RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

രതിനിർവ്വേദം - ഒരു റീമേക്ക് ദുരന്തം.


അങ്ങ് ദൂരെ നക്ഷത്രങ്ങൾക്കുമപ്പുറത്തിരുന്ന് പത്മരാജനും ഭരതനും ഇപ്പോൾ വേദനിക്കുന്നുണ്ടാവും. തങ്ങൾ ഹൃദയം കൊണ്ട് ആവിഷ്കരിച്ചെടുത്ത ഒരു നല്ല സിനിമയുടെ വികലമായ ഒരനുകരണം ഒരുക്കിയത് കണ്ട്..! എന്തിനായിരുന്നു സുരേഷ് കുമാർ ഈ കടുംകൈ?. സൂപ്പർ സ്റ്റാറിന്റെ പടങ്ങളെടുത്ത് കിടപ്പാടം വരെ പണയപ്പെട്ട അവസ്ഥ വന്നുവെങ്കിൽ അതിനു ഇങ്ങനെയൊരു കടും കൈ കാണിക്കണമായിരുന്നോ?

1 കോടി രൂപയ്ക്ക് സിനിമ ഒരുക്കണം എന്നതാണു താങ്കളുടെ ആഗ്രഹമെങ്കിൽ അതിനു നല്ല കഥകൾക്കു വേണ്ടി കാത്തിരിക്കാനുള്ള മനസ്സ് കാണിക്കണമായിരുന്നു. അതല്ലാതെ മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കുന്ന രതിനിർവ്വേദത്തിൽ കൈവെക്കരുതായിരുന്നു. വർഷങ്ങൾക്ക് മുൻപ് പത്മരാജനും ഭരതനും ഈ സിനിമ ഒരുക്കുമ്പോൾ ജയഭാരതി എന്ന മാദകതിടമ്പിന്റെ നഗ്നത വിപണനമൂല്യമാക്കുക എന്നതായിരുന്നില്ല ലക്ഷ്യം.

ഒരു കൗമാരക്കാരനു തന്നേക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീയോട് തോന്നുന്ന കാമം എന്ന വികാരം ആയിരുന്നു സിനിമയുടെ കഥാതന്തു. ജയഭാരതിയുടെ അർദ്ധനഗ്ന മേനി ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് പപ്പുവിന്റെ ചെയ്തികൾ ആസ്വദിക്കുന്നതിലായിരുന്നു കൂടുതൽ കമ്പം. അത് കൊണ്ട് തന്നെയാണു പമ്മന്റെ നോവലുകൾ വായിച്ച് വികാര സായൂജ്യമടഞ്ഞിരുന്ന ആ കാലഘട്ടത്തിൽ അടച്ചു വെക്കപ്പെട്ട ഈ വിലക്കപ്പെട്ട കനി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഈ കഥ അന്നത്തെ ആളുകൾ നെഞ്ചിലേറ്റിയതും.

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരമൊരു കഥയ്ക്ക് പ്രസക്തി ഇല്ലാതെയായിരിക്കുന്നു. രതിചേച്ചിയുടെ നഗ്നത കാണാൻ ഒരവസരം ഈ തലമുറയിലെ പപ്പുവിനു ലഭിച്ചാൽ ഉടനെ അവനത് മൊബൈൽ കാമറയിൽ പകർത്തി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുമെന്ന് ഉറപ്പാണു. അതു കൊണ്ട് തന്നെയാണു രതി നിർവേദത്തിന്റെ റീമേക്കും 1978 ലെ കഥ എന്ന രീതിയിൽ പറഞ്ഞത്.

പുതിയ രതിചേച്ചിയായ ശ്വേതമേനോൻ ഒരു നല്ല നടി തന്നെയാണു. പക്ഷെ ശ്വേതയുടെ അഭിനയ മികവിനേക്കാൾ അംഗവടിവിലേയ്ക്കാണു സംവിധായകൻ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. പപ്പുവായി അഭിനയിച്ച നടൻ നല്ല രീതിയിൽ തന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഈ സിനിമയുടെ കഥ പശ്ചാത്തലത്തിനു ഇന്നത്തെ കാലത്ത് ഒട്ടും തന്നെ പ്രസക്തി ഇല്ല. അത് കൊണ്ട് തന്നെ ശ്വേതയുടെ നഗ്ന മേനി കാണാൻ ആണു ആദ്യ ദിവസങ്ങളിൽ തന്നെ ജനം ഇരച്ചു കയറിയത്.

