RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഭാര്യ അത്രയ്ക്കങ്ങട്ട് പോരാ


ഒരു മഹത്തായ സിനിമ അല്ലാതിരിന്നിട്ട് കൂടി 125 ദിവസത്തോളം നല്ല അന്തസായിട്ട് ഓടിയ സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ. ജയറാം എന്ന നടൻ മലയാള സിനിമ ഇൻഡ്സ്ട്രിയിൽ നിന്ന് ഏതാണ്ട് ഔട്ടായ മട്ടിൽ നിൽക്കുന്ന സമയത്ത് റിലീസ് ചെയ്ത് ജയറാമിനു വീണ്ടും യഥാർത്ഥ ജനപ്രിയ നായകൻ എന്ന പട്ടം നേടികൊടുത്ത സിനിമ.

 അക്കു അക്ബറിന്റെ സംവിധാനത്തിൽ 2008 ല് പുറത്ത് വന്ന ആ ചിത്രത്തിനു സമാനമായ മറ്റൊരു വിജയം കൈവരിക്കാൻ ജയറാമിനു അതിനു ശേഷം സാധിച്ചിട്ടില്ല എന്നതാണു വാസ്തവം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ വെറുതെ ഒരു  ഭാര്യയുടെ അതേ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വരുമ്പോഴെ ജനം വലാതങ്ങ് പ്രതീക്ഷിച്ച് പോകും. അതും ആ സിനിമയുടെ രണ്ടാം ഭാഗമായിരിക്കുമോ എന്ന സംശയം ഉണർത്തും വിധം ഭാര്യ അത്ര പോരാ എന്ന ടൈറ്റിലും കൂടിയാവുമ്പോൾ പ്രതീക്ഷകളുടെ അളവും കൂടും.

ഒരു കുടുംബത്തിൽ ഏതൊരു ഭാര്യയും ഭർത്താവിന്റെ മുഖത്ത് നോക്കി പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭംഗിയായി പറയുകയും ഉത്തരവാദിത്വമില്ലാത്ത ഭർത്താക്കന്മാരുടെ ജീവിത രീതികൾ വിമർശനാത്മകമായി കാണിക്കുകയും ചെയ്തത് കൊണ്ടാണു ഒരു ശരാശരി ചിത്രമായിരുന്നിട്ടും വെറുതെ ഒരു ഭാര്യ വമ്പൻ വിജയമായത്. അതിൽ നിന്നും ഭാര്യ അത്ര പോരായിലേക്ക് വരുമ്പോൾ തിരകഥാകൃത്തായ ഗിരീഷ് കുമാർ സമകാലീന സംഭവങ്ങളുടെ ഒരു ആകെ തുക കുടുമ്പ പശ്ചാത്തലത്തിന്റെ അകമ്പടിയോടെ പറയാനാണു ഉദ്ദേശിച്ചത്.

 കേരളത്തിലെ വർദ്ധിച്ചു വരുന്ന മദ്യാസക്തി, ന്യൂജനറേഷൻ തരംഗം , കുട്ടികളുടെ വഴിവിട്ട പോക്കുകൾ, ഫേസ്ബുക്ക് എന്നിങ്ങനെ എല്ലാ മേഖലയിലും സിനിമ കൈ വെച്ചിട്ടുണ്ട്. ഒരു സ്കൂൾ അധ്യാപകനായ ജയറാം ക്ലാസ് ടൈമിൽ മാതൃകാധ്യപകൻ ആണെങ്കിലും അത് കഴിഞ്ഞാൽ പൂരമ്പറപ്പിലെ ചീട്ടു കളി പിന്നെ മൂക്കറ്റം വെള്ളമടി ഇതാണു പതിവ്. ബാങ്കുദ്യോഗസ്ഥയായ ഭാര്യ (ഗോപിക)യും മകനുമടങ്ങുന്നതാണു അദ്ദേഹത്തിന്റെ കുടുമ്പം. പത്ത് പതിനഞ്ച് വർഷം കഴിഞ്ഞാൽ ഭാര്യ അത്രയ്കങ്ങട്ട് പോരാ എന്ന് ഏത് ഭർത്താവിനും തോന്നും എന്ന പക്ഷക്കാരനാണു മാഷ്.

