നു എന്തിനു കൊന്നു എന്നൊന്നും മനസ്സിലാവില്ല. ദൈവമേ ഇത് മുബൈ പോലീസിനെ കടത്തി വെട്ടുമോ എന്ന് പേടിച്ചിരിക്കുമ്പാഴാണു സറീനാ വഹാബിന്റെ ചാച്ചി മുത്തേടത്തിന്റെ വരവ്. മൂപ്പത്തിയാരു ചട്ടയും കവണിയുമൊക്കെ ഉടുത്ത് ഒരു വലിയ ഒരു സ്ക്രീനിന്റെ മുന്നിൽ ഇങ്ങനെ ഇരിക്കുവാണു. ആ സ്ക്രീനിലാട്ടെ ഫേസ്ബുക്ക്, ഗൂഗിൾ , ട്വിറ്റർ, യൂറ്റ്യൂബ് എന്ന് വേണ്ട ഇന്റർനെറ്റിലുള്ള സകല സൈറ്റുമുണ്ട്. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണു ചാച്ചി പറയുന്നത് ഈ കണ്ട കൊലപാതകമാണു ഈ സിനിമയുടെ ക്ലൈമാക്സ് എന്ന്. പിന്നെ അങ്ങോട്ട് കഥ തുടങ്ങുകയാണു. കഥയുടെ ആമുഖം പറഞ്ഞ് വരാൻ തന്നെ നേരം വെളുക്കും. അതു കൊണ്ട് അതിനു മെനക്കെടുന്നില്ല.

വെറുതെ ഒരു ഭാര്യയിൽ അക്കു അക്ബർ അലക്ഷ്യമായി പറഞ്ഞ കഥ ഇവിടെ അച്ചടക്കത്തോടെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്തിരിക്കുകയാണു. ഗൗരവമേറിയ സബ്ജക്ട് ആയത് കൊണ്ട് തന്നെ അതിൽ വേണ്ടത്ര കൊമേഴ്സ്യൽ ചേരുവകൾ ചേർത്തില്ലെങ്കിൽ  മായമോഹിനി പോലെയുള്ള ഒരു ചിത്രത്തെ വരെ കയ്യടിച്ച് മെഗാഹിറ്റാക്കിയ ആസ്വാദന നിലവാരമുള്ള മലയാളി പ്രേക്ഷകർക്ക്  ചിത്രത്തെ കൂവി വെളുപ്പിക്കും ചിത്രം തവിടു പൊടിയാവും. ബ്ലോഗുകളിലും റിവ്യു സൈറ്റുകളിലും ഗംഭീരം മാർവലസ് എന്നൊക്കെ റേറ്റിംഗ് കിട്ടിയിട്ടും പിന്നെ ഒരു കാര്യവുമില്ല.

റേറ്റിംഗ് കൊണ്ട് പോയി വിറ്റാൽ പത്ത് പൈസ കിട്ടില്ല. പടം ഹിറ്റാകണമെങ്കിലേ ആളു കയറണം. എന്നാലും നല്ല ഒരു ചിത്രം ചെയ്തു എന്ന സമാധാനം അണിയറപ്രവർത്തകർക്ക് ഉണ്ടാകും. ആരുടെയും മുൻപിൽ തലകുനിക്കാതെ ഇരിക്കുകയും ചെയ്യാം. ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രതാപ് പോത്തനും നദിയ മൊയ്തുവും സറീന വഹാബുമെല്ലാം തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. ജീവിതത്തിൽ ലിവിംഗ് ടുഗദർ നടത്തുന്ന ലെന സിനിമയിലും അത് ആവർത്തിച്ചു. കുറെ നാളായി കാണാതിരുന്ന ലക്സ്മി റായ് പോലീസ് വേഷത്തിൽ തിരിച്ച് വരവ് നടത്തിയിട്ടുണ്ട്. പക്ഷെ ഈ കാക്കിയൊക്കെ ഇട്ട് ഇത് എന്തോന്നിത്.

 തമിഴിൽ അവസരം കുറഞ്ഞ കാരണമാണോ എന്തോ ചിന്ന അസിൻ ഷബ്ന കാസീം നരെയ്ന്റെ ഭാര്യായിട്ട് അതും ഒരു കൊച്ചു കുഞ്ഞിന്റെ അമ്മയായിട്ട് ഇമേജിന്റെ  ഭാരമില്ലാതെ അഭിനയിച്ചിട്ടുണ്ട്. ആറു സുന്ദരിമാർ എന്ന് പറയുബോൾ നദിയ, ലക്ഷ്മി, നദിയയുടെ മകളായി അഭിനയിച്ച കുട്ടി, ലെന , ഷബ്ന. ഇനി ആറാമത്തേത് അത് ഒരു സസ്പെൻസാണു.

തന്റെ ആദ്യ സിനിമയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താൻ രാജേഷിനു സാധിച്ചിട്ടുണ്ട്. ഗാനരംഗങ്ങൾ അതിനുദാഹരണമാണു. ഈ സിനിമ തിയറ്ററിൽ പോയി കണ്ട് തന്റെ പിഴവ് കൃത്യമായി മനസ്സിലാക്കിയാൽ രാജേഷിനു ഒരു നല്ല സിനിമ ഉണ്ടാക്കാൻ സാധിക്കും എന്നതിനു സംശയമില്ല. പിന്നെ ഈ സിനിമയുടെ കാര്യം. അത് കാര്യമാക്കേണ്ട കാരണം അനൂപേട്ടന് വീട്ടില് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നത് സിനിമ ഓടി കിട്ടുന്ന കാശ് കൊണ്ടല്ല...!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.