പക്ഷെ ശ്വേത മേനോന്റെ നഗ്നത കണ്ട് വികാരഭരിതരാകാൻ മാത്രമുള്ള ജനങ്ങൾ ഒന്നും കേരളത്തിൽ ഇല്ല എന്നത് കൊണ്ടാവണം ആദ്യ ദിവസത്തെ തിരക്കിന്റെ പകുതി പോലും തൊട്ടടുത്ത ദിവസം മുതൽ ഉണ്ടാവാതിരുന്നത്. ഈ സിനിമയുടെ അണിയറക്കാർ ലക്ഷ്യം വെച്ചതും ഇത് തന്നെയായിരിക്കണം.

എങ്കിലും സുരേഷ് കുമാറിനോട് ഒരുവാക്ക് നാളെ ചെമ്മീനും യവനികയുമൊക്കെ റീമേക്ക് ചെയ്യണം എന്ന് താങ്കൾക്ക് തോന്നുമായിരിക്കും. ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും താങ്കളുടെ ഇഷ്ടം. പക്ഷെ ചുരുങ്ങിയ പക്ഷം ടികെ രാജീവ് കുമാറിനെ പോലുള്ള സംവിധായകരെ ആ സിനിമകൾ ഏല്പ്പിക്കാതിരിക്കുക എന്ന സത്കർമ്മം എങ്കിലും താങ്കൾ ചെയ്യണം. ടികെ രാജീവ് കുമാർ ഒരു മോശം സംവിധായകനായത് കൊണ്ടോ ഈ സിനിമ സംവിധാനം ചെയ്ത മോശമായത് കൊണ്ടോ അല്ല ഇങ്ങനെ പറയുന്നത് മറിച്ച് പഴയ സിനിമകളിൽ നിന്ന് പ്രഛേദനം ഉൾക്കൊണ്ട് കൊണ്ട് പുതിയ കഥാസദർഭങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന നവപ്രതിഭകൾക്ക് അവസരം നൽകുകയാണെങ്കിൽ ഈ പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ കുടിക്കുന്ന ഏർപ്പാടിനു ഒരവസാനം ഉണ്ടാകും.!

3 comments:

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കാണാന്‍ യാതൊരു താല്‍പ്പര്യവും തോന്നാത്ത പടം. കാരണം പഴയ ആ പടം മനസ്സില്‍ ഉണ്ടാക്കിയ രൂപങ്ങളും രംഗങ്ങളും മാഞ്ഞു പുതിയ വികലമായ പേക്കൂത്തുകള്‍ കാണാന്‍ ആഗ്രഹമില്ല, അല്ലാതെ വിരക്തി വന്നത് കൊണ്ടല്ല.

Pony Boy said...

വിഷയദാരിദ്ര്യത്തിന്റെ ഉത്തുംഗശ്യംഗങ്ങളിൽ വിരാജിക്കുകയാണ് മലയാളസിനിമ..

രതിനിർവേദം ക്ലാസിക്കാണെങ്കിൽ കിന്നാരത്തുമ്പിയും ക്ലാസിക്കാണ്..ആ വർഷം ഇറങ്ങിയ ഏറ്റവും കളക്ഷൻ ലഭിച്ച ചിത്രം..അതിലും ഒരു കൌമാരക്കാരന് എൽഡറോഡ് തോന്നുന്ന അഭിനിവേശം തന്നെയാണല്ലോ ഉള്ളത്..

എനിക്കും ഒട്ടും ആകാംക്ഷ തോന്നുന്നില്ല..ടൊറന്റ് ഉണ്ടോ എന്ന് പോലും നോക്കിയിട്ടില്ല..

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഇതും പൊളിഞ്ഞൂ അല്ലേ

Followers

 
Copyright 2009 b Studio. All rights reserved.