ഈ മാഷ് പണ്ട് കുടിയും മറ്റൊരു ചീത്ത സ്വഭാവങ്ങളും ഇല്ലാത്ത ആളായിരുന്നു പിന്നെ പതിയെ ഇങ്ങനെ ആയി മാറി. അങ്ങനെയിരിക്കെ സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ ചുമതലയേൽക്കേണ്ടി വരുന്ന മാഷിനു കമ്പ്യൂട്ടർ പഠിക്കുന്നതിനു വേണ്ടി ന്യൂജനറേഷൻ ബഡ്ഡീസുമായി കൂട്ട് കൂടേണ്ടി വരുന്നു. അവിടെ നിന്ന് അങ്ങോട്ട് മാഷ് ആളാകെ മാറുന്നു. ന്യൂജനറേഷനാണോ ഓൾഡ് ജനറേഷനാണോ കൂടുതൽ കുഴപ്പക്കാർ എന്ന് നമ്മളെ ഇരുത്തി ചിന്തിപ്പിക്കണം എന്നൊരു ഉദ്ദേശം അണിയറക്കാർക്ക് ഉണ്ടായിരിക്കണം.

അഛന്റെ വഴിപിഴച്ച പോക്കിൽ കുടുമ്പത്തിൽ മകനുണ്ടാക്കുന്ന മാറ്റങ്ങൾ, ഭർത്താവിന്റെ സ്വഭാവത്തോട് ഭാര്യയുടെ പ്രതികരണങ്ങൾ അങ്ങനെ അങ്ങനെ ഇന്നത്തെ സമൂഹത്തിൽ നമ്മൾ കാണുന്നതായ എല്ലാ പ്രശ്നങ്ങളും ചിത്രത്തിൽ അനാവരണം ചെയ്യപ്പെടുന്നു. വെറുതെ ഒരു ഭാര്യ സിനിമാറ്റിക് ആയാണു അവസാനിച്ചതെങ്കിൽ ഭാര്യ അത്ര പോരാ റിയാലിറ്റിയോട് അടുത്ത് നിന്നാണു അവസാനിക്കുന്നത്.

നായക കഥാപാത്രമായി ജയറാം തകർത്തഭിനയിച്ചിട്ടുണ്ട്. പല സമയങ്ങളിലും അമിതാഭിനയമാണെന്ന് തോന്നിപോകുമെങ്കിലും അത് കഥാപാത്രമാണെന്ന തോന്നൽ നമുക്ക് ഉണ്ടാക്കിക്കുന്നിടത്താണു ജയറാമിന്റെ വിജയം. ഭാര്യയുടെ റോൾ ഗോപികയും മകൻ ഭാസ്ക്കരനായി അഭിനയിച്ച പയ്യനും ഭംഗിയാക്കിയിട്ടുണ്ട്. ന്യൂജനറേഷനായി അജു കയ്യടി വാങ്ങി. പല സീനുകളിലും ഭാര്യമാർക്ക് കയ്യടിക്കാൻ തോന്നുമെങ്കിലും തൊട്ടടുത്തിരിക്കുന്ന ഭർത്താവിനെ പേടിച്ച് അവർ അതൊഴിവാക്കാനാണു സാധ്യത. തല്ലാൻ കയ്യോങ്ങുന്ന ജയറാമിന്റെ കയ്യ് പിടിച്ച് തടുത്ത് ഗോപിക പറയുന്ന ഡയലോഗ് തന്നെ അതിനുദാഹരണം.

ഇത്തരമൊരു ചിത്രം അതിന്റെതായ ഗൗരവത്തോടെ സംവിധാനം ചെയ്യാൻ അക്കു അക്ബറിനു കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങൾ മനസ്സിൽ തങ്ങി നിൽക്കിലെങ്കിലും ഞാനിങ്ങനെയാണു എന്ന നാടൻ പാട്ടിന്റെ ഈണത്തോടെയുള്ളത് രസകരമാണു. നമുക്ക് അറിയുന്ന എന്നാൽ നമ്മൾ കാണാൻ ശ്രമിക്കാത്ത, കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പലതും ഈ സിനിമയിലുണ്ട്. അത് പക്ഷെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ തിരകഥാകൃത്തിനു ഒരല്പം വീഴ്ച്ച വന്നിട്ടുണ്ട് എന്നത് ഈ ചിത്രത്തിന്റെ ഒരു വലിയ പോരായ്മ തന്നെയാണു.   ഫാമിലി സപ്പോർട്ടോടെ ഒരു ശരാശരി വിജയം നേടാൻ കഴിയുന്നതെലാം ചിത്രത്തിലുണ്ടെങ്കിലും ഈ ഭാര്യ അത്രയ്ക്കങ്ങട്ട് പോരാ..!!

0 comments:

Followers

 
Copyright 2009 b Studio. All rights reserved.